Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

തല്ലുമാല, യോയോ യൂത്ത് സ്പെഷ്യൽ ആഘോഷ സിനിമ; ഇൻസ്റ്റഗ്രാമിന്റെ ടൈംലൈനിലൂടെ പോവുന്നതു പോലെയുള്ള കഥ; പാട്ടും ഡാൻസും അടിയുമായി യുവതയുടെ ആഘോഷം; പക്ഷേ കലാപരമായി നോക്കുമ്പോൾ തല്ലിപ്പൊളി മാല; ടൊവീനോ സൂപ്പർ താര പദവിയിലേക്ക്; ഇത് മുജാഹിദ് ബാലുശ്ശേരിമാരുടെ കണ്ണുതുറപ്പിക്കട്ടെ!

തല്ലുമാല, യോയോ യൂത്ത് സ്പെഷ്യൽ ആഘോഷ സിനിമ; ഇൻസ്റ്റഗ്രാമിന്റെ ടൈംലൈനിലൂടെ പോവുന്നതു പോലെയുള്ള കഥ; പാട്ടും ഡാൻസും അടിയുമായി യുവതയുടെ ആഘോഷം; പക്ഷേ കലാപരമായി നോക്കുമ്പോൾ തല്ലിപ്പൊളി മാല; ടൊവീനോ സൂപ്പർ താര പദവിയിലേക്ക്; ഇത് മുജാഹിദ് ബാലുശ്ശേരിമാരുടെ കണ്ണുതുറപ്പിക്കട്ടെ!

എം റിജു

ല്ല്, പാട്ട്, ഡാൻസ്, ഭക്ഷണം, പ്രണയം.... തല്ല്... റിപ്പീറ്റ്. മാനാട് എന്ന വിഖ്യാത തമിഴ് സിനിമയിലെ എസ് ജെ സൂര്യയുടെ ഡയലോഗ് കടമെടുത്താൽ 'തല്ലുമാല' എന്ന ഈ മഴക്കാലത്തും തീയേറ്ററുകളെ പൂരപ്പറമ്പാക്കുന്ന ഈ ചിത്രത്തിനെ അങ്ങനെ വിശേഷിപ്പിക്കാം. യോ യോ പയ്യൻസ് എന്ന് വിളിക്കുന്ന ന്യൂജൻ യുവതയെ ലക്ഷ്യമിട്ടുള്ള പടമാണിത്. ആ ലക്ഷ്യം ചിത്രം നിറവേറ്റിയെന്ന് തീയേറ്ററിലെ തിരക്ക് തെളിയിക്കുന്നു. അടുത്ത കാലത്തൊന്നും ഒരു മലയാളപടത്തിന് ഇത്രയേറെ ആളുകൾ ഇരമ്പിയാർത്ത് എത്തുന്നത് കണ്ടിട്ടില്ല.

ഇൻസ്റ്റാഗ്രാം ടൈംലൈനിലുടെയും ഫേസ്‌ബുക്ക് റീൽസിലുടെയുമൊക്കെ നാം കടന്നുപോകുന്നതുപോലെ കൊച്ചു കൊച്ചു സംഭവങ്ങളെ മാലകോർത്താണ് ചിത്രം മുന്നോട്ട് നീങ്ങുന്നു. രൂപത്തിലും, വേഷത്തിലുമൊക്കെ കളർഫുള്ളാണ് തല്ലുമാല. 'അജഗജാന്തരം' എന്ന ചിത്രം കണ്ടിറങ്ങൂമ്പോഴുള്ള ഒരു ഊർജം ഈ പടം കഴിഞ്ഞാലും കിട്ടും. മിന്നൽ മുരളിക്കുശേഷം ടൊവീനോ തോമസിന്റെ മറ്റൊരു സൂപ്പർ ഹിറ്റ് ചിത്രം എന്ന് പറയാം.

മാലപ്പാട്ടുകൾക്ക് പടപ്പാട്ടുകൾക്കും പ്രസിദ്ധമായ മലപ്പുറത്ത്, ഒരു മാലയിൽ മുത്തുകൾ കോർത്തെടുത്തതുപോലെ തല്ലുകളാൽ കോർത്തെടുത്ത ഒരു ചിത്രം. സോഷ്യൽ മീഡിയ പറയുന്നതുപോലെ, മൊഹയിദ്ദീൻ മാലയുടെ നാട് തല്ലുമാലയുടേതുമായി. ആ അർത്ഥത്തിൽ പൊളിറ്റിക്കലുമാണ് ചിത്രം. പക്ഷേ ഈ പടത്തിന്റെ ആസ്വാദത്തിൽ കാര്യമായി ഒരു പ്രശ്നം വരുന്നത് എജ് ഗ്രൂപ്പിന്റെ കാര്യത്തിലാണ്. പ്രേമം സിനിമപോലെ യുവാക്കളുടെ ഇടയിൽ ട്രെൻഡ് സെറ്ററാണ് തല്ലുമാലയും. പക്ഷേ 35 വയസ്സിന് മുകളിലുള്ളവർക്ക് നിരാശയായിരിക്കും ഫലം.

കലാപരമായി നോക്കുമ്പോൾ കാര്യമായി യാതൊന്നും ചിത്രത്തിലില്ല. ഖാലിദ് റഹ്‌മാന്റെ മുൻകാല ചിത്രങ്ങളായ അനുരാഗ കരിക്കൻവെള്ളം, ഉണ്ട, ലവ്, എന്നു ചിത്രങ്ങൾ വെച്ച് വിലയിരുത്തിയാൽ വെറും തല്ലിപ്പൊളി മാല തന്നെയാണിത്.പക്ഷേ സിനിമയെന്നത് ഒരു ബിസിനസ് കൂടിയാണെല്ലോ. അവിടെ വിപണിയുടെ ഘടകങ്ങളെ മനസ്സിലാക്കി, ട്രെൻഡിനൊത്ത് സാധനം ഇറക്കുകയാണ് പ്രധാനം. അവിടെ തല്ലുമാല വൻ വിജയമാണ്.

പൊന്നാനിയിലെ തല്ലുകഥ

മലബാറിൽ, ഈ ലേഖകനൊക്കെ നേരിട്ട് പലതവണ കണ്ട കാര്യമാണ് ഒരു കാര്യവുമില്ലാതെയുള്ള അടികൾ. നിസ്സാരമായ ഈഗോകളും, ആംഗ്യങ്ങളുമൊക്കെ തല്ലിൽ കലാശിക്കുന്ന അവസ്ഥ. നാട്ടുകാരൊക്കെ നോക്കി ആസ്വദിച്ച് നിൽക്കും. മാരകായുധങ്ങൾ ഒന്നും എടുക്കാതെ വെറും 'കൈപ്പണി' ആയതുകൊണ്ട് ആർക്കും അങ്ങനെ വലുതായി പരിക്കേൽക്കുകയും ഇല്ല. പൊലീസും പിള്ളാരുടെ ഒരു തമാശ എന്നേ ഇതിനെ എടുക്കാറുള്ളൂ. ഈ തല്ലുസംഘങ്ങൾ ആരും തന്നെ ഗുണ്ടകളോ ക്വട്ടേഷൻ ടീമോ ഒന്നുമല്ല. പ്രാദേശിക ക്ലബിന്റെ പേരിൽ, നടന്മാരുടെ പേരിൽ തൊട്ട് മെസ്സിയുടെയും നെയ്മറിന്റെയും പേരിൽവരെ മലബാറിൽ ഇത്തരം തല്ലുകൾ വ്യാപകമാണ്. ഒന്നിച്ച് ഒരു ചായകുടിക്കകയും, ബിരിയാണി കഴിക്കുകയും ചെയ്താൽ തീരുന്നതേയുള്ളൂ ഇവരുടെ വഴക്കും. ( മൊബൈൽ ക്യാമറയും സിസിടിവിയുടെ പ്രചാരവും ഇപ്പോൾ ഈ കലാപരിപാടിയെ വ്യാപകമായി കുറച്ചിട്ടുണ്ടെന്ന് പറയാതെ വയ്യ)

അത്തരം ഒരു തല്ല് ടീമിന് ഇടയിലേക്കാണ് സംവിധായകൻ നമ്മെ കൂട്ടിക്കൊണ്ട് പോകുന്നത്. 'സെവൻസിന് അടി, പൂരത്തിന് അടി, ഉത്സവത്തിന് അടി, പെരുന്നാളിന് അടി, ഗാനമേളയ്ക്ക് അടി, തിയറ്ററിൽ അടി, പിന്നെ വെറുതെ വരുന്ന അടി, അതിന്റെയൊക്കെ തിരിച്ചടി...' പൊന്നാനിക്കാരനായ മണവാളൻ വസീം തന്റെ അവസ്ഥ ഇങ്ങനെ പറയുന്നു. വസീമായി ടൊവീനോ അങ്ങോട്ട് നിറഞ്ഞാടുകയാണ്. അടി ഇരന്നുവാങ്ങുകയും കൊടുക്കുകയും ചെയ്യുന്ന നാല് പേരാണ് വസീമിന്റെ ഉറ്റ ചങ്ങാതിമാർ. ഇവർ ഒപ്പിക്കുന്ന പൊല്ലാപ്പുകളാണ് ചിത്രം.

സ്വന്തം കല്യാണത്തിന് തല്ലുണ്ടാക്കുയും അത് യ്യൂട്യൂബിൽ ട്രെൻഡിങ്ങ് ആവുകയും ചെത്തയോടെ പ്രശ്സതനായ വ്യക്തിയാണ് മണവാളൻ വസീം. ന്യൂജൻ കുട്ടികൾ പഴയതുപോലെ എം ടിയെയും, ബാലചന്ദ്രൻ ചുള്ളിക്കാടിനെയും, സുകുമാർ അഴീക്കോടിനെയുമൊന്നുമല്ല ആരാധിക്കുന്നത്. ഇത്തരം ടീംസിനെയാണ്. ( സന്തോഷ് പണ്ഡിറ്റ് തൊട്ട് കീടം സന്തോഷ് വർക്കിവരെയും, ഇപ്പോൾ ലേറ്റസ്റ്റ് പൊകയടി വിവാദത്തിൽപെട്ട മട്ടാഞ്ചേരി മച്ചാനുവരെയുള്ള ഫോളോവേഴ്സിനെ നോക്കുക. ഈ ബുൾ ജറ്റിനും, ബിഗ്ബോസിലെ ഡോ റോബിൻ രാധാകൃഷ്ണനും വേണ്ടി കേരളം 'കത്തിക്കാൻ' ഒരുങ്ങിയ പാൽക്കുപ്പി ഫാൻസിനെ ഓർമ്മയില്ലേ! ) അതുപോലെ ഒരു സെലിബ്രിറ്റിയായി മാറിയ വീസമിന്റെ കഥചിത്രം ഗംഭീരമായി വർക്കൗട്ട് ചെയ്യുന്നുണ്ട്.

വസീമിന്റെ തല്ലുകൾക്കിടയിൽ ഫാളാഷ്ബാക്കും അതിനുള്ളിൽ ഫാളാഷ് ബാക്കുമായി കഥ മുന്നോട്ടുപോവുകയാണ്. 'ലോലാ ലോല ലോലാ..' എന്ന കോളജുകളെ ത്രസിപ്പിച്ച പാട്ടിനൊപ്പം, തല്ലും പ്രണയവും നർമ്മവുമൊക്കെ കടന്നുവുന്നു. ഇങ്ങനെ നടക്കുന്നതിനിടയിലാണ് വീസീം, ബീപാത്തുവെന്ന തന്റെ അതേ വൈബിലുള്ള വ്ളോഗറുമായി പ്രണയത്തിലാകുന്നത്. കല്യാണി പ്രിയദർശൻ ബീപാത്തുവിനെ ഗംഭീരമാക്കുന്നുണ്ട്. വസീം സുഹൃത്തുക്കളെ പരിചയപ്പെട്ടതൊക്ക തല്ലിലുടെയാണ്. അതൊക്കെ പറഞ്ഞ് അയാളും സുഹൃത്തുക്കളും എതിരാളികളുടെയും കഥയായി ചിത്രം അങ്ങോട്ട് ഓടുകയാണ്.

ടൊവീനോ സൂപ്പർതാരമാവുമോ?

മിന്നൽ മുരളിയിലുടെ പാൻ ഇന്ത്യ താര പദവി കിട്ടിയ ഭാഗ്യവാനാണ് ടൊവീനോ തോമസ് എന്ന യുവ നടൻ. ചൈനയിലും ജപ്പാനിലും അമേരിക്കയിലും പോലും ഈ മലയാള നടന്റെ മുഖം ചലച്ചിത്രപ്രേമികൾക്ക് അറിയാം. എന്നാൽ പിന്നീട് ഇറങ്ങിയ ടൊവീനോ ചിത്രങ്ങൾ, കലാപരമായി മികച്ചത് ആയിരുന്നെങ്കിലും ഒന്നൊന്നായി പരാജയപ്പെടുകയായിരുന്നു. പക്ഷേ ആ ഇപ്പോൾ ഒന്നാന്തരം ഒരു ഹിറ്റുകൊണ്ട് ടൊവീനോ അതിനെ മറികടക്കുന്നു. ഈ രീതിയിലുള്ള ഇനീഷ്യലും യുവാക്കളുടെ ആരാധനയും കാണുമ്പോൾ ഒന്ന് ഉറപ്പിക്കാം. ടൊവീനോയും സൂപ്പർതാര പദവിയിലേക്ക് ഉയരുകയാണ്.

നായകന്റെ വൺമാൻഷോ മാത്രമല്ല ഈ ചിത്രം. വസീമിന്റെ സുഹൃത്തായ നടൻ ലുഖ്മാന്റെ വേഷവും ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. കല്യാണി പ്രിയദർശനും അതേ ടെമ്പോയിലാണ്. പക്ഷേ ഈ ചിത്രത്തിലെ മാൻഓഫ് ദി മാച്ച് എന്ന് പറയുന്നത് ഇവർ ആരുമല്ല. വില്ലനാണെന്ന് തോന്നിക്കുകയും, എന്നാൽ അങ്ങനെ അല്ലാതെ നിൽക്കേണ്ടി വരികയും ചെയ്യുന്ന വിചിത്രമായ ആ മാനസികാവസ്ഥയുള്ള ഒരു എസ്ഐ കം തല്ലുകാരനെ അവതരിപ്പിച്ച ഷൈൻടോം ചാക്കോയാണ്. മുരളിയുടെ റേഞ്ചിലേക്ക് ഉയരാവുന്ന സമകാലീന മലയാളം കണ്ടിട്ടുള്ള ഏറ്റവും നല്ല നടനാണ് ഷൈൻ ടോം. ഇവിടെ അൽപ്പം നിഗൂഡതകൾ ഉണ്ടെന്ന് തോനുന്ന, റെജി എന്ന കഥാപാത്രത്തെ അയാൾ എത്ര പെർഫെക്റ്റ് ആയിട്ടാണ് ചെയ്തിരിക്കുന്നത് എന്ന് നോക്കുക. ആ ചിരിയിലും മുഖഭാവത്തിലുമൊക്കെ എല്ലാം ഉണ്ട്. ജോണി ആന്റണി, ബിനു പപ്പു, ഗോകുലൻ തുടങ്ങിയവരും തങ്ങളുടെ വേഷം ഭംഗിയാക്കിയിട്ടുണ്ട്.

ആക്ഷൻ കൊറിയോഗ്രഫിയാണ് സിനിമയുടെ ഏറ്റവും വലിയ പോസിറ്റീവ്. വ്രിക്രമിലും ഭീഷ്മ പർവത്തിലും കണ്ട ബോൾട് ക്യാമറ ചലനങ്ങളിൽ അതിഗംഭീര ആക്ഷൻ രംഗങ്ങൾ ചിത്രത്തിൽ കാണാം. അതുപോലെ റാപ്പും മാപ്പിളപ്പാട്ടും യോജിപ്പിച്ച ഗാനങ്ങളും. ഓപ്പണിങ് സീൻ മുതൽ ക്ലൈമാക്സ് വരെയുള്ള അടി രംഗങ്ങളിൽ പ്രേക്ഷകനെ പിടിച്ചടുപ്പിക്കുന്ന ഘടകം പശ്ചാത്തലസംഗീതമാണ്. വിഷ്ണു വിജയ് ഇക്കാര്യത്തിൽ അഭിനന്ദനം അർഹിക്കുന്നു. ജിംഷി ഖാലിദിന്റെ ക്യാമറ സൂപ്പറാണ്.

ചില വിമർശനങ്ങൾ

പക്ഷേ ഈ സിനിമയുടെ ഏറ്റവും വലിയ പ്രശ്നം, മുഹ്സിൻ പരാരി, അഷ്റഫ് ഹംസ എന്നിവർ ചേർന്നാണ് തിരക്കഥക്ക് വേണ്ടത്ര നിലവാരം ഇല്ലാത്തതാണ്. സുഡാനി ഫ്രം നൈജീരിയ, തമാശ എന്നീ നല്ല ചിത്രങ്ങൾ എടുത്തവരാണ് ഇവരൊക്കെ. പക്ഷേ ഇവിടെ തൊലിപ്പുറത്തിന് അപ്പുറം ആഴത്തിലേക്ക് അവർ കടക്കുന്നില്ല. അതോടൊപ്പം നോൺലീനിയറായി, ഫ്ളാഷ്ബാക്കിനുള്ളിൽ ഫ്ളാഷ് ബാക്ക് വരുന്ന രീതിയിൽ, ഒരു പസിൽ പൂരിപ്പിക്കുന്നതപോലെയുള്ള കഥാകഥനവും ആസ്വാദനത്തെ ബാധിക്കുന്നുണ്ട്. ഒരു തരം ടോക്സിക്ക് മസ്്ക്കുലാനിറ്റിയിലേക്ക് ചിത്രം പോവുന്നുണ്ടെന്ന് വാദവുമുണ്ട്്. ആണുങ്ങൾ അടികൂടുമ്പോൾ, സ്വന്തം കല്യാണവേദിയിൽ പോപ്പ്കോൺ കൊറിച്ച് ഇരിക്കുന്ന ബീപാത്തുവിനെയാണ് നമുക്ക് കാണാൻ കഴിയുക! ( ഇത് ഫെമിനിസ്റ്റുകളെ പ്രകോപിപ്പിക്കാതിരിക്കട്ടെ, ഇതിന്റെ പേരിൽ ചിലപ്പോൾ സംവിധായകനെ കൊണ്ട് മാപ്പു പറയിപ്പിച്ച് കളയും! )

പക്ഷേ തല്ല് കിട്ടിയവന്റെ ഈഗോ എങ്ങനെയാണ് വർക്കൗട്ട് ചെയ്യുന്നത് എന്ന് ഷൈൻ ടോം ചാക്കോയുടെ കഥാപാത്രത്തിൽനിന്ന് വ്യക്തമാണ്. ശരീരത്തെ വേദനിപ്പിക്കുന്ന തല്ല്, മനസ്സിനെ വേദനിപ്പിക്കുന്ന തല്ല് എന്നിങ്ങനെ വിവിധതരം തല്ലുകളെ കുറിച്ച് പറയുന്നുണ്ട് നായകൻ. പക്ഷേ ഷൈൻ ടോമിന്റെ കഥാപാത്രത്തിന്റെ ആ രീതികൾ ഒന്നും പ്രേക്ഷകനിലേക്ക് കൃത്യമായി എത്തുന്നില്ല. സീനുകളുടെ കുഴമറിച്ചിൽമൂലം പലതും ഫോക്കസ്ഡ് ആവുന്നില്ല. ആ രീതിയിൽ ചില റീവർക്കുകൾ നടത്തിയാൽ ഒന്നാന്തരം ചിത്രം ആവുമായിരുന്നു.

മുജാഹിദ് ബാലുശ്ശേരിമാർ എന്തുപറയുന്നു?

മലബാർ, പ്രത്യേകിച്ച് മലപ്പുറം ചിലരുടെ കണ്ണിൽ മത തീവ്രവാദത്തിന്റെയും, കള്ളക്കടത്തുകാരുടെയും മാത്രം നാടാണ്. പക്ഷേ അവിടെയും എല്ലാ പരിഷ്‌ക്കാരങ്ങളും സ്വീകരിക്കാൻ കഴിയുന്ന, പാട്ടും, റാപ്പുമായി നടക്കുന്ന വലിയൊരു വിഭാഗം ചെറുപ്പക്കാർ ഉണ്ടെന്നത് നാം മറുന്നുപോകരുത്. സംഗീതം ഹറാമാണ്, നൃത്തം പച്ച വ്യഭിചാരമാണ് എന്ന് പറയുന്ന മുജാഹിദ് ബാലുശ്ശേരിമാർ ഈ ചിത്രത്തെക്കുറിച്ച് എന്തു പറയുന്ന് എന്ന് നോക്കണം.

മുസ്ലിം ചെറുപ്പക്കാരുടെ മാറുന്ന ജീവിത വീക്ഷണവും ഈ ചിത്രം കൃത്യമായ അടയാളപ്പെടുത്തുന്നുണ്ട്. മതം ഹറാമാക്കിയ മദ്യത്തോട് പുറം തിരിഞ്ഞ് നിൽക്കുന്ന ചെറുപ്പക്കാർ ഇപ്പോൾ ഇവിടെയാക്കെ കുറവാണ്. വസീമും കൂട്ടുകാരും മദ്യപിക്കുമ്പോൾ ഒരുത്തൻ മാത്രം മാറിനിൽക്കുന്നു. എനിക്ക് 'ഇവിടെനിന്ന് വേണ്ട അവിടെ നിന്ന് മതി' എന്നാണ് സ്വർഗത്തെ ഓർത്ത് അയാൾ പറയുന്നത്്. അപ്പോൾ വസീം പറയുന്നത് എനിക്ക് അവിടെയും ഇവിടെയും വേണമെന്നാണ്. അതുപോലെ ജീൻസും ടോപ്പുമൊക്കെയിട്ട്, തട്ടമിടാതെ നടക്കുന്ന ബോൾഡായ മുസ്ലിം പെൺകുട്ടിയാണ് ഈ ചിത്രത്തിലെ നായിക. കഥ നടക്കുന്നത് പൊന്നാനിയിൽ ആയിട്ടുകൂടി ഒറ്റ പർദധാരിയെ ചിത്രം കാണിക്കുന്നില്ല.

സിനിമയുടെ അണിയറ ശിൽപ്പകളുടെയും ആശയങ്ങൾ മാറുന്നുണ്ട്. ജമാഅത്തെ ഇസ്ലാമിക്കാരനാണെന്ന് വിമർശനം ഉയർന്ന മുഹ്സിൻ പരാരിയുടെ മുൻകാല ചിത്രമായ, കെ.എൽ. പത്തിൽ പർദയുടെയും സലാം പറച്ചിലിന്റെയും ബഹളമായിരുന്നുവെന്ന് സോഷ്യൽ മീഡിയ ചൂണ്ടിക്കാട്ടുന്നുണ്ട്. എന്തൊക്കെ പറഞ്ഞാലും മതം തിന്ന് ജീവിക്കുന്നവർ അല്ല മലപ്പുറത്തെ പുതിയ തലമുറ. അവർ തങ്ങളുടെ പ്രണയിനികൾ പർദക്കുള്ളിൽ ഒതുങ്ങണം എന്ന് ആഗ്രഹിക്കുന്നില്ല. സംഗീതവും നൃത്തവും പച്ച വ്യഭിചാരമാണെന്നും, അന്യ മതസ്ഥന്റെ ആഘോഷങ്ങളിൽ പങ്കെടുക്കുന്നത് നരകത്തിലേക്കുള്ള വഴിയാണെന്നും അവർ കരുതുന്നില്ല. ആ വീക്ഷണകോണിൽ തീർത്തും പുരോഗമനപരമായ ഒരു ചിത്രം തന്നെയാണിത്.

വാൽക്കഷ്ണം: വായിൽ തോന്നിയത് മാപ്പിളപ്പാട്ടാക്കുന്ന ന്യൂ ജെൻ മാപ്പിളപ്പാട്ടിനെ ചിത്രം നന്നായി സ്പൂഫ് ചെയ്തിട്ടുണ്ട്. പക്ഷേ ഇത് സ്പൂഫാണെന്ന് ചിത്രത്തിന്റെ ഘടനമൂലം പലർക്കും മനസ്സിലായിട്ടുമില്ല!

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP