Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പാർവതിയെ ആക്രമിച്ചപ്പോൾ മമ്മൂക്ക മൗനം പാലിച്ചു; പ്രതികരിക്കുന്ന പെൺകുട്ടികളെ വളഞ്ഞിട്ട് ആക്രമിക്കുന്നു;അന്ധമായ താരാരാധനയും, പണവും സ്വാധീനവും ഉപയോഗിച്ചുള്ള ആക്രമണങ്ങളുമാണ് മലയാള സിനിമയിലെ പ്രതിസന്ധി; രാജിവെച്ച നടികൾക്ക് പിന്തുണയുമായി സംവിധായകൻ ആഷിക്ക് അബു

പാർവതിയെ ആക്രമിച്ചപ്പോൾ മമ്മൂക്ക മൗനം പാലിച്ചു; പ്രതികരിക്കുന്ന പെൺകുട്ടികളെ വളഞ്ഞിട്ട് ആക്രമിക്കുന്നു;അന്ധമായ താരാരാധനയും, പണവും സ്വാധീനവും ഉപയോഗിച്ചുള്ള ആക്രമണങ്ങളുമാണ്  മലയാള സിനിമയിലെ പ്രതിസന്ധി; രാജിവെച്ച നടികൾക്ക് പിന്തുണയുമായി സംവിധായകൻ ആഷിക്ക് അബു

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം:താരസംഘടന അമ്മയിൽ ഉടലെടുത്ത പുതിയ വിവാദങ്ങളിൽ പ്രതികരണവുമായി സംവിധായകൻ ആഷിക്ക് അബു. അമ്മയിലേക്കുള്ള ദിലീപിന്റെ പുനഃ പ്രവേശനവും സംഘടനയിൽ നിന്നുള്ള നാലുനടിമാരുടെ രാജിയിൽ ഐക്യദാർഢ്യം രേഖപ്പെടുത്തിയുമാണ് ആഷിഖ് അബു പ്രതികരിക്കുന്നത്. മലയാള സനിമയിൽ അരങ്ങേറുന്നത് ഭീഷണിയും ഗുണ്ടായിസവുമാണെന്നും പ്രതികരിക്കുന്നവരെ ആക്രമിക്കുന്ന നയവുമാണ് ഇന്ന് സംഘടനയിലുള്ളതെന്നും. ആഷിക്ക് അബു പറയുന്നു.

ആരാധകരരുടെ നിഷ്‌കളങ്കമായ പ്രണയം ഉപയോഗിച്ച് ഫാൻസ് അസോസിയേഷനുകൾ വഴി ആക്രമണ പ്രവർത്തനങ്ങളാണ് നടത്തുന്നത്. അഭിപ്രായം പറഞ്ഞ കുറ്റത്തിന് പാർവതി എന്ന നടി അതിക്രൂരമായി ആക്രമിക്കപ്പെട്ടപ്പോൾ മമ്മൂക്ക മൗനം പാലിച്ചു. ആക്രമണങ്ങളെ ഈ പെൺകുട്ടികൾ ഒരുമിച്ച് നേരിടുകയാണ്. ആക്രമണത്തിന് ഇരയായ പെൺകുട്ടിയെ പിന്തുണച്ചവരെ വളഞ്ഞിട്ട് ആക്രമക്കുന്നു. അവരുടെ സിനിമകൾ ആക്രമിക്കപ്പെടുന്നെന്നും ആഷിഖ് അബു ആരോപിക്കുന്നു.

ആഷിക്ക് അബുവിന്റെ വാക്കുകൾ

സർക്കാരിനോടും, പൊതുജങ്ങളോടും എല്ലാ രാഷ്ട്രീയ പാർട്ടികളോടുമുള്ള അഭ്യർത്ഥന. സമൂഹത്തിൽ ഭീകരത പടർത്തി എതിര്ശബ്ദങ്ങളെ ഇല്ലാതാക്കുക എന്നതാണ് ഭീകരവാദത്തിന്റെ അടിസ്ഥാന പ്രമാണം. മലയാള സിനിമയിലും കുറെ കാലമായി നടക്കുന്ന കാര്യമിതാണ്. ഭീഷണി, കായികമായി ഉപദ്രവിക്കുക, സൈബർ ആക്രമണം നടത്തുക തുടങ്ങി അനേകം ക്രിമിനൽ പ്രവർത്തനങ്ങളുടെ ഫലമായി ഒരു ഭീകരാന്തരീക്ഷം സൃഷ്ടികുകയും, സിനിമ എന്ന ജനപ്രിയകലയോട് ജനങ്ങൾക്കുള്ള നിഷ്‌കളങ്കമായ സ്‌നേഹവും ആരാധനയും ഉപയോഗിച്ച് ഫാൻസ് അസോസിയേഷൻ എന്ന പേരിൽ ഗുണ്ടാ സംഘം രൂപീകരിക്കുകയും അവർ ഈ താരങ്ങൾക്കുവേണ്ടി ആക്രമങ്ങൾ നടത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു എതിർപക്ഷത്തെ, പ്രത്യേകിച്ച് സ്ത്രീകളെ നിശ്ശബ്ദരാക്കുകയുമാണ് ഈ തന്ത്രം.

2002 മുതൽ മലയാള സിനിമയിലും തെന്നിന്ത്യൻ സിനിമകളിലും സജീവമായി പ്രവർത്തിച്ച ഒരു പ്രശസ്തയായ പെൺകുട്ടിയെ, നടുറോഡിൽ ആക്രമിക്കാനുള്ള ധൈര്യം കിട്ടുന്നത് ഈ ആരാധക ക്രിമിനൽ കൂട്ടം എന്തും ചെയ്യാനായി കൂടെയുള്ളതുകൊണ്ടും പണവും സ്വാധീനവും ഉള്ളതുകൊണ്ടുമാണ്. എല്ലാ ദുഷ്ട്ടപ്രവർത്തികളും ചെയ്യാൻ ഇവർക്ക് ശക്തിയാകുന്നത് സിനിമ എന്ന കലയോടുള്ള നമ്മുടെ ജനങ്ങളുടെ നിഷ്‌കളങ്കമായ സ്‌നേഹത്തെ മുതലെടുത്തുകൊണ്ടാണ്.

ഒരഭിപ്രായം പറഞ്ഞെന്ന ' കുറ്റത്തിന് ' പാർവതി അതിക്രൂരമായി ഈ ദുഷ്ടന്മാരാൽ ആക്രമിക്കപെട്ടപ്പോൾ മമ്മൂക്ക മൗനം പാലിച്ചു, കേരളം മൗനം പാലിച്ചു. ആ ആക്രമണങ്ങളെ ഈ പെൺകുട്ടികൾ ഒരുമിച്ചുനേരിട്ടു, ഇപ്പോഴും അത് തുടർന്നുകൊണ്ടിരിക്കുന്നു. അഭിപ്രായങ്ങളും നിലപാടുകളും പരസ്യമായി പ്രകടിപ്പിക്കുകയും ആക്രമണത്തിന് ഇരയായ പെൺകുട്ടിയുടെ കൂടെ നിൽക്കുകയും ചെയ്യുന്നവരുടെ സിനിമകൾ ആക്രമിക്കപ്പെടുന്നു. സൈബർ അറ്റാക്കുകൾ വഴി അതിഭീകര വിഷം ചീറ്റുന്ന ഈ കൂട്ടം, നേരിട്ടാണെങ്കിൽ കായികമായി കൈകാര്യം ചെയ്യുമെന്നും, പെണ്ണുങ്ങളെ റേപ്പ് ചെയ്യുമെന്നും ഉറപ്പാണ്. അവരത് ചെയ്യും. അത്ര മാത്രം വെറുപ്പിന്റെ അളവ് ആരാധനയുടെ പേരിൽ അവരിലുണ്ട്.

ഇവരുടെ ലിസ്റ്റിലുള്ള ആളുകളുടെ സിനിമകളുമായോ ഇവരുമായോ സഹകരിക്കാൻ എല്ലാവരും പേടിക്കുന്നു. പാർവതിയുടെ രണ്ടു സിനിമകൾ, അതും പൃഥ്വിരാജുമൊത്തു വരാനിരിക്കുകയാണ്. ഈ സിനിമകളുടെ സംവിധായകരും നിർമ്മാതാക്കളും എഴുത്തുകാരും മറ്റ് അണിയറ പ്രവർത്തകരും അതിഭീകര സമ്മർദം അനുഭവിക്കുകയാണ്. പാർവതിയുടെ പേരിൽ ചിത്രം ആക്രമിച്ചുനശിപ്പിക്കും എന്ന് ഈ കൂട്ടം എപ്പോഴേ വെല്ലുവിളിച്ചു കാത്തിരിക്കുകയാണ്. പൊതുപരിപാടികളിൽ പാർവതി പങ്കെടുക്കുമ്പോൾ നടക്കുന്ന തെറിവിളിച്ചുള്ള കൂവൽ സംഗീതം പോലെ ആസ്വദിക്കുകയാണ് (താരങ്ങൾ)?!

'സിനിമാനടികൾ' അവരെ തെറിവിളിക്കാനും ബലാത്സംഗം ചെയ്യാനും ഭീഷണിപ്പെടുത്താനും ആക്രമിക്കാനുമുള്ള ലൈസെൻസ് ആരാണിവർക് നൽകുന്നത്? സിനിമകളെ, അതിൽ പണിയെടുക്കുന്ന പ്രവർത്തകരെ ആക്രമിച്ചും പേടിപ്പിച്ചും ഇത്രെയും കാലം അഴിഞ്ഞാടിയ ഇവരെ ഒരു വാക്കുകൊണ്ടുപോലും തടയാത്ത സിനിമാ തൊഴിലാളികളുടെ രജിസ്റ്റർ ചെയ്യപ്പെട്ട സംഘടന ( ഫെഫ്ക ) അർത്ഥഗർഭമായ മൗനം തുടരുന്നു.

മികച്ച എഴുത്തുകാരും സംവിധായകരും ഛായാഗ്രാഹകരും മറ്റുമുള്ള വലിയ തൊഴിലാളി പ്രസ്ഥാനമാണ് ഫെഫ്ക. ( ഒരു അഭിമുഖത്തിൽ ഫെഫ്കയെ ' അപകീർത്തിപ്പെടുത്തി 'എന്ന കുറ്റം വിധിച്ച ഫെഫ്ക ഡിറക്ടർസ് യൂണിയൻ ഭാരവാഹികളായ ശ്രി ജി.എസ് വിജയൻ, ശ്രി രഞ്ജി പണിക്കർ എന്നിവർ എന്നോട് വിശദീകരണം ചോദിക്കുകയും, അതിന് ഞാൻ മറുപടി കൊടുക്കാതിരിക്കുകയും ചെയ്ത സാഹചര്യത്തിൽ ആ സംഘടനയുടെ പ്ലാറ്റ്‌ഫോമിൽ പറയാൻ പറ്റാത്തത്‌കൊണ്ടാണ് ഇവിടെ പറയുന്നത് ).

വളരെശക്തമായ അംഗബലമുള്ള, ഒരു തൊഴിലാളി സംഘടന പോലും സിനിമയെ ഈ ആക്രമണങ്ങളിൽ നിന്ന് തടുക്കാൻ മുന്നോട്ടുവരുന്നില്ല. ഫെഫ്കയുടെ നേതാവും ' ഇടതുപക്ഷ ' സഹയാത്രികനുമായ ശ്രി ബി. ഉണ്ണിക്കൃഷ്ണൻ കുറ്റാരോപിതനായ നടന്റെ കൂടെയാണ്. പ്രശ്‌നങ്ങളിൽ നിഷ്പക്ഷമായി ഇടപെടേണ്ട ഒരു തൊഴിലാളി പ്രസ്ഥാനം പക്ഷം കൃത്യമായി പിടിച്ചുകഴിഞ്ഞു.

ഇനി ആരോടാണ് ഈ വലിയ വ്യവസായത്തിലെ അസാന്മാർഗിക പ്രവർത്തനങ്ങൾ തടയണമെന്ന് ഈ പെണ്കുട്ടികളും, നീതിക്കൊപ്പം നിൽക്കുന്ന ഞങ്ങളുടെ സിനിമകൾ ആക്രമിക്കപ്പെടുമ്പോൾ ഞങ്ങളും പറയേണ്ടത്? രാഷ്ട്രീയ കേരളത്തോടുതന്നെ!

മനുഷ്യാവകാശ ലംഘനം, ബലാത്സംഗം, ഭീഷണി, സ്വജനപക്ഷപാതം, അക്രമം. സർഗാത്മകമായി അതിവേഗം മുന്നോട്ടുപോകുന്ന മലയാള സിനിമയെ ക്രിമിനൽ വിമുക്തമാക്കാൻ, ഈ അക്രമകാരികളെ അടക്കിനിർത്താൻ, നമ്മുടെ പെൺകുട്ടികൾക്ക് സംരക്ഷണവും അവർക്കവകാശപെട്ട സ്വാതന്ത്ര്യവും ലഭ്യമാക്കാൻ രാഷ്ട്രീയ ഇടപെടലിന് മാത്രമേ കഴിയൂ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP