Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ലോകമെങ്ങും തരംഗം ആയപ്പോഴും ബാഹുബലി യുകെയിൽ റിലീസ് ചുരുക്കം തിയറ്ററുകളിൽ മാത്രം; മിക്കയിടത്തും കാണികൾ സെൻസർഷിപ്പിനെ ചൊല്ലി ബഹളം; പലയിടത്തും നടന്നത് സ്വകാര്യ ഷോകൾ; ടിക്കറ്റുകൾക്ക് തീവെട്ടി കൊള്ള; വിഷു റിലീസ് നടത്തിയ മലയാള ചിത്രങ്ങളും പടക്കം പോലെ പൊട്ടുന്നു

ലോകമെങ്ങും തരംഗം ആയപ്പോഴും ബാഹുബലി യുകെയിൽ റിലീസ് ചുരുക്കം തിയറ്ററുകളിൽ മാത്രം; മിക്കയിടത്തും കാണികൾ സെൻസർഷിപ്പിനെ ചൊല്ലി ബഹളം; പലയിടത്തും നടന്നത് സ്വകാര്യ ഷോകൾ; ടിക്കറ്റുകൾക്ക് തീവെട്ടി കൊള്ള; വിഷു റിലീസ് നടത്തിയ മലയാള ചിത്രങ്ങളും പടക്കം പോലെ പൊട്ടുന്നു

കെ ആർ ഷൈജുമോൻ, ലണ്ടൻ

ലണ്ടൻ: ലോകമെങ്ങും ഇന്ത്യൻ സിനിമ പ്രേമികൾക്ക് ഒരൊറ്റ കാര്യമേ സംസാരിക്കാനുള്ളൂ. വ്യാഴാഴ്ച മുതൽ ലോകമെങ്ങും തേരോട്ടം തുടങ്ങിയ ബ്രഹ്മാണ്ഡ ചിത്രം ബാഹുബലി തന്നെ. ലോകത്തെ ഓരോ രാജ്യങ്ങളിലും ബാഹുബലി നേടുന്ന തകർപ്പൻ റെക്കോർഡ് കളക്ഷനുകളെ കുറിച്ച് വാർത്തകൾ എത്തികൊണ്ടിരിക്കെ അക്കൂട്ടത്തിൽ തൽക്കാലം യുകെ സ്ഥാനം പിടിക്കുന്നില്ല. ചിത്രത്തിന്റെ പ്രീമിയർ ഷോ പോലും ലണ്ടനിൽ രാജ്ഞിക്കു വേണ്ടി നടത്തും എന്ന് അറിയിച്ചിരുന്ന ബാഹുബലി ടീം എന്തുകൊണ്ടാണ് ചിത്രത്തിന് ബോക്‌സ് ഓഫിസ് റിലീസ് നടത്താൻ തയ്യാറാകാതിരുന്നത് എന്നും വ്യക്തമല്ല.

അതും ചിത്രത്തിന്റെ ആഗോള റിലീസിന്റെ ഭാഗമായി കുവൈറ്റിൽ അടക്കം ചിത്രം വ്യാഴാഴ്ച മുതൽ പ്രദർശനം നടന്ന സാഹചര്യത്തിൽ ബോളിവുഡ് ചിത്രങ്ങൾക്ക് വൻ വിപണിയുള്ള ബ്രിട്ടനിൽ ഛിത്രം വിട്ടുനിൽക്കുന്നത് ആരാധകരെ നിരാശയിലാഴ്‌ത്തിയിരിക്കുകയാണ്. ട്വിറ്റർ അടക്കം സമൂഹ മാധ്യമങ്ങളിൽ ചിത്രം എപ്പോൾ പ്രദർശനത്തിന് എത്തും എന്നതാണ് ആരധകർ ബാഹുബലി ടീമിനോട് ചോദിക്കുന്നത്.

അതിനിടെ യുകെയിലെ മിക്ക നഗരങ്ങളിലുംകഴിഞ്ഞ രണ്ടു ദിവസവും സ്വകാര്യമായി ഷോ പ്രദർശിപ്പിച്ചിരുന്നു. ചിത്രത്തിന്റെ തെലുങ്ക് പതിപ്പാണ് ഇംഗ്ലീഷ് സബ് ടൈറ്റിലുകൾ ഉൾപ്പെടുത്തി പ്രദർശനത്തിന് എത്തിയത്. സ്വകാര്യ വ്യക്തികൾ വാടകക്ക് എടുത്തു ചിത്രം പ്രദർശിപ്പിക്കുക ആയിരുന്നു. ഇക്കാരണത്താൽ തന്നെ ടിക്കറ്റുകൾക്ക് തീവെട്ടി കൊള്ളയും നടന്നു. പലയിടത്തും പല തരത്തിലായിരുന്നു നിരക്ക്. ചില സ്ഥലങ്ങളിൽ 25 പൗണ്ട് ഈടാക്കിയപ്പോൾ തിരക്ക് കുറഞ്ഞിടത്തു 20 പൗണ്ടായിരുന്നു നിരക്ക്. കുട്ടികൾക്ക് 15 പൗണ്ട് നിരക്കിലുമാണ് ടിക്കറ്റ്.

എന്നാൽ സെൻസർ നിയമം അനുസരിച്ചു 15 വയസ്സിൽ താഴെ ഉള്ളവർക്ക് ചിത്രം കാണാൻ അനുമതി ഇല്ലെന്ന റിപ്പോർട്ട് പുറത്തു വന്നതാകാം പ്രധാന വിതരണക്കാർ ചിത്രത്തെ കൈവിടാൻ കാരണമെന്നും പറയപ്പെടുന്നു. എന്നാൽ ഓരോ പ്രദർശനം വീതം നടന്ന പ്രധാന നഗരങ്ങളിൽ ടിക്കറ്റുകൾ ഏറെക്കുറെ പൂർണമായും വിറ്റുപോയതാണ് സൂചനകൾ. അതേ സമയം സ്വകാര്യ ഹാളുകൾ എടുത്തു നടത്തിയ പ്രദർശനത്തിൽ 4സ ഇഫ്റ്റുകളോടെ ചിത്രം ആസ്വദിക്കാൻ കഴിഞ്ഞില്ലെന്ന പരാതിയും ബാഹുബലി ആരാധകർ പങ്കിടുന്നു.

ടങ്കലും പുലിമുരുകനും ഒക്കെ കൊടികുത്തി വാണ യുകെയിൽ ബാഹുബലിയുടെ രണ്ടാം വരവ് വൻ ആഘോഷം തന്നെ ആകേണ്ടിയിരുന്നു എന്ന ചിന്തയാണ് സിനിമ ആസ്വാദകർ പങ്കിടുന്നത്. ചിത്രം സാങ്കേതിക മേന്മയുടെ അടിത്തറയോടെ ആസ്വദിക്കാൻ സ്വകാര്യ കേന്ദ്രങ്ങളിൽ സംഘടിപ്പിക്കപ്പെട്ട പ്രദർശങ്ങളിൽ സാധിച്ചില്ല എന്നതാണ് ഈ പരാതിക്കു അടിസ്ഥാനമാകുന്നത്. ഒട്ടു മിക്ക ബോളിവുഡ് ചിത്രങ്ങളും മികച്ച കളക്ഷൻ റെക്കോർഡ് നേടുന്ന ബ്രിട്ടനിൽ ബാഹുബലി ആഘോഷമാക്കാൻ മലയാളി സമൂഹത്തിനും കഴിയാതെ പോയതിന്റെ നിരാശ സിനിമ ആസ്വാദകർക്കിടയിൽ പ്രകടമാണ്.

അയിങ്കരൻ ഉൾപ്പെടെയുള്ള ബിഗ് ബ്രാൻഡ് വിതരണക്കാർ ഉണ്ടായിട്ടും ബാഹുബലിക്ക് യുകെയിൽ സജീവമായി പ്രദർശനം നടത്താൻ കഴിയാതെ പോയതാണ് സിനിമ ബ്രിട്ടനിൽ ചർച്ച ചെയ്യാൻ കാരണമാകുന്നത് എന്നതും ശ്രദ്ധേയം. ബാഹുബലിയുടെ വിദേശ റിലീസ് ആദ്യ പതിപ്പ് വെറും 13 കോടിക്ക് വിറ്റുപോയപ്പോൾ തിയറ്റർ കളക്ഷനായി ലഭിച്ചത് 75 കോടിയാണ്. ഇക്കാരണത്താൽ രണ്ടാം പതിപ്പ് 50 കോടി രൂപയ്ക്കു രണ്ടു വർഷം മുൻപേ വിറ്റുപോയതായും റിപ്പോർട്ട് ഉണ്ടായിരുന്നു. എന്നിട്ടും യുകെ വിപണിയിൽ സിനിമക്ക് എന്തണ് സംഭവിച്ചത് എന്ന് വ്യക്തമല്ല.

എന്നാൽ ചിത്രം ഹിന്ദി പതിപ്പിന് 15 എ റേറ്റിങ്ങും തമിഴ്, തെലുങ്ക് പതിപ്പിന് 12 വയസ്സിനു മുകളിൽ ഉള്ളവർക്കും സെൻസർ അംഗീകാരം കിട്ടിയത് തിയറ്ററുകളിൽ വ്യാപകമായ കുഴപ്പത്തിനും കാരണമായി. തമിഴ് ചിത്രം കാണാൻ എത്തിയവർക്ക് തെറ്റിദ്ധാരണയുടെ പേരിൽ ലണ്ടൻ സൗത്ത് വുഡ്‌ഫോർഡ് അടക്കമുള്ള ഓഡിയോൺ തിയറ്ററുകളിൽ നിന്നും കുട്ടികളുമായി പുറത്തിറങ്ങേണ്ടി വന്നു. തിയറ്ററിൽ പകുതിയിലധികം കാണികൾ നിറഞ്ഞ ശേഷമാണു പുറത്തു പോകാൻ നിർദ്ദേശം ലഭിച്ചത്.\

എന്നാൽ തങ്ങൾക്ക് ലഭിച്ച ടിക്കറ്റിൽ 12 എ റേറ്റിങ് ഉള്ളത് ചൂണ്ടിക്കാട്ടിയിട്ടും തിയറ്റർ അധികൃതർ തെറ്റ് സമ്മതിക്കാൻ തയ്യാറായില്ല. നീണ്ട വാഗ്വാദത്തിനു ഒടുവിൽ തിയറ്ററിനു പുറത്തു പോകാൻ എഴുതി നൽകണമെന്നും കാണികൾ വാദിച്ചു. ഒടുവിൽ തെറ്റ് മനസിലാക്കിയ തിയറ്റർ അധികൃതർ അര മണിക്കൂറിനു ശേഷം തെറ്റു സമ്മതിക്കുക ആയിരുന്നു. അപ്പോഴേക്കും ഫിലിം പ്രദർശനം ആരംഭിച്ചാൽ ബാക്കി ഭാഗം കാണാൻ കാണികളും തയ്യാറായില്ല.

ഒടുവിൽ സമാശ്വാസം എന്ന നിലയിൽ ചിത്രം നാളെ കാണുവാനും മറ്റൊരു ചിത്രം യുകെയിലെ ഏതു ഓഡിയോണിലും സൗജന്യമായി കാണുവാനും ഉള്ള സൗകര്യം ഒരുക്കുക ആയിരുന്നു അധികൃതർ. ഏറെ ആശിച്ചു തിയറ്ററിൽ എത്തിയിട്ടും ടിക്കറ്റ് ലഭിച്ച ശേഷം തിയറ്റർ വിട്ടു പോകേണ്ട സാഹചര്യം ഉണ്ടായതിൽ നിരാശയോടെയാണ് കാണികൾ വീടുകളിലേക്ക് മടങ്ങിയത്. പലർക്കും നാളെ ചിത്രം കാണാൻ അസൗകര്യം ഉള്ളതിനാൽ പണം മടക്കി വാങ്ങേണ്ടിയും വന്നു.

നിരവധി മലയാളികളും കുട്ടികളുമായി ചിത്രം കാണാൻ എത്തിയിരുന്നു. കഴിഞ്ഞ മാസം എത്തിയ മലയാള ചിത്രം ഇസ്ര അടക്കമുള്ളവയും സമാനമായ പ്രശനം നേരിട്ടിരുന്നു. കുട്ടികളുമായി തിയറ്ററിൽ എത്തുന്നവരാണ് ഭൂരിഭാഗം കാണികളും എന്നത് കൂടിയാകാം വന്മുതൽമുടക്കിൽ ബാഹുബലിയുടെ രണ്ടാം ഭാഗം വ്യാപകമായി തിയറ്ററുകളിൽ ബോക്‌സ് ഓഫിസ് റിലീസിന് തടസ്സമായതെന്നും കരുതപ്പെടുന്നു.

അതേ സമയം രണ്ടു മാസത്തിനിടയിൽ പത്തോളം മലയാള ചിത്രങ്ങൾയുകെയിൽ പ്രദർശനത്തിന് എത്തിയപ്പോൾ ഒന്നിന് പോലും കാര്യമായ വാണിജ്യ വിജയം നേടാൻ ആയില്ല എന്നതും ശ്രദ്ധിക്കപ്പെട്ടു. ദിലീപ് ചിത്രം ജോർജേട്ടന്റെ പൂരം, മോഹൻലാൽ ചിത്രം 1971 ബിയോണ്ട് ബോർഡേഴ്‌സ്, മമ്മൂട്ടി ചിത്രം ഗ്രേറ്റ് ഫാദർ, നിവിൻ പോളിയുടെ സഖാവ്, പുതുമുഖ ചിത്രം ഒരു മെക്‌സിക്കൻ അപാരത എന്നിവയൊക്കെ ഇക്കൂട്ടത്തിൽ ഉൾപ്പെടുന്നു. ഫഹദ് ഫാസിൽ നായകനായി എത്തിയ ടേക്ക് ഓഫ് മാത്രമാണ് ഇക്കൂട്ടത്തിൽ അൽപ്പമെങ്കിലും ജനശ്രദ്ധ നേടി മടങ്ങിയത്. യുകെ മലയാളികളിൽ ഒട്ടേറെ പേർ അവധിക്കാല യാത്രകളിലും വിഷു ഈസ്റ്റർ പ്രമാണിച്ചു കേരള യാത്രയിലും ആയിരുന്നതും ചിത്രങ്ങൾ ശ്രദ്ധിക്കപ്പെടാതെ പോയതിനു പ്രധാന കാരണമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP