Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഒരേ ചക്കിലിട്ട് കഥയാട്ടുന്ന മലയാളി സംവിധായകർക്ക് കണ്ടുപടിക്കാൻ ഇതാ ഒരു തമിഴ് സിനിമ; തുപ്പറിവാളൻ വ്യത്യസ്തമായൊരു ക്രൈം തില്ലർ; വയലൻസിന്റെ വിഭ്രമിപ്പിക്കുന്ന സൗന്ദര്യവുമായി വീണ്ടും ഞെട്ടിച്ച് സംവിധായകൻ മിഷ്‌ക്കിൻ; വിശാലിന്റെ താരപ്രഭ നിലനിർത്താനായുള്ള തമിഴ് മസാലകൾ ചെത്തിക്കളഞ്ഞാൽ ഇതൊരു ക്‌ളാസിക്ക് ചിത്രം

ഒരേ ചക്കിലിട്ട് കഥയാട്ടുന്ന മലയാളി സംവിധായകർക്ക് കണ്ടുപടിക്കാൻ ഇതാ ഒരു തമിഴ് സിനിമ; തുപ്പറിവാളൻ വ്യത്യസ്തമായൊരു ക്രൈം തില്ലർ; വയലൻസിന്റെ വിഭ്രമിപ്പിക്കുന്ന സൗന്ദര്യവുമായി വീണ്ടും ഞെട്ടിച്ച് സംവിധായകൻ മിഷ്‌ക്കിൻ; വിശാലിന്റെ താരപ്രഭ നിലനിർത്താനായുള്ള തമിഴ് മസാലകൾ ചെത്തിക്കളഞ്ഞാൽ ഇതൊരു ക്‌ളാസിക്ക് ചിത്രം

എം മാധവദാസ്

ശിപ്പിച്ചു! മലയാളത്തിന് എത്രയോ മുമ്പേതന്നെ രൂപം കൊണ്ട തമിഴ് നവതരംഗ സിനിമയിലെ ഏറ്റവും കരുത്തനായ സംവിധായകൻ മിഷ്‌ക്കിന്റെ പുതിയ പടം തുപ്പറിവാളൻ ( ഡിറ്റക്റ്റീവ്) കണ്ടപ്പോൾ ആദ്യം നാക്കിൽ വന്ന ഡയലോഗ് അതായിരുന്നു. ഇതിനർഥം ചിത്രം മോശമാണെന്നല്ല. ലോക സിനിമയിൽ വയലൻസിന്റെ വിഭ്രമിപ്പിക്കുന്ന സൗന്ദര്യം കാണിച്ചുതന്നത്, ഇന്ന് ലോകത്ത് ഏറ്റവും കൂടുതൽ ആരാധകരുള്ള കൊറിയൻ സംവിധായകൻ കിം കി ഡുക്ക് ആണ്.

ആ ശ്രേണിയിലേക്കൊക്കെ എടുത്തുവെക്കാൻ കഴിയുന്ന ഒരു ക്‌ളാസ്് വർക്ക് ആവുമായിരുന്നു മിഷ്‌ക്കിന്റെ തുപ്പറിവാളൻ. പക്ഷേ അവസാനത്തെ ഒന്നുരണ്ട് സിനിമകളുടെ സാമ്പത്തിക പരാജയം കൊണ്ടായിരിക്കണം, വിശാൽ എന്ന യുവ നടന്റെ ബോക്‌സോഫീസ് കപ്പാസിറ്റിക്ക് അനുസരിച്ച തമിഴ് മസാലകളും ധാരാളം ഇട്ടിട്ടുണ്ട്.കൈ്‌ളമാക്‌സിലൊക്കെ എത്തുമ്പോഴേക്കും പത്തുപേരെ ഒറ്റക്കടിക്കുന്ന ശക്തനും, ഐൻസ്റ്റീനെ അമ്പരപ്പിക്കുന്ന ഐ.ക്യൂ ഉള്ളയാളുമാണ് വിശാലിന്റെ ഡിറ്റക്റ്റീവ്!

പ്രിയപ്പെട്ട മിഷ്‌ക്കിൻ, ഇവിടെയാണ് നല്ല സിനിമയെ സ്‌നേഹിക്കുന്നവർ ഒന്നടങ്കം നശിപ്പിച്ചുവെന്ന് വിലപിച്ചുപോവുന്നത്. ലോകനിലവാരത്തിലുള്ള ഒരു വയലൻസ്ത്രില്ലർ ഇന്ത്യയിൽ നിന്ന് ഉണ്ടാകാനുള്ള ഒരു സാധ്യതയാണ് താങ്കൾ നശിപ്പിച്ചത്.വിശാലിനെപ്പോലൊരു താരത്തിന്റെ ഇമേജ് ബിൽഡപ്പ് ഒഴിവാക്കിയിരുന്നെങ്കിലും ഈ പടം വൻ വിജയമായേനെ.പക്ഷേ എന്തുചെയ്യാം ഇപ്പോൾ തമിഴ് മസാലയിൽ വേവിച്ച ഒരു തൈരുസാദമായിപ്പോയി ഈ പടം.

എങ്കിലും ഒരേ പാറ്റേണിലുള്ള കഥകൾ മാത്രം എടുക്കാൻ കഴിയുന്ന നമ്മുടെ മലയാളത്തിലെ സംവിധാന പുംഗവന്മാരെയൊക്കെ വെച്ച് നോക്കുമ്പോൾ, ഞെട്ടിപ്പിക്കുന്നത് തന്നെയാണ് ഈ പടത്തിന്റെ കഥയും മേക്കിങ്ങും. അവരൊക്കെ പടത്തിന്റെ സീഡിയിറിങ്ങുമ്പോൾ പത്തുവട്ടം കണ്ട് ഇമ്പോസിഷൻപോലെ ഫ്രെയിം കോമ്പോസിഷനും, ആർട്ട്വർക്കും, കഥാവികാസവുമൊക്കെ കണ്ടുപടിക്കട്ടെ.'വിക്രം വേദ'ക്കുശേഷം മലയാളിയെ വിസ്മയിപ്പിക്കുന്ന മറ്റൊരു തമിഴ് ചിത്രമാണിതെന്ന് നിസ്സംശയം പറയാം. വിക്രം വേദയുടെ അത്രക്ക് എത്തില്‌ളെങ്കിലും.

ഷെർലക്ക് ഹോംസിന്റെ തമിഴ് പതിപ്പ്

തുപ്പറിവാളൻ എന്ന തമിഴ്‌വാക്കിന്റെ അർഥം ഡിറ്റക്റ്റീവ് എന്നാണ്. വായനക്കാർക്ക് സുപരിചിതമായ ഷെർലക്ക് ഹോംസിനെപ്പോലുള്ള ഒരു പ്രൈവറ്റ് ഡിറ്റക്റ്റീവിന്റെ കഥയാണിത്. കനിയൻ പൂങ്കുണ്ട്രൻ എന്ന വിലക്ഷണമായ പേരും കനിയെന്ന വിളിപ്പേരുമുള്ള വിചിത്ര സ്വഭാവിയായ ഡിറ്റക്റ്റീവ്. അതിബുദ്ധിമാനായ കനിയുടെകൂടെ ഷെർലക്ക്‌ഹോംസിന് ഡോക്ടർ വാട്‌സൻ എന്ന പോലെ മനോ എന്ന് വിളിക്കുന്ന സുഹൃത്തുമുണ്ട് കൂടെ.( ചിത്രത്തിൽ പ്രസന്ന) ലക്ഷങ്ങൾ പ്രതിഫലം കിട്ടാവുന്ന കേസുകൾ അവയുടെ നിസ്സാരതയോർത്ത് തള്ളിക്കളയുന്ന കനി ഏറ്റെടുക്കുന്ന ഒരു കേസുകണ്ട് സുഹൃത്ത് മനോപോലും ഞെട്ടുകയാണ്.

തന്റെ നായ്ക്കുട്ടിയെ ആരോ ബീച്ചിലിട്ട് വെടിവച്ച് കൊന്നുവെന്നും അയാളെ കണ്ടുപിടിക്കണമെന്നുമുള്ള ആവശ്യവുമായി, കുടക്ക പൊട്ടിച്ചെടുത്ത നാണയത്തുട്ടുകളുമായി എത്തുന്ന ഒരു കുട്ടിയുടെ കേസാണ് കനി എടുക്കുന്നത്.നായക്കുട്ടിയുടെ ശരീരത്തിൽനിന്ന് കിട്ടിയ ഒരു ബുള്ളറ്റുമായാണ് കുട്ടി വന്നത്. കനി ആദ്യം തന്നെ ആ ബുള്ളറ്റ് ഏതുതരം തോക്കിൽനിന്ന് വന്നുവെന്നാണ് പഠിക്കുന്നത്. പിന്നീട് സംഭവം നടന്ന ബീച്ചിൽ അന്വേഷിക്കുമ്പോൾ അയാൾക്ക് ഒരു കൃത്രിമ പല്ലുകിട്ടുന്നു. ആ പല്ലിന്റെ ഉടമയെതേടി അവർ ഡെന്റൽ ഹോസ്പിറ്റലിൽ അന്വേഷിക്കുകയാണ്. തുടർന്നങ്ങോട്ട് പടം ത്വരിതവേഗത്തിൽ പായുകയാണ്.

ആ അന്വേഷണം കനിയെ കൊണ്ടത്തെിക്കുന്നത് അതിവിദഗ്ധമായി കൊലപാതകങ്ങൾ ആസൂത്രണംചെയ്ത് ഒന്നും സംഭവിക്കാത്തവരെപ്പോലെ സാധാരണ ജീവിതം നയിക്കുന്ന, ഒരു കുടുംബത്തിലെ അംഗങ്ങൾ എന്ന് തോന്നിക്കുന്ന അഞ്ചുപേരിലേക്കാണ്. നടൻ ഭാഗ്യരാജിന്റെ കൊടും വില്ലനായ കിഴവനും, ആൻഡ്രിയ ജർമ്മിയുടെ ചിരിച്ചുകൊല്ലുന്ന സുന്ദരിയുമൊക്കെ ഈ സംഘത്തിയാണ്. തുടർന്നങ്ങോട്ട് കിം കിഡുക്കിന്റെ സിനിമകളിൽ കാണുന്നപോലുള്ള വയലൻസ്, പക്ഷേ ഒരിക്കലും വൾഗാരിറ്റിയിലേക്ക് മാറാതെ മിഷ്‌ക്കിൻ ചിത്രീകരിക്കുന്നു. ഒരുത്തനെ കൊന്ന് ഫ്രിഡ്ജിൽവെച്ചിട്ട് അത് പുറത്തെടുത്ത് കാപ്പി നുണഞ്ഞുകൊണ്ട് അറുത്ത് തള്ളുകയാണ് ഇതിലെ ഡെവിൾ എന്ന് വിളിക്കുന്ന സംഘത്തലവൻ!

അതുപോലെതന്നെ ന്രൈട്രസ് ഓക്‌സൈഡ് എന്ന ലാഫിങ്ങ് ഗ്യാസ് ശ്വസിപ്പിച്ച് ചിരിപ്പിച്ച് മയക്കി വണ്ടിയിടിപ്പിച്ച് കൊല്ലുക, കൃത്രിമ മിന്നൽ സൃഷ്ടിച്ച് കൊല്ലുക തുടങ്ങിയവയും കണ്ടാൽ നമുക്ക് വായും പൊളിച്ച് നിൽക്കാനേ കഴിയൂ.( നമ്മുടെ മലയാള സിനിമയിലെ ക്രിമിനൽസിനൊന്നും ഇപ്പോഴും മസ്തിഷ്‌ക്കപരമായ വളർച്ച എത്തിയിട്ടല്ല. അവരിപ്പോഴും ജോസ്പ്രകാശിന്റെയും ബാലൻ കെ. നായരുടെയും കെ.പി ഉമ്മറിന്റെയും കാലത്താണെന്ന് തോനുന്നു) ഇതൊക്കെ തീർത്തും ശാസ്ത്രീയമായി കനി ചുരുളഴിക്കുന്നുവെന്നിടത്താണ് കഥയുടെ മർമ്മം. ഒരു ഉദാഹരണം നോക്കുക.ചിത്രം തുടങ്ങുന്നത് നടി സിമ്രാന്റെ ഭർത്താവായ ഒരു ബിസിനസ്മാൻ അവരുടെ കൺമുന്നിൽവെച്ച് ഫ്‌ളാറ്റിന്റെ ടെറസിൽവെച്ച് മിന്നലേറ്റ് മരിക്കുന്നതിലൂടെയാണ്.

പക്ഷേ നമ്മുടെ ഡിറ്റക്റ്റീവ് അത് പൊളിക്കുകന്നത് നോക്കുക. ആദ്യം ഒരു ഭയങ്കര ഇടി ശബ്ദം കേട്ടുവെന്നും ശേഷം അയാൾ മരിച്ചുവീണുമെന്നുമാണ് ഭാര്യ പറയുന്നത്. പ്രകാശം ശബ്ദത്തേക്കാൾ വേഗത്തിലാണ് സഞ്ചരിക്കുകയെന്നും അതിനാൽ തിരച്ചാണ് സംഭവിക്കേണ്ടതുമെന്ന ഒരൊറ്റ ശാസ്ത്രീയ സംശയത്തിലൂടെയാണ് കനി അതുകൊലയാണെന്ന് സംശയിക്കുന്നത്. അങ്ങനെ ഒരു ഇന്റ്വലക്ച്ചൽ ഗെയിംപോലുള്ള ചിത്രങ്ങൾ നമ്മുടെ നാട്ടിൽ അധികം ഇറങ്ങിയിട്ടില്ലല്ലോ. അങ്ങനെ വേറിട്ടൊരു ത്രില്ലർ എന്ന രീതിയിൽ ചിത്രം സുഖിച്ചങ്ങനെ വരുമ്പോഴാണ് വിശാലിന്റെ താരം വിശ്വരൂപംകാട്ടി സംവിധായകനെപ്പോലും മറിച്ചിടുന്നത്. ബുദ്ധിയേക്കാൾ ശക്തിയുമുള്ളവനാണ് കനി എന്ന് അപ്പോഴാണ് നമ്മളറിയുക.കൈയുംകാലും കെട്ടിയിട്ടാലും നമ്മുടെ ഡിററക്റ്റീവ് വില്ലന്മാരെ അടിച്ചു പറത്തിക്കളയും.

വിശാലിന്റെ താരമൂല്യത്തെ ആളിക്കത്തിക്കാനെന്നോണം ഒരു റെസ്റ്റോറന്റിൽ കുറെ ചൈനക്കാരുമായുള്ള കരാട്ടെയും കുങ്ങ്ഫൂവുമൊക്കെയായി വെറുതെയൊരു ഫൈറ്റ് എടുത്തിട്ടിട്ടുണ്ട്.നായകൻ വിശാൽ ആയതുകൊണ്ട് കണ്ണടച്ചിരുന്നാൽ മതി. ആയിരം ചൈനാക്കാർക്ക് അര വിശാൽ! കത്തി എന്ന് നാം പറഞ്ഞുപോവുന്ന രീതിയിലാണ് കൈ്‌ളമാക്‌സിലെയൊക്കെ നായകന്റെ പ്രകടനം.പക്ഷേ അവിടെയും മനോഹരമായ ഫ്രയിമുകളിലൂടെ ചിത്രം ബോറടിപ്പിക്കാതെയും സംവിധായകൻ നോക്കുന്നുണ്ട്.

മിഷ്‌ക്കിൻ എന്ന പ്രതിഭ

ചിത്തിരം പേശുംതുടി എന്ന ആദ്യ ചിത്രം കണ്ടപ്പോൾ മുതൽ തോന്നിയതാണ് മിഷ്‌ക്കിനെന്ന സംവിധായകനോടുള്ള അടുപ്പം. പിന്നെ അഞ്ചാതെ എന്ന ഡാർക്ക് ത്രില്ലർ കണ്ടതോടെ ആ ഇഷ്ടം ഇരിട്ടിച്ചു. നന്ദലാല, യുത്തം സെയ്, ഓനായും ആട്ടുക്കുട്ടിയും, പിസാസ് എന്നിങ്ങനെയുള്ള ചിത്രങ്ങളിലൂടെ മിഷ്‌ക്കിന്റെ തന്റെ കൈയൊപ്പ് തമിഴ് സിനിമലോകത്ത് പതിപ്പിച്ചുകഴിഞ്ഞു. തീർത്തും വ്യത്യസ്തമായ പശ്ചാത്തലമായിരക്കും മിഷ്‌ക്കിൻ സിനിമകൾക്ക്.വിചിത്രമായ കഥാപാത്രങ്ങളും ലോങ്ങ് ഷോട്ടുകളും ധാരാളം. ശരിക്കും ഒരു അമേച്വറിസത്തിന്റെ ആനന്ദമായിരുന്നു അദ്ദേഹത്തിന്റെ സിനിമകൾ. എന്നാൽ മുഖംമൂടികൾ പോലുള്ള ചില വളരെ പ്രതീക്ഷയുള്ള പടങ്ങൾ സാമ്പത്തികമായി പരാജയപ്പെട്ടതാകാം ഇപ്പോൾ കുറെ കൊമേർഷ്യൽ കോംമ്പ്രമൈസുകൾക്ക് അദ്ദേഹം വഴങ്ങിയത്.

വിശാൽ ആവറേജ്, പ്രസന്ന സൂപ്പർ

മാത്രമല്ല,വിശാൽ ഫിലിം ഫാക്റ്ററിയുടെ ബാനറിൽ നടൻ വിശാൽതന്നെ നിർമ്മിക്കുന്ന ചിത്രമാണിത്. ഈ നിർമ്മാതാവിന്റെ കൂടി ബലത്തിൽ വിശാലിനുകിട്ടിയ അധികാരമായിരിക്കണം ഫലത്തിൽ ഈ മസാലക്കും അജിനാമോട്ടോക്കുമൊക്കെ ഇടയാക്കിയത്.ഇനി വിശാലിന്റെ അഭിനയവും അത്രക്ക് സൂപ്പർ എന്നൊന്നും പറഞ്ഞുകൂടാ. മലയാളത്തിലെ എതൊരു നടനും ഇയാളേക്കാൾ നന്നായി ചെയ്യും. നായിക മരിക്കുന്ന രംഗത്തിലെ നിലവിളിയൊക്കെ കൈയിൽനിന്ന് പോയിരിക്കയാണ്.ഒരു എക്‌സെൻട്രിക്കിന്റെ ഭാവപ്രകടനങ്ങളും പ്രതീക്ഷിച്ച നിലവാരത്തിൽ ഉയരുന്നില്ല. എന്നാൽ കുളമാക്കിയിട്ടില്‌ളെന്ന് മാത്രം.

അതേസമയം വിശാലിന്റെ കൂട്ടാളിയായി വന്ന യുവ നടൻ പ്രസന്ന നന്നായിട്ടുമുണ്ട്. നായകന്റെ തുപ്പൽ കോളാമ്പി ചുമക്കുന്ന എച്ചിൽ റോളിലല്ല സുഹൃത്ത് എന്നതിന് സംവിധായകനോട് നന്ദി പറയണം. കൈ്‌ളമാക്‌സിലടക്കം നിർണ്ണായക റോളാണ് പ്രസന്നക്ക് . ഒരു ഫുൾ ടൈം നായികയെ ആവശ്യപ്പെടുന്ന പ്രമേയമല്ല ഈ ചിത്രത്തിന്റെത് എങ്കിലും, നമ്മുടെ ആക്ഷൻഹീറോ ബിജുവിലെ നായിക അനു ഇമ്മാനുവേലാണ് ഈ പടത്തിൽ കനിയുടെ ഹുറോയിനായജ വരുന്നത്.

സബ്വേയിലെ പോക്കറ്റടിക്കാരിയായി വന്ന് പിന്നീട് കനിയുടെ വീട്ടിൽ ജോലിക്കത്തെുന്ന നായികയെ അനുമോശമാക്കിയിട്ടില്ല. പക്ഷേ തകർത്തത് ആൻഡ്രിയ ജെർമിയയാണ്.വില്ലത്തരവും ഫൈറ്റുംമൊക്കെയായി കിടിലൻ മേക്കോവറിലാണ് ഇവർ. അതുപോലെ നടൻ ഭാഗ്യരാജും.സാധാരണ മിഷ്‌ക്കിൻ ചിത്രങ്ങളെപ്പോലെ കാമറയും സംഗീതവും ഇത്തവണയും മികച്ചു നിൽക്കുന്നു.

വാൽക്കഷ്ണം: 'വിക്രം വേദ'യെപ്പോലെ തന്നെ സംഭാഷണ പ്രധാനമാണ് ഈ ചിത്രവും. അതുകൊണ്ടുതന്നെ തമിഴിൽ അത്ര ഒഴുക്കില്ലാത്തവർ, മികച്ച തീയേറ്ററിൽ കണ്ടാലെ കഥാഗതി തിരിയൂ. പുറത്ത് നല്ല മഴകൂടിയാവുമ്പോൾ മോശം തീയേറ്റർ അനുഭവം നിങ്ങളെ കുഴക്കും. അങ്ങനെ കുടുങ്ങിപ്പോയാൽ അറിയാത്തവർക്ക് കഥ തർജ്ജമ ചെയ്യേണ്ട അവസ്ഥയും നിങ്ങൾക്ക് വന്നുചേരും. കൈ്‌ളമാക്‌സിൽ, എന്തിനാണ് തന്റെ നായ്ക്കുട്ടിയെ വെടിവെച്ച് കൊന്നതെന്ന് കുട്ടി വില്ലനോട് ചോദിക്കുന്ന, മിഷ്‌ക്കിന്റെ കൈയൊപ്പ് പതിഞ്ഞ ഒരു ഷോട്ടുണ്ട്. പക്ഷേ മറുപടി ഒന്നും വ്യക്തമാവുന്നില്ല. സിനിമ വിട്ടിട്ട് ആസ്വാദകർ അത് ചർച്ചചെയ്ത് മനസ്സിലാക്കുകയാണ്. കാലം മാറിയിട്ടും കേരളത്തലെ തീയേറ്റുകൾമാത്രം മാറുന്നില്ലല്ലോ.ഒപ്പം തമിഴ് ചിത്രങ്ങളും മലയാളത്തിൽ സബ് ടൈറ്റിൽ ചെയ്ത് ഇറക്കുന്നതിന്റെ സാധ്യതകളും പരിശോധിക്കേണ്ടിയിരിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP