Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202125Monday

നടി കനകയെ വീണ്ടും കൊല ചെയ്തു സോഷ്യൽ മീഡിയ; മലയാളത്തിന്റെ മനംനിറഞ്ഞ നടി മരണാസന്നയെന്നു ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട്; നടി മരിച്ചുവെന്ന കുപ്രചരണം ഈ റിപ്പോർട്ടിന്റെ വെളിച്ചത്തിലെന്നു സൂചന

നടി കനകയെ വീണ്ടും കൊല ചെയ്തു സോഷ്യൽ മീഡിയ; മലയാളത്തിന്റെ മനംനിറഞ്ഞ നടി മരണാസന്നയെന്നു ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട്; നടി മരിച്ചുവെന്ന കുപ്രചരണം ഈ റിപ്പോർട്ടിന്റെ വെളിച്ചത്തിലെന്നു സൂചന

തിരുവനന്തപുരം: തൊണ്ണൂറുകളിൽ മലയാളത്തിലും തമിഴിലും ഒരുപോലെ നിറഞ്ഞുനിന്ന നടി കനക മരിച്ചുവെന്നു സോഷ്യൽ മീഡിയയിൽ വീണ്ടും പ്രചരണം. കഴിഞ്ഞ ദിവസം മുതലാണ് ഫേസ്‌ബുക്കിലടക്കം ഇത്തരത്തിൽ ഒരു പ്രചരണം ഉണ്ടായത്. ഇതാദ്യമായല്ല കനക മരിച്ചതായി സോഷ്യൽ മീഡിയയിൽ പ്രചരണം ഉണ്ടാകുന്നത്. 2013 ലും സമാന സംഭവം അരങ്ങേറുകയും നടി തന്നെ നേരിട്ടുവന്ന് താൻ മരിച്ചിട്ടില്ലെന്നു പറയുകയുമുണ്ടായി.

കാൻസർ രോഗം ഗുരുതരമായ കനക ഇപ്പോൾ മരണാസന്നയാണെന്നു റിപ്പോർട്ടുകളുണ്ട്. ഈ വർഷം ആദ്യമാണ് കനകയ്ക്ക് കാൻസറിന്റെ അഡ്വാൻസ്ഡ് സ്‌റ്റേജ് ആണെന്നു കണ്ടെത്തിയത്. ഇതിനെത്തുടർന്ന് നടി കേരളത്തിലെ ഒരാശുപത്രിയിൽ ചികിത്സയിലാണെന്നു റിപ്പോർട്ട് ചെയ്യപ്പെടുന്നു. ജനുവരി 15ന് പ്രമുഖ ദേശീയ മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യ ഇക്കാര്യം റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനെ അടിസ്ഥാനമാക്കിയാണ് കനക മരിച്ചുവെന്ന പ്രചരണം വീണ്ടും സോഷ്യൽ മീഡിയയിൽ ശക്തമായതെന്നു കരുതുന്നു.

കനക മരണാസന്നയാണെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തിരുന്നത്. ചികിത്സകളെല്ലാം വിഫലമായതിനെതുടർന്ന് നടി അതീവ ഗുരുതരാവസ്ഥയിലാണ്. പുറത്തുനിന്നുള്ളവർ കനകയെ സന്ദർശിക്കുന്നതിന് ആശുപത്രി അധികൃതർ വിലക്കും ഏർപ്പെടുത്തിയിട്ടുണ്ട്. അടുത്ത ബന്ധുക്കൾ ആരും ഇല്ലാതിരുന്നതിനെ തുടർന്നാണ് കാൻസർ രോഗികളെ പരിചരിക്കുന്ന കേരളത്തിലെ കേന്ദ്രത്തിൽ കനക അഡ്‌മിറ്റായതെന്നും റിപ്പോർട്ടിൽ പറയുന്നു. ഈ റിപ്പോർട്ടിനെ അടിസ്ഥാനമാക്കിയാണ് കനക മരിച്ചതായി സോഷ്യൽ മീഡിയയിൽ പ്രചരണം നടക്കുന്നതെന്നു കരുതുന്നു.

2013 ലും കനക കാൻസർ മൂലം മരിച്ചുവെന്നായിരുന്നു വ്യാജ പ്രചരണം. നടി കനക കാൻസർ രോഗത്തിന് ആലപ്പുഴയിലെ പാലിയേറ്റീവ് കെയർ സെന്ററിൽ ചികിത്സയിലാണെന്നും സ്ഥിതി ഗുരുതരമാണെന്നും വാർത്തകൾ വന്നു. ഇതിനു പിന്നാലെയാണ് കനക മരിച്ചുവെന്ന വാർത്തകൾ പ്രചരിച്ചത്. തുടർന്ന് തനിക്ക് ആരോഗ്യപ്രശ്‌നങ്ങളൊന്നും ഇല്ലെന്നു വ്യക്തമാക്കി കനകതന്നെ രംഗത്തെത്തി.

2013 ജൂലൈ അവസാനം ദൃശ്യമാധ്യമങ്ങളിൽ നേരിട്ട് പ്രത്യക്ഷപ്പെട്ടാണ് കനക വിശദീകരണം നൽകിയത്. താൻ ചികിത്സയിലല്ലെന്നും ആരോഗ്യപ്രശ്നങ്ങളൊന്നും തന്നെ അലട്ടുന്നില്ലെന്നും അവർ വ്യക്തമാക്കി. സുഹൃത്തിനെ സന്ദർശിക്കുന്നതിനാണ് താൻ ആലപ്പുഴയിൽ എത്തിയതെന്നും തന്നെ സംബന്ധിച്ച് പ്രചരിക്കുന്ന വാർത്തകൾ തികഞ്ഞ അസംബന്ധമാണെന്നും അവർ പറയുകയുണ്ടായിരുന്നു.

ഇതിനു പിന്നാലെ തന്റെ മരണവാർത്ത പ്രചരിപ്പിച്ചത് സ്വന്തം അച്ഛൻ ദേവദാസ് തന്നെയാണെന്നും കനക ആരോപിച്ചിരുന്നു. സ്വത്തു തട്ടിയെടുക്കാൻ ശ്രമിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു ഇതെന്നും അവർ പറഞ്ഞു. 2002ലാണ് കനകയുടെ അമ്മയും പഴയകാല നടിയുമായ ദേവിക മരിച്ചത്. കനകയ്ക്ക് മൂന്നു വയസ്സുള്ളപ്പോൾ ഭർത്താവ് ഇവരെ ഉപേക്ഷിച്ച് പോയതാണ്. ഇതിന് ശേഷമുണ്ടായ ഒരു കേസിന്റെ വിചാരണയ്ക്കിടയിലാണ് താൻ അച്ഛനെ ആദ്യമായി കാണുന്നതെന്നും പിന്നീട് ഇതുവരെ നേരിൽ കണ്ടിട്ടില്ലെന്നും കനക പറഞ്ഞിരുന്നു. പ്രശ്‌നം രൂക്ഷമായാൽ അച്ഛനെതിരേ പൊലീസിൽ കേസുകൊടുക്കുമെന്നുവരെ കനക പറഞ്ഞിരുന്നു. എന്നാൽ മരണവാർത്ത കനക സ്വന്തം പബ്ലിസിറ്റിക്കുവേണ്ടി സൃഷ്ടിച്ചതാണെന്നായിരുന്നു അച്ഛൻ ദേവദാസ് അന്നു പ്രതികരിച്ചത്.

'കരകാട്ടക്കാരൻ' എന്ന മെഗാഹിറ്റ് തമിഴ് ചിത്രത്തിലൂടെയാണ് കനകയുടെ സിനിമാപ്രവേശം. അതിശയപ്പിറവി, ഗോഡ്ഫാദർ, കിളിപ്പേച്ച് കേൾക്കവാ, വിയറ്റ്‌നാം കോളനി, ഗോളാന്തരവാർത്ത, വാർദ്ധക്യപുരാണം, പിൻഗാമി, ജല്ലിക്കട്ട് കാളൈ, കുസൃതിക്കാറ്റ്, ഭൂപതി, മന്നാഡിയാർ പെണ്ണിന് ചെങ്കോട്ട ചെക്കൻ, നരസിംഹം തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങൾ. 2004ൽ പുറത്തിറങ്ങിയ കുസൃതിയാണ് കനകയുടെ അവസാനചിത്രം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP