Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202023Friday

കാണികളെ മുഷിപ്പിക്കാതെ സപ്തമശ്രീ തസ്‌കരാഃ; ചിന്തിപ്പിക്കാതെ ചിരിപ്പിക്കുന്ന എന്റർടെയ്‌നർ; മടക്കം തൊണ്ണൂറുകളിലേക്കോ?

കാണികളെ മുഷിപ്പിക്കാതെ സപ്തമശ്രീ തസ്‌കരാഃ; ചിന്തിപ്പിക്കാതെ ചിരിപ്പിക്കുന്ന എന്റർടെയ്‌നർ; മടക്കം തൊണ്ണൂറുകളിലേക്കോ?

ലയാള സിനിമ കഴിഞ്ഞ ദശകത്തിൽ മീശപിരിച്ചും പിരിക്കാതെയുമാടിയ നവഫ്യൂഡൽ കെട്ടുകാഴ്ചകളും, അതിനു ശേഷം വന്ന ന്യൂജനറേഷൻ അസ്വസ്ഥതകളും കടന്ന് ഇപ്പോൾ വീണ്ടും തൊണ്ണൂറുകളിലെ ശൈലിയിലേക്കു തന്നെ തിരിച്ചു പോകുന്നോ എന്നു തോന്നിപ്പിക്കുന്നു സപ്തമ ശ്രീ തസ്‌ക്കരാഃ. പേരു കേൾക്കുമ്പോൾ ഏഴു കള്ളന്മാരുടെ മോഷണ വിരുതുകളുടെ പരമ്പരയാണു സിനിമ എന്നു തോന്നാമെങ്കിലും ചെറിയൊരു വ്യത്യാസമുണ്ട്.

പലവിധ കാരണങ്ങളാൽ ജയിലിലെത്തപ്പെടുന്ന ഏഴു പേർ അവരിൽ ചിലരുടെ പൊതുശത്രുവായ പയസ്സ് മുതലാളിയെന്ന വില്ലനെതിരെ ഒന്നിക്കുന്നതും അയാളോടു പ്രതികാരം ചെയ്യാൻ ഒരു വൻ മോഷണത്തിനു പദ്ധതിയിടുന്നതും അതു നടപ്പാക്കുന്നതുമാണു കഥ. നോവൽ സാഹിത്യത്തിന്റെ ക്ലാസ്സിക്കൽ ഘടന പോലെ ആദ്യ പകുതി കഥാപാത്രങ്ങളെ പരിചയപ്പെടുത്താനും കഥാപരിസരം നിർമ്മിച്ചെടുക്കാനും ഉപയോഗിക്കുകയും, പകുതിയോടെ ഒരു പ്രശ്‌നവും ലക്ഷ്യവും സൃഷ്ടിക്കുകയും അങ്ങനെ പ്ലോട്ട് അതിന്റെ പാരമ്യത്തിലെത്തുകയും, ഒടുവിൽ എല്ലാവരും പ്രതീക്ഷിക്കുകയും ആഗ്രഹിക്കുകയും ചെയ്യുന്ന ക്ലൈമാക്‌സിലേക്കു കഥ പറഞ്ഞു തീർക്കുകയും ചെയ്യുന്നു.

സിനിമ ഒരിക്കലും കാണികളെ മുഷിപ്പിക്കുന്നില്ല എന്നതാണ് ഏറ്റവും വലിയ മെച്ചം. സമീപകാലത്തെ ദ്വയാർത്ഥ-മിമിക്രി തിരക്കഥകളെ അപേക്ഷിച്ച് ഭേദപ്പെട്ട ചിരി തരുന്ന സിനിമ ആദ്യാവസാനം കാണികളെ രസിപ്പിക്കുന്നുണ്ട്. വെറുതെ രസിപ്പിക്കുന്ന ചിരിക്കപ്പുറം ചിന്തിപ്പിക്കുന്ന വൈജ്ഞാനിക ഹ്യൂമർ ഒന്നുമില്ല എന്നത് ഈ ദരിദ്ര ന്യൂജനറേഷൻ കാലത്ത് ഒരു പോരായ്മയേയല്ല.

അതു പോലെ തന്നെ ഒരു എന്റർടെയ്‌നർ എന്നതിനപ്പുറം സിനിമയിൽ റിയലിസമോ, സാമൂഹിക നിരീക്ഷണമോ ഒന്നുമില്ല. രണ്ടര മണിക്കൂർ അസ്വസ്ഥതയില്ലാതെ കണ്ടിരിക്കാൻ പറ്റുന്ന സിനിമകൾ വിരളമായ ഇക്കാലത്ത് എന്റർടെയ്‌ന്മെന്റും സാമൂഹിക നീരീക്ഷണവും കൂടി ഒരുമിച്ചു പ്രതീക്ഷിക്കുന്നത് അതിമോഹമായിരിക്കും.

എന്നിരുന്നാലും ഒളിക്യാമറ വിൽക്കുന്ന ഇലക്ട്രോണിക്ക്‌സ് കടയും അതു സോപ്പുപെട്ടിയിൽ ഘടിപ്പിച്ചു വാങ്ങുന്ന ടീനേജ് പയ്യന്മാരുമൊക്കെ സാമൂഹിക നിരീക്ഷണം തന്നെ. നായകനായ പൃഥ്വിരാജിനേക്കാൾ സ്‌ക്രീൻ പ്രസൻസ് കൂടുതലുള്ളതും ശ്രദ്ധിക്കപ്പെടുന്നതും അപ്രശസ്തരായ സഹതാരങ്ങളാണ്. കഥാപാത്ര വിന്യാസത്തിലെ ഈ അനിതരസാധാരണ സോഷ്യലിസം തീർച്ചയായും നല്ലതുതന്നെ എങ്കിലും പ്രചാരണ പോസ്റ്ററുകളിൽ ഇവർക്കൊന്നും സ്ഥാനമില്ല എന്നതു ശ്രദ്ധേയം.

എടുത്തു പറയേണ്ട ഏറ്റവും വലിയ പോരായ്മ, സഖ്യത്തിൽ സാഹചര്യവശാൽ മാത്രം പങ്കാളികളായ ഓരോരുത്തരുടേയും പ്രത്യേക വൈദഗ്ധ്യങ്ങൾ പക്ഷേ മോഷണത്തിന്റെ ഓരോ ഘട്ടത്തിൽ വളരെ ആവശ്യമായി വരുന്നു എന്നതാണ്. ആവശ്യമുള്ള വിദഗ്ധന്മാരെ ആവശ്യാനുസരണം തസ്‌കര സംഘം കണ്ടെത്തുകയല്ല മറിച്ചു തിരക്കഥാകാരൻ വരാനിരിക്കുന്ന ആവശ്യം മുൻകൂട്ടി കണ്ടറിഞ്ഞ് ഉചിതമായവരെ തന്നെ കൂട്ടിയോജിപ്പിക്കുന്നു. കഥയിൽ ചോദ്യമില്ല എന്നൊരു നിയമം പണ്ടാരോ പറഞ്ഞു വച്ചതു കൊണ്ടും ആസ്വാദനത്തിന്റെ സൗകര്യത്തിനായും അതങ്ങ് അവഗണിക്കാം.

പ്ലോട്ടിലെ മറ്റൊരു പ്രധാന പോരായ്മ കള്ളപ്പണം സ്വന്തം ആശുപത്രിക്കെട്ടിടത്തിന്റെ മുകൾ നിലയിൽ ഗുണ്ടാ ബന്ദവസ്സോടെ സേഫിൽ സൂക്ഷിക്കുന്ന വില്ലന്മാരാണ്. കേരളത്തിലെ പ്രാദേശിക കള്ളപ്പണക്കാർ പോലും സ്വിസ്സ് ബാങ്ക് എക്‌സിക്യൂട്ടീവുകളെ വീട്ടിൽ വിളിച്ചു വരുത്തി പണമേല്പിക്കുന്ന ഇക്കാലത്ത് ഈ 'ധർമ്മാശുപത്രി' നിക്ഷേപം അൽപം തമാശയായിപ്പോയി. ഇവിടെയും കഥയിൽ ചോദ്യമില്ല എന്നതു തന്നെ ആശ്വാസം.

സിനിമയുടെ കരുത്ത് അതിന്റെ തിരക്കഥ തന്നെയാണ്. സംവിധാനവും മികച്ച നിലവാരം പുലർത്തുന്നു. കഥാകഥനം വലിയൊരു ഭാഗം ഒരു കഥാപാത്രത്തിന്റെ ആഖ്യാനത്തിലൂടെയാന്. അത് തിരക്കഥയുടെ ന്യൂനതയായി വേണമെങ്കിൽ ഗണിക്കാമെങ്കിലും, അതിനായി സ്വീകരിച്ചിരിക്കുന്ന കുമ്പസാരം എന്ന മാർഗ്ഗവും രസികനും യുവാവുമായ അച്ചന്റെ പ്രതികരണങ്ങളും കഥപറച്ചിലിൽ തമാശ ചേർക്കാനും കഥ പറച്ചിലിന്റെ ദിശയും വേഗവും സൗകര്യപൂർവ്വം നിയന്ത്രിക്കാനും തിരക്കഥാകാരന് സൗകര്യമുണ്ടാക്കി. ഏതാണ്ട് പ്രാഞ്ചിയേട്ടനിലെ കഥ പറച്ചിൽ പോലെ. ഇവിടെ വീണ്ടും, ഇത്രയും ചെറുപ്പക്കാരനായ അച്ചനു കുമ്പസരിപ്പിക്കാനാകുമോ എന്നു ചോദിച്ചാൽ, വീണ്ടും കഥയിൽ ചോദ്യമില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP