Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

തല്ലുകേസിനു പിന്നാലെ വിജയ് ബാബുവും സാന്ദ്ര തോമസും നിയമക്കുരുക്കിലും; സിനിമയുടെ അവകാശവുമായി ബന്ധപ്പെട്ട് ഇരുവർക്കുമെതിരെ പരാതിയുമായി 'അടി കപ്യാരേ കൂട്ടമണി'യുടെ സംവിധായകൻ ജോൺ വർഗീസ്‌

തല്ലുകേസിനു പിന്നാലെ വിജയ് ബാബുവും സാന്ദ്ര തോമസും നിയമക്കുരുക്കിലും; സിനിമയുടെ അവകാശവുമായി ബന്ധപ്പെട്ട് ഇരുവർക്കുമെതിരെ പരാതിയുമായി 'അടി കപ്യാരേ കൂട്ടമണി'യുടെ സംവിധായകൻ ജോൺ വർഗീസ്‌

കൊച്ചി: തല്ലുകേസിനു പിന്നാലെ ഫ്രൈഡേ ഫിലിം ഹൗസ് ഉടമകളായ വിജയ് ബാബുവും സാന്ദ്ര തോമസും നിയമക്കുരുക്കിൽ. അടി കപ്യാരേ കൂട്ടമണി എന്ന ചിത്രത്തിന്റെ സംവിധായകൻ ജോൺ വർഗീസാണ് ഇരുവർക്കുമെതിരെ കോടതിയെ സമീപിച്ചിരിക്കുന്നത്.

2015ൽ പ്രദർശനത്തിനെത്തിയ ചിത്രത്തിന്റെ തമിഴ് നിർമ്മാണാവകാശം സംബന്ധിച്ചാണു തർക്കം. തമിഴ് നിർമ്മാണാവകാശം തന്നെ കബളിപ്പിച്ച് തട്ടിയെടുത്തെന്നും 'അടി കപ്യാരേ' തമിഴിലെടുക്കാനുള്ള അവസരം ഇതുവഴി നഷ്ടമായെന്നും ജോൺ പറയുന്നു.

ഈ ആരോപണവുമായി കോടതിയെ സമീപിച്ചിരിക്കുകയാണു ജോൺ. അടി കപ്യാരേ കൂട്ടമണി തമിഴിൽ ഒരുക്കാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ തിരക്കഥ ഇഷ്ടപ്പെട്ട ഫ്രൈഡേ ഫിലിം ഹൗസ് നിർമ്മാണം ഏറ്റെടുക്കുകയായിരുന്നു. ചിത്രീകരണം തുടങ്ങുംമുൻപ് ചിത്രം തമിഴിൽ ചെയ്യാൻ ആഗ്രഹമുണ്ടെന്നും കരാർ എഴുതുമ്പോൾ അക്കാര്യം ശ്രദ്ധിക്കണമെന്നും ആവശ്യപ്പെട്ടിരുന്നുവെങ്കിലും കരാറിൽ ഇക്കാര്യം ഉണ്ടായിരുന്നില്ലെന്നു ജോൺ പറഞ്ഞു.

ചോദിച്ചപ്പോൾ അത് ചേർക്കാൻ വിട്ടുപോയെന്നായിരുന്നു മറുപടി. സിനിമ തമിഴിൽ എടുക്കുമ്പോൾ വിരോധമില്ലെന്നും പറഞ്ഞു. അവർ പറഞ്ഞത് വിശ്വസിച്ചതിനാൽ കരാർ മാറ്റിയെഴുതാൻ വീണ്ടും ആവശ്യപ്പെട്ടില്ല. എന്നാൽ സിനിമയുടെ ചിത്രീകരണത്തിനിടെ മറ്റൊരു കരാറിൽ അവർ എന്നെക്കൊണ്ട് ഒപ്പിടുവിച്ചു. ചിത്രീകരണത്തിന്റെ തിരക്കിലായിരുന്നതിൽ അതെന്താണെന്നു ശ്രദ്ധിക്കാനായില്ല. പക്ഷേ ചിത്രത്തിന്റെയും തിരക്കഥയുടെയും പൂർണാവകാശം ഫ്രൈഡേ ഫിലിം ഹൗസിന്റെ പേരിലാക്കുന്ന കരാറായിരുന്നു അതെന്നും ജോൺ പറയുന്നു.

മലയാളം പുറത്തിറങ്ങിയതിന് ശേഷം ചിത്രം തമിഴിൽ ചെയ്യാനായി മറ്റൊരു നിർമ്മാതാവ് തയ്യാറായി വന്നു. അതിനുവേണ്ട താരങ്ങളുമായും സംസാരിച്ചിരുന്നു. അതിനു പിന്നാലെ ഫ്രൈഡേ ഫിലിം ഹൗസിന്റെ ഓഫീസിൽ വന്ന് സംസാരിച്ചപ്പോഴാണ് ചതി മനസിലായത്. തമിഴിലും തങ്ങൾതന്നെ നിർമ്മിക്കാമെന്നായിരുന്നു അവരുടെ വാദം. എന്നാൽ, അക്കാര്യം നടക്കാത്ത ഒന്നാണെന്നു പിന്നീടു മനസിലായി. തുടർന്നാണു കോടതിയെ സമീപിക്കാൻ തീരുമാനിച്ചതെന്നും ജോൺ വർഗീസ് പറഞ്ഞു.

'അടി കപ്യാരേ കൂട്ടമണി'ക്കു നാലു കോടിയാണു ലാഭം ലഭിച്ചത്. എന്നാൽ, തനിക്കു തുച്ഛമായ തുക മാത്രമാണു ലഭിച്ചത്. ആദ്യ ചിത്രത്തിന്ശേഷം തനിക്ക് ഇതുവരെ ഒരു ചിത്രം ചെയ്യാനാകാത്തതിന് കാരണം ഫ്രൈഡേ ഫിലിം ഹൗസാണെന്നും ജോൺ വർഗീസ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP