Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

അച്ഛൻ പാടി അഭിനയിച്ച മിഴിയോരവും പാടിയുള്ള എൻട്രി; ആരേയും അനുകരിക്കാത്ത ന്യാച്യുറൽ പെർഫോമൻസ്; പയ്യൻ ഉറപ്പായും കയറി വരുമെന്ന് ഉറപ്പിച്ച് ഫാൻസുകാർ; മ്യൂസിക് ഡയറക്ടറാകാൻ കൊതിക്കുന്ന കഥാപാത്രത്തെ സുഭദ്രമാക്കി പ്രണവ് മോഹൻലാലിന്റെ അരങ്ങേറ്റം; പിഴയ്ക്കാത്തത് ജിത്തു ജോസഫിന്റെ കണക്ക് കൂട്ടൽ; തിയേറ്ററിൽ മധുരത്തിനൊപ്പം ഇരട്ടിമധുരം നൽകി ലാലിന്റെ ഗസ്റ്റ് വേഷവും

അച്ഛൻ പാടി അഭിനയിച്ച മിഴിയോരവും പാടിയുള്ള എൻട്രി; ആരേയും അനുകരിക്കാത്ത ന്യാച്യുറൽ പെർഫോമൻസ്; പയ്യൻ ഉറപ്പായും കയറി വരുമെന്ന് ഉറപ്പിച്ച് ഫാൻസുകാർ; മ്യൂസിക് ഡയറക്ടറാകാൻ കൊതിക്കുന്ന കഥാപാത്രത്തെ സുഭദ്രമാക്കി പ്രണവ് മോഹൻലാലിന്റെ അരങ്ങേറ്റം; പിഴയ്ക്കാത്തത് ജിത്തു ജോസഫിന്റെ കണക്ക് കൂട്ടൽ; തിയേറ്ററിൽ മധുരത്തിനൊപ്പം ഇരട്ടിമധുരം നൽകി ലാലിന്റെ ഗസ്റ്റ് വേഷവും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ജീത്തു ജോസഫ് ചിത്രം ആദിയിലൂടെ നായകനായുള്ള പ്രണവ് മോഹൻലാലിന്റെ അരങ്ങേറ്റത്തിനായി കാത്തിരിക്കുകയായിരുന്നു മലയാള സിനിമ. അഭിനയത്തിൽ അച്ഛനെ കടത്തി വെട്ടുമോ മകൻ എന്നതായിരുന്നു ഏവരും ഉയർത്തി ചോദ്യം. പുനർജ്ജനിയെന്ന ചിത്രത്തിലൂടെ ബാലതാരത്തിനുള്ള ദേശീയ അവാർഡ് നേടിയ പ്രണവ്. ഒന്നാമനിൽ അച്ഛന്റെ കുട്ടിക്കാലം മികവുറ്റതാക്കിയ പയ്യൻ. ഇതിൽ നിന്ന് എത്രമാത്രം ഉയരത്തിൽ പ്രണവെന്ന നടനെത്തിയെന്ന ചോദ്യമാണ് ആദിയിൽ ഉയർന്നത്.

അഭിനയത്തിന് അപ്പുറമുള്ള സിനിമയായിരുന്നു പ്രണവിന്റെ മനസ്സിൽ. അതുകൊണ്ട് തന്നെ താരപുത്രനായ പ്രണവ് നേരത്തെ തന്നെ സഹസംവിധായകനായി ക്യാമറയ്ക്ക് പിന്നിലെത്തുകയും ചെയ്തു. അവിടെ നിന്നും അപ്രതീക്ഷിത ട്വിസ്റ്റ്. ജിത്തു ജോസഫ് പ്രണവിനെ നായകനാക്കാൻ തീരുമാനിച്ചു. മോഹൻലാൽ പച്ചക്കൊടി കാട്ടി.

നായകനായി അച്ഛന്റെ അതേ അഭിനയ മികവോടെ എത്തുന്ന മകന്റെ താരോദയം കാത്തിരുന്ന പ്രേക്ഷകർക്ക് തെറ്റിയില്ല. നായക അരങ്ങേറ്റം പ്രണവ് ഗംഭീരമാക്കിയെന്നാണ് റിപ്പോർട്ട്. ആരേയും അനുകരിക്കാതെ തന്റെ സ്വന്തം ശൈലിയിൽ പ്രണവ് തിയേറ്ററുകളെ ആദിയിലൂടെ കീഴടക്കും. ഇത് സംവിധായകൻ ജിത്തു ജോസഫിന്റെ വിജയമാണ്.

മമ്മൂട്ടിയുടെ മകനായ ദുൽഖറും അഭിനയത്തിൽ അച്ഛനോളം താനുമുണ്ടെന്ന് തെളിയിച്ചതാണ്. അതുകൊണ്ട് കൂടിയാണ് മറ്റൊരു താരരാജാവിന്റെ പുത്രന്റെ അരങ്ങേറ്റത്തേയും പ്രതീക്ഷയോടെ കണ്ടത്. ലാൽ എന്ന നടന് പേരു ദോഷമുണ്ടാക്കുന്നില്ലെന്ന് മാത്രമല്ല. ആദ്യ ചിത്രത്തിലൂടെ തന്നെ താനും അഭിനയ പ്രതിഭയാണെന്ന് പ്രണവ് വിളിച്ചു പറയുന്നു.

ആദി പുതിയൊരു താരോദയത്തിന്റെ സൂചനയാണ് നൽകുന്നത്. ആദ്യ ചിത്രം പ്രേക്ഷകർ ഏറ്റെടുത്തില്ലെങ്കിൽ അഭിനയം നിർത്തി സംവിധാനത്തിലേക്ക് പ്രണവ് തിരികെ നടക്കുമായിരുന്നു. അതിന് ഇനി ആരാധകർ അനുവദിക്കില്ല. എല്ലാ പ്രതീക്ഷകൾക്കും അപ്പുറം പ്രണവും അഭിനയത്തിലൂടെ മുന്നേറുകയാണ്. അച്ഛന്റെ മകനായി.

പയ്യൻ വലിയ പെർഫോമൻസാണ്. അച്ചനെ അനുകരിച്ചുമില്ല. വളരെ ന്യാച്ചറലാണ് അഭിനയം. ആദ്യ സിനിമയിൽ തന്നെ മോഹൻലാൽ പാടി അഭിനയിച്ച മിഴിയോരം എന്ന ഗാനം പാടിയാണ് എൻട്രി. അഭിനയത്തിൽ അച്ഛന്റെ മകനാണെന്ന കാണിക്കാതെ തനത് ശൈലി. എന്തു കൊണ്ടും പയ്യൻ കയറി വരും-ഇതാണ് സിനിമ കണ്ടിറങ്ങുന്ന പ്രേക്ഷകരുടെ പ്രതികരണം. ആദ്യമായി തന്നെ സ്വന്തമായ ശൈലി അവതരിപ്പിക്കുകയാണ് ആദിയിൽ പ്രണവ്. അതു തന്നെയാണ് ജിത്തു ജോസഫ് ചിത്രത്തെ വ്യത്യസ്തമാക്കുന്നതും.

പ്രണവ് അവതരിപ്പിക്കുന്ന ആദിത്യ മോഹൻ എന്ന കഥാപാത്രം ഒരു സംഗീത പ്രേമിയാണ്. സംഗീതമാണ് അയാളുടെ സ്വപ്നം. ആദിയിലെ ഇംഗ്ലീഷ് പാട്ടിന് വരികൾ എഴുതിയതും പാടിയതും ഗിറ്റാർ വായിച്ചതും പ്രണവ് തന്നെയാണ്. ഇതും സിനിമയുടെ മറ്റൊരു സവിശേഷതയാണ്. അങ്ങനെ അഭിനയത്തിനൊപ്പം പാട്ടിലും ഗിറ്റാർ വായനയിലുമെല്ലാം പ്രണവ് പ്രതിഭ തെളിയിക്കുകയാണ് ആദ്യ ചിത്രത്തിൽ. 

സിനിമയിൽ അതിഥി താരമായി മോഹൻലാൽ എത്തുമ്പോൾ ചിത്രത്തിന്റെ വിപണന സാധ്യതയും പുതിയ തലത്തിലെത്തുന്നു. അങ്ങനെ പ്രണവിന്റെ അരങ്ങേറ്റം മോഹൻലാൽ ഫാൻസുകാർക്ക് ആവേശമാകുന്നു. ഒരു റസ്റ്റോറന്റിലെ രംഗത്തിലാണ് മോഹൻലാലും പ്രണവും ഒരുമിച്ചെത്തുന്നത്. മധുരത്തിനൊപ്പം ഇരട്ടിമധുരമാണ് ആരാധകർക്ക് ഈ സീൻ നൽകിയത്.

ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന 9ാമത്തെ ചിത്രമാണ് ഇത്. ചിത്രത്തിൽ മൂന്നു പ്രധാനപ്പെട്ട സ്ത്രീ കഥാപാത്രങ്ങളാണുള്ളത്. ലെന, അനുശ്രീ, അദിതി രവി(അലമാര ഫെയിം) എന്നിവരാണ് ഈ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എന്നാൽ ഇവരൊന്നും പ്രണവിന്റെ നായികമാരല്ല.

ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് സതീഷ് കുറുപ്പ് ആണ്. സിദ്ദിഖ് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഷിജു വിൽസൺ, ഷറഫുദ്ദീൻ, നോബി എന്നീ യുവ താരങ്ങളും സിനിമയിലുണ്ട്.

കൊച്ചിയിലെ തിയേറ്ററിൽ നേരിട്ടെത്തി അമ്മ സുചിത്ര സിനിമ കണ്ടു. കുടുംബ സുഹൃത്തായ സമീർ ഹംസയ്‌ക്കൊപ്പമാണ് മകന്റെ ചിത്രത്തിന്റെ ആദ്യ ഷോയുടെ ആവേശം സുചിത്ര നേരിട്ട് അറിയാൻ എത്തിയത്. ആന്റണി പെരുമ്പാവൂർ അടക്കമുള്ളവരും ഉണ്ടായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP