Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

നാലു മണിക്ക് ഇറങ്ങിയ യന്ത്രമനുഷ്യനെ കൊട്ടുംകുരവയുമായി വരവേറ്റ് രജനി ഫാൻസ്; കേരളത്തിലും തമിഴ്‌നാട്ടിലും ആവേശത്തിരയിളക്കം; കേരളത്തിൽ മാത്രം റിലീസ് ചെയ്തത് 450 കേന്ദ്രങ്ങളിൽ: ലോകമെമ്പാടും 10,500 സ്‌ക്രീനുകളിൽ 2.0 എത്തി

നാലു മണിക്ക് ഇറങ്ങിയ യന്ത്രമനുഷ്യനെ കൊട്ടുംകുരവയുമായി വരവേറ്റ് രജനി ഫാൻസ്; കേരളത്തിലും തമിഴ്‌നാട്ടിലും ആവേശത്തിരയിളക്കം; കേരളത്തിൽ മാത്രം റിലീസ് ചെയ്തത് 450 കേന്ദ്രങ്ങളിൽ: ലോകമെമ്പാടും 10,500 സ്‌ക്രീനുകളിൽ 2.0 എത്തി

തിരുവനന്തപുരം: കാത്തിരിപ്പിന് വിരാമമിട്ടു കൊണ്ട് യന്തിരൻ 2.0 തിയറ്ററുകളിലെത്തി. കൊട്ടും കുരവയും ഭീമൻ കട്ടൗട്ടുകളുമായി രാവിലെ നാലു മണിക്കായിരുന്നു ഇന്ത്യൻ സിനിമാ ലോകം കാത്തിരുന്ന ആ ചരിത്ര നിമിഷം പിറന്നു വീണത്. തമിഴ്‌നാട്ടിലും കേരളത്തിലുമെല്ലാം ചിത്രത്തിന് വൻ വരവേൽപ്പാണ് ആരാധകർ നൽകിയത്. നാലു മണിക്ക് ആരംഭിച്ച ആദ്യ ഷോയിൽ തന്നെ തിയറ്ററുകൾ എല്ലാം ഫുൾ ആയിരുന്നു. ആർപ്പുവിളിയും കുരവയുമായി രജനി ഫാൻസ് തിയറ്ററുകൾ കീഴടക്കുന്ന കാഴ്ചയായിരുന്നു.

കേരളത്തിലെ 450 ഓളം സ്‌ക്രീനുകളിലാണ് ചിത്രം എത്തുന്നത്. മുളകുപാടം ഫിലിംസിന്റെ ബാനറിൽ ടോമിച്ചൻ മുളകുപാടമാണ് ചിത്രം കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്. പാലക്കാടും തിരുവനന്തപുരത്തും ആദ്യ ഷോ കാണാൻ ആരാധകരുടെ തള്ളിക്കയറ്റമായിരുന്നു. യന്തിരന്റെ വേഷം ധരിച്ച് തോക്കുകൾ കയ്യിലേന്തിയും മറ്റും വ്യത്യസ്തമായാണ് പലരും രാവിലെ തന്നെ ഷോ കാണാൻ എത്തിയത്.

500 കോടി ബഡ്ജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. ലോകമെമ്പാടും 10,500 സ്‌ക്രീനുകളിൽ 2.0 എത്തി. ഇതോടെ 9000 സ്‌ക്രീനുകളിൽ ഒന്നിച്ചിറങ്ങിയ ഇന്ത്യൻ ചിത്രം ബാഹുബലി 2 ന്റെ റെക്കോർഡാണ് ഭേദിക്കപ്പെട്ടത്. നോർത്ത് അമേരിക്ക (850), യു.കെ. (300), യൂറോപ്പ് (500), മിഡിൽ ഈസ്റ്റ് ആഫ്രിക്ക (350), സൗത്ത് ഏഷ്യ (100), ഇന്ത്യ (7500), ഏഷ്യ പെസഫിക് (900) എന്നിങ്ങനെയാണ് സ്‌ക്രീനുകളുടെ നീക്കിയിരിപ്പ്. കാനഡയിലെ 50 തിയേറ്ററുകളിൽ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിൽ ചിത്രം റിലീസായി. യു.കെ., ഓസ്‌ട്രേലിയ, ന്യൂസീലൻഡ് എന്നിവിടങ്ങളിൽ തമിഴ്, ഹിന്ദി, തെലുങ്ക് ഭാഷകളിലാവും ചിത്രം പുറത്തു വന്നത്.

മുംബൈയിൽ 2D, 3D ഫോർമാറ്റിൽ ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലായാണ് ചിത്രത്തിന്റെ റിലീസ്. നഗരത്തിലെ ഒറോറ തിയേറ്ററിൽ വൻ പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. 68 വയസ്സ് തികയുന്ന രജനികാന്തിന്റെ 68 അടി ഉയരമുള്ള കട്ടൗട് ഇവിടെ ഉയരും. ഒറോറ മുതൽ ഐമാക്‌സ് വരെ രഥ ഘോഷയാത്രയുണ്ടാവും. ഒപ്പം 30 അടി നീളമുള്ള പൂമാലയും കരുതി വച്ചിട്ടുണ്ട്. പാവപ്പെട്ട കുട്ടികൾക്ക് അന്നദാനവും ഉണ്ടാവും. 2.0 ശ്രീലങ്കയിലെ എക്കാലത്തെയും വമ്പൻ റിലീസാണ്. തമിഴിൽ 84ഉം, ഹിന്ദിയിൽ നാലും തിയേറ്ററുകളുണ്ട്. ചിത്രത്തിൽ അക്ഷയ് കുമാർ, ആമി ജാക്‌സൺ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP