Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202022Thursday

ഉന്നം തെറ്റാതെ ഉണ്ട; മമ്മൂട്ടിയുടെ പുതിയ ചിത്രം തീർത്തും റിയലിസ്റ്റിക്കായ സോഷ്യോ-പൊളിറ്റിക്കൽ മൂവി; 'അനുരാഗകരിക്കിൻ വെള്ളം' നൽകിയ പ്രതീക്ഷകൾ കാത്ത് ഖാലിദ് റഹ്മാൻ; ഇരുപത്തിയഞ്ചുപേരെ ഒറ്റയടിക്ക് മലർത്തിയടിക്കുന്ന വീരശൂര പരാക്രമിയായ പൊലീസ് ഓഫീസറെ പ്രതീക്ഷിച്ചാൽ മമ്മൂട്ടി ഫാൻസുകാർ നിരാശരാവും; ഇവിടെയുള്ളത് താരമല്ല കഥാപാത്രമാണ്; പ്രിയപ്പെട്ട മമ്മൂക്ക ഇത്തരം സിനിമകൾ തന്നെയാണ് കാലം നിങ്ങളിൽ നിന്ന് ആവശ്യപ്പെടുന്നത്

ഉന്നം തെറ്റാതെ ഉണ്ട; മമ്മൂട്ടിയുടെ പുതിയ ചിത്രം തീർത്തും റിയലിസ്റ്റിക്കായ സോഷ്യോ-പൊളിറ്റിക്കൽ മൂവി; 'അനുരാഗകരിക്കിൻ വെള്ളം' നൽകിയ പ്രതീക്ഷകൾ കാത്ത് ഖാലിദ് റഹ്മാൻ; ഇരുപത്തിയഞ്ചുപേരെ ഒറ്റയടിക്ക് മലർത്തിയടിക്കുന്ന വീരശൂര പരാക്രമിയായ പൊലീസ് ഓഫീസറെ പ്രതീക്ഷിച്ചാൽ മമ്മൂട്ടി ഫാൻസുകാർ നിരാശരാവും; ഇവിടെയുള്ളത് താരമല്ല കഥാപാത്രമാണ്; പ്രിയപ്പെട്ട മമ്മൂക്ക ഇത്തരം സിനിമകൾ തന്നെയാണ് കാലം നിങ്ങളിൽ നിന്ന് ആവശ്യപ്പെടുന്നത്

എം മാധവദാസ്

ണ്ടയില്ലാ വെടിയല്ല, ഇത് ഉന്നം തെറ്റാത്ത ഉണ്ടയാണ്! 'അനുരാഗ കരിക്കിൻ വെള്ളം' എന്ന ഒന്നാന്തരം ഫീൽഗുഡ് മൂവിയെടുത്ത ഖാലിദ് റഹ്മാൻ, മെഗാ സ്റ്റാർ മമ്മൂട്ടിയെ നായകനാക്കിയെടുത്ത പുതിയ ചിത്രം 'ഉണ്ട' തീർത്തും റിയലിസ്റ്റിക്കായ ഒരു സോഷ്യോ-പൊളിറ്റിക്കൽ മൂവിയാണ്. അതീവഗൗരവമായ ഒരു ഉള്ളടക്കം ലളിതവും സുന്ദരവുമായ സീനുകളിലുടെ കൃത്യമായി പറഞ്ഞ് കൊണ്ടുപോവുകയാണ് സംവിധായകൻ. ആദ്യ സീനുതൊട്ട് അവസാനംവരെ ഒരു സെക്കൻഡുപോലും ബോറടിയില്ലാതെ ചിത്രമങ്ങോട്ട് ഒഴുകയാണ്. സൂപ്പർതാരപടങ്ങളെന്ന പേരിൽ പാണ്ടിപ്പടം എന്ന് നാം പരിഹസിക്കുന്ന പഴയകാല തമിഴ് മസാലക്കൂട്ടുകളെപ്പോലും ലജ്ജിപ്പിക്കുന്ന സിനിമയെടുക്കുന്ന നമ്മുടെ സംവിധാന പുംഗവന്മാർ കണ്ടുപഠിക്കേണ്ടതാണ് ഈ ചിത്രം. നല്ല സിനിമയെ സ്നേഹിക്കുന്നവർ നിർബന്ധമായും കണ്ടിരിക്കേണ്ടതും.

മമ്മൂട്ടി വീണ്ടും പൊലീസ് ഓഫീസറായി വരുന്നുവെന്നറിഞ്ഞാൽ ഫാൻസുകാരിലൊക്കെ ഉണ്ടാവുന്ന പ്രതീക്ഷ ഊഹിക്കാവുന്നതേയുള്ളൂ. അടിയും ഇടിയും വെടിയും മാസ്- പഞ്ച് ഡയലോഗുകളും, കിടിലൻ ചേസുകളുമൊക്കെയുള്ള ഒരു തട്ടുപൊളിപ്പൻ പടം പ്രതീക്ഷിച്ച് നിങ്ങൾ ആരും 'ഉണ്ട'ക്ക് ടിക്കറ്റെടുക്കേണ്ട. ഇതൊരു ക്ലാസ് പടമാണ്. ഇതിലെ നായകൻ ഇരുപത്തിയഞ്ചുപേരെ ഒറ്റക്ക് നേരിടുകയും, ഗുണ്ടകളെ പിടിച്ച് കമ്പിക്കാലിലേക്ക് എറിഞ്ഞ് ഷോക്കടിപ്പിച്ച് കൊല്ലുകയൊന്നുമില്ല. മാനുഷികമായ എല്ലാ ദൗർബല്യവുമുള്ള ഒരു സാധാരണ മനുഷ്യനാണ് അയാൾ. അതുപോലെ ഇത് ഒരു ഏക നായകന്റെ കഥയല്ല. ഒരു ഗ്രൂപ്പിന്റെ കഥയാണ്. അതിൽ മമ്മൂട്ടിയുടെ മണി എന്ന എസ്ഐ കഥാപാത്രവും കടന്നുവരുന്നുവെന്നും പലയിടത്തും നേതൃത്വം ഏറ്റെടുത്തുന്നുവെന്നും മാത്രം.

കച്ചവട സിനിമയുടെ അലിഖിത ഫോർമാറ്റുകൾ പഠിപ്പിച്ച രീതിയിൽ നായികയും ഫ്ളാഷ്ബാക്കും പ്രണയവുമൊന്നും ഇതിൽ ഇല്ല. അത് നായിക വേണ്ടെന്ന് ബോധപുർവം തീരുമാനിച്ചതുകൊണ്ടല്ല, കഥ അങ്ങനെയായതുകൊണ്ടാണ്. സാമ്പത്തിക വിജയം മാത്രം മുന്നിൽ കണ്ട് ഈ കഥയിലേക്ക് ഒരു നായികയെ കുത്തിക്കടത്താതിരുന്ന കഥാകൃത്ത് കൂടിയായ സംവിധായകന്റെയും തിരക്കഥാകൃത്ത് ഹർഷാദിന്റെ ധൈര്യത്തിനും കൊടുക്കണം നല്ലൊരു കൈയടി. ഈ സിനിമയിൽ ഒരു സോ കോൾഡ് വില്ലനുമില്ല. മാവോയിസ്്റ്റുകളാണോ, അതോ ഭരണകൂടമാണോ യഥാർഥ വില്ലന്മാർ എന്ന കുഴമറിച്ചിലിലാണ് ഈ ചിത്ത്രിന്റെ രാഷ്ട്രീയം പ്രധാന്യവും. എക്കാലത്തും പ്രേക്ഷരെ വല്ലാതെ അണ്ടർ എസ്റ്റിമേറ്റ് ചെയ്ത് പൊട്ടപ്പടം എടുക്കുന്ന, മലയാള ചലച്ചിത്രലോകത്തെ ഭൈമീകാമുകന്മാർക്കുള്ള ഒന്നാന്തരം മറുപടി കൂടിയാവട്ടെ ഈ ചിത്രത്തിന്റെ സാമ്പത്തിക വിജയം.

ഉണ്ടക്കുവേണ്ടിയുള്ള കാത്തിരിപ്പ്

ട്രെയിലറും ടീസറും സൂചന നൽകുന്നപോലെ ഒരു ടൈറ്റിൽ മൂവിതന്നെയാണ് ഇത്. വെടിയുണ്ട ഈ പടത്തിൽ നിർണ്ണായക പങ്കുവഹിക്കുന്നു. മറ്റൊരു രീതിയിൽ പറഞ്ഞാൽ 'ഉണ്ട'ക്കായുള്ള കാത്തിരിപ്പാണ് ഈ പടം. 2014ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഛത്തീസ്‌ഗഡിൽ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ പൊലീസ് സംഘം ദുരിതത്തിൽ എന്ന പത്രവാർത്തയുടെ ചുവടുപിടിച്ചാണ് താൻ ഈ ചിത്രത്തിന്റെ യാത്ര തുടങ്ങിയതെന്ന് സംവിധായകൻ ഖാലിദ് റഹ്മാൻ നേരത്തെ പറഞ്ഞിരുന്നു. ലാത്തിച്ചാർജ് മാത്രം കണ്ടുപരിചയിച്ചുള്ള നമ്മുടെ പൊലീസ്, കുഴിബോംബുകളും എകെ 47 തോക്കുകളുമൊക്കെയായി പോരാട്ടം പൊടിപൊടിക്കുന്ന ബസ്തറിലെ മാവോയിസ്റ്റ് മേഖലയിൽ എത്തിപ്പെട്ടാൽ എന്തു സംഭവിക്കും. അവർക്കാവട്ടെ അവിടെ യാതൊരു സൗകര്യങ്ങളും കിട്ടുന്നില്ല. ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുപോലുമില്ലാതെ എത്തിയ കേരളാ സംഘത്തോട് നിങ്ങൾ കിളിയെപ്പിടിക്കാനാണോ ഇവിയെത്തിയതെന്നാണ് സൈനിക ഉദ്യോഗസ്ഥർ ചോദിക്കുന്നത്. പൊട്ടുമെന്ന് ഉറപ്പില്ലാത്ത പഴഞ്ചൻ തോക്കുകളും ഏതാനും ബുള്ളറ്റുകളും ഷീൽഡുകളും മാത്രമുള്ള അവരിൽ അതോടെ ഭയം അരിച്ചിറങ്ങുകയാണ്.

അതിനിടെ മറ്റൊരു സംഭവത്തിൽപെട്ട് അവരുടെ ബുള്ളറ്റുകൾ ഏതാണ്ട് തീർന്നുപോകുന്നു. ഇനി ആകെ എട്ട് ഉണ്ടകളാണ് ബാക്കി. ചുറ്റം ഏത് നിമിഷവും ആക്രമിക്കാവുന്ന മാവോയിസ്റ്റുകളും. അതോടെ ഭയം പുകമഞ്ഞുപോലെ അവിടെ വ്യാപിക്കുന്നു. ജീവന് രക്ഷ വേണമെങ്കിൽ എത്രയും പെട്ടെന്ന് ഉണ്ടയെത്തണം. ഇവിടുത്തെ ഫോഴ്സിൽനിന്ന് അത് കിട്ടുമെന്ന് ഉറപ്പില്ലാത്തതിനാൽ കേരളത്തിൽ നിന്ന് ഉണ്ടയെത്തുന്നതും കാത്തിരിക്കയാണ് അവർ. ഇനി ഉണ്ടയെത്തിയിട്ടും കാര്യമുണ്ടോ എന്ന ചോദ്യവും അവർ തന്നെ ഉയർത്തുന്നുണ്ട്്്. കാരണം വെടിവെക്കാൻ അറിയുന്ന എത്രപേരുണ്ട് കേരളാ പൊലീസിൽ! ഈ രംഗങ്ങളൊക്കെ ലളിത സുന്ദരമായ സീനുകളിലൂടെ അൽപ്പം നർമ്മത്തിന്റെ മേമ്പൊടിയോടെയാണ് ഖാലിദ് ചിത്രീകരിച്ചിരിക്കുന്നത്്. തുടങ്ങിയാൽ പിന്നെ കണ്ണെടുക്കാൻ കഴിയാത്ത വിധമാണ് ഉണ്ട നീങ്ങുന്നത്. തുടക്കത്തിലെ ചത്തീസ്ഗഡിലേക്കുള്ള ട്രെയിൻയാത്രയും തുടർന്ന് സൈനിക ക്യാമ്പിലും പോളിങ്ങ് നടത്തുന്ന സ്‌കൂളിലുമൊക്കെ എത്തുന്ന രംഗങ്ങൾ ക്ലാസ് തന്നെയാണ്.

കൃത്യമായ പൊളിറ്റിക്കൽ മൂവി

വെറുതെ ഒരു കഥപറഞ്ഞുപോവുന്ന ചിത്രമല്ല, മറിച്ച് കൃത്യമായ ഒരു സോഷ്യോ- പൊളിറ്റിക്കൽ അനാലിസ് ഈ ചിത്രം നടത്തുന്നുണ്ട്. തിരുവനന്തപുരം അന്താരാഷ്ട്ര ചലച്ചിത്രോൽസവത്തിൽ മൂന്നുവർഷം മുമ്പ് പ്രദർശിപ്പിച്ച ജനപ്രിയ ചിത്രമായി മാറിയ 'ന്യൂട്ടൻ' എന്ന ഹിന്ദി ചിത്രത്തെ ഇത് ചിലയിടത്ത് ഓർമ്മിപ്പിക്കുന്നുണ്ട്. പക്ഷേ ന്യൂട്ടനിലെ കഥ മാവോയിസ്റ്റ് മേഖലയിൽ തെരഞ്ഞെടുപ്പ് നടത്താൻ എത്തിയ പ്രിസൈഡിങ്ങ് ഓഫീസറുടെതായിരുന്നു. പക്ഷേ രണ്ടും ചിത്രങ്ങളും മവോയിസ്റ്റുകൾക്കും ഭരണകൂടത്തിനും ഇടയിൽപെട്ടുപോകുന്ന മനുഷ്യരുടെ ജീവിതം ചിത്രീകരിക്കുന്നുണ്ട്. നിലക്കാത്ത ചോരക്കുരുതി വഴി നാടുവിട്ട് പോവേണ്ടിവരുന്ന പാവങ്ങളുടെയും, ഒന്നുമില്ലാതെ ഇരയാക്കപ്പെടുന്നവരുടെയും കൂടി കഥയാണിത്. മവോയിസ്റ്റുകളെ നേരിടാനെത്തിയ അവർക്ക് രാഷ്ട്രീയക്കാരെയും നേരിടേണ്ടിവരുന്നു. അപ്പോൾ ആരാണ് രാജ്യത്തിന്റെ യഥാർഥ ശത്രുക്കൾ എന്ന പ്രശ്നം ബാക്കിയാവുകയാണ്.

അതുപോലെ തന്നെ ഭയം എന്ന വികാരത്തെ ഇത്ര കൃത്യമായി ഉപയോഗിച്ച ചിത്രം ചുരുക്കമാണ്. മനുഷ്യർ തമ്മിലുള്ള ഭയവും, സ്റ്റേറ്റും ഗ്രാമീണരും തമ്മിലുള്ള ഭയവും, അങ്ങനെ വിവിധതരം ഭയങ്ങൾ. എത്നിസിറ്റി, ഐഡന്റിറ്റി ക്രൈസിസ് തുടങ്ങിയ വിഷയങ്ങളിലൂടെയും ഈ ചിത്രം കടന്നുപോകുന്നു. ചിത്രത്തിലെ ഒരു പൊലീസുകാരൻ ആദിവാസിയാണ്. ഗ്രൂപ്പിൽ ചിലപ്പോൾ അയാൾക്കുനേരെയുണ്ടാകുന്ന പരാമർശങ്ങൾ നോക്കണം. ഇതൊന്നും ഒരു രാഷ്ട്രീയ മുദ്രാവാക്യംപോലെ പറയാതെ, സ്വാഭാവികമായ കഥയിൽ കൂട്ടിയിണക്കുന്നിടത്താണ് ഈ പടത്തിന്റെ വിജയം ഇരിക്കുന്നത്.

മലയാള സിനിമയുടെ നടപ്പുദീനങ്ങളിൽ നിന്ന് മാറിനടക്കുന്നുവെന്ന് അവകാശപ്പെടുമ്പോളും ചില ക്ലീഷേകളിൽനിന്ന് ഈ പടത്തിനും മോചനമില്ല. ഉദാഹരണമായി മിക്ക പട്ടാളക്കഥകളിലും മറ്റും കേൾക്കുന്ന സാധനമാണ് ഭാര്യ പ്രസവത്തോട് അടുത്തുനിൽക്കുമ്പോൾ അതിർത്തിയിൽ യുദ്ധം ചെയ്യുന്ന ഭർത്താവിനെ. അതുപോലൊരു പ്രസവക്കഥ ഇവിടെയും കടന്നുവരുന്നുണ്ട്. പക്ഷേ ചത്തീസ്ഗഡിൽ മരണഭീതിയിൽ നിൽക്കുന്ന പട്ടാളക്കാരുടെ പ്രണയവും ഫ്ളാഷ്ബാക്കിൽ പാട്ടും കയറ്റാത്തതിന് സംവിധായകന് നാം നന്ദി പറയേണ്ടിയിരിക്കുന്നു.

വീണ്ടും മണ്ണിലേക്കിറങ്ങി മമ്മൂട്ടി

മമ്മൂട്ടിയുടെ പ്രേക്ഷകർ ഓർമ്മിക്കുന്ന കഥാപാത്രങ്ങളിൽ ഏറെയും മണ്ണിൽ കാലുകുത്തി നിൽക്കുന്ന സാധാരണക്കാരനായ മനുഷ്യന്റെതാണ്. ഇവിടെയും അതുതന്നെയാണ്. പേരൻപിനുശേഷം മമ്മൂട്ടിക്ക് കിട്ടിയ ഏറ്റവും നല്ല കഥാപാത്രങ്ങളിലൊന്നാണ് ഉണ്ടയിലെ എസ്ഐ മണി. തീർത്തും സത്യസന്ധനായ കഥാപാത്രമാണിത്. താൻ ഇതുവരെ ഒരു കള്ളനെപ്പോലും ഓടിച്ചിട്ട് പിടിച്ചിട്ടില്ലെന്ന് സമ്മതിക്കുന്ന 'ബ്ലഡി ഓണസറ്റ് മാൻ'. വില്ലന്മാരെ തച്ചുതകർക്കുന്ന താരസ്വരൂപമല്ല അയാൾ. സാഹചര്യങ്ങളെയും അവസരങ്ങളെയും യുകതിപുർവം ഉപയോഗിക്കുന്ന സാധാരണക്കാരൻ. മമ്മൂട്ടിക്ക് അനായാസമായി ചെയ്യാൻ കഴിയുന്ന കഥാപാത്രമാണിത്. ഫാൻസുകാരും ഇത്തരം റിയലിസ്റ്റിക്ക് കഥപാത്രങ്ങളെയാണ് പ്രോൽസാഹിപ്പിക്കേണ്ടത്.

മമ്മൂട്ടി കഴിഞ്ഞാൽ പിന്നെ ഈ പടത്തിൽ തിളങ്ങിയത് ഷൈൻ ടോം ചാക്കോയാണ്. നേരത്തെ ഇഷ്‌ക്ക് എന്ന സിനിമയിലെ ഷൈനിന്റെ കഥാപാത്രവും ശ്രദ്ധ നേടിയിരുന്നു. ടൈപ്പ് വേഷങ്ങൾ മാത്രമായിപ്പോവാതിരുന്നാൽ ഈ നടൻ കയറിവരും. കേരളം കാത്തിരിക്കുന്ന ഒരു നായകൻ ഷൈനിൽ ഒളിച്ചിരിക്കുന്നുണ്ടെന്ന് വ്യക്തം. അതുപോലെ ഒരു കൂട്ടം യുവനടന്മാർ തിളങ്ങി നിൽക്കുയാണ് ഈ ചിത്രത്തിൽ. അവരുടെ കൂട്ടായ്മയാണ് ഫലത്തിൽ ഈ പടത്തിന്റെ മൂലധനം. സജിത്ത് പുരുഷന്റെ ക്യാമറ, പ്രശാന്ത് പിള്ളയുടെ മ്യൂസിക്, എന്നിവയെല്ലാം സൂപ്പർ എന്നല്ലായെ മറ്റൊന്നും പറയാനില്ല.

വാൽക്കഷ്ണം: ചിത്രത്തിന്റെ മൊത്തത്തിലുള്ള റിയലിസ്റ്റിക്ക് സ്വഭാവം ചെറിയ കഥാപാത്രങ്ങളുടെ വിന്യാസത്തിൽവരെ കാണാം. നായികയില്ലാത്ത ഈ ചിത്രത്തിൽ മമ്മൂട്ടിയുടെ ഭാര്യയായി ഒറ്റ സീനിൽ വരുന്ന ടീച്ചറെ നമ്മുടെ അയൽപക്കത്ത് എവിടെയോ കണ്ടപോലെ. സാധാരാണ സ്വർണ്ണക്കടകളുടെ പരസ്യത്തിൽ കാണുന്നപോലുള്ള ആഢ്യ സ്ത്രീകളെയാണ് ഇവിടെയും കാണുക. ജാസി ഗിഫ്റ്റിന്റെ ശബ്ദത്തോട് പ്രതികരിച്ചുകൊണ്ട്, 'ഏറെക്കാലത്തിനുശേഷം ഒരു പുരുഷ ശബ്ദം ഞാൻ കേട്ടുവെന്ന്' കവി ബാലചന്ദ്രൻ ചുള്ളിക്കാട് പറഞ്ഞതാണ് ഓർമ്മവരുന്നത്. ഏറെക്കാലത്തിനുശേഷമാണ് നമ്മുടെ അയൽപക്കത്തൊക്കെ ഉള്ളപോലുള്ള ഒരു സ്ത്രീയെ ഒരു ചലച്ചിത്രത്തിൽ ഒരു സൂപ്പർതാരത്തിന്റെ ഭാര്യയായും കാണുന്നത്!

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP