Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202023Friday

യന്തിരൻ 2.0 അഥവാ പക്കാ മസാല സയൻസ് ഫിക്ഷൻ! കോടികൾ മുടക്കിയ ഗ്രാഫിക്‌സ് വെറും പിള്ളേരുകളി; ചാണകത്തിൽ നിന്ന് പ്ലൂട്ടോണിയം കിട്ടും എന്ന് വിശ്വസിക്കുന്നവർക്കുപോലും ദഹിക്കാത്ത അശാസ്ത്രീയതയും യുക്തിരാഹിത്യവും; ഒന്നാംഭാഗത്തിന്റെ പകുതിപോലും എത്തിക്കാൻ ഹിറ്റ്മേക്കർ ശങ്കറിന് കഴിയുന്നില്ല; ആശ്വാസം പലരൂപത്തിലും പലഭാവത്തിലും പ്രത്യക്ഷപ്പെട്ട് പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്ന രജനി ഇഫക്ട്; അക്ഷയ് കുമാറിനും കൈയടിക്കാം

യന്തിരൻ 2.0 അഥവാ പക്കാ മസാല സയൻസ് ഫിക്ഷൻ! കോടികൾ മുടക്കിയ ഗ്രാഫിക്‌സ് വെറും പിള്ളേരുകളി; ചാണകത്തിൽ നിന്ന് പ്ലൂട്ടോണിയം കിട്ടും എന്ന് വിശ്വസിക്കുന്നവർക്കുപോലും ദഹിക്കാത്ത അശാസ്ത്രീയതയും യുക്തിരാഹിത്യവും; ഒന്നാംഭാഗത്തിന്റെ പകുതിപോലും എത്തിക്കാൻ ഹിറ്റ്മേക്കർ ശങ്കറിന് കഴിയുന്നില്ല; ആശ്വാസം പലരൂപത്തിലും പലഭാവത്തിലും പ്രത്യക്ഷപ്പെട്ട് പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്ന രജനി ഇഫക്ട്; അക്ഷയ് കുമാറിനും കൈയടിക്കാം

എം മാധവദാസ്

പാണ്ടിപ്പടങ്ങൾ എന്ന് മലയാളി പരിഹസിച്ചിരുന്ന തമിഴസിനിമകൾ ഓർമ്മയില്ലേ. ഒരു പാട്ട്, ഒരു സ്്റ്റണ്ട് എന്ന രീതിയിൽ യാതൊരു യുക്തിയുമില്ലാത്ത കുറെ രംഗങ്ങളുമായി രജനിപ്പടങ്ങളൊക്കെ ഇറങ്ങിയിരുന്ന ഒരു കാലം തമിഴകത്ത് ഉണ്ടായിരുന്നു. എന്നാൽ തമിഴിൽ പൊട്ടിവിടർന്ന നവതരംഗം ആ ധാരണകളെയെല്ലാം അസ്ഥാനത്താക്കി.അമീർ സുൽത്താനും, മിഷ്‌ക്കിനും, ശശികുമാറും, സമുദ്രക്കനിയും, വസന്തബാലനും, സുശീലനും, സൂശിഗണേശനും, വിജയ്സേതുപതിയും, ഗൗതം മേനോനുമെല്ലാം തമിഴ് വാണിജ്യ സിനിമയെ നിരന്തരം നവീകരിക്കുകയും പുതുതലങ്ങളിലേക്ക് കൊണ്ടുപോവുകയും ചെയ്തു.

ആ പുതിയ വസന്തം ഒരുഭാഗത്തുകൂടി നീങ്ങുമ്പോഴും സാങ്കേതികമായി തമിഴ് സിനിമ ബോളിവുഡ്ഡിനെയും കടത്തിവെട്ടി മുന്നേറിയിരുന്നു. അതിന് തുടക്കം കുറിച്ചവരിൽ ഒരാൾ സംവിധായകൻ എസ്. ശങ്കർ ആണ്. ജെന്റിൽമാൻ എന്ന ശങ്കറിൻെ ആദ്യ ചിത്രം തന്നെ ശരിക്കും ഒരു സാങ്കേതിക വിസ്മയമായിരുന്നു. തുടർന്നങ്ങോട്ട് കാതലൻ, ഇന്ത്യൻ, ജീൻസ്, മുതൽവൻ, അന്യൻ, ശിവാജി, യന്തിരൻ, ഐ തുടങ്ങിയ ശങ്കറിന്റെ ചിത്രങ്ങളൊക്കെ തെന്നിന്ത്യൻ സിനിമയുടെ സാങ്കേതിക അത്യുന്നതിയുടെ സൂചകങ്ങൾ കൂടിയായിരുന്നു. ഗ്രാഫിക്സ് പോലുള്ള സംവിധാനങ്ങൾ എങ്ങനെ ഫലപ്രദമായി ഉപയോഗപ്പെടുത്താമെന്നതിന്റെ കേസ് സ്റ്റഡികളായിരുന്നു മുതൽവനും, യന്തിരനുമെല്ലാം.

ബ്രാഹ്മാണ്ഡ നായകൻ രജീനകാന്തിനെ വെച്ച് ശങ്കർ എടുത്ത് സൂപ്പർഹിറ്റായ യന്തിരന് രണ്ടാംഭാഗമായ യന്തിരൻ 2.0 ഇറങ്ങുന്നുണ്ടെന്ന് കേട്ടപ്പോൾ തന്നെ ആരാധകരുടെ ആവേശം പരകോടിയിലെത്തിയിരുന്നു. കൂടുതൽ ഡെക്കറേഷനൊന്നുമില്ലാതെ പറയട്ടെ, 500 കോടിയുടെ ബജറ്റിൽ എടുത്ത ചിത്രം ഗ്രാഫിക്സും നൂതന സാങ്കേതിക വിദ്യകളും ചേർത്ത് വലിയൊരു ദൃശ്യവിരുന്നാകുമെന്ന് ധരിച്ച് ഓടിക്കയറുന്നവർക്ക് നിരാശയായിരിക്കും ഫലം. ആദ്യത്തെ അരമണിക്കൂറിലെ ആവേശമല്ലാതെ യന്തിരൻ വണ്ണിന്റെ പകുതിയെങ്കിലും എത്തിക്കാൻ കോടികൾ വാരിയെറിഞ്ഞിട്ടും ശങ്കറിന് കഴിയുന്നില്ല. ആധുനിക സംസ്‌ക്കാരം അമാന്യമായി കണക്കാക്കുന്ന വാക്കുകളിലൊന്നാണ് പാണ്ടിയെന്നതും. പക്ഷേ ഒരു ട്രോൾ ആയി എടുത്താൽ 'പാണ്ടി സയൻസ് ഫിക്ഷൻ' എന്നതിൽ കവിഞ്ഞ ഒരു വിശേഷണവും ഈ ചിത്രത്തിന് നൽകാനാവില്ല.

ചാണകത്തിൽ നിന്ന് പ്ലൂട്ടോണിയം കിട്ടും എന്നതും ശാസ്ത്രമാണെന്ന് കരുതി വിശ്വസിക്കുന്നവർക്കുപോലും ദഹിക്കാൻ കഴിയാത്ത അശാസ്ത്രീയതയും യുക്തിരാഹിത്യവും കുത്തിനിറച്ചാണ് ചിത്രം മുന്നേറുന്നത്. നിങ്ങളുടെ സാമാന്യബുദ്ധിയെയും ചിന്തയെയും നിയന്ത്രിക്കുന്ന മസ്തിഷ്‌ക്കഭാഗം അടച്ചുവെച്ചുകൊണ്ടേ ഈ പടം കാണാനാവൂ. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് തൊട്ട് മൊബൈൽ ടെക്ക്നോളജി വരെയുള്ള ഒരു കാര്യത്തിലും സംവിധായകന് യാതൊരു ധാരണയുമില്ല. സ്റ്റാർവാർസും, ഇടി യുമൊക്കെ അടങ്ങുന്ന ഹോളിവുഡ് സിനിമകൾ കണ്ടിട്ട് ഇതിനെയും സയൻസ് ഫിക്ഷനെന്ന് വിളിക്കാം; കുഴിയാനയെ ആനയുടെ ഗണത്തിൽ പെടുത്താൻ കഴിയുമെങ്കിൽ!

ലോജിക്ക് എന്നത് ഒരോ സിനിമയുടെയും കഥാപരിസരത്തിന് അനുയോജ്യമായാണ് എന്ന് മറന്നുകൊണ്ടല്ല ഇത് എഴുതുന്നത്. ഉദാഹരണമായി ബാഹബലിയിൽ പറക്കുന്ന ജലനൗകളുണ്ട്, ഒറ്റയടിക്ക് നാലമ്പുകൾ എയ്യുന്നുണ്ട്, നിരവധിപേരെ ബാഹുബലി ഒറ്റക്ക് വെട്ടിക്കൊല്ലുന്നുണ്ട്. ഇതൊന്നും യുകതിക്ക് വിരുദ്ധമായി തോനുന്നില്ല. കാരണം ആ സിനിമയുടെ കഥാപരിസരം അങ്ങനെയാണ്. എന്നാൽ ഇവിടെ ഒരു സയൻസ് ഫിക്ഷൻപോലെ തുടങ്ങുകയും പിന്നെ അത് നമ്മുടെ വിനയന്റെ ഒരു മന്ത്രവാദ സിനിമപോലാകുകയും ചെയ്യുമ്പോഴാണ് ലോജിക്കിന്റെ പ്രശ്നം വരുന്നത്.

ഈ ചിത്രത്തിന്റെ ആസ്വാദനം എന്നത് നിങ്ങൾ ഒരു രജനീകാന്ത് ആരാധകനാണോ അല്ലയോ എന്നതിനെ ആശ്രയിച്ചിരിക്കും. രജനീകാന്തിനെ അദ്ദേഹത്തിന്റെ പ്രേക്ഷകർ കാണാനാഗ്രഹിക്കുന്ന എല്ലാരീതിയിലുമിട്ട് ശങ്കർ തകർക്കുന്നുണ്ട്. അഞ്ച് സെന്റീമീറ്ററുള്ള കുള്ളനായും, പട്ടേൽ പ്രതിമയേക്കാൾ വളർന്ന ഭീമാകാരനായും, പല രൂപത്തിൽ പല ഭാവത്തിൽ ചിട്ടി എന്ന രജനിയുടെ റോബോട്ട് പ്രത്യക്ഷപ്പെടുന്നു. വസീഗരൻ എന്ന രജനിയുടെ ഒറിജിനൽ നായകനും, പ്രതിനായകൻ ഉള്ളിൽ കയറി ഒരിക്കൽ 'അന്യനായി' പ്രത്യക്ഷപ്പെടുന്നുണ്ട്. ചുരുക്കിപ്പറഞ്ഞാൽ ചിത്രം മുഴുവൻ രജനിമയമാണ്. ആരാധകർക്ക് ഇതിൽ കൂടുതൽ എന്തുവേണം. അതുകൊണ്ടുതന്നെ രണ്ടാം യന്ത്രമനുഷ്യനും വലിയ സാമ്പത്തിക വിജയമാവാനും സാധ്യതയുണ്ട്. പക്ഷേ ഒരു രജനിഫാനല്ലാത്ത വ്യക്തിയുടെ വിലയിരുത്തലിൽ ഇത് യന്തിരൻ ഒന്നിന്റെ എവിടെയും എത്തില്ല. മികച്ച ഗാനങ്ങളും ത്രില്ലടിപ്പിക്കുന്ന രംഗങ്ങളും, അൽപ്പം നർമ്മവുമൊക്കെയായുള്ള ആദ്യ യന്തിരന്റെ എവിടെയും രണ്ടാമൻ എത്തുന്നില്ല. എന്നുവെച്ച് അറുബോറൻ സിനിമയുമല്ല. പ്രതീക്ഷകളില്ലാതെ പോയാൽ കണ്ടിരിക്കാവുന്ന ചിത്രമാണ്.

സെൽഫോണുകൾ അപ്രത്യക്ഷമാവുന്ന നഗരത്തിൽ

ലോകത്തിലെ ഏത് സയൻസ് ഫിക്ഷൻ സിനിമയോടും കിടപിടിക്കാവുന്നതരത്തിൽ തന്നെ വിചിത്രമായ ഒരു കഥാപരിസരവുമായാണ് ചിത്രം തുടങ്ങുന്നത്. ഒരു നഗരത്തിലെ മുഴുവൻ ആളുകളുടെയും മൊബൈൽ ഫോണുകൾ പെട്ടെന്ന് ആകാശത്തേക്ക് പറന്ന് നഷ്ടമാവുന്നു! ശങ്കറിന്റെ സ്റ്റാമ്പുള്ള ചില ഷോട്ടുകളിലൂടെ ആ രംഗങ്ങൾ കാണിച്ചുതരുമ്പോൾ നാം അമ്പരന്നുപോവും. പറന്ന് ആകാശത്തേക്ക് പോവുന്ന ഈ ഫോണുകൾക്ക് എന്തുസംഭവിച്ചുവെന്ന് ആർക്കും അറിയില്ല. നമ്മുടെ റോബോട്ടിക്‌സ്‌
ശാസത്രഞ്ജൻ ഡോ. വസീഗരന്റെ ( ചിത്രത്തിൽ രജനീകാന്ത്) ഫോണും ഇങ്ങനെ നഷ്ടമാവുന്നുണ്ട്. നഗരവാസികൾ ആകെ പരിഭ്രാന്തരാവുന്നു. അപ്പോഴാണ് മറ്റൊരു നടുക്കുന്ന വിവരവും അറിയുന്നത്.

മൊബൈൽ ടവറുകൾ ഏതോ റോബോട്ടിക്‌സ് അജ്ഞാതശക്തി തകർക്കുന്നു. മാത്രമല്ല മൊബൈൽ ഫോൺ കമ്പനി ഉടമകളും വ്യാപാരികളും ഫോണുമായി വരുന്ന ഡ്രൈവർമാർ പോലും കൊല്ലപ്പെടുന്നു. സെൽഫോണുകൾ നിരനിരയായി ഒത്തുകൂടി തിരമാലകളായി പലരെയും വിഴുങ്ങുന്ന ദൃശ്യമൊക്കെ ഹോളിവുഡ്ഡ് സ്റ്റെലിലാണ് എടുത്തത്. പക്ഷേ ഈ പ്രമേയത്തെ പിന്നീട് എങ്ങനെ ഡെവലപ്പ് ചെയ്യണമെന്ന് കഥയും തിരക്കഥയുമൊരുക്കിയ ശങ്കറിന് അറിയാതെ പോയി. മൊബൈൽ പറക്കുന്നതിനും ചങ്ങല ചേർന്ന് കൊല്ലുന്നതിനും ഒരു കാരണം യുക്തിസഹമായി വികസിപ്പിക്കുന്നതിന് പകരം അദ്ദേഹം ഓറ, പോസിറ്റീവ് എനർജി, നെഗറ്റീവ് എനർജി തുടങ്ങിയ കാരണങ്ങളിലാണ് കയറിപ്പിടിക്കുന്നത്. അതായത് ഒരു സയൻസ്ഫിക്ഷനായി തുടങ്ങി മന്ത്രവാദ സിനിമയായി അവസാനിക്കാനായിരുന്നു യന്തിരൻ 2.0യുടെ യോഗം.

യന്തിരൻ ഒന്നിൽ പ്രേക്ഷകരുടെ നിറഞ്ഞ കൈയടി നേടിയ ചിട്ടിക്ക് ഇത്തവണയും പിടിപ്പതു പണിയാണ്. അപ്പോഴും ഇടക്കിടെ ചാർജ്് തീർന്നുപോവുന്നതും തളർന്നുപോവുന്നതുമായ രംഗങ്ങൾ ഒഴിവാക്കാൻ കഴിയില്ല. ക്ലീഷെകൾ മാറ്റിപ്പിടിക്കാൻ കഴിയുന്നില്ല എന്നതാണ് ഇന്ത്യൻ സിനിമയുടെ ഏറ്റവും വിലയ പരിമിതിയെന്ന് തോന്നുന്നു. ആവാഹിച്ച ഭൂതത്തെ കുടത്തിൽനിന്ന് കെട്ടഴിച്ച് വിടുന്നതുപോലെയുള്ള ചില സയന്റിഫിക്ക് രംഗങ്ങൾ കണ്ടാൽ നമ്മുടെ ശാസ്ത്രജ്ഞർ അമ്പരന്നുപോവും. ഇതാണ് നമ്മുടെ പടപ്പുകളും വിദേശത്തെ സയൻസ് ഫിക്ഷനും തമ്മിലുള്ള കാര്യമായ മാറ്റം. സയൻസിന്റെ വരുംകാല സാധ്യതകളേയൊ പരിമിതികളെയൊ ആണ് അവർ ഉപയോഗിക്കുക. പർവതീകരണവും ന്യൂനീകരണവും ഒരുപാടുണ്ടെങ്കിലും ന്യൂട്ടന്റെ ചലന നിയമം തെറ്റാണെന്നോ, ഗുരുത്വാകർഷണം ഇല്ലെന്നോ, ഈ കാണാത്ത പുതിയൊരു ഊർജം ഉണ്ട് എന്നോ ഉള്ള ഉഡായിപ്പുകൾ അവയിൽ കുറവായിരിക്കും. പക്ഷേ നമ്മളോ? സയൻസിനെ മന്ത്രവാദമാക്കി അങ്ങ് തള്ളുകയാണ്. അതീവ സുരക്ഷയുള്ള മേഖലകളിലൊക്കെ ശാസ്ത്രജ്ഞൻ പുഷ്പംപോലെ കയറിപ്പോവുന്നതൊക്കെ കണ്ടാൽ ചിരിവരും. തലച്ചോറിന് തളർവാതം പിടിച്ചവർക്ക് മാത്രമേ ഇത്തരം രംഗങ്ങൾ ആസ്വദിക്കാൻ കഴിയൂ.

ഗ്രാഫിക്സോ കമ്പ്യൂട്ടർ ഗെയിമോ?

വൈ സിറ്റി, ഗാങ്ങ്സ്റ്റർ ടൗൺ എന്ന പേരിലൊക്കെ കുട്ടികൾ കളിക്കുന്ന കമ്പ്യൂട്ടർ ഗെയിമുകൾ കണ്ടിട്ടില്ലേ? ചാടിയും മറഞ്ഞും പറന്നുമൊക്കെയുള്ള വെടിവെപ്പുകളും തീതുപ്പുന്ന ഡ്രാഗണുകളുമൊക്കെയായി ആകെ ജഗപൊക. അത്തരത്തിലുള്ള ഒരു കമ്പ്യൂട്ടർ ഗെയിമിന്റെ എക്സ്റ്റ്ൻഡഡ് വേർഷൻ മാത്രമായാണ് ഈ പടത്തിലെ രണ്ടാപകുതിയിലെ മിക്ക ഗ്രാഫിക്ക് സീനുകളും. ( ഒന്നാം പകുതിയിലെ പല രംഗങ്ങളും തകർക്കുന്നുണ്ട്) ഹോളിവുഡ്ഡ് സിനിമകൾ പോയിട്ട് ബാഹുബലിയുടെ അടുത്തുപോലും എത്തിക്കാൻ ആയിട്ടില്ല. ഗ്രാഫിക്ക്സിൽ ടെക്ക്നിക്കാലിറ്റിയല്ലാതെ കല വന്നിട്ടില്ല. ലോർഡ് ഓഫ് ദ റിങ്ങ്സും, ടെർമിനേറ്റർ സീരീസുമൊക്കെ കണ്ടുപരിചയിച്ച പുതുതലമുറയുടെ അടുത്തേക്കാണ് ഈ പിള്ളേരുകളിയുമായി എത്തുന്നത്. ഷെയിം ഓൺ ഷങ്കർ എന്നല്ലാതെ എന്തുപറയാൻ.

യന്തിരൻ ഒന്നാംസർഗത്തെ സജീവമാക്കിയ പാട്ടുകളായിരുന്നെങ്കിൽ രണ്ടാമൂഴത്തിൽ അത് അവസാനത്തെ സൈനിങ്ങ് സോങ്ങിൽ ഒതുങ്ങി. എ ആർ റഹ്മാന്റെ പേരുകണ്ട് ത്രില്ലടിച്ചതുമാത്രം ബാക്കി. അതുപോലെ തന്നെ ഒന്നാമങ്കത്തിലെ ചിട്ടിയായിരുന്നു ചിട്ടി. രജനിയുടെ സ്‌ക്രീൻ പ്രസൻസിന് ഈ 67ാം വയസ്സിലും മങ്ങൽ ഏറ്റിട്ടൊന്നുമില്ലെങ്കിലും കുസൃതിയും വില്ലത്തരവും കള്ളത്തരവുമുള്ള ഒന്നാം റോബോയാണ് പ്രേക്ഷകരോട് കൂടുതൽ ഇഷ്ടം കൂടുന്നത്. അക്ഷയ് കുമാർ വില്ലനായും ക്യാരക്ടർ റോളിലും തിളങ്ങുന്നുണ്ട്.

തമിഴ്‌നാട്ടിലെ ഒരു മന്ത്രിയായെത്തി കലാഭവൻ ഷാജോണും ചുരുങ്ങിയ രംഗങ്ങളിലാണെങ്കിലും ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ഷാജോണിന് തമിഴിലേക്കുള്ള ബ്രക്ക് ആകട്ടെ ഈ ചിത്രം. സ്ത്രീ കഥാപാത്രങ്ങൾ ചിത്രത്തിൽ കാര്യമായൊന്നും ചെയ്യാനുമില്ല.

വാൽക്കഷ്ണം: അശാസ്ത്രീയത മുഖമുദ്രയാക്കിയ ഈ ചിത്രം മൊബൈൽ ഫോണുകളെക്കുറിച്ചും ടവറുകളെകുറിച്ചും അതിഭീകരമായ അശാസ്ത്രീയതകൾ പ്രചരിപ്പിക്കുന്നുണ്ട്. ഒന്നാമത് തീർത്തും നിസ്സാരമായ മൊബൈൽ ഫോൺ റേഡിയേഷൻ മനുഷ്യന് അപകടമാണെന്ന് ഒരു പഠനവും പറയുന്നില്ല. അടക്കാക്കിളിയും മൈനയും ചത്തുപോവുന്നത് മൊബൈൽ ടവറുകൾ കൊണ്ടാണെന്ന വടക്കഞ്ചേരി-മോഹനൻവൈദ്യർ യുക്തിയാണ് ചിത്രം ഉടനീളം പങ്കുവെക്കുന്നത്. എന്നാൽ മൊബൈൽ ടവറുകൾ ദേശാടനക്കിളികളെയടക്കം ബാധിക്കുമെന്ന് ഒരു പഠനത്തിലും ശാസ്ത്രജ്ഞർക്ക് കണ്ടത്താൻ കഴിയില്ല. അതിന് മറ്റ് പാരിസ്ഥിതിക കാരണങ്ങളാണ് ശാസ്ത്രജ്ഞർ പറയുന്നത്. തോന്നിയ പോലെ തീവ്രത കൂട്ടിവെക്കുന്ന ടവറുകൾ ഒക്കെ ഭാവനമാത്രമാണ്. അതെ സിനിമ മൊത്തം സാങ്കൽപ്പികമാണെല്ലോ. പക്ഷേ സാധാരണക്കാരനെ ഏറ്റവും ൂടുതൽ സ്വാധീനിക്കാൻ കഴിയുന്ന ഒരു മാസ്മീഡിയത്തിൽ ഈ രീതിയിൽ ബഡായികൾ ശാസ്ത്രത്തിന്റെ പേരിൽ വരുന്നതും അങ്ങേയറ്റം അപലപനീയമാണ്. ഈ ചിത്രത്തിനെതിരെ ട്രായും മൊബൈൽ വിതരണക്കാരും രംഗത്തെത്തിയതിലും അത്ഭുതമില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP