Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ദേശീയ ചലച്ചിത്ര പുരസ്‌ക്കാരം; ഹൗ ഓൾഡ് ആർ യു തഴഞ്ഞതിനെ ചൊല്ലി ജൂറിയിൽ ഭിന്നതയെന്ന് സൂചന; പുരസ്‌കാര നിർണയം അവസാന ഘട്ടത്തിലെന്നത് മനോരമയുടെ വ്യാജ പ്രചരണമെന്ന് ഡോ.ബിജു

ദേശീയ ചലച്ചിത്ര പുരസ്‌ക്കാരം; ഹൗ ഓൾഡ് ആർ യു തഴഞ്ഞതിനെ ചൊല്ലി ജൂറിയിൽ ഭിന്നതയെന്ന് സൂചന; പുരസ്‌കാര നിർണയം അവസാന ഘട്ടത്തിലെന്നത് മനോരമയുടെ വ്യാജ പ്രചരണമെന്ന് ഡോ.ബിജു

നാഷണൽ അവാർഡ് പ്രഖ്യാപനത്തിന്റെ ഒരുക്കങ്ങൾ അണിയറയിൽ നടക്കുമ്പോൾ വിവാദങ്ങളും പതിവ് പോലെ പല ഭാഗങ്ങളിൽ നിന്നും ഉയർന്ന് തുടങ്ങിയതായി സൂചന. ദേശീയ ചലച്ചിത്ര പുരസ്‌ക്കാരത്തിന് മലയാളത്തിൽ നിന്ന് ചിത്രങ്ങൾ തെരഞ്ഞെടുത്തതിനെ ച്ചൊല്ലി ജൂറിയിൽ ഭിന്നത ഉയർന്നതായാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ട്.

മഞ്ജു വാര്യരുടെ രണ്ടാം വരവിന് വഴിയൊരുക്കിയ ഹൗ ഓൾഡ് ആർ യു ഉൾപ്പെടെ നിലവാരമുള്ള ചിത്രം തഴഞ്ഞ് നിലവാരമില്ലാത്ത ചിത്രങ്ങൾ തെരഞ്ഞെടുത്തുവെന്നാണ് ആരോപണം. ജൂറി ചെയർമാന്റെ പ്രത്യേകം അധികാരം ഉപയോഗിച്ച് ഹൗ ഓൾഡ് ആർ യു തിരിച്ചു വിളിക്കാനുള്ള നീക്കം ജൂറിയിൽ കടുത്ത ഭിന്നതയ്ക്കിടയാക്കിയെന്നാണ് റിപ്പോർട്ട്.

അവാർഡ് പ്രഖ്യാപിക്കാൻ ദിവസങ്ങൾ ബാക്കി നിൽക്കെ ചിത്രം പുരസ്‌കാരത്തിനായി തിരിച്ചു വിളിക്കുന്നതിനെതിരെ മറ്റ് ജൂറി അംഗങ്ങൾ
രംഗത്തു വന്നു. സംവിധായകൻ കമൽ അധ്യക്ഷനായ പ്രാദേശിക ജൂറിയാണ് മലയാളത്തിൽ നിന്നുള്ള ചിത്രങ്ങൾ തെരഞ്ഞെടുത്തത്. ചിത്രങ്ങൾ തെരഞ്ഞെടുക്കുന്നതിൽ കമൽ വ്യക്തി താൽപ്പര്യം പരിഗണിച്ച് പക്ഷപാതപരമായി പെരുമാറിയെന്ന് ജൂറി അംഗം ആരോപിച്ചു. തർക്കം രൂക്ഷമായതോടെയാണ് ഹൗ ഓൾഡ് ആർ യു തിരിച്ചു വിളിക്കാമെന്ന് ജൂറി ചെയർമാൻ ഭാരതീ രാജ നിലപാടെടുത്തത്. എന്നാൽ നിലവാരമുള്ള ഒന്നിലേറെ ചിത്രങ്ങൾ ഒഴിവാക്കപ്പെട്ടിട്ടുണ്ടെന്നായിരുന്നു ജൂറി അംഗങ്ങളുടെ അഭിപ്രായം. മലയാള സിനിമകളുടെ തെരഞ്ഞെടുപ്പ് പ്രാദേശിക ജൂറി പുനഃപരിശോധിക്ക ണമെന്നും ആവശ്യമുയർന്നിട്ടുണ്ട്.എന്നാൽ പുരസ്‌ക്കാര പ്രഖ്യാപനത്തിന് അധികം സമയം ബാക്കിയില്ലാത്തതിനാൽ ഇനി സ്‌ക്രീനിങ് വീണ്ടും നടത്താൻ സമയമില്ലെന്നും ജൂറിയിൽ ഒരു വിഭാഗം അഭിപ്രായപ്പെടുന്നു.

അവാർഡ് നിർണയത്തിനുള്ള അവസാന റൗണ്ടിൽ മലയാളത്തിൽനിന്ന് 15 ചിത്രങ്ങൾ ഇടംപിടിച്ചതെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്.
ഞാൻ (രഞ്ജിത്), ഞാൻ നിന്നോടു കൂെടയുണ്ട് (പ്രിയനന്ദനൻ), ഒറ്റാൽ( ജയരാജ്), ഒരാൾപ്പൊക്കം(സനൽകുമാർ ശശിധരൻ), ബാംഗ്ലൂർ ഡേയ്‌സ് (അഞ്ജലി മേനോൻ), ജലം (പത്മകുമാർ), ഐൻ (സിദ്ധാർഥ് ശിവ), മുന്നറിയിപ്പ് (വേണു), കംപാർട്ട്‌മെന്റ് (സലിംകുമാർ), അലിഫ്(എം.ജെ.മുഹമ്മദ് കോയ) തുടങ്ങിയ 15 ചിത്രങ്ങളാണ് സെൻട്രൽ ജൂറി മുമ്പാകെ അവസാന റൗണ്ടിലെത്തിയിട്ടുള്ളത്.

എന്നാൽ ദേശീയ ചലച്ചിത്രപുരസ്‌കാരനിർണ്ണയം അവസാന ഘട്ടത്തിലെന്നത് വ്യാജ പ്രചരണമെന്ന് ദേശീയ ചലച്ചിത്ര പുരസ്‌കാര നിർണ്ണയ സമിതി മുൻ അംഗവും സംവിധായകനുമായ ഡോ.ബിജു തന്റെ ഫേസ്‌ബുക്ക് പേജിലൂടെ വ്യക്തമാക്കി.പ്രാദേശിക ജൂറി സമർപ്പിച്ച ചിത്രങ്ങളിൽ ഏതോ പൈങ്കിളിപ്പടം തഴയപ്പെട്ടതിൽ വിഷമവും സ്വാർത്ഥ താൽപ്പര്യവും കൊണ്ട് മനോരമ വ്യാജവാർത്ത നൽകുന്നുവെന്നും ഡോ.ബിജു ഫേസ്‌ബുക്ക് കുറിപ്പിൽ വ്യക്തമാക്കുന്നു.

ഡോ.ബിജുവിന്റെ ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം

ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൽക്കായുള്ള ജൂറി സ്‌ക്രീനിങ് നടന്നു കൊണ്ടിരിക്കുകയാണ് . അവസാന റൗണ്ടിലെ പകുതി ചിത്രങ്ങളുടെ പോലും സ്‌ക്രീനിങ് തീർന്നിട്ടില്ല എങ്കിലും മലയാള മാദ്ധ്യമങ്ങൾ വാർത്തകൾ ആഘോഷിച്ചു തുടങ്ങി . യാതൊരു വിധ അടിസ്ഥാനവുമില്ലാത്ത സാങ്കൽപ്പികമായ വാർത്തകൾ വന്നു തുടങ്ങി . സാധാരണ നിലയിൽ പ്രാദേശിക ജൂറി അവസാന റൗണ്ടിലേക്ക് തിരഞ്ഞെടുത്ത ചിത്രങ്ങളുടെ പട്ടിക രഹസ്യമാണ് . ചിലപ്പോൾ ചില മാദ്ധ്യമങ്ങൾക്ക് അവസാന റൗണ്ടിലേക്ക് തിരഞ്ഞെടുത്ത ചിത്രങ്ങളുടെ സൂചനകൾ ലഭ്യമായേക്കാം . ഏതായാലും ഇത്തവണ ആദ്യം വന്ന വാർത്തകൾ 11 മലയാള ചിത്രങ്ങൾ പ്രാദേശിക ജൂറി തിരഞ്ഞെടുത്തു എന്നാണ് . മാദ്ധ്യമങ്ങളിൽ ആ ചിത്രങ്ങളുടെ പേരുകളും വന്നു . ഈ ചിത്രങ്ങൾ തന്നെയാണ് മുകളിലേക്ക് തിരഞ്ഞെടുത്തത് എങ്കിൽ തീർച്ചയായും അത് ഒരു നല്ല തിരഞ്ഞെടുപ്പാണ് എന്നാണ് എനിക്ക് തോന്നുന്നത് . സിനിമയെ ഗൗരവമായി കണക്കാക്കുന്ന സിനിമകൾ ആണ് ഇവയിൽ ഭൂരിഭാഗവും . കൂടുതലും പുതിയ ചെറുപ്പക്കാരുടെ വേറിട്ട സിനിമകൾ . കച്ചവട സിനിമകൾക്ക് അപ്പുറം സിനിമ ഒരു കലാ മാദ്ധ്യമം എന്ന നിലയിൽ ഉപയോഗിക്കുന്ന ധീരമായ കുറെ സിനിമകൾ ആണ് അവസാന റൗണ്ടിലെത്തിയത് എന്ന് കേട്ടപ്പോൾ സന്തോഷം തോന്നി .

പക്ഷെ ഇന്ന് എക്‌സ്‌ക്ലുസീവ് എന്ന പേരിൽ മനോരമ ചാനൽ പുറത്തു വിട്ട ഒരു വാർത്ത! കണ്ടപ്പോൾ ലജ്ജ തോന്നി . മാദ്ധ്യമ പ്രവർത്തനം എത്ര മാത്രം അധപ്പതിക്കാം എന്നതിന്റെ ഏറ്റവും നല്ല ഉദാഹരണം . വാർത്ത! ഇതാണ് ദേശീയ പുരസ്‌കാരത്തിന്റെ ജൂറിയിൽ അഭിപ്രായ ഭിന്നത . മലയാള ചിത്രങ്ങൾ തിരഞ്ഞെടുത്ത പ്രാദേശിക ജൂറി അവസാന റൗണ്ടിലേക്ക് തിരഞ്ഞെടുത്തത് നിലവാരമില്ലാത്ത (?) സിനിമകൾ ആയതിനാലും ചില മികച്ച (?) ചിത്രങ്ങൾഅവസാന റൗണ്ടിലേക്ക് തിരഞ്ഞെടുക്കാതിരുന്നതിനാലും ഫൈനൽ ജൂറി എല്ലാ മലയാള സിനിമകളും വീണ്ടും കാണും . പ്രിയപ്പെട്ട മനോരമ റിപ്പൊർട്ടറെ. എവിടുന്നാണ് താങ്കൾക്കീ അസംബന്ധ വാർത്ത! കിട്ടിയത് . എന്താണീ വാർത്തയുടെ സോർസ്? . പത്ര പ്രവർത്തനത്തിന് ആധാരം കേട്ട് കേൾവിയും ഊഹോപോഹവും ആണോ ? . മനോരമയുടെ കാര്യം ആയതു കൊണ്ട് ഇത്തരം വാർത്തകൾ പുതുമ അല്ല എന്നറിയാം . എങ്കിലും ഇത്തരം അസംബന്ധ വാർത്ത നല്കുന്നതിന് മുൻപ് കുറഞ്ഞ പക്ഷം ദേശീയ പുരസ്‌കാരത്തിന്റെ ജൂറി പ്രവർത്തിക്കുന്ന രീതി എങ്ങനെ എന്നെങ്കിലും നിയമാവലി നോക്കി മനസ്സിലാക്കാൻ ശ്രമിക്കാമയിരുന്നില്ലേ . അതോ മനോരമ റിപ്പോർട്ടറാവാൻ ബോധം വേണ്ട എന്നത് പോലെ വായനയും വേണ്ട എന്നാണോ .
ദേശീയ പുരസ്‌കാരത്തിന്റെ നിയമാവലി വായിച്ചു നോക്കിയാൽ ആർക്കും മനസ്സിലാകും പ്രാദേശിക ജൂറി തിരഞ്ഞെടുത്ത സിനിമകൾ മാത്രമാണ് ഫൈനൽ ജൂറി കാണുന്നത് . വേണമെങ്കിൽ ഏതെങ്കിലും ഒന്നോ രണ്ടോ ഒഴിവാക്കപ്പെട്ട സിനിമകൾ ഫൈനൽ ജൂറിക്ക് റീ കാൾ ചെയ്യാം . പക്ഷെ അതിനു ഫൈനൽ ജൂറിയുടെ ഭൂരിപക്ഷം ആളുകളുടെ വോട്ട് ലഭിക്കണം . അതുകൊണ്ട് തന്നെ ഇത് വളരെ അസാധാരണം ആയെ ഇത് സംഭവിക്കു . മലയാളം തമിഴ് ഉൾപ്പെട്ട സൗത്ത് 1 പ്രാദേശിക ജൂറി കാണുന്നത് ഏകദേശം 80 ഓളം ചിത്രങ്ങൾ ആണ് . ഇതിൽ നിന്നും 30 % ൽ കൂടാത്ത മികച്ച ചിത്രങ്ങൾ ആണ് പ്രാദേശിക ജൂറി ഫൈനൽ ജുറിക്കായി തിരഞ്ഞെടുത്ത് നൽകുന്നത് . ഇങ്ങനെ എല്ലാ ഭാഷകളിൽ നിന്നുമായി 5 പ്രാദേശിക ജൂറികൾ സിനിമകൾ തിരഞ്ഞെടുത്താണ് ഫൈനൽ ജൂറിക്ക് നൽകുന്നത് . ഇത്തരത്തിൽ ആദ്യ പരിഗണനയ്ക്ക് വന്ന ഏകദേശം 250 ലധികം ചിത്രങ്ങളിൽ നിന്നും 5 പ്രാദേശിക ജൂറി തിരഞ്ഞെടുത്തു നല്കുന്ന 80 ഓളം ചിത്രങ്ങൾ ആണ് ഫൈനൽ ജൂറിയുടെ മുൻപിൽ വരുന്നത് . ഒരു കാരണവശാലും പ്രാദേശിക ജൂറി പുറന്തള്ളിയ മുഴുവൻ ചിത്രങ്ങളും ഫൈനൽ ജൂറി കാണുകയില്ല . അതിനു നിയമവുമില്ല , അത് പ്രായോഗികവുമല്ല . ഇത് മനസ്സിലാക്കാതെ വിഡ്ഢിത്തരം വിളമ്പരുത് മനോരമാക്കരാ . അത് മാത്രവുമല്ല അവസാന റൗണ്ടിലേക്ക് തിരഞ്ഞെടുത്ത സിനിമകൾ നിലവാരം ഇല്ലാത്തതാണ് എന്ന് ആരാണ് നിശ്ചയിച്ചത് . ഫൈനൽ ജൂറി അവസാന റൗണ്ടിലെത്തിയ ചിത്രങ്ങൾ പകുതി പോലും കണ്ടു തീർന്നിട്ടില്ല . മാർച് 7 നു തുടങ്ങിയ ഫൈനൽ ജൂറി സ്‌ക്രീനിങ് മാർച്ച് 16 ആകുമ്പോൾ കൂടിപ്പോയാൽ 45 സിനിമകൾ അല്ലെ എല്ലാ ഭാഷയിൽ നിന്നുമായി കണ്ടിട്ടുണ്ടാകൂ .ഇനിയും പത്തിലധികം ദിവസങ്ങൾ സിനിമകൾ കാണാൻ കിടക്കുന്നു . ഇത്ര വേഗം തിരഞ്ഞെടുക്കപ്പെട്ട മലയാള സിനിമകളുടെ നിലവാരം ആരാണ് അളന്നത് ? . ഫൈനൽ ജൂറിക്ക് മുൻപിൽ വന്ന ചിത്രങ്ങൾ കണ്ടു പുരസ്‌കാരങ്ങൾ നിർണ്ണയിക്കുക എന്നതിനപ്പുറം തിരഞ്ഞെടുത്തു വന്ന ചിത്രങ്ങൾ നിലവാരം ഇല്ലാത്തതാണ് നിലവാരം ഉള്ള ചിത്രങ്ങൾ ഒഴിവാക്കി എന്നൊക്കെ ഫൈനൽ ജൂറിക്ക് എങ്ങനെയാണ് പറയാൻ സാധിക്കുക . ഒഴിവാക്കിയ ചിത്രങ്ങൾ അവർ കണ്ടിട്ടുമില്ലല്ലോ . അപ്പോൾ ഈ വാർത്തയുടെ അസംബന്ധം ഒന്ന് ആലോചിച്ചു നോക്കു . ( 40 ലധികം ചിത്രങ്ങൾ വിവിധ ഭാഷകളിൽ നിന്നും ഇനിയും ഫൈനൽ ജൂറി കാണാൻ ബാക്കിയുണ്ട് എന്നിരിക്കെ മികച്ച നടനുള്ള പട്ടികയിൽ അവസാന റൗണ്ടിലെത്തിയ നടന്മാരുടെ പേര് പോലും ഇത്തവണ മനോരമ വളരെ മുന്നേ പ്രവചിച്ചു കളഞ്ഞു എന്നതും ഓർക്കുക)

ഈ വാർത്ത! ഒരു അസംബന്ധം എന്ന് കരുതേണ്ട . ഇതിനു പിന്നിൽ മനോരമയ്ക്ക് കൃത്യമായ ചില ലക്ഷ്യം ഉണ്ട് എന്ന് കരുതാം . താല്പര്യമുള്ള ഏതോ ചില കച്ചവട സിനിമ ആദ്യ റൗണ്ടിൽ പുറത്തു പോയത് തിരികെ വിളിപ്പിക്കുക എന്നതാണ് ആ ലക്ഷ്യം . അത് എന്തുമായിക്കോട്ടെ അതിനു വേണ്ടിഅവസാന റൗണ്ടിലേക്ക് തിരഞ്ഞെടുക്കപ്പെട്ട സിനിമകൾ നിലവാരം ഇല്ലാത്തതാണ് എന്നൊക്കെ തട്ടി വിട്ടാൽ അത് അടി കൊള്ളാത്തതിന്റെ സൂക്കേട് ആണ് . അവസാന റൗണ്ടിലേക്ക് തിരഞ്ഞെടുക്കപ്പെട്ട സിനിമകളെ അപമാനിക്കൽ ആണത് . അതിനുമപ്പുറം ഫെയിക്ക് വാർത്ത ഉണ്ടാക്കി ഈ സിനിമകളുടെ സാദ്ധ്യതകളെ അട്ടിമറിക്കുകയാണ് .
ഫൈനൽ ജൂറി ഇതുവരെയും അവസാന റൗണ്ടിലെ പകുതി സിനിമകൾ പോലും കണ്ടു തീർന്നിട്ടില്ല എന്നിരിക്കെ ഇത്തരം ഒരു കള്ള വാർത്ത നൽകുന്നത് മനോരമയുടെ ചില സ്വാർത്ഥ താല്പര്യത്തിനു വേണ്ടിയാണ് . മാദ്ധ്യമ പ്രവർത്തനത്തിന്റെ അപചയം ആണിത് . കുറച്ചു ചെറുപ്പക്കാരുടെ ധീരമായ സിനിമാ ശ്രമങ്ങൾ ആണ് ഇത്തവണ മലയാളത്തിൽ നിന്നും അവസാന റൗണ്ടിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത് . ചില പൈങ്കിളി സിനിമകൾ തഴയപ്പെട്ടത് മനോരമയ്ക്ക് വിഷമം ഉണ്ടാക്കിയേക്കാം . പക്ഷെ മലയാളത്തിലെ കലാ മൂല്യ സിനിമകളെ അംഗീകരിച്ച ഒരു പ്രാദേശിക ജൂറിയാണ് ഇത്തവണ ഉണ്ടായത് . ഈ നല്ല സിനിമകൾക്ക് ദേശീയ തലത്തിൽ അംഗീകാരങ്ങൾ ലഭിക്കാനുള്ള സാധ്യതകളെ അട്ടിമറിക്കുക എന്ന ഉദ്ദേശ്യം ഈ അകാലത്തിലുള്ള വാർത്തയ്ക്കു പിന്നിൽ ഉണ്ട് . ഏതെങ്കിലും പൈങ്കിളി സിനിമകൾ റീ കാൾ ചെയ്യിക്കാൻ വേണ്ടി യാതൊരു അടിസ്ഥാനവും ഇല്ലാത്ത ഇത്തരം വാർത്തകൾ എക്‌സ്‌ക്ലുസ്സിവ് ആക്കുന്ന മാദ്ധ്യമ പ്രവർത്തനം നല്ലതാണോ എന്ന് ചാനൽ ആലോചിക്കുന്നത് നന്ന് .

അനുബന്ധം കേരളത്തിൽ സംസ്ഥാന ചലച്ചിത്ര അവാർഡുകൾ കോമാളിത്തരം ആക്കിയ ഭാഗ്യരാജും ഭാരതിരാജയും ഇത്തവണ ദേശീയ പുരസ്‌കാരത്തിന്റെ ഫൈനൽ ജൂറിയിൽ ഉണ്ട് എന്നതിനാൽ എന്തും പ്രതീക്ഷിക്കാം , കരുതിയിരിക്കുക, ഏത് ആപത്തും പ്രതീക്ഷിക്കാം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP