Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അമിതാഭ് ബച്ചൻ രക്ഷപ്പെട്ടത് ക്ഷയരോഗത്തിന്റെ പിടിയിൽ നിന്നും; തുറന്ന് സമ്മതിച്ച് ബിഗ് ബി

അമിതാഭ് ബച്ചൻ രക്ഷപ്പെട്ടത് ക്ഷയരോഗത്തിന്റെ പിടിയിൽ നിന്നും; തുറന്ന് സമ്മതിച്ച് ബിഗ് ബി

ബോളിവുഡ് എന്ന് കേട്ടാൽ ഭൂരിഭാഗം ഇന്ത്യക്കാരുടെയും മനസ്സിൽ തെളിയുന്ന രൂപമാണ് അമിതാഭ് ബച്ചന്റെത്. നിത്യഹരിത നായകനായി ബച്ചൻ ബിടൗണിൽ എന്നും നിലനിൽക്കണമെന്നാണ് ഏവരുടെയും പ്രാർത്ഥനയും ആഗ്രഹവും. എന്നാൽ ബച്ചനെ ഗുരുതരമായ ക്ഷയരോഗം ബാധിച്ചിരുന്നുവെന്ന് എത്രപേർക്കറിയാം..?. തനിക്ക് ടിബിയായിരുന്നുവെന്നും എന്നാൽ ഇപ്പോൾ അതിൽ നിന്നും പൂർണമായും രക്ഷപ്രാപിച്ചതായും ബിഗ് ബി തന്നെയാണ് തുറന്ന് സമ്മതിച്ചിരിക്കുന്നത്. ആദ്യമായാണ് ബച്ചൻ ഈ ഞെട്ടിപ്പിക്കുന്ന സത്യം പരസ്യമായി വെളിപ്പെടുത്തിയിരിക്കുന്നത്. 2000ത്തിൽ ഒരു ടെലിവിഷൻ ഗെയിംഷോയുടെ ഷൂട്ടിങ് ആരംഭിക്കുമ്പോഴാണ് തനിക്ക് രോഗമുണ്ടായതെന്നും ബച്ചൻ പറയുന്നു. ക്ഷയരോഗത്തിനെതിരായുള്ള ബിഎംസിയുടെ പ്രചാരണ പരിപാടിയായ ടിബി ഹരേഗ ദേശ് ജീതേഗായുടെ ലോഞ്ചിങ് വേളയിലാണ് ബച്ചൻ ഇന്നലെ ഈ തുറന്ന് പറച്ചിൽ നടത്തിയത്.

ടിബിരോഗം ബാധിച്ചയാളുടെ സാമൂഹ്യസാമ്പത്തികനില താറുമാറാകുന്നതിനെപ്പറ്റി ബച്ചൻ സൂചിപ്പിക്കുകയുമുണ്ടായി. വർഷം തോറും രാജ്യത്ത് 3 ലക്ഷം പേരെ കൊന്നൊടുക്കുന്ന ടിബിയെക്കുറിച്ചുള്ള തന്റെ ആശങ്കകളും ബച്ചൻ പങ്ക് വച്ചു. രാവിലെ ഉണർന്നെണീക്കുമ്പോൾ തനിക്ക് പതിവായി ക്ഷീണം തോന്നിയതിനെത്തുടർന്ന് നടത്തിയ ടെസ്റ്റുകളിലാണ് ക്ഷയരോഗം തിരിച്ചറിഞ്ഞെന്ന് ബിഗ് ബി പറഞ്ഞു. ഒരു വർഷത്തോളം ഈ രോഗം മൂലം താൻ കഷ്ടപ്പെടുകയുണ്ടായി. എന്നാൽ ഇപ്പോൾ പൂർണമായും രോഗം ഭേദമായിട്ടാണ് താൻ ഇവിടെ നിൽക്കുന്നതെന്നും ബച്ചൻ പറഞ്ഞു. രോഗം തിരിച്ചറിഞ്ഞാൽ എത്രയും പെട്ടെന്ന് ചികിത്സ തുടങ്ങണമെന്നും അദ്ദേഹം ഓർമപ്പെടുത്തി.

ഇപ്പോഴാണ് ഇതിനെക്കുറിച്ച് വെളിപ്പെടുത്താൻ തനിക്ക് അവസരം ഉണ്ടായതെന്നും തുടർന്നും ടിബിക്കെതിരായ പ്രചാരണങ്ങൾക്ക് തന്റെ പൂർണപിന്തുണയുണ്ടാകുമെന്നും ബച്ചൻ പറഞ്ഞു. ഇപ്പോൾ ക്ഷയരോഗത്തിന് നല്ല ഔഷധങ്ങളുണ്ടെന്നും അദ്ദേഹം ഓർമപ്പെടുത്തി. പണ്ട് കാലത്ത് ടിബി രോഗികളെ സാനറ്റോറിയത്തിലേക്ക് അയക്കുകയായിരുന്നു പതിവെന്നും ഇപ്പോൾ നല്ല ചികിത്സ നൽകാൻ നമുക്കാവുന്നുണ്ടെന്നും ബിഗ് ബി പറയുന്നു. പ്രചാരണത്തിന്റെ ഭാഗമായി രണ്ട് വീഡിയോകൾ പുറത്തിറക്കുന്നുണ്ട്. അതിൽ ബച്ചൻ ഭാഗഭാക്കാകുന്നുണ്ട്. രണ്ടാഴ്ച നീണ്ടു നിൽക്കുന്ന ചുമയെ അവഗണിക്കരുതെന്നാണ് പ്രസ്തുത വീഡിയോയിലൂടെ ബച്ചൻ ഉദ്‌ബോധിപ്പിക്കുന്നത്. ടെലിവിഷനിലൂടെയുള്ള പ്രചാരണപരിപാടികൾക്ക് പുറമെ ഇതുമായി ബന്ധപ്പെട്ട് റേഡിയോ ജിംഗിളുകളും പോസ്റ്ററുകളും ഇറക്കുന്നുണ്ട്. മുംബൈയിൽ വർഷം തോറും 30,000 ക്ഷയരോഗികൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്.

മുംബൈയിലെ ചേരികൾ ദത്തെടുക്കാനും അവിടെ ശുചിത്വം ഉറപ്പാക്കാനും ബച്ചനോടും ചലച്ചിത്രമേഖലയിലെ മറ്റുള്ളവരോടും ഹെൽത്ത് സർവീസസ് ഡയറക്ടർ ജനറലായ ഡോ.ജഗദീഷ് പ്രസാദ് അഭ്യർത്ഥിച്ചിരുന്നു. കഴിയുന്നതെല്ലാം ചെയ്യാമെന്ന് ബച്ചൻ ഉറപ്പും നൽകിയിട്ടുണ്ട്. ചേരികൾ ദത്തെടുക്കാനും അവിടെ പോസിറ്റീവായ മാറ്റങ്ങളുണ്ടാക്കാനും ചലച്ചിത്രമേഖലയുടെ പിന്തുണ തേടാൻ ശ്രമിക്കുമെന്നും ബച്ചൻ ഉറപ്പ് നൽകിയിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP