Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202228Saturday

'രണ്ട്' പാളിപ്പോയ സോഷ്യോ- പൊളിറ്റിക്കൽ മൂവി; ന്യൂജൻ സന്ദേശം എന്നൊക്കെയുള്ള പ്രചാരണം വെറും തള്ള്; ഇത് തൊലിപ്പുറമെയുള്ള മതവിമർശനം മാത്രം; വലിയ സാധ്യതയുള്ള ചിത്രത്തെ നശിപ്പിച്ച് സംവിധായകൻ സുജിത്ത് ലാൽ; നായകൻ വിഷ്ണു ഉണ്ണികൃഷ്ണന്റെത് മികച്ച പ്രകടനം; തിളങ്ങി രേഷ്മാ രാജനും

'രണ്ട്' പാളിപ്പോയ സോഷ്യോ- പൊളിറ്റിക്കൽ മൂവി; ന്യൂജൻ സന്ദേശം എന്നൊക്കെയുള്ള പ്രചാരണം വെറും തള്ള്; ഇത് തൊലിപ്പുറമെയുള്ള മതവിമർശനം മാത്രം; വലിയ സാധ്യതയുള്ള ചിത്രത്തെ നശിപ്പിച്ച് സംവിധായകൻ സുജിത്ത് ലാൽ; നായകൻ വിഷ്ണു ഉണ്ണികൃഷ്ണന്റെത് മികച്ച പ്രകടനം; തിളങ്ങി രേഷ്മാ രാജനും

മറുനാടൻ മലയാളി ബ്യൂറോ

'മതത്തെക്കുറിച്ചല്ല മദത്തെക്കുറിച്ചാണ്' എന്ന ക്യാപ്ഷനുമായി 'രണ്ട്' എന്ന പടം അനൗൺസ് ചെയ്തപ്പോൾ തന്നെ ഈ ലേഖകനൊക്കെ ഞെട്ടിയിരുന്നു. കാരണം നമ്മുടെ ചലച്ചിത്രകാരന്മാർക്ക് ഏറെ പേടിയുള്ള ഒരു സാധനമാണ് ഈ മതവിമർശനം എന്നതുതന്നെ. തൊലിപ്പുറമെയുള്ള മതസൗഹാർദ സിനിമകൾ അല്ലാതെ, വിദേശ രാജ്യങ്ങളിൽ കാണുന്നതുപോലുള്ള ശക്തമായ ഒരു മതവിമർശന അല്ലെങ്കിൽ ആക്ഷേപഹാസ്യ ചിത്രം നമുക്ക് ഉണ്ടായിട്ടില്ല. പ്രബുദ്ധമെന്ന് നടിക്കുന്ന മലയാളിയുടെ ഉള്ളിൽ ഉറങ്ങിക്കിടക്കുന്ന മതബോധം എത്രയുണ്ടെന്ന് കാണിച്ചുതന്ന ശബരിമല സമരം നടന്ന നാടാണിത്. പക്ഷേ നമ്മുടെ മുഖ്യധാരാ സിനിമയിൽ അത്തരം വിഷയങ്ങൾ കടന്നുവരാറില്ല. മാത്രമല്ല 'ഈശോ' സിനിമാ വിവാദമൊക്കെ നോക്കുക. ഒരു ചലച്ചിത്രത്തിന്റെ പേരിന്റെ പേരിൽപ്പോലും സാമുദായിക ധ്രൂവീകരണം ഉണ്ടാവുന്നു. ആ കാലത്താണ് മതത്തെ ട്രോളിക്കൊണ്ട് ഒരു മലയാള സിനിമ ഇറക്കുന്നത് എന്നതും അത്ഭുദമായിരുന്നു.

അതായിരുന്നു, സുജിത്ത് ലാലിന്റെ സംവിധാനത്തിൽ, വിഷ്ണു ഉണ്ണിക്കൃഷ്ണൻ നായകനായ രണ്ട് എന്ന ചിത്രം. ഇന്ത്യൻ ഭരണഘടനയിലെ ആർട്ടിക്കിൾ 15 ടൈപ്പ് ചെയ്തപോലെ സ്്ക്രീനിൽ കാണിച്ചുകൊണ്ടാണ് ചിത്രം തുടങ്ങുന്നത്. ജാതി, മതം, ലിംഗം, ജന്മസ്ഥലം തുടങ്ങി ഒന്നിന്റെ പേരിലും പൗരന്മാരോട് രാജ്യം വിവേചനം കാട്ടാൻ പാടില്ല എന്ന വിഖ്യാതമായ വാചകം ക്വാട്ട് ചെയ്തുകൊണ്ട്. മതേതരത്വത്തിനും സമത്വത്തിനും മാനവികതക്കും വേണ്ടി നിലകൊള്ളുന്ന ചിത്രമാണെന്നതും പ്രതീക്ഷ ഉയർത്തി. പക്ഷേ ഇതെല്ലാം ആദ്യ പത്തുമിനിട്ടുകൊണ്ട് തീർന്നു. കാതലില്ലാത്ത തിരക്കഥ തന്നെയാണ് ഈ ചിത്രത്തിന്റെ പ്രധാന പ്രശ്നം. പലയിടത്തും കല്ലുകടിയും, ലോജിക്കില്ലാത്ത രംഗങ്ങളും. രണ്ടാംപകുതിയിലൊക്കെ സാമന്യം നല്ല ബോറടിയാണ് ചിത്രം നൽകുന്നത്.

പാളിപ്പോയ പരീക്ഷണം

എന്തൊക്കെയോ പറയണമെന്നുണ്ട്, പക്ഷേ ഒന്നും എവിടയെും എത്തുന്നുമില്ല. രണ്ട് എന്ന ചിത്രത്തെ ഒറ്റവാക്കിൽ അങ്ങനെ പറയാം. ഒന്നാണ് എന്ന് പൊതുവെ നാം വാചകമടിക്കുമ്പോഴും മതകാലുഷ്യത്തിന്റെ ഭാഗമായി നമ്മൾ രണ്ടാണ് എന്നും, അത് മറികടക്കണമെന്നുമാണ് ചിത്രം ഉദ്ദേശിക്കുന്നത്. പക്ഷേ അത് പറഞ്ഞ് ഫലിപ്പിക്കുന്നതിന് ആവശ്യമായ കഥാപശ്ചാത്തലം വികസിപ്പിക്കാനോ, വിശ്വസനീയമായി അവതരിപ്പിക്കാനോ സംവിധായകന് കഴിഞ്ഞില്ല.

അടിസ്ഥാനപരമായി ഈ സിനിമയും മതവിമർശനത്തിന്റെത് അല്ല. പകരം മതസൗഹാർദത്തിന്റെയാണ്. വിശ്വാസിയാണെങ്കിലും ലിബറലായ വാവ എന്ന ഓട്ടോ ഡ്രൈവുറടെ കഥയാണ് (വിഷ്ണു ഉണ്ണിക്കൃഷ്ണൻ) ചിത്രം പറയുന്നത്. അച്ഛനും അമ്മയും സഹോദരിയും ഉൾപ്പെടുന്ന കുടുംബത്തിന്റെ ഏക വരുമാനമാർഗമാണ് വാവ. ക്ലീഷെ ഇവിടെ തുടങ്ങുന്നു. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാനുള്ള ഓട്ടത്തിലാണ് ഈ ഓട്ടോക്കാരൻ. ചെമ്പിരിക്ക എന്ന തന്റെ നാട്ടിലെ എല്ലാവരുമായും സൗഹൃദം കാത്തു സൂക്ഷിക്കുന്ന, ക്രിക്കറ്റിലും, കബഡിയിലുമൊക്കെ തകർക്കുന്ന വാവ സ്ഥലത്തെ പ്രധാന പയ്യൻ ആണെന്ന് എടുത്തുപറയേണ്ടതില്ലല്ലോ. വിശ്വാസിയാണെങ്കെിലും പതിവുപോലെ അനാചാരങ്ങളെ എതിർക്കുന്നുണ്ട് വാവ. ക്ഷേത്രത്തിന്റെ താഴികക്കുടം സ്വർണം പൂശണം എന്ന പറഞ്ഞപ്പോൾ അയാൾ എതിർക്കുന്നുണ്ട്. മറ്റ് സമുദായംഗങ്ങളുമായും അടുത്ത സൗഹൃദമുണ്ട്.

കെ.ജി.പി., കെ.എൻ.എൽ. എന്നിങ്ങനെ രണ്ട് പ്രസ്ഥാനങ്ങളുടെ പശ്ചാത്തലത്തിലാണ് കഥ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിൽ പറ്റിയ പ്രധാന അബദ്ധവും അതുതന്നെ. ഒന്ന് ഒരു ഹിന്ദു പാർട്ടി. മറ്റേത് മുസ്ലിം പാർട്ടി. മറ്റൊരു പാർട്ടിയും ചിത്രത്തിലില്ല.
കേരളത്തിൽ എവിടെയാണ് ഇതുപോലെ ഒരു സ്ഥലം ഉള്ളത്. ഇടതുപക്ഷവും, കോൺഗ്രസുമൊന്നുമില്ലാതെ, സംഘപരിവാറും മുസ്ലീലീഗും നേരിട്ട് മുട്ടുന്ന ഏത് ഗ്രാമമാണ് കേരളത്തിൽ ഉള്ളത്. ആ അർഥത്തിൽ നോക്കുമ്പോൾ ചിത്രം കേരള വിരുദ്ധമാണ്. പള്ളികളിൽനിന്നുള്ള നിർദ്ദേശങ്ങൾ മാത്രം കേട്ട് ജീവിക്കുന്ന മുസ്ലീങ്ങളും, അമ്പലവും ശാഖയുമായി നടക്കുന്ന, തീരുമാനങ്ങൾ എല്ലാം പാർട്ടിക്ക് വിട്ടുകൊടുക്കുന്ന ഹിന്ദുക്കളും മാത്രമുള്ള കേരളം എന്ന ഒരു സ്ട്രോമാൻ ആർഗ്യുമെന്റാണ് ചിത്രത്തിന്റെ തിരക്കഥാ യുക്തി. എന്നിട്ട് ഈ രണ്ടിനെയും അടിച്ചോടിച്ച് 'ഫയൽവാൻ ജയിച്ചേ' എന്ന് കൊച്ചിൻ ഹനീഫ പറയുന്നപോലെ ചിത്രം അവസാനിക്കുന്നു. ദയനീയം എന്നല്ലാതെ എന്തു പറയാൻ.

മെച്ചപ്പെടുത്താൻ കഴിയുന്ന പ്ലോട്ടുകൾ

ഒരാളുടെ ജീവിതത്തിൽ ഉണ്ടാക്കുന്ന പ്രശ്നങ്ങൾ എങ്ങെനെയാണ് മറ്റൊരാളുടെ ജീവിതത്തെയും ബാധിക്കുന്നത് എന്നത് കാണിക്കുന്ന ബ്രില്ലന്റ് സ്‌ക്രിപ്റ്റിങ്ങ് ആയിരുന്നു നാം മഹേഷിന്റെ പ്രതികാരം എന്ന സിനിമയിലൊക്കെ കണ്ടത്. ഒരു മരണവീട്ടിലെ മെമ്പർക്ക് കിട്ടുന്ന അടി, നെല്ലിക്കാകച്ചവടക്കാരന് ഉണ്ടാകുന്ന നഷ്ടം എന്നിങ്ങനെ മാലകോർത്ത് പോകുന്ന സംഭവങ്ങൾ നോക്കുക. അതുപോലെ വികസിപ്പിക്കാവുന്ന പ്ലോട്ടുകൾ ഈ ചിത്രത്തിലും ഉണ്ടായിരുന്നു. ഹിന്ദുത്വവാദികളായ കുറേച്ചെറുപ്പക്കാർ, ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള സ്‌ക്വാഷ് എന്ന കളി കണ്ടിരിക്കയാണ്. എന്താണ് ഈ കളിയുടെ പേര് എന്ന്പോലും അതിൽ കാര്യമായി ബഹളമുണ്ടാക്കുന്ന ആൾക്ക് അറിയില്ല. അതിൽ ഇന്ത്യ തോറ്റതിൽ ചടച്ച് പുറത്തിറങ്ങിയ സംഘി കാണുന്നത് ഒരു മുസ്ലിം ചെറുപ്പക്കാരൻ ഫോണിൽ നോക്കി ചിരിക്കുന്നതാണ്. ഇത് ഭാരതം തോറ്റതിന്റെ ആഹ്ലാദമാണെന്ന് തെറ്റിദ്ധരിച്ച് അവൻ ആ ചെറുപ്പക്കാരനെ മർദിക്കുന്നു. ഇത് ഗ്രാമത്തിലെ ഒരു വലിയ ക്രമസമാധാന പ്രശ്നമായി മാറുന്നു. അതുപോലെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന വിദ്വേഷകരമായ സംഭവങ്ങൾ അവരുടെ നാട്ടിലും പ്രതിഫലിക്കാൻ തുടങ്ങുന്നു എന്നതിന്റെ വ്യക്തമായ സൂചന ചിത്രം നൽകുന്നുണ്ട്. പക്ഷേ ഈ സീനുകൾ വൃത്തിക്ക് ഡെവലപ്പ് ചെയ്ത് ഉള്ളിൽ തട്ടുന്ന രീതിയിൽ അവതരിപ്പിക്കാൻ ആയിട്ടില്ല.

വെറുപ്പും സംശയവും ഭയവും പതിയെ മനുഷ്യരിലേക്ക് പടരുന്നു. അതു തന്റെ കുടുംബത്തിലേക്കും സൗഹൃദത്തിലേക്കും വരെ എത്തിയെന്ന് വാവ തിരിച്ചറിയുന്നു. . അതിനിടയിൽ ഒരു പ്രത്യേക സാഹചര്യത്തിൽ വാവ തന്നെ വലിയൊരു സാമുദായിക പ്രശ്നത്തിനുള്ള കാരണമാകുന്നു. ആ പ്ലോട്ടും രസകരമാണ്. ഇടക്കിടെ ടോയിലറ്റിൽപോവുന്ന 'അസുഖമുള്ള' വാവ ഒരു ദിവസം പള്ളിയിലെ കക്കൂസിൽ എത്തിപ്പെടുന്നു. അത് വലിയ പ്രശ്നമാവുന്നു. വാവ ജയിലിൽ ആവുന്നു. ജയിലിൽനിന്ന് ഇറങ്ങിയ അയാൾ ഒരു വിഭാഗത്തിന്്് 'വാവാജി'യാവുന്നു. പക്ഷേ ഇത് ഭംഗിയായി കഴിഞ്ഞിട്ടില്ല. വലിയൊരു സാധ്യതയുള്ള സിനിമയെ നിശിപ്പിച്ചുവെന്നേ ഒറ്റവാക്കിൽ പറയാൻ കഴിയൂ.

തിളങ്ങിയത് വിഷ്ണുവും രേഷ്മരാജനും

ഇത്രയേറെ ഫാൾട്ടുകൾ ഉണ്ടായിട്ടും, ഈ ചിത്രത്തത്തെ ഹൊറിബിൾ എന്ന സ്റ്റാറ്റസിൽ നിന്ന് രക്ഷിച്ചത്, നായകൻ വിഷ്ണു ഉണ്ണികൃഷ്ണന്റെയും, നായിക രേഷ്മാ രാജന്റെയും പ്രകടനമാണ്. വാവയുടെ ഹർഷ സംഘർഷങ്ങളെ മികച്ച രീതിയിൽ അവതരിപ്പിക്കാൻ വിഷ്ണു ഉണ്ണികൃഷ്ണന് കഴിഞ്ഞു. 'കട്ടപ്പനയിലെ ഋതിക് റോഷൻ' എന്ന ചിത്രത്തിൽ പ്രേക്ഷകരെ ചിരിപ്പിച്ച വിഷ്ണുവിന്റെ വേറിട്ട പ്രകടനമാണ് രണ്ടിലുള്ളത്. ടൈപ്പായി പോയില്ലെങ്കിൽ മലയാള സിനിമക്ക് ഒരു മുതൽകൂട്ടാണ് ഈ യുവ നടൻ. അതുപോലെ അങ്കമാലി ഡയറീസിനുശേഷം രേഷ്മാ രാജനെ ഇത്ര മനോഹരിയായി കാണുന്നത് ഈ ചിത്രത്തിലാണ്. ഇരുവരുടെ കോമ്പോസീനുകളാണ് മത-രാഷ്ട്രീയ രംഗങ്ങളേക്കാൾ ചിത്രത്തെ ആസ്വാദ്യമാക്കുന്നത്.

ഷാജഹാനായി എത്തിയ സുധി കോപ്പയെും നന്നായി. മുജീബായി എത്തിയ ഇർഷാദും കലാഭവൻ റ്ഹമാനും ഇടക്ക് ഓവറാക്കുന്നുണ്ട്. കെ.ജി.പി. എന്ന പ്രസ്ഥാനത്തിന്റെ നെടുംതൂണായ നളിനൻ എന്ന പ്രതിനായകനെയാണ് ടിനി ടോം അവതിരിപ്പിച്ചത്. ടിനിയുടെ മുൻകാലവേഷങ്ങൾ നോക്കുമ്പോൾ ഇത് നന്നായിട്ടില്ല. ഈ ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ കൂടിയാണ് ടിനി. മാലാ പാർവതി, മമിത ബൈജു, മറീന മൈക്കിൾ, മുസ്തഫ, ഗോകുലൻ എന്നിവരുൾപ്പെടുന്ന വലിയൊരു താരനിര തന്നെ സിനിമയിലുണ്ട്. ഗാനവും പശ്ചാത്തലവും നന്നായിട്ടുണ്ട്.

പക്ഷേ തൊലിപ്പുറമെയുള്ള വിലയിരുത്തലുകൾ ഒന്നുമല്ലാതെ ആഴത്തിലുള്ള മതവിമർശനം ഒന്നും ഈ ചിത്രം നടത്തുന്നില്ല. അതുകൊണ്ടുതന്നെ 'മതത്തെക്കുറിച്ചല്ല മദത്തെക്കുറിച്ചാണ്' എന്ന ടാഗ്ലൈനിനോട് നീതി പുലർത്താനും ചിത്രത്തിന് കഴിഞ്ഞിട്ടില്ല.

വാൽക്കഷ്ണം: എടപ്പാൾ കൂട്ടയോട്ടമൊക്കെ ചിത്രീകരിക്കുന്നതിനാൽ സംഘികൾ മൊത്തം ഈ പടത്തിന് എതിരാവും. സ്വത്വഷുഡുക്കളും ഇരവാദികളും ഇസ്ലാമോഫോബിയ പരത്തുന്നേ എന്ന കരച്ചിൽ സോഷ്യൽമീഡിയയിൽ ഇപ്പോഴേ തുടങ്ങിയിട്ടുണ്ട്. രണ്ട് എക്സ്ട്രീമുകളും ഒരുപോലെ എതിർക്കുന്ന ചിത്രമെന്ന അപൂർവത ഈ പടത്തിന് കിടക്കട്ടെ. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP