Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202001Sunday

മാനസിക രോഗികൾക്ക് ഷോക്ക് ചികിത്സക്ക് പകരം ഹായ് അയാം ടോണി കാണിക്കുക; മംഗ്‌ളീഷ് താരജാഡയുടെ വാടയിൽനിന്നും വന്ന കെട്ട ഭക്ഷണം; അവതാരം അറുബോറൻ സിനിമകളുടെ തലതൊട്ടപ്പൻ; തമ്മിൽ ഭേദം വിക്രമാദിത്യൻ: പൊട്ടിത്തീരുന്ന പെരുന്നാൾ ചിത്രങ്ങൾ

മാനസിക രോഗികൾക്ക് ഷോക്ക് ചികിത്സക്ക് പകരം ഹായ് അയാം ടോണി കാണിക്കുക; മംഗ്‌ളീഷ് താരജാഡയുടെ വാടയിൽനിന്നും വന്ന കെട്ട ഭക്ഷണം; അവതാരം അറുബോറൻ സിനിമകളുടെ തലതൊട്ടപ്പൻ; തമ്മിൽ ഭേദം വിക്രമാദിത്യൻ: പൊട്ടിത്തീരുന്ന പെരുന്നാൾ ചിത്രങ്ങൾ

എം മാധവദാസ്

ലയാളപ്രേക്ഷകരുടെ ക്ഷമയും സഹനവും സമ്മതിക്കണം. ധന-സമയ നഷ്ടങ്ങൾ ചൂണ്ടിക്കാട്ടി അവർ തീയറ്ററുകൾക്ക് തീവെക്കാനൊന്നും മുതിരുന്നില്ലല്ലോ. പെരുന്നാൾ ചിത്രങ്ങളായി ഇറങ്ങിയ, 'വിക്രമാദിത്യൻ' ഒഴികെയുള്ള അറുബോറൻ സിനിമകൾ കണ്ടിട്ടും യായൊരു പ്രതിഷേധവുമില്ലാതെ ഇറങ്ങിവരുന്നവരെ നമിക്കണം. മലയാള സിനിമയുടെ പോക്ക് പിറകോട്ടാണെന്ന് ഒരു ഫെസ്റ്റിവൽ സീസൺകൂടി തെളിയിക്കുന്നു. ഈ പെരുന്നാളിനിറങ്ങിയ മലയാള സിനിമകളിലൂടെ ഒരു ഓട്ട പ്രദക്ഷിണം.

ടോണി: ഒരു കുതിരവട്ടം സിനിമ

ഹായ് അയാം ടോണിയെക്കുറിച്ച് എഴുതാൻ തന്നെ സത്യത്തിൽ പേടിയാണ്. ഫേസ്‌ബുക്കിൽ പോസ്റ്റിട്ടതിന് ആസിഫലി ആരാധകർ ആളെവിട്ട് തല്ലിക്കയാണെങ്കിൽ ലേഖനമെഴുത്തുകാരുടെ സ്ഥിതിയെന്താവും. (യെവനൊക്കെ ഇപ്പോഴേ ഇങ്ങനെയാണെങ്കിൽ, നീർക്കോലി മൂത്ത് ചേരയാവുമെന്ന സങ്കല്പംപോലെ എങ്ങാനും ഒരു സൂപ്പർമെഗാ സ്റ്റാറായിപ്പോയാലുള്ള അവസ്ഥയെന്താവും. ഇതൊക്കെവച്ച് നോക്കുമ്പോൾ നമ്മുടെ സൂപ്പർ താരങ്ങൾ എത്ര ജനാധിപത്യവാദികളാണ്. ഫാൻസുകാരെവിട്ട് നിരൂപകരെയൊക്കെ നിഷ്പ്രയാസം കൈകാര്യംചെയ്യാമെന്നുണ്ടായിട്ടും അവരതിന് തുനിയുന്നില്ലല്ലോ) കുറ്റം പറയരുതല്ലോ. ലാൽജൂനിയറിന്റെ സിനിമ വൈദ്യശാസ്ത്ര ആവശ്യങ്ങൾക്കായി ഉപയോഗിക്കാവുന്ന ഒരു ഉത്കൃഷ്ട സൃഷ്ടിയാണ്. അതീവ മാനസിക പ്രശ്‌നമുള്ളവർക്ക് ഷോക്ക് ചികൽസക്ക് പകരം ഇനി ഈ സിനിമ കാണിച്ചാൽ മതിയാവും! അത്രക്ക് കൂതറയാണ് ഈ പടപ്പ്.

യാതൊരു പുതുമയുമില്ലാത്ത കഥയിൽ, തലങ്ങും വിലങ്ങും കാമറ കറക്കി ഡാർക്ക്‌ഷേഡ് കൂട്ടി എന്തൊക്കെയൊ എടുത്തുവച്ച് ഹൈസ്പീഡിൽ എഡിറ്റു ചെയത് വച്ചിരിക്കുന്നു. കുട്ടികൾപോലും ഈ ചിത്രം കണ്ട് പരിഹസിച്ചാണ് ഇറങ്ങിപ്പോകുന്നത്. ഭ്രമരം, കോക്ക്‌ടെയിൽ തുടങ്ങിയ സിനിമകളിൽ കണ്ട അതേ പ്രമേയമാണ് അല്പം മാറ്റത്തോടെ ലാൽ ജൂനിയർ പൊടിതട്ടിയെടുത്തത്. സന്തോഷകരമായി ജീവിക്കുന്ന ഒരു കുടുംബം. ഒരുനാൾ അവരിലേക്ക് വന്നുകയറുന്ന അപരിചിതൻ. അയാൾ സൃഷ്ടിക്കുന്ന പ്രശ്‌നങ്ങൾ. ഒടുവിൽ അടി, ഇടി,വെട്ട്, കുത്ത് തുടങ്ങിയ പതിവ് കലാപരിപാടികളും.

മനുഷ്യരുടെ സാമാന്യബുദ്ധിയെ പരിഹസിക്കുന്ന സീനീകളുടെ ഘോഷയാത്രയാണ് ചിത്രത്തിൽ. ഒരു സാമ്പിൾ നോക്കുക. ആസിഫും ഭാര്യയും താമസിക്കുന്നിടത്തേക്ക് എത്തുകയാണ് ലാലും ഭാര്യയും. ലാലിന്റെഭാര്യ ബാത്ത്‌റൂമിൽ പോയിട്ട് ദീർഘനേരം കഴിഞ്ഞിട്ടും തിരച്ചുവരുന്നില്ല. ഒരു ഘട്ടത്തിൽ ഞാൻ പോവുകയാണെന്ന് പറഞ്ഞ് ലാൽ ഇറങ്ങുമ്പോൾ ബാത്ത്‌റൂമിൽ കയറിയ ഭാര്യയെവിടെയെന്നുപോലും ആരും അന്വേഷിക്കുന്നില്ല!

സീനീയർലാൽ പലതവണ ചെയ്തവേഷങ്ങളുടെ സ്റ്റീരിയോ ടൈപ്പാണ് ഇതിലെ ടോണി. വ്യത്യസ്തതക്കായി അല്പം തടിവച്ചിട്ടുണ്ടെന്ന് മാത്രം. നായകനായ ആസിഫിനും കാര്യമായി നടിക്കാനുള്ള കോപ്പൊന്നും ഇതിലില്ല. ആസിഫിന്റെ ഭാര്യയായി വേഷമിട്ട മിയക്കും, സഹതാരങ്ങളായ ബിജുമേനോനും, ലെനക്കും അതേ അവസ്ഥയാണ്. രണ്ടേകാൽമണിക്കൂർ വരുന്ന ചിത്രത്തിൽ ഭൂരിഭാഗം സമയവും ഒരു ഫ്‌ളാറ്റിലാണ് കഥനടക്കുന്നത്. അതും വെറും മൂന്നു കഥാപാത്രങ്ങളെവച്ച്. അപ്പോൾ പ്രേക്ഷകന് ബോറടിക്കാതിരിക്കണമെങ്കിൽ ഇത്തരം തറനമ്പരുകൾ പോര. നന്നായി ഗൃഹപാഠം ചെയ്യാത്തതിന്റെ തകരാറ് സിനിമയിലുടനീളം പ്രകടനമാണ്. ലാൽജൂനിയറിന്റെ ആദ്യ സിനിമയായ 'ഹണീബീ' കലാപരമായി നോക്കുമ്പോൾ ചവറായിരുന്നെങ്കിലും വലിയൊരു വാണിജ്യ വിജയമായിരുന്നു. പക്ഷേ ടോണി ആദ്യ ആഴ്ചകൊണ്ടുതന്നെ കട്ടയും പടവും മടക്കുന്ന പരുവത്തിലാണ്.

മനംപിരട്ടിക്കുന്ന മംഗ്‌ളീഷ്

കെട്ട ഭക്ഷണംമാത്രമല്ല, മോശംസിനിമയും അരോചകമായ സംഗീതവുമൊക്കെ നമുക്ക് ഓക്കാനമുണ്ടാക്കും. ഇവിടെ താരജാടയുടെ വാടയിൽനിന്നുവരുന്നതാണ് ആ മനംപിരട്ടൽ. ആ ടൈപ്പിലൊന്നാണ് മംഗ്‌ളീഷ്. എന്തൊക്കെ കൂഴപ്പങ്ങളുണ്ടെങ്കിലും നമ്മുടെ ന്യൂജൻ സംവിധായകർക്കുള്ള ഒരു ഗുണമായിരുന്നു താരകേന്ദ്രീകൃതമായ സിനിമകളോടുള്ള വിയോജിപ്പ്. 'ട്രാഫിക്കിൽ' തുടങ്ങിയ നവതരംഗം സൃഷ്ടിച്ച പരിണാമങ്ങൾ സൂപ്പർതാരങ്ങളെയും ഒരുപാട് മാറ്റി. പഴയതുപോലെ മീശപിരിക്കാനും ആൾക്കൂട്ടത്തിന്റെ നെഞ്ചത്തേക്ക് കയറാനും മോഹൻലാലിനുപോലും ധൈര്യമില്ല. എന്നാൽ ഇതിൽനിന്നൊരു പിറകോട്ടുപോക്കാണ് എന്നതാണ് 'മംഗ്‌ളീഷ്' മലയാളസിനിമയോട് ചെയ്യുന്ന പാതകം.

പൂർണമായും മമ്മൂട്ടിയുടെ താരപരിവേഷത്തെ ഉയർത്താൻവേണ്ടിയെടുത്ത സിനിമാണിത്. മമ്മൂട്ടി അവതരിപ്പിച്ച മാലിക്ഭായി എന്ന കഥാപാത്രത്തോട് നേർക്കുനേരെനിന്ന് മുട്ടാൻ കെല്പുള്ള ഒരാൾപോലുമില്ല. കൊച്ചിയിലെ കിരീടംവെക്കാത്ത രാജാവാണ് അയാൾ. എതിരാളികളുടെ ഭാഷയിൽപറഞ്ഞാൽ കൊച്ചി ഷേയ്ക്ക്. ഭായ് അറിയാതെ അവിടെ ഒരു കരിയിലപോലും അനങ്ങില്ല. കടലിൽകിടക്കുന്ന മീൻ കരയിലെത്തുംമുമ്പ് കച്ചവടംചെയ്യുന്നതുതൊട്ട് കോടികൾ മറയുന്ന റിയൽ എസ്റ്റേറ്റ് കച്ചവടത്തിന്റെ വരെ ഇടനിലക്കാരനാണ് അയാൾ. കച്ചവട സിനിമകളിലെ പഴയ ചേരുവയായ സ്‌നേഹിക്കുന്നവരെ അന്ധമായി സ്‌നേഹിക്കുയും ശത്രുക്കളെ നുള്ളിന് വെട്ട് എന്ന രീതിയിൽ കൈകാര്യംചെയ്യുകയും ചെയ്യുന്ന 'അർധ ഫ്യൂഡൽ തെമ്മാടി'. പക്ഷേ കഥപുരോഗമിക്കുമ്പോഴാണ് അയാൾ അത്രവലിയ പുലിയൊന്നുമല്ലെന്ന് മനസ്സിലാവുക.

തെറ്റിദ്ധാരണകൊണ്ട് തന്നെ ഉപേക്ഷിച്ച് വെറെകെട്ടിയ ഭാര്യയോട് ഇപ്പോഴും സ്‌ഫോറ്റ്‌കോർണർ സുക്ഷിച്ച് ഒരു വല്ലാത്തനോട്ടവുമായി നടക്കുന്നുണ്ടയാൾ. കോടികൾ കൈമറിക്കുന്ന സർവശക്തൻ പഴയ ഓടിട്ട ഇരുനില വീട്ടിലാണ് താമസമെന്നത് പോട്ടെ, കുടിവെള്ളത്തിനുവേണ്ടി വരിനിൽക്കുകയും അയൽക്കാരുമായി വഴക്കുണ്ടാക്കേണ്ടിവരികയും ചെയ്യുന്ന അവസ്ഥയിലാണ് അയാളുടെ കുടുംബമെന്നതോ. ആദ്യമുണ്ടാക്കിയ തിരക്കഥയിൽ 'സ്റ്റാർഡം' കൂത്തിത്തിരുകിയപ്പോൾ സംഭവിച്ച അബദ്ധങ്ങളാവാം ഇവയെല്ലാം. ഇതുതന്നെയാണ് മലയാള സിനിമയുടെ ശാപവും. ഒരുത്തൻ ഒരു കഥപറയും. എല്ലാവരും കൂടി എ.സി മുറിയിൽ വട്ടംകൂടിയിരുന്നു വെട്ടിയും തിരുത്തിയും അത് കുളമാക്കും. ഒടുവിൽ എല്ലാകുറ്റവും തിരക്കഥാകൃത്തിന്.

മംഗ്‌ളീഷ് എന്നപേരും 'സായിപ്പേ സലാം സലാം' എന്നുതുടങ്ങുന്ന മനോഹരമായ ടൈറ്റിൽസോങ്ങും കേൾക്കുമ്പോൾ, ഇംഗ്‌ളീഷിനോടുള്ള മലയാളിയുടെ അപകർഷതാബോധമാണ് സിനിമയുടെ കാതലാണെന്നാണ് കരുതുക. ആ രീതിയിലുള്ള ശ്രമങ്ങൾ രണ്ടാം പകുതിയിൽ ഉണ്ടെങ്കിലും പിന്നീട് അത് മമ്മൂട്ടിയുടെ ഹീറോയിസത്തിലേക്ക് പൂർണമായും മാറുന്നു. ഇനി മാലിക്ക്ഭായി ഇംഗ്‌ളീഷ് പഠിക്കുന്നത് എന്തിനാണെന്ന് നോക്കുക. അയാളുടെ ജീവിതത്തിലേക്ക് കടന്നുവരുന്ന മിഷേൽ എന്ന വിദേശ വനിതക്ക്, എന്തോ ഒരു രഹസ്യം പറയാനുണ്ട്. അത് അറിയാനാണ് കൊച്ചി സ്‌ളാങ്ങല്ലാതെ ഒന്നും വായിൽവരാത്ത ഭായി ഇംഗ്‌ളീഷ് പഠിക്കുന്നത്. ഹൃദയങ്ങൾ തമ്മിൽ അടുത്തുകഴിഞ്ഞാൽ ഭാഷക്ക് പ്രസക്തിയില്ലല്ലോ.

ഭായിയുടെ ഇംഗ്‌ളീഷ് പഠനത്തിനുപോലും കൃത്യമായ ലോജിക്കുണ്ടാക്കാൻ സംവിധായകന് കഴിയുന്നില്ല. അത്രവലിയ ബോംബൊന്നുമല്ല ഈ രഹസ്യമെന്ന് സിനിമ കണ്ടവർക്ക് ബോധ്യമാവും. മാത്രമല്ല ആ സമയംകൊണ്ട് മദാമ്മ മലയാളം പഠിക്കുന്നുമുണ്ട്. അവസാനം ഹീറോപ്പടങ്ങളുടെ പതിവുരീതിയിൽ മമ്മൂട്ടി വില്ലന്മ്മാരെയെല്ലാം ചവിട്ടിയും അടിച്ചും പരിപ്പാക്കുന്നതോടെ ശുഭാന്ത്യമാവുന്നു. പുതുമയില്ലെന്ന് പറയരുത്. സാധാരണ ഗോഡൗണിലും മറ്റുമാണ് ഇത്തരം ക്ലൈമാക്‌സുകൾ സംഭവിക്കാറ്. ഇവിടെ അത് ഒരു വീടിന്റെ ഉൾവശമാണ്. വെറൈറ്റി നോക്കണം!

മാത്രമല്ല, കൊച്ചി-മട്ടാഞ്ചേരി മോഡലിൽ ഇത് എത്രാമത്തെ ചലച്ചിത്രമാണ്. ഒരുകാലത്തെ തമ്പുരാൻ സിനിമകൾപോലെ അപലപിക്കപ്പെടേണ്ടതാണ് ഈ 'ഭായീ' സിനിമകളും. ഒരു പ്രദേശത്തെ ജനങ്ങളെയാകെ അക്രമവാസനയുള്ളാരും ക്വട്ടേഷൻകാരും, കള്ളക്കടത്തുകാരുമൊക്കെയായി ചാപ്പകുത്തുന്നു. ഫോർട്ടുകൊച്ചിക്കാരും മട്ടാഞ്ചേരിക്കാരുമൊക്കെ മാനനഷ്ടത്തിന് കോടതിയിൽപോകേണ്ടകാലം അതിക്രമിച്ചിരിക്കുന്നു.

ഈ സിനിമകൊണ്ടും ഏറ്റവും പരിക്കേറ്റത് സാക്ഷൽ മമ്മൂട്ടിക്കുതന്നെയാണ്. മമ്മൂട്ടിയുടെ എത്രാമത്തെ സിനിമയാണ് തുടർച്ചയായി പൊളിയുന്നതെന്നാണ് ഫേസ്‌ബുക്കിൽ നടക്കുന്ന ചർച്ച. നായിക മിഷേലുമൊത്തുള്ള മമ്മൂട്ടിയുടെ പ്രണയാഗാനം എന്തിനാണ് സിനിമയിൽ കുത്തിക്കയറ്റിയതെന്ന് മനസ്സിലാവുന്നില്ല. പഴയ മമ്മൂട്ടി പ്രസരിപ്പിച്ചിരുന്ന ഊർജത്തിന്റെ ഏഴയലത്ത് മാലിക്ഭായി എത്തുന്നില്ല. തുടയിലെയും മറ്റും കൊഴുപ്പ് കുത്തിയെടുത്ത് ഒട്ടിയ കവിളുകളിലെ ചന്തംകൂട്ടേണ്ടി വരുന്ന ഹോളിവുഡ്ഡ് നായകരുടെ പരുവത്തിലേക്ക് മലയാളിയുടെ സ്വകാര്യഅഹങ്കാരമായ ഈ നടനും മാറുകയാണോ എന്ന അസ്വസ്ഥതയ്യാണ് മംഗ്‌ളീഷ് കണ്ടിറങ്ങുമ്പോൾ മനസ്സിൽ. സിനിമയുടെ എൻഡ് സോങ്ങായി ദുൽഖർസൽമാന്റെ പാട്ടിനുകിട്ടുന്ന കൈയടി പുതിയ താരോദയമാണോ, ഒരു കാലഘട്ടത്തിന്റെ അസ്തമയമാണോ ഓർമ്മിപ്പിക്കുന്നത്?

വികൃതാവതാരങ്ങളൂടെ പടുവേഷങ്ങൾ

'ജോഷിയുടെ ഏറ്റവും മോശം ചിത്രം ലോക്പാലാണെന്നാണ് കരുതിയത്. എന്നാൽ സലാം കാശ്മീർ കണ്ടതോടെ ആ ധാരണ മാറിക്കിട്ടി. എന്നാൽ ഇപ്പോൾ അവതാരം കണ്ടതോടെ ജോഷിയുടെ ഏറ്റവും മോശം ചിത്രം ഏതാണെന്ന തർക്കം മാറിക്കിട്ടി' ഫേസ്‌ബുക്കിൽ ഒരു വിരുതൻ കുറിച്ച ഈ വാക്കുകളിലുണ്ട് ഓരോ സിനിമ കഴിയുന്തോറും പിറകോട്ടടിക്കുന്ന പഴയകാല ഹിറ്റ്‌മേക്കർമാരുടെ അവസ്ഥ. അവതാരമെന്ന അറുബോറൻ സിനിമ നായകൻ ദിലീപിന് ഉണ്ടാക്കിയതിനേക്കാൾ വലിയ ക്ഷീണമുണ്ടാക്കിയത് സംവിധായകൻ ജോഷിക്കാണ്.

താരകന്ദ്രീകൃതമായ മലയാള സിനിമയിൽ, സംവിധായകനെ വിശ്വസിച്ച് ജനം തീയേറ്ററുകളിൽ കയറുന്ന കാലത്തിന്റെ അവശേഷിക്കുന്ന കണ്ണികളിൽ ഒരാളായിരുന്നു ജോഷി. 80കളിലെ സംവിധായകരിൽ ജോഷി, സത്യൻ അന്തിക്കാട്, കമൽ തുടങ്ങിയ ഏതാനും പേർമാത്രമാണ് ഫീൽഡ് ഔട്ട്ആവാതെ പിടിച്ചു നിൽക്കുന്നത്. (ഈ ആത്മവിശ്വാസംകൊണ്ടുതന്നെയാവണം സിനിമയുടെ പ്രൊമോഷനായി ചാനലുകളിൽ നടക്കുന്ന ചർച്ചകളിലൊന്നും ജോഷിയെ കാണാത്തത്. ഉൽസവപ്പറമ്പിലെ തൈലക്കച്ചവടക്കാരെപ്പോലെ, വരൂ, എന്റെ ഉഗ്രൻ സിനിമ കാണൂ എന്ന് ചാനലുകളിൽ കാറേണ്ട അവസ്ഥയിലാണ് ഇന്ന് നമ്മുടെ സംവിധായകർ) എന്നും പുതിയ പ്രമേയങ്ങളും പുതിയ സാങ്കേതികവിദ്യകളും തേടിപ്പോയി അപ്ടുഡേറ്റാവാൻ ശ്രമിച്ചതാണ് ജോഷിയെ ഇന്നും വിപണിമൂല്യമുള്ള സംവിധായകനാക്കി നിലനിർത്തുന്നത്. എന്നാൽ ആ യുഗത്തിനും അവസാനമായെന്നാണ് അവതാരമടക്കമുള്ള പടപ്പുകൾ തെളിയിക്കുന്നത്.

പുതുമയില്ലാത്ത കഥ, ക്‌ളീഷേ ഡയലോഗുകൾ, ഇക്കിളിയിട്ടാൽപോലും ചിരിവരാത്ത ഹാസ്യരംഗങ്ങൾ, ആർക്കോവേണ്ടയിന്നപോലുള്ള പാട്ടുകൾ..... പിന്നെ പടം പൊട്ടുന്നതിൽ അത്ഭുതമുണ്ടോ. ഗ്രാമത്തിൽ നിന്ന് നഗരത്തിലെത്തിയ യുവാവ് തന്ത്രപൂർവം ക്രിമിനലുകളെ അവർക്കിടയിൽ കയറി ഒതുക്കുന്ന കഥ നാം മുമ്പൊക്കെ കണ്ടതാണ്. ആകെ പുതുമയെന്ന് പറയാൻ ഈ സിനിമയിലുള്ള മുത്തശ്ശി മുതൽ ചെറുമകൻവരെ പെടുന്ന ഒരു ക്വട്ടേഷൻ ഫാമിലായാണ്. നർമ്മ രംഗങ്ങളിൽ തിളങ്ങാറുള്ള ദിലീപ് ആക്ഷൻ ഓറിയന്റഡ് ആ ഈ സിനിമയിൽ പന്തം കണ്ടപെരുച്ചാഴിയെപ്പോലെയായി. ഷമ്മിതിലകനും, ബാബു നമ്പൂതിരിയും തരക്കേടില്ല. ബാക്കിയൊക്കെ തഥൈവ. പ്രത്യേകിച്ചൊരുകാരണവും കൂടാതെ ഇതുപോലൊരു പടം പടച്ചുവിടുമ്പോഴാണ് കള്ളപ്പണം വെളിപ്പിനും മറ്റുമാണ് സിനിമയെടുക്കുന്നതെന്ന് നാട്ടുകാർ പറഞ്ഞുപരത്തുന്നത്.

വിക്രമാദിത്യൻ: തമ്മിൽ ഭേദം തൊമ്മൻ

ഒരടി മുന്നോട്ടെങ്കിൽ അടുത്ത ചിത്രത്തിൽ രണ്ടടി പിന്നോട്ടെന്നാണ്, അനുഗൃഹീത സംവിധായകൻ ലാൽജോസിന്റെ രീതി. അതുകൊണ്ടു തന്നെ എന്തുസംഭവിക്കാം എന്ന് മാനസികമായി തയ്യാറെടുത്താണ് 'വിക്രമാദിത്യന്' കയറിയത്. തിരക്കഥയിലെ പാളിച്ചകളും സാമാന്യയുക്തിയില്ലാത്ത ഒരുപാട് രംഗങ്ങളുമുണ്ടെങ്കിലും ക്ലൈമാക്‌സിലത്തെ#ുമ്പോൾ ഒരു 'ഫീൽ ഗുഡ് എക്‌സ്പീരിയൻസ്' ഉണ്ടാക്കിയെടുക്കാൻ കഴിയുന്നുണ്ട്. അതുതന്നെയാണ് ലാൽജോസിന്റെ മിടിക്കും. പക്ഷേ തമ്മിൽ ഭേദം തൊമ്മനെന്ന നിലയിൽ ബോക്‌സോഫീസിൽ രക്ഷപ്പെട്ടെങ്കിലും ശക്തമായ മുന്നറിയപ്പ് ഇത് ലാൽജോസിന് നൽകുന്നുണ്ട്. തിരക്കഥയിൽ നല്ല ശ്രദ്ധവേണമെന്ന പ്രാഥമിക പാഠം തന്നെ. ഏറെ കേട്ടുപഴുകിയ കള്ളനും പൊലീസും കഥയിൽ വ്യതിരിക്തത കൊണ്ടുവരാനുള്ള ഡോ. ഇഖ്ബാൽ കുറ്റിപ്പുറത്തിന്റെ ശ്രമം വേണ്ടത്ര വിജയം കണ്ടില്ല. സ്‌കൂൾ കുട്ടികൾ എടുക്കുന്ന ഹോം സിനിമകളിൽപോലും കാണിക്കുന്ന ശ്രദ്ധയും ജാഗ്രതയും ചിലേടത്ത് ലാൽജോസ് സൂക്ഷിക്കുന്നില്ല. ഒരു ഉദാഹരണം നോക്കുക. നിവിൻപോളിയുടെ ലോകേഷ് ഫ്‌ളാഷ്ബാക്കായി കഥ പറയുന്നിടത്തുനിന്നാണ് 'വിക്രമാദിത്യൻ' തുടങ്ങുന്നത്. ഇടവേളയത്തെ#ുമ്പോഴേക്കും അതാ യാതൊരു മുന്നറിയിപ്പും കൂടാതെ ദുൽഖർ സൽമാന്റെ ആദിത്യൻ കഥപറച്ചിൽ ഏറ്റെടുത്ത് തുടങ്ങുന്നു! ആളുകൾ കൂക്കിവിളിക്കുന്നതൊന്നും ലാൽജോസ് കാണുന്നില്ല.

മൂന്നു സുഹൃത്തുക്കളുടെയും കുട്ടിക്കാലം കാണിക്കുമ്പോഴുള്ള ഡയലോഗുകൾ ശുദ്ധബോറാണ്. കേരളത്തിലെ കുട്ടികൾ ഇത്ര വലിയ വർത്തമാനമോണോ പറയുകയെന്ന് പ്രേക്ഷകർ അമ്പരക്കുകയാണ്. പാട്ടുകൾ അവ എത്രമനോഹരമായി ചിത്രീകരിക്കപ്പെട്ടതാണെങ്കിൽകൂടി മിണ്ടിപ്പോയാൽ പാട്ടെന്ന രീതിയിൽ എടുത്താൽ അത് പ്രേക്ഷകന് ദഹിക്കില്ല. വിക്രമാദിത്യന്റെ ഒന്നാം പകുതി മുഴുവൻ പാട്ടിന്റെ പാലാഴിയാണ്.

താരങ്ങളൂടെ മികച്ച പ്രകടനമാണ് വിക്രമാദിത്യന്റെ ഹൈലൈറ്റ്. വിക്രമനായി വന്ന ഉണ്ണിമുകുന്ദനും ആദിത്യനായി വന്ന ദുൽഖർ സൽമാനും മൽസരിച്ച് അഭിനയിച്ചു. ദുൽഖർ നമിതാപ്രമോദ് കോമ്പിനേഷൻ കാണുമ്പോൾ പഴയ മമ്മൂട്ടി സുമലത താരജോടിയെയാണ് ഓർമ്മവരുന്നത്. മമ്മൂട്ടിയുടെ മകനെന്ന ലേബലിൽമാത്രം പിടിച്ചുനിൽക്കുന്നയാളല്ല താനെന്ന് ബാംഗ്‌ളൂർ ഡെയ്‌സിലെ ഗംഭീര പ്രകടനംകൊണ്ട് തെളിയിച്ച ദുൽഖറിന് ഈ സിനിമ ബോണസാണ്. കുറഞ്ഞ സീനുകിലേ ഉള്ളൂവെങ്കിലും നിവിൻപോളി കൈയടിനേടുന്നത് പുതിയൊരു താരോദയത്തിന്റെ വ്യക്തമായ ബോക്‌സോഫീസ് സൂചനയാണ്. ഷേണായിപൊലീസായി വന്ന അനൂപ്‌മേനോനും ലക്ഷ്മിപൊലീസായി വന്ന ലെനയും നന്നായി. ജോമോൻ ടി. ജോണിന്റെ ക്യാമറയാണ് എടുത്തുപറയേണ്ടത്. ബിജിപാലിന്റെ ഗാനങ്ങളും മോശമായില്ല. പക്ഷേ ലാൽജോസിന്റെ മുൻകാല ചിത്രങ്ങൾവച്ചുനോക്കുമ്പോൾ എങ്ങുമത്തെുന്നില്ല വിക്രമാദിത്യൻ. പെരുന്നാളിനിറങ്ങിയ കഞ്ഞിപ്പടങ്ങൾക്കിടയിൽ തമ്മിൽഭേദമെന്നുമാത്രം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP