Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202225Sunday

കടലിൽ വീണ റോക്കറ്റ്! നമ്പി നാരായണന്റെ സംഭവ ബഹുലമായ ജീവിതകഥ കുളമാക്കി മാധവനും കൂട്ടരും; ചത്ത തിരക്കഥയും ഉറക്കംതൂങ്ങി സംഭാഷണങ്ങളുമായി ആകെ ബോറടി മയം; വിദേശികൾ മലയാളം പറയുന്ന ഡബ്ബിങ്ങും കോമഡി; 'റോക്കട്രി ദ നമ്പി ഇഫ് ക്ട് 'ഒരു ദുരന്ത സിനിമ

കടലിൽ വീണ റോക്കറ്റ്! നമ്പി നാരായണന്റെ സംഭവ ബഹുലമായ ജീവിതകഥ കുളമാക്കി മാധവനും കൂട്ടരും; ചത്ത തിരക്കഥയും ഉറക്കംതൂങ്ങി സംഭാഷണങ്ങളുമായി ആകെ ബോറടി മയം; വിദേശികൾ മലയാളം പറയുന്ന ഡബ്ബിങ്ങും കോമഡി; 'റോക്കട്രി ദ നമ്പി ഇഫ് ക്ട് 'ഒരു ദുരന്ത സിനിമ

എം റിജു

''തുമ്പയിൽനിന്ന് റോക്കറ്റ് പരീക്ഷിക്കുന്ന ദിവസം മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത് എന്ന് അറിയിപ്പ് കിട്ടും.''- 80കളിലും 90കളിലുമൊക്കെ മലയാളികൾക്കിടയിൽ പ്രചരിച്ച തമാശയായിരുന്നു ഇത്. അതായത് ഐസ്ആർഒയുടെ റോക്കറ്റ് പരീക്ഷണം എന്തായാലും പാളുമെന്നും, അത് കടലിൽ പതിക്കുമെന്നുമായിരുന്നു നമ്മുടെ മുൻവിധി. (സത്യത്തിൽ ഇത് അക്കാലത്തെ പത്രക്കാർ ഉണ്ടാക്കിയ ഒരു തെറ്റിദ്ധാരണ മാത്രമായിരുന്നു. ലോകത്തിലെ ഏത് സ്പേസ് ഏജൻസിയേക്കാളും സക്സസ് റേറ്റ് ഉള്ള സ്ഥാപനമാണ് ഐഎസ്ആർഒ. മറ്റുരാജ്യങ്ങളുടെ ബജറ്റിന്റെ പത്തിലൊന്ന് വച്ചാണ് നാം പ്രവർത്തിക്കുന്നത് എന്നും ഓർക്കണം. പക്ഷേ നമ്മുടെ പരാജയങ്ങൾ പർവതീകരിക്കപ്പെട്ടു.) സമാനതകൾ ഇല്ലാത്ത ദുരിത ജീവിതത്തിലൂടെ കടന്നുപോയ, പ്രഗൽഭനായ റോക്കറ്റ് ശാസ്ത്രജ്ഞൻ നമ്പി നാരായണന്റെ, ജീവിതം നടൻ മാധവൻ സിനിമയാക്കിയപ്പോൾ പ്രതീക്ഷകൾ ഏറെ ആയിരുന്നു. ചിത്രം കണ്ടുകഴിഞ്ഞപ്പോൾ കടലിൽപോയ റോക്കറ്റിന്റെ അതേ അനുഭവം ആയിപ്പോയി!

ഒറ്റവാക്കിൽ പറഞ്ഞാൽ, ഒന്നാന്തരം ഒരു പ്രമേയത്തെ കുളമാക്കി നശിപ്പിച്ച സിനിമയാണ് റോക്കട്രി ദ നമ്പി ഇഫ്ക്ട്. മോശം സംവിധാനം, ചത്ത തിരക്കഥ, ഉറക്കം തൂങ്ങി സംഭാഷണങ്ങൾ, തൊട്ട് ബുഹുഭാഷകളിൽ നിർമ്മിച്ച ഈ ചിത്രത്തിന്റെ ഡബ്ബിങ്ങ് പോലും യാതൊരു സെൻസും ഇല്ലാതെയാണ്. ഫ്രാൻസിലും റഷ്യയിലും അമേരിക്കയിലും ഒക്കെയായി, ഒരു പാൻ വേൾഡ് സിനിമയായി മുന്നേറുന്ന ചിത്രത്തിൽ, വിദേശികൾ ഉൾപ്പടെ എല്ലാവരും മലയാളം സംസാരിക്കുന്നത് വല്ലാത്ത കല്ലുകടിയായി. അതും കൊച്ചുടീവിയിൽ ഇംഗ്ലീഷ് കാർട്ടൂണുകൾ മലയാളത്തിലാക്കുന്നതുപോലുള്ള ആരോചകമായ ഭാഷയിൽ!

ഇതിന് പകരം ഇംഗ്ലീഷ് ഡയലോഗുകൾ അങ്ങനെ തന്നെ നിലനിർത്തി, താഴെ പ്രാദേശിക ഭാഷയിൽ സബ്ടൈറ്റിലായി എഴുതിക്കാണിച്ചിരുന്നെങ്കിൽ ഈ വെറുപ്പിക്കലിന്റെ ഭയാനക വേർഷൻ ഒഴിവാക്കാമായിരുന്നു. പക്ഷേ അതിനൊക്കെയുള്ള ഒരു സമാന്യ ബുദ്ധിപോലും, ഇത്രയും കോടികൾ മുടക്കിയെടുന്ന ചിത്രത്തിന്റെ അണിറയറക്കാർക്ക് തോന്നിയില്ല എന്നത് അതിശയിപ്പിക്കുന്നതാണ്.

ഒന്നാം പ്രതി മാധവൻ തന്നെ

ഇന്ത്യയുടെ അഭിമാനമായ നമ്പർ വൺ ശാസ്ത്രജ്ഞൻ എന്ന പദവിയിൽനിന്ന് ഒരു സുപ്രഭാതത്തിൽ, ഇന്ത്യയുടെ റോക്കറ്റ് ടെക്ക്നോളജി പാക്കിസ്ഥാന് ചോർത്തിക്കൊടുത്ത ചാരൻ എന്ന നിലയിലേക്ക് മാറുക. സമൂഹം ഒറ്റപ്പെടുത്തി കല്ലെറിയുക. അറസ്്റ്റ് ചെയ്ത് ജയിലിട്ട് പീഡിപ്പിക്കുക. ആർക്കുവേണ്ടി, എന്തിനുവേണ്ടി. ഇതിന് പിറകിലുള്ള പ്രാദേശികവും രാഷ്ട്രാന്തരീയവുമായ ഗൂഢാലോചനയെന്ത്. ശരിക്കും ഒരു ത്രില്ലർ എന്ന നിലയിൽ എടുക്കാവുന്ന ഒരു കഥയിൽ, ഒന്നോ രണ്ടോ ഇടത്ത് ഒഴിച്ചു നിർത്തിയാൽ യാതൊരു ത്രില്ലും കിട്ടുന്നില്ല. പുറംലോകത്തിന് അത്രയെന്നും അറിയാത്ത, നമ്പി നാരായണൻ എന്ന ശാസ്ത്രജ്ഞന്റെ യൗവനമാണ് ആദ്യപകുതി പറയുന്നത്. തൊണ്ണൂറുകളിൽ കോളിളക്കം സൃഷ്ടിച്ച ചാരക്കേസിന്റെ പിന്നിലുള്ള യഥാർത്ഥ വസ്തുതകളാണ് രണ്ടാംപകുതിയിൽ.

സാറ്റലൈറ്റും റോക്കറ്റുമൊക്കെ, പ്രതിരോധം, കാലവസ്ഥാ നിരീക്ഷണം തൊട്ട് വാർത്താ വിനിമയത്തിൽവരെ വലിയ പങ്കുവഹിക്കുന്ന സാധനങ്ങളാണ്. പ്രപഞ്ച രഹസ്യങ്ങൾ തേടുക മാത്രമല്ല, ഇന്ത്യയിലെ കോടിക്കണക്കിന് മനുഷ്യരുടെ ദാരിദ്ര്യ ലഘൂകരത്തിലും ഐസ്ആർഒ ആ അർഥത്തിൽ വലിയ പങ്കുവഹിക്കുന്നുണ്ട്. ഒരു റോക്കറ്റ് പൊങ്ങിയാൽ ഈ രാജ്യത്തിന് എന്താണ് നേട്ടം എന്ന് പ്രേക്ഷകന് അറിഞ്ഞാൽ മാത്രമേ, അവന് ആ രീതിയിൽ വികാരം ഉണ്ടാവൂ. ഈ പടത്തിൽ പറ്റിപ്പോയ ഒരു പ്രധാന പാളിച്ച ഈ അറിവ് എത്തിക്കാൻ കഴിയാതെ പോയതാണ്. സോളിഡ് പ്രൊപ്പൽഷനിൽനിന്ന് ലിക്വിഡിലേക്ക് എന്നൊക്കെ ചിത്രത്തിൽ പറയുമ്പോൾ സാധാരണ പ്രേക്ഷകന് ഒന്നും മനസ്സിലാവുന്നില്ല. അത് എന്താണെന്ന് രജിസ്റ്റർ ചെയ്ത കഥയിലേക്ക് കടക്കുക, എന്ന കൊമോർഷ്യൽ സിനിമയിലെ സാധാരണ രീതി മാധവൻ സ്വീകരിച്ചിട്ടില്ല.

കഥ, തിരക്കഥ, സംവിധാനം, അഭിനയം, നിർമ്മാണ പങ്കാളിത്തം- നടൻ എന്ന റോളിൽമാത്രം നമുക്ക് പരിചയമുള്ള മാധവന്റെ ഓൾറൗണ്ടർ പെർഫോമൻസാണ് റോക്കട്രി. മാധവന്റെ ആദ്യ സംവിധാന സംരംഭമാണിത്. ഇംഗ്ലിഷ്, ഹിന്ദി, തമിഴ്, മലയാളം, തെലുങ്ക് എന്നീ അഞ്ച് ഭാഷകളിൽ നിർമ്മിക്കുന്ന ഈ ചിത്രം ശരിക്കും വല്ലാത്ത ഒരു അവസരം കൂടിയായിരുന്നു. വിക്രം സാരാഭായിയും, എപിജെ അബ്ദുൽകലാമും, സതീഷ്ധവാനും, യൂറി ഗഗാറിനുമൊക്കെ കഥാപാത്രങ്ങളായി വരുന്ന, ഫ്രാൻസ് മുതൽ റഷ്യവരെ കഥ നീളുന്ന ഒരു ബ്രഹ്‌മാണ്ഡ ചിത്രം.

പക്ഷേ ചില മികച്ച രംഗങ്ങൾ ഉണ്ട് എന്നല്ലാതെ ചിത്രത്തെ ഓവറോൾ മികച്ചതാക്കാൻ കഴിഞ്ഞിട്ടില്ല. എല്ലാം ഒറ്റക്ക് ഏറ്റെടുത്ത്്, ബാലചന്ദ്രമേനോന് പഠിക്കാതെ, പണിയറിയുന്ന ഒരാളെ സംവിധാനം ഏൽപ്പിച്ചിരുന്നെങ്കിൽ റോക്കട്രിയുടെ ഗതി മറ്റൊന്ന് ആവുമായിരുന്നു. ( ആധുനിക കാലത്ത് എല്ലാം കൂടി ഒരാൾ ചെയ്യുന്ന രീതിയില്ല. സന്തോഷ് പണ്ഡിറ്റിനെപ്പോലെയുള്ളവരാണ് ഇപ്പോൾ ഇങ്ങനെ ചെയ്യുന്നത്) ഇതുപോലെ ഒരു കഥ ലോകേഷ് കനകരാജിനോ, നമ്മുടെ അമൽ നീരദിനോ ഒക്കെ കിട്ടുകയാണെങ്കിൽ എന്തായിരിക്കും അവസ്ഥ.

മാധവൻ ഒരു മികച്ച നടനാണ്. പക്ഷേ മോശം സംവിധായകനും തിരക്കഥാകൃത്തുമാണെന്ന് ഈ ചിത്രം തെളിയിക്കുന്നു. ഈ പടം മോശമായതിന്റെ ഒന്നാം പ്രതിയും മറ്റാരുമല്ല. വീണ്ടുമൊരു പാൻ ഇന്ത്യൻ ഹിറ്റ് സൃഷ്ടിച്ച് ദക്ഷിണേന്ത്യൻ സിനിമയെ ഒന്നാമതെത്തിക്കാനുള്ള ഒരു അവസരമാണ് ഇതിലുടെ നഷ്ടമായത്.

വികാര രഹിതമായ രംഗങ്ങൾ

'അലെപ്പായുതേ' ഫെയിം മാധവൻ തന്റെ കരിയറിലെ നല്ലൊരു കാലഘട്ടം ചോക്ലേറ്റ് വേഷങ്ങളാണ് ചെയ്തത്. പിന്നീട് വിക്രം-വേദ പോലെയുള്ള ചിത്രങ്ങളിലൂടെയാണ് മാധവനിലെ നടനെ നാം കണ്ടത്. രൂപം കൊണ്ടുമാത്രമല്ല കഥാപാത്രത്തിന്റെ സൂക്ഷ്മാംശങ്ങളിൽ പോലും മാധവൻ, നമ്പി നാരായണനിലേക്ക് മാറുന്നുണ്ട്. പക്ഷേ മാധവന്റെ പ്രകടനം ഒഴിച്ചാൽ ബാക്കിയുള്ളവരുടെ കഥ കണക്കാണ്. മാധവന്റെ ഭാര്യയായി എത്തുന്ന സിമ്രാൻ പഴയ പ്രതാപത്തിന്റെ നിഴൽ മാത്രമാണ്. മൊത്തത്തിൽ ഓവർ ഡ്രമാറ്റിക്കായ കഥാപാത്രം. അതുപോലെ നമ്പിയുടെ മക്കളായും, മരുമകനായും സഹപ്രവർത്തകർ ആയും വരുന്നവരിൽ ഭൂരിഭാഗത്തിന്റെയും അഭിനയം വികാരരഹിതമാണ്. വിദേശ നടന്മാരാണ് പിന്നെയും നന്നായിട്ടുള്ളത്. അഞ്ച് ഭാഷകളിൽ കഥ പറയുന്ന ചിത്രത്തിന്റെ തമിഴ് പതിപ്പിൽ സൂര്യയും, ഹിന്ദിയിൽ സാക്ഷാൽ ഷാറുഖ് ഖാനും അതിഥി വേഷങ്ങളിൽ എത്തുന്നുണ്ട്. പക്ഷേ അവർക്ക് ചിത്രത്തിന്റെ പ്രധാന ഘടനയിൽ ഒന്നും ചെയ്യാനാവില്ലല്ലോ.

അതുപോലെ തന്നെ നമ്പി നാരായണനെ കുടുക്കിയ ചാരക്കേസിലെ രാഷ്ട്രീയക്കളികൾ ചിത്രം പറയുന്നില്ല. അത് പരാമർശിച്ച് പോവുന്നു എന്നുമാത്രം. മറിയം റഷീദയുടെയും ഫൗസിയ ഹസ്സന്റെയും കഥാപാത്രങ്ങളെ തീരെ ഡെവലപ്പ് ചെയ്തിട്ടില്ല. ഒറ്റ സീനിൽ ഒതുങ്ങുന്ന രീതിയിൽ പരാമർശിച്ച് പോവുകയാണ്. ശരിക്കും അങ്ങേയറ്റം സിനിമാറ്റിക്കും, മനുഷ്യാവകാശത്തിനായി വാദിക്കുന്നവർ ഓർമ്മിക്കേണ്ടതുമായ സംഭവങ്ങളായിരുന്നു അതെല്ലാം. റോക്കറ്റിന്റെ സാങ്കേതിക അൽപ്പം കുറച്ച്, മാനുഷികമായ ഇത്തരം ഭാഗങ്ങൾ ഡെവലപ്പ് ചെയ്യുകയായിരുന്നെങ്കിൽ ചിത്രം ജനകീയമാവുമായിരുന്നു. പലയിടത്തും ചിത്രം റോക്കറ്റ് സയൻസിനെക്കുറിച്ചുള്ള ഡോക്യുമെന്റിപോലെ ആവുന്നുണ്ട്.

മാധവന്റെ സംവിധാനത്തിലെ പരിചയക്കുറവിന്റെ അമേച്വറിസം ചിത്രത്തിൽ പലയിടത്തുമുണ്ട്. അവസാന രംഗങ്ങൾ അതിന് കൃത്യമായ ഉദാഹരണം. നമ്പി നാരായണനായി വേഷമിട്ട മാധവൻ, കെജിഎഫ് മോഡലിൽ ഒരു ചാനലിന് അഭിമുഖം കൊടുക്കുന്ന രീതിയിലാണ് കഥ അനാവരണം ചെയ്യുന്നത്. പക്ഷേ അവസാനം എത്തുമ്പോൾ, മാധവൻ പൊടുന്നനെ മാറി സാക്ഷാൽ നമ്പി നാരായണൻ നേരെ സ്‌ക്രീനിൽ പ്രത്യക്ഷപ്പെടുകയാണ്. പിന്നെ ഒറിജിനൽ നമ്പി നാരായണനോടാണ്, അഭിമുഖം നടത്തുന്ന നടൻ സൂര്യ മാപ്പു ചോദിക്കുന്നതൊക്കെ. ഈ സീൻ ഇടേണ്ടിയിരുന്നത് ചിത്രം കഴിഞ്ഞിനശേഷം ടെയിൽ എൻഡ് പോലെയാണ്. അല്ലാതെ കഥ നടക്കുന്നതിനിടെ പെട്ടെന്ന് ഒറിജിനലിലേക്ക് മാറിയല്ല. ബാലിശം എന്നേ ഇതിനൊക്കെ പറയാൻ കഴിയൂ.

നമ്പി നാരായണന് ഒരു ട്രിബ്യൂട്ട്

താൻ അനുഭവിച്ച കൊടിയ പീഡനത്തിന്റെയും, അടങ്ങാത്ത പോരാട്ട വീര്യത്തിന്റെയും പ്രതിഫലനമായിരുന്നു, നമ്പി നാരായണന്റെ ആത്മകഥ 'ഓർമകളുടെ ഭ്രമണപഥം' എന്ന പുസ്തകം. ഇത് വായിക്കുമ്പോൾ കിട്ടുന്ന ഇഫക്റ്റ്പോലും ഈ സിനിമക്ക് കിട്ടുന്നില്ല. ( ഭ്രമണപഥത്തിന്റെ രചയിതാവും, ക്യാപ്റ്റൻ, വെള്ളം, മേരി ആവാസ് സുനോ, എന്നീ ചിത്രങ്ങളുടെ സംവിധായകനുായ ജി പ്രജീഷ് സെൻ, റോക്കട്രിയുടെ കോ ഡയറക്ടറാണ്)

പക്ഷേ ഒരു കാര്യത്തിൽ ചിത്രത്തെ അംഗീകരിക്കണം. അതായത് ആരാണ് ഈ ചാരക്കഥക്ക് പിന്നിൽ എന്നതിന്റെ യഥാർഥ ചിത്രത്തിലേക്ക് പടം വിരൽ ചൂണ്ടുന്നുണ്ട്. ചാരക്കേസ് മൂലമുണ്ടായ നഷ്ടം നമ്പി നാരായണൻ എന്ന വ്യക്തിക്കുമാത്രമല്ല രാജ്യത്തിനുകൂടിയാണ്. ക്രയോജനിക് സാങ്കേതിക വിദ്യയിൽ ഇന്ത്യ വർഷങ്ങൾ പിന്നോക്കം പോയി. ആഗോള ഉപഗ്രഹ-വിക്ഷേപണ മാർക്കറ്റിലേക്കുള്ള നമ്മുടെ പ്രവേശനം വൈകി. ഇന്ത്യയെ തകർക്കാനുള്ള ഒരു അന്താരാഷ്ട്ര ഗുഢാലോചന ഈ വിഷയത്തിൽ നടന്നുവന്നതിന്റെ കൃത്യമായ സൂചനകൾ ചിത്രം നൽകുന്നുണ്ട്.

ഇഴഞ്ഞ് നീങ്ങിയിരുന്ന, ഇന്ത്യൻ റോക്കറ്റ് സയൻസിനെ നടു നിവർത്തി, അതിനെ കോടികളുടെ ബഹിരാകാശ മാർക്കറ്റിൽ മത്സരിപ്പിക്കാൻ സജ്ജനാക്കിയ വ്യക്തിയായിരുന്നു നമ്പി നാരായണൺ. ലിക്വിഡ് പ്രൊപ്പൽഷൻ മൊഡ്യൂൾ ആയ വികാസ് എൻജിന്റെ ഭാരതത്തിലെ ഉപജ്ഞാതാവും ഐസ്ആർഒയിലെ ക്രയോജനിക് വിഭാഗത്തലവനുമായ ആ മഹനായ ശാസ്ത്രജ്ഞനെ ചാരനാക്കി പീഡിപ്പിച്ചതോർക്കുമ്പോൾ രാജ്യം ലജ്ജിച്ച് തലതാഴ്‌ത്തണം. ( അന്ന് നമ്പി നാരായണനെ അറസ്റ്റ്ചെയ്യാൻ കൂട്ടുനിന്ന ഐബിയിലെ ഉദ്യോഗസ്ഥൻ ആർ ബി ശ്രീകുമാർ, ഇന്ന് ഗുജറാത്ത് കലാപക്കേസിൽ തെറ്റായ വിവരങ്ങൾ നൽകിയെന്ന കുറ്റം ചൂമത്തപ്പെട്ട് ജയിലിൽ ആണെന്നും ഓർക്കണം) നമ്പി നാരായണൺ എന്ന മഹാനായ വ്യക്തിത്വത്തിനുള്ള ഒരു ട്രിബ്യൂട്ട് എന്ന നിലയിൽ മാത്രമായിരിക്കും ഈ ചിത്രം ഭാവിയിൽ ഓർമ്മിക്കപ്പെടുക.

വാൽക്കഷ്ണം: ഐഎസ്ആർഒ ചാരക്കേസിനെ സംബന്ധിച്ച് പറയുമ്പോൾ, ഏറ്റവും നാണംകെട്ട കളി കളിച്ചത് മലയാള മനോരമ പത്രമാണ്. മറിയ റഷീദയുടെ കിടപ്പറയുടെ ട്യൂണ മത്സ്യത്തെക്കുറിച്ചൊക്കെ മനോരമ എഴുതിയ നുണകൾ ഞെട്ടിപ്പിക്കുന്നതായിരുന്നു. അതിന്റെ ചുവടുപിടിച്ച് മറ്റ് പത്രങ്ങളും രംഗത്തുവന്നു. പക്ഷേ ഈ ലജ്ജാവഹമായ മാധ്യമ സംസ്‌ക്കാരത്തെക്കുറിച്ചൊന്നും ചിത്രം പറയുന്നില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP