Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പരീക്ഷാ ഫലം കാത്തിരിക്കുന്ന കുട്ടികളെ പോലെ ശ്വാസം അടക്കിപ്പിടിച്ച് സിനിമ കണ്ട് കുഞ്ചാക്കോയും പാർവതിയും; പ്രേക്ഷകർ ആവേശത്തോടെ കൈയടിച്ചപ്പോൾ ആശ്വാസച്ചിരിയുമായി താരങ്ങൾ; പടം കഴിഞ്ഞപ്പോൾ പത്ത് കോടി മുടക്കിയ ടെൻഷൻ തീർത്ത് ചാക്കോച്ചനെ എടുത്തുയർത്തി ആന്റോ ജോസഫിന്റെ ആഹ്ലാദം; ടേക്ക് ഓഫിന്റെ ആദ്യ ഷോയിലെ കാഴ്‌ച്ചകൾ ഇങ്ങനെ

പരീക്ഷാ ഫലം കാത്തിരിക്കുന്ന കുട്ടികളെ പോലെ ശ്വാസം അടക്കിപ്പിടിച്ച് സിനിമ കണ്ട് കുഞ്ചാക്കോയും പാർവതിയും; പ്രേക്ഷകർ ആവേശത്തോടെ കൈയടിച്ചപ്പോൾ ആശ്വാസച്ചിരിയുമായി താരങ്ങൾ; പടം കഴിഞ്ഞപ്പോൾ പത്ത് കോടി മുടക്കിയ ടെൻഷൻ തീർത്ത് ചാക്കോച്ചനെ എടുത്തുയർത്തി ആന്റോ ജോസഫിന്റെ ആഹ്ലാദം; ടേക്ക് ഓഫിന്റെ ആദ്യ ഷോയിലെ കാഴ്‌ച്ചകൾ ഇങ്ങനെ

അർജുൻ സി വനജ്

കോട്ടയം: 'ടേക്ക് ഓഫ്'- ലക്ഷക്കണക്കിന് വരുന്ന മലയാളി നഴ്‌സ് സമൂഹത്തെ സംബന്ധിച്ചിടത്തോളം ഇത് കേവലം ഒരു സിനിമയല്ല. ഒരു കൂട്ടം മലയാളി നഴ്‌സുമാരുടെ ജീവന് വേണ്ടിയുള്ള അപേക്ഷകളും അവർക്കായി കേരള സമൂഹം ഒരുമിച്ച് ശബ്ദമുയർത്തിയ സംഭവത്തിന്റെ കഥപറച്ചിൽ കൂടിയായിരുന്നു മഹേഷ് നാരായണൻ സംവിധാനം ചെയ്ത ഈ ചിത്രം. മധ്യതിരുവിതാംകൂറിൽ നിന്നാണ് ഏറ്റവും അധികം നഴ്‌സുമാർ ജോലി തേടി വിദേശ രാജ്യങ്ങളിലേക്ക് പോകുന്നത്. തിക്രിത് സംഭവത്തിൽ ഏറ്റവും അധികം നഴ്‌സുമാർ ഉൾപ്പെട്ടതും കോട്ടയം, പത്തനംതിട്ട ജില്ലകളിൽ നിന്നുള്ളവരായിരുന്നു. അതുകൊണ്ട് കൂടിയാണ് കോട്ടയം നഗരത്തിലുള്ള ഒരു തീയറ്ററിലാണ് താരനിബിഢമായ ചിത്രത്തിലെ ആദ്യ പ്രദർശനം നടന്നത്. കോട്ടയത്തെ ആനന്ദ് തീയറ്ററിൽ വെച്ച് ചിത്രത്തിലെ താരങ്ങളും അണിയറക്കാരും മറ്റ് ക്ഷണിക്കപ്പെട്ടവരും അടങ്ങിയ സദസ്സിലായിരുന്നു പ്രദർശനം. സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച പാർവതിയും കുഞ്ചാക്കോ ബോബനും നിർമ്മാതാവ് ആന്റോ ജോസഫും മറ്റ് അണിയറക്കാരും ആകാംക്ഷയുടെ മുൾമുനയിൽ നിന്നു തന്നെ ഈ ബിഗ് ബജറ്റ് ചിത്രത്തിന്റെ ആദ്യ ഷോ കണ്ടിറങ്ങി.

ആശങ്കയോടെ തീയറ്ററിൽ കയറിയ താരങ്ങൾ വിടർന്ന ചിരിയുമായാണ് ഒടുവിൽ തീയറ്റർ വിട്ടത്. മലയാളത്തിൽ അടുത്തകാലത്തിറങ്ങിയ മികച്ച ചിത്രങ്ങളുടെ കൂട്ടത്തിലേക്കാണ് മലയാളി നഴ്‌സുമാരുടെ കഥ പറയുന്ന ചിത്രം ഇടം പിടിച്ചതെന്ന സന്തോഷമായിരുന്നു എങ്ങും. പത്ത് കോടി മുതൽ മുടക്കുള്ള ചിത്രം താരങ്ങളുട പ്രകടനം കൊണ്ടും സാങ്കേതിക മേന്മ കൊണ്ടും മുന്നിട്ടു നിൽക്കുകയും ചെയ്തു. ചിത്രം കണ്ടിറങ്ങിയവരോട് മറുനാടൻ ചോദിച്ചപ്പോൾ ഉജ്ജ്വലം എന്നു തന്നെയായിരുന്നു എല്ലാവരുടെയും പ്രതികരണം.

രാവിലെ 10.40തോടെയാണ് ആനന്ദ് തീയറ്ററിലേക്ക് സിനിമ കാണാൻ വേണ്ടി നടി പാർവതി എത്തിയത്. അന്തരിച്ച സംവിധായകൻ രാജേഷ് പിള്ളയുടെ ഭാര്യ മേഘയും ഒപ്പമുണ്ടായിരുന്നു. കാത്തു നിന്ന മാധ്യമപ്രവർത്തകർ അടുത്തേക്ക് എത്തിയ സിനിമയെ കുറിച്ചുള്ള പ്രതീക്ഷകളും പങ്കുവെച്ചു. അഭിനയ ജീവിതത്തിലെ മികച്ച ചിത്രങ്ങളിൽ ഒന്നാകും ഇതെന്നായിരുന്നു പാർവതിയുടെ അഭിപ്രായം. പ്രതികരണത്തിന് ശേഷം തീയറ്ററിന്റെ ഓഫീസിലേക്കാണ് പാർവതിയും മേഘയും പോയത്. അൽപ്പ സമയത്തിന് ശേഷമാണ് കുഞ്ചാക്കോ ബോബൻ എത്തിയത്. വെള്ള പോർഷെ കാറിൽ എത്തിയ കുഞ്ചാക്കോയുടെ വേഷം കറുത്ത ടീഷർട്ടും ജീൻസുമായിരുന്നു. സംവിധായകൻ മഹേഷ് നാരായണൻ, നിർമ്മാതാക്കളായ ആന്റോ ജോസഫ്, ഷെബിൻ ബെക്കർ, എന്നിവരും മറ്റ് അണിയറക്കറുമെത്തി. മാധ്യമങ്ങളോട് ചിത്രത്തെ കുറിച്ചുള്ള പ്രതീക്ഷകളും കുഞ്ചാക്കോ പങ്കുവെച്ചു.

11 മണിയോടെ ചിത്രത്തിന്റെ പ്രദർശനം തുടങ്ങി. തീയറ്ററിലെ ബാൽക്കണിയിൽ ഏറ്റവും പിന്നിലായാണ് താരങ്ങളും സംവിധായകനും ഇരുന്നത്. ഇതിനിടെ താരങ്ങൾക്കൊപ്പം നിന്ന് സെൽഫിയെടുക്കാൻ നിരവധി പേരെത്തി. ആരെയും നിരാശപ്പെടുത്താത്ത താരങ്ങൾ സെൽഫിക്ക് പോസ് ചെയ്യുകയും ചെയ്തു. സംവിധായകൻ മഹേഷ് നാരായണനെ നടുക്കിരുത്തി ഇടത്തും വലത്തുമായി പാർവതിയും ചാക്കോച്ചരും ഇരുന്നപ്പോൾ താരങ്ങളുടെ മുഖത്ത് ടെൻഷൻ വ്യക്തം. സംവിധായകനെന്ന നിലയിലുള്ള ആദ്യം ചിത്രമായതിനാൽ ഏറ്റവും അധികം ടെൻഷൻ മഹേഷ് നാരായണന് തന്നെയായിരുന്നു. താരങ്ങൾക്കൊപ്പം സിനിമ കാണാൻ തിക്രിത്തിൽ നിന്നും രക്ഷപെട്ട കോട്ടയം സ്വദേശിയായ മെറിൻ എന്ന നഴ്‌സും ഉണ്ടായിരുന്നു.

 

തീയറ്ററിൽ താരങ്ങളുടെ പേരുകൾ വന്നപ്പോഴും സംവിധായകന്റെ പേര് എഴുതി കാണിച്ചപ്പോൾ കൈയടികൾ മുഴങ്ങി. എന്നാൽ ശ്വാസം അടക്കിപ്പിടിച്ച് പരീക്ഷാഫലം കാത്തിരിക്കുന്ന കുട്ടികളുടെ അവസ്ഥയിലായിരുന്നു ചാക്കോച്ചനും പാർവതിയും. കഥയുടെ ആദ്യപകുതിയിൽ ഭൂരിഭാഗവും കേരളത്തിൽ. സൗദിയിലേക്ക് എത്തുന്നതോടെയാണ് ചിത്രത്തിന്റെ ഇന്റർവെൽ. ഇതിനിടെ ഏറ്റവും അധികം കൈയടി നേടിയത് പാർവതി അവതരിപ്പിക്കുന്ന കഥാപാത്രമായ സമീറയുടെ ഇൻട്രോ സീനിന് ആയിരുന്നു. കുഞ്ചാക്കോയുടെ പ്രവേശനത്തിനും ലഭിച്ചു കൈയടി. ഇതോടെ താരങ്ങൾക്കും പാതി ടെൻഷൻ ഒഴിവായി.

ആദ്യ പകുതിയിലെ നല്ല സിനിമ എന്ന ഗതിയിൽ നിന്നും രണ്ടാം പകുതിയിൽ അതിവേഗമായിരുന്നു ചിത്രത്തിന്റെ പ്രയാണം. സാങ്കേതിക മേന്മ കൊണ്ട് ലോക സിനിമകളോട് കിടപിടിക്കുന്ന വിധത്തിൽ സെറ്റൊരുക്കി. ഇറാഖിൽ എത്തിപ്പെട്ട പ്രതീതിയായിരുന്നു പ്രേക്ഷകർക്ക്. മനോജ് എന്ന വേഷത്തിൽ എംബസി ഉദ്യോഗസ്ഥനായി ഫഹദ് ഫാസിൽ എത്തുന്ന രംഗം പ്രേക്ഷകർ ആർപ്പു വിളികളോടെയാണ് സ്വീകരിച്ചത്. നഴ്‌സുമാരുടെ രക്ഷാ ദൗത്യത്തിൽ പങ്കാളികളാകുന്ന മുഖ്യ ഓഫീസറുടെ റോളിലായിരുന്നു ഫഹദ്. ചിത്രത്തിന്റെ അവസാന രംഗങ്ങളിൽ ഇന്ത്യൻ പതാക കാണുമ്പോഴും മറ്റും തീയറ്ററുകൾ പ്രകമ്പനം കൊള്ളുന്ന അവസ്ഥയാണുള്ളത്.

തീയറ്ററിൽ നിന്നും താരങ്ങളും സംവിധായകനും പുറത്തിറങ്ങിയപ്പോൾ എങ്ങും ആർപ്പുവിളികളായിരുന്നു. ഉജ്ജ്വലമെന്ന് പറഞ്ഞ് സംവിധായകനെയും പാർവതിയെയും കുഞ്ചാക്കോയെയും അഭിനന്ദനങ്ങൾ കൊണ്ടു മൂടി. ചാക്കോച്ചനെ കെട്ടിപ്പിടിച്ചാണ് നിർമ്മാതാവ് ആന്റോ ജോസഫും പാർവതിയും ആഹ്ലാദം പങ്കിട്ടത്. പിന്നീട് വിടർന്ന ചിരിയുമായി താരങ്ങൾ മാധ്യമപ്രവർത്തകരിയും കണ്ടു. ഇറാഖിൽ നിന്നും രക്ഷപെട്ട അനുഭവത്തോട് ചേർന്നു നിൽക്കുന്നതാണ് സിനിമയെന്ന് നഴ്‌സ് മെറിനും മാധ്യമങ്ങളോട് പറഞ്ഞു. അതുവരെ ടെൻഷൻ നിറഞ്ഞ മുഖത്തു നിന്നും ആശ്വാസവും ആഹ്ലാദവുമായിരുന്നു താരങ്ങൾക്ക് പറയാനുണ്ടായിരുന്നത്.

തീയറ്ററിൽ നിന്നും ഹോട്ടൽ ഐഡയിലേക്കാണ് താരങ്ങൾ പോയത്. ഇവിടെ വച്ചായിരുന്നും മറുനാടൻ മലയാളിയോട് സിനിമ അനുഭവങ്ങൾ ചാക്കോച്ചനും പാർവതിയും സംവിധായകനു പങ്കുവെച്ചത്. നടിയെന്ന നിലയിൽ പാർവതിക്കും സംവിധായകൻ എന്ന നിലയിൽ മഹേഷ് നാരായണനും ഉയരങ്ങളിലേക്ക് വഴികാട്ടുന്ന ചിത്രമാണ് ടേക്ക് ഓഫ് എന്ന കാര്യം ഉറപ്പാണ്. മികച്ച ചിത്രമെന്ന നിലയിൽ സാമ്പത്തികമായി വിജയിക്കേണ്ടത് ഒരു അനിവാര്യതയുമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP