Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ബലമില്ലാത്ത തിരക്കഥയും സംവിധാനവും; ജോജു ജോർജിന് ഒന്നും ചെയ്യാനില്ല; പൃഥ്വീരാജിന്റെ ഗസ്റ്റ് വേഷത്തിനും രക്ഷിക്കാനാവുന്നില്ല; ആശ്വാസം ഇതുവരെ മലയാളം പറയാത്ത ക്ലൈമാക്‌സ്; അടച്ചിടലിനു ശേഷമിറങ്ങിയ ആദ്യ മലയാള ചിത്രം നൽകുന്നത് നിരാശ

ബലമില്ലാത്ത തിരക്കഥയും സംവിധാനവും; ജോജു ജോർജിന് ഒന്നും ചെയ്യാനില്ല; പൃഥ്വീരാജിന്റെ ഗസ്റ്റ് വേഷത്തിനും രക്ഷിക്കാനാവുന്നില്ല; ആശ്വാസം ഇതുവരെ മലയാളം പറയാത്ത ക്ലൈമാക്‌സ്; അടച്ചിടലിനു ശേഷമിറങ്ങിയ ആദ്യ മലയാള ചിത്രം നൽകുന്നത് നിരാശ

എം റിജു

പോസ്റ്റർ ഒട്ടിക്കുന്നവർക്കുപോലും പ്രവചിക്കാൻ കഴിയുന്ന രീതിയിലാണ്, കഴിഞ്ഞ കുറേക്കാലമായി മലയാള വാണിജ്യ സിനിമയുടെ നിലവാരം. പക്ഷേ കോടികൾ മുടക്കുന്ന നിർമ്മാതാക്കൾക്കും നമ്മുടെ ചലച്ചിത്ര പ്രവർത്തകർക്കും, ഫാൻസുകാർക്കും മാത്രം അത് മനസ്സിലാവാറില്ല. കോവിഡ് മഹാമാരിക്കാലത്തെ ദീർഘകാല അടച്ചിടലിനുശേഷം ഇറങ്ങിയ സ്റ്റാർ എന്ന മലയാള ചിത്രം കണ്ടപ്പോൾ ഓർത്തുപോയത്, തിരുവനന്തപുരത്തെ പ്രശസ്തമായ എരീസ് പ്ലസ് തീയേറ്റിലെ ഒരു ജീവനക്കാരനെയാണ്!

കാരണം ദക്ഷിണേന്ത്യയിലെ ഏറ്റവും നല്ല തീയേറ്റർ എന്ന് പേരെടുത്ത എരീസ് പ്ലസിന് ഇനി മുതൽ ഇംഗ്ലീഷ് അല്ലാത്ത ഒരു സിനിമയും നൽകേണ്ട എന്നാണത്രേ ചലച്ചിത്ര സംഘടനകളുടെ തീരുമാനം. ഇതിന് ഇടയാക്കിയത് ചലച്ചിത്ര സംഘടനകളുടെ യോഗത്തിൽ എരീസ് പ്ലസിലെ ഒരു ജീവനക്കാരന്റെ കമന്റാണത്രേ. റിലീസ് ചെയ്യാനിരിക്കുന്ന സ്റ്റാർ, ഒരു സ്റ്റാർ വാല്യൂവുമില്ലാത്ത വേസ്റ്റ് ചിത്രമാണെന്ന്, ഇയാൾ പറഞ്ഞുവത്രേ. ഇതിന്റെ പ്രതികാരമാണ് സിനിമകൊടുക്കാതെയുള്ള വിലക്ക് എന്നാണ് പറയുന്നത്. (വിമർശനത്തോടുള്ള നമ്മുടെ സിനിമാ സംഘടനകളുടെ സമീപനം കലക്കി!)

എന്നാൽ ചിത്രം തീയേറ്ററിൽ പോയി കാശുകൊടുത്ത് ടിക്കറ്റെടുത്ത് കണ്ടപ്പോഴാണ, ആ ജീവനക്കാരന്റെ ക്രാന്തദർശിത്വം മനസ്സിലായത്. എത്ര അച്ചട്ടായ പ്രവചനം. ഒരു സാധാരണ ചലച്ചിത്ര പേക്ഷകന്റെ കണ്ണിലൂടെ നോക്കിയാൽ സ്റ്റാർ, ഒരു സ്റ്റാർ വാല്യൂവുമില്ലാത്തെ വേസ്റ്റ് സിനിമ തന്നെയാണ്. ആദ്യ പകുതിയിൽ ഏറെയും ബോറടിയാണ്. രണ്ടാം പകുതി തമ്മിൽ ഭേദം. പക്ഷേ തിരക്കഥയിലെയും സംവിധാനത്തിലെയും പാളിച്ചകൾ അപ്പോഴും പ്രകടമാണ്. പക്ഷേ സാമൂഹികമായ വശങ്ങൾ വെച്ച് നോക്കുമ്പോൾ ചിത്രത്തിലെ ക്ലൈമാക്സിനെ നാം പ്രശംസിച്ചുപോകും.

കാരണം മലയാള സിനിമ ഇന്നേവരെ ചർച്ചചെയ്തിട്ടില്ലാത്ത ഒരു കാര്യമാണ് ഈ പടം പറയുന്നത്. പക്ഷേ അതുകൊണ്ട് അത്രയും ബോറടി നിങ്ങൾ സഹിച്ചോളൂ, ഞങ്ങളുടെ ഉദ്ദേശ ലക്ഷ്യങ്ങൾ മഹത്തരമാണെന്ന് പറഞ്ഞ് സിനിമയുടെ അണിയറ ശിൽപ്പികൾക്ക് കൈയൊഴിയാൻ ആവില്ല. അടിസഥാനമായി പ്രേക്ഷകർക്ക് വേണ്ടിയാണെല്ലോ സിനിമ.

സയൻസ് ഫിക്ഷൻ-ഹൊറർ സിനിമയല്ല !

ഈ സിനിമയുടെ ഏറ്റവും വലിയ പരാജയം അതിന്റെ ദുർബലമായ തിരക്കഥയാണ്. എന്താണ് ചലച്ചിത്രത്തിൽ തിരക്കഥയുടെ പങ്കെന്ന്, 'പൈപ്പിൻ ചോട്ടിലെ പ്രണയം' എന്ന ആദ്യ സിനിമയിൽനിന്ന്, സ്റ്റാറിന്റെ സംവിധായകൻ ഡോമിൻ ഡി സിൽവ ഒന്നും പഠിച്ചിട്ടില്ല. കൊള്ളാവുന്ന ഒരു പാട് മുഹൂർത്തങ്ങളും കഥാപാത്രങ്ങളും ഉണ്ടായിരുന്ന പെപ്പിൽ ചോട്ടിലെ പ്രണയത്തിന്റെയും പ്രശ്നം, അതിന്റെ ഫുൾ ലെങ്്ത്ത് കഥ ദുർബലമായിപ്പോയി എന്നതാണ്.

പക്ഷേ ചിത്രം തുടങ്ങുന്നത് കിടിലായി തന്നെയാണ്. ഒരു പ്രേതബാധയുടെ കഥ ഒരു മുത്തശ്ശി കുട്ടികൾക്ക് പറഞ്ഞുകൊടുക്കുന്ന രീതിയിൽ ഗംഭീരമായി. അപ്പോൾ ഇതൊരു സൈക്കോളജിക്കൽ ഹൊറർ ഫാമിലി സബ്ജക്റ്റ് ആണെന്ന മൂഡാണ് നമുക്ക് കിട്ടുക. പിന്നീട് അൽപ്പം സയൻസ് ഫിക്ഷനും കലരുന്നുണ്ട്. ഓരോ നക്ഷത്രത്തിൽ ജനിച്ചവർക്കും ഓരോ നിയോഗങ്ങളും ഉണ്ടെന്ന് പറഞ്ഞ് 'തിരുവാതിര' നക്ഷത്രത്തിൽ ജനിച്ച ആർദ്രയുടെ ( ഷീലു എബ്രഹാം) കഥയിലേക്കാണ് ചിത്രം പോകുന്നത്. തിരുവാതിര പൊട്ടിത്തെറിക്കാൻ പോകുന്നത് വീക്ഷിക്കുന്ന ജ്യോതിശാസ്ത്ര കേന്ദ്രത്തിൽ ജോലിചെയ്യുന്ന മകളും, അവളോട് ഒരു കാരണവുമില്ലാതെ പിണങ്ങുന്ന അമ്മയും എല്ലാം ചേർന്നപ്പോൾ, സയൻസ് ഫിക്ഷന്റെ പേരിൽ കട്ട അന്ധവിശ്വാസ പ്രചരണത്തിന് എടുത്ത ചിത്രമാണിതെന്നാണ് ആദ്യം തോന്നിയത്. പക്ഷേ കഥ നീങ്ങൂമ്പോൾ ശരിക്കും ഹൊറർ സബ്ജക്റ്റായി ഇത് മാറുകയാണ്.

തിരുവാതിര നക്ഷത്രത്തിൽ ജനിച്ച ആ വീട്ടമ്മയുടെ സ്വഭാവം പൊടുന്നനെ അട്ടിമറിയുകയാണ്. ഒരു കാരണവുമില്ലാതെ അവൾ മാടമ്പള്ളിയിലെ മനോരോഗിയെപ്പോലെയാവുന്നു. ബിസിനസ് തിരക്കിൽ കഴിയുന്ന ഭർത്താവ് റോയിയോടും ( ജോജു ജോർജ്) കൂട്ടികളോടും തട്ടിക്കയറുന്നു. അത് കുടുംബത്തെ ആകെ ബാധിക്കുന്നു. ഏറെ ആചാരങ്ങളും അനുഷ്ഠാനങ്ങളുമുള്ള ഒരു പുരാതാന ഹൈന്ദവ കടുംബത്തിൽ പിറന്ന ആർദ്ര, ക്രിസ്ത്യാനിയായ റോയിയെ പ്രണയിച്ചാണ് വിവാഹം കഴിക്കുന്നത്. അവർക്ക് തുണയായി തറവാട് വീട്ടിൽനിന്ന് എത്തിയ വേലക്കാരി (ഷൈനി സാറ) ആ കാവിനെക്കുറിച്ചും, അച്ചമ്മയെക്കുറിച്ചും പറയുന്ന നിറം പിടിപ്പിച്ച കഥകളാണ് ഒന്നാം പകുതിയെ രസകരമാക്കുന്നത്. മനോഹരമായാണ് അത് ചിത്രീകരിച്ചിരിക്കുന്നത്.

വ്യക്തതയും കൃത്യതയുമില്ലാത്ത കഥ

ആർദ്ര ആ കാവിനെ സ്വപ്നം കാണുന്നതും അവളുടെ വിചത്ര സ്വഭാവം കൂടിവരുന്നതും, എല്ലാമായതോടെ, കുടുംബം തറവാട് വീട്ടിലേക്ക് പോകുന്നു. മിത്തുകൾ കെട്ടിമറഞ്ഞു കിടക്കുന്ന നിഗൂഡതകളുടെ താവളം പോലെ തോന്നിക്കുന്ന ആ കാവിനും പഴയ എട്ടുകെട്ടിനുമൊപ്പമാണ് പിന്നീടുള്ള കഥ. ഇവിടെയാണ് ചിത്രം സിനിമാറ്റിക്ക് ആവുന്നത്.

പക്ഷേ ഇവിടെയും സാമന്യബുദ്ധിയെ പരിഹസിക്കുന്ന ഒട്ടനവധി രംഗങ്ങൾ കാണാം. ഹൊറർ മൂഡിന്റെ ബിൽഡപ്പിനായി തിരുകിക്കയറ്റിയ ചില രംഗങ്ങൾ മുഴച്ചു നിൽക്കുന്നു. പാപ പ്രായചിത്തമെന്നപേരിൽ ചില നസ്രാണികൾ വന്ന് കാവിൽ നിലവിളിക്കുന്ന രംഗമൊക്കെ കണ്ടപ്പോൾ, ഇത് കേരളമാണോ എന്ന് തോന്നിപ്പോയി. ചിലയിടത്ത് വ്യക്തതയും കൃത്യതയും പോര. നമ്മുടെ കല്യാണരാമൻ ഫെയിം സുബ്ബലക്ഷ്മി അമ്മയുടെ ഒരു കഥാപാത്രമുണ്ട്. തറവാട്ടിലെ അടച്ചിട്ട മുറിയിൽ ഇരുന്ന നൃത്തം ചെയ്യുന്ന മിസ്റ്റിക്കൽ വൃദ്ധ നർത്തകി വേഷം. എന്താണ് ഈ കഥാപാത്രം എന്ന് വ്യക്തമാവുന്നില്ല. അതുപോലെ മൂത്തമകൾ എന്ന് പറയുന്ന കുട്ടിയുടെ ബയോളജിക്കൽ മദർ അല്ല ആർദ്ര. അക്കാര്യവും പറഞ്ഞുപോകന്നതല്ലാതെ എങ്ങനെ എന്ത് എവിടെ എന്ന് ഡീറ്റേൽ ചെയ്യുന്നില്ല. അതുകൊണ്ടുതന്നെ ഒറ്റനോട്ടത്തിൽ വാലും തലയുമില്ലാത്ത സിനിമ എന്നാണ് സാധാരണക്കാരന് തോന്നിപ്പോവുക. മൊത്തത്തിൽ പാത്ര സൃഷ്ടിയിലെ ഈ കൺഫ്യൂഷൻ സംഗീതത്തെപ്പോലും ബാധിച്ചിട്ടുണ്ട്. ഫോക്ക് പശ്ചാത്തലത്തിലുള്ള രംഗങ്ങൾക്ക് 'ശശികല ചാർത്തിയ ദീപാവലയം' എന്ന മോഡലിലുള്ള പാട്ടും നൃത്തവുമാണ്!

അതുപോലെ ഇത്തരം ദുരൂഹത അനാവരണ സിനിമകളിൽ ക്ലൈമാക്സിൽനിന്ന് കീഴ്പ്പോട്ട്, സഞ്ചരിച്ചാൽ ഒരോ സാഹചര്യങ്ങളെയും അത് കൃത്യമായി സാധൂകരിക്കുന്നതായി കാണാം. ഉദാഹരണം മണിച്ചിത്രത്താഴ് തന്നെ. ശാസ്ത്രീയമായ വീക്ഷണത്തിൽ അതെല്ലാം തെറ്റാണെങ്കിലും, ഗംഗ നാഗവല്ലിയായതിന്റെയും തുടർന്ന് സിനിമ ഓരോഘട്ടത്തിൽ കടന്നുപോയ പ്രതിസന്ധികളുടെയും, കാര്യകാരണങ്ങൾ ലോജിക്കലായി വിശദീകരിക്കാൻ ചിത്രത്തിന് ആവുന്നുണ്ട്. പക്ഷേ ഇവിടെ ക്ലൈമാക്സ് അനാരണം ചെയ്യപ്പെട്ടു കഴിഞ്ഞിട്ടും ഹൊറർ മൂഡ് ക്രിയേറ്റ് ചെയ്യാനെടുത്ത പല ഭാഗങ്ങളും മുഴച്ചു നിൽക്കയാണ്.

സരസ ബാലുശ്ശേരിക്കും ഷൈനി സാറക്കും ബ്രേക്ക്

പക്ഷേ ഈ സിനിമ ഓർമ്മിക്കപ്പെടുക രണ്ട് വനിതാ താരങ്ങളുടെ അതി ഗംഭീരമായ പ്രകടനത്തിലൂടയാണ്. അതാണ് സരസ ബാലുശ്ശേരിയും ഷൈനി സാറയും. ഒരുപാട് നാടകങ്ങളിൽ വേഷമിട്ട സരസ ബാലുശ്ശേരി സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിലെ ഉമ്മയുടെ വേഷത്തിലൂടെയാണ് പ്രേക്ഷകരുടെ കണ്ണിലുണ്ണിയായത്. അതിനുശേഷം അവർക്ക് കിട്ടുന്ന ശക്തമായ കഥാപാത്രമാണ് ഈ ചിത്രത്തിലെ സാമ്പത്തിക സാമൂഹിക അധികാര കേന്ദ്രമായ ശക്തയായ മുത്തശ്ശി. എല്ലാ അധികാരങ്ങളും സ്ത്രീകളിൽ കേന്ദ്രീകരിക്കുന്ന, പെണ്ണുങ്ങൾ മാത്രമുള്ള ഒരു വലിയ തറവാട്ടിലെ തറവാട്ടമ്മ. ഒരു അർധ വില്ലത്തി ടൈപ്പിലുള്ള മിസ്റ്റിക്കൽ കഥാപാത്രത്തെ ഈ നടി ഗംഭീരമാക്കുന്നുണ്ട്. പഴമ തുടിക്കുന്ന ആടയാഭരണങ്ങളിട്ട് മുറക്കിത്തുപ്പിയുള്ള ആ ഇരിപ്പൊക്കെ ഒന്ന് കാണേണ്ടതാണ്. സത്യത്തിൽ ആ കഥാപാത്രത്തെ ഡെവലപ്പ് ചെയ്താൽ മാത്രം ഒന്നാന്തരം സനിമയുണ്ടാക്കാമായിരുന്നു. എന്നാൽ സംവിധായകനും തിരക്കഥാകൃത്തും ആ വഴിക്ക് നീങ്ങുന്നില്ല.

മഹേഷിന്റെ പ്രതികാരത്തിലെ അനുശ്രീയുടെ അമ്മയുടെ വേഷമടക്കം ചെറുറോളുകളിൽ തിളങ്ങിയ ഷൈനി സാറ ഈ പടത്തിൽ മുഴനീള റോളിലാണ്. നായികയുടെ പിരചാരികയായ അവരുടെ വേഷം ഗംഭീരമായിട്ടുണ്ട്. വോയ്സ് മോഡുലേഷനും സൂപ്പർ. സുബലക്ഷ്മി അമ്മ, ജാഫർ ഇടുക്കി എന്നവരും, പേര്് അറിയാത്ത ചില ബാല-കൗമാര താരങ്ങളും ഈ പടത്തിൽ നന്നായി അഭിനയിച്ചിട്ടുണ്ട്. പക്ഷേ ചിത്രത്തിലെ മറ്റൊരു ഫാൾട്ട്, കഥ ഒറ്റക്ക് മുന്നോട്ട് കൊണ്ടുപോവേണ്ട നായിക ആർദ്രയുടെ വേഷമിട്ട ഷീലു എബ്രഹാമിന് ആ വേഷം പൂർണ്ണമായും ഉൾക്കൊള്ളാനാവുന്നില്ല എന്നതാണ്. സദാസമയം ഒരേ ഭാവമാണ് അവരുടെ മുഖത്ത് വിടരുന്നത്. അങ്ങേയറ്റം സങ്കീർണ്ണമായ ആർദ്രയുടെ മനോവ്യാപാരങ്ങൾ ഫലിപ്പിക്കാൻ ഷീലുവിന് ആവുന്നില്ല. അതുപോലെ ജോജു ജോർജിന് തന്റെ മുൻകാല വേഷങ്ങൾ വെച്ചുനോക്കുമ്പോൾ അഭിനയിക്കാൻ ഒന്നുമില്ലാത്ത ചിത്രമാണിത്. ഒന്നും ചെയ്യാനില്ലാത്ത ജോജുവിനെ അടുത്തകാലത്ത് അധികം കണ്ടിട്ടില്ല. പക്ഷേ ഉള്ളത് മോശമാക്കിയിട്ടില്ല എന്നു മാത്രം. തരുൺ ഭാസ്‌കരിന്റെ ഛായാഗ്രഹണം ചിത്രത്തിന് മുതൽക്കൂട്ടാണ്. രഞ്ജിൻ രാജും എം. ജയചന്ദ്രനും വില്യം ഫ്രാൻസിസും സംഗീതം നൽകിയ ഗാനങ്ങൾ ശരാശരി മാത്രം.

പൃഥ്വിരാജിന്റെ ഗസ്റ്റ് അപ്പിയറൻസും ആർദ്രയുടെ സമസ്യക്ക് അയാൾ ഉത്തരം കണ്ടെത്തുന്നതുമാണ് സിനിമയിലൂടെ ട്വിസ്റ്റ്. അതാവട്ടെ മലയാള സിനിമ ഇന്നുവരെ ചർച്ചചെയ്യാത്ത വിഷയവും. ഇത്തരം ഒരു കാര്യത്തിൽ ഉയർത്തിയ ബോധവത്ക്കരണത്തിന്റെ പേരിൽ ആയിരിക്കും, അകാലത്തിൽ തമോഗർത്തമായിപ്പോയ ഈ സ്റ്റാർ ചലച്ചിത്രം ചരിത്രത്തിൽ ഉണ്ടാവുക.

വാൽക്കഷ്ണം: നേരത്തെ ഈ പങ്്തിയിൽ പറഞ്ഞപോലെ, പൃഥീരാജ് സുകുമാരൻ എന്ന നടൻ മലയാള സിനിമയുടെ മിനിമം ഗ്യാരണ്ടിയുടെ പ്രതീകമാണ്. പ്രേക്ഷകരിൽ പലരും ചിത്രം കാണാൻ എത്തിയത് പോസ്റ്ററിലെ ആ തല കണ്ടതുകൊണ്ടുകൂടിയാണ്. അതുകൊണ്ടുതന്നെ ഈ പടം കൊണ്ട് ഏറ്റവും കൂടുതൽ നഷ്ടം ഉണ്ടായിരിക്കുന്നതും ഈ യുവ നടനു തന്നെയാണ്. തീർച്ചയായും, ക്ലൈമാക്സിലെ ആ ഒരു കാര്യത്തിന്റെ ബോധവത്ക്കരണം എന്ന സാമൂഹിക ബാധ്യത കൂടിയാവണം, പൃഥിയെ ഈ പ്രോജക്റ്റിൽ എത്തിച്ചിരിക്കുക. പക്ഷേ സിനിമയുടെ ടോട്ടാലിറ്റി ഫെയിലിയർ ആവുമ്പോൾ ഇടിയുന്നത്, പൃഥി കെട്ടിപ്പൊക്കിയ മിനിമം ഗ്യാരണ്ടി കൂടിയാണ്. അത് താരം മനസ്സിലാക്കിയാൽ നന്ന്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP