Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202022Thursday

എഴുപതിന്റെ നിറവിൽ കവിയൂർ പൊന്നമ്മ; ആശംസകളുമായി മലയാള സിനിമാ പ്രവർത്തകർ

എഴുപതിന്റെ നിറവിൽ കവിയൂർ പൊന്നമ്മ; ആശംസകളുമായി മലയാള സിനിമാ പ്രവർത്തകർ

മലയാള സിനിമയിലെ അമ്മയാണ് കവിയൂർ പൊന്നമ്മ. ആ അമ്മ എഴുപതിന്റെ നിറവിലെത്തുമ്പോൾ സിനിമാ ലോകത്തിന് ആഘോഷം. കവിയൂർ പൊന്നമ്മയുടെ ജന്മദിന ചടങ്ങകൾക്ക് നേതൃത്വം നൽകാൻ മമ്മൂട്ടി തന്നെ എത്തി.

1966ൽ തൊമ്മന്റെ മക്കൾ എന്ന സിനിമയിൽ സത്യന്റെയും മധുവിന്റെയും അമ്മയായിട്ടാണ് കവിയൂർ പൊന്നമ്മയുടെ സിനിമയിലെ അഭിനയ തുടക്കം. അന്ന് പ്രായം 19. പിന്നെ തിരിഞ്ഞു നോക്കിയില്ല. ഗായികയാവാൻ കൊതിച്ച ഈ ആറന്മുളക്കാരി മലയാളിയുടെ പൊന്നമ്മയായി. എഴുപത് വയസ്സിന്റെ നിറവിലെത്തിയ പൊന്നമ്മയുടെ ജന്മദിനാഘോഷം മലയാള സിനിമയുടേത് കൂടിയായി.

ഉറ്റ ബന്ധുക്കളും സിനിമാ മേഖലയിലെ അടുത്ത സുഹൃത്തുക്കളും മാത്രം ഒത്തുചേർന്ന ലളിതമായ ചടങ്ങിൽ കവിയൂർ പൊന്നമ്മയുടെ എഴുപതാം പിറന്നാൾ ആഘോഷിച്ചു. ആശംസകളും അഭിനന്ദനവും അറിയിച്ചെത്തിയ ചെറിയ സദസ്. എല്ലാവർക്കും സന്തോഷമുണ്ടാകണം എന്നാണെന്റെ പ്രാർത്ഥന. മനുഷ്യർക്കു മാത്രമല്ല പ്രകൃതിയിലെ സകല ചരാചരങ്ങൾക്കും നന്മയും അഭിവയോധികിയും കൈവരണം. പിറന്നാളിന് ഈ പ്രാർത്ഥന മാത്രമാണുള്ളതെന്നായിരുന്നു അഭിന്ദിക്കാൻ എത്തിയവരോട് പൊന്നമ്മയ്ക്ക് പറയാനുണ്ടായിരുന്നത്.

പിറന്നാൾ ആഘോഷങ്ങളില്ലാതെ കടന്നുപോകണമെന്നു കവിയൂർ പൊന്നമ്മയ്ക്കു നിർബന്ധമായിരുന്നു. കരുമാലൂരിലെ വീട്ടിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണെത്തിയത്. ആലുവ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ പുലർച്ചെ ദർശനം നടത്തി അർച്ചനയും മറ്റു വഴിപാടുകളും നടത്തി. വൈകുന്നേരം നഗരത്തിലെ ഹോട്ടലിൽ ബന്ധുക്കളും സുഹൃത്തുക്കളും ചേർന്നുള്ള ഒത്തുചേരലുമുണ്ടായിരുന്നു.

ചടങ്ങിൽ ഏഴു തിരിയിട്ട നിലവിളക്കിൽ കവിയൂർ പൊന്നമ്മ തന്നെ ദീപം പകർന്നു. തുടർന്ന് നടന്മാരായ മമ്മൂട്ടിയും ബാലചന്ദ്രമേനോനും സിദ്ദിഖും തിരി തെളിയിച്ചു. മമ്മൂട്ടി കേക്കു മുറിച്ചു നൽകി. കവിയൂർ പൊന്നമ്മയുടെ കവിളിൽ കേക്കു തേച്ചു പിടിപ്പിച്ചു. ബാലചന്ദ്രമേനോനും സിദ്ദിഖും ഇടവേള ബാബുവും സാദിഖും അബു സലിമും 'ഹാപ്പി ബർത്ത് ഡേ പാടി. പൊന്നമ്മയുടെ സഹോദരൻ ഡി. മനോജ്, ഭാര്യ ജയലക്ഷ്മി, സഹോദരി കവിയൂർ രേണുകയുടെ മകൾ നിധി ചന്ദ്രൻ എന്നിവർ ചേർന്നാണ് ഒത്തുചേരൽ സംഘടിപ്പിച്ചത്. പൊന്നമ്മയുടെ അമേരിക്കയിൽ താമസമാക്കിയ മകൾ ബിന്ദുവും ഭർത്താവ് വെങ്കട്ടരാമനും പന്ത്രണ്ടിന് എത്തും.

തിരുവല്ലയ്ക്കടുത്ത കവിയൂർ ഗ്രാമത്തിലെ ഒരു അഭിജാത കുടുംബത്തിൽ ജനിച്ച പൊന്നമ്മ പതിനാലാമത്തെ വയസ്സിൽ അന്നത്തെ പ്രമുഖ നാടകക്കമ്പനിയായ പ്രതിഭ ആർട്ട്‌സിന്റെ നാടകങ്ങളിൽ ഗായികയായാണ് കലാരംഗത്തു വരുന്നത്. 1958 ൽ ആയിരുന്നു അത്. അഞ്ചാം വയസ്സുമുതൽ സംഗീതം അഭ്യസിച്ചു വന്നിരുന്ന പൊന്നമ്മ പിന്നീട് പ്രശസ്തയാവുന്നത് കെ പി എ സിയുടെ മൂലധനം എന്ന നാടകത്തിലെ അഭിനയത്തിലൂടെയാണ്. തോപ്പിൽ ഭാസിയെ തന്റെ അഭിനയകലയുടെ ഗുരുവായിക്കാണുന്ന പൊന്നമ്മയ്ക്ക് സംഗീതത്തിൽ ഗുരുക്കന്മാരായത് അതി പ്രഗൽഭന്മാരായ എൽ പി ആർ വർമ്മ, വച്ചൂർ എസ് ഹരിഹരസുബ്രഹ്മണ്യയ്യർ എന്നിവരായിരുന്നു.

ആദ്യമായി വെള്ളിത്തിരയിലെത്തുന്നത് 1962 ൽ ആണ്. ശ്രീരാമ പട്ടാഭിഷേകം എന്ന സിനിമയിൽ രാവണനായി കൊട്ടാരക്കര ശ്രീധരൻ നായരെത്തിയപ്പോൾ സുന്ദരിയായ മണ്ഡോദരിയായത് കവിയൂർ പൊന്നമ്മയായിരുന്നു. തൊമ്മന്റെ മക്കൾ (1965) എന്ന സിനിമയിൽ സത്യന്റെയും മധുവിന്റെയും അമ്മയായി കവിയൂർ പൊന്നമ്മ അഭിനയിച്ചു. അതോടെ മലയാളിയുടെ അമ്മയായി പൊന്നമ്മ മാറി.

1965 ലെ തന്നെ ഓടയിൽനിന്നിൽ സത്യന്റെ നായികാകഥാപാത്രമായി 'അമ്പലക്കുളങ്ങരെ' എന്ന മലയാളത്തിലെ സൂപ്പർ ഹിറ്റ് ഗാനമുൾപ്പടെയുള്ള രംഗങ്ങളിൽ നമുക്ക് കവിയൂർ പൊന്നമ്മയെ കാണാം. ആ വർഷം തന്നെ സത്യന്റെ അമ്മവേഷവും ചെയ്തു എന്നത് ആ അഭിനേത്രിയുടെ കഴിവിന്റെ സാക്ഷ്യപത്രം തന്നെയാണ് . നെല്ല് (1974)എന്ന ചിത്രത്തിലെ സാവിത്രി എന്ന കഥാപാത്രമാണ് അമ്മവേഷങ്ങളിൽ നിന്ന് വേറിട്ട് കാണാവുന്ന പൊന്നമ്മയുടെ മറ്റൊരു കഥാപാത്രം.

1971,72,73,94 എന്നീ വർഷങ്ങളിൽ ഏറ്റവും നല്ല രണ്ടാമത്തെ നടിക്കുള്ള അവാർഡുകൾ കവിയൂർ പൊന്നമ്മയ്ക്ക് ലഭിച്ചിട്ടുണ്ട്. സിനിമാ നിർമ്മാതാവായിരുന്ന എം കെ മണിയാണ് പൊന്നമ്മയുടെ ഭർത്താവ്. അന്തരിച്ച പ്രശസ്ത നാടക സിനിമാ നടിയായിരുന്ന കവിയൂർ രേണുക പൊന്നമ്മയുടെ സഹോദരിയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP