Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സൂപ്പർ സുഡാനി! ഫുട്‌ബോളിന്റെ പശ്ചാത്തലത്തിൽ ഒരു സുന്ദര ചിത്രം കൂടി; ഇത് മലപ്പുറത്ത് ബോംബ് തിരഞ്ഞ മലയാള സിനിമാക്കാർ നിർബന്ധമായും കണ്ടരിക്കേണ്ട ചിത്രം; കളിയിൽ തുടങ്ങി അഭയാർഥികളുടെ കണ്ണീരിലേക്ക് പോവുന്ന ലോക സിനിമ; ഹൃദയം നിറച്ച് സൗബിനും കൂട്ടരും

സൂപ്പർ സുഡാനി! ഫുട്‌ബോളിന്റെ പശ്ചാത്തലത്തിൽ ഒരു സുന്ദര ചിത്രം കൂടി; ഇത് മലപ്പുറത്ത് ബോംബ് തിരഞ്ഞ മലയാള സിനിമാക്കാർ നിർബന്ധമായും കണ്ടരിക്കേണ്ട ചിത്രം; കളിയിൽ തുടങ്ങി അഭയാർഥികളുടെ കണ്ണീരിലേക്ക് പോവുന്ന ലോക സിനിമ; ഹൃദയം നിറച്ച് സൗബിനും കൂട്ടരും

കെ വി നിരഞ്ജൻ

'ബോംബാണേൽ കിട്ടാൻ എളുപ്പമാണ്... ഇവിടെയുടുത്ത് മലപ്പുറത്തുണ്ട്.' ആറാം തമ്പുരാൻ എന്ന സിനിമയിൽ മോഹൻലാലിന്റെ ജഗന്നാഥൻ പറയുന്ന ഡയലോഗാണിത്. മലപ്പുറം ജില്ലയെക്കുറിച്ച് ഇതുപോലുള്ള വർണ്ണനകൾ മലയാള സിനിമ എത്രയോ കാലമായി പ്രേക്ഷകർക്ക് പകർന്നു നൽകുന്നു. മുസ്ലിം ജീവിത പശ്ചാത്തലത്തിലാണ് സിനിമയെങ്കിൽ കഥാപാത്രങ്ങൾക്ക് ചില വാർപ്പ് മാതൃകകൾ മലയാള സിനിമ സൃഷ്ടിച്ചിച്ചുണ്ട്. അതിന്റെ കയറിൽ പിടിച്ചാണ് പശ്ചാത്തല-കഥാപാത്ര നിർമ്മിതികളെല്ലാം. ബാങ്കുവിളിയും ഒപ്പനയും നിറഞ്ഞു നിൽക്കുന്ന ഫ്രെയിമുകൾ.. അങ്ങയേറ്റം സ്ത്രീ വിരുദ്ധരായ കഥാപാത്രങ്ങൾ. വിവരദോഷികളും പിന്തിരിപ്പന്മാരുമാണ് ഭൂരിഭാഗം സിനിമകളിലെയും മലപ്പുറം കഥാപാത്രങ്ങൾ. വിവരക്കേടിൽ നിന്നുണ്ടാവുന്നതാണ് അവരുടെ തമാശകൾ.

ഇത്തരം വാർപ്പു മാതൃകകളുടെയും ക്‌ളീഷെകളുടെയും പുറംതോട് പൊട്ടിച്ചറെിഞ്ഞ് സത്യസന്ധമായി മലപ്പുറം ജീവിതം പകർത്തുകയാണ് നവാഗതനായ സക്കറിയ എന്ന സംവിധായകൻ സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിലൂടെ. മലപ്പുറവും കോഴിക്കോടുമെല്ലാം സെവൻസ് ഫുട്‌ബോളിന്റെയും നാടാണ്. ഉത്സവങ്ങളോ പള്ളിപ്പെരുന്നാളോ പോലെ അവരുടെ ജീവിതത്തിൽ അലിഞ്ഞു ചേർന്നതാണ് ഈ കമ്പവും. കൽപ്പന്തുകളിയുടെ പശ്ചാത്തലത്തിൽ കഥ പറഞ്ഞ് സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും മഹനീയ മാതൃകയായി വളർത്തിയെടുക്കുമ്പോൾ സുഡാനി ഒരു ലോക സിനിമ തന്നെയായി മാറുകയാണ്.

്തീർച്ചയായും ട്വിസ്‌ററുകളോ ഇന്റർവെൽ പഞ്ചോ ഞെട്ടിപ്പിക്കുന്ന ക്‌ളൈമാക്‌സോ ഒന്നും ഈ ചിത്രത്തിലില്ല. പക്ഷെ നന്മ നിറഞ്ഞ ലളിതമായ ജീവിതക്കാഴ്ചകൾ ആവോളം ഉണ്ടുതാനും. താരങ്ങളോ, പേരെടുത്ത സംവിധായകനോ, കോടികളുടെ ബജറ്റോ ഒന്നുമില്ലന്നെ് കരുതി കാണാതിരിക്കരുത്.. ഈ സുഡാനി നിങ്ങളുടെ ഹൃദയത്തിൽ ഇടം പിടിക്കുമെന്ന കാര്യത്തിൽ ഒരു സംശയവുമില്ല.

സുഡാനി: മലപ്പുറം ഫുട്ബാളിന്റെ ക്യാപ്റ്റൻ

മതബോധങ്ങൾ, മതചിഹ്നങ്ങൾ എന്നിവയെല്ലാം കേരളത്തിൽ എല്ലായിടത്തും ശക്തിപ്രാപിച്ചു കഴിഞ്ഞു. എന്നാൽ അത് രൂപപ്പെടുന്നതിന് മുമ്പുണ്ടായിരുന്ന മലബാറിലെ ഒരു ഗ്രാമത്തിന്റെ രൂപമാണ് മലപ്പുറത്തെ ഈ ഗ്രാമത്തിനുള്ളത്. ഭിക്ഷക്കാർക്ക് പ്രവേശനമില്ല എന്ന ഫ്‌ളക്‌സ് ബോർഡുകൾ ഉയരുന്ന ഈ കാലത്ത്, നായകന്റെ ഉമ്മ സൂക്ഷിച്ചുവെച്ചിരിക്കുന്ന ഡപ്പിയിൽ കുറേ പൈസയുണ്ട്. പള്ളിയിലേക്ക് പോവാൻ നേരം അവർ വീട്ടിലുള്ള സാമുവേലിനോട് ഓർത്തെടുത്ത് പറയുന്നത് ഭിക്ഷക്കാർ ആരെങ്കിലും വന്നാൽ അതിൽ നിന്ന് കാശെടുത്തുകൊടുക്കണേ എന്ന് മാത്രമാണ്. ഇങ്ങനെയാണ് സുഡാനിയിലെ കഥാപാത്രങ്ങളെല്ലാം പെരുമാറുന്നത്.

ഫുട്‌ബോൾ താരം വി പി സത്യന്റെ ജീവിത കഥ പറഞ്ഞ ക്യാപ്റ്റൻ മലയാളികളെ ആവേശഭരിതരാക്കിയിട്ട് അധികം നാളായിട്ടില്ല. അതിന് പിന്നാലെയാണ് മലപ്പുറത്തിന്റെ ഫുട്‌ബോൾ ആവേശത്തിന്റെ പശ്ചാത്തലത്തിൽ ജീവിതം പറയുന്ന സുഡാനി ഫ്രം നൈജീരിയയുടെ വരവ്. സെവൻസ് ഫുട്‌ബോൾ മത്സരങ്ങളിൽ പങ്കെടുക്കാൻ എത്തുന്ന ആഫ്രിക്കയിൽ നിന്നുള്ളവരെയെല്ലാം ആളുകൾ സുഡാനിയെന്നാണ് വിളിച്ചിരുന്നത്. സ്‌നേഹത്തോടെ നാട്ടുകാർ പിന്നീടവരെ സുഡുവാക്കി. നൈജീരിയക്കാരനായ സാമുവൽ താൻ സുഡാനിയല്ല നൈജീരിയക്കാരനാണെന്ന് വ്യക്തമാക്കുന്നുണ്ട്. അപ്പോൾ ആളുകൾ പുള്ളിയെ നൈജീരിയയിൽ നിന്നത്തെിയ സുഡാനിയാക്കുന്നു.

മലപ്പുറത്തെ ഒരു കൊച്ചു നാട്ടിൻപുറം. ഫുട്‌ബോൾ പ്രേമികളായ നാട്ടുകാർ. ഇവിടുത്തെ ക്‌ളബായ എം വൈ സി ആക്കോടിന്റെ മാനേജറാണ് മജീദ് ( സൗബിൻ ഷാഹിർ). ഫുട്‌ബോൾ നെഞ്ചിലേറ്റുന്ന മജീദ് ജീവിതത്തിൽ നിരന്തരം പരാജയപ്പെട്ടുകൊണ്ടിരിക്കുന്ന വ്യക്തിയാണ്. കളിയിൽ പോലും അയാൾക്ക് നഷ്ടങ്ങളുടെ കണക്കുകൾ മാത്രമേയുള്ളു. എങ്കിലും എത്രയോ ഗോളുകൾക്ക് പിന്നിൽ നിൽക്കുമ്പോൾ, കളി തീരാൻ നിമിഷങ്ങൾ മാത്രം ബാക്കി നിൽക്കെ പോലും അയാൾ ഗോളുകൾ തിരിച്ചടിച്ച് ഒരു സമനിലയിലേക്കെങ്കിലും തന്റെ ടീമത്തെുമെന്ന് വിശ്വസിക്കുന്നു. കാശുണ്ടാക്കാനല്ല കളി.കളി നടത്താൻ വേണ്ടിയാണ് കാശ് എന്നാണ് മജീദിന്റെ തിയറി. പ്രീഡിഗ്രി തോറ്റ മജീദിന് ഇക്കാരണത്താൽ വിവാഹം പോലും നടക്കുന്നില്ല. ഉമ്മയുടെ രണ്ടാം കെട്ടിന് ബിരിയാണി വിളമ്പിയതിന്റെ കളിയാക്കലുകൾ അവനെ പിന്തുടരുന്നു.

മനസ്സിൽ ആർദ്രത കാത്തു സൂക്ഷിക്കുമ്പോൾപോലും, ഇക്കാരണത്താൽ അയാൾ ഉമ്മയോട് നല്ലപോലെ സംസാരിച്ചിട്ടുപോലും കാലങ്ങളായി. വിഷമങ്ങളിൽ നിന്ന് മോചനത്തിനായി മജീദ് മൈതാനങ്ങളിൽനിന്ന് മൈതാനങ്ങളിലേക്ക് ഓടുന്നു. നൈജീരിയക്കാരനായ സാമുവേൽ ആബിയോള റോബിൻസൺ എന്നയാൾക്ക് കളി തന്നെയാണ് ജീവിതം. സാമുവൽ മജീദ് മാനേജറായുള്ള ക്‌ളബിലെ കളിക്കാരനായി എത്തുന്നതോടെയാണ് കളി ആരംഭിക്കുന്നത്.

കളിയിൽ തുടങ്ങി അഭയാർഥികളുടെ കണ്ണീരിലേക്ക്

കുളിമുറിയിൽ വീണ് പരിക്കേൽക്കുന്ന സാമുവലിനെ കുറച്ചുകാലത്തേക്ക് വീട്ടിൽ നിർത്താൻ മജീദ് നിർബന്ധിതനാകുന്നു. അതിഥിയായി വീട്ടിലത്തെുന്ന സാമുവൽ പതിയെ മജീദിന്റെ ഉമ്മ ജമീലക്ക് മകൻ തന്നെയായി മാറുന്നു. അയൽപക്കത്തെ ബീയുമ്മയ്ക്ക് സ്വന്തക്കാരനാവുന്നു. ആ ദേശത്തിന് മുഴുവൻ സുഡുവെന്ന സഹോദരനായി അയാൾ മാറുമ്പോൾ മാനവികതയുടെ പുതിയ തലങ്ങളിലേക്ക് ഈ പടം കയറിച്ചല്‌ളെുന്നു. ഭാഷ അറിയില്ലങ്കെിലും സ്‌നേഹത്തിന്റെ ഭാഷയിൽ മജീദിന്റെ ഉമ്മയും ബീയുമ്മയും ക്രിസ്ത്യാനിയായ സാമുവേലിനോട് സംവദിക്കുന്നു. ഭാഷയുടെ അപരിചിത്വമോ മതത്തിന്റെ വേലിക്കെട്ടുകളോ ഇല്ലാതെ അവർക്ക് എത്രയെളുപ്പമാണ് സ്വന്തക്കാരാവാൻ സാധിക്കുന്നത്.

ഒരു പക്ഷേ സാമുവേലിനെ മജീദ് മനസ്സിലാക്കുന്നതിലും എത്രയോ കൃത്യമായി അവന്റെ ഉമ്മയും ബീയുമ്മയും തിരിച്ചറിയുന്നുണ്ട്. സാമുവേലിന് കൊടുക്കാൻ വിദേശത്തുള്ള മകൻ അയച്ച വാച്ച് കിട്ടാതെ വരുമ്പോഴാണ് ബീയുമ്മ അസ്വസ്ഥയാവുന്നത്. ഫുട്‌ബോളിൽ തുടങ്ങി അഭയാർഥികളാക്കപ്പെട്ട മനുഷ്യരുടെ കണ്ണീരിലേക്ക്.ലോകത്ത് പലയിടത്തും നടക്കുന്ന ആഭ്യന്തര യുദ്ധങ്ങളിൽ ഇരകളാക്കപ്പെടുന്നവരിലേക്ക്. മനുഷ്യത്വത്തിന്റെ ഭാഷയറിയാത്ത നിയമ വ്യവസ്ഥയിലേക്ക്. ചിത്രത്തിന്റെ സഞ്ചാരപഥങ്ങൾ വേറിട്ട വഴിയിലൂടെയാണ്. മതത്തിനും ഭാഷ്‌ക്കും അപ്പുറം മനുഷ്യത്വത്തെ തിരയുന്നു എന്നത് തന്നെയാണ് ഈ ചെറുചിത്രത്തിന്റെ പ്രധാന്യവും. വെള്ളം പാഴായിപ്പോകുമ്പോൾ വേദന തോന്നാത്തവരായും, ഭിക്ഷക്കാരെയും ഇതര സംസ്ഥാന തൊഴിലാളികളെയും അക്രമിക്കുന്നവരായും സ്വന്തം ലോകത്ത് ചുരുങ്ങിപ്പോകുന്നവരായും മാറുന്ന മലയാളികളോടാണ് ഈ ചിത്രം ചോദ്യങ്ങൾ ചോദിക്കുന്നത്.

നായികമാർ രണ്ടുമ്മമാർ!

പതിവ് നായികമാരില്ലാത്ത ചിത്രത്തിൽ ഈ രണ്ടുമ്മമാർ തന്നെയാണ് നായികമാർ. നാടകവേദിയിൽ വർഷങ്ങളായി അഭിനയിച്ച് തകർത്ത, നിരവധി പുരസ്‌ക്കാരങ്ങൾ നേടിയ സാവിത്രി ശ്രീധരനും, സരസ ബാലുശ്ശേരിയുമാണ് യഥാക്രമം മജീദിന്റെ ഉമ്മയെയും ബീയുമ്മയെയും അവതരിപ്പിക്കുന്നത്. തന്നോട് സംസാരിക്കാൻ പോലും മടിയുള്ള മകനെ വേദനയോടെ നോക്കുന്ന നിസ്സഹായയായ കഥാപാത്രമായി, നൈജീരിയയിൽ നിന്നത്തെിയ ഭാഷപോലും അറിയാത്ത സാമുവേലിനെ സ്‌നേഹം കൊണ്ട് കീഴ്‌പ്പെടുത്തുന്ന ഉമ്മയായി, ജലീലയെന്ന കഥാപാത്രമായി സാവിത്രി ശ്രീധരൻ ജീവിക്കുകയായിരുന്നു. നിഷ്‌ക്കളങ്കമായി നിർത്താതെ സംസാരിക്കുകയും ആവശ്യത്തിന് ശകാരിക്കുകയും അത്രത്തോളം സ്‌നേഹം വാരിക്കൊരി കൊടുക്കുകയും ചെയ്യന്ന ബീയുമ്മയെന്ന കഥാപാത്രത്തിന് ജീവൻ നൽകിയ സരസ ബാലുശ്ശേരി മലയാള സിനിമയ്ക്ക് ഒരു മുതൽക്കൂട്ടായി മാറുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. അത്രക്ക് സ്വഭാവികമായിട്ടാണ് അവർ ബീയുമ്മയായി പകർന്നാട്ടം നടത്തുന്നത്. ചുറ്റുവട്ടത്ത് എവിടെയൊക്കെയോ കണ്ട ഒരു കഥാപാത്രത്തെ, അതുപോലെ നമുക്ക് മുമ്പിലത്തെിക്കുകയാണ് ഈ അതുല്യയായ നാടക കലാകാരി.

ജീവിത പരാജയങ്ങളുടെ ദുഃഖവും ഉമ്മയോടുള്ള പരിഭവവും നെഞ്ചിൽ നിറച്ച് ഫുട്‌ബോളിന് പിന്നാലെ ഓടിക്കോണ്ടിരിക്കുന്ന മജീദായി സൗബിൻ ഷാഹിർ മികച്ച പ്രകടനം കാഴ്ച വെക്കുന്നു. പുതിയ കാലത്തിന്റെ താരമായി വളർന്ന ഈ നടന്റെ വളർച്ച അമ്പരിപ്പിക്കുന്നതാണ്. നിരാശയും വേദനയും കോപവും ആർദ്രതയുമെല്ലാം ആ മുഖത്ത് ചിറകടിക്കുന്നു. അത്രമേൽ സ്വാഭാവികമാണ് സൗബിന്റെ പ്രകടനം. കരുത്തുറ്റ ശരീരമുണ്ടെങ്കിലും ചെറിയ കുട്ടികളെപ്പോലെ എളുപ്പം കരഞ്ഞുപോകുന്ന.. വേദനകളുടെ കൂമ്പാരം നെഞ്ചിലേറ്റുന്ന സുഡുവെന്ന സാമുവേലിനെ അതേ പേരുള്ള വിദേശകലാകാരൻ അതിമനോഹരമായി അവതരിപ്പിച്ചിരിക്കുന്നു. ആ മുഖത്ത് വിരിയുന്ന പുഞ്ചിരി മാത്രം മതി നിറഞ്ഞ കൈയടി കൊടുക്കാൻ.

ജമീലയുടെ പുതിയാപ്‌ളയായ വയോധികൻ, മജീദിന്റെ രണ്ടാം ബാപ്പ നിശബ്ദനായൊരു കഥാപാത്രമാണ്. മജീദിന് തന്നെ ഇഷ്ടമില്‌ളെന്ന് അറിയാവുന്ന അയാൾ താൻ സെക്യൂരിറ്റി ജോലി ചെയ്യന്ന ഇടത്തിൽ തന്നെയാണ് കഴിയുന്നത്. എങ്കിലും ഇടയ്ക്ക് അയാൾ വീട്ടിലേക്ക് കയറിവരും. സംസാരിക്കാതെ പോവുന്ന മജീദിനെ വേദനയോടെ ഒന്ന് നോക്കി അയാൾ പടിയിറങ്ങുകയും ചെയ്യും. നിറഞ്ഞ കണ്ണുകളോടെ അത് നോക്കി നിൽക്കാൻ മാത്രമാണ് ജമീലയുടെ വിധി. ഒരിക്കൽ വീട്ടിലത്തെുന്ന അയാൾ സാമുവേലിനെ ഫാദർ എന്ന് പറഞ്ഞ് പരിചയപ്പെടുത്തുന്നു. മടങ്ങിപ്പോകുമ്പോൾ തിരിഞ്ഞു നോക്കാതെ അയാൾ സാമുവേലിനോട് യാത്ര പറയുന്നൊരു രംഗമുണ്ട്. വർഷങ്ങളായി ചെറുവേഷങ്ങൾ ചെയ്യന്ന കെ ടി സി അബ്ദുള്ള എന്ന നടന്റെ അസാധാരണമായ പ്രകടനം ഈ രംഗങ്ങളിൽ പ്രേക്ഷകർക്ക് അനുഭവിക്കാൻ സാധിക്കും. മജീദിന്റെ സുഹൃത്തുക്കളായ രാജേഷും ലത്തീഫും മുത്തുക്കാക്കയും ഉണ്ണി നായരും ബ്രോക്കർ കുഞ്ഞിപ്പയുമെല്ലാം നമ്മുടെ മനസ്സിലേക്കാണ് നേരിട്ട് കയറിവരുന്നത്.

പറവ, കമ്മട്ടിപ്പാടം, അന്നയും റസൂലും എന്നീ അടുത്ത കാലത്തിറങ്ങിയ ചിത്രങ്ങൾക്ക് ശേഷം ഒരു ദേശത്തെ സത്യസന്ധമായി അടയാളപ്പെടുത്താനുള്ള ശ്രമം ഇവിടെയുണ്ട്. പലപ്പോഴും കോമഡികൾ സൃഷ്ടിക്കാനായിട്ടാണ് സിനിമകൾ പ്രാദേശികതയെയും മലപ്പുറത്തെയും തൃശൂരിലെയുമെല്ലാം നാട്ടുഭാഷകളെയും കൂട്ടുപിടിക്കുന്നത്. എന്നാലിവിടെ കാര്യങ്ങൾ വ്യത്യസ്തമാണ്. ഭാഷ തന്നെയാണ് സിനിമയുടെ പ്രധാനകരുത്തും. മലപ്പുറം സ്‌ളാങ്ങ് എവിടെയും കൈവിട്ടുപോയിട്ടില്ല എന്നത് പ്രധാനമാണ്. ഭാഷയിലെ കൃത്യത സിനിമക്ക് വല്ലാത്തൊരു സൗന്ദര്യമാണ് പകർന്നു നൽകുന്നത്.

തമാശക്കായി ഒന്നും സംവിധായകൻ ചിത്രത്തിൽ ചെയ്തിട്ടില്ല. എന്നാൽ ചിത്രത്തിലെ പല സന്ദർഭങ്ങളും സുന്ദരമായ ചിരിയാണ് പ്രേക്ഷകരിലേക്ക് പകർന്നു നൽകുന്നത്. മജീദായത്തെുന്ന സൗബിൻ ഷാഹിറിനെ ഒഴിച്ചുനിർത്തിയാൽ പുതുമുഖങ്ങളാണ് ചിത്രത്തിൽ ഏറെയും പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുള്ളത്. ഇവരെല്ലാം തന്നെ സ്വാഭാവികമായ ഭാവപ്പകർച്ച കൊണ്ട് ചിത്രത്തെ സമ്പന്നമാക്കുന്നുണ്ട്. കഥാപാത്ര സൃഷ്ടിയിലും പശ്ചാത്തല നിർമ്മിതിയിലും കഥ പറയുന്ന താളത്തിലും കൈവരിച്ച മികവാണ് സക്കറിയ എന്ന നവാഗത സംവിധായകനെ മലയാളത്തിന്റെ പുതുപ്രതീക്ഷയായി വളർത്തുന്നത്.

പുതുമുഖ സംവിധായകന്റെ പതർച്ചകളൊന്നും ഇല്ലാതെയാണ് സുന്ദരമായി ഒഴുകിപ്പോകുന്ന ഈ ചിത്രം അദ്ദേഹം ഒരുക്കിയിരിക്കുന്നത്. തിരക്കഥയുടെ സുഗമമായ ഒഴുക്കും സംഭാഷണത്തിലെ കൃത്രിമത്വമില്ലായ്മയും ചിത്രത്തെ മനോഹര കാഴ്ചാനുഭവം ആക്കി മാറ്റുന്നു. കെ എൽ പത്ത് എന്ന സിനിമ ഒരുക്കിയ മുഹ്‌സിൻ പരാരിയാണ് തിരക്കഥാ രചനയിൽ സക്കറിയയ്ക്ക് കൂട്ടായുള്ളത്. വളരെ ഭംഗിയായി ആ കർത്തവ്യം അവർ നിറവേറ്റിയിരിക്കുന്നു.ഷൈജു ഖാലിദിന്റെ ക്യാമറക്കാണ്ണുകൾ ചിത്രത്തെ ഒരു കവിത പോൽ സുന്ദരമാക്കുന്നു. നൗഫൽ അബ്ദുള്ളയുടെ എഡിറ്റിംഗും ശ്രദ്ധേയം.

വാൽക്കഷ്ണം: മടങ്ങിപ്പോകുമ്പോൾ മജീദും സുഡാനിയും പരസ്പരം കുപ്പായങ്ങൾ ഊരിക്കൊടുക്കുന്നു. സുഡാനിക്ക് വേണ്ടി മമ്പറം ജാറത്ത് ദുആക്ക് പോവുകയാണ് ആ ഉമ്മമാർ. ഇനിയും മാനവികത ലോകത്ത് പൂർണ്ണമായും നഷ്ടമായിട്ടില്ല എന്ന ശുഭപ്രതീക്ഷ സമ്മാനിക്കുകയാണ് ഈ കൈമാറ്റവും പ്രാർത്ഥനയും. സലഫിസവും ആടുമേക്കൽ ടീമുകളും പിടിമുറക്കുന്ന കേരളത്തിൽ ഇതും കൃത്യമായ രാഷ്ട്രീയ രംഗങ്ങളാണ്.
ഫേസ്‌ബുക്കിൽ പി.ടി മുഹമ്മദ് സാദിഖ് എന്ന സുഹൃത്ത് ഇങ്ങനെ കുറിക്കുന്നു.'സുഡാനി ഫ്രം നൈജീരിയ ഇഷ്ടപ്പെടാൻ ഒരു കാരണം കൂടിയുണ്ട്. അതിൽ നേർച്ചയും മന്ത്രവും കണ്ണൂക്കും യാസീനും ദിക്‌റുമൊക്കെയുള്ള പരമ്പരാഗത മുസ്ലിംങ്ങളെയുള്ളൂ എന്നതാണ്.ഓൽക്കേ അയൽപക്കത്തുള്ളോനെ ഇക്കൊലത്ത് സ്‌നേഹിക്കാൻ പറ്റൂ. ഓലെ ഖൽബില് സ്‌നേഹമേയുണ്ടാകൂ. (മത)രാഷട്രീയമുണ്ടാകില്ല. ദീനിലേക്ക് ആളെ കൂട്ടേണ്ട ഭാരവുമില്ല. മമ്പുറത്ത് പോയി ഒന്നു ജാറംമൂടിയാൽ തീരുന്ന സങ്കടങ്ങളേയുള്ളൂ ഓർക്ക്'.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP