Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പഴയ തേനീച്ച പുതിയ കുപ്പിയിൽ; 'സോളമന്റെ തേനീച്ചകൾ' ഒരു ആവറേജ് മൂവി; തകർത്തത് പുതുമുഖ താരമായ ദർശനയും വിൻസിയും; ജോജു ജോർജിന്റെത് ടൈപ്പ് വേഷം; തിരക്കഥയിൽ പഴമയുടെ തനിയാവർത്തനം; പ്രതിഭ കത്തിയെരിഞ്ഞ് ലാൽജോസും തമോഗർത്തം ആകുന്നുവോ?

പഴയ തേനീച്ച പുതിയ കുപ്പിയിൽ; 'സോളമന്റെ തേനീച്ചകൾ' ഒരു ആവറേജ് മൂവി; തകർത്തത് പുതുമുഖ താരമായ ദർശനയും വിൻസിയും; ജോജു ജോർജിന്റെത് ടൈപ്പ് വേഷം; തിരക്കഥയിൽ പഴമയുടെ തനിയാവർത്തനം; പ്രതിഭ കത്തിയെരിഞ്ഞ് ലാൽജോസും തമോഗർത്തം ആകുന്നുവോ?

എം റിജു

''കുഴപ്പമില്ല, കണ്ടിരിക്കാം''..... അറുത്തുമുറിച്ച് ഒരു അഭിപ്രായം പറയാതെ ഡിപ്ലോമാറ്റിക്കായി രക്ഷപ്പെടാൻ മലയാളി സ്ഥിരമായി പ്രയോഗിക്കുന്ന ചില വാക്കുകൾ ഇല്ലേ. അതുതന്നെയാണ്, 'സോളമന്റെ തേനീച്ചകൾ' എന്ന ലാൽ ജോസിന്റെ പുതിയ ചിത്രം കണ്ടപ്പോൾ ആദ്യം ഓർമ്മവന്നത്. ഒരു ലാൽജോസ് ചിത്രം കാണാമെന്ന പ്രതീക്ഷയോടെയാണ് നിങ്ങൾ പോകുന്നതെങ്കിൽ കാര്യമായ ഫലം ഒന്നും ഉണ്ടാവില്ല. എന്നാൽ പ്രതീക്ഷകളുടെ അമിത ഭാരമൊന്നുമില്ലാതെ എത്തുന്നവർക്ക് കണ്ടിരിക്കയും ചെയ്യാം. ടിപ്പിക്കൽ 'കുഴപ്പമില്ല, കണ്ടിരിക്കാം' പടം.

പക്ഷേ ലാൽജോസിന്റെ തിരിച്ചുവരവ് എന്നൊക്കെ ചിലർ സോഷ്യൽ മീഡിയിൽ തള്ളുന്നത് വ്യാജമാണ്. പക്ഷേ എന്നാൽ അത്യാവശ്യം പ്രേക്ഷകരെ രസിപ്പിക്കാൻ വേണ്ട ചേരുവകൾ ഈ ചിത്രത്തിലുണ്ട്. പൊലീസുകാരയ രണ്ട് സ്ത്രീകളുടെ സൗഹൃദം, പ്രണയം, പിന്നെ ഒരു മർഡർ മിസ്റ്ററിയും. ചില ട്വിസ്റ്റുകളും. ഇടക്ക് ചില പ്രണയരംഗങ്ങളിൽ അൽപ്പം ലാഗ് അടിക്കുന്നുണ്ടെങ്കിലും ചിത്രം, ഒരിടത്തും പൂർണ്ണമായ ബോറടിയിലേക്ക് വീഴുന്നില്ല. മസ്റ്റ് വാച്ച് മൂവി എന്നൊന്നും പറയാൻ കഴിയില്ലെങ്കിലും, ഒറ്റതവണ കാണാൻ പറ്റുന്നതാണ് ഈ ചിത്രം. പക്ഷേ ലാൽ ജോസ് എന്ന് പ്രതിഭാധനനിൽനിന്ന് നിങ്ങൾ ഇതാണോ പ്രതീക്ഷിക്കുന്നത് എന്നത് വേറെ കാര്യം.

വനിതാ പൊലീസുകാരികളുടെ സൗഹൃദം

പുരുഷ പൊലീസിന്റെ ജീവിതം നാം ഒരുപാട് തവണ മലയാള സിനിമയിൽ കണ്ടിട്ടുള്ളതാണ്. എന്നാൽ ഇവിടെ, മലയാളത്തിൽ അത്രയൊന്നും വന്നിട്ടില്ലാത്ത രണ്ട് വനിതാ കോൺസ്റ്റബിളുകളുടെ ജീവിതത്തിലുടെയാണ് ചിത്രം കടന്നുപോകുന്നത്. പൊലീസ് അക്കാദമി കാലം തൊട്ടേ സുഹൃത്തുക്കളായ സ്റ്റേഷൻ ഡ്യൂട്ടി കോൺസ്റ്റബിൾ ഗ്ലൈന തോമസും (വിൻസി അലോഷ്യസ്), ട്രാഫിക്കിൽ കിടന്ന കഷ്ടപ്പെടുന്ന സുജയുടെയും (ദർശന) കഥയാണിത്. ടിക്്ടോക്കും, കറക്കവും, ബിയറടിയുമൊക്കെയായി അവർ തങ്ങളുടെ കഷ്ടതകൾക്കിടയിലും ജീവിതം ആഘോഷമാക്കുന്നു.

വനിതാ പൊലീസിന്റെ ജീവിതം ഇത്ര ഭംഗിയായി ചിത്രീകരിക്കപ്പെട്ട സിനിമകൾ അപൂർവമാണെന്ന് പറയാം. കോളജ് കഴിഞ്ഞ് നേരെ സേനയിലെത്തിയ അവർക്ക് പൊലീസ് സിസ്റ്റത്തിന്റെ ആ ഗൗരവത്തിലേക്ക് ഇനിയും എത്താൻ കഴിഞ്ഞിട്ടില്ല. ട്രാഫിക്ക് ഡ്യൂട്ടിയിലെ ചൂടും പൊടിയും കാരണം തന്റെ സൗന്ദര്യംപോലും നഷ്ടമാവുന്നുവെന്നാണ് സുജയുടെ പരാതി. എങ്ങനെയെങ്കിലുംഒന്ന് സ്റ്റേഷൻ ഡ്യൂട്ടിയിലേക്ക് വന്നാൽ മതി എന്നായി സുജക്ക്. അതിനായി സുഹൃത്ത് ഗ്ലൈന പറഞ്ഞുകൊടുക്കുന്ന തന്ത്രമാണ്, റോമിയൊ സ്‌ക്വാഡിന്റെ ഭാഗമായി പൂവലാന്മ്മാരെ പിടിച്ച് കമ്മീഷണറുടെ പ്രീതി പിടിച്ചുപറ്റുകയെന്നത്. അതിനായി അവൾ നടത്തുന്ന ശ്രമത്തിൽ പിടിയിലാവുന്നത്, ശരത് ( ശംഭു) എന്ന നിരപരാധിയാണ്. ക്രമേണേ ആ ഉടക്കിൽനിന്ന് അവർ അടുക്കുകയും ചെയ്യുന്നു. പക്ഷേ അപ്പോഴും ശരത് ആരാണെന്ന് പുർണ്ണമായും സുജക്ക് അറിയില്ല.

വൈകാതെ സുജയും അവൾ ആഗ്രഹിച്ചപോലെ സ്റ്റേഷൻ ഡ്യുട്ടിയിലേക്ക് തിരിച്ചെത്തുന്നു. സ്റ്റേഷനിലെ എസ്ഐ ആയി വരുന്ന ജോണി ആന്റണിയുടെ കഥാപാത്രത്തിന്റെ നർമ്മവുമൊക്കെയായി അങ്ങനെ ജീവിതം കടന്നുപോകവേ ആണ്, അവരുടെ മേലധികാരികൂടിയായ ബിനു അലക്സ് (ആഡിസ് ) കൊല്ലപ്പെടുന്നത്. സിഐ സോളമൻ ( ജോജു അലക്സ്) എന്ന പുറമെ നിന്ന് നോക്കുമ്പോൾ തീർത്തും പരുക്കായി തോന്നുന്ന ഉദ്യോഗസ്ഥനാണ് ഈ കേസ് അന്വേഷണത്തിന് എത്തുന്നത്. അതുവരെ ലൗവ് ട്രാക്കിൽ ഒരു ഫാമിലി ചിത്രംപോലെ ഓടിയ സിനിമ, പിന്നീടങ്ങോട്ട് ഒരു കുറ്റാന്വേഷണ ചിത്രമാവുകയാണ്.

പഴമയുടെ തനിയാവർത്തനം

പി ജി പ്രഗീഷ് ഒരുക്കിയ ചിത്രത്തിന്റെ തിരക്കഥയിൽ പല ഭാഗത്തും പഴമയുടെ തനിയാവർത്തനം വരുന്നതാണ് പ്രശ്നമാവുന്നത്. ഒരു ഇൻവസ്റ്റിഗേറ്റീവ് സിനിമയിൽ നാം കാക്കത്തൊള്ളായിരം പ്രാവശ്യം കണ്ട കാര്യങ്ങൾ തന്നെയാണ്, സോളമൻ തന്റെ തേനീച്ചകളിലുടെ പറയുന്നത്. ജസ്റ്റിസ് കെ ടി തോമസിന്റെ പുസ്തകത്തിന്റെ റഫറൻസ് എടുത്തുകൊണ്ട് 'സോളമന്റെ തേനീച്ചകൾ' എന്ന ടൈറ്റിൽ സാധൂകരിക്കുന്നിടത്ത് പുതുമയുണ്ടെന്ന് മാത്രം. പക്ഷേ ആരാണ് കൊലപാതകിയെന്ന് സ്ഥിരമായി ഇത്തരം സിനിമകൾ കാണുന്ന പ്രേക്ഷകന് നന്നായി ബോധ്യമുണ്ടാവും.

നമ്മുടെ മർഡർ മിസ്റ്ററി സിനിമകളിൽ എസ് എൻ സ്വാമി ഉണ്ടാക്കിയ ഒരു ടെംപ്ലേറ്റ് ഉണ്ടല്ലോ. കൊലപാതകിയാണെന്ന് കുറപ്പേരെ സംശയിച്ച് അതിൽ ഒന്നുമായി ബന്ധമില്ലെന്ന് തോനുന്ന ഒരാളെ അതിലേക്ക് കണക്്റ്റ് ചെയ്യുക. ഈ പഴഞ്ചൻ ഐഡിയയൊന്നും നമ്മുടെ ന്യൂജൻ പിള്ളേർക്ക് പിടിക്കില്ല. അവർ കൊറിയൻ ത്രില്ലറുകൾ കാണുന്ന കാലമാണിത്. അവരുടെയൊന്നും ധിഷണയെ അമ്പരപ്പിക്കുന്ന ഒരു സാധനവും ചിത്രത്തിലില്ല. അതുകൊണ്ടുതന്നെ ആയിരിക്കണം, തീയേറ്ററിൽ വലിയ ആൾക്കൂട്ടത്തെ ആകർഷിക്കാനും സോളമന് ആവുന്നില്ല.

ഇൻവസ്റ്റിഗേറ്റീവ് ഓഫീസറായ സോളമൻ, യൂണിഫോം ഇടാതെ നടക്കുന്നുവെന്നതുപോലുള്ള്ള ബാലിശമായ പുതുമകൾ ആണ് ചിത്രത്തിലുള്ളത്. അതുപോലെ ഒരു പൊലീസ് ക്വാട്ടേഴ്സിൽ രാത്രി സംഘട്ടനം നടന്നിട്ടും ആരും അറിയാതെ പോകുന്നത് പോലുള്ള യുക്തിരാഹിത്യങ്ങളുമുണ്ട്. സംവിധായകൻ ലാൽജോസിനും ഈ ചിത്രത്തിന്റെ സ്വഭാവത്തെക്കുറിച്ച് കാര്യമായ കൺഫ്യൂഷൻ ഉണ്ട്. ഒന്നുകിൽ പക്കാ പ്രകൃതിപ്പടമായി ഇറക്കുക.

അല്ലെങ്കിൽ ഇപ്പോഴത്തെ ഹിറ്റായ 'തല്ലുമാല'പോലെ പക്കാ കൊമേർഷ്യലായ ചിത്രമെടുക്കുക. ഇവിടെ ഇത് രണ്ടും ചേർത്തതോടെ ഒരു സിങ്കില്ലാത്ത അവസ്ഥ വരുന്നു. സത്യത്തിൽ ആ രണ്ടുപൊലീസുകാരികളുടെ സൗഹൃദംവെച്ച് മാത്രം വികസിപ്പിക്കയാണെങ്കിൽ ഈ പടം വ്യത്യസ്തമാവുമായിരുന്നു. അതുപോലെ സാധാരണ പ്രണയരംഗങ്ങളിലും ഗാനങ്ങളിലും സ്‌കോർ ചെയ്യുന്ന ആളായിരുന്നു ലാൽ ജോസ്. പക്ഷേ ഇവിടെ ലൗ ട്രാക്ക് അത്രക്ക് അങ്ങോട്ട് ഹൃദയഹാരി ആയിട്ടില്ല. അവിടെയും 'കുഴപ്പമില്ല' എന്നേ പറയാൻ കഴിയൂ.

പുതിയ താരോദയങ്ങൾ

റിയാലിറ്റി ഷോയിൽനിന്ന് സിനിമയിലേക്ക് വന്ന ഒരു പിടി യുവനിരയാൽ സമ്പന്നമാണ് ഈ ചിത്രം. 'നായിക നായകൻ' എന്ന റിയാലിറ്റി ഷോയുടെ ഫൈനലിസ്റ്റുകളായ ദർശന സുദർശൻ, വിൻസി അലോഷ്യസ്, ശംഭു, ആഡിസ് ആന്റണി എന്നിവരെ, ഷോയുടെ വിധികർത്താവായ സംവിധായകൻ ലാൽ ജോസ് വെള്ളിത്തിരയിലേക്ക് കൊണ്ടുവിരികയാണ്. ഇതിൽ സുജയുടെ വേഷം ചെയ്ത ദർശന ശരിക്കും ഭാവിയുള്ള നടിയാണ്.

അതുപോലെ അവളുടെ കുട്ടുകാരി വിൻസിയും. രണ്ടുപേരും നമ്മിലുള്ള കോമ്പോ ശരിക്കും പൊളിയാണ്. സിഐയായി വന്ന ആഡിസ് എന്ന വില്ലനും മോശമായിട്ടില്ല. പക്ഷേ പ്രണയ രംഗങ്ങൾ ചെയ്യുന്നിടത്തും, മൊത്തത്തിലുള്ള ഇഫ്ക്ടിലും ശംഭു അത്ര മികച്ച് നിന്നിട്ടില്ല. ആദ്യത്തെ സിനിമയല്ലേ, കുഴപ്പമില്ല. പയ്യൻ കയറി വരും. ആദ്യ ചിത്രമായ 'കൈയെത്തും ദൂരത്തിൽ' ഫഹദ് ഫാസിൽ വെറുപ്പിക്കുമ്പോൾ, നിങ്ങൾ കരുതിയിരുന്നോ, ഇത്രയും സ്ഫോടകശേഷിയുള്ള ഒരു നടനാണ് അതെന്ന്.

ജോജു ജോർജ് സ്വയം അനുകരിക്കുന്നപോലെയാണ് തോന്നിയത്. നായാട്ട്, ജോസഫ്് എന്നീ സിനിമയിലെ പൊലീസുകാരനിൽനിന്ന് വലിയ മാറ്റൊമൊന്നുമില്ല സിഐ സോളമന്. ടൈപ്പ് കാസ്റ്റിങ്ങ് എന്ന ചതിക്കുഴിയിൽ, ഈ സസാധ്യ നടൻ പെട്ടുപോകാതിരിക്കട്ടെ. പിന്നെ ചിലർ ഉണ്ട്, എത്ര ടൈപ്പായാലും ബോറടിക്കില്ല. അതാണ് ജോണി ആന്റണി. ജഗതി ശ്രീകുമാറിനെപ്പോലുള്ളവർക്ക് മാത്രം കിട്ടുന്ന അപുർവ സർഗ സിദ്ധി.

ഈ ചിത്രത്തിലും ജോണി ചിരിപ്പിക്കുന്നുണ്ട്. മണികണ്ഠൻ ആചാരി തന്റെ വേഷം ഗംഭീരമാക്കിയിട്ടുണ്ട്. ആ ചുവന്ന കണ്ണുകളും തീപാറുന്ന നോട്ടവും മനസ്സിൽനിന്ന് മായുന്നില്ല. അജ്മൽ സാബു പകർത്തിയ ദൃശ്യങ്ങളും മികച്ചുനിൽക്കുന്നു. വിദ്യാസാഗറാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. പല പാട്ടുകളും നന്നായിട്ടുണ്ട്. പക്ഷേ വിദ്യാസാഗിന്റെ പഴയ കൊലമാസ് നിലവാരത്തിലേക്ക് എത്തിയിട്ടില്ല.

അവസാനമായി പറയാനുള്ളത് സംവിധാകൻ ലാൽജോസിനെക്കുറിച്ച് തന്നെയാണ്. എത്രയോ ഹിറ്റുകൾ ഒരുക്കിയ ആ മഹാപ്രതിഭയിൽനിന്ന് പ്രതീക്ഷിച്ചതല്ല ഇതുപോലെ ഒരു ചിത്രം. ലാൽജോസിന്റെ സമീപകാല ചിത്രങ്ങളായ, വെളിപാടിന്റെ പുസ്തകം, തട്ടുപുറത്ത് അച്യുതൻ, മ്യാവൂ, എന്നിവയുടെയൊക്കെ നിലവാരം. നോക്കിയാൽ അറിയാം, ഒരു സംവിധാകയൻ എന്ന നിലയിൽ പിറകോട്ടാണ് അദ്ദേഹത്തിന്റെ യാത്ര. കഷ്ടം എന്നല്ലാതെ എന്തു പറയാൻ.


വാൽക്കഷ്ണം: മലയാളത്തിലെ ജോഷി മുതൽ സത്യൻഅന്തിക്കാട് വരെയുള്ളവരുടെ സമീപകാല സൃഷ്ടികൾ എടുത്തുനോക്കിയാൽ കാണം, ഈ നിലവാരമില്ലായ്മ. തിളങ്ങിനിന്നിരുന്ന നക്ഷത്രങ്ങൾ കത്തിയെരിഞ്ഞുപോകുന്നപോലെ, പ്രതിഭ കത്തിയെരിഞ്ഞ് തമോഗർത്തങ്ങൾ ആവുകയാണോ, മലയാളിയുടെ പ്രിയ സംവിധായകൻ ലാൽജോസും എന്ന സംശയവും ഈ ചിത്രം ഉയർത്തുന്നു. പുതിയ കാലത്തിന് അനുസരിച്ച് ഇവർക്കാർക്കും മാറാൻ കഴിയുന്നില്ലെന്ന് തോനുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP