Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മാണിക്യമായി വീണ്ടും മമ്മൂട്ടി! പേരൻപ് മൊഗാതാരത്തിലെ നടന്റെ പുനർജ്ജനി; നിസ്സംശയം പറയാം ഇത്തവണത്തെ ദേശീയ അവാർഡിന് മൽസരിക്കാൻ മമ്മൂട്ടിയുമുണ്ടാവും; റാം ഇന്ത്യൻ സിനിമയിലെ മികച്ച ക്രാഫ്റ്റ്മാൻ; നൊമ്പരമായി നടി സാധനയും; കാമ്പില്ലാ കഥാപാത്രങ്ങളൊരുക്കി മഹാനടനെക്കൊണ്ട് കോമളി വേഷം കെട്ടിക്കുന്ന മലയാളത്തിലെ സംവിധായകർ ഈ തമിഴ് സിനിമ കണ്ടുപഠിക്കുക!

മാണിക്യമായി വീണ്ടും മമ്മൂട്ടി! പേരൻപ് മൊഗാതാരത്തിലെ നടന്റെ പുനർജ്ജനി; നിസ്സംശയം പറയാം ഇത്തവണത്തെ ദേശീയ അവാർഡിന് മൽസരിക്കാൻ മമ്മൂട്ടിയുമുണ്ടാവും; റാം ഇന്ത്യൻ സിനിമയിലെ മികച്ച ക്രാഫ്റ്റ്മാൻ; നൊമ്പരമായി നടി സാധനയും; കാമ്പില്ലാ കഥാപാത്രങ്ങളൊരുക്കി മഹാനടനെക്കൊണ്ട് കോമളി വേഷം കെട്ടിക്കുന്ന മലയാളത്തിലെ സംവിധായകർ ഈ തമിഴ് സിനിമ കണ്ടുപഠിക്കുക!

എം മാധവദാസ്

പ്രശസ്ത ചലച്ചിത്ര നിരൂപകൻ ഡെറിക്ക് മാൽക്കം ഒരിക്കൽ മമ്മൂട്ടിയെ കുറിച്ച് ഇങ്ങനെ എഴുതിയത് ഓർക്കുന്നു. ' ഈ നടന് ഹോളിവുഡ്ഡ് നടന്മാരെ വെല്ലുന്ന രീതിയിൽ അഭിനയിക്കാനും പ്രേക്ഷകരെ സ്വന്തം കരിസ്മകൊണ്ട് പിടിച്ചിരുത്താനും കഴിയുന്നുണ്ട്. പക്ഷേ അയാൾക്കുവേണ്ട രചനാപരവും സാങ്കേതികവുമായ പിന്തുണ എത്രത്തോളം ഇന്ത്യൻ സിനിമക്ക് കൊടുക്കാൻ കഴിയുന്നുണ്ട്'. ഈ 67-ാം വയസ്സിലും കരിയറിന്റെ അവസാന ഘട്ടത്തിലെത്തി നിൽക്കുമ്പോഴും, യുവാക്കളെ വെല്ലുന്ന ഊർജ്ജവുമായി ശരിക്കും മാണിക്യമാവുകയാണ് നമ്മുടെ പ്രിയപ്പെട്ട മമ്മൂട്ടി. ഒരു സിനിമ കണ്ടാലൊന്നും പ്രവർത്തിക്കുന്നവയല്ല മനുഷ്യന്റെ കണ്ണുനീർ ഗ്രന്ഥികൾ എന്ന ധാരണയെയും 'പേരൻപ്' എന്ന പുതിയ തമിഴ് സിനിമയിലെ മമ്മൂട്ടിയുടെ പ്രകടനം തിരുത്തിക്കുറിക്കുന്നു.

സത്യം പറഞ്ഞാൽ വ്യാവസായിക സിനിമയുടെ ഇമേജും ഹീറോയിസവും എല്ലാം ചേർന്ന് ചങ്ങലക്കിട്ടിരിക്കുന്ന ഒരു മൊഗാതാരത്തിലെ നടന്റെ പുനർജ്ജനിയാണ് പേരൻപ്. നിസ്സംശയം പറയാം ഇത്തവണത്തെ ദേശീയ അവാർഡിന് മൽസരിക്കാൻ മമ്മൂട്ടിയുമുണ്ടാവും. കാമ്പില്ലാ കഥാപാത്രങ്ങളൊരുക്കി മഹാനടനെകൊണ്ട് കോമളി വേഷം കെട്ടിക്കുന്ന മലയാളത്തിലെ സംവിധായകർ ഈ തമിഴ് ചലച്ചിത്രം കണ്ടുപഠിക്കട്ടെ. എത്ര ഖനനം ചെയ്താലും തീരാത്ത ഭാവങ്ങളുടെ അക്ഷയ ഖനിയാണ് താനെന്ന് ഈ നടൻ ഒരിക്കൽകൂടി തെളിയിക്കുന്നു.

കഴിഞ്ഞ അഞ്ചാറുവർഷങ്ങൾക്കിടയിൽ മമ്മൂട്ടിയിലെ നടനെ ചൂഷണം ചെയ്യുന്ന എത്ര കഥാപാത്രങ്ങൾ ഉണ്ടായി എന്ന് നോക്കിയാലറിയാം. നമ്മുടെ ചലച്ചിത്രകാരന്മാരുടെ പ്രതിഭാ ദാരിദ്ര്യം. വേണുവിന്റെ മുന്നറിയപ്പ്, പത്തേമാരിയിലെ ചിലരംഗങ്ങൾ തുടങ്ങിയ മാറ്റിവച്ചാൽ, സമീപകാലത്ത് മമ്മൂട്ടിയുടെ പ്രതിഭതെളിയിക്കുന്ന യാതൊരു വേഷവും കൈയിൽ കിട്ടാറില്ലായിരുന്നു.

ഈ ടെയിലർ മേഡ് അരോചകങ്ങൾക്കിടയിൽ, മണ്ണിൽ നിൽക്കുന്ന നാടൻ കഥാപാത്രത്തിന്റെ കഥ ഈ താരത്തിനു കൊടുത്ത സംവിധായകൻ റാമിനോട് പ്രേക്ഷകർ കടപ്പെട്ടിരിക്കുന്നു. ഇനി തീർത്തും മമ്മൂട്ടിയുടെ വൺമാൻഷോയല്ല ഈ ചിത്രം. അടിസ്ഥാനമായി ഇതൊരു സംവിധായകന്റെ സിനിമ തന്നെയാണ്. സാധാരണക്കാരനായ അച്ഛന്റെയും, അസുഖക്കാരിയായ മകളുടെയും ജീവിതം പ്രകൃതിയുടെ വിവിധ ഭാവങ്ങളിലൂടെ പന്ത്രണ്ട് അധ്യായങ്ങളായി പറഞ്ഞിരിക്കുന്നതു കണ്ടപ്പോൾ, കിം കി ഡുക്കിന്റെയും താർക്കോവിസ്‌ക്കിയുടെയും ചില സിനിമകളാണ് ഓർത്തുപോയത്.

ഇന്ത്യൻ സിനിമയിൽ ഇനിയും അത്ഭുതങ്ങൾ കാട്ടാൻ കഴിവുള്ളയാളാണ് റാം എന്ന് ഒരിക്കൽകൂടി തെളിയുന്നു. ദേശീയ അവാർഡ് നേടിയ തങ്കമീൻകൾ എന്ന ഒറ്റപ്പടം കണ്ടവർക്ക് അറിയാം റാമിന്റെ ക്രാഫ്റ്റ്. കട്രത് തമിഴും, തങ്കമീൻകളും, തരമണിയുമൊക്കെയൊരുക്കിയ തമിഴ് സംവിധായകൻ റാമിന് കേരളത്തിലും ആരാധകർ ഏറെയുണ്ട്.

പരീക്ഷണങ്ങൾ ഒരുക്കാൻ പൊതുവെ വിമുഖത കാട്ടുന്ന ഇന്ത്യൻ സംവിധായകരിൽ നിന്ന് വേറിട്ട പാതയൊരുക്കാനുള്ള റാമിന്റെ ശ്രമങ്ങളും പ്രശംസനീയം തന്നെ. അമീർസുൽത്താനും, ശശികുമാറും, സുശീലനും, സൂശിഗണേശനും, മിഷ്‌ക്കിനും, വസന്തബാലനും, ഗൗതംമേനോനും, വിജയ് സേതുപതിയുമൊക്കെ ഉയർത്തിക്കൊണ്ടുവന്ന നവതരംഗത്തെ പുഷ്ടിപ്പെടുത്തുന്ന സംവിധായകരുടെ പാതയിലുടെയാണ് റാമിന്റെയും സഞ്ചാരം.

പറഞ്ഞുവരുന്നത് ഇതൊരു ബുദ്ധിജീവി പടം ആണെന്നല്ല. നല്ല സിനിമയെ സ്നേഹിക്കുന്ന, ഏത് സാധാരക്കാരനും മനസ്സിലാവുന്ന രീതിയിൽ, ഒറ്റപ്പെട്ടുപോയ ഒരു പിതാവും മകളും തമ്മിലുള്ള ബന്ധത്തിലൂടെയാണ് കഥ നീങ്ങുന്നത്. പേരൻപ് എന്ന വാക്കിന്റെ അർഥം വലിയ സ്നേഹം എന്നുതന്നെ. അമുദൻ എന്ന ദീർഘകാലം ഗൾഫിൽ ജോലിചെയ്ത് നാട്ടിലെത്തിയ ഒരു സാധാരണക്കാരായ ടാക്സി ഡൈവ്രറുടെ റോളിലാണ് മമ്മൂട്ടിയെത്തുന്നത്. സ്പാസ്റ്റിക്ക് പരാലിസിസ് എന്ന സവിശേഷ രോഗമുള്ള പാപ്പയെന്ന് വിളിക്കുന്ന തന്റെ മകളാണ് അയാളുടെ എല്ലാം. പത്ത് വർഷത്തിലേറെയായി ഗൾഫിൽ ജോലി ചെയ്ത് തിരച്ചെത്തുമ്പോൾ അയാൾ അറിയുന്നത് കൗമാരത്തിലേക്ക് കടന്ന തന്റെ മകളെ തനിച്ചാക്കി ഭാര്യ മറ്റൊരാളുടെ കൂടെ ഇറങ്ങിപ്പോയി എന്നാണ്.

കൈവിരലുകൾ ഒടിഞ്ഞു തൂങ്ങി, നാവ് പുറത്തേക്ക് തള്ളി, പിണഞ്ഞ കാലുമായി വേച്ച് നടക്കുന്ന തന്റെ മകൾക്ക് പിന്നീടയാൾ അമ്മയുമാവുന്നു. കുട്ടി ആദ്യമൊന്നും അമുദനെ അംഗീകരിക്കുന്നില്ല. സ്വന്തം ബന്ധുക്കൾപോലും ഒറ്റപ്പെടുത്താൻ തുടങ്ങുന്നതോടെ അയാൾ ഊട്ടിയിലെ ഏകാന്തമായ ഒരിടത്തേക്ക് മാറുന്നു. മകളുടെ പ്രതീ സമ്പാദിക്കാനായി പാടുകയും ആടുകയും ചെയ്യുന്ന അമുദന്റെ അഞ്ചു മിനിട്ടിലേറെ നീണ്ടു നിൽക്കുന്ന ഒരു ഷോട്ടുണ്ട്. ക്ലാസിക്ക് എന്ന് പറഞ്ഞുപോവും.

എന്നാൽ തടാകവും മഞ്ഞും എല്ലാമായി പ്രകൃതി അനുഗ്രഹിച്ച ആ നാട്ടിൽനിന്ന് റിയൽ എസ്റ്റേ് മാഫിയയുടെ കള്ളക്കളികൾ അയാളെയും മകളെയും വീണ്ടും നഗരത്തിലെത്തിക്കയാണ്. പിതാവും മകളുമായുള്ള വൈകാരിക രംഗങ്ങൾ ഇത്രമേൽ ശക്തമായി മറ്റൊരു സിനിമയിലും പകർത്തപ്പെട്ടിട്ടില്ല. പ്രത്യേകിച്ചും ലൈംഗികത എന്ന വിഷയം. മകളുടെ പാഡുവാങ്ങാനായി രാത്രി ഓടിപ്പോകുന്ന പിതാവ്, പാഡ് മാറ്റിച്ചുകൊടുക്കുന്നതും അയാൾ തന്നെ. മാനസിക -ശാരീരിക വൈകല്യങ്ങൾക്കിടയിലും അവൾ വളരുകയാണെന്നും അവളിൽ ലൈഗികാഭിമുഖ്യം ഉയരുന്നതും അമുദൻ ഞെട്ടലോടെ തരിച്ചറിയുന്നുണ്ട്.

വിവാഹം ഒരിക്കലും നടപ്പില്ലെന്ന് ഉറപ്പായ തന്റെ മകൾക്ക് പിന്നെ ശാരീരിക ആവശ്യങ്ങൾക്ക് എന്താണ് പോംവഴിയെന്ന അമുദന്റെ അന്വേഷണം ഞെട്ടലോടെ മാത്രമേ പ്രേക്ഷകർക്ക് കാണാൻ കഴിയൂ. കമലാഹസന്റെ മഹാനദിയൊക്കെയാണ് സമാനമായ വിറയൽ അവശേഷിപ്പിക്കുന്നത്. ട്രാൻസ് ജെൻഡറുകളുടെ ജീവിതാവസ്ഥകൾ, വെകല്യമുള്ളവരുടെ അഭയകേന്ദ്രങ്ങൾ എന്നപേരിൽ നടക്കുന്ന സ്ഥാപനങ്ങളുടെ കറുത്ത മുഖം എന്നിവയിലുടെയും ഈ ചിത്രം കടന്നുപോവുന്നുണ്ട്.

സാധാരണ ആർട്ട് ചാപ്പയൊട്ടിച്ച പടങ്ങളെപ്പോലെ ഇഴഞ്ഞു നീങ്ങുന്നതല്ല ഈ പടം. മനോഹരമായ ഫ്രയിമുകളിലൂടെ, ജാലക്കാഴ്ചകളിലൂടെ, രാത്രി ദൃശ്യങ്ങളിലൂടെ ചടുലമായിത്തന്നെ ചിത്രം മുന്നോട്ടുപോവുന്നു. കാശ് കൊടുത്ത് ടിക്കറ്റ് എടുക്കുന്ന മമ്മൂട്ടിയുടെ ഒരു ആരാധകനും പണം പോവും എന്ന ആധിയുണ്ടാവേണ്ട കാര്യമില്ല. അമുദൻ താമസിക്കുന്ന ഊട്ടിയിലെ വീട് തട്ടിയെടുക്കുന്നതിനായി റിയൽ എസ്റ്റേറ്റ് -റിസോർട്ട് മാഫിയ നടത്തുന്ന ചില ശ്രമങ്ങളും, അതിനായി വരുന്ന ഒരു വേലക്കാരിയുമൊക്കെയുള്ള ആദ്യപകുതിയിലെ ചില ഭാഗങ്ങിൽ മാത്രമാണ് ഈ ലേഖകന് അഭിപ്രായ വ്യത്യാസമുള്ളത്. പക്ഷേ അവിടെയും ഒറിജിനാലിറ്റി നഷ്ടപ്പെടാതെ കൊണ്ടുപോകാൻ സംവിധായകന് ആവുന്നുണ്ട്.

റാമിന്റെ തങ്കമീൻകളിലൂടെ സിനിമയിൽ എത്തിയ സാധനയാണ് അമുദന്റെ രോഗിയായ മകളായി എത്തിയിരിക്കുന്നത്. അഭിനയിച്ചു ഫലിപ്പിക്കാൻ ഏറെ പ്രയാസമുള്ള കഥാപാത്രത്തെ പൂർണമായും തന്നിലേക്ക് സ്വാംശീകരിച്ചിരിക്കുകയാണ് ഈ മിടുക്കി. മമ്മൂട്ടിയും സാധനയും തമ്മിലുള്ള കെമിസ്ട്രി അൽപ്പം പാളിയിരുന്നെങ്കിൽ ചിത്രം ചീറ്റിപ്പോയേനെ. വീട്ടുജോലിക്കാരി വിജയലക്ഷ്മിയുടെ വേഷമിട്ട അജ്ഞലി, ട്രാൻസ്‌ജെൻഡർ ലൈംഗിക തൊഴിലാളിയായി വേഷമിട്ട മലയാളിയായ അഞ്ജലി അമീർ എന്നിവരുടെും പ്രകടനം എടുത്തു പറയാതെ തരമില്ല. ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ പ്രശസ്തായ അഞ്ജലി അമീറിന് ഈ പടം ബ്രേക്കാവുമെന്ന് ഉറപ്പാണ്. ആദ്യ പകുതിയെ കിംകിഡുക്കിന്റെ 'സമ്മർ വിന്റർ ഫാൾ സ്പ്രിങ്ങിനെ' ഓർമ്മിപ്പിക്കുന്ന രീതിയിൽ, പ്രകൃതിയുടെ വിവിധഭാവങ്ങളിലൂടെ തേനി ഈശ്വറിന്റെ ക്യാമറ ചലിക്കുമ്പോൾ കിട്ടുന്നത് ഗംഭീര ഫ്രയിമുകളാണ്. സംഗീത സംവിധായകൻ യുവൻ ശങ്കർ രാജയുടെ പേര് എഴുതിക്കാണിക്കുമ്പോഴേ തീയേറ്ററിൽ കൈയടി ഉയരുകയാണ്. ആ പ്രതീക്ഷ കാത്തുകൊണ്ടു തന്നെയാണ് ചിത്രത്തിന്റെ സംഗീതവും പശ്ചാത്തലവും.

വാൽക്കഷ്ണം: നല്ല സിനിമകളെ ആർട്ട് പടങ്ങൾ എന്ന് ചാപ്പയടിച്ച് തീയേറ്ററിന് പുറത്താക്കുകയെന്ന കലാപരിപാടി കഴിഞ്ഞ കുറേക്കാലമായി മലയാളത്തിൽ ഉണ്ടായിരുന്നു. സലീം കുമാറിന്റെ 'കറുത്ത യഹൂദന്റെ'യൊക്കെ അനുഭവം നോക്കുക. മമ്മൂട്ടിയുടെ സമീപകാലത്തെ എറ്റവും മികച്ച നടന മുഹൂർത്തങ്ങൾ ഉണ്ടായിട്ടും 'മുന്നറിയിപ്പ്' എന്ന ചിത്രത്തിന് ഫാൻസുകാർ പോലും കയറിയില്ല. എന്നാൽ ഈ പടത്തെ സംബന്ധിച്ച് ഏറ്റവും സ്ന്തോഷിപ്പിക്കുന്ന കാര്യം ഇതാണ്്. ഹൗസ് ഫുള്ളായാണ് ചിത്രം പ്രദർശിപ്പിക്കുന്നത്. ഒരു പക്കാ കമേഴ്‌സ്യൽ സിനിമക്കെന്നപോലെ ഫാൻസുകാരും കൈയടിക്കുന്നു. നല്ല ചിത്രം ഒരുക്കിയാൽ മാത്രം പോര അത് നന്നായി മാർക്കറ്റ് ചെയ്യുകയും വേണമെന്ന് പേരൻപിന്റെ വിജയം ഓർമ്മിപ്പിക്കുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP