Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202024Thursday

ഇത് 'കാടുകയറിയ' കാടിന്റെ കഥ; പരിസ്ഥിതി സംരക്ഷണത്തിന്റെ ഡോക്യുമെന്ററി മാത്രമായി 7000 കണ്ടി, നിരാശപ്പെടുത്തി അനിൽ രാധാകൃഷ്ണമേനോനും കൂട്ടരും

ഇത് 'കാടുകയറിയ' കാടിന്റെ കഥ; പരിസ്ഥിതി സംരക്ഷണത്തിന്റെ ഡോക്യുമെന്ററി മാത്രമായി 7000 കണ്ടി, നിരാശപ്പെടുത്തി അനിൽ രാധാകൃഷ്ണമേനോനും കൂട്ടരും

എം മാധവദാസ്

കുട്ടിക്കാലത്ത് മൃഗങ്ങളെയും കാടും കാണിക്കാനായി സ്‌ക്കൂളിൽനിന്ന് വരിനിർത്തി കാണിച്ചുതരുന്ന ചില ഇംഗ്‌ളീഷ് സിനിമകളെ ഓർമ്മയില്ലേ. 'ലോർഡ് ലിവിംങ്ങ്സ്റ്റൻ 7000കണ്ടി' കണ്ട് തീർന്നപ്പോൾ ആദ്യം ഓർമ്മവന്നത് അതാണ്. ഹോളിവുഡ്ഡ് നിലവാരത്തിലുള്ള കാമറ, ആകാശത്തുവച്ചുള്ള ഓഡിയോ റിലീസിങ്ങ്, പരിസ്ഥിതി സൗഹാർദം പ്രഖ്യാപിക്കുന്ന ആദ്യ മലയാള സിനിമ എന്നിങ്ങനെ വമ്പിച്ച പ്രചാരണങ്ങളായിരുന്നു അനിൽ രാധാകൃഷ്ണമേനോൻ എന്ന മികച്ച സംവിധായകന്റെ മൂന്നാമത്തെ ചിത്രമായ 'ലോർഡ് ലിംവിങ്ങ്സ്റ്റൺ 7000കണ്ടിക്ക്' കിട്ടിയത്. പക്ഷേ ചിത്രം കണ്ടുകഴിഞ്ഞപ്പോൾ ഇതെല്ലാം തഥൈവ. ഡിസ്‌ക്കവറി ചാനലിലും അനിൽമൽ പ്‌ളാനറ്റിലുമൊക്കെ നാം കാണുന്ന ഡോക്യുമെന്റികളിലേക്ക് ഒരു കഥ യാന്ത്രികമായി സന്നിവേശിപ്പിച്ചാൽ എങ്ങനെയിരിക്കും, അതുപോലുണ്ട് ഈ പടം. തുടക്കത്തിൽ ഒഴിച്ചാൽ, ഒരിക്കലും ഒരു ഫീച്ചർ ഫിലിമിന്റെ ആഖ്യാന കൗതുകത്തിലേക്ക് ഈ പടം ഉയരുന്നില്ല. പലിടത്തും സാമാന്യം നന്നായി ബോറടിക്കുന്നുമുണ്ട്.

മലയാള സിനിമയിൽ ഇന്നുവരെ പറഞ്ഞിട്ടില്ലാത്ത ഒരു പ്രമേയമായിരുന്നു ഇതെന്ന് അംഗീകരിക്കുമ്പോൾതന്നെ, അതിനെ കൃത്യമായി വികസിപ്പിക്കാനും പ്രേക്ഷകരുടെ സാമാന്യബുദ്ധിയെ വെല്ലുവിളിക്കാത്ത രീതിയിൽ കഥയെ കൊണ്ടുപോവാനും സംവിധായകന് ആയിട്ടില്ല. അതുകൊണ്ടുതന്നെ നമ്മുടെ 'ഡബിൾ ബാരലിന്' സംഭവിച്ച അതേ ദുരന്തത്തിലേക്കാണ് 7000കണ്ടിയും നീങ്ങുന്നത്. ഒറ്റവാക്കിൽ, പരാജയപ്പെട്ടുപോയ സദുദ്ദേശപരമായ ഒരു പരീക്ഷണം എന്ന് ഈ ചിത്രത്തെ വിലയിരുത്താം. മൊത്തത്തിലുള്ള ആഖ്യാന അങ്കലാപ്പ് അഭിനേതാക്കളെയും ബാധിച്ചിട്ടുണ്ട്. സാധാരണ ഇത്തരം വേഷങ്ങളിൽ തകർക്കാറുള്ള ചെമ്പൻ വിനോദും,സുധീർ കരമനയും, സണ്ണിവെയിനും, നെടുമുടി വേണുവുമടക്കമുള്ള മികച്ച അഭിനേതാക്കളുടെ നിരയുണ്ടായിട്ടും ചിത്രം ഹൃദയസ്പർക്കായിട്ടില്ല.

Stories you may Like

 എന്താണ് ലോർഡ് ലിവിംങ്ങ്സ്റ്റൺ 7000 കണ്ടി?

തന്റെ മുൻകാല ചിത്രങ്ങളായ '24 കാതം നോർത്തും', 'സപ്തമശ്രീ തസ്‌ക്കരയും' പോലെ പേരിൽ തന്നെ കൗതുകം നിലനിർത്താൻ ഈ പടംകൊണ്ടും അനിൽ രാധാകൃഷ്ണമേനോന് സാധിച്ചു. കണ്ടിയെന്നത് പറമ്പുകളുടെ നാടൻ അളവാണെന്ന് സിനിമയിൽ പറയുന്നു. എതാണ്ട് പത്തറുപത് എക്കർവരുന്ന ഭൂമിയാണ് ഒരു കണ്ടി. പതിവുപോലെ 'ജ്ഞാനിയായ വയോധികന്റെ' റോളിൽ വന്ന് നെടുമുടിവേണുതന്നെയാണ് ഇക്കാര്യം പറയുന്നത്. ഇവിടെ കാട്ടിനുള്ളിൽ മറിഞ്ഞുകിടക്കുന്ന ഒരു അജ്ഞാത ആവാസ വ്യവസ്ഥയാണ് 7000കണ്ടി. ലോർഡ് ലിവിംങ്ങ്സ്റ്റൺ എന്ന ബ്രിട്ടീഷ് കമ്പനി 150 വർഷത്തിന് പാട്ടത്തിനെടുത്ത ഈ സ്ഥലത്തിനുള്ളിൽ ഒരു വലിയ രഹസ്യം ഒളിഞ്ഞിരിക്കുന്നുണ്ട്. ഇവിടെ ഭൂപടത്തിൽ ഇല്ലാത്ത ഒരു ജനതയുണ്ട്! നൂറ്റാണ്ടുകൾക്കുമുമ്പുണ്ടായ ഒരു യുദ്ധത്തിൽ തോറ്റ് കാടുകയറിയ ഒരു രാജാവിന്റെ പിന്മുറക്കാർ ഒരിക്കലും കാടിറങ്ങാതെ അവിടെ തന്നെ കഴിയുകയാണ്. ഇപ്പോൾ അവരെതേടി ഒരു ദുരന്തം ആസന്നമായിരക്കയാണ്. ലോർഡ് ലിംവിങ്ങ്സ്റ്റൺ കമ്പനിയുടെ പാട്ടക്കരാർ തീരാൻ ഇനി എതാനും മാസങ്ങൾമാത്രം. അതിനുമുമ്പ് ഈ പ്രദേശം വെട്ടിവെളുപ്പിച്ച് മരങ്ങൾ മൊത്തം കടത്താനാണ് അവരുടെ തീരുമാനം. അതിനർഥം ഈ ജനതയുടെ സമ്പൂർണനാശം തന്നെയാണ്.

സംഗീതജ്ഞനും, സർവൈവലിസ്റ്റ് എന്ന രീതിയിൽ പ്രശസ്തനുമായ ഫീലിപ്പോസ് ജോൺ വർക്കിയാണ് ( കുഞ്ചാക്കോ ബോബൻ) ഈ ഗോത്ര വർഗത്തെ കണ്ടത്തെുന്നത്. ( ഈ ത്രെഡിനൊക്കെ അനിൽ അഭിനന്ദനം അർഹിക്കുന്നു. ഇതുപോലത്തെ കഥകളൊന്നും മലയാളത്തിൽ വന്നിട്ടില്ല. രഞ്ജൻ പ്രമോദിന്റെ ഫോട്ടോഗ്രാഫറിൽ മോഹൻലാൽ ചെയ്ത കഥാപാത്രത്തിനാണ് ഇതിനോട് വിദൂര സാദൃശ്യമുള്ളത്) 7000കണ്ടിയെ ഉന്മൂലനത്തിനിന്ന് രക്ഷിക്കാനായി ഫീലിപ്പോസ് ജോൺ വർക്കി തന്റെ ഡയറിയിലുള്ള നൂറോളം പേർക്ക് വണ്ടിക്കൂലി സഹിതം കത്തെഴുതുന്നു. സിനിമ തുടങ്ങുന്നത് അങ്ങനെയാണ്.'ഇവിടെയത്തെിയാൽ ഒരു നിധി നിങ്ങളെ കാത്തിരിക്കുന്നുവെന്ന' ജോൺവർക്കിയുടെ വാക്കുകൾ വിശ്വസിച്ച് വിരമിച്ച ഐ.എ.എസുകാരൻ സി.കെ മേനോൻ (നെടുമുടി വേണു), ഇന്ത്യയിലെ വിഖ്യാത ഗൺ ടെസ്റ്റർ മധുമിധ കൃഷ്ണൻ(റീനു മാത്യൂസ്), ഷൺമുഖൻ ഇളങ്കോവൻ(ഭരത്) കെമിക്കൽ എഞ്ചിനിയർ അനന്തകൃഷ്ണ അയ്യർ (ജേക്കബ് ഗ്രിഗറി) കോളേജ് പ്രൊഫസർ നീലകണ്ഠൻ (ചെമ്പൻ വിനോദ് ജോസ്),സണ്ണി വെയിൻ അവതരിപ്പിക്കുന്ന കഥാപാത്രം എന്നിവർ താഴ്‌വാരത്ത് എത്തുന്നു.

ജോൺവർക്കിയുടെ സഹായിയായ മലവേടൻ (സുധീർ കരമന) നാലുദിവസം നീണ്ട 7000 കണ്ടിയിലേക്കുള്ള കാൽ നടയാത്രയിൽ അവർക്ക് വഴികാട്ടുന്നു. ഈ യാത്രയും അതിനിടയിലുള്ള അനുഭവങ്ങളുമൊക്കെ അതിഗംഭീരമായാണ് ചിത്രീകരിച്ചിരിക്കുന്നുത്. ആദ്യ പകുതിയുടെ ഭൂരിഭാഗം സീനുകളും ഇങ്ങനെ മനോഹരമായാണ് കടന്നുപോകുന്നത്. പക്ഷേ അവർ 7000 കണ്ടിയിൽ എത്തിയതിനുശേഷമുള്ള ഭാഗങ്ങളിൽ സിനിമ കൈവിട്ടുപോവുന്നു.ചില പൊടിക്കൈക്കളും ബോറടികളുമാണ് പിന്നീടങ്ങോട്ട്. കൈ്‌ളമാക്‌സിൽ 7000കണ്ടിയെ ശത്രുക്കളിൽനിന്ന് രക്ഷിക്കാനായി, ചെറിയ സ്‌ഫോടകവസ്തുക്കളും നാലംക്‌ളാസ് രസതന്ത്രവും ഉപയോഗിച്ചുള്ള പേടിപ്പിക്കൽ തന്ത്രമൊക്കെ കാണുമ്പോൾ ചിരിക്കാനാണ് തോന്നുക.

അമർ ചിത്രകഥയുടെ നിലവാരത്തിലേക്കാണ് അവസാനത്തെ 20 മിനുട്ടിലൊക്കെ സിനിമ താഴുന്നത്. 7000കണ്ടിയെ എങ്ങനെ രക്ഷിക്കണമെന്ന് അവിടെ ഒത്തുകൂടിയവരെപോലെതന്നെ സംവിധായകനും വലിയ കൺഫ്യൂഷൻ ഉണ്ടെന്ന് ചുരുക്കം. അതിമനോഹരമായി തുടങ്ങുകയും പിന്നീട് ഒന്നുമല്ലാതാവുകയും ചെയ്യുന്ന സിനിമകൾ ഇപ്പോൾ മലയാളത്തിൽ ഒരുപാടായി.

അരാഷ്ട്രീയത വളമിട്ട ഒരു പരിസ്ഥിതി വാദം

പ്രകൃതിയുടെ നിലനിൽപ്പിനായുള്ള അതിജീവനപോരാട്ടമാണ് ഈ പടം.ആ നിലക്ക് അഭിവാദ്യം ചെയ്യപ്പെടേണ്ടതാണ് ഈ പരീക്ഷണം.'നിങ്ങൾക്കെങ്ങനെ ആകാശത്തെയും ഭൂമിയുടെ ശ്വാസത്തെയും വിൽക്കാനും വാങ്ങാനും കഴിയും?' പ്രകൃതിയെ ശ്വാസമായി കണ്ട സിയാറ്റിൽ മൂപ്പന്റെ ഈ ചോദ്യം ഉന്നയിച്ചാണ് പടം തുടങ്ങുന്നതുതന്നെ. യാതൊരു സാമൂഹിക പ്രതിബദ്ധതയുമില്ലാതെ, കള്ളും കഞ്ചാവും വലിച്ച്തീരുന്ന യുവത്വത്തിന്റെ കഥ പറയുന്ന ഇക്കാലത്ത്, അനിലിൻെ വേറിട്ട ഭാവന പ്രോൽസാഹനം അർഹിക്കുന്നു.
പക്ഷേ ഗൗരവമായ ചില വിയോജിപ്പുകളും ഈ പടത്തോടുണ്ട്.അതിൽ ഏറ്റവും പ്രധാനം ഈ ചിത്രം ഉയർത്താൻ ശ്രമിക്കുന്ന അരാഷ്ട്രീയതയാണ്. കാടും മലയും രക്ഷിക്കാൻ നമ്മുടെ രാഷ്ട്രത്തിനും കോടതിക്കും കഴിയില്‌ളെന്നത് മുഖ്യധാരസിനിമ സൃഷ്ടിച്ച പൊതുബോധമാണ്. അത് പോട്ടേന്ന് വെക്കാം.ഫീലിപ്പോസ് ജോൺവർക്കിയുടെ ഈ പോരാട്ടത്തിന് പ്രകൃതിസ്‌നേഹികളും ആക്റ്റീവിസ്റ്റുളും അടക്കമുള്ളവർ പുറം തിരഞ്ഞുനിന്നുവെന്നത്, സൈലന്റ്വാലിക്ക് വേണ്ടിയടക്കം വലിയ പരിസ്ഥിതിപോരാട്ടങ്ങൾ നടന്ന, അതിരപ്പിള്ളിക്കുവേണ്ടി ഇപ്പോഴും അത് തുടരുന്ന കേരളത്തിൽ നിന്ന് നിങ്ങൾക്ക് എങ്ങനെ പറയാൻ കഴിയും. എന്നാൽ പരിസ്ഥിതി സംഘടനകളെയും ആക്റ്റീവിസ്റ്റുകളെയും 'പെട്ടെന്ന് പ്രശസ്തി കിട്ടാനുള്ള സമരങ്ങൾ നടത്തുന്നവരാക്കി' ചുരുക്കി അപമാനിക്കാൻ ശ്രമിക്കുന്നുമുണ്ട് ഈ പടം. മയിലമ്മ തൊട്ട് കല്ലൻ പൊക്കുടൻ വരെയുള്ളവരും, സുഗതകുമാരി ടീച്ചർ തൊട്ട് മേധാപട്ക്കർവരെയുള്ളവരുടെ ഒരു ആയുഷ്‌ക്കാലത്തെ പ്രവർത്തനങ്ങളെയാണ് ഇങ്ങനെ പറയുമ്പോൾ സിനിമ ഒറ്റയടിക്ക് നിരാകരിക്കുന്നത്.

ഭരണസംവധാനങ്ങളൊന്നും ഫലവത്തല്ലാത്തതിനാൽ 'നരസിംഹത്തിലും', ഭരത്ചന്ദ്രനിലുമൊക്കെ ഒരുനാടിന്റെ രക്ഷകരെ കണ്ടത്തെുന്ന കച്ചവട സിനമയുടെ അതേ യുക്തി തന്നെയാണ് കത്തയച്ചു വരുത്തുന്ന നാഗരികരുടെ പ്രകൃതിരക്ഷാദൗത്യം കാണുമ്പോൾ ഓർമ്മവരുന്നത്.മാത്രമല്ല, 7000കണ്ടിയുടേത് വെറുമൊരു മരംവെട്ടൽ പ്രശ്‌നം മാത്രമല്ല. ആ കാട്ടിനുള്ളിൽ കുറെ മനുഷ്യരുമുണ്ട്.നമ്മുടെ നാട്ടിൽ ജീവിക്കുന്ന നാമറിയാത്ത ഇന്ത്യൻ പൗരന്മാർ. ഒരു രേഖയിലും അവർ പെട്ടിട്ടില്‌ളെന്നതും ഗൗരവമായ ഒരു രാഷ്ട്രീയ പ്രശ്‌നം കൂടിയാണ്. എന്നിട്ടും നമ്മുടെ കഥാനായകൻ ഇത് പുറം ലോകത്തെയും, എന്തിന് രാജ്യത്തെയും അറിയിക്കുന്നില്ല.അങ്ങനെ ചെയ്താൽ ഇതൊരു ടൂറിസ്റ്റ് കേന്ദ്രമാവുമെന്നും അതോടെ ആദിവാസികളുടെ സ്വസ്ഥത നഷ്ടപ്പെടുമെന്നുമാണ് നായകന്റെ വാദം! ഇവിടെയാണ് അനിൽ രാധകൃഷ്ണമേനോടുള്ള ഗൗരവമായ അടുത്ത വിയോജിപ്പ്. പ്രാക്തന ഗ്രോത്ര വർഗ്ഗങ്ങളെയൊക്കെ സംരക്ഷിക്കാൻ ഇന്ന് ലോകത്ത് ശാസ്ത്രീയമായ വഴികളുണ്ട്. പ്രാദേശിക സ്വയം ഭരണമടക്കമുള്ള കാര്യങ്ങൾ ചെയ്തുകൊടുത്ത് പ്രകൃതിയേയും ആദിവാസിയെയും രണ്ടായി തിരിക്കാതെയുള്ള ഇക്കോ ഫ്രൻഡിലിയായ അതിജീവനത്തെക്കുറിച്ച് ഇന്റനെറ്റിൽ അൽപ്പമൊന്ന് പരതിയാൽ വിവരം കിട്ടുമായിരുന്നു. അതിനുപകരം അവരുടെ കാര്യത്തിൽ ആരുമിടപെടേണ്ട, 18ാം നൂറ്റാണ്ടിലെ അതേ ജാതി വ്യവസ്ഥയും വെളിച്ചംകടക്കാത്ത ലോകവുമായ അവർ ജീവിച്ചുകൊള്ളട്ടേ, അതാണ് ആധുനികലോകത്തിന്റെ കുടിലതകളെ പരിചയപ്പെടുത്തുന്നതിനേക്കാർ നല്ലത് എന്ന പൈങ്കിളി യുക്തിയാണ് ഇവിടെ വർക്കൗട്ടാവുന്നത്.

ഒളിച്ചുകടത്തുന്ന ശാസ്ത്ര വിരുദ്ധത

ഇതേപോലത്തെ അസംബന്ധയുക്തികളുടെ ഉദാഹരണങ്ങൾ പടത്തിൽ എമ്പാടുമുണ്ട്. ഇന്ത്യയിലെ ആദിവാസി സമൂഹത്തിന്റെ ശരാശരി അയുസ് വെറും 45വയസ്സാൺ എന്നിട്ടും ആദിവാസികളുടെയും ഗോത്രങ്ങളുടെയും ജീവിതശൈലിയാണ് ആരോഗ്യകരമെന്നും അവരുടെ ഒറ്റമൂലികൾ ഭയങ്കരമാണെന്നൊക്കെ പ്രചാരണമടിക്കുന്ന കപടശാസ്ത്രക്കാർ ഈ നാട്ടിൽ ഏറെയുണ്ട്. പക്ഷേ ഈ ഒറ്റമൂലി കഴിക്കുന്ന ആദിവാസിയുടെ ആയുർദൈർഘ്യം എങ്ങനെ ഇങ്ങനെ കുറയുന്നുവെന്ന് മാത്രം ഇവർ ചോദിക്കില്ല. ഈ പടത്തിൽ ഗുരുതര രോഗംബാധിച്ച ഷൺമുഖൻ ഇളങ്കോവനെ (സിനിമയിൽ ഭരത്) മന്ത്രവാദികൂടിയായ ഒരു ഗോത്രസ്ത്രീ ചികിസിച്ച് ഭേദമാക്കുന്നുണ്ട്. പ്രകൃതി എന്നത് രോഗാണുവിമുക്തമായ ശുദ്ധമായ ലോകമാണെന്ന ഉട്ടോപ്യൻ ധാരണയും ഈ പടം വച്ചുപുലർത്തുന്നു. 'നാച്ച്വർ ഈസ് എ ബെസ്റ്റ് ഹീലർ' ഈ പടത്തിൽ വേണുച്ചേട്ടന്റെ കഥാപാത്രം പറയുന്നുണ്ട്.പക്ഷേ പ്രകൃതിയോട് ഇണങ്ങിയല്ല, പ്രകൃതിയോട് പൊരുതിയാണ് നാളിതുവരെയുള്ള മനുഷ്യവർഗം വളർന്നതെന്ന് ഇവർ ചിന്തിക്കുന്നില്ല. മണ്ണിൽനിന്നും കാട്ടിൽനിന്നും പൊട്ടിപ്പുറപ്പെട്ട നൂറായിരം വൈറസുകളെക്കുറിച്ചും രോഗങ്ങളെക്കുറിച്ചും ഇത്തരക്കാർ പറയാറുമില്ല. ( പ്രശസ്ത ശാസ്ത്രമാസികയായ ലാൻസെറ്റിൽ ഈയിടെ കണ്ട കാർട്ടൂൺ ഓർത്തുപോവുന്നു.രണ്ട് ആദിമ മനുഷ്യർ ഇരുന്ന് സംസാരിക്കയാണ്. അതിന്റെ ക്യാപ്ഷൻ ഇങ്ങനെ.'നമ്മൾ ശുദ്ധമായ വായു ശ്വസിക്കുന്നു, ഏറ്റവും ശുദ്ധമായ വെള്ളം കുടിക്കുന്നു, ശുദ്ധമായ പ്രകൃതി നൽകുന്ന ഭക്ഷണം കഴിക്കുന്നു. പക്ഷേ എന്നിട്ടും നമ്മളിലാരും മുപ്പതുവയസ്സിനപ്പുറം ജീവിക്കുന്നില്ലല്ലോ'.)

അതായത് ശുദ്ധമായ പ്രകൃതിയിൽ ജീവിച്ചാൽഎല്ലാം ശരിയാവുമെന്നും , ആധുനിക ശാസ്ത്രമാണ് എല്ലാ കുഴപ്പങ്ങങ്ങൾക്കും കാരണമെന്നുമുള്ള വ്യാജപ്രചാരണത്തിന് ഈ പടം കുടപിടക്കുന്നുണ്ട്.അത് ഒരു പക്ഷേ ബോധപൂർവം ആയിരക്കണമെന്നില്ല. പക്ഷേ പ്രകൃതിയെക്കുറിച്ചുള്ള വലിയ ആശങ്കകൾ പങ്കുവെക്കുന്ന സിനിമയായതുകൊണ്ടാണ് ഇത് സൂചിപ്പിച്ചത്.

നടന്മാർ ടാബ്‌ളോ റോളിൽ

ന്യൂജൻ സിനിമകളിൽ അമ്പരപ്പിക്കുന്ന പ്രകടനം കാഴ്ചവച്ച ഒരു പാട് താരങ്ങൾ ഈ പടത്തിൽ ഉണ്ടെങ്കിലും അവരുടെ മുൻകാലങ്ങളിലെ, പടക്കം പെർഫോർമെൻസ് ഇവിടെ കാണാനില്ല.പതിവ് നിലവാരത്തിലേക്ക് ഉയർന്നില്‌ളെങ്കിലും, പക്ഷികളുടെ കാഷ്ടങ്ങളെക്കുറിച്ച് ഗവേഷണം നടത്തുന്ന ശാസ്ത്രജ്ഞനായി ചെമ്പൻ വിനോദ് തന്നെയാണ് വേറിട്ട് നിന്നത്.കുഞ്ചാക്കോ ബോബന്റെ പ്രകടനം മേക്കപ്പിലും എതാനും ചേഷ്ടകളിലും ഒതുങ്ങുന്നു. സുധീർ കരമനയുടെ മലവേടൻ എങ്ങുമത്തെിയില്ല. യുവജനോൽസവത്തിന്റെ നാടോടിനൃത്തത്തിലൊക്കെ കാണുന്ന ഒരു രീതിയിലായിപ്പോയി . പലേടത്തും കൃത്രിമത്വം ശരിക്ക് ഫീൽ ചെയ്യുന്നുമുണ്ട്.സാധാരണ വളിപ്പ് കോമഡികളിൽ തളച്ചിടപ്പെടാറുള്ള ഗ്രിഗറിക്ക് കിട്ടയ മികച്ച വേഷങ്ങളിൽ ഒന്നാണിത്.നായികയെന്ന് പറയാവുന്ന റീനു മാത്യൂസിന് കാര്യമായി ഒന്നും ചെയ്യാനില്ല. നെടുമുടിയും പതിവ് വേഷത്തിൽ തന്നെ.

പക്ഷേ ഈ പടത്തിൽ അനിലിന് ഏറ്റവും വലിയ പിന്തുണ കിട്ടിത് ജയേഷ് നായരുടെ കാമറയാണ്. ജോമോൺ ടി. ജോണിനെപ്പോലെ ചിത്രത്തിന്റെ മൂഡ് അറിഞ്ഞ് കൊതിപ്പിക്കുന്ന ഫ്രെയിമുകൾ ഒരുക്കാൻ അദ്ദേഹത്തിനായി.'ലൈഫ് ഓഫ് പൈ'യുടെ പിന്നണിയിലുണ്ടായിരുന്ന വരുൺ മൽഹോത്രയെയും ദിലീപ് വർമ്മയെയും ഉപയോഗപ്പെടുത്തിയ ഗ്രാഫിക്‌സിന്റെ ഗുണം ശരിക്കും അറിയാനുണ്ട്.ബാഹുബലിയിൽപ്പോലും മൃഗങ്ങളെകാണിക്കുന്നിടത്ത് പാളിയ ഗ്രാഫിക്‌സ് ഇവിടെ ശരിക്കും യോജിക്കുന്നുണ്ട്. ഏഴായിരം കണ്ടി ഗ്രാമം ഒരുക്കിയ ജ്യോതിഷ് ശങ്കറും തന്റെ ജോലി ഭംഗിയാക്കിയിട്ടുണ്ട്. റെക്‌സ് വിജയന്റെതായി എന്തൊക്കെയോ ഗാനങ്ങൾ ഉണ്ടെങ്കിലും ഒന്നും വേറിട്ടത് എന്ന് എടുത്തുപറയാൻ കഴിയില്ല.

വാൽക്കഷ്ണം: ആദിമനിവാസികളെക്കുറിച്ച് പറയുമ്പോഴുള്ള പരമ്പരാഗത രീതിയിൽ നിന്ന് ഈ പടവും മാറുന്നില്ല. 'മലയത്തിപ്പെണ്ണ്' പോലുള്ള സിനിമമുതൽ നാം കാണുന്ന അതേ സെക്‌സ് അപ്പീലുള്ള വേഷവും, തമിഴ് കലർന്ന ഭാഷയും.വ്യത്യസ്തമായി സിനിമയെടുക്കാൻ ശ്രമിക്കുന്നവരെങ്കിലും ഇക്കാര്യത്തിൽ റിയലിസ്റ്റ്ക്കായൊരു സമീപനത്തിനായി ഗവേഷണം ചെയ്യേണ്ടതില്ലേ?

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP