Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202021Wednesday

'ദ ലയൺ കിങ്' ഒരു പുലി തന്നെ; 3ഡി ചിത്രം ആസ്വദിക്കാൻ കുടുംബസമേതം ടിക്കറ്റ് എടുത്താൽ കാശ് നഷ്ടമാവില്ല; ക്ലാസിക്ക് ഹോളിവുഡ് ആനിമൽ ത്രില്ലറുകളുടെ നിലവാരം ഇല്ലെങ്കിലും ഇന്ത്യൻ ചിത്രങ്ങളുടെ ശരാശരി എടുത്തു നോക്കുമ്പോൾ ഈ പടം സ്വർഗം; സിംഹക്കുട്ടിയുടെ ബാഹുബലിക്കഥ കേരളത്തിലും മുന്നേറുന്നു; അല്ലെങ്കിലും മുത്തശ്ശിക്കഥകളിലേക്ക് മടങ്ങാനുള്ള ഒരു ചേഞ്ച് ആരാണ് ഇഷ്ടപ്പെടാത്തത്!

'ദ ലയൺ കിങ്' ഒരു പുലി തന്നെ; 3ഡി ചിത്രം ആസ്വദിക്കാൻ കുടുംബസമേതം ടിക്കറ്റ് എടുത്താൽ കാശ് നഷ്ടമാവില്ല; ക്ലാസിക്ക് ഹോളിവുഡ് ആനിമൽ ത്രില്ലറുകളുടെ നിലവാരം ഇല്ലെങ്കിലും ഇന്ത്യൻ ചിത്രങ്ങളുടെ ശരാശരി എടുത്തു നോക്കുമ്പോൾ ഈ പടം സ്വർഗം; സിംഹക്കുട്ടിയുടെ ബാഹുബലിക്കഥ കേരളത്തിലും മുന്നേറുന്നു; അല്ലെങ്കിലും മുത്തശ്ശിക്കഥകളിലേക്ക് മടങ്ങാനുള്ള ഒരു ചേഞ്ച് ആരാണ് ഇഷ്ടപ്പെടാത്തത്!

എം മാധവദാസ്

 മലയാളിക്ക് എന്നും ഹരമാണ് വണ്ടർ ഓറിയൻഡഡ് ഹോളിവുഡ് സിനിമകൾ. ബ്യൂട്ടിഫുൾ പീപ്പിളും, ടൈറ്റാനിക്കും, ജുറാസിക്ക് പാർക്കും, കിങ് കോങ്ങും, അനാക്കോണ്ടയും, ലൈഫ് ഓഫ് പൈയും, ഹാരിപോർട്ടർ സീരീസും, ഏറ്റവും ഒടുവിലായി ജംഗിൾബുക്കും അവേഞ്ചേഴ്സുമൊക്കെ ഇവിടെ കിലുക്കവും പുലിമുരുകനുമൊക്കെപോലെ കുട്ടികളെയും ടീനേജർമാരെയും കൈയിലെടുത്ത് തകർത്തോടിയ ചിത്രങ്ങളാണ്. ലോകമെമ്പാടുമുള്ള ഒരു തലമുറയെ ആവേശത്തിന്റെ മുൾമുനയിൽ നിർത്തിച്ച ചിത്രമാണ് 1994ൽ പുറത്തിറങ്ങിയ 'ദി ലയൺ കിങ്'. 25 വർഷത്തിന് ശേഷം ഫോട്ടോറിയലിസ്റ്റിക് ആനിമേഷനായി രൂപാന്തരപ്പെടുത്തി പ്രമുഖ നിർമ്മാണ കമ്പനിയായ വാൾട്ട് ഡിസ്നി ആനിമേഷന്റെ വീണ്ടും എത്തിച്ചപ്പോളും മികച്ച പ്രതികരണമാണ് ലോക വ്യാപകമായി ലഭിക്കുന്നത്.

ഈ 3ഡി ചിത്രം ആസ്വദിക്കാനായി കുടുംബസമേതം ടിക്കറ്റ് എടുക്കുന്ന ഒരു സാധാരണ പ്രേക്ഷകന് ഒരിക്കലും കാശ് നഷ്ടമാവില്ല. ( അടുത്തകാലത്തിറങ്ങിയ മലയാള ചിത്രങ്ങളിൽ മൾട്ടിപ്ലക്സിലെ പോപ്പ്കോണിന്റെ കാശുപോലും മുതലാകാറില്ല) പക്ഷേ ഇതൊരിക്കലും ഔട്ട്സ്റ്റാൻഡിങ്ങ് എന്ന് പറയാവുന്ന ഒരു നിലവാരത്തിലേക്ക് എത്തുന്നുമില്ല. കിങ്ങ്കോങ്ങ് ലിവ്സ്, അനക്കൊണ്ട, ജുറാസിക്ക് പാർക്ക് തുടങ്ങിയ ചിത്രങ്ങളുടെ എവിടെയും ഈ ചിത്രം എത്തില്ല. ആ ചിത്രങ്ങൾ സമ്മാനിച്ച ത്രില്ല് ഒന്നുവേറെ തന്നെയായിരുന്നു. പക്ഷേ പ്രമുഖ സംവിധായകനായ ജോൺ ഫാവ്രോയുടെ പുതിയ സംരംഭം പാഴായി എന്നും പറയാൻ കഴിയില്ല. ലോകമെമ്പാടും പ്രായഭേദമന്യേ വലിയൊരു ആരാധകവൃന്ദം ഉണ്ടായിരുന്ന ചിത്രം ഇത്ര മതിയോ എന്നതാണ് സംശയം. പക്ഷേ ഒരു ഇന്ത്യൻ ചിത്രത്തിന്റെയോ മലയാള ചിത്രത്തിന്റെയോ ശരാശരി എടുത്തു നോക്കുമ്പോൾ ഈ പടം സ്വർഗമാണ്. അല്ലെങ്കിലും മുത്തശ്ശിക്കഥകളിലേക്ക് മടങ്ങാനുള്ള ഒരു ചേഞ്ച് ആരാണ് ഇഷ്ടപ്പെടാത്തത്്!

സിംഹക്കുട്ടിയുടെ ബാഹുബലിക്കഥ!

സിംബ എന്ന സിംഹക്കുട്ടി ഡിസ്നി ലയൺ കിങ് ഫ്രാഞ്ചൈസിയിൽ പ്രത്യക്ഷപ്പെടുന്ന ഒരു സാങ്കൽപ്പിക കഥാപാത്രമാണ്. വാൾട്ട് ഡിസ്നി ആനിമേഷന്റെ 32 -ാമത്തെ അനിമേറ്റഡ് ഫീച്ചർ ഫിലിം 'ദി ലയൺ കിങ്' (1994) എന്ന ചിത്രത്തിലും, ലയൺ കിങ് II: സിംബാസ്സ് പ്രൈഡ് (1998), ദി ലയൺ കിങ് 1½ (2004) എന്നീ ചിത്രങ്ങളിലും ഈ കഥപാത്രം പ്രത്യക്ഷപ്പെടുന്നുണ്ട്. കാൽനൂറ്റാണ്ടുമുമ്പുള്ള ചിത്രത്തിന്റെ റീമേക്ക് ആണെന്നതാണ് ഈ ചിത്രം നേരിടുന്ന പ്രധാന വെല്ലുവിളിയും. ഇതിനിടക്കുണ്ടായ ഇലട്രോണിക്ക് വിപ്ലവത്തിൽ കാർട്ടുൺ ആനിമേഷൻ ചാനലുകളിലൂടെ ഇത്തരം കഥകൾ കുട്ടികൾക്ക് സുപരിചിതമായിരിക്കയാണ്. ഈ പരിമിതികൾ ആഖ്യാനത്തിലെ വ്യത്യസ്തത കൊണ്ടാണ് സംവിധായകൻ മറികടക്കുന്നത്. രാജ്യനഷ്ടത്തിന്റെയും പ്രതികാരത്തിന്റെയും പതിവ് നാടോടിക്കഥ തന്നെയാണ് ഈ പടത്തിലും. ( സലീം കുമാർ ഒരു പടത്തിൽ പറഞ്ഞപോലെ ഇതിലൊക്കെ ഇത്ര വെറൈറ്റിയെ പ്രതീക്ഷിക്കാൻ കഴിയൂ) നമ്മുടെ ബാഹുബലിക്കഥപോലെ തന്നെതാണ് സിംബ എന്ന സിംഹക്കുട്ടിയുടെ കഥയും. ക്ലൈമാക്സിൽ ബല്ലാൽദേവനെ ബാഹുബലി രണ്ടാമൻ വധിക്കുന്നത് അടക്കമുള്ള ഒരുപാട് സാമ്യങ്ങൾ. ഇതിൽ വിമർശിക്കാനൊന്നുമില്ല. എല്ലാ നാടോടി സാഹിത്യവും ഏതാണ്ട് അങ്ങനെയാക്കെ തന്നെയാണ്.

'പ്രൈഡ് ലാൻഡ്‌സ്' എന്ന 'മൃഗരാജ്യ'ത്തെ രാജാവായ സിംഹം മുഫാസയുടെ മകൻ 'സിംബ'യാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രം. മുഫാസ എന്ന സിംഹരാജാവിന്റെ മകനായി ജനിക്കുന്ന സിംബയ്ക്ക്, രാജാവെന്ന സ്ഥാനത്തേക്ക് എത്തുക അത്ര എളുപ്പമല്ല. വർഷങ്ങളായി മുഫാസയും സഹോദരൻ സ്‌കാറും തമ്മിലുള്ള ശത്രുത സിംബയുടെ യാത്രയെ തടസ്സപ്പെടുത്തുകയും, 'സ്‌കാറി'നാൽ അച്ഛൻ കൊല്ലപ്പെടുന്നതോടെ സിംബയ്ക്ക് രാജ്യം വിടേണ്ടി വരുന്നതുമാണ് ആദ്യ പകുതിയിൽ ചിത്രീകരിച്ചിരിക്കുന്നത്. തുടർന്ന്, യുവാവായ സിംബ തന്റെ പിതാവിൽ നിന്നും ലഭിച്ച ഉപദേശങ്ങളുടെ വെളിച്ചത്തിൽ തനിക്ക് അർഹതപ്പെട്ട 'പ്രൈഡ് ലാൻഡിലേക്ക്' തിരികെ വന്ന് അധികാരം സ്ഥാപിക്കുന്നതും ശത്രുക്കളെ നേരിടുന്നതുമാണ് ചിത്രത്തിന്റെ പ്രമേയം. നോക്കുക ബാഹുബലി തന്നെ. കട്ടപ്പയെ പോലൊരു കഥാപാത്രവും ചിത്രത്തിലുണ്ട്. ഒരു ജ്ഞാനിയായ വൃദ്ധ വാനരൻ. സിംബ വരുന്നതും കാത്ത് ഒരു വലിയ വടി ഗുഹയിലെ ഒരു പൊത്തിൽ ഒളിപ്പിച്ചിരിക്കയാണ് ഈ മർക്കടൻ. അവസാനം ഈ വടിയും വീശിയുള്ള 'ഫൈറ്റ്' കാണേണ്ടതാണ്. ബല്ലാൻ ദേവന് ചുറ്റുമുള്ള നീചരായ ഒരു കൂട്ടം മനുഷ്യരെപ്പോലെ സ്‌കാറിനു ചുറ്റുമുണ്ട് കഴുതപ്പുലികളുടെ വൻ പട. സിംബയെ അന്വേഷിച്ച് എത്തുന്ന കാമുകിയുണ്ട്, രാജമാതാവുണ്ട്! അതായത് നാടോടി സാഹിത്യത്തിലെ പൊതു ഫോർമാറ്റാണ് ഇവയെല്ലാമെന്നാണ് സൂചിപ്പിച്ചത്.

പക്ഷേ ഇവിടെയാണ് സംവിധായകന്റെ മിടുക്ക് നാം കാണേണ്ടത്. ഈ ഫോർമാറ്റ് കഥയെ കൊച്ചുകുട്ടികൾക്കുപോലും കൗതുകമുണർത്തുന്ന ഫോട്ടോ ഗ്രാഫിക്കൽ ടെക്കിനിക്കിലൂടെയാണ് കടന്നുപോവുന്നത്. സിനിമ തുടങ്ങുമ്പോൾ തന്നെ പ്രേക്ഷകരെ മൃഗലോകത്തേക്ക് കൊണ്ടുപോകാൻ പ്രേക്ഷകർക്ക് കഴിയുന്നു. കാർട്ടൂൺ നോവലുകൾ വായിക്കുന്ന പോലുള്ള നൊസ്റ്റാൾജിക്കായുള്ള അനുഭവമായിരിക്കും മുതിർന്നവർക്ക് ഈ ചിത്രം.

മറ്റൊന്ന് ചില ആനിമൽ മൂവീസിൽ പ്രത്യേകിച്ച് കാർട്ടൂൺ സ്ട്രിപ്പുകളിൽ കാണുന്ന വികാര രാഹിത്യം ഈ ചിത്രത്തിന് തീരെ ബാധിച്ചിട്ടില്ല. സിംബയെന്ന കൊച്ചു സിംഹത്തിന്റെ കുസൃതികളും കുറുമ്പുകളും സാഹസങ്ങളും കൗതുകവും നർമ്മവും ഉണർത്തും. സിംബയുടെ പിതാവ് മുഫാസയുടെ മരണ സമയത്തൊക്കെ ആ കുരുന്നിന്റെ ദുംഖം കാഴ്ചക്കാരിലേക്കും പടരുന്നുണ്ട്. ലയൺ കിംഗിന്റെ പുതിയ രൂപം ഇറങ്ങുമ്പോൾ കഥാപാത്രങ്ങളുടെ മുഖഭാവങ്ങൾ അവതരിപ്പിക്കുന്നതിൽ ആധുനിക മോഷൻ ഗ്രാഫിക്‌സ് ഒരു തടസ്സമായി അനുഭവപ്പെട്ടു എന്ന് വിദേശരാജ്യങ്ങളിൽ വിമർശനം ഉയർത്തിന്നിട്ടുണ്ട്. എന്നാൽ ചിത്രം കാണുന്ന പ്രേക്ഷകന് അങ്ങനെ ഒരു കുറവും അനുഭവപ്പെടുന്നില്ല.

നർമ്മം കലർന്നതും കുറിക്കുകൊള്ളുന്നതുമായ സംഭാഷണങ്ങളാണ് ഈ ചിത്രത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്. സിംബക്ക് കൂട്ടുകാരായി എത്തുന്ന പന്നിക്കുട്ടനും കുട്ടിസ്രാങ്കും നിങ്ങളെ ശരിക്കും ചിരിപ്പിക്കും. ഇംഗ്ലീഷ് സബ് ടൈറ്റിലുകളും ഉള്ളതിനാൽ ഇംഗ്ലീഷ് ഇംപ്രുവ് ചെയ്യാനുള്ള വിദ്യാർത്ഥികൾക്കും ഈ ചിത്രം പ്രയോജനെപ്പെടും. ( ഇത് വെറതെ പറഞ്ഞതല്ല. ഭാഷ പഠിക്കാനുള്ള ഏറ്റവും നല്ല മാർഗം കഥകൾ തന്നെയാണ്)

ക്ലൈമാക്സ് ജോഷിയുടേതോ!

ജോഷിയുടെ ഗോഡൗൺ ക്ലൈമാക്സ് എന്ന് പറയുന്ന ഒരു സാധനമുണ്ടല്ലോ മലയാളത്തിൽ. എല്ലാവരും ചേർന്ന് ഒരു ഗോഡൗണിലെത്തിയാണ് തീയിടലും വെടിവെപ്പുമൊക്കെ. ഇവിടെയും ഏതാണ്ട് അങ്ങനെയൊക്കെ തന്നെയാണ് കാര്യങ്ങൾ. മൃഗങ്ങൾക്ക് തീയിടാനും വെടിവെക്കാനും അറിയാത്തതിനാൽ മിന്നൽ വന്ന് കാടിന് തീപ്പിടിപ്പിച്ചാണ് ക്ലൈമാക്സ് തീക്കളിയാക്കുന്നത്! കമ്പ്യൂട്ടർ ഗെയിമിന്റെ അഗ്രഗണ്യന്മാരായ ആധുനിക തലമുറയെ വിലയിരുത്തുന്നതിലെ തകരാർ ഇവിടെ പ്രകടമാണ്. ഇതിൽ കൂടുതലുള്ള ഒരു ഭാവന ഹോളിവുഡ്ഡ് ആവശ്യപ്പെടുന്നുണ്ട്. ചിത്രത്തോടുള്ള പ്രധാന വിയോജിപ്പും ഇവിടെ തന്നെ.

ബൈബിളിൽ നിന്നുള്ള മോശ, ഈസോപ്പ് കഥകൾ തുടങ്ങിയ കഥാപാത്രങ്ങൾ സിംബക്ക് പ്രചോദനം നൽകിയെന്ന് രചയിതാക്കൾ തന്നെ സമ്മതിച്ചിട്ടുണ്ട്. കൂടാതെ, വില്യം ഷേക്സ്പിയറുടെ ഹാംലെറ്റും, സിംബയും തമ്മിൽ പല സമാനതകളുണ്ടെന്നുമൊക്കെ നിരീക്ഷണങ്ങൾ വന്നിട്ടുണ്ട്. മനുഷ്യർ എഴുതുന്ന കഥകളായതുകൊണ്ട് മൃഗങ്ങളുടെ ജീവിതത്തിലായാലും മനുഷ്യന്റെ മൂല്യവ്യവസ്ഥ തന്നെയാണ് കാണുന്നത്. അതിലും തെറ്റുപറയാൻ ആവില്ല. കഥയിൽ ചോദ്യമില്ലല്ലോ. ( പണ്ട് ലൂയിസ് കരോളിന്റെ 'ആലീസിന്റെ അത്ഭുതലോകം' എന്ന വിഖ്യാത പുസ്തകം ചൈനയിൽ കമ്യൂണിസ്റ്റ് ഭരണകൂടം നിരോധിച്ചിരുന്നു. സംസാരിക്കുന്ന മൃഗങ്ങളും, പാട്ടുപാടുന്ന പക്ഷികളും, ഓടുന്ന സസ്യങ്ങളുമെല്ലാം കുട്ടികളിൽ ശാസ്ത്രാഭിമുഖ്യം കുറക്കുമെന്നാണ് ചൈന വാദിച്ചത്. എത്ര യാന്ത്രിക സമീപനം!)

പക്ഷേ ഒരു കാര്യത്തിൽ ചിത്രം അഭിനന്ദനം അർഹിക്കുന്നുണ്ട്. ഈ 3ഡി ചിത്രങ്ങളുടെ ഒരു പൊതു പരിപാടിയാണ് പെട്ടെന്ന് ഒരു ദൃശ്യ ശകലത്തെ കാണിച്ച് പേടിപ്പിക്കുകയെന്നത്. എന്നാൽ ഈ ചിത്രം അതുചെയ്യുന്നില്ല. ഒരിടത്തും ഗ്രാഫിക്സ് മുഴച്ചു നിൽക്കുന്നില്ല. യാഥാർഥ്യം അങ്ങനെ തന്നെയാണ് ഫീൽ ചെയ്യുന്നത്. തികഞ്ഞ സാങ്കേതിക മികവ് ചിത്രത്തിനുണ്ടായിട്ടുണ്ട്. തിരക്കഥാകൃത്തുക്കൾ ഐറീൻ മെക്ചി, ജൊനാഥൻ റോബർട്ട്സ്, ലിൻഡ വൂൾവർട്ടൺ എന്നിവരാണ് സിംബയെ സൃഷ്ടിച്ചത്. സിംബയുടെ സൂപ്പർവിസിങ് ആനിമേറ്റർ ആയ സിംഹക്കുട്ടിയായി ആയി മാർക്ക് ഹെൻ പ്രവർത്തിച്ചിരിക്കുമ്പോൾ, റൂബൻ എ. അക്വിനോ ആ കഥാപാത്രത്തെ മുതിർന്ന ആനിമേഷൻ സിംഹം ആക്കി മാറ്റി.

അതുപോലെ തന്നെ ഈ ചിത്രത്തിന്റെ മാർക്കറ്റിങ്ങ് സ്ട്രാറ്റജിയും ശ്രദ്ധേയമാണ്. അത്രയൊന്നും ഇല്ലാത്ത ഈ ചിത്രത്തിന് എത്രവലിയ ഹൈപ്പാണ് കിട്ടിയതെന്നോർക്കുക. നമുക്ക് നല്ല ചിത്രങ്ങൾപോലും മാർക്കറ്റ് ചെയ്യാൻ കഴിയുന്നില്ല.( എന്തൊക്കെയായലും ഒടിയൻ ശ്രീകുമാരമേനോൻ തന്നെയാണ് അതിൽ മിടുക്കൻ) അമേരിക്കയിൽ മാത്രം 4,725 സ്‌ക്രീനുകളിലാണ് ചിത്രം പ്രദർശനത്തിനെത്തിയത്. യുഎസിൽ കഴിഞ്ഞ വ്യാഴാഴ്ച നടന്ന പെയ്ഡ് പ്രിവ്യൂ പ്രദർശനങ്ങളിൽ നിന്ന് മാത്രം 23 മില്യൺ ഡോളർ (158 കോടി രൂപ) ചിത്രം നേടി. ഞായർ വരെ നീളുന്ന ഈ വാരാന്ത്യത്തിൽ ചിത്രം 185 മില്യൺ ഡോളറിനടുത്ത് (1273 കോടി രൂപ) നേടുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തൽ. ഇന്ത്യ ഉൾപ്പെടെയുള്ള മാർക്കറ്റുകളിലും ഈ വെള്ളിയാഴ്ച തന്നെയാണ് ചിത്രം എത്തിയതെങ്കിൽ, ചൈനയിൽ ഒരാഴ്ച മുൻപേ ചിത്രം തീയേറ്ററുകളിൽ എത്തിയിരുന്നു. ചൈനയിലെ തീയേറ്ററുകളിൽ നിന്ന് ഇതിനകം 76 മില്യൺ ഡോളറും നേടി.

ഹോളിവുഡ് സിനിമകളുടെ പ്രധാന മാർക്കറ്റുകളിൽ ഒന്നാണ് ഇന്ത്യ. ജംഗിൾ ബുക്കും അവഞ്ചേഴ്‌സ് സിരീസും അടക്കം കളക്ഷനിൽ അത് മുൻപ് തെളിയിച്ചതാണ്. 'ലയൺ കിംഗും' അതിന് തുടർച്ചയാവുകയാണ്. ഇംഗ്ലീഷിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി പതിപ്പുകളിൽ നിന്നുമായി ആദ്യദിനം 13.17 കോടിയാണ് ചിത്രത്തിന്റെ ഗ്രോസ്. 'സ്‌പൈഡർമാർ ഫാർ ഫ്രം ഹോമി'നേക്കാൾ മുകളിലാണ് ഈ കളക്ഷൻ. 10.05 കോടിയായിരുന്നു സ്‌പൈഡർമാന്റെ ആദ്യദിന ഇന്ത്യൻ കളക്ഷൻ.നിർമ്മാതാക്കളായ ഡിസ്‌നി ചിത്രത്തിന്റെ ബജറ്റ് ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ലെങ്കിലും ഉദ്ദേശം 250 മില്യൺ ഡോളറാണ് (1721 കോടി ഇന്ത്യൻ രൂപ) അതെന്നാണ് അറിയുന്നത്.

വാൽക്കഷ്ണം: പണ്ട് 'അനന്തഭദ്രം' എന്ന ചിത്രം പുറത്തിറക്കിയപ്പോൾ സന്തോഷ് ശിവൻ പറഞ്ഞതാണ് ഓർമ്മവരുന്നത്. അവർക്ക് ഹാരിപോർട്ടറെയും മറ്റും ഇന്ത്യൻ വിപണിയിൽ നന്നായി വിൽക്കാൻ കഴിയുന്നെങ്കിൽ, നമ്മുടെ മാടനെയും മറുതയെയും യക്ഷിയെയുമൊക്കെ ഹോളിവുഡ്ഡിലും വിൽക്കാൻ കഴിയില്ലേ എന്ന്. എത്ര മനോഹരമായ നടക്കാത്ത സ്വപ്നം! അല്ലാതെന്തു പറയാൻ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP