Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ശക്തരായ നായികമാരെ ചുംബിച്ച് കീഴ്പ്പെടുത്തിയ കന്മദത്തിലെയും മഹായാനത്തിലെയും നായകന്മാരെ വെല്ലുന്ന തരത്തിൽ 'ചോല'യിലെ നായകനും; ബലാത്സംഗത്തെ കാൽപ്പനികമായി കൈകാര്യം ചെയ്യുന്ന ഈ ചിത്രം ഉന്നാവോയും തെലങ്കാനയും സൃഷ്ടിച്ച ഭീതിയിലുള്ള സമൂഹത്തിന് എന്ത് സൂചനയാണ് നൽകുന്നത്? അവതരണ മികവിലും പാത്ര സൃഷ്ടിയിലും ഇത് അസാധ്യ ചലച്ചിത്രം; തകർത്താടി ജോജുവും നിമിഷയും; പക്ഷേ സനൽകുമാർ ശശിധരൻ ഒളിച്ചു കടത്തുന്നത് കടുത്ത സ്ത്രീ വിരുദ്ധതയോ?

ശക്തരായ നായികമാരെ ചുംബിച്ച് കീഴ്പ്പെടുത്തിയ കന്മദത്തിലെയും മഹായാനത്തിലെയും നായകന്മാരെ വെല്ലുന്ന തരത്തിൽ 'ചോല'യിലെ നായകനും; ബലാത്സംഗത്തെ കാൽപ്പനികമായി കൈകാര്യം ചെയ്യുന്ന ഈ ചിത്രം ഉന്നാവോയും തെലങ്കാനയും സൃഷ്ടിച്ച ഭീതിയിലുള്ള സമൂഹത്തിന് എന്ത് സൂചനയാണ് നൽകുന്നത്? അവതരണ മികവിലും പാത്ര സൃഷ്ടിയിലും ഇത് അസാധ്യ ചലച്ചിത്രം; തകർത്താടി ജോജുവും നിമിഷയും; പക്ഷേ സനൽകുമാർ ശശിധരൻ ഒളിച്ചു കടത്തുന്നത് കടുത്ത സ്ത്രീ വിരുദ്ധതയോ?

കെ വി നിരഞ്ജൻ

സ് സിതാരയുടെ വിവാദമായ അഗ്‌നി എന്നൊരു ചെറുകഥയുണ്ട്. തന്നോട് ഏറ്റവും ക്രൂരമായി പെരുമാറിയ രവിയുടെ മുഖത്ത് നോക്കി പ്രിയ എന്ന കഥാപാത്രംപറയുന്നത് നിന്നെ എനിക്കിഷ്ടമായി എന്നാണ്. മൂന്നു കാമഭ്രാന്തന്മാരാൽ അതിക്രൂരമായി ബലാത്സംഗം ചെയ്യപ്പെടുകയാണ് പ്രിയ. പിറ്റേന്ന് അവരിൽ രണ്ടുപേരെ അവൾ കണ്ടുമുട്ടുന്നു. ഇന്നലെ എങ്ങിനെയുണ്ടായിരുന്നു എന്ന് ചോദിക്കുന്ന ആളോട് അവൾ പറയുന്നു. . 'നിങ്ങൾ ഒട്ടും പോരായിരുന്നു. നിങ്ങൾക്ക് കരുത്ത് കുറവാണ്.

ഒരു പെണ്ണിനെ പൂർണ്ണമായും തൃപ്തിപ്പെടുത്താൻ നിങ്ങൾക്ക് കഴിയുമെന്ന് തോന്നുന്നില്ല. പിന്നെ അവൾ രവിയോട് പറഞ്ഞു. നിന്നെ എനിക്ക് നല്ലവണ്ണം ഇഷ്ടമായി. നീ ഒരു അസ്സൽ പുരുഷനാണ്.'- ഈ കഥ അന്ന് ഏറെ വിവാദമായിരുന്നു. സ്റ്റോക്ഹോം സിൻഡ്രോം എന്ന ഒരു അവസ്ഥയുണ്ട്. തടവുകാർക്ക് അവരെ തടവിൽ പാർപ്പിക്കുന്നവരോട് തോന്നുന്ന ആരാധന കലർന്ന അടുപ്പം. അതുപോലെ തന്നെ തകർത്തു കളഞ്ഞവനോട് പ്രണയം തോന്നിയ പെണ്ണായി മാറുകയാണ് പ്രിയ ഈ കഥയിൽ.

ശരിയാണ് സങ്കീർണ്ണമായ മനുഷ്യമനസ്സിന്റെ സഞ്ചാരം ആർക്കും തിരിച്ചറിയാൻ കഴിയില്ല. സമാനമായ രീതിയിലുള്ള പ്രമേയമാണ് സനൽ കുമാർ ശശിധരൻ ഒരുക്കിയ 'ചോല'യും പറയുന്നത്. സ്ത്രീ വിരുദ്ധതയുണ്ടെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന ചലച്ചിത്ര അവാർഡ് നഷ്ടമായ 'ചോല' പക്ഷെ വെനീസ് ചലച്ചിത്ര മേളയിൽ ഉൾപ്പെടെ അംഗീകാരങ്ങൾ വാങ്ങിക്കൂട്ടിയാണ് മലയാളി പ്രേക്ഷകർക്ക് മുമ്പിലെത്തിയത്. 'ഒഴിവു ദിവസത്തെ കളി' ഉൾപ്പെടെയുള്ള മികച്ച സിനിമകൾ ഒരുക്കിയ സനലിന്റെ ചോലയും അവതരണ മികവു കൊണ്ട് ഏറെ മുന്നിൽ നിൽക്കുന്നു.

 

ഹൈറേഞ്ചിന്റെ പച്ചപ്പിൽ നിന്ന് നഗരത്തിരക്കിലേക്കും അവിടെ നിന്നും കാടിന്റെ വന്യതയിലൂടെ മനുഷ്യമനസ്സിന്റെ വിവിധ ഭാവങ്ങൾ. നിസ്സഹായമായ മനുഷ്യാവസ്ഥകൾ. ആണത്തത്തിന്റെ അക്രമണോത്സുകതൾ. വിധേയത്വങ്ങൾ..... എന്നിവയെല്ലാം അവതരിപ്പിക്കുകയാണ് സനൽകുമാർ ശശിധരന്റെ ചോല. അതിമനോഹരമായ ആഖ്യാന രീതികൊണ്ടും നടീനടന്മാരുടെ മികവുറ്റ പ്രകടനം കൊണ്ടും ചോര പൊടിയുന്ന ചോല അതിമനോഹരമായ ഒരു ചലച്ചിത്രാവിഷ്‌ക്കാരമായി മാറുന്നുണ്ട്.

അവതരണ മികവ് പക്ഷേ പ്രമേയ ഭീകരത

അവതരം കൊണ്ട് മനോഹരമാകുമ്പോഴും പ്രമേയപരമായി ഭീകരമാണ് ഈ ചോല. നിസ്സഹായതയെ ചൂഷണം ചെയ്ത് തന്നെ ശാരീരികമായി കീഴ്പ്പെടുത്താൻ ശ്രമിക്കുന്ന ആളോട് ജാനുവെന്ന പെൺകുട്ടി വിധേയത്വം പ്രാപിക്കുമ്പോൾ മനഃശാസ്ത്രപരമായി സനൽകുമാറിന്റെ നിരീക്ഷണങ്ങൾ ശരിയായേക്കാം. പക്ഷേ വിധേയത്വം സ്നേഹമായി മാറുമെന്നിടത്താണ് അദ്ദേഹത്തിന് പിഴക്കുന്നത്. ഇത് ജൈവപരമായും മനഃശാസ്ത്രപരമായും ശരിയല്ല.

പാവപ്പെട്ട പെൺകുട്ടികൾ നിരന്തരം വേട്ടയാടപ്പെടുന്ന വർത്തമാനകാലത്ത് ഇത്തരം കാഴ്ചകൾ നൽകുന്ന സന്ദേശം എന്തെന്നത് മറ്റൊരു ചോദ്യം. ഒരു ചുംബനത്തിലൂടെ തന്റേടികളായ സ്ത്രീകളെ കീഴ്പ്പെടുത്തുന്ന നായകന്മാരെ ആഘോഷിച്ച മലയാള സിനിമയിൽ ഒരു പാവം സ്‌കൂൾ വിദ്യാർത്ഥിനിയെ ആണധികാരത്തിന്റെ കാൽച്ചുവട്ടിൽ വെക്കുമ്പോൾ പരോക്ഷമായെങ്കിലും, ആ അധികാര ഗർവിലേക്ക് പെൺകുട്ടികൾ ആകർഷിക്കപ്പെടും എന്ന് പറയുകയാണ് സംവിധായകൻ. .

നിഷ്‌ക്കളങ്കയായ, സ്വന്തമായി തീരുമാനങ്ങളെടുക്കാൻ കഴിയാത്ത ഒരു പാവം പെൺകുട്ടിയായ ജാനുവിന്റെ (നിമിഷ സജയൻ) ജീവിതത്തിലേക്ക് എത്തുന്ന, തന്റെ ആശാന് മുന്നിൽ വിനീത വിധേയകനാകുന്ന കാമുകനും (അഖിൽ) ആണത്തത്തിന്റെ അഹങ്കാരം നോക്കിലും വാക്കിലും കാത്തുവെക്കുന്ന ആശാനും (ജോജു) ചേർന്ന് അവളുടെ ജീവിതത്തെ തകർത്തെറിയുന്നത് ഭീതിയോടെയേ കണ്ടു നിൽക്കാൻ കഴിയുകയുള്ളു. ഹൈറേഞ്ചിലെ ഒരു കുഗ്രാമത്തിൽ നിന്നും ദുർബലനും വിനീത വിധേയനുമായ കാമുകനൊപ്പം നഗരത്തിലേക്ക് യാത്ര തിരിക്കുന്ന ജാനുവും അവളുടെ ദുർബലനായ കാമുകനും അവരെയും കൊണ്ട് ജീപ്പിൽ യാത്ര തിരിക്കുന്ന ആശാനും മാത്രമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ. ഈ മൂന്നു കഥാപാത്രങ്ങളുടെ യാത്രയിലൂടെ. . അവരുടെ മാനസിക സങ്കർഷങ്ങളിലൂടെയാണ് ചോല കഥ പറയുന്നത്.

ആ പഴയ ജീപ്പിലെ യാത്രയും പഴഞ്ചൻ ലോഡ്ജും അവിടുത്തെ കുടുസ്സ് മുറിയും വിജനമായ തെരുവുകളുമെല്ലാം കാഴ്ചക്കാരനെ ഓരോ നിമിഷവും ആശങ്കപ്പെടുത്തുകയും ഭയപ്പെടുത്തുകയും ചെയ്യും. യാത്രയിലെല്ലാടിയത്തും അപരിചതനായ ആശാൻ നായികയിൽ അസ്വസ്ഥത സൃഷ്ടിക്കുന്നുണ്ട്. പലപ്പോഴും അവൾ തിരിച്ചുപോകാനും ഒരുങ്ങുന്നു. എന്നാൽ നേരം വൈകിയതിനാലും വിവരം വീട്ടിൽ അറിഞ്ഞതിനാലും അവർ ഒരു ലോഡ്ജ് എടുത്ത് തങ്ങാൻ നിർബന്ധിതരാവുന്നു. ഇവിടം മുതൽ അതുവരെ കാഴ്ചക്കാരനായിരുന്ന ആണത്തത്തിന്റെ അധികാര കേന്ദ്രമായ ആശാൻ കഥയുടെ നിയന്ത്രണം ഏറ്റെടുക്കുകയാണ്. കാമുകനെ മദ്യം വാങ്ങാൻ നിർബന്ധിച്ച് പറഞ്ഞയച്ചതിന് ശേഷം ആശാൻ ലോഡ്ജ് മുറിയുടെ വാതിലടച്ച് ജാനുവിനോട് കുളിക്കാൻ ആവശ്യപ്പെടുന്നു.

റേപ്പ് ചെയ്യപ്പെടുമെന്ന് ഏതാണ് ഉറപ്പായ ജാനു തലവഴി വെള്ളം കോരിയൊഴിച്ച് നനഞ്ഞൊട്ടിയ സ്‌കൂൾ യൂണിഫോമിൽ ആശാന്റെ സമീപത്ത് വന്നു നിൽക്കുന്നു. ഇവിടം മുതൽ അവളുടെ വിധേയത്വം ആരംഭിക്കുകയായി. കാമുകീ കാമുകന്മാർ തമ്മിലുള്ള നിമിഷങ്ങളെ അതി കാൽപ്പനികമായി ചിത്രീകരിക്കുന്ന രീതിയിലാണ് സനൽകുമാർ എന്ന സംവിധായകൻ റേപ്പ് സീനുകളെ കൈകാര്യം ചെയ്യുന്നത് എന്നതാണ് ഏറെ ഞെട്ടിക്കുന്ന കാര്യം. അതി മനോഹരമായ ഒന്നാം പകുതിക്ക് ശേഷം ആ ജീപ്പ് ഒരു കൊടുംകാട്ടിലേക്ക് പ്രവേശിക്കുന്നു. ഇവിടം മുതൽ സംവിധായകന്റെ ഭാവനയും കാടുകയറുന്നു.

കഥയുടെ തുടക്കത്തിലെല്ലായിടത്തും തനിക്ക് വീട്ടിലേക്ക് തിരിച്ചുപോവണം എന്നാണ് ജാനുവിന് പറയാനുള്ളത്. എന്നാൽ എല്ലാം തകർന്ന് മടങ്ങിച്ചെല്ലാൻ ഒരിടം ഇല്ലാതാവുമ്പോൾ, വീട്ടിൽ കൊണ്ടുവിടാമെന്ന് പറയുന്ന കാമുകനോട് തനിക്ക് തിരിച്ചുവീട്ടിലേക്ക് പോവേണ്ടെന്നാണ് അവൾ പറയുന്നത്.

 

അവളുടെ നിസ്സഹായതയും തിരിച്ചുചെല്ലാം ഒരിടം ഇല്ലാത്തതും വിധേയനായി തന്നെയിട്ട് ഭക്ഷണം വാങ്ങാൻ പോയ കാമുകനിലുള്ള വിശ്വാസത്തകർച്ചയുമാവാം അവളെ തന്നെ വേട്ടയാടിയവനിലേക്ക് ചെറുതായി അടുപ്പിക്കുന്നത്. വർത്തമാനകാലത്ത് നടക്കുന്ന പല പീഡനങ്ങളിലും സംഭവിക്കുന്ന ഒത്തുതീർപ്പുകളിലേക്ക് ഈ രംഗങ്ങളെ കണ്ണിചേർക്കുകയായിരിക്കാം സംവിധായകൻ ഇവിടെ. . ലൈംഗികമായി കീഴ്പ്പെടുത്തിയ ഇര ഇനിയെന്നും തന്റെ കാൽച്ചുവട്ടിൽ എന്ന് ആശാനെപ്പോലുള്ളവരും വഴികൾ അടഞ്ഞ താനിനി അവന്റെ കാൽക്കീഴിലെന്ന് ജാനുമാരും ചിന്തിക്കുന്നിടത്ത് ആശാന്മാർ തലയുയർത്തി നിന്നേക്കാമെന്ന ചിന്ത പങ്കുവെക്കുകയുമാവാം സംവിധായകൻ. . പക്ഷെ അപ്പോഴും പ്രത്യക്ഷത്തിൽ ഈ കാഴ്ചകൾ ഒരു സാധാരണ പ്രേക്ഷകന്റെ മനസ്സിൽ സൃഷ്ടിക്കുന്നത് എന്ത് തരം ചിന്തയായിയിരിക്കും എന്നതാണ് പ്രശ്നം.

ബലാത്സംഗത്തെ കാൽപ്പനികമായി കൈകാര്യം ചെയ്യുന്നവോ?

കാമുകിയോടൊത്ത് ചെറുതായി ബന്ധം പുലർത്താനുള്ള ആഗ്രഹം യാത്ര തിരിക്കുമ്പോൾ കാമുകനുണ്ട്. അത് നടക്കാത്തതിൽ അയാൾ നിരാശനുമാണ്. പക്ഷെ കാമുകിയെ ആശാൻ റേപ്പ് ചെയ്തതറിഞ്ഞ് അയാൾ തകർന്നുപോകുന്നു. ആശാനോട് വലിയ വിധേയത്വമുള്ള കാമുകന് പക്ഷെ അയാൾക്ക് മുമ്പിൽ കരയാനും കാലുപിടിക്കാനും മാത്രമെ സാധിക്കുന്നുള്ളു. എന്നാൽ ദുർബലനും വിധേയനുമായ കാമുകനെ കൈവിട്ട് തന്നെ പീഡിപ്പിച്ച ആശാന് വിധേയയാകുകയാണ് നായിക. ഒടുവിൽ ആശാനെ കാമുകൻ കൊലപ്പെടുത്തുമ്പോൾ ആ മൃതദേഹം നോക്കി കരയുന്നുമുണ്ട് നായിക. ഒടുവിൽ തലയ്ക്ക് കല്ലുകൊണ്ട് കുത്തി അവൾ കാമുകനെ കൊലപ്പെടുത്തുകയും ചെയ്യുന്നു.

ജാനു തന്നെ ക്രൂരമായി പീഡിപ്പിച്ച ആശാനോട് പുലർത്തുന്ന വിധേയത്വം സംവിധായകന്റെ ആൺ അധികാര ബോധത്തിന് ഉദാഹരണമാണ്. ബലാത്സംഗമെന്ന ക്രൂര കൃത്യത്തെ വളരെ കാൽപ്പനികമായി കൈകാര്യം ചെയ്യുന്നത് സമൂഹത്തിൽ ഏത് രീതിയിലുള്ള പ്രതികരണമാണ് ഉണ്ടാക്കുകയെന്നത് ചോദ്യചിഹ്നമായി തുടരുന്നു. ശക്തയായ നായികമാരെ ചുംബിച്ച് കീഴ്പ്പെടുത്തിയ കന്മദത്തിലെയും മഹായാനത്തിലെയും നായകന്മാരെ വെല്ലുന്ന തരത്തിൽ പാവപ്പെട്ട സ്‌കൂൾ വിദ്യാർത്ഥിനിയെ കീഴ്പ്പെടുത്തുന്ന ആശാന്റെ രംഗങ്ങൾ തികച്ചും ലാഘവത്തോടെയാണ് സംവിധായകൻ കൈകാര്യം ചെയ്യുന്നത്. പീഡിപ്പിക്കുന്ന ഒരാളുടെ മാനസികാവസ്ഥയോടെയാണോ സംവിധായകൻ ഈ രംഗങ്ങൾ ചിത്രീകരിച്ചത് എന്ന് പ്രേക്ഷകന് തോന്നുക സ്വാഭാവികം മാത്രമാണ്.

പ്രായപൂർത്തിയാവാത്ത ഒരു പെൺകുട്ടിക്ക് ചിലപ്പോൾ ഇങ്ങനെയൊരു തോന്നൽ ഉണ്ടായാലും അത്തരമൊരു അവസ്ഥ ചിത്രീകരിക്കുന്നത് ശരിയോ എന്ന് സ്വയമൊരു സെൻസറിങ്ങിലേക്ക് സംവിധായകൻ എത്തേണ്ടിയിരുന്നില്ലേ. ഇത്തരം കാഴ്ചകൾ എങ്ങിനെ സെൻസർ ബോർഡ് കാണാതെ പോയി. ഉന്നാവോയും തെലങ്കാനയും സൃഷ്ടിച്ച ഭീതിയിലാണ് സമൂഹമിപ്പോൾ. ഏത് നിമിഷവും പെൺകുട്ടികൾ പീഡിപ്പിക്കപ്പെടുന്നു. പീഡിപ്പിക്കപ്പെടുന്ന പെൺകുട്ടികൾ അത് ആസ്വദിക്കുന്നുവെന്ന ധാരണ പോലും ആണത്തം വെച്ചുപുലർത്തുമ്പോൾ ജാനുവിനെ ആശാന്റെ കാൽക്കീഴിൽ അടിയറ വെക്കുന്ന ദൃശ്യങ്ങൾ എത്രമാത്രം ഭീകരമാണെന്ന് കസബയെയും നരസിംഹത്തെയുമൊക്കെ ആക്രമിക്കുന്നവർ എന്തേ തിരിച്ചറിയുന്നില്ല എന്നതും ചോദ്യമാണ്.

പ്രമേയപരമായി ഇത്തരത്തിൽ വിമർശനം ഉന്നയിക്കുമ്പോഴും ആവിഷ്‌ക്കാരപരമായി മനോഹരമാണ് ചോല എന്ന് തന്നെ പറയാം. നിഗൂഡമായി പടർന്നു കിടക്കുന്ന മനസ്സെന്ന കാടിനെയും നേർത്തും വന്യമായും ഒഴുകുന്ന കാട്ടുചോലയെന്ന മനുഷ്യവികാരങ്ങളെയും ചേർത്തുപിടിച്ച് കഥപറയുകയാണ് സനൽകുമാർ. പ്രകൃതിയുടെ ഓരോ ഭാവങ്ങളും ചലനങ്ങളും അതിസൂക്ഷ്മമായി ഫ്രെയിമിൽ കവിത പോലെ ചേർത്തുവെക്കുന്നുണ്ട് അദ്ദേഹം. നിസ്സഹായായ ജാനുവായി നിമിഷ വിസ്മയിപ്പിച്ചു.

അലസമായ ശരീരഭാഷയ്ക്കും ചലനങ്ങൾക്കുമപ്പുറത്ത് അധികാരത്തിന്റെ അഹംഭാവത്തെ ഓരോ നോട്ടത്തിലും നിറച്ച് ആശാനെ ജോജുവും ഗംഭീരമാക്കി. വനീത വിധേയനായ പേരില്ലാ കഥാപാത്രത്തെ അവതരിപ്പിച്ച അഖിൽ എന്ന പുതുമുഖ നടൻ ശരിക്കും അദ്ഭുതപ്പെടുത്തി. കെ വി മണികണ്ഠനുമായി ചേർന്നാണ് സനൽ തിരക്കഥയൊരുക്കിയിരിക്കുന്നത്. ചെറിയ ചില വാക്കുകൾക്കപ്പുറം വലിയ സംഭാഷണങ്ങൾ പോലും സിനിമയിലില്ല. അജിത് ആചാര്യയുടെ ക്യാമറാക്കാഴ്ചകളും ദിലീപ് ദാസിന്റെ കലാസംവിധാനവും സിനിമയ്ക്ക് മാറ്റുകൂട്ടുന്നു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP