Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202401Friday

പ്രേക്ഷകർക്ക് ഒരു സൈക്കോ ഷോക്ക്; റൊഷാക്ക് അടിമുടി വെറൈറ്റി; ഒരു ഫിലിം ഫെസ്റ്റിവൽ സിനിമയിൽ കാണുന്നതു പോലുള്ള ഫ്രെയിമുകൾ; കോസ്ലപ്പിൽ വാർധക്യത്തിന്റെ അവശതകൾ പ്രകടമെങ്കിലും സ്റ്റെലിഷ് റോളിൽ മമ്മൂട്ടിയും; നിസാം ബഷീർ കഴിവുള്ള സംവിധായകൻ; ആകെയുള്ള കുഴപ്പം വെറൈറ്റി കൂടിപ്പോയതു കൊണ്ടുള്ള കൺഫ്യൂഷൻ!

പ്രേക്ഷകർക്ക് ഒരു സൈക്കോ ഷോക്ക്; റൊഷാക്ക് അടിമുടി വെറൈറ്റി; ഒരു ഫിലിം ഫെസ്റ്റിവൽ സിനിമയിൽ കാണുന്നതു പോലുള്ള ഫ്രെയിമുകൾ; കോസ്ലപ്പിൽ വാർധക്യത്തിന്റെ അവശതകൾ പ്രകടമെങ്കിലും സ്റ്റെലിഷ് റോളിൽ മമ്മൂട്ടിയും; നിസാം ബഷീർ കഴിവുള്ള സംവിധായകൻ; ആകെയുള്ള കുഴപ്പം വെറൈറ്റി കൂടിപ്പോയതു കൊണ്ടുള്ള കൺഫ്യൂഷൻ!

എം റിജു

റോഷാക്ക് എന്ന പേരുപോലെ വിചിത്രമാണ്, ഈ സിനിമയും. ആദ്യം നമുക്ക് റൊഷാക്ക് എന്നാൽ ശരിക്കും എന്താണെന്ന് നോക്കാം. ഇത് ഒരു സൈക്കോളജിക്കൽ ടെസ്റ്റ് ആണ്. 1921 ഹെർമൻ റോഷാക്ക് എന്ന സ്വിസ് സൈക്കോളജിസ്റ്റ് കണ്ടു പിടിച്ച ചികിത്സാരീതിയാണ് റോഷാക്ക് ടെസ്റ്റ്. വിദഗ്ധവും തന്ത്രപരവുമായ ഒരു സൈക്കോളജിക്കൽ ടെസ്റ്റ് എന്നാണ് ഇത് അറിയപ്പെടുന്നത്. തുടക്കത്തിൽ അത്ര പ്രചാരം കിട്ടിയില്ലെങ്കിലും 1960 കളോടെ ഈ ചികിത്സാരീതി വ്യാപകമായി.

ഒരു കടലാസിൽ മഷി ഒഴിച്ച് നടുവെ മടക്കി നിവർത്തിയാൽ ഇരുവശത്തും അവ്യക്തമായ ചില രൂപങ്ങൾ കാണാം. ഈ ചിത്രം മറ്റൊരാളുടെ മുന്നിൽ വച്ച് നിങ്ങൾ ഈ കടലാസിൽ എന്തു കാണുന്നു എന്നു ചോദിക്കും. ലഭിക്കുന്ന ഉത്തരത്തിന്റെ അടിസ്ഥാനത്തിൽ ആ വ്യക്തിയെക്കുറിച്ച് കൃത്യമായ ഒരു നിഗമനത്തിൽ എത്തുന്ന പ്രക്രിയയാണ് റോഷാക്ക് ടെസ്റ്റ്. അയാൾ എന്തു കാണുന്നു, അല്ലെങ്കിൽ എന്തു പറയുന്നു എന്നു തിരിച്ചറിഞ്ഞ് ആ വ്യക്തിയുടെ പ്രശ്നങ്ങൾ മനസിലാക്കുകയാണ് ലക്ഷ്യം. തീർത്തും അധികാരികം എന്ന് പറയാൻ കഴിയില്ലെങ്കിലും ഇന്നും പല മനഃശാസ്ത്രജ്ഞരും ഈ രീതി പിന്തുടരുന്നുണ്ട്.

പ്രേക്ഷക മനസ്സിലേക്കുള്ള ഒരു റോഷാക്ക് ടെസ്റ്റ് തന്നെയാണ് ഈ സിനിമയും. ഒരു സൈക്കോത്രില്ലർ എന്നൊന്നും പറഞ്ഞ് അതിനെ ഒതുക്കാൻ കഴിയില്ല. നമ്മുടെ സാമ്പ്രദായികമായ സിനിമാ ആസ്വാദന രീതികളെയെല്ലാം പുറത്തുനിർത്തി വേണം ഈ പടത്തിന് കയറാൻ. കാരണം, ഇത് ഒരു വ്യത്യസ്തമായ സിനിമയാണ്. ഭീഷ്മപർവം പോലൊ, മമ്മൂട്ടിയുടെ മാസ് മസാല കാണാനായി ടിക്കറ്റ് എടുക്കുന്ന ഒരു ഫാൻ ആണ് നിങ്ങൾ എങ്കിൽ ഈ ചിത്രം നിരാശപ്പെടുത്തും. മറിച്ച് വ്യത്യസ്തകളെയും വൈവിധ്യങ്ങളെയും ഇഷ്ടപ്പെടുന്ന ആളാണെങ്കിൽ പടം ബോധിക്കുകയും ചെയ്യും.

വെറെറ്റിയെന്നാൽ ഒടുക്കത്തെ!

അടിമുടി വ്യത്യസ്തയാണ് ഈ പടത്തിന്റെ പ്രത്യേക എന്ന് പറഞ്ഞല്ലോ. സാധാരണ മമ്മൂട്ടി സിനികളിൽ നായകനെ പരിചയപ്പെടുത്തുന്നപോലുള്ള മാസ് ഇൻട്രോ സീനുകളൊന്നും ചിത്രത്തിലില്ല. ചാറ്റൽ മഴയുള്ള ഒരു രാത്രിയിൽ, വിജനമായൊരു വഴിയുടെ ഒരപ്രതീക്ഷിത തിരിവിൽ നിന്ന് ലൂക്ക് ആന്റണി ഒരു പൊലീസ് സ്്റ്റേഷനിലേക്ക് നടന്നത് കയറുകയാണ്. കാർ ആക്ഡിന്റ് ആയപ്പോൾ തന്റെ തൊട്ടടുത്ത സീറ്റിൽ ഇരുന്ന ഭാര്യയെ കാണാനില്ല എന്ന പരാതിയുമായി. പൊലീസും ആ നാടുമെല്ലാം ലൂക്കിനൊപ്പം ആ ഹിൽസ്റ്റേഷനിലെ കാടുംമേടും അരിച്ച് പെറുക്കുന്നു. എന്നാൽ അവരെ കണ്ടെത്താൻ കഴിയുന്നില്ല.

കടുവയോ പുലിയോ തിന്നു എന്നതാണ് പൊലീസിന്റെ സംശയം. ഭാര്യ ഇനി ജീവനോടെ ഉണ്ടാവുമെന്ന് തങ്ങൾക്ക് പ്രതീക്ഷിയില്ല എന്ന് പറഞ്ഞിട്ടും ലൂക്ക് തെരച്ചിൽ നിർത്തുന്നില്ല. ആ കാട്ടിൽ ഒരു ടെന്റ് അടിച്ച് കൂടുകയാണ് അയാൾ. ഇത് പൊലീസിന് അലോസരമാവുന്നു. അവർ ആ വനഭൂമിയിൽനിന്ന് അയാളെ ഒഴിപ്പിക്കുന്നു. പക്ഷേ ഒരു നാട്ടുകാരന്റെ സഹായത്തോടെ ആ നാട്ടിൽ തന്നെ പണിതീരാത്ത ഒരു വീടുവാങ്ങി അങ്ങോട്ട് താമസം മാറ്റുകയാണ് ലൂക്ക്. അതോടെ ചിത്രത്തിന്റെ നിഗൂഢതകളും വർധിക്കുന്നു. ആരാണ് ഇയാൾ. ഭാര്യയെ അന്വേഷിച്ചാണോ ഇയാൾ ഈ കുഗ്രാമത്തിൽ എത്തിയത്.

തുടർന്നുള്ള നായകന്റെ അപ്രതീക്ഷിതവും പ്രവചനാതീതവും ആയ നീക്കങ്ങളും ചലനങ്ങളും നമ്മെ ഞെട്ടിക്കം. പ്രേക്ഷകർക്കുള്ള റോഷാക്ക് ടെസ്റ്റാണ് ലൂക്ക് എന്ന കഥാപാത്രം. ഭ്രമകൽപ്പനകളിലൂടെ കടന്നുപോവുന്ന ഈ കഥാപാത്രത്തിന്റെ യഥാർഥ മോട്ടീവ് അവസാനമേ മനസ്സിലാവൂ. വെറുതെ കണ്ടുപോകാനാവുന്ന ഒരു ചിത്രമല്ല റോഷാക്ക്, അവിടെ പ്രേക്ഷകരുടെ ശ്രദ്ധയും പൂർണ്ണമായ മുഴുകലും ആവശ്യമാണ്. റോഷാക്ക് ടെസ്റ്റു പോലെ, പേപ്പറിൽ പടർന്ന മഷിയിൽ നിന്ന് വ്യാഖ്യാനങ്ങളിലെത്തി ചേരുന്നതുപോലെ, ചിതറി കിടക്കുന്ന സൂചകങ്ങളിലൂടെ വേണം പ്രേക്ഷകർ കഥയിലേക്ക് ഊളിയിടാൻ.

ഇവിടെയാണ് ഈ ലേഖകന് ചിത്രത്തോട് കുറച്ച് വിയോജിപ്പുകൾ ഉള്ളത്. സെക്കന്റ് ഹാഫ് പുരോഗമിക്കുമ്പോൾ വെറൈറ്റിയുടെ ആധിക്യം സിനിമയ്ക്ക് ബാധ്യതയാവുന്നത് കാണാം. കാരണം തീർത്തും സാധാരണമെന്ന് പറയാവുന്ന കഥാതന്തുവിൽ ഇത്രത്തോളം ബിൽഡപ്പ് വേണോ എന്ന് നാം സംശയിച്ചുപോകും. അവസാന ഭാഗത്ത് വെറ്റൈിക്കുവേണ്ടി കറേ വെറൈറ്റി കയറ്റിയതുപോലെ തോന്നി.

മനുഷ്യരോട് യുദ്ധം ചെയ്യുന്നത്് മനസ്സിലാക്കാം. പക്ഷേ ചത്തുപോയവിന്റെ പ്രേതവുമായി യുദ്ധം ചെയ്യുന്ന, ഒരു കഥയാണിത്. ഇതടക്കം ലൂക്കിന്റെ കഥാപാത്രത്തിന്റെ ചെയ്തികൾക്കുള്ള കൃത്യമായ വിശദീകരണം നൽകാതെ അത് പ്രേക്ഷകന് വിട്ട് അപൂർണ്ണമായാണ് ചിത്രം അവസാനിക്കുന്നത്. ഈ ഭാഗങ്ങൾ ഒന്ന് ക്ലിയർ ചെയ്ത കഥയെ കൃത്യമായി എക്സിക്യൂട്ട് ചെയ്തിരുന്നെങ്കിൽ റോഷാക്ക് വലിയ സാമ്പത്തിക വിജയം കൊയ്യുന്ന ഒരു ചിത്രം ആവുമായിരുന്നു.

മലയാളിയായ മനോജ് നൈറ്റ് ശ്യാമളൻ എഴുതിയ 'സിക്സത്ത് സെൻസ്' ഹോളിവുഡ് ചിത്രം കണ്ടുനോക്കുക. വിഷയം അവർ പഴുതടച്ച് അവതരിപ്പിച്ചിരിക്കുന്നത് നോക്കുക.

മമ്മൂട്ടി തകർത്തുവെന്ന് പറയാൻ കഴിയുമോ?

ഫേസ്‌ബുക്കിൽ പലരും തള്ളി മറയ്ക്കുന്നതുപോലെ, മമ്മൂട്ടിയെന്ന് മഹാനടന്റെ അപരാമായ അഭിനയം ഈ ലേഖകന് ചിത്രത്തിൽ കാണാൻ കഴിഞ്ഞിട്ടില്ല. മമ്മൂട്ടിക്ക് അനായാസമായി ചെയ്യാൻ കഴിയുന്ന ഒരു കഥാപാത്രമാണിത്. ദുരൂഹതതയും നിഗൂഡതയും ഒളിപ്പിച്ചുവെച്ച ആ കഥാപാത്രത്തെ റിയലിസ്റ്റിക്കായി ചെയ്യുന്നുണ്ട് ഈ മഹാനടൻ. അല്ലാതെ നാലുപതിറ്റാണ്ട് പിന്നിട്ട അഭിനയ ജീവിതത്തിൽ ഇനിയും ഖനനം ചെയ്തിട്ടില്ലാത്ത ഒരുപാട് ഭാവങ്ങളൊന്നും ആ മുഖത്ത് വിടരുന്നില്ല. ഈ ചിത്രത്തിൽ അതിന്റെ ആവശ്യമുമില്ല. പക്ഷേ ക്ലോസ് അപ്പ് ഷോട്ടുകളിൽ മമ്മൂട്ടിയുടെ പ്രായാധിക്യം ശരിക്ക് പ്രകടമാണ്. ഈ എഴുപതാംവയസ്സിലും അദ്ദേഹം പ്രായം പിടിച്ചു നിർത്തുന്നത് തന്നെ മറ്റൊരു ലോകമഹാത്ഭുദം!

പക്ഷേ ഈ ചിത്രത്തിൽ ശരിക്കും മുതൽക്കൂട്ടായ രണ്ട് താരങ്ങൾ ജഗദീഷും ബിന്ദുപണിക്കരുമാണ്. ബിന്ദുപണിക്കരുടെ കഥാപാത്രത്തിന്റെ ബിൽഡപ്പ് ശരിക്കും അമ്പരപ്പിക്കുന്നത്. കഥ തുടങ്ങുമ്പോൾ ഒരുസാധാ കരച്ചിൽ പിഴിച്ചിൽ വീട്ടമ്മയായ ഈ കഥാപാത്രം എൻഡിങ്ങിൽ എങ്ങനെ മാറുന്നു എന്നത് കണ്ടുതന്നെ അറിയുക. ലോഹിതദാസിന്റെ സൂത്രധാരനുശേഷം ബിന്ദുപണിക്കരുടെ ഇത്രയും ശക്തമായ ഒരു കഥാപാത്രത്തെ കണ്ടിട്ടില്ല.

അതുപോലെ നടൻ ജഗദീഷിന്റെ ശക്തമായ തിരിച്ചുവരുവുകൂടിയാണ് ഈ പടം. 'ലീല' എന്ന രഞ്ജിത്ത് സിനിമയിലെ വിടനായ പിതാവിന്ശേഷം ഇത്രയും ശക്തമായ കഥാപാത്രത്തിൽ ജഗദീഷിനെ കാണുന്നത് ആദ്യമായാണ്. ടെലിവിഷനിലെ കോമഡി പരിപാടികളിൽ ആരോചകമായ ഗാനങ്ങൾ പാടിയും, വളിപ്പ് തഗ്ഗുകൾ അടിച്ചും കാലം കഴിക്കുകയായിരുന്നു ഈ നടന്റെ ശക്തമായ തിരിച്ചുവരവ് ആവട്ടെ ഈ ചിത്രം.

മമ്മൂട്ടിയുടെ ഹീറോയിൻ എന്ന് വിശേഷിപ്പിക്കത്തക്ക രീതിയിൽ നടി ഗ്രെയിസ് ആന്റണിയുടെ ഉയർച്ചയും ശ്രദ്ധേയമാണ്. കോട്ടയം നസീർ, ഷറഫുദ്ദീൻ, സഞ്ജു ശിവറാം തുടങ്ങി ചെറുതും വലുതുമായ വേഷം ചെയ്ത ആരും മോശമായിട്ടില്ല.

മാൻ ഓഫ് ദ മാച്ച് സംവിധായകൻ തന്നെ

അതുപോലെ വൈറ്റ് റൂം ടോർച്ചർ പോലുള്ള മാനസിക പീഡനങ്ങളും ചിത്രത്തിൽ റഫറനസായി വരുന്നുണ്ട്. ഒരു വ്യക്തിയെ പൂർണ്ണമായും വെളുത്ത നിറമുള്ള മുറിയിൽ അടച്ചിടുക. ചുമരുകൾ, തറ, മേശ, കട്ടിൽ, വേഷം, ഭക്ഷണം എല്ലാം വെളുത്ത നിറം. പുറംലോകവുമായി ഒരു ബന്ധവുമുണ്ടാകില്ല. പൂർണനിശബ്ദത. സ്വന്തം നിഴലുകൾ പോലും കാണാൻ സാധിക്കാത്ത വിധം നിയോൺ ട്യൂബുകൾ സ്ഥാപിക്കും. ശിക്ഷ ദിവസങ്ങളും മാസങ്ങളും വർഷങ്ങളും നീളാം. പതുക്കെ തടവുകാരന്റെ മാനസിക നില തെറ്റാൻ തുടങ്ങും. ഓർമകൾ നശിക്കും. ഈ പൈശാചിക രീതിക്കെതിരെ ആഗോള മനുഷ്യാവകാശ സംഘടനകൾ കടുത്ത ഭാഷയിൽ രംഗത്തെത്തിയിരുന്നു. സമാനമായ ഒരു രംഗം ചിത്രത്തിലുണ്ട്. ഈ രീതിയിൽ ചിന്തിക്കാനുള്ള ഒരുപാട് സാധ്യതകൾ ചിത്രം ഉണ്ടാക്കുന്നുണ്ട്.

പടത്തിന്റെ മാൻ ഓഫ് ദി മാച്ച് എന്ന് പറയുന്നത്, സംവിധായകൻ നിസാം ബഷീർ തന്നെയാണ്. ഒരു ഫിലിം ഫെസ്റ്റിവൽ മൂവി കാണുന്നതുപോലെ സുന്ദരമാണ് ചിത്രത്തിന്റെ മേക്കിങ്ങ്. 'കെട്ട്യോളാണ് എന്റെ മാലാഖ' എന്ന ആദ്യ ചിത്രത്തിൽനിന്നും റോഷാക്കിലേക്ക് എത്തുമ്പോൾ തീർത്തും വ്യത്യസ്തമായൊരു ട്രീറ്റ്മെന്റാണ് സ്വീകരിച്ചിരിക്കുന്നത്. ഇതുപോലെ മേക്കിങ്ങിൽ പുതുമ കൊണ്ടുവരാൻ കഴിയുന്നവർ ഇല്ലാത്തതുകൊണ്ടാണ് മലയാള സിനിമ ഒരേ കുറ്റിയിൽ കിടന്ന് കറങ്ങുന്നത്. അതുപോലെ ഒരു കഥകൊണ്ടുവന്ന സമീർ അബ്ദുളിനെയും സമ്മതിക്കണം.

ചിത്രത്തിന്റെ കളർ ടോൺ, നിമിഷ് രവിയുടെ സിനിമോട്ടോഗ്രാഫി, കിരൺ ദാസിന്റെ എഡിറ്റിങ് തുടങ്ങിയ സാങ്കേതികമായ വശങ്ങളും മികവു പുലർത്തുന്നു. സൗണ്ട് ഡിസൈർ മിഥുൻ മുകുന്ദനുമാണ് റോഷാക്കിലെ മറ്റൊരുതാരം. അസാധ്യമായ ആമ്പിയൻസാണ് സൗണ്ട് ഉണ്ടാക്കുന്നത്. അതുപോലെ ആ ഇംഗ്ലീഷ് ലിറിക്ക്സും സൂപ്പർ ആണ്. അതും മനോഹരമായ ക്യാമറാവർക്കും ആവുമ്പോൾ വേറെ ഏതോ ലോകത്ത് എത്തിയ പ്രതീതിയാണ്.

മമ്മൂട്ടിയുടെ നിർമ്മാണ സംരംഭമായ മമ്മൂട്ടി കമ്പനി ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് ആണ് റോഷാക്ക് റിലീസ് ചെയ്തിരിക്കുന്നത്. ചരുക്കിപ്പറഞ്ഞാൽ കംപ്ലീറ്റ് ആയൊരു, മമ്മൂട്ടി ചിത്രം തന്നെയാണിത്. എന്നിട്ടും മാസ് മൂവിയാക്കി കോടികൾ വാരുന്നതിന് പകരം ചിത്രത്തെ ഒരു ക്ലാസ് മൂവിയാക്കാനുള്ള ശ്രമമാണ് മമ്മൂട്ടി അടക്കമുള്ളർ നടത്തിയത്. അതും അഭിനന്ദനീയം.

വാൽക്കഷ്ണം: ആസിഫ് അലിയുടെ കഥാപാത്രമാണ് ഈ പടത്തിൽ പ്രതിനായകൻ. അതും ലോക ചരിത്രത്തിൽ ഇന്നുവരെയില്ലാത്ത വെറൈറ്റിയാണ്. മുഖംമൂടിയിട്ട് വരുന്ന ഈ കഥാപാത്രം ആസിഫ് തന്നെ ആയിരുന്നോ എന്ന് തിരിച്ചറിയാൻ നമുക്ക് മാർഗമൊന്നുമില്ല. ചിത്രത്തിന്റെ കാസ്റ്റ് ആൻഡ് ക്രൂ എഴുതിക്കാട്ടുന്നതിൽ ആസിഫിന്റെ പേര് ഉണ്ടെന്ന് സമാധാനിക്കാം. വല്ലാത്ത ഒരു വെറൈറ്റി ആയിപ്പോയി ഇതും!

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP