Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202028Wednesday

കൂതറ ചിത്രങ്ങളിറക്കിയിട്ടും കോടികൾകൊയ്ത് ഓണസിനിമാ വിപണി; സൽപ്പേര് നേടിയത് ‘സപ്തമ. ശ്രീ. തസ്കരഃ’ മാത്രം; ‘പെരുച്ചാഴിക്കും’ ‘രാജാധിരാജയ്ക്കും’ കോടികളുടെ ഇനീഷ്യൽ കളക്ഷൻ; പരാജയമായത് ദിലീപിന്റെ വില്ലാളി വീരൻ

കൂതറ ചിത്രങ്ങളിറക്കിയിട്ടും കോടികൾകൊയ്ത് ഓണസിനിമാ വിപണി; സൽപ്പേര് നേടിയത് ‘സപ്തമ. ശ്രീ. തസ്കരഃ’ മാത്രം; ‘പെരുച്ചാഴിക്കും’ ‘രാജാധിരാജയ്ക്കും’ കോടികളുടെ ഇനീഷ്യൽ കളക്ഷൻ; പരാജയമായത് ദിലീപിന്റെ വില്ലാളി വീരൻ

എം മാധവദാസ്

ഗ്രഹണി പിടിച്ചുകിടക്കുന്നവന് ചക്കക്കൂട്ടാൻ കിട്ടയതുപോലെന്ന് പറഞ്ഞപോലെയായിപ്പോയി ഇത്തവണത്തെ ഓണക്കാലചിത്രങ്ങൾ. ചാനൽ ചർച്ചകളെന്ന വളിപ്പുകളും, സീരിയലുകളുടെ പൊട്ടത്തരങ്ങളും കണ്ടു മടുത്ത പ്രേക്ഷകർ എങ്ങനെയെങ്കിലും തീയേറ്ററുകളിലേക്ക് ഓടിക്കയറാൻ തയാറെടുത്ത് നിൽക്കയാണെന്ന് തോനുന്നു. അതുകൊണ്ടുതന്നെ ഈ ഓണക്കാലത്തിറങ്ങിയ അഞ്ചു ചത്രങ്ങളിൽ ദിലീപിന്റെ ‘വില്ലാളിവീരൻ’ ഒഴികെയുള്ള നാലും സാമ്പത്തിക വിജയമായി. ഇതിൽ പ്രഥ്വീരാജിന്റെ ‘തസ്ക്കരൻ’ ഒഴികെയുള്ള ചിത്രങ്ങൾക്ക് കലാപരമായി എടുത്തുപറയത്തക്ക യാതൊരു മേന്മയുമുണ്ടായിരുന്നില്ല. എന്ത് ബോറായാലും ശരി ഞങ്ങൾ കണ്ടോളാമെന്ന രീതിയിൽ പ്രേക്ഷകർ സിനിമയെ സ്നേഹിക്കുന്ന കാലമാണിതെന്ന് , എക്കാലവും പ്രതിസന്ധിയെന്ന് നാമം ജപിച്ചുകൊണ്ടിരിക്കുന്ന മലയാളസിനിമാ പ്രവർത്തകർ ഓർക്കണം.

വിപണിയുടെ ഉൽസവമാണ് ഓണക്കാലം. ലോകമെമ്പാടുമുള്ള മലയാളികൾ നാട്ടിലേക്കത്തൊൻ തിക്കിത്തിരക്കുന്ന കാലം. സോപ്പു ചീപ്പ് കണ്ണാടിതൊട്ട് എൽ.ഇ.ഡി ടിവികളും ഹൂണ്ടായ് കാറുകളുംവരെ നന്നായി വിറ്റുപോകുന്ന റിഡക്ഷൻ സെയിലുകളുടെ സുവർണകാലം. ഈ വ്യാപാരോൽസവത്തിൽ മലയാളസിനിമയും കോടികൾ വാരി അതിന്റെ വ്യാവസായിക അടിത്തറ ഭദ്രമാണെന്ന് തെളിയിച്ചു. പക്ഷേ ഓണക്കാലത്ത് നാം വാങ്ങിയ ചെപ്പിത്തോണ്ടി തൊട്ട് വാഷിങ്മെഷീൻവരെ നിലവാരമുള്ളതായിരുന്നു; സിനിമക്ക് അതുണ്ടായില്ല എന്നുമാത്രം. പക്ഷേ, തീയേറ്റർ കാണുമ്പോൾ ജനം ഓടുന്ന അവസ്ഥ മാറിയെന്ന് നമുക്ക് സന്തോഷിക്കാം. കച്ചവടപരമായി വിജയിച്ചെങ്കിലും കലാപരമായി വട്ടപ്പൂജ്യത്തിലാണ് നമ്മുടെ സംവിധയകർ. പണ്ടൊക്കെ മികച്ച ചിത്രങ്ങൾപോലും ശക്തമായ ഓണ മൽസരത്തിൽ കാലിടറി വീഴുന്നത് കാണാമായിരുന്നു. ഇന്ന് ഒന്നിനൊന്ന് വളിപ്പുകൾ ഇറങ്ങുന്നതിനാൽ, ബോറടിയില്ലാതെ കണ്ടിരിക്കാം എന്ന ഒറ്റക്കാരണംകൊണ്ടുപോലും താരചിത്രങ്ങൾക്ക് ആളുകൂടുന്നു. കലികാലത്തിന്റെ വിക്രിയകൾ നോക്കണേ!

കോടികളുമായി ‘പെരുച്ചാഴി രാജ’

സൂപ്പർ താരങ്ങളായ  മമ്മൂട്ടിയുടെ ‘രാജാധിരാജയും’ മോഹൻലാലിന്റെ ‘പെരുച്ചാഴിയും’ വൻ കലക്ഷൻ നേടി മുന്നേറുകയാണ്. റിലീസ് ചെയ്തത് മുതൽ 13 ദിവസത്തെ കലക്ഷൻ റിപ്പോർട്ട് എടുത്താൽ ‘പെരുച്ചാഴി’യാണ് മുന്നിൽ. ഏകദേശം 24.5 കോടിയോളമാണ് ഈ മോഹൻലാൽ ചിത്രത്തിന് ഗ്രോസ് ലഭിച്ചത്. തൊട്ടുപിറകിൽ ‘രാജാധിരാജ’. മൊത്തം 11 ദിവസം കൊണ്ട് 15.5 കോടിയാണ് മമ്മുട്ടി ചിത്രം കൊയ്തത്.ആദ്യദിനം തന്നെ പെരുച്ചാഴിക്ക് മൂന്ന് കോടി ലഭിച്ചു. ‘രാജാധിരാജയുടെ’ ഓപ്പണിങ് രണ്ടുകോടി ആയിരുന്നു. എട്ട് കോടി രൂപയാണ് പെരുച്ചാഴിയുടെ മുതൽ മുടക്ക്.അങ്ങനെനോക്കുകയാണെങ്കിൽ സാറ്റലൈറ്റ് റൈറ്റും കൂടി കൂട്ടുമ്പോൾ ആദ്യ രണ്ടാഴ്ചകൊണ്ടുതന്നെ പെരുച്ചാഴി മുടക്കുമുതൽ തിരച്ചു പിടിക്കും. നോക്കുക, അടുത്തകാലത്തൊന്നും പെരുച്ചാഴിപോലൊരു അസംബന്ധ സിനിമ കേരളത്തിൽ ഉണ്ടായിട്ടില്ല. ഇതിനെപ്പോലും വിജയിപ്പിച്ചെടുക്കാമെങ്കിൽ, ഓണക്കാലത്ത് ഒരു നല്ല സിനിമ കൊടുത്തിരുന്നെങ്കിൽ പ്രേക്ഷകർ എങ്ങനെ കൊണ്ടാടുമായിരുന്നു. പക്ഷേ ആദ്യ ദിനങ്ങളിലെ ആവേശം കഴിഞ്ഞതോടെ ‘പെരുച്ചാഴി’യുടെ പോക്കറ്റ് തുരക്കൽ മന്ദഗതിയിലായിട്ടുണ്ട്.

ഏതാണ്ട് ഇതേ അവസ്ഥയാണ് ‘രാജാധിരാജക്കും’. പത്തിരുപതുപടങ്ങൾ എട്ടുനിലയിൽ പൊട്ടിയ മമ്മൂട്ടിക്ക് ഈ സിനിമ പണ്ട് ‘ന്യൂദൽഹി’ നൽകിയതുപോലുള്ള ലൈഫാണ് കൊടുത്തത്. പക്ഷേ ചടുലമായ ആദ്യപകുതിക്കുശേഷം പാണ്ടിപ്പടങ്ങളെ വെല്ലുന്ന അതിഭാവുകത്വരംഗങ്ങളുമായാണ് ചിത്രം നീങ്ങുന്നത്. മമ്മൂട്ടി ഊതിയാൽ എല്ലാവരും പറക്കുന്ന അവസ്ഥ. അയാൾ ഒന്ന് കൈവീശിയാൽ വില്ലൻ അടുത്ത ഇലട്രിക്ക് പോസ്റ്റിന് മുകളിൽ തീ പാറിച്ചുകൊണ്ട് വീഴും. ഉദയകൃഷ്ണ- സിബി കെ. തോമസിന്റെ പഴയ പടപ്പുകളെപ്പോലെ, തട്ടിക്കൊണ്ടുപോകാലും ആൾമാറാട്ടവുമൊക്കെയായി ഒരു പതിവ് മസാല. കൂട്ടിന് അരോചകമായ മൂന്നാലു ഗാനങ്ങളും. എന്നിട്ടും ഈ  സിനിമയെ വിജയിപ്പിച്ച പ്രേക്ഷകരെ ആരു മറന്നാലും മമ്മൂട്ടി മറക്കരുത്.

വേറിട്ടവഴിയിൽ രാജുമാത്രം

എന്നാൽ റിലീസ് ചെയ്ത അന്നുതൊട്ട് എല്ലാംഷോയും ഹൗസ് ഫുള്ളായി സ്റ്റഡി കളക്ഷനിൽ മുന്നേറുകയാണ് പ്രഥ്വീരാജിന്റെ ‘തസ്ക്കരൻ’. ഈ ചിത്രം കണ്ടപ്പോൾ ശരിക്കും ഞെട്ടിയത്, തന്റെ കഥാപാത്രത്തിന്റെ താര പരിവേഷം ഉയർത്താനായി നിർമ്മാതാവുകൂടിയായ പ്രഥ്വീരാജ് ഒന്നും ചെയ്തിട്ടില്ലെന്നാണ്!  പല സീനുകളിലും സഹനടന്മാർക്കാണ് രാജുവിന്റെ കള്ളനേക്കാൾ കൈയടി കിട്ടുന്നത്. മമ്മൂട്ടിയെപ്പോലുള്ള മെഗാ താരങ്ങൾ കണ്ടു പടിക്കേണ്ടതാണ് ഈ ടീം സ്പിരിറ്റ്.  പക്ഷേ ‘24 കാതം നോർത്ത്’ എന്ന അസാധാരണ സിനിമചെയ്ത, അനിൽ രാധകൃഷ്ണമേനോനിൽനിന്ന് ഇതുപോലൊരു സാധാരണ ചിത്രമല്ല പ്രേക്ഷകർ പ്രതീക്ഷിച്ചിരുന്നത്. തിരക്കഥയിലെ ബാലാരിഷ്ടതകൾ സിനിമയെ നന്നായി ബാധിക്കുന്നുണ്ട്. ക്ലൈമാക്സിലടക്കം എന്തു സംഭവിക്കുമെന്ന് പ്രേക്ഷകന് കൃത്യമായി പ്രവചിക്കാം. പക്ഷേ തമ്മിൽ ഭേദം തൊമ്മനെന്ന രീതിയിൽ ഈ ഓണക്കാലത്തെ മികച്ച ചിത്രം ‘തസ്ക്കരൻ’ തന്നെയാണ്. അതുകൊണ്ടാണെല്ലോ, സിനിമ ഇപ്പോഴും നിറഞ്ഞ സദസ്സിൽ ഓടുന്നതും.

കുട്ടികൾക്കായി ബിജു; അക്കിടി മാറാതെ ദിലീപ്

മുമ്പ് ദിലീപിനും സുരാജ് വെഞ്ഞാറമൂടിനുമൊക്കെയുണ്ടായിരുന്നപോലെ ഇന്ന് കുട്ടികളുടെയും കൗമാരക്കാരുടെയും ഇഷ്ടനടനായി വളർന്നിരിക്കയാണ് നമ്മുടെ ബിജുമേനോൻ.  തറക്കോമഡികൾ ഏറെയുള്ള ജോണി ആൻറണിയുടെ ‘ഭയ്യാഭയ്യായെ’ പിടിച്ചു നിർത്തുന്നത് ബിജുമേനോൻ എന്ന അതുല്യ നടന്റെ ഒറ്റയാൻ പ്രകടനമാണ്. നായകൻ കുഞ്ചാക്കോബോബൻ പല സീനുകളിലും നോക്കുകുത്തിയായിപ്പോവുന്നു. ദേശീയ അവാർഡ് ജേതാക്കളായ സലീകുമാറും സുരാജും ചീപ്പ് നമ്പറുകളിലുടെ പ്രേക്ഷകരെ പരമാവധി വെറുപ്പിക്കുന്നുണ്ട്. ‘മാസ്റ്റഴ്സ്’, ‘സൈക്കിൾ’ എന്നീ രണ്ടു ചിത്രങ്ങൾ മാറ്റി നിർത്തിയാൽ ശരാശരിയും അതിലും താഴെയുമാണ് ജോണി ആൻറണി  സംവിധാനംചെയ്ത ഭൂരിഭാഗം ചിത്രങ്ങളും. ഭയ്യാഭയ്യയും ആ ട്രാക്കിലാണ്. ചുമ്മാ സമയമുണ്ടെങ്കിൽ അൽപ്പം കോമഡി കാണാം എന്ന നിലപാടുള്ളവർക്ക് ഈ സിനിമ പിടിക്കും. മലയാളിയായ കുഞ്ചാക്കോബോബനും ബംഗാളിയായ ബിജുമേനോനും തങ്ങളുടെ കാമുകിമാരെയുംകൊണ്ട് ബംഗാളിലേക്ക് നടത്തുന്ന യാത്രയുടെ പശ്ചാത്തലത്തിലാണ്, ഹിറ്റ് മേക്കർ ബെന്നി പി.നായരമ്പലം തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഉദയകൃഷ്ണ -സിബി.കെ തോമസുമാരെപ്പോലെ യാതൊരു ലോജിക്കുമില്ലാതെ കഥപറയുന്ന രീതിയല്ല ബെന്നിയുടെത്. മലയാളിയുടെ നിത്യജിവിതത്തിന്റെ നൊമ്പരങ്ങളിൽ ചാലിച്ച ചിരിയായിരുന്നു ‘ചാന്തുപൊട്ടിലും’, ‘മേരിക്കുണ്ടൊരു കുഞ്ഞാടിലുമൊക്കെ’ ബെന്നി സൃഷ്ടിച്ചത്. ഭയ്യ അതിന്റെയൊന്നും അരികത്തത്തെില്ലെങ്കിലും, ഓണക്കാലത്തിന്റെ കൂട്ടപ്പൊരിച്ചിലിൽ അതും വിജയിച്ചുകയറി.

ദീലീപിന്റെ പതിവ് ചുറ്റിക്കളി തട്ടിക്കളികൾക്ക് ഇനി മലയാളസിനമയിൽ അധികാലമൊന്നും സ്കോപ്പില്ലെന്ന് തെളിയിക്കുകയാണ് ‘വില്ലാളിവീരൻ’. പെങ്ങമാരുടെ സംരക്ഷകനായ ആങ്ങളയും അയാളുടെ കാമുകി വരുമ്പോഴുള്ള പ്രശ്നങ്ങളുമായി പാറ്റവീണ പഴങ്കഞ്ഞിയാണ് ഇത്തവണയും ദിലീപ് വിളമ്പിയത്. ഓർത്തുവെക്കാനാഗ്രഹിക്കുന്ന ഒരു സീൻപോലുമില്ലാതെയാണ് ഈ വില്ലാളിവീരന് തിരശ്ശീല വീഴുന്നത്.ഈ സിനിമയുടെ പോസ്റ്റർ കണ്ടാൽ തന്നെ ജനം പടം പൊട്ടുമെന്ന് ഉറപ്പിച്ചു പറയുന്നു.  ‘അവതാരത്തിന്റെ’ വലിയപരാജയത്തിൽനിന്നും കാൽക്കീഴിലെ മണ്ണൊലിച്ച് പാവുന്നത് ദിലീപ് മനസ്സിലാക്കുന്നില്ല. പക്ഷേ, പെരുച്ചാഴിയേക്കാളും മെച്ചപ്പെട്ട കോമഡിയുണ്ടായിട്ടും ചിത്രം എന്തുകൊണ്ട് പൊട്ടി എന്ന് ചിന്തിക്കുമ്പോഴാണ്  അകാരണമായ ഒരു അതൃപ്തി ദിലീപിനെതിരെ പ്രേക്ഷകർക്കിടയിൽ നിലനിൽക്കുന്നുവെന്ന് തോനുന്നത്.മഞ്ജുവാരിയരുമായുള്ള വിവാഹമോചന വിവാദങ്ങളൊക്കെ, ‘അയൽവീട്ടിലെ പ്രിയപ്പെട്ട പയ്യൻ’ എന്ന ദീലീപിൻറ പൊതുഇമേജിനെ കുടുംബപ്രേക്ഷകരുടെ മനസ്സിൽനിന്ന് തകർത്തിരിക്കുന്നുവെന്ന് വ്യക്തം.

പാഠമാകേണ്ട ‘പെരുച്ചാഴി’ പ്രചാരണതന്ത്രം

‘പെരുച്ചാഴി’പോലുള്ള കൂതറ സിനിമകളുടെ സാമ്പത്തിക വിജയം സിനിമയുടെ വിപണനതന്ത്രത്തിൽ കൂടുതൽ ശ്രദ്ധിക്കേണ്ടതിന്റെ സാധ്യതയും അടിവരയിടുന്നു. മലയാള സിനിമാ നിർമ്മാതാക്കൾ തീരെ ശ്രദ്ധിക്കാത്ത മേഖലയാണിത്. ഹിന്ദിയിലും തമിഴിലുമൊക്കെ കൃത്യമായി റിലീസ് ഡേറ്റ് തീരുമാനിച്ചാണ് പേപ്പർ വർക്കുകൾവരെ തുടങ്ങുക. മഴക്കാലത്തും ഐപിഎൽ സീസണിലും സൂപ്പർതാരങ്ങളുടെ പടങ്ങൾ വരുമ്പോഴും റിലീസ് കുറച്ചും, ഫെസ്റ്റിവൽ സീസണിൽ നേരത്തെയിറക്കിയുമൊക്കെ അവർ വിപണി കാക്കുന്നു. നമ്മളാകട്ടെ കെഎസ്ആർടിസി ബസുകളെപ്പോലെ ചിലപ്പോൾ എല്ലാം കൂടി ഒന്നിച്ചായിരിക്കും. അല്ലെങ്കിൽ കടുത്ത മഴക്കാലത്തായിരിക്കും ഒരു ഓഫ് ബീറ്റ് പടമത്തെുക.

പെരുച്ചാഴിയെ നോക്കുക.അമേരിക്കയിൽപോലും ഇത് റിലീസ്ചെയ്തു. നിർമ്മാതാക്കളായ സാന്ദ്രാതോമസ്-വിജയ്ബാബു ടീം എന്തെല്ലാം വ്യത്യസ്തമായ പ്രചാരണ തന്ത്രങ്ങളാണ് ‘പെരുച്ചാഴി’ക്കായി ഒരുക്കിയതെന്ന് നോക്കുക. ട്രെയിനുകളിൽ പെരുച്ചാഴിയിറങ്ങിയെന്നൊരു ടീസർ തന്നെ ഏറെ ശ്രദ്ധേയം.‘ കീപ്പ് യുവർ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആൻറ് ലോജിക്ക് എവേ’ എന്ന് എഴുതിക്കാട്ടിക്കൊണ്ടാണ് സിനിമതുടങ്ങുന്നത്. അതിനാൽ പെരുച്ചാഴിയിലെ അസംബന്ധങ്ങളെ ഒരു പരിധിവരെ ആരധകർക്ക്മുന്നിൽ ന്യായീകരിക്കാൻ സംവിധായകന് കഴിയുന്നു. തറ നമ്പറാണെങ്കിലും ലാൽ ഫാൻസിനിടയിൽ ഇത് കുറിക്കുകൊണ്ടു. ഇത് ലോജിക്ക് വേണ്ടാത്ത സിനിമയാണെന്നാണ് (ലോക ചരിത്രത്തിൽ തന്നെ അങ്ങനെയൊരു സനിമ ഇല്ലെങ്കിലും) ഇപ്പോൾ അവർ കൊണ്ടുപിടിച്ച് പ്രചരിപ്പിക്കുന്നത്.

പ്രേക്ഷകരെ ആകർഷിക്കുന്നതിൽ, മൾട്ടിപ്ളക്സുകൾ അടക്കമുള്ള മാറിയ തീയേറ്റർ സാഹചര്യം വലിയ പങ്കുവഹിച്ചുവെന്നത് കാണാതിരുന്നുകൂടാ. മുറക്കിത്തുപ്പിയും സിഗരറ്റ് കുറ്റിയിട്ടും വൃത്തികേടായികിടക്കുന്ന തീയേറ്റുകൾ ഈ അടുത്തകാലത്താണ് മാറുന്നത്. അതോടെ ഒരുകാലത്ത് മലയാള വാണിജ്യ സിനിമകളുടെ നട്ടെല്ലായിരുന്നു കുടുംബപ്രേക്ഷകർ തിരികെയത്തെുകയും ചെയ്യുന്നുണ്ട്. തർക്കങ്ങളും വിലക്കുകളുമായി തമ്മിൽ തല്ലി പ്രേക്ഷകരെ അകറ്റുന്നതിനുപകരം, വൈഡ് റിലീസിങ്ങ് അടക്കമുള്ള സാധ്യതകൾ പരിശോധിച്ച്, കൂടുതൽ ‘യൂസർ ഫ്രൻറിലിയായി’ഈ വ്യവസായത്തെ മാറ്റാനാണ് സിനിമാപ്രവർത്തകർ ശ്രമിക്കേണ്ടത്.

വാൽക്കഷ്ണം: 

63വയസ്സായ മമ്മൂട്ടിയും 54കാരൻ മോഹൻലാലും തന്നെയാണ് ഇന്നും മലയാള സിനിമയുടെ വ്യാവസായിക നെടുംതൂണുകൾ എന്ന് ഓണക്കാല ചിത്രങ്ങൾ അടിവരയിടുന്നു. കയ്യും കാലും അനക്കി സംഘട്ടനങ്ങളിൽ തിളങ്ങാൻപോലും മമ്മൂട്ടിക്ക് ആവുന്നില്ല എന്ന് ‘രാജാധിരാജ’ കണ്ടാൽ മനസ്സിലാവും. വയറുന്തിയും കവിൾ ചീർത്തും അവലക്ഷണമായ ഒരു താടിയുംവച്ച് വികൃതരൂപത്തിലാണ് ലാൽ ‘പെരുച്ചാഴിയിൽ’ എത്തിയത്. എന്നിട്ടും ആരാധകർ ആ സിനിമകളെ വിജയിപ്പിക്കുന്നു! സാമൂഹിക ശാസ്ത്രജ്ഞന്മാരൊക്കെ  പഠിക്കേണ്ടതാണ് എന്തിനെയും പുച്ഛിക്കുന്ന മലയാളിയുടെ താരവിധേയത്വം.  നമ്മുടെ ന്യൂ ജനറേഷൻ സിനിമക്ക് എന്തെല്ലാം കുഴപ്പങ്ങൾ ഉണ്ടെങ്കിലും  അവ താരകേന്ദ്രീകൃതമായ തിരലോകത്തിനെതിരായ വെല്ലുവിളിയായിരുന്നു. പക്ഷേ ആ തരംഗത്തിൽനിന്നുള്ള തിരിച്ചുപോക്കായി ഓണക്കാലചിത്രങ്ങൾ എന്നതാണ് സങ്കടകരം. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP