Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

നമ്പർ വൺ എന്ന് അറിയപ്പെടാൻ ആഗ്രഹമില്ല; മനസിലുള്ളത് ബാഹുബലിയുടെ രണ്ടാം ഭാഗം മാത്രം: സൂപ്പർ ഹിറ്റായ ബാഹുബലിയുടെ നായകൻ പ്രഭാസിന്റെ വിശേഷങ്ങൾ അറിയാം

നമ്പർ വൺ എന്ന് അറിയപ്പെടാൻ ആഗ്രഹമില്ല; മനസിലുള്ളത് ബാഹുബലിയുടെ രണ്ടാം ഭാഗം മാത്രം: സൂപ്പർ ഹിറ്റായ ബാഹുബലിയുടെ നായകൻ പ്രഭാസിന്റെ വിശേഷങ്ങൾ അറിയാം

ബാഹുബലി- ആ പേര് ഇപ്പോൾ സൂപ്പർ ഹിറ്റ് എന്നതിന്റെ പര്യായമായി മാറിയിരിക്കുകയാണ്. ചിത്രത്തിന്റെ ഒന്നാം ഭാഗം കണ്ട ഏവരും കാത്തിരിക്കുകയാണ് എത്രയും പെട്ടെന്നു രണ്ടാം ഭാഗം പുറത്തിറങ്ങാൻ. ആകാംക്ഷ അടക്കാൻ ആർക്കും ആകുന്നില്ല.

പ്രേക്ഷകർ മാത്രമല്ല, രണ്ടാം ഭാഗത്തിനായി കാത്തിരിക്കുന്നവരിൽ മറ്റൊരാൾ കൂടിയുണ്ട്. ചിത്രത്തിലെ നായകനായ പ്രഭാസ്. ബാഹുബലിക്കു വേണ്ടി മൂന്നു വർഷത്തോളമാണ് പ്രഭാസ് മാറ്റിവച്ചത്. സിനിമയ്ക്കു പൂർണമായി സമർപ്പിക്കുന്നതിനു വേണ്ടി വിവാഹം പോലും മാറ്റിവച്ചു. പ്രഭാസിന്റെ മനസിൽ ഇപ്പോഴുള്ളത് ബാഹുബലിയുടെ രണ്ടാം ഭാഗം മാത്രം.

ബാഹുബലി എന്ന ചിത്രത്തിലൂടെ താരപദവി അരക്കിട്ടുറപ്പിച്ച പ്രഭാസ് ഇപ്പോൾ മലയാളികളുടെയും ഇഷ്ടതാരമാണ്. തെലുങ്ക് സിനിമയിലെ നമ്പർ വൺ എന്ന വിശേഷണം വേണമെന്ന ആഗ്രഹമൊന്നും തനിക്കില്ലെന്നും ഒരു മാസികയ്ക്കു നൽകിയ അഭിമുഖത്തിൽ പ്രഭാസ് പറയുന്നു.

സൂര്യ നാരായണ രാജുവിന്റെയും ശിവകുമാരിയുടെയും ഇളയ മകനായ പ്രഭാസ് 2002-ൽ ഈശ്വർ എന്ന സിനിമയിലൂടെയാണ് സിനിമയിൽ എത്തിയത്. രാഘവേന്ദ്ര, വർഷം തുടങ്ങി എണ്ണം പറഞ്ഞ സിനിമകൾ. ഛത്രപതിയെന്ന സിനിമ പ്രഭാസിനെ സൂപ്പർതാരമാക്കി.

നമ്പർ വൺ എന്നൊന്നും അറിയപ്പെടാൻ താൻ ആഗ്രഹിക്കുന്നില്ല എന്നാണ് പ്രഭാസ് പറയുന്നത്. പത്തിരുപതുവർഷം തോൽവികളൊന്നുമില്ലാതെ ഈ രംഗത്ത് നിന്നവരാണ് യഥാർത്ഥ ഒന്നാം സ്ഥാനക്കാർ. ഒന്നോ രണ്ടോ സിനിമ വിജയിച്ചാൽ ഒന്നാം നിര താരമായി എന്നു താൻ വിശ്വസിക്കുന്നില്ലെന്നാണ് പ്രഭാസിന്റെ പ്രതികരണം.

ബാഹുബലി പ്രതീക്ഷയുടെ വലിയ ലോകമാണ് ആരാധകർക്ക് നൽകിയത്. സിനിമയ്ക്കുവേണ്ടി വിവാഹംപോലും മാറ്റിവച്ച വാർത്ത അവരെ ആവേശം കൊള്ളിച്ചു. തടി കൂട്ടാനും മസിലുകൾ വർദ്ധിപ്പിക്കാനും മണിക്കൂറുകൾ വർക്കൗട്ട് ചെയ്യുന്നതും അതിനുവേണ്ടി ദിവസേന നാൽപതു മുട്ടയുടെ വെള്ള കഴിക്കുന്നതും വർക്കൗട്ടിനായി ഒന്നരകോടിയുടെ ജിം ഉപകരണങ്ങൾ വിദേശത്തു നിന്ന് വരുത്തിയതും ആരാധകർ ആഘോഷമാക്കുകയും ചെയ്തു.

മൂന്നു വർഷത്തോളമെടുത്താണ് ചിത്രം പൂർത്തിയാക്കിയത്. അതിനിടെ, ഇത്രയും കാലം മറ്റൊരു ചിത്രത്തിലും അഭിനയിക്കാതെ ഒരു ചിത്രത്തിനുവേണ്ടി മാത്രം മാറ്റിവയ്ക്കുന്നതിനോട് സുഹൃത്തുക്കിൽ പലർക്കും എതിർപ്പായിരുന്നു. എന്നാൽ, പ്രതിസന്ധികൾ എല്ലാം ആത്മവിശ്വാസത്തോടെ നേരിട്ടു. മൂന്നുവർഷത്തെ ഗ്യാപ് സിനിമയിറങ്ങിക്കഴിയുമ്പോൾ മറക്കും എന്നുറപ്പായിരുന്നു.

സൂപ്പർഹീറ്റുകൾക്കൊപ്പം ഫ്‌ളോപ്പുകളുമുണ്ടായിട്ടുണ്ട്. പക്ഷേ, ബി പോസിറ്റീവ് അതാണ് നയം.സിനിമയുടെ പരാജയം ഗൗരവമായി എടുക്കുന്നയാളാണ് താൻ. തെറ്റ് എവിടെയാണെന്നു തിരിച്ചറിഞ്ഞ് അടുത്ത പ്രോജക്ടിൽ തിരുത്തുമെന്നും പ്രഭാസ് ചൂണ്ടിക്കാട്ടി.

കഥാപാത്രത്തിന്റെ ലുക്‌സ് തീരുമാനിക്കാൻ താടി വളർത്തിയും അല്ലാതെയും കുറേ ഫോട്ടോകളെടുത്തു. കഥാപാത്രത്തിനുവേണ്ടി തടികൂട്ടണമായിരുന്നു. ഒപ്പം വലിയ മസിലുകളും വേണം. അതിശക്തമായ രാജാവിന്റെ ബലം കിട്ടാനായിരുന്നു വർക്കൗട്ടുകൾ. ചിത്രത്തിനു വേണ്ടി കുതിര സവാരിയും ആയുധപ്പയറ്റും പഠിച്ചു. പൂർണമായും മനസും ശരീരവും ബാഹുബലിക്കായി അർപ്പിച്ചതിന് അർഹിച്ച സ്വീകരണം തന്നെയാണു പ്രേക്ഷകർ നൽകിയത്.

പ്രേക്ഷകരുടെ വിശ്വാസം കാത്തുസൂക്ഷിക്കാൻ ചിത്രത്തിനു കഴിഞ്ഞു. ബാഹുബലിയുടെ രണ്ടാം ഭാഗം. അതുമാത്രമേ ഇപ്പോൾ മനസ്സിലുള്ളൂവെന്നും പ്രഭാസ് പറയുന്നു. സെപ്റ്റംബർ 15നു ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ ബാക്കിയുള്ള രംഗങ്ങളുടെ ഷൂട്ടിങ് ആരംഭിക്കുമെന്നാണു പ്രഭാസ് വ്യക്തമാക്കിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP