Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

തരംഗം തീർക്കുന്ന തണ്ണീർമത്തൻ! നവാഗത സംവിധായകൻ ഗിരീഷ് എ.ഡിയുടെ 'തണ്ണീർമത്തൻ ദിനങ്ങൾ' എന്ന കൊച്ചു ചിത്രം തീയേറ്ററുകളിൽ ആളെകൂട്ടുന്നു; ഇത് കൗമാരക്കാരുടെ പ്രണയവും കലഹവും സൗഹൃദവുമൊക്കെ സുന്ദരമായി ചിത്രീകരിച്ച ചിത്രം; അശ്ലീലവും ദ്വയാർഥ പ്രയോഗവും ഒന്നുമില്ലാതെ വൃത്തിയായും ന്യൂജൻ ചിത്രങ്ങൾ എടുക്കാം; അഡാർ ലൗവും പതിനെട്ടാംപടിയുമൊക്കെയെടുത്തവർ ഈ പടം കണ്ടുപടിക്കട്ടെ; ലളിത സുന്ദരമായ ഈ തണ്ണീർമത്തന് ഇരട്ടി മധുരം

തരംഗം തീർക്കുന്ന തണ്ണീർമത്തൻ! നവാഗത സംവിധായകൻ ഗിരീഷ് എ.ഡിയുടെ 'തണ്ണീർമത്തൻ ദിനങ്ങൾ' എന്ന കൊച്ചു ചിത്രം തീയേറ്ററുകളിൽ ആളെകൂട്ടുന്നു; ഇത് കൗമാരക്കാരുടെ പ്രണയവും കലഹവും സൗഹൃദവുമൊക്കെ സുന്ദരമായി ചിത്രീകരിച്ച ചിത്രം; അശ്ലീലവും ദ്വയാർഥ പ്രയോഗവും ഒന്നുമില്ലാതെ വൃത്തിയായും ന്യൂജൻ ചിത്രങ്ങൾ എടുക്കാം; അഡാർ ലൗവും പതിനെട്ടാംപടിയുമൊക്കെയെടുത്തവർ ഈ പടം കണ്ടുപടിക്കട്ടെ; ലളിത സുന്ദരമായ ഈ തണ്ണീർമത്തന് ഇരട്ടി മധുരം

എം മാധവദാസ്

ഴിഞ്ഞ ദിവസം രാത്രി പത്തരക്ക് തിരുവനന്തപുരത്തെ ഏരീസ് പ്ലക്സ് തീയേറ്റിൽ 'തണ്ണിമത്തൻ ദിനങ്ങൾ' എന്ന ന്യുജൻ സിനിമ കാണാൻ പോയത് വലിയ പ്രതീക്ഷയൊന്നും ഇല്ലാതെയാണ്. പക്ഷേ രാത്രിയിലെ തീയേറ്ററിനു മുന്നിലെ തിരക്ക് കണ്ട് അമ്പരന്നുപോയി. വൻ കപ്പാസിറ്റിയുള്ള തീയേറ്റർ ഹൗസ്ഫുൾ. കുട്ടികളും കുടുംബങ്ങളുമൊക്കെയായി ആകെ ബഹളവും ആരവവും! ശരിക്കും ഒരു സൂപ്പർതാര സിനിമയുടെ ആദ്യദിനങ്ങളിൽ കിട്ടുന്ന അതേ സ്വീകരണം. അതേ, കുമ്പളങ്ങി നൈറ്റ്സും, ഇഷ്‌കും പോലെയുള്ള കൊച്ചു ചിത്രങ്ങൾ മലയാളക്കരയെ കീഴടക്കിയപോലെ തണ്ണീർമത്തൻ ദിനങ്ങളും സിനിമാ പ്രേമികൾക്കിടയിൽ തരംഗമാവുകയാണ്. മലയാള സിനിമയിൽ പ്രതീക്ഷയുണർത്തുന്ന ഒരു മാറ്റം തന്നെയാണിത്. ഏതുകൊച്ചു ചിത്രവും നന്നായാൽ വിജയിക്കുമെന്നത് ഈ വ്യവസായത്തിന് വലിയ പ്രതീക്ഷ നൽകുന്നു.

ഒരു ലളിത സുന്ദര ചിത്രം എന്ന് ഒറ്റവാക്കിൽ ഈ പടത്തെ വിശേഷിപ്പിക്കാം. വലിയ 'സംഗതികളും' സംഭവങ്ങുമൊന്നുമില്ല. പക്ഷേ സിമ്പിൾ ബട്ട് പവർ ഫുൾ. അശ്ലീലമില്ല, ദ്വയാർഥപ്രയോഗമില്ല, കോമഡികൊണ്ടുള്ള ഭീകരാക്രമണമില്ല, ട്വിസ്റ്റുകൾ എന്ന പേരിൽ പ്രേക്ഷകരുടെ സമാന്യബുദ്ധിയെ വെല്ലുവിളിക്കുന്ന കോപ്രായങ്ങളില്ല. നൈസർഗികമായ നർമ്മങ്ങളും, കൊച്ച് നൊമ്പരങ്ങളും, കൗമാരക്കാരുടെ പ്രണയവും കലഹവും സൗഹൃദവുമൊക്കെയായി ഒരു ഫീൽ ഗുഡ് മൂവി. ഒരിടത്തുപോലും ലാഗടിക്കാതെയാണ് ചിത്രം മുന്നോട്ടുപോകുന്നത്. അനാവശ്യം എന്ന് പറയാൻ തോനുന്നു ഒറ്റ ഷോട്ടുമില്ല. കൃത്യമായി വെട്ടിയൊതുക്കിയ രംഗങ്ങൾ. ഇത്രക്ക് വെൽ എഡിറ്റഡ് ആയ ഒരു ചിത്രം അടുത്തകാലത്ത് കണ്ടിട്ടില്ല. നിങ്ങൾക്ക് ധൈര്യസമേതം ഈ ചിത്രത്തിന് ടിക്കറ്റ് എടുക്കാം.

ഓർക്കണം ഒരു നവാഗത സംവിധായകനാണ്, തുടക്കക്കാരന്റെ യാതൊരു കൈക്കുറ്റവും ആരോപിക്കാനില്ലാത്ത വിധം ഈ ചിത്രത്തെ സംവിധാനിച്ചത്. അള്ള് രാമചന്ദ്രൻ എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തായിരുന്ന ഗിരീഷ് എ ഡി, സംവിധായകന്റെ റോളിൽ എത്തിയപ്പോൾ കസറി എന്ന് തീർത്തു പറയാം. ഈ പടത്തിന്റെ തിരക്കഥയിലും ഗിരീഷ് പങ്കാളിയാണെന്നത് അദ്ദേഹത്തിന് ഇരട്ടി മധുരമാവുന്നു.
ഒറ്റ നോട്ടത്തിൽ ഏറെ മധുരിക്കുന്നതാണ് തണ്ണീർമത്തൻ ദിനങ്ങൾ എന്ന സിനിമ. താരപ്പകിട്ടോ മാസ് മസാലയോ ഇല്ലെങ്കിലും പ്രേക്ഷകനെ പിടിച്ചിരുത്താൻ വേണ്ട ഘടകങ്ങൾ ഈ സിനിമയിലുണ്ട്.

മലയാളികളുടെ പ്രിയപ്പെട്ട 'നൊസ്റ്റു'

'നൊസ്റ്റു' എന്ന് ഫേസ്‌ബുക്കിൽ കളിയാക്കപ്പെടുന്ന ഗൃഹാതുരത്വത്തിന്റെ അടിമകളാണ് എക്കാലവും മലയാളികൾ എന്ന് പൊതുവേ പറയാം. പ്രവാസികളിലൊക്കെ ഇത് പ്രകടമാണ്. ഇത്രയേറെ ഗൃഹാതുരത്വം സൂക്ഷിക്കുന്ന മറ്റൊരു ജനതയും വേറെയില്ല. ഇപ്പോഴും വേണു നാഗവള്ളികാലത്ത് ജീവിക്കാനാണ് നമുക്കിഷ്ടം എന്ന് ചിലപ്പോൾ തോന്നിപ്പോകും.

ഒരു മലയാളിയെ നൊസ്റ്റാൾജിയയുടെ പടുകുഴിയിലേക്കു തള്ളിയിടാൻ ഏറ്റവും നല്ലത് അവന്റെ സ്‌കൂൾ കാലഘട്ടം ഓർമിപ്പിക്കുക എന്നതാണ്. പല വട്ടം പരീക്ഷിച്ചു വിജയിച്ച അതേ ഫോർമുല കാലാനുസൃതമായ മാറ്റങ്ങളോടെ അവതരിപ്പിച്ചിരിക്കുന്ന സിനിമയാണ് തണ്ണീർമത്തൻ ദിനങ്ങൾ. പക്ഷേ അതിലും ഒരു പുതുമ അവർ കൊണ്ടുവന്നിട്ടുണ്ട്. സാധാരണ ഇത്തരം ചിത്രങ്ങൾ ഫളാഷ്ബാക്ക് മൂവീസാണ്. പഴയകാല കൂട്ടായ്മകളും സൗഹൃദങ്ങളും ഓർമ്മിപ്പിച്ചും, ഒരു ഗതകാലരസമുണർത്തി, ഡബിൾ 'നൊസ്റ്റു' അടിപ്പിച്ച് കൊല്ലും. പക്ഷേ ഈ പടം പ്രസന്റ് ടെൻസിലാണ് നടക്കുന്നത്. അതായത് വർത്തമാന കാലത്തെ കുട്ടികളുടെ കഥ. മാറുന്ന മലയാളിയുടെ മുഖം. മൊബൈലിന്റെയും ഇന്റർനെറ്റിന്റെയും കാലത്തെ സൗഹൃദങ്ങൾ, മാറുന്ന സ്ത്രീപുരുഷ ബന്ധങ്ങൾ അങ്ങനെ ഒട്ടനവധി കാര്യങ്ങൾ ഈ പടം അഭിസംബാധനചെയ്യുന്നണ്ട്. സമീപകാലത്ത് ഇറങ്ങിയ ഒമർലുലിന്റെ 'ഒരു അഡാർ ലൗ', മമ്മൂട്ടി അതിഥിവേഷത്തിൽ എത്തിയ ശങ്കർ രാമകൃഷ്ണന്റെ 'പതിനെട്ടാംപടി' എന്നീ ചിത്രങ്ങൾ നോക്കുക. അവരും സമാനമായ പ്രമേയമാണ് കൈകാര്യം ചെയ്യുന്നത്. പക്ഷേ അവയൊന്നും എവിടെയും എത്തിയില്ല. ഈ ചിത്രത്തിന്റെ സംവിധായകരൊക്കെ തണ്ണിമത്തൻ ദിനങ്ങൾ ഒന്നു കണ്ടുനോക്കണം.

പുതിയകാലത്തിന്റെ ചിത്രമായി ഈ പടം കൃത്യമായി മാറുന്നുണ്ട്. എംടിയുടെ 'വേനൽക്കിനാവുകൾ' തൊട്ട് നാം പറയുന്നുണ്ട് കൗമാരക്കാരുടെ പ്രശ്നങ്ങൾ. ഈ പടത്തിലും അതുതന്നെ. പ്ലസ് വൺ കാലഘട്ടം തുടങ്ങുന്നിടത്തു നിന്നാണ് സിനിമ ആരംഭിക്കുന്നത്. നമുക്കു ചുറ്റുമുള്ള ഏതൊരു കുട്ടിയെയും പോലെ ജെയ്സണിലേക്ക് ചിത്രം പെട്ടെന്ന് ഫോക്കസ്ഡ് ആവുന്നു. കുമ്പളങ്ങി നൈറ്റ്സിലെ ഇളയ സഹോദരൻ ഫ്രാങ്കിയെ അവതരിപ്പിച്ച് ശ്രദ്ധേയനായ മാത്യു തോമസ് ഈ പടത്തിലും തകർത്തിരിക്കയാണ്. അങ്ങേയറ്റം സ്വാർഥനും പഠിപ്പിസ്റ്റായി അറിയപ്പെടാൻ ആഗ്രഹമുള്ളവനുമായ ജെയ്സണിന്റെ ജീവിതം ബ്ലാക്ക് ഹ്യൂമറിലൂടെയാണ് സംവിധായകൻ കൊണ്ടുപോകുന്നത്. തുടക്കത്തിൽ കടുത്ത പഠിപ്പിസ്റ്റായി തോന്നുന്ന ജെയ്സൺ, കഷ്ടി മാർക്കുവാങ്ങി രക്ഷപ്പെടുന്ന ആവറേജ് സ്റ്റുഡന്റ് മാത്രമാണെന്ന അറിയുന്ന ഭാഗങ്ങളൊക്കെ ചിരി ഉണർത്തും. കൗമാരത്തിന്റെ ചാപല്യങ്ങളും, അപകർഷതാ ബോധങ്ങളും, അംഗീകരിക്കപ്പെടാനുള്ള ആഗ്രഹവും, എതിർലിംഗത്തോടുള്ള താൽപ്പര്യവുമെല്ലാമായി ഒരു കുളിർകാറ്റുപോലെയാണ് കഥ മുന്നോട്ട് നീങ്ങുന്നത്.

പ്രണയമില്ലാതെ എന്ത് ടീനേജ് ചിത്രം

എല്ലാ കൗമാര ചിത്രങ്ങളും പോലെ പ്രണയം ഈ പടത്തിലും ഒരു മുഖ്യ വിഷയമാണ്. ജെയ്സണ് കീർത്തിയോട് കടുത്ത പ്രണയമാണ്. ഉദാഹരണം സുജാതയെന്ന ചിത്രത്തിൽ തകർത്ത് അഭിനയിച്ച അനശ്വര രാജൻ ഈ വേഷം ഭദ്രമാക്കിയിരുന്നു. കീർത്തിയാവട്ടെ അവനെ മൈൻഡ് ചെയ്യുന്നുമില്ല. ഒരിക്കൽ ഇഷ്ടം അവളോടു തുറന്നു പറഞ്ഞതും മുഖമടച്ചുള്ള മറുപടിയാണു കിട്ടിയത്. കീർത്തി അവനെ ഇഷ്ടപ്പെടണമെന്ന് അവന് ആഗ്രഹമുണ്ട്. എന്നാൽ അവളെ 'ഇംപ്രെസ്' ചെയ്ത് വീഴ്‌ത്താനുള്ള കഴിവൊന്നും അവനില്ല. അതുള്ളവരൊക്കെ അതിനു ശ്രമിക്കുന്നുണ്ടെങ്കിലും അവൾ ഒന്നിലുംവഴങ്ങുന്നില്ല.

അതിനിടയ്ക്കാണ് സൽഗുണ സമ്പന്നനായ ഒരു അദ്ധ്യാപകൻ രവി പത്മനാഭൻ ( വനീത് ശ്രീനിവാസൻ)അവരെ പഠിപ്പിക്കാനെത്തുന്നത്. കുട്ടികൾക്കും അദ്ധ്യാപകർക്കും ഒരുപോലെ പ്രിയങ്കരനായ ആ സാറിനെ ജെയ്സണു മാത്രം പിടിച്ചില്ല. കാരണങ്ങൾ പലതാണ്. അതാണ് ഈ ചിത്രത്തിന്റെ സീക്രട്ട്. അത് കണ്ടുതന്നെ അറിയുക.

സാധാരണ ഇത്തരം സിനിമകളിൽ കാണുന്നപോലെ സൽഗുണ സമ്പന്നായ ഒരു നായകനെയല്ല ഈ പടത്തിലുള്ളത്. മാനുഷികമായ എല്ലാ ദൗർബല്യങ്ങളും ചാപല്യങ്ങളുമുള്ള ഒരു കുട്ടിയാണ് അയാൾ. മൊത്തത്തിൽ ഈ നൊസ്റ്റു പടങ്ങളിൽ കാണുന്ന നന്മ മര പ്രതിഭാസങ്ങൾ ഈ ചിത്രത്തിലില്ലെന്നത് ആശ്വാസം. ആക്റ്റർ ഓറിയൻഡ് മൂവി തന്നെയാണ് ഈ ചിത്രം. ഇർഷാദിനെപ്പോലുള്ള സീനിയർ താരങ്ങൾ തൊട്ട് പുതുമുഖങ്ങൾവരെ ഇവിടെ കാഴ്ചവെച്ചത്് സൂപ്പർ അഭിനയം തന്നെയാണ്. അതിൽ ഏറ്റവും ഗംഭീരമായത് മാത്യുവും, അനശ്വര രാജനുമാണ്. അൽപ്പം ശ്രദ്ധിച്ചാൽ അറിയപ്പെടുന്ന താരങ്ങളായി ഇവർ മാറുമെന്ന് ഉറപ്പാണ്. അനശ്വരയിൽ എവിടെയൊക്കെയോ ഒരു മഞ്ജുവാര്യർ ഒളിഞ്ഞു കിടക്കുന്നുണ്ട്. അതുപോലെ തന്നെ വിനീത് ശ്രീനിവാസന് സമീപകാലത്ത് കിട്ടിയ ഏറ്റവും നല്ല വേഷമാണ് ഈ ചിത്രത്തിലേതെന്നും നിസ്സംശയം പറയാം.

ജോമോൻ ടി ജോൺ ആണ് സത്യത്തിൽ ഈ പടത്തിന്റെ കരുത്ത്. ഈ ചിത്രത്തിന്റെ നിർമ്മാണത്തിലും പങ്കാളിയാണ്, ക്യാമറകൊണ്ട് ഇന്ദ്രജാലം കാട്ടാൻ കഴിയുന്ന ഈ യുവാവ്. ജോമോനൊപ്പം വിനോദ് ഇല്ലമ്പള്ളിയും ചേർന്നാണ് സിനിമയെ അതിമനോഹരമായി കാഴ്ചക്കാർക്ക് മുന്നിൽ അവതരിപ്പിച്ചത്. ഗാനങ്ങളാണ് സിനിമയുടെ മറ്റൊരു ഹൈലൈറ്റ്. ചിത്രം ഇറങ്ങും മുമ്പേ ഹിറ്റായവയാണ് ഈ പടത്തിലെ ഗാനങ്ങൾ. എഡിറ്റിങ് നിർവഹിച്ച ഷമീർ മുഹമ്മദും സംഗീതം നിർവഹിച്ച ജസ്റ്റിൻ വർഗീസും സിനിമയ്ക്കു യോജിച്ച രീതിയിൽ തങ്ങളുടെ മേഖലകളിൽ പ്രവർത്തിച്ചു.

പക്ഷേ ഒരുകാര്യത്തിൽ കൂടി ഈ ചിത്രത്തിന്റെ സംവിധായകനോട് അതിയായ നന്ദിയുണ്ട്. സാധാരണ ഇത്തരം ചിത്രങ്ങളുടെ ഒരു രീതി കുട്ടികളുടെ മദ്യപാന സദസ്സുകൾ വല്ലായെ പർവതീകരിച്ച് കാണിക്കയായിരുന്നു. പുതിയ പിള്ളേർ മൊത്തം പിശകാണെന്നും കള്ളും കഞ്ചാവുമാണെന്ന ജനപ്രിയ നുണയെ ഈ ചിത്രം സാധൂകരിക്കുന്നില്ല.

വാൽക്കഷ്ണം: 'തണ്ണീർമത്തൻ ദിനങ്ങൾ' എന്നൊക്കെ പേരിട്ടാൽ മുമ്പൊക്കെ 'എന്തൊരു പ്രഹസനമാണ് സജീ' എന്ന് ചോദിക്കാനേ ആളുകൾ ഉണ്ടാവുകയുള്ളൂ. പക്ഷേ കാലത്തിന്റെ മാറ്റം കുമ്പളങ്ങി നൈറ്റ്‌സും, പടവലങ്ങ ദിനങ്ങളുമൊക്കെയായി മലയാള സിനിമയുടെ തലക്കെട്ടുകളേയും മാറ്റിയിരിക്കുന്നു. കാലത്തിന്റെ മാറ്റം എന്നല്ലാതെ എന്തു പറയാൻ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP