Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202022Tuesday

ആദ്യ പകുതിയിൽ ഇഴഞ്ഞു; പിന്നെ ത്രില്ലർ മൂഡിലേക്ക് മാറി; പ്രതിഭ വറ്റിയെന്ന് ഭയപ്പെട്ടിരുന്ന പ്രിയദർശനെയും മോഹൻലാലിനെയും മലയാളികൾക്ക് വീണ്ടും തിരിച്ചുകിട്ടിയിരിക്കുന്നു

ആദ്യ പകുതിയിൽ ഇഴഞ്ഞു; പിന്നെ ത്രില്ലർ മൂഡിലേക്ക് മാറി; പ്രതിഭ വറ്റിയെന്ന് ഭയപ്പെട്ടിരുന്ന പ്രിയദർശനെയും മോഹൻലാലിനെയും മലയാളികൾക്ക് വീണ്ടും തിരിച്ചുകിട്ടിയിരിക്കുന്നു

മികച്ച കൂട്ട് കെട്ടിൽ നിന്നാണ് പല നല്ല കലാ സൃഷ്ടിയും നിർമ്മിക്കപ്പെട്ടിട്ടുള്ളത്. പ്രിയദർശൻ മോഹൻലാൽ, ജോഷി മമ്മൂട്ടി, രാജസേനൻ ജയറാം തുടങ്ങിയവരുടെ ഒരുമിച്ച് കൂടലുകൾ മലയാളിക്ക് സമ്മാനിച്ചത് പുതിയൊരു അനുഭവവും ആവേശവുമായിരുന്നു. ആ പ്രതീക്ഷ

തന്നെയായിരുന്നു 'ഒപ്പം' കാണാൻ എന്നെ പ്രേരിപ്പിച്ചത്. എന്നാൽ പ്രതീക്ഷകളെ നിലനിർത്തിക്കൊണ്ടുള്ള ഒരു ആഖ്യാന അനുഭവം തന്നെയായിരുന്നു 'ഒപ്പം' പകർന്ന് നൽകിയത്. അന്ധനായ ഒരു സാധാരണക്കാരൻ (ജയരാമൻ) കൊലപാതകത്തിന് സാക്ഷിയാകേണ്ടി വരുന്നതും ആ കൊലയാളിയെ കണ്ടെത്താനുള്ള ജയരാമന്റെ ശ്രമവുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ആദ്യ പകുതി അൽപം ഇഴച്ചിലായിരുന്നുവെങ്കിലും രണ്ടാം പകുതിയിൽ ഒരു ത്രില്ലർ മൂഡിലേക്ക് കഥ മാറുന്നതോടെ സിനിമക്ക് വേഗത കൈവരുന്നുണ്ട്.

Stories you may Like

വൈറ്റ് പോയന്റ്‌സ്: ഒരിക്കലും വറ്റില്ലെന്ന് പറയപ്പെട്ട ഭാരത പുഴ വരെ ചില വേനലിൽ വറ്റിപ്പോയിട്ടുണ്ടെങ്കിലും പിന്നീട് അത് തന്റെ ജല സമ്പത്ത് തിരിച്ച് പിടിച്ചിട്ടുണ്ട്. പ്രിയദർശൻ എന്ന സംവിധായകൻ വർഷങ്ങളോളം ഒരു വറ്റലിന്റെ വക്കിലായിരുന്നു. പക്ഷെ 'ഒപ്പം' എന്ന സിനിമയിലൂടെ തന്റെ കഴിവൊന്നും അങ്ങനെ ഇല്ലാതാകില്ലെന്ന് അദ്ദേഹം തെളിയിച്ചു. സിനിമയിലെ ഓരോ ഫ്രയിമുകൾ മനോഹരമായിരുന്നു.(പ്രത്യേകിച്ച് മിന്നാമിനുങ്ങേ എന്ന ഗാന രംഗം, അപകടം രംഗം,) തന്റെ ആവിഷ്‌കാര പുതുമ കൊണ്ട് ഒരിക്കൽ കൂടി പ്രേക്ഷക ലക്ഷങ്ങളുടെ ഹൃദയം കവർന്നെടുക്കാൻ പ്രിയ ദർശന് കഴിഞ്ഞു. പാളിച്ചകളില്ലാത്ത തിരക്കഥയും കയ്യൊതുക്കമുള്ള സംവിധാന മികവും പ്രേക്ഷകരെ ആസ്വാദനത്തിന്റെ ലഹരിയിലെത്തിച്ചു എന്ന് നിസ്സംശയം പറയാം.

ഗോവിന്ദ് വിജയന്റെ കഥാ നിർദ്ദേശം നല്ലതായിരുന്നു. അതിനനുസരിച്ചുള്ള തിരക്കഥ ഒരുക്കുന്നതിൽ പ്രിയദർശനും വിജയിച്ചപ്പോൾ ഒരു നല്ല ത്രില്ലർ മലയാളത്തിന് ലഭിച്ചു. അശ്ലീലവും ദ്വയാർത്ഥങ്ങളും ശകലം പോലുമില്ലാതെ ഒരു സിനിമ ഈ കാലത്തു കാണാൻ കഴിയുന്നത് അപൂർവമാണ്. അതിന് തിരക്കഥാകൃത്തിന് പ്രത്യേക നന്ദി പറയണം. മോഹൻലാൽ എന്ന അതുല്യ പ്രതിഭയുടെ അത്യുജ്ജല പ്രകടനം തുടക്കം മുതൽ ഒടുക്കം വരെ പ്രകടമായിരുന്നു. അന്ധനായ കഥാ പാത്രമായി മോഹൻലാൽ ജീവിച്ചു. വഴുതി പോകുമായിരുന്ന ഒരു കഥാ പാത്രത്തെ തന്റെ അനുഭവപാഠം കൊണ്ടും പരിജ്ഞാനം കൊണ്ടും അദ്ദേഹം മികവുറ്റതാക്കി.

ഇന്റർവെൽ സമയത്തെ മോഹൻലാലിന്റെ ഒരു പ്രകടനമുണ്ട്; ഗന്ധം കൊണ്ട് കൊലയാളിയെ കണ്ട് പിടിക്കാൻ ശ്രമിക്കുമ്പോൾ അദ്ദേഹത്തിന്റെ മുഖത്ത് മിന്നി മായുന്ന ഭാവ പ്രകടനങ്ങൾ! ഇന്ത്യയിലെ എല്ലാ താരങ്ങളും ഒരു തട്ടിലും മോഹൻലാൽ മറ്റൊരു തട്ടിലു മിരിക്കുക. എന്നിട്ട് തൂക്കി നോക്കുക. മാഹൻലാലിന്റെ തട്ട് താണ് തന്നെയിരിക്കും. അദ്ദേഹത്തിന് കംപ്ലീറ്റ് ആക്ടർ എന്നവിശേഷണം എങ്ങനെ വന്നു എന്നതിനുള്ള ഉത്തരം അപ്പോൾ കിട്ടും. ജയിലിൽ വച്ച് സാധാരണക്കാരൻ അമാനുഷനാകുന്ന രംഗത്ത് തിയേറ്ററിൽ കരഘോഷങ്ങളും
ആർപ്പു വിളികളുമായിരുന്നു. യുക്തിക്ക് നിലക്കാത്ത സീനായിരുന്നെങ്കിലും നിരപരാധിത്വം തെളിയിക്കാനുള്ള ഒരാളുടെ മാനാസികാവസ്ഥയുടെയും അന്ധനോടുള്ള സഹതാപത്തിന്റെയും പിൻബലത്തിൽ ഈ സീൻ മാസ് സീനായി മാറപ്പെടുകയും മോഹൻലാൽ തിര അഴിഞ്ഞാട്ടം കാഴ്ച വെക്കുകയും ചെയ്തു.

സമുദ്രക്കനിയുടെ വില്ലൻ വേഷത്തെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല. നായകന് ഒത്ത പ്രതിയോഗി! മറ്റു താരങ്ങളായ നെടുമുടി വേണു, ഇന്നസെന്റ്, അനു ശ്രീ, മാമുക്കോയ, ഹരീഷ്, ചെമ്പൻ വിനോദ്, ഷാജോൺ, രഞ്ജി പണിക്കർ,വിമല, മണിക്കുട്ടൻ, എല്ലാവരും തങ്ങളുടെ വേഷങ്ങളോട് കൂറ് പുലർത്തി. മാമുക്കോയയും ഹരീഷും തമ്മിലുള്ള തമാശ രംഗങ്ങൾ തിയേറ്ററിൽ പൊട്ടിച്ചിരിയുടെ മാലപ്പടക്കം പൊട്ടിച്ചത് പോലെയായിരുന്നു. മാമുക്കോയ ജീപ്പിൽ നിന്ന് പൊലീസുകാരനോട് ഹിമാറെ എന്ന് വിളിച്ചപ്പോൾ തിയേറ്റർ പൂരപ്പറമ്പായി.

പശ്ചാത്തല സംഗീതം ഗംഭീരമായിരുന്നു . കഥയുടെ സ്വാഭാവികതക്ക് പൊൻ തിളക്കമേകാൻ റോൺ ഇത്താണ് യോഹാന്റെ മ്യൂസിക്കിന് കഴിഞ്ഞു. പാട്ടുകളും സൂപ്പറായിരുന്നു. ശ്രീകുമാറിന്റെ ശബ്ദം മലയാളിക്ക് നഷ്ടമായ നൊസ്റ്റാൾജിയ തിരിച്ച് കൊണ്ട് വരാൻ സഹായിച്ചു. കൊറിയോഗ്രാഫി അടിപൊളിയായിരുന്നു. പഞ്ചാബി ഗാനത്തിന്റെ ചുവടുകൾ ഹൃദ്യമായിരുന്നു.

ബ്ലാക്ക് പോയന്റ്‌സ്: വളരെ മികച്ച ഫ്രയിമുകളായിരുന്നു ചിത്രത്തിലുടനീളം പ്രിയദർശൻ സൃഷ്ടിച്ചതെങ്കിലും ആ ഫ്രയിമുകളെ അതേ പോലെ ഒപ്പിയെടുക്കുന്നതിൽ ക്യാമറാമാൻ എൻ കെ ഇകാമ്പരൻ വിജയിച്ചില്ല. മൊത്തത്തിൽ ഒരു മങ്ങൽ ഫീൽ ചെയ്തു. പല ഷോട്ടുകളും വളരെ സൂപ്പറായിരുന്നുവെങ്കിലും ക്യാമറയിലെ മങ്ങൽ കല്ല് കടിയായി. (പാട്ട് സീൻ, ക്‌ളൈമാക്‌സിൽ അനു മോഹൻലാൽ സംസാരിക്കുന്ന സീൻ). അയ്യപ്പൻ നായരുടെ എഡിറ്റിങ് കുറ്റമില്ലാത്തതായിരുന്നുവെങ്കിലും ക്‌ളൈമാക്‌സിലെ ദൈർഘ്യം മടുപ്പു തോന്നിച്ചു. ആ ഭാഗം അൽപം കൂടി ചുരുക്കാമായിരുന്നു എന്ന് തോന്നി. ബിനീഷ് കോടിയേരിയുടെ അസ്ഥാനത്തുള്ള മാനറിസം (കൈവിട്ടടിക്കൽ) അരോചകമായി അനുഭവപ്പെട്ടു. അനുശ്രീ അവസാന ഭാഗത്ത് തോക്ക് കൊണ്ട് കാട്ടിക്കൂട്ടുന്ന കൊപ്രയങ്ങൾ അറു ബോറായിരുന്നു. ആ രംഗത്തിലെ കൃത്രിമത്വം അനുവിന്റെ മുഖത്ത് കുമിളകളായി പ്രത്യക്ഷപെട്ടു. ചെമ്പൻ വിനോദ് മാമുക്കോയ സംഭാഷണം പ്രേക്ഷകരുടെ ക്ഷമയെ പരീക്ഷിച്ചു. കാക്കക്കുയിലിലെ ജഗദീഷ് കൊച്ചിൻ ഹനീഫ താക്കോൽ സംഭാഷണങ്ങളുടെ മാതൃകയിലുള്ള സംഭാഷണങ്ങൾ അലോസരവും അരോചകവുമായിരുന്നു.

സ്വന്തമായി ആരെങ്കിലുമുണ്ടെങ്കിലേ ജീവിക്കാൻ ഒരു രസമുള്ളൂ. എന്ന് എഴുത്തുകാരൻ പറയുമ്പോൾ തന്നെ ആരുമില്ലാതാകുമ്പോഴും എല്ലാം നഷ്ട്ടപ്പെടുമ്പോഴും തളർന്നു പോകാതിരിക്കുന്നിടത്താണ് നമ്മളുടെ വിജയം എന്ന് ഓർമപ്പെടുത്താനും അദ്ദേഹം ശ്രമിച്ചു. ഈ പോസിറ്റീവ് സന്ദേശത്തോടെയാണ് സിനിമക്ക് തിരശ്ശീല വീഴുന്നത്. അന്ധന്റെ നിസ്സഹായത മാത്രം കണ്ട് ശീലിച്ച മലയാള സിനിമയിൽ ഒരു അന്ധന്റെ പോരാട്ടവും വീരവും അമാനുഷികതയും എല്ലാം പാകത്തിന് കൂട്ടിക്കിച്ചേർക്കപ്പെട്ട 'ഒപ്പം' പ്രേക്ഷകർക്ക് ധൈര്യമായി ടിക്കറ്റെടുത്ത് കാണാവുന്നതാണ്. നൂറിൽ (100) അറുപത്തിയെട്ട് (68) മാർക്ക് കൊടുക്കാം.


(സിനിമയെ കുറിച്ചുള്ള നിരീക്ഷണം ലേഖകന്റെത് മാത്രമാണ്)

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP