Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ഒരു ടിപ്പിക്കൽ പ്രകൃതിപ്പടം; സത്യൻ അന്തിക്കാടിന്റെ നന്മ നിറഞ്ഞ ഗ്രാമത്തിന്റെ ന്യൂജൻ വേർഷൻ; തകർത്തത് ഷമ്മി തിലകനും ഇന്ദ്രൻസും; ജോണി ആന്റണി വേറെ ലെവലാണ്; പക്ഷേ ഭാവന സ്റ്റുഡിയോയുടെ മൂൻകാല ചിത്രങ്ങളുടെ ഒപ്പമെത്തില്ല; 'പാൽതൂ ജാൻവർ' ഒരു ഗ്രാമവും കുറച്ച് മൃഗങ്ങളും നിറയുന്ന സിനിമ

ഒരു ടിപ്പിക്കൽ പ്രകൃതിപ്പടം; സത്യൻ അന്തിക്കാടിന്റെ നന്മ നിറഞ്ഞ ഗ്രാമത്തിന്റെ ന്യൂജൻ വേർഷൻ; തകർത്തത് ഷമ്മി തിലകനും ഇന്ദ്രൻസും; ജോണി ആന്റണി വേറെ ലെവലാണ്; പക്ഷേ ഭാവന സ്റ്റുഡിയോയുടെ മൂൻകാല ചിത്രങ്ങളുടെ ഒപ്പമെത്തില്ല; 'പാൽതൂ ജാൻവർ' ഒരു ഗ്രാമവും കുറച്ച് മൃഗങ്ങളും നിറയുന്ന സിനിമ

എം റിജു

രു ടിപ്പിക്കൽ പ്രകൃതിപ്പടം. റിയലിസ്റ്റിക്ക് ന്യൂജൻ സിനിമകളെ ട്രോളുന്ന, പ്രകൃതിപ്പടമെന്ന പേര് എന്തുകൊണ്ടും യോജിക്കുന്ന ചിത്രമാണ്, നടനും സംവിധായകനുമായ ബേസിൽ ജോസഫ് നായകനായ പാൽതൂ ജാൻവർ. വമ്പൻ ട്വിസ്റ്റുകളും, ടെൻഷനടിപ്പിക്കുന്ന കഥാമുഹുർത്തങ്ങളും ഒന്നുമില്ലാതെ, ഒരു കുളിർ തെന്നൽ പോലെ ഒരു ഗ്രാമീണ കഥ. മറ്റൊരു രീതിയിൽ പറഞ്ഞാൽ ഒരു ന്യൂജൻ സത്യൻ അന്തിക്കാട് ചിത്രം. പുഴയും പുൽമേടും, വെളിച്ചപ്പാടും, പശുവും ആടും, കാവും കുളവുമൊക്കെയായി സത്യൻ അന്തിക്കാടിന്റെ പഴയ നന്മ നിറഞ്ഞ ഗ്രാമത്തിന്റെ ഒരു ന്യൂജൻ വേർഷൻ! ഇവിടെ വെളിച്ചപ്പാടിനും കാവിനും പകരം പള്ളിയും അച്ചനുമാണെന്ന് മാത്രം.

കണ്ണൂർ ഇരിട്ടിയിലെ കുടിയാന്മല എന്ന മലയോര ഗ്രാമത്തിലെ ഗ്രാമീണരുടെയും, അവരുടെ വളർത്തുമൃഗങ്ങളുടെ ഏക ആശ്രയമായ മൃഗാശുപത്രിയിലേക്കും നിങ്ങളെ കുട്ടിക്കൊണ്ടുപോവകുയാണ് നവാഗത സംവിധായകൻ, സംഗീത് പി. രാജൻ. സംഗീതിന്റെ ആദ്യ സംരംഭം മോശമായിട്ടില്ല. ബോറടിയും ലാഗുമില്ലാതെ, ദ്വയാർഥ പ്രയോഗങ്ങളും ചളിക്കോമഡിയുമൊന്നുമില്ലാതെ, കടുംബസമേതം ആസ്വദിക്കാവുന്ന ഒരു കൊച്ചു ചിത്രമാണിത്.

ഇയ്യോബിന്റെ പുസ്തകം, ആട് 2, ജൂൺ തുടങ്ങിയ ചിത്രങ്ങളിൽ അസോസിയേറ്റ് ആയി പ്രവർത്തിച്ച അനുഭവം പരിചയം ഏറെയുള്ളയാളാണ് സംഗീത്. വിനോയ് തോമസും അനീഷ് അഞ്ജലിയും ചേർന്നെഴുതിയ തിരക്കഥയും മോശമായിട്ടില്ല. ഇതിൽ വിനോയ് തോമസിന്റെ ചെറുകഥയാണ് ചുരുളി സിനിമക്ക് ആധാരമായത്. പക്ഷേ ഇതൊന്നുമല്ല, ദിലീഷ്പോത്തനും, ഫഹദ് ഫാസിലും, ശ്യാം പുഷ്‌ക്കരനും ഉൾപ്പെടുന്ന ഭാവനാ സ്റ്റുഡിയോസ്് ആണ്, ഈ ചിത്രത്തിന്റെ നിർമ്മാതാക്കൾ എന്നതാണ് ഈ പടം കാണാനുള്ള പ്രധാന ആകർഷണം.

കാരണം നല്ല സിനിമയുടെ ബ്രാൻഡ് അംബാസഡർമാർ തന്നെയാണ് ഈ മൂന്നുപേരും. പക്ഷേ ഇവരുടെ മുൻകാല ചിത്രങ്ങളുടെ പ്രതീക്ഷവെച്ച്, ഒരു വലിയ സംഭവമെന്നപേരിൽ കാണാൻ പോയാൽ നിങ്ങൾക്ക് നിരാശയായിരിക്കും ഫലം. ഒരു വലിയ സംഭവമല്ല ഈ സിനിമ. ഒരു ചെറിയ സംഭവത്തെ വൃത്തിയിലും വെടിപ്പിലും എടുത്തിരിക്കയാണ്.

ഒരു ഗ്രാമവും കുറച്ച് മൃഗങ്ങളും

മൃഗ പരിപാലനും എന്ന വിഷയം വരുമ്പോൾ, ഡോ പശുപതി എന്ന ഇന്നസെന്റിന്റെ കഥാപാത്രത്തെയാണ് മലയാളികൾക്ക് ഓർമ്മ വരിക. അത്തരം സിനിമകളിൽ കാണിച്ചപോലുള്ള അതിഭാവുകത്വം നിറഞ്ഞ തമാശകൾ അല്ല, ഒരു ഗ്രാമത്തിന്റെ സ്വാഭാവികമായ ജൈവ ജീവിതമാണ്, ഇവിടെ ചിത്രീകരിക്കപ്പെടുന്നത്. കുടിയാന്മല എന്ന മലയോര ഗ്രാമത്തിലേക്ക് ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ ആയി എത്തുന്ന പ്രസൂൺ എന്ന ചെറുപ്പക്കാന്റെ ( ബേസിൽ ജോസഫ്) കഥയാണിത്. ഇഷ്ടമില്ലാത്ത ജോലിചെയ്യുമ്പോൾ മനുഷ്യനുണ്ടാവുന്ന പ്രശ്നങ്ങൾ പ്രസൂണിന്റെ മുഖത്തുണ്ട്്. ഒരു ആനിമേറ്റർ ആവണം എന്നായിരുന്നു അയാളുടെ ആഗ്രഹം. അതിന് തുടങ്ങിയ സ്റ്റാർട്ടപ്പ്് കമ്പനി പൊട്ടി ലക്ഷങ്ങളുടെ കടമായി. അപ്പോഴാണ് പിതാവ് മരിച്ചതിന്റെ പേരിൽ കിട്ടിയ ഈ സർക്കാർ ജോലി ബന്ധുക്കൾ അയാളുടെ തലയിൽ കെട്ടിവെച്ചത്.

കുടിയാന്മലയിൽ അയാളെക്കാത്തിരുന്നത് പ്രശ്നങ്ങളുടെ നുലമാലകൾ ആയിരുന്നു. ഈ ജോലിയെ വെറും സൈഡ് ബിസിനസായി കണക്കാക്കി, നെറ്റ്‌വർക്ക് മാർക്കറ്റിങ്ങ് മോഡലിലുള്ള കമ്പനികളിൽ വർക്ക് ചെയ്ത നടക്കുന്ന ഷമ്മി തിലകന്റെ മൊട്ടത്തലയൻ ഡോകട്റും, ഗ്രാമസഭയുടെ സമയം പോലും ഓർക്കാൻ കഴിയാത്ത ഇന്ദ്രൻസിന്റെ പഞ്ചായത്ത് മെമ്പറും അടക്കമുള്ള വിചിത്രമായ കഥാപാത്രങ്ങൾക്കിടയിലുടെയാണ് അയാളുടെ ജീവിതം. ബ്യൂറോക്രസിയും രാഷ്ട്രീയ നേതൃത്വവും ചേർന്ന് എങ്ങനെയാണ് സർക്കാർ പദ്ധതികളെ അട്ടിമറിക്കുന്നത്, എന്നൊക്കെ കൃത്യമായി ചിത്രം ആക്ഷേപഹാസ്യത്തിലൂടെ ചിത്രീകരിക്കുന്നുണ്ട്. പശുക്കളെയൊക്കെ സ്വന്തം മക്കളെപ്പോലെ സ്നേഹിക്കുന്നവരാണ് ആ നാട്ടുകാർ. ഡോക്ടർ ഇല്ലാത്ത സമയത്ത്, അത്യാവശ്യം ആ ജോലികൂടി അയാൾക്ക് ചെയ്യേണ്ടിവരുന്നു. പക്ഷേ അത് വല്ലാത്ത പൊല്ലാപ്പിലേക്കാണ് പ്രസൂണിനെ കൊണ്ടെത്തിക്കുന്നത്.

തകർത്തക്ക് ഷമ്മി തിലകനും ഇന്ദ്രൻസും

നായകനായ ബേസിലിന് അനായാസം ചെയ്യാവുന്ന വേഷമാണിത്. അത്ര ഭയങ്കരമായി അഭിനയിച്ച് ഫലിപ്പിക്കാനുള്ള യാതൊന്നും ബേസിലിന് ഈ സിനിമയിൽ ഇല്ലതാനും. പക്ഷേ പാൽതൂ ജാൻവറിൽ ശരിക്കും അഴിഞ്ഞാടിയത്, ഇന്ദ്രൻസും ഷമ്മി തിലകനുമാണ്. ശരിക്കും പൊട്ടിച്ചിരി ഉയർത്തുന്നുണ്ട് ഈ രണ്ടു കഥാപാത്രങ്ങളും. ഷമ്മിയുടെ ഡോക്ടറുടെ മൊട്ടത്തലയൻ ലുക്കും മാനറിസങ്ങളും, ആത്വിശ്വാസം ഉയർത്താനുള്ള പ്രസംഗവുമൊക്കെ വേറെ ലവലാണ്. ആ കഥാപാത്രത്തിന്റെ സീനുകൾ കുറഞ്ഞുപോയി എന്ന വിഷമമേയുള്ളു. അതുപോലെ കുറേക്കാലത്തിനുശേഷം ഇന്ദ്രൻസ്, ചിരിപ്പിക്കുന്നതും ഈ ചിത്രത്തിന്റെ പ്രത്യേകതയാണ്. യാതൊരു ഉത്തരവാദിത്വങ്ങളും ഏറ്റെടുക്കാത്ത, എന്നാൽ സെന്റിമെൻസ് അടിച്ച് എല്ലാം മറ്റുള്ളവരുടെ പിരടിക്ക് ഇടാൻ കഴിയുന്ന ഈ മുഴനീള വേഷം സിനിമയെ നന്നായി എൻഗേജിങ്ങ് ആക്കുന്നുണ്ട്. ഈ രണ്ടുപേരും ഇല്ലായിരുന്നെങ്കിൽ ചിത്രത്തിന്റെ അവസ്ഥ മോശം ആയേനെ.

സംവിധായകൻ എന്ന നിലയിൽ തുടങ്ങിയ നടൻ ജോണി ആന്റണി ക്യാരക്ടർ റോളിലൂടെ വേറെ ലെവൽ ആവുകയാണ്. പ്രത്യേക മോഡുലേഷനിലുള്ള കോമഡി ഡയലോഗുകൾ ആയിരുന്നു, ജോണിയുടെ ഹൈലൈറ്റ്. പക്ഷേ ഈ ചിത്രത്തിൽ കോമഡി തീണ്ടിയിട്ടില്ല. പക്കാ ക്യാരക്ടർ റോളാണ്. തീയേറ്റർ വിട്ടാലും ആ കഥാപാത്രം മനസ്സിൽനിൽക്കും. ദിലീഷ് പോത്തന്റെ പ്രേതങ്ങളെ ഒഴിപ്പിക്കുന്ന അച്ചനും നന്നായിട്ടുണ്ട്. ഇങ്ങനെ ചെറുതും വലുതുമായ കഥാപാത്രങ്ങളുടെ മികവിലാണ് ചിത്രം മുന്നോട്ടുപോകുന്നത്.

സംവിധായകൻ എന്ന നിലയിൽ സംഗീത് പി. രാജന്റെ ബ്രില്ല്യൻസും പലയിടത്തും പ്രകടമാണ്. നായകൻ പ്രസൂൺ ബസിൽപോകുമ്പോൾ കാണുന്ന, മരത്തിന് മിന്നിലിൽ തീ പിടിക്കുന്ന ഒറ്റ ഷോട്ടിലൊക്കെ കാണാം അയാളുടെ പ്രതിഭ. ജസ്റ്റിൻ വർഗീസിന്റെ സംഗീതവും പാകത്തിനാണ്.

ചില വിമർശനങ്ങൾ, പാളിച്ചകൾ

പക്ഷേ ഈ ചിത്രത്തിലെ ഏറ്റവും വലിയ പോരായ്മയായി തോനിയത് കഥയിലെ പ്രെഡിക്റ്റബിലിറ്റിയാണ്. ഈ കഥ ഇങ്ങനെ ഒരു ഫീൽ ഗുഡ് മോഡലിലേ അവസാനിക്കൂ എന്ന് നമുക്ക് നന്നായിട്ടറിയാം. പ്രേക്ഷകന്റെ പ്രചവനങ്ങൾക്ക് വിരുദ്ധമായി ഒന്നും ചിത്രത്തിൽ സംഭവിക്കുന്നില്ല. പ്രകൃതിപ്പടങ്ങൾ സ്ഥിരമായി കാണുമ്പോൾ ഉണ്ടാവുന്ന ആവർത്തന വിരസത പലയിടത്തും തോനുന്നുണ്ട്. ചില കഥാപാത്രങ്ങൾ വ്യത്സ്തമാണെങ്കിലും കഥയിൽ വ്യതിരിക്തത കൊണ്ടുവരുന്നതിന് തിരക്കഥാകൃത്തുക്കൾക്ക് ആയിട്ടില്ല.

'ജാൻ ഐ മൻ' എന്ന കഴിഞ്ഞ വർഷത്തെ സൂപ്പർഹിറ്റ് സിനിമയിലെ നായക കഥാപാത്രത്തിൽ നിന്ന് നേരിട്ട് ഇറങ്ങിവന്നപോലെയാണ് ബേസിൽ ജോസഫിന്റെ, ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ പ്രസൂൺ തോന്നിപ്പിക്കുന്നത്. രണ്ട് കഥാപാത്രങ്ങൾക്കുമുണ്ട് വിരസതയും ഏകാന്തതയുമൊക്കെ. അതുപോലെ ആദ്യപകുതി ഇന്ദ്രൻസിന്റെയും ഷമ്മി തിലകന്റെയും വ്യത്യസ്തമായ കഥാപാത്രങ്ങളെകൊണ്ട് വന്നതിലുടെ സജീവമായിരുന്നു. എന്നാൽ രണ്ടാം പകുതി ഒരേ ഒരു വിഷയത്തിൽ ഉറച്ചുപോയി.

ഈ ചിത്രത്തിന്റെ പ്രധാന സെല്ലിങ്ങ്പോയിന്റ്, ഭാവന സ്റ്റുഡിയോ എന്ന നിർമ്മാണക്കമ്പനിയുടെയും ഫഹദ് ഫാസിൽ, ദിലീഷ് പോത്തൻ, ശ്യാം പുഷ്‌ക്കരൻ എന്നിവരുടെ പേരുകളും ആയിരുന്നു. കുമ്പളങ്ങി നൈറ്റ്സ്, ജോജി എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ നേരത്തെ ഇറങ്ങിയത്. അവയുമായുള്ള താരതമ്യം വരുമ്പോൾ, 'പാൽതു' പിറകിലാണെന്ന് പറയാതെ വയ്യ. എല്ലാക്കാലവും ഒരേ മോഡൽ കഥകളും മേക്കിങ്ങുമായി മുന്നോട്ട് പോകാൻ കഴിയില്ലെന്ന് ദിലീഷ് പോത്തനും കൂട്ടരും മനസ്സിലാക്കാണം. സത്യൻ അന്തിക്കാടിനെ പുതിയ കുപ്പിയിലാക്കി കൊണ്ടുവരുന്നു എന്ന പരാതി പരിഹരിക്കപ്പെടണം. റിയലിസ്റ്റ്ക്ക് സിനിമകളുടെ ഒരേ പാറ്റേണും ഒന്ന് മാറ്റിപ്പിടിക്കേണ്ടതാണ്. ഇല്ലെങ്കിൽ പ്രേക്ഷകർക്ക് മടുക്കും.

ഇത്തരത്തിലുള്ള പോരായ്മകൾ ചൂണ്ടിക്കാട്ടാനുണ്ടെങ്കിലും, കൊടുത്ത ടിക്കറ്റ് കാശ് വസൂലാവുന്ന ചിത്രം തന്നെയാണ് പാൽതൂ ജാൻവർ. ഈ ഫെസ്റ്റിവൽ സീസണിൽ മറ്റ് എതിരാളികൾ ഇല്ലാത്തതിനാലും, ഈ കൊച്ചു ചിത്രം വിജയിക്കുമെന്ന് ഉറപ്പാണ്.

വാൽക്കഷ്ണം: സാധാരണ ഫഹദിന്റെയും ദിലീഷ് പോത്തന്റെ പേരുള്ള സിനിമകൾ ഒക്കെ അതിന്റെ ഇന്നർ പൊളിറ്റിക്സിനാൽ സമ്പന്നമാവാറുണ്ട്. ഇന്ത്യയിൽ പശുരാഷ്ട്രീയവും, ഹിന്ദി ഭാഷാ അടിച്ചേൽപ്പിക്കലുമൊക്കെ ചർച്ചയായി നിൽക്കുന്ന സമയമായിട്ടും, പാൽതൂ ജാൻവർ അത്തരം പ്രശ്നങ്ങളിലേക്ക് കടക്കുന്നില്ല. പലരും അത് പ്രതീക്ഷിക്കുന്നുണ്ടെന്ന് ഫേസ്‌ബുക്ക് പ്രതികരണങ്ങളിൽ വ്യക്തമാണ്. പക്ഷേ ആ ട്രാക്ക് പിടിക്കാഞ്ഞതും, ശരിയായ കാര്യമായിട്ടാണ് ഈ ലേഖകന് തോന്നിയത്. കേരളത്തിലെ ഒരു ഉൾനാടൻ ഗ്രാമത്തിലുണ്ടോ, നോർത്ത് ഇന്ത്യൻ മോഡൽ കൗ പൊളിറ്റിക്സ്!

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP