Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202023Wednesday

സിദ്ദിഖിന്റെ കരിയറിലെ മികച്ച കഥാപാത്രവുമായി ശുഭരാത്രി; ഒന്നാം പകുതിയിലെ ഇഴച്ചിലൊഴിച്ചാൽ രണ്ടാം പകുതി അതിഗംഭീരം; യഥാർത്ഥ കഥയെ അരങ്ങിലെത്തിച്ച് വിജയിപ്പിച്ച കെ.പി വ്യാസന്റെ മികച്ച ക്രാഫ്റ്റാണീ ചെറു ചിത്രം; സ്ഥിരം റൊമാന്റിക് കാമുകനോ ഹ്യൂമറുകളുടെ ഘോഷയാത്രയോ ഒന്നും ഈ ദിലീപ് ചിത്രത്തിൽ പ്രതീക്ഷിക്കണ്ട; ശരാശരി കുടുംബപ്രേക്ഷകന് നിറഞ്ഞാസ്വദിക്കാവുന്ന താരശോഭയുള്ള സിനിമ

സിദ്ദിഖിന്റെ കരിയറിലെ മികച്ച കഥാപാത്രവുമായി ശുഭരാത്രി; ഒന്നാം പകുതിയിലെ ഇഴച്ചിലൊഴിച്ചാൽ രണ്ടാം പകുതി അതിഗംഭീരം; യഥാർത്ഥ കഥയെ അരങ്ങിലെത്തിച്ച് വിജയിപ്പിച്ച കെ.പി വ്യാസന്റെ മികച്ച ക്രാഫ്റ്റാണീ ചെറു ചിത്രം; സ്ഥിരം റൊമാന്റിക് കാമുകനോ ഹ്യൂമറുകളുടെ ഘോഷയാത്രയോ ഒന്നും ഈ ദിലീപ് ചിത്രത്തിൽ പ്രതീക്ഷിക്കണ്ട; ശരാശരി കുടുംബപ്രേക്ഷകന് നിറഞ്ഞാസ്വദിക്കാവുന്ന താരശോഭയുള്ള സിനിമ

എം എസ് ശംഭു

അയാൾ ജീവിച്ചിരിപ്പുണ്ട് എന്ന ചിത്രത്തിലൂടെയാണ് കെ.പി വ്യാസൻ എന്ന സംവിധായകൻ മലയാള സിനിമയുടെ ഭാഗമാകുന്നത്. വിജയ് ബാബു, മണികണ്ഠൻ എന്നിവർ ലീഡ് റോളിലെത്തിയ ഈ ചിത്രം വാണിജ്യപരമായി പരാജയപ്പെട്ടു പോയെങ്കിലും തന്റെ അടുത്ത ചുവടുവയ്‌പ്പ് അടിതെറ്റിയില്ല എന്ന വേണം കരുതാൻ. വ്യാസൻ കെ.പി കഥയും തിരക്കഥയും സംവിധാനവും ഒരുക്കി അരങ്ങിലെത്തിച്ച ദിലീപ് ചിത്രം കുടുംബ പ്രേക്ഷകർക്ക് മനസിൽ തട്ടിയിരിക്കും. വലിയ അവകാശവാദങ്ങളൊന്നും തന്നെയില്ലാതെ റിലീസിനെത്തിയ ഈ ചിത്രം വിജയമാകുന്നത് ഒരു യഥാർത്ഥ കഥയെ അരങ്ങിലെത്തിച്ച് വിജയിപ്പിച്ചിടത്താണ്.

ആക്ഷൻ രംഗങ്ങളോ, ദിലീപിന്റെ റൊമാന്റിക് കാമുകനോ, ഒറ്റശ്വാസത്തിൽ പറയുന്ന സംഭാഷണങ്ങളോ ഒന്നും തന്നെ ഈ ചിത്രത്തിൽ നിന്ന് പ്രതീക്ഷിക്കണ്ട. ദിലീപ് ചിരി സമ്മാനിക്കാതെ അരങ്ങിലെത്തുന്ന ചിത്രം ഒരുപക്ഷേ ആദ്യമാകാം! ഒരു ഫ്ളാഷ് ബാക്ക് പറഞ്ഞുകൊണ്ടാണ് സിനിമ തുടങ്ങുന്നത് തന്നെ. മൂന്ന് കൗമാരക്കാർ ഒരാളെ അക്രമിച്ച ശേഷം പണം കവരുന്ന രംഗത്തോടെയാണ് കഥ തുടങ്ങുന്നത് തന്നെ. ഇതിന് ശേഷം ചിത്രം വർത്താമനത്തിലേക്ക് കൊണ്ടുപോകുന്നു, തുടക്കത്തിൽ മാത്രം ഭൂതകാലത്തെ കാണിക്കുകയും പിന്നീട് വർത്തമാനകാലത്തിന്റെ കഥപറയുന്ന ഡ്രാമാറ്റിക് സ്‌റ്റൈലാണ് സിനിമയുടെ മേക്കിങ്.

മുഹമ്മദ് എന്ന കഥാപാത്രമായി കടന്നെത്തുന്ന സിദ്ദിഖിലൂടെയാണ് സിനിമ രണ്ടരമണിക്കൂർ കടന്നുപോകുന്നത് . മധ്യതിരുവിതാംകൂറിലെ ഭേദപ്പെട്ട മുസ്ലിം കുടുംബങ്ങളും അവിടേക്ക് കടന്നെത്തുന്ന ഒരു ഫോൺ സന്ദേശവും. എൻ.ഐ.എ നിരീക്ഷണത്തിലിരുന്ന യുവാവ് സിറിയയിൽ ഐ.എസ് പോരാട്ടത്തിൽ കൊല്ലപ്പെട്ടു എന്ന് സന്ദേശത്തിന്റെ ഉള്ളടക്കം. പിന്നീട് ഈ ചെറുപ്പക്കാരന്റെ വീട്ടിലേക്ക് ക്യാമറ തിരിയുന്നു. പിതാവായി സായി കുമാർ കടന്നെത്തുന്നു. പൊലീസ് പത്രപ്രവർത്തകർ, കണ്ണീരും വിലാപവും.

വിരസത സമ്മാനിച്ച ഒന്നാം പകുതി

പക്ഷേ ഇതൊന്നുമല്ല സിനിമയിലെ കഥ. വ്യക്തവും സത്യസന്ധവുമായ ഒരു സന്ദേശം പ്രേക്ഷകരിലേക്ക് എത്തിക്കാൻ കഥയെ ആ ഗതിയിലേക്ക് കൊണ്ടുപോയതാണ് കെ.പി വ്യാസൻ എന്ന സംവിധായകൻ ചിത്രത്തിൽ പ്രയോഗിച്ച ബ്രില്യൻസ്. സിദ്ദിഖിന്റെ മുഹമ്മദ് എന്ന കഥാപാത്രത്തിലൂടെ മാത്രം ഒന്നേകാൽ മണിക്കൂർ ഇഴച്ച് കൊണ്ടുപോകുന്നത് തീയറ്ററിൽ പ്രേക്ഷകൻ നേരിട്ട ഏക ബോറഡി. മോഹൻലാൽ വരുമോ ഇല്ലയോ എന്ന് കോട്ടയം കുഞ്ഞച്ചനിൽ പറയുന്ന പോലെ ദിലീപ് വരുമോ ആരാണ് ചിത്രത്തിൽ ദിലീപ് എന്നൊക്കെയുള്ള പല ചോദ്യങ്ങളും പല കോണിൽ നിന്ന് ഉയർന്നു കേട്ടു.

ഈ കാത്തിരിപ്പ് തന്നെയാണ് സിനിമയിലെ ഏക രസംകൊല്ലിയായി തോന്നിയതെങ്കിലും അത്തരത്തിലൊരു മേക്കിങ്ങിന് ഈ ചിത്രത്തിൽ കാര്യമായ റോളുണ്ടെന്ന് തോന്നുന്നത് സിനിമയുടെ പകുതി കഴിയുമ്പോൾ മാത്രമാണ്. മുഹമ്മദ് എന്ന കഥാപാത്രം ഹജ്ജിനായി പോകാനൊരുങ്ങുന്നു. ഗൾഫിലുള്ള മക്കളും മരുമക്കളുമൊക്കെ കടന്നെത്തുന്നു. ഹജ്ജിന് പോകുന്നതിന് മുൻപായി തന്റെ വീട്ടുകാരേയും വേണ്ടപ്പെട്ടവരേയുമൊക്കെ പോയി കണ്ട് പൊരുത്തപ്പെടുന്നു.

(ഹജ്ജിനായി പോകുന്നതിന് മുൻപ് തെറ്റുകൾക്ക് ക്ഷമ ചോദിക്കുന്ന ചടങ്ങാണിത്) ഇടവേളയേക്ക് ശേഷമാണ് ബാലകൃഷ്ണനെന്ന ദിലീപിന്റെ കഥാപാത്രം കഥയിലെത്തുന്നത്. ആദ്യ പകുതി മുഹമ്മദിന്റെ കുടുംബവും കൂട്ടുകാരും ഗൃഹാതുരുത്വവും മാത്രം നൽകി കടന്നു പോകുമ്പോൾ ഒറ്റ സീനിൽ മാത്രം അജു വർഗീസ് കടന്നെത്തുന്നു. വളരെ ലളിതവും എന്നാൽ വളരെ പക്വവുമായി ഒരുക്കിയ തിരക്കഥ തന്നെയാണ് ഈ സിനിമയുടെ ഹൈലൈറ്റ്.

നിറഞ്ഞു നിന്ന സിദ്ധിഖും പകുതിയിലെത്തിയ ദിലീപും

വർക് ഷോപ്പ് ജീവനക്കാരനായ ബാലകൃഷ്ണന്റെ പ്രണയവും വിവാഹവുമെല്ലാം ഒരുപാട്ട് സീനിൽ കാണിക്കുന്നു. ബാലകൃഷ്ണന്റെ നായികയായി കഥയിലെത്തുന്നത് അനു സിത്താരയാണ്. രേഖ എന്ന റോളിലാണ് കഥയിൽ താരം കടന്നെത്തുന്നത്. ബാലകൃഷ്ണന്റെ ജീവിത്തിലേക്ക് അവിചാരിതമായി കടന്നെത്തുന്ന കേസും തുടർന്നുള്ള ജയിൽ വാസവും തന്റെ നിരപരാതിത്വം തെളിയിക്കാനുള്ള നായകന്റെ നൊട്ടോട്ടവുമൊക്കായണ് ചിത്രം. സാധാരണക്കാരനായ ബാലകൃഷ്ണൻ, സമ്പന്ന കുടുംബത്തിൽ ജനിച്ച നായിക. പ്രേമവിവാഹം... ഒളിച്ചോട്ടം. കേസിൽ പെടുന്നതോടെ നായിക വീട്ടിലേക്ക്.

നിരപരാധിത്വം തെളിയിക്കാൻ ബാലകൃഷ്ണൻ നിസ്സഹായനായി പോകുന്ന പല അവസരങ്ങൾ.. ഇത്തരത്തിൽ രണ്ടാംപകുതി കഥയെ വളരെ വൈകാരികമായിട്ടാണ് കൊണ്ടുപോകുന്നത്. സിദ്ധിഖും ബാലകൃഷ്ണനുമായിട്ടുള്ള കൂടിക്കാഴ്ച തന്നെയാണ് ചിത്രത്തിന്റെ ഒന്നാം പകുതി ഒരുക്കിയ സസ്പെൻസ്. ആദ്യ ഒരു മണിക്കൂറിന് മുകളിൽ ഇതിന്റെ കഥ എന്താണെന്നോ ഇതിനെ തുടർന്ന് എന്ത് സംഭവിക്കുമെന്നോ യാതൊരു ഐഡിയയും പ്രേക്ഷകന് കിട്ടില്ല. വിരസത നൽകുന്ന ചില സീനുകൾ ഒഴിച്ചാൽ ചില നന്മയുള്ള രംഗങ്ങൾ കൂടി ചിത്രീകരിക്കാൻ ശ്രമിക്കുന്നു. ആനുകാലികമായ പല സംഭവങ്ങളെയും തിരക്കഥയിൽ കുത്തി കയറ്റുന്നുണ്ടെങ്കിലും ഇത് കഥയിൽ ആവശ്യം തന്നെയെന്ന് ക്ലൈമാക്സിൽ പ്രേക്ഷകന് മനസിലാകും.

മുസ്ലിം സമുദായത്തിലെ പരമപ്രധാനമായ വിശ്വാസങ്ങളിൽ ഒന്നാണ് സക്കാത്ത്. കഥാവഴിയിൽ ഇടയ്ക്ക് സ്വർഗം ലഭിക്കാൻ വേണ്ടി ആയുധം എടുത്ത് ഐ.എസിൽ ചേരാൻ പോകുന്ന മുസ്ലിം ചെറുപ്പക്കാരുടെ ദയനീയ അവസ്ഥ കാണിക്കുന്നു. രണ്ടാം പകുതിയിൽ ആയുധമെടുക്കലല്ല പുണ്യപ്രവൃത്തിയാണ് യഥാർത്ഥ വിശ്വാസമെന്ന് കഥയിൽ പറഞ്ഞവസാനിപ്പിക്കുന്നു.

തൊണ്ണൂറുകളുടെ മധ്യത്തിൽ കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളിയിൽ ക്ലാപ്പന എന്ന സ്ഥാലത്ത് നടന്ന യഥാർത്ഥ സംഭവമാണ് ഈ കഥയ്ക്ക് ആധാരമെന്ന് കഥയുടെ അവസാനം പറഞ്ഞവസാനിപ്പിക്കുന്നുണ്ട്. ക്ലാപ്പന സ്വദേശിയായ കുഞ്ഞിമുഹമ്മദ് എന്ന മധ്യവയസ്‌കന്റെ വീട്ടിൽ നടക്കുന്ന ഒരു കവർച്ചയും ഈ യുവാവിന്റെ ആവശ്യമറിഞ്ഞ് സഹായിച്ച കുഞ്ഞി മുഹമ്മദിന്റെ യഥാർത്ഥ ജീവിതവുമാണ് കഥയായി മാറിയതെന്ന് പ്രേക്ഷകൻ അവസാനനിമിഷം തിരിച്ചറിയുന്നു.

സത്യത്തിൽ ഈ സിനിമയിലെ നായകൻ സിദ്ധിഖാണെന്നതാണ് യാഥാർത്ഥ്യം. തുടക്കം മുതൽ ഒടുക്കം വരെ അമ്പരപ്പിച്ച പ്രകടനം. ഇടവേളയ്ക്ക് ശേഷം കടന്നെത്തിയ ദിലീപിന് കാര്യമായ റോളുണ്ടായിരുന്നില്ലെങ്കിലും സിദ്ദിഖിന്റെ പ്രസൻസാണ് സിനിമയുടെ ഹൈലൈറ്റ്.

കഥാപാത്രങ്ങളിലേക്ക് വന്നാൽ അനു സിത്താര, ശാന്തികൃഷ്ണ, ആശാ ശരത്ത് ഇടവേളയ്ക്ക് ശേഷമുള്ള നാദിർഷായുടെ ഷാനു എന്ന കഥാപാത്രം, സായി കുമാറിന്റെ റോൾ എന്നിവ മികച്ച് നിൽക്കുന്നു. ഹരിനാരയാണന്റെ വരികൾക്ക് ബിജിപാൽ സംഗീതം നൽകിയ ഗാനങ്ങൾ ഏറെ മനോഹരമെന്ന് പറയാതിരിക്കാൻ വയ്യ.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP