Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഞാൻ ഒരു ബന്ധത്തിലാണ്; എനിക്കൊപ്പം സമയം ചെലവഴിക്കാൻ അദ്ദേഹം സ്വന്തം ജോലിയും കരിയറും ത്യജിച്ചു; ഉപാധികളില്ലാതെ, സ്നേഹിക്കാൻ ലോകത്തിൽ അമ്മയ്ക്ക് മാത്രമേ കഴിയൂ എന്ന എന്റെ ധാരണ അയാൾ മാറ്റി; ആടൈയുടെ കഥ കേട്ടപ്പോൾ ആദ്യം പങ്ക് വച്ചതും അദ്ദേഹത്തോട്; സിനിമാ മേഖലയ്ക്ക് പുറത്തുള്ള ആളുമായി പ്രണയത്തിലാണെന്ന് സമ്മതിച്ച് അമലാ പോൾ

ഞാൻ ഒരു ബന്ധത്തിലാണ്; എനിക്കൊപ്പം സമയം ചെലവഴിക്കാൻ അദ്ദേഹം സ്വന്തം ജോലിയും കരിയറും ത്യജിച്ചു; ഉപാധികളില്ലാതെ, സ്നേഹിക്കാൻ ലോകത്തിൽ അമ്മയ്ക്ക് മാത്രമേ കഴിയൂ എന്ന എന്റെ ധാരണ അയാൾ മാറ്റി; ആടൈയുടെ കഥ കേട്ടപ്പോൾ ആദ്യം പങ്ക് വച്ചതും അദ്ദേഹത്തോട്; സിനിമാ മേഖലയ്ക്ക് പുറത്തുള്ള ആളുമായി പ്രണയത്തിലാണെന്ന് സമ്മതിച്ച് അമലാ പോൾ

പ്രേക്ഷകരും തെന്നിന്ത്യൻ സിനിമ ലോകവും ആകാംക്ഷയോടെ കാത്തിരിക്കുന്ന അമല പോൾ ചിത്രമാണ് ആടൈ. ജൂലൈ 19 നാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്. ചിത്രത്തിന്റെ ട്രെയിലറും പോസ്റ്ററുകളുമൊക്കെ ഇതിനോടകം ചർച്ചയായി മാറിക്കഴിഞ്ഞു. ശക്തമായ കഥാപാത്രത്തിലൂടെ സിനിമയിൽ സജീവമാകുന്ന നടി തന്റെ പ്രണയത്തെക്കുറിച്ച് അടുത്തിടെ മനസ് തുറന്നു. ഫിലിം കമ്പാനിയനുമായുള്ള അഭിമുഖത്തിലാണ് അമല പോൾ ഇക്കാര്യം തുറന്നു പറഞ്ഞത്.

'ആർക്കും അറിയാത്ത കാര്യമാണ് ഇത്. ഞാൻ ഒരു ബന്ധത്തിലാണ്. ആടൈ എന്ന സിനിമയുടെ കഥ കേട്ടപ്പോൾ ഞാൻ ആദ്യം അദ്ദേഹത്തോടാണ് പങ്കു വച്ചത്. അദ്ദേഹത്തിന്റെ അഭിപ്രായം കേൾക്കാൻ ആകാംക്ഷയുണ്ടായിരുന്നു. അദ്ദേഹം എന്നോട് പറഞ്ഞത് 'ഈ കഥാപാത്രമാകാൻ നീ ശരിക്കും സ്വയം പ്രാപ്തയാകണം. ഈ സിനിമ ചെയ്യുകയാണെങ്കിൽ ശാരീരികമായും മാനസികമായും തയ്യാറെടുക്കണം. സിനിമയിൽ അഭിനയിക്കാൻ തീരുമാനിച്ചാൽ അതുമായി മുന്നോട്ടു പോകുക,' എന്നാണ്,' അമല വെളിപ്പെടുത്തി. 'ആടൈ' മാത്രമല്ല, തന്റെ എല്ലാ സിനിമകളും അദ്ദേഹവുമായി ചർച്ച ചെയ്യാറുണ്ട് എന്നും അവർ കൂട്ടിച്ചേർത്തു.

'ഞാനെന്നും ഒരു റിബൽ ആയിരുന്നു, പ്രത്യേകിച്ച് ഒരു കാരണവും ഇല്ലെങ്കിൽ പോലും. യഥാർത്ഥ സ്നേഹമാണ് എന്റെ മുറിവുണക്കാൻ സഹായിച്ചത്. ഞാൻ വിചാരിച്ചിരുന്നത് ഉപാധികളില്ലാതെ, സ്നേഹിക്കാൻ ലോകത്തിൽ അമ്മയ്ക്ക് മാത്രമേ കഴിയൂ എന്നാണ്. എന്നാൽ അദ്ദേഹം ആ ധാരണ മാറ്റി. എനിക്കു വേണ്ടി, എനിക്കൊപ്പം സമയം ചെലവഴിക്കാൻ വേണ്ടി അദ്ദേഹം സ്വന്തം ജോലിയും കരിയറും എല്ലാം ത്യജിച്ചു. അദ്ദേഹത്തിന് എന്റെ പാഷൻ അറിയാം. അദ്ദേഹം അതിനെ പിന്തുണച്ച് കൂടെ നിന്നു.'

'എന്തുണ്ടെങ്കിലും എന്നെ പുകഴ്‌ത്തുന്ന ആളല്ല അദ്ദേഹം, എന്റെ കുറവുകളും പോരായ്മകളും ചൂണ്ടിക്കാണിക്കാറുണ്ട്. എന്റെ ചില സിനിമകൾ കണ്ടിട്ട് നീയെങ്ങനെ ഈ ഇൻഡസ്ട്രിയിൽ നിലനിന്നു എന്ന് ചോദിച്ചിട്ടുണ്ട്. അദ്ദേഹം എനിക്ക് ഒരു മൂന്നാം കണ്ണ് തുറന്നു തന്നു. എന്നെ പുകഴ്‌ത്തുന്നവരാണ് എനിക്ക് ചുറ്റും ഉണ്ടായിരുന്നത്, ആരും സത്യം പറഞ്ഞിരുന്നില്ല. എന്നാൽ ഈ വ്യക്തി എന്നെ ശരിക്കും ഞെട്ടിച്ചു. അദ്ദേഹമാണ് എന്റെ ജീവിതത്തിലെ സത്യം. എനിക്ക് എന്നെത്തന്നെ കണ്ടെത്താൻ സഹായിച്ചത് അദ്ദേഹമാണ്.' അഭിമുഖത്തിൽ അമല പോൾ പറഞ്ഞു.

അമല പോളിന്റെ മുൻ ഭർത്താവും സംവിധായകനുമായ എ. എൽ വിജയ് അടുത്തിടെയാണ് വീണ്ടും വിവാഹിതനായിരുന്നു. അദ്ദേഹത്തിന് വിവാഹ മംഗളാശംസകൾ നേർന്ന് അമല രംഗത്ത് വന്നിരുന്നു. 2011ൽ പുറത്തിറങ്ങിയ ദൈവ തിരുമകൾ എന്ന ചിത്രത്തിൽ അഭിനയിക്കുമ്പോഴാണ് സംവിധായകൻ എ.എൽ വിജയ്യുമായി അമല പോൾ പ്രണയത്തിലാകുന്നത്. പിന്നീട് വിജയ്യെ നായകനാക്കി എ.എൽ വിജയ് നായകനായ തലൈവ എന്ന ചിത്രത്തിലും അമല ആയിരുന്നു നായിക. 2014 ജൂൺ 12നായിരുന്നു വിവാഹം. ഒരു വർഷത്തെ കുടുംബ ജീവിതത്തിന് ശേഷം ഇവർ വേർപിരിയുകയായിരുന്നു.

അമല പോൾ പ്രധാനവേഷത്തിലെത്തുന്ന ആടൈ ജൂലൈ 19ന് തിയറ്ററുകളിലെത്തുകയാണ്. രത്‌നകുമാർ സംവിധാനം ചെയ്യുന്ന ചിത്രം ക്രൈം ത്രില്ലറാണ്. പല മുൻനിര നായികമാരും ചെയ്യാൻ മടിച്ച വേഷമാണ് അമല ചിത്രത്തിൽ അവതരിപ്പിക്കുന്നത്. അർദ്ധനഗ്‌നയായി പ്രത്യക്ഷപ്പെടുന്ന അമലയുടെ ചിത്രങ്ങൾ പ്രേക്ഷകർക്കിടയിൽ വലിയ ചർച്ചകൾക്ക് ഇടവച്ചിരുന്നു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP