Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202113Thursday

സൈബർഡോം ഉദ്ഘാടനത്തിന് എത്തിയ നിവിൻ പോളിക്കു മോഹം ആഭ്യന്തര മന്ത്രിയുടെ ഓഫീസ് ഒന്നു കാണാൻ; മിന്നൽ വേഗത്തിൽ എത്തിയ സൂപ്പർ താരത്തിനൊപ്പം സെൽഫിയെടുക്കാൻ സെക്രട്ടറിയറ്റിൽ ഇടിയോടിടി

സൈബർഡോം ഉദ്ഘാടനത്തിന് എത്തിയ നിവിൻ പോളിക്കു മോഹം ആഭ്യന്തര മന്ത്രിയുടെ ഓഫീസ് ഒന്നു കാണാൻ; മിന്നൽ വേഗത്തിൽ എത്തിയ സൂപ്പർ താരത്തിനൊപ്പം സെൽഫിയെടുക്കാൻ സെക്രട്ടറിയറ്റിൽ ഇടിയോടിടി

തിരുവനന്തപുരം: ഒടുവിൽ 'ആക്ഷൻ ഹീറോ ബിജു എസ്‌ഐ' ആഭ്യന്തര മന്ത്രിക്കു മുന്നിലെത്തി. പക്ഷേ, യൂണിഫോം ധരിക്കാതെ എത്തിയ ഈ 'പൊലീസുകാരനെ' കാണാൻ സെക്രട്ടറിയറ്റിൽ കൂട്ടയിടിതന്നെയായിരുന്നു.

ചലച്ചിത്ര താരം നിവിൻ പോളിയാണ് സെക്രട്ടറിയറ്റിലും മന്ത്രി രമേശ് ചെന്നിത്തലയുടെ ക്യാബിനിൽ എത്തിയത്. സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതിനും അത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരെ നിയമത്തിനുമുന്നിൽ കൊണ്ടുവരുന്നതിനുമുള്ള കേരളാ പൊലിസിന്റെ സാങ്കേതിക കേന്ദ്രമായ സൈബർഡോം ഉദ്ഘാടനത്തിനെത്തിയപ്പോഴാണു നടൻ ആഭ്യന്തര മന്ത്രിയുടെ ക്യാബിനിൽ എത്തിയത്.

താരപരിവേഷമൊന്നുമില്ലാതെ ആഭ്യന്തരമന്ത്രിയെ സന്ദർശിക്കണമെന്ന മോഹവുമായാണു നിവിൻ ചെന്നിത്തലയ്ക്കു മുന്നിൽ എത്തിയത്. വലിയ പ്രചാരമൊന്നുമില്ലാതിരുന്നിട്ടും മന്ത്രിയുടെ ഓഫീസ് ജീവനക്കാരും കണ്ടും കേട്ടുമറിഞ്ഞെത്തിയ സെക്രട്ടേറിയറ്റിലെ മറ്റ് ജീവനക്കാരും മന്ത്രിയുടെ ക്യാബിനിലേക്ക് ഒഴുകിയെത്തി. ആഭ്യന്തരമന്ത്രി അകത്തുണ്ടെന്നതുപോലും മറന്ന് നിവിനൊപ്പം സെൽഫിയെടുക്കാൻ ജീവനക്കാരുടെ മത്സരമായിരുന്നു.

സുരക്ഷാ ഉദ്യോഗസ്ഥർ ഏറെ പണിപ്പെട്ടാണ് ഇവരെ മാറ്റിയത്. പൊലീസുകാരെ വളരെ പോസിറ്റീവായി അവതരിപ്പിക്കുന്ന സിനിമയാണ് ആക്ഷൻ ഹീറോ ബിജുവെന്നും അണിയറപ്രവർത്തകരെ അഭിനന്ദിക്കുന്നുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു. സാമൂഹ്യപ്രസക്തി കണക്കിലെടുത്ത് സിനിമയ്ക്ക് നികുതിയിളവ് നൽകുന്ന കാര്യം പരിഗണിക്കാമെന്നും അദ്ദേഹം പറഞ്ഞു.

പൊലീസ് ഓഫീസർമാർ ദിവസംതോറും സ്റ്റേഷനിൽ 1500 കേസുകളും സ്റ്റേഷന് പുറത്ത് 5000 ത്തോളം ആളുകളേയും കൈകാര്യം ചെയ്യുന്നുണ്ടെന്ന ഭീകരമായ അറിവ് കിട്ടിയത് സിനിമയുടെ ഷൂട്ടിംഗിലായിരുന്നുവെന്ന് നിവിൻ പോളി പറഞ്ഞു. ഒരുവർഷത്തോളം പൊലീസ് ജീവിതം പകർത്തിയ അറിവിന്റെ ഊർജ്ജത്തിലാണ് യഥാർത്ഥജീവിത ചിത്രീകരണ ശൈലിയിൽ സിനിമയെടുത്തതെന്ന് സംവിധായകൻ എബ്രിഡ് ഷൈൻ പറഞ്ഞു.
സിനിമയുടെ മറ്റ് അണിയറ പ്രവർത്തകരും നിവിനൊപ്പം ഉണ്ടായിരുന്നു.

പിന്നീട്, കൂടിക്കാഴ്ചയുടെ വിവരങ്ങൾ ആഭ്യന്തരമന്ത്രി ഫേസ്‌ബുക്കിലും കുറിച്ചു. 'ജനങ്ങൾക്ക് വേണ്ടി അഹോരാത്രം ജീവിക്കുന്ന ആദർശാലിയായ ഒരു പൊലീസ് ഓഫീസറുടെ കഥയാണീ ചിത്രം. പൊലീസ് ഉദ്യോഗസ്ഥരുടെ അതീവ സമ്മർദമേറിയ ജോലിയും, അവരുടെ ചുമതലാ ബോധവും, കാര്യനിർവ്വഹണ ശേഷിയും പലപ്പോഴും സിനിമയുൾപ്പെടെയുള്ള മാദ്ധ്യമങ്ങൾ അവഗണിക്കുകയോ തെറ്റായി ചിത്രീകരിക്കുകയോ ആണ് പതിവ്. എന്നാൽ ഈ ചിത്രം ഇത്തരം പതിവ് രീതികളിൽ നിന്ന് വ്യത്യസ്തമാകുന്നു. ചിത്രത്തിലെ അഭിനേതാക്കൾക്കും, അണിയറ പ്രവർത്തകർക്കും എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനവും ഞാൻ നേരുന്നു'വെന്നു ചെന്നിത്തല ഫേസ്‌ബുക്കിൽ കുറിച്ചു.

സൈബർ ഫൊറൻസിക്, സൈബർ ഇന്റലിജൻസ്, സൈബർ സെക്യൂരിറ്റി, ഇൻസിഡന്റ്‌സ് റെസ്‌പോൺസ്, ഇന്റർനെറ്റ് മോണിറ്ററിങ്, സ്ത്രീകൾക്കും കുട്ടികൾക്കുമെതിരേയുള്ള ഓൺലൈൻ അതിക്രമങ്ങളുടെ നിരീക്ഷണം, വി.ഒ.ഐ.പി സ്‌കൈപ് കോൾ അനലൈസിങ്, സൈബർ ടെററിസം നിരീക്ഷണം, സോഷ്യൽമീഡിയ അനലൈസിങ് ലാബ്, റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ടീം എന്നിവയടങ്ങുന്നതാണു സൈബർ ഡോമിന്റെ പ്രവർത്തന മേഖല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP