Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202228Tuesday

'പുഴു'വായി മമ്മൂട്ടിയുടെ പരകായ പ്രവേശം; അഭിനയത്തിന്റെ അക്ഷയഖനിയാണെന്ന് വീണ്ടും തെളിയിച്ച് മെഗാ സ്റ്റാർ; 'സൈലന്റ് ത്രില്ലർ' എന്ന് വിളിക്കാവുന്ന മലയാളത്തിലെ ആദ്യ ചിത്രം; നവാഗത സംവിധായിക രത്തീന കഴിവ് തെളിയിക്കുന്നു; വിനയാവുന്നത് ഓവർഡോസ് ജാതി പൊളിറ്റിക്സ്; 'പുഴു' ഒരു ചെറിയ ജീവിയല്ല!

'പുഴു'വായി മമ്മൂട്ടിയുടെ പരകായ പ്രവേശം; അഭിനയത്തിന്റെ അക്ഷയഖനിയാണെന്ന് വീണ്ടും തെളിയിച്ച് മെഗാ സ്റ്റാർ; 'സൈലന്റ് ത്രില്ലർ' എന്ന് വിളിക്കാവുന്ന മലയാളത്തിലെ ആദ്യ ചിത്രം; നവാഗത സംവിധായിക രത്തീന കഴിവ് തെളിയിക്കുന്നു; വിനയാവുന്നത് ഓവർഡോസ് ജാതി പൊളിറ്റിക്സ്; 'പുഴു' ഒരു ചെറിയ ജീവിയല്ല!

എം റിജു

സ്വന്തം പെങ്ങളെയും അളിയനെയും ഒറ്റത്തല്ലിന് കൊന്നിട്ടശേഷമുള്ള ആ മുഖഭാവം ഒന്നു കാണണം. തന്നെ കൊല്ലാൻ വരുന്നത് ഒരുവേള സ്വന്തം മകനാണാ എന്ന് തോന്നുമ്പോളും ആ മുഖത്ത് വരുന്ന വല്ലാത്ത ഭാവമുണ്ട്. ഭീതിയും, നിസ്സംഗതയും, നിസ്സഹായതയുമെല്ലാം ചേർത്ത് അതുപോലൊന്ന് ചെയ്യാൻ അയാൾക്ക് മാത്രമേ കഴിയൂ. നാലു പതിറ്റാണ്ടുനീണ്ടുനിന്ന അഭിനയജീവിതത്തിൽ, ഏത് കള്ളിയിൽ ഉൾപ്പെടുത്താവുന്നതുമായ നാനൂറിലേറെ വേഷങ്ങൾ. ഇനിയെന്താണ് ഈ 70ാം വയസ്സിൽ ചെയ്യാനുള്ളത് എന്ന് ചോദിച്ചവരെ അത്ഭുദപ്പെടുത്തുകയാണ്, മമ്മൂട്ടി എന്ന പ്രായം കൂടുന്തോറും സൗന്ദര്യം കൂടിവരുന്ന ലോക മഹാത്ഭുദം!

അഭിനയത്തിന്റെ അക്ഷയഖനിയാണ് മമ്മൂട്ടിയെന്നും, ഇനിയും ഖനനം ചെയ്തിട്ടില്ലാത്ത ഒരുപാട് ഭാവങ്ങൾ തന്റെ മുഖത്ത് വിടരുമെന്നും ഒരിക്കൽ കൂടി തെളിയിയാണ് സോണി ലിവ് ഒടിടി പ്ലാറ്റ്ഫോമിൽ ഇറങ്ങിയ, നവാഗതയായ രത്തീന സംവിധാനം ചെത്ത 'പുഴു' എന്ന പുതിയ ചിത്രം.

ഇതുപോലെ ഒരു ചിത്രത്തിന് ഇമേജുകൾ നോക്കാതെ ഡേറ്റ് കൊടുത്ത ഈ സൂപ്പർതാരത്തെ സമ്മതിക്കണം. ഈ ചിത്രത്തിൽ മമ്മൂട്ടിയുടെ കഥാപാത്രം ഒരു വൃത്തികെട്ട പൂഴുതന്നെയാണ്. ശരിക്കും ഒരു ചൊറിയൻ പുഴു. അയാൾ ഒരു ടോക്സിക്ക് ഫാദർ ആണ്, അഴിമതിക്കാരനായ പൊലീസാണ്, കുലമഹിമയിലും ജാതിയിലും അഭിരമിക്കുന്നവനാണ്, ഭരണകൂടത്തിന്റെ ഒത്താശയോടെ ഭീകരത എക്സിക്യൂട്ടീവ് ചെയ്തിരുന്ന ആളാണ്...... അങ്ങനെ നെഗറ്റീവ് ടച്ചുകൾ ഒരുപാടുള്ള കഥാപാത്രം. ചിത്രത്തിന്റെ പലഭാഗത്തും മമ്മൂട്ടിയെ കുട്ടൻ എന്ന കഥാപാത്രത്തിന്റെ ചെപ്പക്കുറ്റിക്ക് ഒന്ന് കൊടുക്കാൻ പ്രേക്ഷകന് തോന്നിപ്പോവും. ചിലയടത്തുതോന്നും ചികിത്സ അർഹിക്കുന്ന ഒരു മനോരോഗിയാണ് അയാളെന്ന്, ചിലയിടത്ത് അയാളുടെ ദയനീയാവസ്ഥയിൽ സങ്കടം തോന്നും. അങ്ങനെ അഭിനയം കൊണ്ട് മമ്മൂട്ടി ശരിക്കും ആറാടുന്ന ചിത്രമാണിത്. നേരത്തെ വേണുവിന്റെ 'മുന്നറിയിപ്പ്' എന്ന ചിത്രത്തിൽ മമ്മൂട്ടി ഇതുപോലെ ഒരു നെഗറ്റീവ് നായകനെ ചിത്രീകരിച്ചിരുന്നു. പക്ഷേ അതിന്റെ ഒരു സാമ്യവും അനുകരണവരും വരാതെയാണ് അദ്ദേഹം ഈ കഥപാത്രത്തെ ചെയ്യുന്നത്. അതാണ് നടനം.

മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ ബിൽഡപ്പുകൊണ്ട് മാത്രം രജിസ്റ്റർ ചെയ്യേണ്ട ഒരു സിനിമല്ല ഇത്. പൃഥ്വിരാജിന്റെ 'ജന ഗണ മന' പോലെ കൃത്യമായ രാഷ്ട്രീയം പറയുന്ന ചിത്രമാണിത്. പക്ഷേ ആ ജാതിരാഷ്ട്രീയം ഓവർഡോസ് ആയിപ്പോയി എന്നത് മാത്രമാണ് ചിത്രത്തിലെ പ്രശ്നവും.

കുട്ടൻ എന്ന കുലപുരുഷൻ

പരീക്ഷത്ത് രാജാവിന്റെ തക്ഷകൻ ദംശിച്ച പുരാണകഥയിൽനിന്നാണ് 'പുഴു'വിന്റെ ജനനം. മരണത്തെ തടുക്കാനായി ഒറ്റക്കൽ മണ്ഡപം കെട്ടി അതിന്റെ മുകളിൽ ഒളിച്ചിരുന്ന പരീക്ഷിത്തിനെ തക്ഷകൻ കൊത്തുന്നത് ഒരു പുഴുവായി എത്തിയാണ്. അതുപോലെ നമ്മുടെ ഉഗ്രപ്രതാപിയായ കുട്ടനെ കൊത്തുന്നതും നിസ്സാരനായ ഒരു 'പുഴു' തന്നെയാണ്.

ഏത് പുമ്പാറ്റയും പരിണാമത്തിന്റെ ഒരു ഘട്ടത്തിൽ പുഴുവായിരുന്നുവെന്നതും മറന്നുപോകരുത്. നിങ്ങൾ പുഴു ആകണോ, പൂമ്പാറ്റയാകണോ എന്ന് തീരുമാനിക്കുന്നത് നിങ്ങളുടെ മനസ്സും ജീവിത വീക്ഷണവുമാണ്. നവാഗതയായ രത്തീനയുടെ ഈ ചിത്രം അവസാനിക്കുമ്പോൾ, പുഴു ഇഴഞ്ഞതിന്റെ അതേ അസ്വസ്ഥകൾ നിങ്ങളുടെ മനസ്സിലും അവശേഷിക്കും. തീയേറ്റർ വിട്ടാലുടൻ കഥ മറന്നുപോകുന്ന, തല്ലിപ്പൊളി പടങ്ങൾ കണ്ടുമടുത്ത മലയാളി സിനിമക്ക്, ശരിക്കും ഒരു ഉണർവ് നൽകുകയാണ് ഈ കൊച്ചു ചിത്രം. മമ്മൂട്ടി എന്ന നടന്റെ പരകായപ്രവേശമാണ് 'പുഴു'വിൽ കാണാനാവുക.

അടുപ്പക്കാരെല്ലാം കുട്ടൻ എന്നു വിളിക്കുന്ന ഒരു പൊലീസ് ഉദ്യോഗസ്ഥനായാണ് മമ്മൂട്ടി ചിത്രത്തിൽ എത്തുന്നത്. കഥാപാത്രത്തിന്റെ യഥാർത്ഥ പേര് സിനിമയിൽ ഒരിടത്തും പറയുന്നില്ല. ഭാര്യ മരിച്ചതിൽ പിന്നെ മകൻ മാത്രമാണ് അയാളുടെ ലോകം. മകൻ എങ്ങനെ നടക്കണം, ഇരിക്കണം, എന്തിന് എങ്ങനെ പല്ലുതേക്കണം എന്നുവരെ തീരുമാനിക്കുന്നത് ഇയാളാണ്. ശരിക്കും ഒരു ടോക്സിക്ക് ഫാദർ. അയാൾ മകനെ ഒരിക്കലും ഫിസിക്കലായി ടോർച്ചർ ചെയ്യുന്നില്ല. ഒരു അടിപോലും അടിക്കുന്നില്ല. വല്ലാതെ ശബ്ദം ഉയർത്തിയും സംസാരിക്കുന്നില്ല. പക്ഷേ എന്നിട്ടും അയാൾ അവനെ അടക്കിഭരിക്കയാണ്. ആ ഫിയർ മോഡൊക്കെ മമ്മൂട്ടി അഭിനയിപ്പിച്ച് ഫലിപ്പിക്കുന്നത് കാണേണ്ടതാണ്.

കുലമഹിമയിൽ രമിക്കുന്ന നായകനാണ് ചിത്രത്തിൽ. പുറമെ അങ്ങനെ തോന്നിപ്പിക്കുന്നില്ലെങ്കിലും ഉള്ളിന്റെയുള്ളിൽ അയാൾ ശരിക്കും ഒരു കുല പുരുഷനാണ്. ബ്രാഹ്‌മണനായ അയാൾക്ക് മകൻ സഹപാഠിയുമായി ഭക്ഷണം പങ്കിടുന്നതോ കളിക്കുന്നതോ പോലും ഇഷ്ടമല്ല. ''നമുക്കുള്ളത് മറ്റുള്ളവരുമായി പങ്കുവെയ്ക്കുന്നതിൽ തെറ്റില്ല, പക്ഷേ അവർ തരുന്നത് നമുക്കാവശ്യമില്ലല്ലോ'' എന്ന അയാളുടെ ചോദ്യം പോലും എവിടെ നിന്നാണ് ഉണ്ടാകുന്നത് എന്നത് വ്യക്തമാണ്. ഇതോടൊപ്പം പൊലീസ് ഉദ്യോഗസ്ഥന്റെ അധികാരവും കൂടി ചേരുമ്പോൾ അയാൾ ശരിക്കും പ്രവിലേജ്ഡ് ആവുകയാണ്. അയാളുടെ ഓരോ പ്രവൃത്തിയിലും അതു കാണാം.

കുട്ടന്റെ ജാതി മനസ്സിന് പൊറുക്കാൻ പറ്റാത്ത തെറ്റാണ് സ്വന്തം സഹോദരി ചെയ്യുന്നത്. പാർവതി അവതരിപ്പിക്കുന്ന ഈ കഥാപാത്രം ഒരു ദലിതനായ നാടകകലാകാരനെ വിവാഹം കഴിച്ചത് അയാൾക്ക് താങ്ങാൻ കഴിയുന്നില്ല. അതോടോപ്പം മറ്റൊരു കാര്യം കുടി സംഭവിക്കുന്നു. അരോ അയാളെ കൊല്ലാൻ പിന്തുടരുന്നു. രണ്ട് വധശ്രമങ്ങളിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെടുന്നതോടെ അയാൾ ശരിക്കും വിഭ്രാന്തിയിലാവുന്നു. ഒരു വേള വേട്ടക്കാരനായിരുന്നു അയാൾ ഇരായാവുന്നു. പ്രഷർ കുക്കറിന്റെ ശബ്ദംപോലും അയാളെ നടുക്കുന്നു. തളർന്നുകിടക്കുന്ന അമ്മക്ക് മുന്നിൽ അയാൾ എല്ലാം പറഞ്ഞ് പൊട്ടിക്കരയുന്നു.

സൈലന്റ് ത്രില്ലർ

ഈ പടത്തിന്റെ മേക്കിങ്ങാണ് ഏറെ സവിശേഷം. കഥാപാത്ര ഡീറ്റേയിലിങ്ങിലേക്ക് അധികം പോകാതെയുള്ള ന്യുജൻ ശൈലിയാണ് ചിത്രം പിന്തുടരുന്നത്. പതിയെ സഞ്ചരിക്കുന്ന ഒരു ത്രില്ലർ എന്നു പറയാം. അരിച്ച് നീങ്ങുന്ന ഒരു പുഴവിനെപ്പോലെ സിനിമയും പതുക്കെ നമ്മുടെ തലച്ചോറിലേക്ക് അരിച്ചെത്തുകയാണ്.

സിനിമയിലെ ഞെട്ടിക്കുന്ന മറ്റൊരു കഥാപാത്രം അപ്പുണ്ണി ശശി ചെയ്ത കുട്ടപ്പൻ എന്ന നാടകനടനാണ്. കറുത്ത നിറമുള്ള കുട്ടപ്പൻ ഭാര്യാസഹോദരനിൽ ഏറ്റുന്ന വെറുപ്പ് ചില്ലറയല്ല. അകറ്റിനിർത്തിയ ഭാര്യാഗൃഹത്തിന്റെ അകത്തളത്തിലേക്ക് ചങ്കൂറ്റത്തോടെ കടന്നുചെല്ലുന്നുണ്ട് കുട്ടപ്പൻ. അവിടടെയാർക്കും തങ്ങളെ വേണ്ട എന്ന തിരിച്ചറിവ് ലഭിക്കുന്ന അയാൾ ഭാര്യയുടെ കൈ പിടിച്ച് അഭിമാനത്തോടെ തല ഉയർത്തിയാണ് ഇറങ്ങിപ്പോരുന്നത്. അപ്പുണ്ണി ശശിയുടെ കരിയർ ബെസ്റ്റ് ആണ് ഈ ചിത്രം. കുട്ടപ്പന്റെ ഭാര്യയായെത്തിയ പാർവതിയും, മാസ്റ്റർ വാസുദേവും, രമേഷ്‌കോട്ടയവും ഇന്ദ്രൻസും കുഞ്ചനുമെല്ലാം മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.

ഹർഷദ്, ഷർഫു, സുഹാസ് എന്നിവർ ചേർന്നെഴുതിയ തിരക്കഥ സിനിമയുടെ നട്ടെല്ലാണ്. തേനി ഈശ്വറിന്റെ ക്യാമറയും ജേക്‌സ് ബിജോയിയുടെ പശ്ചാത്തലസംഗീതവും സിനിമയിലെ അസുഖകരമായ കാഴ്ചകൾക്ക് ബലമേകുന്നു.

ഓവർഡോസ് പൊളിറ്റിക്സ്

പക്ഷേ ഈ ചിത്രത്തിന്റെ ഗതിമാറ്റുന്നതായി തോന്നിയത് ചിത്രം ഉയർത്തുന്ന ഓവർഡോസ് പൊളിറ്റിക്സാണ്. ജാതിരാഷ്ട്രീയം, പാട്രിയാർക്കൽ സമൂഹം, ഭരണകൂട ഭീകരത, എന്നിവയൊക്കെ കഥയിൽ സ്വാഭാവികമായി കലരുന്നതിന് പകരം, പലയിടത്തും ഈ ആശയം പറയാൻ വേണ്ടി കഥയുണ്ടാക്കിയതായി തോന്നിയിട്ടുണ്ട്്. 'ജന ഗണ മന' എന്ന പൃഥ്വിരാജ് ചിത്രത്തിനും ഇതേ പൊളിറ്റിക്സിന്റെ ഓവർഡോസ് പ്രകടമായിരുന്നു.

'പുഴുവിലെ' ഒരു രംഗം നോക്കുക. നായകനായ കുട്ടൻ, ദലിതനെ വിവാഹം കഴിച്ച തന്റെ സഹോദരി, താൻ താമസിക്കുന്ന ഫ്ളാറ്റ് സമുച്ചയത്തിൽ താമസിക്കുന്നുണ്ട് എന്ന് അറിഞ്ഞപ്പോൾ ഏറെ അസ്വസ്ഥനാവുന്നു. അയാൾ ഉടനെ ഫ്ളാറ്റ് സെക്രട്ടറിയായ നെടുമുടി വേണു അവതിരിപ്പിച്ച കഥാപാത്രത്തെക്കണ്ട് ചോദിക്കയാണ്, '' ഈ ഫ്ളാറ്റ് നമ്മുടെ അൾക്കാർക്ക് മാത്രമേ കൊടുക്കു എന്നാണെല്ലോ പറഞ്ഞത്''- കേരളത്തിലെ സാമൂഹിക സാഹചര്യങ്ങൾ നോക്കുമ്പോൾ എത്ര അയഥാർഥ്യമായ കാര്യമാണിത്. കേരളത്തിൽ എവിടെയെങ്കിലും ബ്രാഹ്‌മണർക്ക് മാത്രമായി ഫ്ളാറ്റുകൾ ഉണ്ടോ. ജനസംഖ്യയിൽ ന്യൂനപക്ഷമായ ഈ സമുഹം പൊതുവെ ഫ്ളാറ്റുകളിൽ താമസിക്കാൻ താൽപ്പര്യപ്പെടുന്നവർ പോലുമല്ല. കൽപ്പാത്തി അഗ്രഹാരത്തിൽ ഒക്കെ പോയാൽ അറിയാം, യുവാക്കൾ എല്ലാം വിദേശത്ത് ജോലിതേടി പോയതോടെ വൃദ്ധ സദനങ്ങൾക്ക് സമാനമാണ് അവിടം. പക്ഷേ ചിത്രം മുബൈയിലൊക്കെ മുസ്ലീങ്ങൾക്ക് വാടകക്ക് വീടുകിട്ടാനില്ലാത്തതുപോലെയുള്ള ഒരു പൊളിറ്റിക്സ് കേരളത്തിലേക്ക് കൊണ്ടുവരികയാണ്.

ഒരു അപ്പാർട്ട്മെന്റ് സമുച്ചയം ആകെ സ്വജാതീയമായി നിയന്ത്രിക്കാൻ സാധിക്കുന്ന ഒരു ബ്രാമൺ കമ്മ്യുണിറ്റി പവർ കേരളത്തിൽ എവിടെയാണുള്ളത്. ജനസംഖ്യ കുത്തനെ ഇടിയുന്ന ഒരു സമൂഹമാണത്. മറക്കുടയെടുത്തുള്ള ഫോട്ടോഷൂട്ട് തൊട്ട്, വിവാഹ രജിസ്ട്രേഷന് പോയ മിശ്ര വിവാഹിതരോട് 'കാക്ക തേങ്ങപ്പൂൾ കൊത്തിയത് പോലെ' എന്നു മുഖത്തു നോക്കി പറയുന്ന സർക്കാർ ഉദ്യോഗസ്ഥർവരെയുള്ള പല സീനുകളും ജാതീയമായ ഇങ്ങനെ പ്രോപ്പാഗാണ്ടക്ക് വേണ്ടി കഷ്ടപ്പട്ട് ഉണ്ടാക്കിയപോലെ തോനുന്നുണ്ട്. ഏറ്റവും രസം ബ്രാഹ്‌മണ സമുദായത്തിൽനിന്ന് യാതൊരു ജാതിബോധുമില്ലാതെ, ദലിതനായ കലാകാരനെ പ്രേമിച്ച് വിവാഹം കഴിച്ച ഭാര്യക്കൊപ്പം ഇരുന്നുകൊണ്ടാണ്, സമൂഹം മാറില്ല എന്ന ഡയലോഗൊക്കെ നാടകക്കാരൻ പറയുന്നത്!

സത്യത്തിൽ കേരളീയ പൊതു സമുഹത്തിൽ മറഞ്ഞു കിടക്കുന്ന ഒന്നാണ് ജാതി. അത് പ്രകടമായി പറയാൻ പഴയതുപോലെ ആളുകൾക്ക് മടിയാണ്. പക്ഷേ ഈ സിനിമ പറയുന്നത് കറുത്തതിന്റെ പേരിലും ജാതിയുടെപേരിലും സർക്കാർ ഉദ്യോസ്ഥർ തൊട്ട്, വീട്ടുടമവരെ വിവേചനം കാട്ടുമെന്നാണ്. ദുരഭിമാനക്കൊലപോലുമുണ്ട്. ആ അർഥത്തിൽ തീർത്തും റിഗ്രസ്സീവായ, അമാനവികമായ, സമൂഹത്തെ പിന്നോട്ട് വലിക്കുന്ന ഒരു പൊളിറ്റിക്സാണ് ചിത്രം മുന്നോട്ടുവെക്കുന്നത്. അവസാനം പ്രതീക്ഷിച്ചപോലെ അത് ഒരു ഇസ്ലാമോഫോബിയ ചാപ്പയിൽ അവസാനിക്കുകയും ചെയ്യുന്നുണ്ട്.

നായകനായ കുട്ടൻ അയാളുടെ മസ്തിഷ്‌ക്കത്തിലേക്ക് ചെറുപ്പം മുതലേ അടിച്ചേൽപ്പിക്കപ്പെട്ട ജാതിയുടെയും മതത്തിന്റെയും ഇരയാണ് സത്യത്തിൽ. അത് കൃത്യമായി ചിത്രീകരിക്കാൻ സിനിമക്കാവുന്നില്ല. അതാണ് ഈ പടത്തിന്റെ രാഷ്ട്രീയ ഉള്ളടക്കത്തിൽവന്ന പരാജയം. ഒരു സിനിമ എന്ന രീതിയിൽ പുഴുവിനെ അഭിനന്ദിക്കുമ്പോഴും അത് ഉയർത്തുന്ന ടോക്സിക്കായ രാഷ്ട്രീയം കാണാതിരിക്കാൻ ആവില്ല.

വാൽക്കഷ്ണം: ബ്രാഹ്‌മണിക്കൽ ഹെജിമണി, ബ്രാഹ്‌മണിക്കൽ പാട്രിയാർക്കി എന്നൊക്കെ പറഞ്ഞ് വലിയ ബഹളങ്ങൾ ഉണ്ടാക്കുന്ന സ്യൂഡോ ബുജികൾക്ക്, അതി ഗംഭീരമായ ഊർജം പകരുന്ന ഒരു സിനിമയാണ് ഇത്. പെടോൾ ഒഴിച്ചുകൊണ്ട് തീ കൊടുത്താനാവില്ല എന്ന് പറഞ്ഞതുപോലെ, എവിടെയും ജാതിയുണ്ടെന്ന് ആരോപിച്ചുകൊണ്ട് ജാതി നിർമ്മാർജനം നടപ്പാവില്ല. പുരോഗമനം എന്ന പേരിൽ എടുത്ത ചിത്രം പക്ഷേ ഈ ആംഗിളിൽ പിന്തിരിപ്പനായിപ്പോവുകയാണ്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP