Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അനൂപ് മേനോൻ, മുല്ലശ്ശേരിയും കലക്കി; നിങ്ങളെ ഞാൻ ഒന്ന് ഇഷ്ടപ്പെട്ടോട്ടെ?

അനൂപ് മേനോൻ, മുല്ലശ്ശേരിയും കലക്കി; നിങ്ങളെ ഞാൻ ഒന്ന് ഇഷ്ടപ്പെട്ടോട്ടെ?

നൂപ് മേനോനെ മലയാളികളിൽ ഏറെപ്പേര് ഇഷ്ടപ്പെടുന്നത് അദ്ദേഹം വെറുമൊരു നടൻ മാത്രം അല്ലാത്തതുകൊണ്ടാണ്. കഥയും കവിതയും മനുഷ്യന്റെ സങ്കീർണ്ണമായ മനസ്സുമൊക്കെ അനൂപിന്റെ കയ്ക്കുള്ളിൽ വഴങ്ങും. ഒരു നടനായേ മതിയാകൂ എന്ന വാശിയൊന്നും ഈ മുൻ സീരിയൽ നടന്റെ ശ്രമങ്ങളിൽ ഇല്ല. എന്നാൽ തനിക്കൊരു വഴിയുണ്ടെന്നു കണ്ടെത്തി ആ വഴിയെ മാത്രം നടക്കുന്ന അനൂപിന്റെ തിരിച്ചറിവ് അംഗീകരിക്കപ്പെടേണ്ടതാണ്.

കോപ്പിയടിയൻ എന്നു പേരുകേട്ടെങ്കിലും മലയാളിയുടെ മനസ്സിൽ ഒരു കൊച്ചു നിശ്വാസം ഉതിർത്താണ് ബ്യൂട്ടിഫുൾ തിയേറ്ററുകളിൽ എത്തിയത്. അനൂപ് തന്നെ കഥയെഴുതിയ ബ്യൂട്ടിഫുൾ ലഭ്യമായ വിവരങ്ങൾ അനുസരിച്ച് സാമ്പത്തികമായി ഒരു വിജയമാണ്. ബ്യൂട്ടിഫുൾ തരംഗങ്ങൾ അവസാനിക്കും മുമ്പ് ഇതാ അനൂപിന്റെ മറ്റൊരു ചിത്രം കൂടി തിയേറ്ററുകളിൽ എത്തിയിരിക്കുന്നു. മുല്ലശ്ശേരി മാധവൻകുട്ടി നേമം പിഒ ഇന്നലെ തിയേറ്ററുകളിൽ എത്തിച്ചേർന്നത് ബ്യൂട്ടിഫുള്ളിന്റെ അതേ പ്രതീക്ഷയോടെ തന്നെയാണ്.

തിരുവനന്തപുരത്തെ സർക്കാർ തിയേറ്ററായ കൈരളിയിൽ ഇന്നലെ മാധവൻ കുട്ടിയെ കാണാൻ പോയപ്പോൾ ആദ്യം അത്ഭുതമാണ് തോന്നിയത്. റിലീസിങ്ങ് ദിനമായിട്ടുപോലും കൈവിരലിൽ എണ്ണാൻ പോലും ആളില്ല. ബ്യൂട്ടിഫുൾ കണ്ടവരൊക്കെ മുല്ലശ്ശേരിയും കാണാതിരിക്കില്ല എന്നു തീർച്ചയായിരിക്കെ ഇതെന്തുപറ്റി എന്നു തിരക്കിയപ്പോഴാണ് ഇത് തിരുവനന്തപുരത്തിന്റെ മാത്രം പ്രത്യേകതയാണെന്നു മനസ്സിലായത്. സിപിഐ(എം) സംസ്ഥാന സമ്മേളനം മൂലം ഗതാഗതനിയന്ത്രണം ഏർപ്പെടുത്തിയതുകൊണ്ട് ആരും ഇന്നലെ വീടിന്റെ വെളിയിൽ ഇറങ്ങില്ല എന്നതായിരിക്കണം ഈ ആളില്ലായ്മയുടെ കാരണം എന്നു ഞാൻ വിശ്വസിക്കുന്നത്.

മുല്ലശ്ശേരി കണ്ടു കഴിഞ്ഞിറങ്ങുമ്പോൾ ആകെ ഒരു നിസ്സംഗത ആയിരുന്നു. എന്താണ് ഇതേക്കുറിച്ച് എഴുതുക. ഒരു സിനിമയെക്കുറിച്ച് എഴുതണമെങ്കിൽ ഒന്നുകിൽ അത് ആവേശകരമായ ചില അനുഭവങ്ങൾ നൽകണം. അല്ലെങ്കിൽ സഹിക്കാൻ കഴിയാത്ത വിദ്വേഷം നൽകണം. മുല്ലശ്ശേരിയിൽ നിന്നും ഇതു രണ്ടും ലഭിച്ചില്ല. എഴുതിയേ മതിയാകൂ എന്നു തോന്നിക്കുന്ന ഒന്നും ഇതിലില്ല. എന്നാൽ എഴുതി മുറിവേൽപ്പിക്കാൻ അത്രയും പോലുമില്ല. എങ്കിലും ഞാൻ പറയും അനൂപ് മേനോൻ എനിക്ക് താങ്കളെ ഇഷ്ടമാണ്. താങ്കളെ മലയാള സിനിമയ്ക്കു വേണം.

പുതുമുഖ സംവിധായകന്റെ ഒരു നല്ല ശ്രമമാണ് രണ്ട് മണിക്കൂർ മാത്രമുള്ള ഈ സ്മാൾ ബഡ്ജറ്റ് ചിത്രം. ഈ സിനിമയിൽ അനൂപ് ഒരു അഭിനേതാവ് മാത്രമാണെന്ന് വിശ്വസിക്കാൻ തോന്നില്ല. ഇതൊരു ടിപ്പിക്കൽ അനൂപ്‌മേനോൻ ചിത്രം തന്നെ. നിസ്സംഗനായി ജീവിതത്തെ നോക്കിക്കാണുന്ന മാധവൻ കുട്ടിയും അവന്റെ കൊച്ചുലോകവും. സ്‌നേഹത്തിന്റെ ശക്തി ചൂണ്ടിക്കാട്ടുന്ന ചില അപൂർവ്വ നിമിഷങ്ങൾ, തീരെ മോശമല്ലാത്ത ഒരു ചെറിയ കഥ. തരക്കേടില്ലാത്ത ക്യാമറ, വലിച്ചു നീട്ടി കുളമാക്കാത്ത തിരക്കഥ. നഗരത്തിൽ ജീവിക്കുമ്പോഴും ഗ്രാമത്തിന്റെ സുഗന്ധം പുലർത്താൻ പറ്റുന്ന ചില അനുഭവക്കുറിപ്പുകൾ. യാഥാർത്ഥ്യ ബോധത്തോടെയുള്ള ചില സംഘർഷങ്ങൾ, വേഷം കെട്ടലുകൾ ഇല്ലാത്ത സ്‌നേഹത്തിന്റെ ചില അദ്ധ്യായങ്ങൾ ഉള്ള ഒരു കുടുംബത്തിന്റെ രേഖാ ചിത്രം. അങ്ങനെ അങ്ങനെ പറയാൻ പറ്റിയ ഒരുപാട് നല്ലകാര്യങ്ങൾ ഉണ്ട് മുല്ലശ്ശേരിയിൽ.

വളരെ മനോഹരമായ ഒരു ഗാനം ഈ സിനിമയിൽ ഉണ്ട്. ഗിരീഷ് പുത്തഞ്ചേരിയും ജോൺസൺ മാസ്റ്ററും ഒക്കെ കടന്നുപോയാലും മലയാള സിനിമയിൽ വ്യഥകൾ വിങ്ങി നിൽക്കും ഗാനങ്ങൾ പിറക്കുമെന്ന് മുല്ലശ്ശേരിയിലെ ഈ ഗാനം ഓർമ്മിപ്പിക്കുന്നു. രണ്ട് മണിക്കൂറിൽ ഒരു മിനിട്ടു കൂടി കൂടിയാൽ ഈ സിനിമ ബോറാകുമായിരുന്നു. സിനിമ തീരുമ്പോൾ പ്രത്യേകിച്ച് ഒന്നും തോന്നില്ല. ഒരു ചെറിയ കഥ വായിച്ചതുപോലെ. അത്രയും മതി. ഏറ്റവും കുറഞ്ഞത് ഇപ്പോൾ കണ്ടു കഴിഞ്ഞത് ഒരു മലയാള സിനിമ ആണെന്നൊരു തോന്നൽ എങ്കിലും ബാക്കിയാകും. ഇതിനപ്പുറം എന്തു പ്രതീക്ഷിക്കാൻ.

അനൂപ് മേനോൻ മലയാള സിനിമയുടെ ഭാവിയാണ് ചൂണ്ടിക്കാട്ടുന്നത്. പത്മരാജിനും കമലിനും ഹരിഹരനും ഒക്കെ ശേഷവും മലയാള സിനിമ നിലനിൽക്കുമെന്ന് സന്ദേശമാണ് മുല്ലശ്ശേരി മാധവൻകുട്ടി നൽകുന്നത്. തീർച്ചയായും ഇവരുടെയൊക്കെ സിനിമകൾ പോലെ പൂർണ്ണമായ ഒരു അനുഭവം മാധവൻകുട്ടി നൽകുന്നില്ല. മാധവൻകുട്ടിയിൽ മാത്രമല്ല, അനൂപിന്റെ ചിത്രങ്ങളിൽ ഒക്കെ എന്തോ ചിലതുകൂടി കൂട്ടിച്ചേർക്കാമായിരുന്നു എന്ന തോന്നൽ ഉണ്ടാകാറുണ്ട്. ബ്യൂട്ടിഫുള്ളിലും അങ്ങനെത്തന്നെ ആയിരുന്നു. ശ്രദ്ധിച്ചിരുന്നെങ്കിൽ ഒരു നല്ല കലാസൃഷ്ടിയാക്കി മാറ്റാവുന്ന ഒട്ടേറെ അനുഭവങ്ങൾ ബ്യൂട്ടിഫുള്ളിലെപ്പോലെ മുല്ലശ്ശേരിയിലും വിട്ടു കളയുന്നുണ്ട്. ഈ കഥയെ കുറച്ചുകൂടി ശ്രമിച്ചിരുന്നെങ്കിൽ കൂടുതൽ തീവ്രമായ അനുഭവ ഗതിയുള്ള ഒരു സിനിമയാക്കി മാറ്റാമായിരുന്നു എന്നാണ് അനൂപ് ചിന്തിക്കേണ്ടത്.

കളഞ്ഞ് കുളിച്ച അവസരങ്ങളിൽ പ്രധാനം ഹാസ്യമാണ്. ഹാസ്യത്തെ നേരാംവണ്ണം ഉപയോഗിക്കാൻ അവസരം ഉണ്ടായിരുന്നിട്ടും മുല്ലശ്ശേരിയിൽ അത് വെറുതെ കളഞ്ഞിരിക്കുകയാണ്. അനൂപിന് ഹാസ്യം ചേരത്തില്ലായിരിക്കും. എന്നാൽ ഹാസ്യം ഒത്തുചേരാവുന്ന എത്രയോ അവസരങ്ങൾ ഈ സിനിമ നഷ്ടപ്പെടുത്തിയിരിക്കുന്നു. സുരാജ് വെഞ്ഞാറമൂടിനെപ്പോലെ ഒരു കഥാപാത്രത്തെ ഒരിക്കൽ പോലും ചിരിപ്പിക്കാൻ തിരക്കഥാകൃത്തും സംവിധായകനും അവസരം കൊടുത്തിട്ടില്ല. ഇന്നസെന്റിന്റെ കഥാപാത്രത്തിനും ഇതിലധികം ചിരി നൽകാമായിരുന്നു. നായകനാക്കാൻ പണം ഉള്ളതിന്റെ പേരിൽ കൂടെച്ചേർക്കുന്ന പയ്യന്റെ കഥ പറയുന്നിടത്ത് പയ്യന്റെ അപ്പനായി വരുന്ന കഥാപാത്രം മാത്രമാണ് എന്തെങ്കിലും ഒരു ചിരിക്കുള്ള വക നൽകിയത്. ലളിതമായ കഥകളിൽ അല്പം ഹാസ്യം കൂടിച്ചേരുമ്പോൾ അത് മനോഹരമാകുമെന്ന് അനൂപിനോട് ആരെങ്കിലും പ്രത്യേകിച്ച് പറഞ്ഞു തരേണ്ടതുണ്ടോ?

കയ്യിൽ പണം ഇല്ലാതെ സിനിമ നിർമ്മിക്കാൻ ഇറങ്ങിപ്പുറപ്പെട്ട ഒരു സാധാരണക്കാരന്റെ കഥ പറയുന്ന മുല്ലശ്ശേരിയിൽ സിനിമാ നിർമ്മാതാവിന്റെ രീതികൾ തന്നെയാണ് നിറഞ്ഞു നിൽക്കുന്നത്. സിനിമ സംസാരവും സാറ്റലൈറ്റ് റൈറ്റും സന്തോഷ് പണ്ഡിറ്റും ഒക്കെ ഇതിന്റെ ഭാഗമായി എത്തിച്ചേരുന്നു. പത്മശ്രീ സരോജ്കുമാർ സിനിമാ ലോകത്തിന്റെ വിചിത്രമായ നഗ്നചിത്രം വർണ്ണിച്ചെങ്കിൽ അതേ ലോകത്തിന്റെ മറ്റൊരു രേഖാചിത്രമായാണ് മുല്ലശ്ശേരി മാധവൻ വരച്ചു കാട്ടുന്നത്.

നായകന്റെ അമ്മയുടെ മരണം, സിനിമ നിർമ്മിക്കാൻ നായകൻ എടുത്ത തീരുമാനം തുടങ്ങിയ ഒട്ടേറെ കാര്യങ്ങളിൽ കഥയുടെ സ്വാഭാവികത നഷ്ടപ്പെടുത്തിയിട്ടുണ്ട്. നായികയുടെ ജീവിതമാതൃക നല്ലതാണെങ്കിലും മുഖത്ത് ആവശ്യത്തിന് ഭാവം വരുത്താൻ ഈ നടിക്ക് കഴിഞ്ഞിട്ടില്ല. അനൂപ് തന്റെ ടിപ്പിക്കൽ വേഷം ടിപ്പിക്കലായി കൈകാര്യം ചെയ്തു. ഇന്നസെന്റെ#ു#ം കലക്കി. ഏറെ നാളുകൾക്കു ശേഷം നിശാന്ത് സാഗറിന് തരക്കേടില്ലാത്ത ഒരു വേഷം കിട്ടിയിരിക്കുന്നു. എടുത്തു പറയാൻ തക്ക അഭിനയം ആരുടെ ഭാഗത്തു നിന്നും ഇല്ല. എങ്കിലും ഈ സിനിമ കാണുന്നത് ഒരു അർത്ഥത്തിലും ഒരു നഷ്ടമേ അല്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP