Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കൂട്ടിലടച്ച പഞ്ചവർണ്ണതത്ത! രമേഷ് പിഷാരടിയുടെ ആദ്യ സംവിധാന സംരംഭം ശുദ്ധ ചവറ്; ഇത് സിനിമയല്ല സ്‌കിറ്റുകളുടെ ഒരു സമാഹാരം മാത്രം; പ്രിയപ്പെട്ട പിഷാരടി നിങ്ങൾക്ക് ചാനലുകൾ വഴി കിട്ടിയ സ്വീകാര്യത ഇങ്ങനെ നശിപ്പിക്കരുതേ..

കൂട്ടിലടച്ച പഞ്ചവർണ്ണതത്ത! രമേഷ് പിഷാരടിയുടെ ആദ്യ സംവിധാന സംരംഭം ശുദ്ധ ചവറ്; ഇത് സിനിമയല്ല സ്‌കിറ്റുകളുടെ ഒരു സമാഹാരം മാത്രം; പ്രിയപ്പെട്ട പിഷാരടി നിങ്ങൾക്ക് ചാനലുകൾ വഴി കിട്ടിയ സ്വീകാര്യത ഇങ്ങനെ നശിപ്പിക്കരുതേ..

എം മാധവദാസ്

യൂ ടൂ ബ്രൂട്ടസ്! അനുഗ്രഹീത മിമിക്രി താരവും ടെലിവിഷൻ ആങ്കറുമൊക്കെയായി ശുദ്ധമായ നർമ്മത്തിലൂടെ നമ്മെ പൊട്ടിച്ചിരിപ്പിച്ച രമേഷ് പിഷാരടി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമെന്ന ഒറ്റക്കാരണംകൊണ്ട് കയറിപ്പോയതാണ് 'പഞ്ചവർണ്ണതത്തക്ക്'.ആദ്യത്തെ അഞ്ചുമിനുട്ടു കഴിഞ്ഞപ്പോൾ തന്നെ മനസ്സിൽവന്നത് യൂ ടൂ ബ്രൂട്ടസ് എന്ന ഷേക്‌സ്പീരിയൻ ഡയലോഗ് തന്നെ. അതേ, പ്രേക്ഷകരെ പോക്കറ്റടിക്കാൻ പിഷാരടിയും കൂട്ട്.

ഒറ്റ സീൻ പോലും വൃത്തിക്ക് എടുക്കാൻ കഴിയാത്ത, കാമ്പുള്ള കഥയില്ലാതെ കുറെ സ്‌കിറ്റുകൾ ഏച്ചുകെട്ടിയതുപോലുള്ള ഈ സിനിമ, രമേഷ് പിഷാരടി സംവിധാനം ചെയ്താണ് എന്ന് പറയാൻ തന്നെ നാണം തോനുന്നു.ഏഷ്യാനെറ്റിലെ ബഡായി ബംഗ്‌ളാവ് എന്ന ജനപ്രിയ പരിപാടിയുടെ ആങ്കറായി വന്ന് പിഷാരടി പൊട്ടിക്കുന്ന നർമ്മങ്ങളൊക്കെ മനസ്സിലോർത്ത് ഈ പടത്തിന് കയറിയാൽ, ആ തുടുത്ത ചെപ്പക്കുറ്റിക്ക് നോക്കി ഒന്ന് പൊട്ടിക്കാനാണ് തോന്നുക.90 കളിലെ തുടക്കത്തിൽ തുളസീദാസൊക്കെ ജഗദീഷിനെ നായകനാക്കി എടുത്ത മിമിക്‌സ പരേഡുപോലുള്ള ചിത്രങ്ങൾക്കാണ് 'പഞ്ചവർണതത്തയുമായി' സാമ്യം തോന്നുക.

യുക്തിഭദ്രമായും പ്രേക്ഷകരെ പിടിച്ചിരിത്താൻ കഴിയുന്ന രീതിയിലും കഥ പറയാൻ പിഷാരടിക്ക് കഴിഞ്ഞിട്ടില്ല.ഹരി പി.നായരും രമേഷ് പിഷാരടിയും ചേർന്ന് എഴുതിയ തിരക്കഥയെ ദുരന്തമെന്ന് മാത്രമേ വിശേഷിപ്പക്കാൻ കഴയൂ. ഒരു 'പെറ്റ് ആനിമൽ' കച്ചവടക്കരനായ ജയറാമിന്റെ കഥാപാത്രത്തിൽ മാത്രമേ എന്തെങ്കിലും വ്യത്യസ്തയുള്ളൂ.ഇനി ദുർബലമായ കഥയെ സംവിധാനം കൊണ്ട് കരകയറ്റാനുള്ള കോപ്പും പിഷാരടിയുടെ കൈയിലില്ല.ഓർമ്മയിൽ സൂക്ഷിക്കാൻ കഴിയുന്ന ഒറ്റഷോട്ടുപോലും ഈചിത്രത്തിലില്ല.

പിഷാരടിയുടെ പ്രിയപ്പെട്ട കോമ്പോ ധർമ്മജൻ രണ്ടാംപകുതിയിൽ ഇറങ്ങിയിട്ടും പടം ഒന്നും ആവുന്നില്ല.സിമന്റും മണലുംപോലെയാണ് തങ്ങളെന്നും, ഒന്നിച്ചുനിന്നാലെ ശക്തിയുള്ളൂവെന്നുമാണ് ഇരുവരും പറയാറുള്ളതെങ്കിലും അതിന്റെ ഒരു ഗുണവും ഈ ചിത്രത്തിൽ കാണാനില്ല.ഒരുപാട് ടെലിവിഷൻ സ്‌കിറ്റുകളുടെ ഒരു സമാഹാരം എന്നല്ലാതെ ഒരു ആദ്യമധ്യാന്തം രസംപിടിപ്പിക്കുന്ന കഥയായി ഈ പടം മാറുന്നില്ല.ചിലയിടത്തൊക്കെ നർമ്മമുണ്ട്.പക്ഷേ ഓവറോൾ ഒന്നുമില്ല.

എന്നിട്ടും ഈ പടത്തിന് സാമാന്യം നല്ല തിരക്കാണ്.ആളുകൾ വരുന്നത് മിനിസ്‌ക്രീൻ സൂപ്പർസ്റ്റാറായ രമേഷ് പിഷാരടി സംവിധാനം ചെയ്യുന്നു എന്ന് കണ്ടുതന്നെയാണ്.പുതിയ കാലത്തിന്റെ നർമ്മവും ഭാഷയും അവതരണവുമാക്കെ പ്രതീക്ഷിച്ച പ്രേക്ഷകർക്ക് കിട്ടിയതാവട്ടെ ഒരു പഴഞ്ചൻ ചിത്രവും.കാശുകൊടുത്ത് കയറുന്നപ്രേക്ഷകരെ തേക്കുന്ന സംവിധായകരുടെ ലിസ്റ്റിലേക്ക് പിഷാരടീ നീയും...

സ്‌കിറ്റുകളുടെ സമാഹാരം

മൃഗങ്ങളെയും പക്ഷികളെയുമൊക്കെ വിറ്റ് ജീവിക്കുന്ന ഒരു കുടവയറൻ മൊട്ടത്തലയൻ.എവിടെനിന്ന് വന്നുവെന്നോ എങ്ങാട്ട്‌ പോവുന്നെന്നോ,ബന്ധുക്കൾ ആരാണെന്നോ ആർക്കും അറിയില്ല.ജാതിയോ മതമോ പേരോ ഒന്നും വെളിപ്പെടുത്താത്ത കഥാപാത്രം.വിവാഹ വീടുകളിൽ വരന് ആനയിക്കാൻ കുതിരയെ വാടകക്ക് കൊടുത്തും, പട്ടിയെയും തത്തയെയും വിറ്റുമൊക്കെ അയാൾ അങ്ങനെ ജീവിക്കുന്നു.നടൻ ജയറാം ചെയ്ത ഈ കഥാപാത്രത്തിന്റെ വൺലൈനിൽ കൗതുകമുണ്ട്.

പക്ഷേ ഇതിലേക്ക് നിയതമായ ഒരു കഥയെ കൊണ്ടുവരാനുള്ള പ്രതിഭ പിഷാരടിക്ക് ഇല്ലാതെപോയി.പകരം അദ്ദേഹം ചില ചെറിയ സ്‌കിറ്റുകൾ ഇട്ട് സമയം കഴിക്കയാണ്. ഇപ്പോൾ അയൽവാസികളും നമ്മുടെ മൊട്ടയും അത്ര നല്ല സുഖത്തിലല്ല.പക്ഷിയുടെയും മൃഗങ്ങളുടെയും ബഹളവും പൊടിയും കാരണം അയാളെ ഒഴിപ്പിക്കാനായി പരാതി നൽകി കാത്തിരിക്കയാണ് നാട്ടുകാർ. ഒന്നരലക്ഷം രൂപ വിലമതിക്കുന്ന ഒരു പഞ്ചവർണ്ണതത്തയുണ്ട് ഇയാളുടെ കൈവശം.ഒരു രാത്രി ഈ തത്തയെ കളവുപോകുന്നു.അതുവച്ചാണ് കഥാഗതി.

കൂട്ടത്തിൽ കുഞ്ചാക്കോ ബോബൻ അവതരിപ്പിക്കുന്ന സ്ഥലം എംഎ‍ൽഎ കലേഷിന്റെ കഥയും പറയുന്നുണ്ട്.ഒരു പ്രത്യേക സാഹചര്യത്തിൽ താമസിക്കുന്നിടത്തുനിന്ന് കുടിയറിക്കപ്പെടുന്ന ജയറാമിന്റെ മൊട്ടയെ, എംഎ‍ൽഎക്ക് സ്വന്തം വീട്ടിൽ താമസിപ്പിക്കേണ്ടി വരുന്നു.ആന തൊട്ട് തത്തവരെയുള്ള മൃഗങ്ങൾ എംഎ‍ൽഎയുടെ വീട്ടിൽ ചേക്കേറുന്നു.ഇതാണ് പ്‌ളോട്ട്.

ഇതിൽ പലയിടത്തും പിഷാരടി ബഡായി ബംഗ്‌ളാവിലടക്കം ഉപയോഗിച്ച സ്‌കിറ്റ് കോമഡികൾ വരുന്നുണ്ട്.ബോട്ടുജെട്ടിയിൽ മുറക്കാൻ വിറ്റാൻ ഡി.ജെ ആയി ഉണ്ടാക്കിയ കോലാഹലങ്ങൾതൊട്ട്, സസ്‌പെൻസിട്ട് പട്ടി കൂടെ നടന്ന് കടിക്കുന്നതുവരെ. ജിംനേഷ്യത്തിലെയും മസിൽമാന്മാരുടെയും കോമഡിയും ഈ തരത്തിൽ തന്നെ.ഒരു കഥാപാത്രം ഒരു കാര്യം പറയുമ്പോൾ ഉറപ്പിക്കാം.അടുത്തത് അതിന്റെ കൗണ്ടറാണെന്ന്.അതുകൊണ്ടുതന്നെ കഥാപാത്രങ്ങൾക്ക് ഒരു വ്യക്തിത്വം ഇല്ലാതെ പോവുകയും ചെയ്യുന്നു.ഒരേസമയം ബുദ്ധിമാന്മാരും മണ്ടന്മാരുമായ കഥാപാത്രങ്ങൾ. എ.സി ലോ ഫ്‌ളോർ ബസിൽ യാത്രചെയ്തുകൊണ്ട്, ടിക്കറ്റ് മാറിമാറിയെടുത്ത് ജയറാമും കൂട്ടരും നടത്തുന്ന വസ്തുക്കച്ചവടം ശരിക്കും ചിരിപ്പിക്കുന്നു.

പക്ഷേ ചളി എന്നുപറയുന്ന കോമഡികളും ചിലയിടത്തൊക്കെയുണ്ട്.ഒരു ഉൽസവത്തിനിടെ ആന ഇടയുന്നതും ജയറാം അതിനെ മയക്കുവെടിവെക്കുമ്പോൾ പാപ്പാന്റെ ചന്തിക്ക് കൊള്ളുന്നതുമായ തമാശ.ഇതിനെയൊക്കെ ഇപ്പോഴും തമാശയെന്ന് വിളിക്കാൻ കഴിയുമോ!അതുപോലെ ഒരു ബിവറേജ് ഷോപ്പ് അനുവദിച്ചതിന് കുടിയന്മാരുടെ ആഹ്‌ളാദപ്രകടനം പോലുള്ളവ കാണുമ്പോൾ എന്തൊര് വളിപ്പ് എന്ന് പറയാത്തവർ ഉണ്ടാവില്ല.ആനയും ഒട്ടകവും കുതിരയും എമുവും മെക്‌സിക്കൻ തത്തയുമൊക്കെയുള്ള പെറ്റ്‌ഷോപ്പ് കാണുമ്പോഴും നാം അന്തം വിടും.ആനിമൽ പ്‌ളാനറ്റ് കാണുന്നതുപോലുള്ള ഈ രംഗങ്ങളൊന്നും യുക്തിക്ക് നിരക്കുന്നതല്ല.

ഈ കഥയൊക്കെ കേട്ട് സിനിമ പിടക്കാനിറങ്ങിയ നിർമ്മാതാവ് മണിയൻപിള്ള രാജുവിനോടാണ് സത്യത്തിൽ സഹതാപം തോനുന്നത്.നേരത്തെ നാദിർഷ ചെയ്യേണ്ടിയിരുന്ന ഈ പടം അദ്ദേഹം പിഷാരടിക്കായി മാറി കൊടുക്കയായിരുന്നെന്നും കേട്ടിരുന്നു.അതുകൊണ്ട് നാദിർഷ രക്ഷപ്പെട്ടു.അത്രയും ചീത്തപ്പേര് ഒഴിവായി.

ജയറാമിൻേറത് പതിവ് വെറുപ്പിക്കൽ ഇല്ലാത്ത വേഷം

പക്ഷേ ഒരുകാര്യത്തിൽ ഈ ലേഖകന് സന്തോഷമുണ്ട്.എത്രയോ കാലത്തിനുശേഷമാണ് വെറുപ്പിക്കലിന്റെ ഭീകര വേർഷനില്ലാത്ത ഒരു ജയറാം കഥാപാത്രത്തെ കാണുന്നത്.മൊട്ടയും കുടവയറുമായുള്ള ലുക്കും വ്യത്യസ്മായ ഡയലോഗ് ഡെലിവറിയുമായി, പതിവ് രാജാപാർട്ട് റോളിൽനിന്ന് എത്രയോ മാറിനടക്കുന്ന വേഷമാണിത്.എന്നാൽ തിരക്കഥയുടെ ദൗർബല്യങ്ങൾമൂലം കേവല കൗതുകത്തിന് അപ്പുറം ഉള്ളിൽ തട്ടുന്ന കഥാപാത്രമായി ഇത് മാറുന്നില്ല.അത് ജയറാമിന്റെ കുഴപ്പമല്ല.പൂർണമായും സംവിധായകൻേറതാണ്.

സത്യത്തിൽ ഈ പടത്തിൽ അഭിനന്ദിക്കേണ്ടത് കുഞ്ചാക്കോ ബോബനെയാണ്.തനിക്ക് കാര്യമായിട്ടൊന്നും ചെയ്യാനില്‌ളെന്ന് ബോധ്യമായിട്ടും ഇതുപോലൊരു പടത്തിന് ഡേറ്റ് കൊടുത്തത്, ചാക്കോച്ചന്റെ വലിയ മനസ്സും സിനിമയോടുള്ള പ്രൊഫഷണൽ സമീപനവും തന്നെയാണ്.

നടീ നടന്മാരുടെ ഒരു കോമ്പോയും ചിത്രത്തിൽ വർക്കൗട്ട് ആയിട്ടില്ല.കുഞ്ചാക്കോ ബോബന്റെ ഭാര്യയായി എത്തുന്ന അനുശ്രീയും തഥൈവ.രമേഷ് പിഷാരടിയുടെ ആത്മ സുഹൃത്തും മലയാളത്തിലെ തിരക്കുള്ള ഹാസ്യതാരവുമായ ധർമ്മജൻ തന്നെ അവസാനം രംഗത്തത്തിറങ്ങിയിട്ടും കോമഡിക്കൊന്നും പഞ്ച് പോര.സലീം കുമാറും നന്നായി ബോറടിപ്പിക്കുന്നുണ്ട്.

'ദൈവമേ കൈ തൊഴാം കെ.കുമാറാക്കണം' എന്ന സ്വയം കൃതിയായ വളിപ്പ് സിനിമയുടെ ഹാങ്ങോവർ ഇപ്പോഴും സലീം കുമാറിനെ വിട്ടുമാറിയിട്ടില്ലെന്ന് തോന്നുന്നു. ആശ്വാസമായത് പൊലീസ് വേഷത്തിൽ വന്ന പ്രേം കുമാറാണ്. എറെ കാലത്തിനുശേഷമാണ് ഈ നടന് ഒരു നല്ല വേഷം കിട്ടുന്നതും. ചിത്രത്തിലെ ഗാനങ്ങളും ദയനീയമാണ്. എം.ജയചന്ദ്രനും നാദിർഷയും ചേർന്ന് ഒരുക്കിയ ഗാനങ്ങൾക്ക് ഒരു ഇഫക്ടുമില്ല.

പക്ഷേ ഒരുകാര്യത്തിൽ മാത്രം പിഷാരടിയോട് നന്ദിയുണ്ട്. ജയറാമിന്റെ കഥാപാത്രത്തിന്റെ ഫ്‌ളാഷ്ബാക്കും മറ്റും വർണ്ണിച്ച് ബോടിയുടെ കാഠിന്യം കൂട്ടാതിരുന്നതിന്.

വാൽക്കഷ്ണം: ചാനൽ പരിപാടികളിലും സ്റ്റേജ് ഷോകളിലുമൊക്കെ സകലരെയും ഇത്ര ഭംഗിയായി ട്രോളുന്ന പിഷാരടിക്ക് ഇത് എന്താണ് പറ്റിയതെന്ന് മനസ്സിലാവുന്നില്ല. ഒരുവേള സാക്ഷാൽ മോഹൻ ലാൽ വന്ന 'ബഡായി ബംഗ്‌ളാവിൽ' പിഷാരടി ആങ്കറായി ഇല്ലാത്തതിലെ പ്രേക്ഷകരുടെ ആശങ്കകൾ വെറലായിരുന്നു. അതായത് ലാലിനോട് കിടപിടക്കുന്ന ജനപ്രതീതിയുള്ള മിനിസ്‌ക്രീൻ സൂപ്പർ സ്റ്റാറാണ് കളസം കീറി ഇങ്ങനെ വീണുകിടക്കുന്നത്. സ്‌കിറ്റ്‌പോലെയല്ല സിനിമയെന്ന ഗുണപാഠം പിഷാരടി ഒരിക്കലും മറക്കാതിരിക്കട്ടെ. ബഡായി ബംഗ്‌ളാവിലെ പല നർമ്മങ്ങളും ഡയാനാ സിൽവർസ്റ്റർ അടങ്ങുന്ന അതിന്റെ അണിയറ പ്രവർത്തകരുടെ സംഭാവനയാണെന്ന് പറഞ്ഞാൽ പിഷാരടി ഫാൻസ് സമ്മതിക്കില്ലായിരുന്നു.പക്ഷേ ഇപ്പോഴോ.കൂട്ടത്തിൽ നാരായണയും സോളോ ഭജനയും രണ്ടും രണ്ടുതന്നെ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP