Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

നാട്ടിൻപുറത്തെ ചട്ടമ്പി പീസുമായി കാളിദാസും കൂട്ടരുമെത്തിയപ്പോൾ ഒന്നാം പകുതി കാറ്റ് നിറച്ച ബലൂൺ; രണ്ടാം പകുതിയിൽ കഥയെ മൂഡിലേക്ക് എത്തിച്ച് ട്വിസ്റ്റ്; നിരായുധനായ ഗുണ്ടയായി തിളങ്ങി കാളിദാസ് ജയറാം; അപർണാ ബാലമുരളിയുടെ മികച്ച ക്യാരക്റ്റർ റോളും; 'മിസ്റ്റർ ആൻഡ് മിസിസ് റൗഡി' ജിത്തുജോസഫിന്റെ ശരാശരി പടം

നാട്ടിൻപുറത്തെ ചട്ടമ്പി പീസുമായി കാളിദാസും കൂട്ടരുമെത്തിയപ്പോൾ ഒന്നാം പകുതി കാറ്റ് നിറച്ച ബലൂൺ; രണ്ടാം പകുതിയിൽ കഥയെ മൂഡിലേക്ക് എത്തിച്ച് ട്വിസ്റ്റ്; നിരായുധനായ ഗുണ്ടയായി തിളങ്ങി കാളിദാസ് ജയറാം; അപർണാ ബാലമുരളിയുടെ മികച്ച ക്യാരക്റ്റർ റോളും; 'മിസ്റ്റർ ആൻഡ് മിസിസ് റൗഡി' ജിത്തുജോസഫിന്റെ ശരാശരി പടം

എം.എസ്.ശംഭു

ജിത്തു ജോസഫ് എന്ന സംവിധായകന്റെ മികവ് അളക്കാൻ 'ദൃശ്യം' എന്ന ഒറ്റ സിനിമ മാത്രം മതി. തിരക്കഥ സസൂക്ഷ്മം ദൃശ്യാവഷ്‌കരിക്കുന്ന ഇന്ദ്രജാലമാണ് മറ്റു സംവിധായകരിൽ നിന്ന് ജിത്തുവിനെ വേറിട്ട് നിർത്തുന്നത്. ജിത്തു ജോസഫും ഭാര്യ ലിന്റാ ജിത്തുവും ചേർന്ന് തിരക്കഥ ഒരുക്കിയ 'മിസ്റ്റർ ആൻഡ് മിസിസ് റൗഡി' പണിക്കുറ്റം തീർത്തിറങ്ങിയപ്പോൾ ശരാശരി പടം മാത്രം

മികച്ച സ്റ്റോറി ലൈൻ ഒന്നുമല്ലെങ്കിലും ടിക്കറ്റെടുക്കുന്ന പ്രേക്ഷകന് ഈ ചിത്രം കണ്ട് നിരാശനായി മടങ്ങേണ്ടി വരില്ല. 'പൂമര'ത്തിന് ശേഷം കാളിദാസ് ജയറാം നായകവേഷത്തിലത്തുന്ന 'മിസ്റ്റർ ആൻഡ് മിസിസ് റൗഡി'പറയുന്നത് നാട്ടിൻപുറത്തെ അഞ്ച് ചെറുപ്പക്കാരുടെ കഥയാണ്. ചിത്രത്തിൽ അപ്പു എന്ന കേന്ദ്രകഥാപാത്രമായി കാളിദാസ് എത്തുമ്പോൾ ആസിഫ് എന്ന സുഹൃത്തായി ഗണപതി, സെബിൻ സെബാസ്റ്റ്യൻ, വിഷ്ണു ഗോവിന്ദൻ തുടങ്ങിയവർ മറ്റു സുഹൃത്തുക്കളായും കടന്നുവരുന്നു.

നാട്ടിൻപുറത്തെ ഊച്ചാളിചട്ടമ്പിമാർ എന്നൊക്കെ കേട്ടിട്ടില്ലെ അതൊക്കെ തന്നെയാണ് ചിത്രത്തിലെ കാളിദാസും കൂട്ടാളികളും. പ്രാരാബ്ധങ്ങളിൽ നിന്ന് രക്ഷപ്പെടാനായും അധോലോക നായകരാകണമെന്ന ലക്ഷ്യത്തോടെയും വിലസുന്ന ലോക്കൽ ഗുണ്ടകളാണ് ചിത്രത്തിൽ ഈ അഞ്ചുകഥാപാത്രങ്ങളും. ഗ്യാങ് ലീഡർ കാളിദാസ് തന്നെ.

ജീവിതച്ചെലവ് കണ്ടെത്താൻ വേണ്ടി മാത്രം ഗുണ്ടാപണി, അതായത് ചെറിയ തോതിലുള്ള ക്വട്ടേഷൻ നടത്തുന്ന സംഘമാണ് ഇവർ. ഇവരുടെ ഏകസ്വപ്നം വലിയ ക്വട്ടേഷൻ ഏറ്റെടുക്കുക എന്നതും. പേരിൽ റൗഡിത്തരം കൊണ്ടുനടക്കുന്നതല്ലാതെ നാട്ടുകാർക്കൊന്നും ഈ റൗഡികളെ കാര്യമായ മതിപ്പില്ല. ചിത്രത്തിൽ സൈക്കിൾ ചവിട്ടിവരുന്ന ഒരു കൊച്ചുപയ്യൻ ഈ ഗ്യാങിനെ തെറിവിളിച്ചിട്ട് പോകുന്ന നർമം വിതറുന്ന രംഗങ്ങളൊക്കെ കാണാം. അപ്പോൾ തന്നെ ഊഹിക്കാമല്ലോ ഈ ഗുണ്ടകളുടെ കാര്യം. ചിത്രത്തിൽ ഇവർ ഏറ്റെടുക്കുന്ന ഒരു ക്വട്ടേഷനിടെ ഒരു അപകടത്തിലൂടെ അപർണാ ബാലമുരളിയുടെ പൂർണിമ എന്ന കഥാപാത്രം കാളിദാസ് അവതരിപ്പിക്കുന്ന അപ്പുവിന് തലവേദനയായി കടന്നെത്തുന്നു. നായകന്റെ നിഴലായി അപർണയുടെ കഥാപാത്രം പിന്നീടങ്ങോട്ട് കൂടെതന്നെയുണ്ട്.

നിരായുധനായ ഗുണ്ടയായി തിളങ്ങി കാളിദാസ് ജയറാം

കഥാപാത്രങ്ങളെ അവതരിപ്പിച്ചതിൽ സാരമായ പാളിച്ചകളില്ല. എല്ലാം പരസ്പരം ബന്ധപ്പെട്ട് പോകുന്നുണ്ട്. കാളിദാസിന്റെ അപ്പു എന്ന കഥാപാത്രത്തിന്റെ അമ്മ, പെങ്ങൾ എന്നിവരടങ്ങിയ കുടുംബം ഫ്‌ളാഷ്ബാക്കിൽ ഒതുങ്ങുന്നു. ചെറുപ്പത്തിലെ പിള്ളേര് വഴക്കിനിടയിൽ പെങ്ങൾ മരിക്കുന്നു. ഇതിന്റെ പ്രതികാരമാണ് ഗുണ്ടാപ്പണിയിലേക്കുള്ള ഇവരുടെ ചുവട് വയ്‌പെന്നാണ് സംവിധായകൻ പറയാൻ ശ്രമിക്കുന്നത്. സാധാരണ ചിത്രങ്ങളിൽ കാണും പോലെ ഈ ഗുണ്ടകൾക്ക് വെട്ടുംകുത്തും സെറ്റപ്പൊന്നും ഇല്ല. നിരായുധരാണ്. ഗുണ്ടാപണിയിൽ ശോഭിക്കാൻ തുടക്കം മുതൽ ഇവർക്കുള്ള ആയുധം മരക്കഷ്ണങ്ങൾ മാത്രം..

ഇടയ്ക്ക് ഗണപതി അവതരിപ്പിക്കുന്ന ആസിഫ് എന്ന കഥാപാത്രം ചോദിക്കുന്ന ചോദ്യങ്ങളുണ്ട്. എന്റെ പെങ്ങളെ കെട്ടിക്കാനാണ് ഈ പണിക്കിറങ്ങുന്നത് എന്നൊക്കെ. അപ്പോൾ പ്രേക്ഷകൻ ചോദിച്ചേക്കാം മാന്യമായ വേറെ പണിയൊന്നും ഈ നാട്ടിലില്ലേ എന്ന്. അതിനുള്ള ഉത്തരവും കഥാപാത്രം പിന്നീട് കഥാവഴിയിൽ വരുന്നുണ്ട്. ദുർഗുണപരിഹാരപാഠ ശാലയിൽ നിന്ന് പുറത്തിറങ്ങിയ ഈ യുവാക്കൾക്ക് ലക്ഷ്യബോധമുണ്ടോ എന്ന് ചോദിച്ചാൽ ഉണ്ടെന്ന് കാണിക്കാൻ സംവിധായകൻ ശ്രമം നടത്തുന്നുണ്ട്. എന്നാൽ അപർണയുടെ കഥാപാത്രം കടന്നുവരുന്നതോടെ ഈ ലോക്കൽ ചട്ടമ്പിമാരുടെ ജീവിതം അവളെ വട്ടം ചുറ്റിയാകുന്നു.

അവിചാരിതമായി അപർണയെ വീട്ടിൽ നിന്ന് പുറത്താക്കുമ്പോൾ അപ്പുവിന്റെ (കാളിദാസ്) വീട്ടിലേക്ക് പൂർണിമ എത്തുന്നു. പിന്നീടുള്ള രംഗങ്ങളിൽ കാണുന്നത് നായികയെ ഈ വീട്ടിൽ നിന്നും പുകച്ച് പുറത്താക്കാൻ വ്യഗ്രത കൊള്ളുന്ന പാവം ഗുണ്ടകളെ. ആദ്യപകുതിയിൽ വലിയ പ്രതീക്ഷയൊന്നും സിനിമയുടെ കഥാതന്തു തരുന്നില്ല. മടലുമായി വഴി തടഞ്ഞു നിർത്തി തല്ലാൻ നിൽക്കുന്ന പക്വതയില്ലാത്ത അഞ്ച് ചട്ടമ്പിമാരെ മാത്രം ആദ്യപകുതിയിൽ ഉടനീളം സംവിധായകൻ കാണിച്ചു തരുന്നു. ഇതിനിടയിലുള്ള പാട്ട് കണ്ടിരിക്കാം.

കഥയെ കൈപിടിച്ചുനടത്തുന്ന അപർണ

ഇനി രണ്ടാം പകുതിയാണ് സിനിമയുടെ കാതൽ. സത്യം പറഞ്ഞാൽ ആദ്യപകുതി കാറ്റ് നിറച്ച ബലൂൺ ആയിരുന്നെങ്കിൽ രണ്ടാംപകുതിയിൽ അൽപം കഥയുണ്ട്. അപർണയുടെ പൂർണിമ എന്ന കഥാപാത്രം ഉപദേശിച്ച് ലോക്കൽ ഗൂണകളെ നേരെയാക്കാൻ ശ്രമിക്കുന്നു. പലതും പരാജയപ്പെടുന്നു. ബസ് വാങ്ങി ഓടിച്ച് രക്ഷപ്പെടാനുള്ള വിഫലശ്രമം ഇതിന്റെ ഭാഗമാണ്. അങ്ങനെ കഥ കൊണ്ടുപോകുന്നത് പൂർണിമ എന്ന കഥാപാത്രം തന്നെയാണ്. റൗഡികളെക്കാൾ തന്റേടിയാണ് അപർണയുടെ പൂർണിമ. ആൾ ജേണലിസം വിദ്യാർത്ഥിനി കൂടിയാണ്. പിന്നീട് ഗൗരവപ്രമേയങ്ങളാൽ കഥ സമ്പുഷ്ടമാകുന്നുണ്ട്. ഓൺലൈൻ പെൺവാണിഭം, സെക്സ് റാക്കറ്റുകൾ എന്നിങ്ങനെ സമകാലിക വിഷയങ്ങളിലൂടെ സഞ്ചാരം. ഇതിലൊക്കെ നായകന്റെയും, കൂട്ടാളികളുടെയും ഇടപെടൽ ഇതൊക്കെയാണ് ഈ ചിത്രം.

ഇതി കഥയിലേക്കും തിരക്കഥയിലേക്കും വന്നാൽ ജിത്തു ജോസഫ് ചിത്രങ്ങളുടെ പതിവ് മേക്കിങ് രീതി വച്ചുനോക്കിയാൽ അൽപം നിരാശ തോന്നാം. ഒറ്റവാക്കിൽ ഇതൊരുഫീൽ ഗുഡ് മുവിയാണ്. 'ദൃശ്യം' 'ഊഴം' എന്നിവയുടെ മേക്കിങ് പാറ്റേൺ കാണാനില്ലെങ്കിലും ഗ്രാമത്തിലെ ഛോട്ടാ ഗുണ്ടകളെ ജിത്തു മോശമാക്കിയില്ല. ഗ്യാങ് ലീഡറായി കാളിദാസും തിളങ്ങി. ഒപ്പം ഗണപതിയുടേയും വിഷ്ണു ഗോവിന്ദന്റേയും പ്രകടനങ്ങൾ്. ഏറ്റവും ചിരി പടർത്തി വിഷ്ണു ഗോവിന്ദനൂം കാമ്പുള്ള കഥാപാത്രമായി ഗണപതിയുടെ ഗോവിന്ദും ആനന്ദിപ്പിക്കും.

വർഗീസ് മാപ്പിളയായി സായ് കുമാർ, വൈദികനായി വിജയരാഘവൻ, പ്രതിനായകനായി വിജയ് ബാബു എന്നിവരെല്ലാം താന്താങ്ങളുടെ റോൾ മികച്ചതാക്കി. എസ്തർ അനിൽ, ഭഗത് മാനുവൽ എന്നിവരും മോശമാക്കിയില്ല. സതീഷ് കുറുപ്പിന്റെ ഛായാഗ്രഹണവും അരുൺ വിജയുടെ ഗാനങ്ങളും കൈയടി അർഹിക്കുന്നു. ശ്രീഗോകുലം മുവീസിന്റെ ബാനറിലാണ് ചിത്രം തിയേറ്ററിൽ എത്തിയിട്ടുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP