Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ലക്ഷ്യം തെറ്റിയ യാത്ര; മമ്മൂട്ടിയുടെ പുതിയ തെലുങ്ക് ചിത്രം ഒരു ചീപ്പ് പൊളിറ്റിക്കൽ മസാല; ബയോപിക്ക് അല്ല ഇത് വൈഎസ്ആർ കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ ചിത്രം മാത്രം; കച്ചവട മൂല്യവുമില്ല..കലാപരമായ യാതൊരു മേന്മയുമില്ല; കോടികൾ കൊണ്ട് അമ്മാനമാടുന്ന ആന്ധ്രാ രാഷ്ട്രീയക്കാരുടെ പരസ്യചിത്രത്തിൽ മലയാളികളുടെ പ്രിയതാരം തലവച്ചത് എന്തിന്?

ലക്ഷ്യം തെറ്റിയ യാത്ര; മമ്മൂട്ടിയുടെ പുതിയ തെലുങ്ക് ചിത്രം ഒരു ചീപ്പ് പൊളിറ്റിക്കൽ മസാല; ബയോപിക്ക് അല്ല ഇത് വൈഎസ്ആർ കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ ചിത്രം മാത്രം; കച്ചവട മൂല്യവുമില്ല..കലാപരമായ യാതൊരു മേന്മയുമില്ല; കോടികൾ കൊണ്ട് അമ്മാനമാടുന്ന ആന്ധ്രാ രാഷ്ട്രീയക്കാരുടെ പരസ്യചിത്രത്തിൽ മലയാളികളുടെ പ്രിയതാരം തലവച്ചത് എന്തിന്?

എം മാധവദാസ്

മിതാഭ് ബച്ചനെയും മോഹൻലാലിനെയും മമ്മൂട്ടിയെയുമൊക്കെ വച്ച് പ്രമുഖ സ്ഥാപനങ്ങൾ ഉണ്ടാക്കുന്ന പരസ്യചിത്രങ്ങൾ നാം ധാരാളം കണ്ടിട്ടുണ്ട്. എന്നാൽ രാഷ്ട്രീയ പ്രചാരണത്തിനെന്ന പേരിൽ ഒരു ഫീച്ചർ ഫിലിം നിർമ്മിക്കുക എന്ന കോപ്രായം ഒരു പക്ഷേ ഇന്ത്യയിൽ ആദ്യമായിട്ടായിരക്കും! പേരൻപിലെ അതിഗംഭീരമായ പ്രകടനത്തിലൂടെ തമിഴകം കീഴടക്കിയപോലെ, നമ്മുടെ അഭിമാനമായ മമ്മൂട്ടിയുടെ യശസ്സ് തെലുങ്കിലും ഉയരുമെന്ന് കരുതിയാണ് രാവിലെ തന്നെ 'യാത്ര'ക്ക് ഓടിക്കയറിയത്. ദക്ഷിണേന്ത്യയിൽ എംജിആർ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ജനപ്രിയനായ നേതാവായിരുന്ന വൈഎസ് രാജശേഖര റെഡ്ഡി എന്ന മുൻ ആന്ധ്രാ മുഖ്യമന്ത്രിയുടെ ബയോപിക്ക് എന്ന പേരിൽ തെലുങ്ക് സംവിധായകൻ മഹി വി രാഘവ് അണിയിച്ചൊരുക്കിയ യാത്ര എന്ന പുതിയ മമ്മൂട്ടി ചിത്രം കണ്ടപ്പോൾ സത്യത്തിൽ തല കുനിഞ്ഞുപോയി. എത്ര ചീപ്പായ ഒരു പൊളിറ്റിക്കൽ മസാല. ഇതിനെ ഫീച്ചർ ഫിലിം എന്നല്ല വൈ എസ് ആർ കോൺഗ്രസ് എന്ന പാർട്ടിയുടെ പരസ്യ ചിത്രം എന്നാണ് പറയേണ്ടത്.

കലാപരമായ യാതൊരു മേന്മയുമില്ല കച്ചവട മൂല്യവുമില്ല. കോടികളുടെ അഴിമതി നടത്തി ഖനികളും തോട്ടങ്ങളും വസ്തുവകളുമെല്ലാം വാരിക്കൂട്ടിയ വൈഎസ്ആറിന്റെ മകൻ ജഗൻ മോഹൻ റെഡ്ഡിക്ക് മനസ്സിലായിക്കാണും, തങ്ങളുടെ പ്രചാരണത്തിനായി പരസ്യ ചിത്രങ്ങൾ എടുക്കുന്നതിനേക്കാൾ നല്ലത് ഒരു ചലച്ചിത്രം എടുക്കുന്നതാണെന്ന്! പക്ഷേ മമ്മൂട്ടിയെപ്പോലെ രാജ്യം മുഴവൻ ആദരിക്കുന്ന ഒരു നടൻ ഇത്തരം ചീപ്പ് രാഷ്ട്രീയക്കളികൾക്ക് സിനിമയെ വിട്ടുകൊടുക്കരുതായിരുന്നു. പ്രിയപ്പെട്ട മമ്മൂക്ക, കാശുകിട്ടുമെന്ന് കരുതി എന്തും ചെയ്ത് കളയരുതേ, രാജ്യം പത്മശ്രീ ബഹുമതി നൽകി ആദരിച്ച നടൻ കൂടിയാണ് താങ്കളെന്ന് മറക്കരുത്.

ഇനി ഇങ്ങനെയൊക്കെ ആണെങ്കിലും കലാപരമായി ഈ പടത്തിൽ എന്തെങ്കിലും ഉണ്ടോ എന്ന് ചോദിച്ചാൽ നഹീ നഹീ എന്നാണ് മറുപടി. ക്ലാസുമില്ല മാസുമില്ല. ഹൃദയത്തിൽ തട്ടുന്ന ഒരു സീൻ പോലും ചിത്രത്തിലില്ല. എങ്ങനെ ഒരു ബയോപിക്ക് എടുക്കരുത് എന്നതിന്റെ ഉദാഹരണം കൂടിയാണ് ഈ പടം. മമ്മൂട്ടി അംബേദ്്ക്കറായ ജബ്ബാർ പട്ടേലിന്റെ വിഖ്യാതമായ ചിത്രമൊക്കെയൊന്ന് കണ്ടുനോക്കുക. മേരികോമിനെ കുറിച്ചും മിൽഖാസിങ്ങിനെക്കുറിച്ചും ഉണ്ടായ ബയോപിക്കുകൾ ഈ പടത്തിന്റെ സംവിധായകൻ വെറുതെയൊന്നു കണ്ടുനോക്കണം. ജസ്റ്റ് ഫോർ എ ഹൊറർ. അപ്പോൾ തന്നെ പ്രതിഭാദാരിദ്ര്യവും രാഷ്ട്രീയ അടിമത്തവും ബോധ്യപ്പെടും. എന്തിന് മണിരത്നം മോഹൻലാലിനെ നായകനാക്കിയെടുത്ത 'ഇരുവർ' നോക്കൂ. (ലാലിന്റെ എക്കാലത്തെയും മികച്ച പ്രകടനമായി പലരും വിലയിരുത്തുന്നത് ഈ ചിത്രത്തെയാണ്) അത് എംജിആറിന്റെ കഥയാണ്. ഒരു നടനും രാഷ്ട്രീയക്കാരനും കമിതാവും ഭർത്താവുമായൊക്കെയുള്ള സങ്കീർണ്ണമായ എംജിആറിന്റെ വ്യകതിത്വത്തെയാണ് ഈ പടം ചിത്രീകരിക്കുന്നത്.

എന്നാൽ യാത്രയിൽ ഏറിയ സമയവും വൈഎസ്ആർ സിന്ദാബാദ് എന്ന മുദ്രാവാക്യം വിളികളാണ്. അയ്യോ അച്ചാ പോകല്ലെ എന്ന മോഡലിലുള്ള ഈ നിലവിളി ആവർത്തിക്കേണ്ടത് അടുത്ത തെരഞ്ഞെടുപ്പിൽ വിജയം പ്രതീക്ഷിക്കുന്ന മകൻ ജഗൻ മോഹൻ റെഡ്ഡിക്കും, കോൺഗ്രസിൽനിന്ന് തെറ്റിപ്പിരിഞ്ഞ് അവർ ഉണ്ടാക്കിയ വൈഎസ്ആർ കോൺഗ്രസിനും ആവശ്യമാണ്. അതിനുതക്ക തിരക്കഥ അവർ തല്ലിക്കൂട്ടി. അല്ലാതെ ഈ പടത്തിൽ വൈഎസ്ആറിന്റെ ജീവിതം വരുന്നില്ല. ഇതിന്റെ തിരക്കഥയൊരുക്കിയത്, കാക്കത്തൊള്ളായിരം അഴിമതിക്കേസുകളിൽ പെട്ട് നല്ലപേരുള്ള വൈഎസ്ആറിന്റെ മകൻ ജഗന്മോഹൻ റെഡ്ഡിയാണെന്ന് ആർക്കും മനസ്സിലാവും. നമ്മുടെ ആറാം തമ്പുരാനിലെ ജഗന്നാഥനെപ്പോലെയാണ് ശരിക്കും ജഗന്മോഹൻ റെഡ്ഡി. നോക്കുന്നയിടം മുഴവൻ ജഗന്നാഥന് സ്വന്തം. അമ്മാതിരി അഴിമതിയാണ് കഴിഞ്ഞ ഭരണകാലത്ത് കാട്ടിക്കൂട്ടിയത്. സിബിഐ അടക്കം രജിസ്റ്ററർ ചെയ്ത ഈ കേസുകൾ എൽപ്പിച്ച പ്രതിഛായ നഷ്ടം പരിഹരിക്കാനുള്ള ഒരു ഉപാധിയാണ് അദ്ദേഹത്തെ സംബന്ധിച്ച് ഈ പടം.

ന്യൂസ് റീൽ- ഡോക്യുമെന്ററി സ്വഭാവത്തിൽ ഒരു പടം

സത്യത്തിൽ വൈഎസ് രാജശേഖര റെഡ്ഡിയെന്ന ആന്്ധ്രാ രാഷ്ട്രീയത്തിലെ അതികായന്റെ ജീവിതം അങ്ങേയറ്റം സിനിമാറ്റിക്കായിരുന്നു. ഹിന്ദുമത വിശ്വാസികളായിരുന്ന റെഡ്ഡിയുടെ കുടുംബം ക്രിസ്തുമത വിശ്വാസത്തിലേക്ക് പരിവർത്തനം ചെയ്യപ്പെട്ടവരാണ്. ഒരു ഡോക്ടറായ അദ്ദേഹം, വെറും ഒരുരൂപ മാത്രം വാങ്ങി പാവങ്ങളെ ചികിൽസിച്ചിരുന്നു. ആ ജോലി ഉപേക്ഷിച്ചാണ് അദ്ദേഹം രാഷ്ട്രീയത്തിൽ ഇറങ്ങിയത്. 34ാം വയസ്സിൽ സാക്ഷാൽ ഇന്ദിരാഗാന്ധിയാണ് അദ്ദേഹത്തെ പിസിസി പ്രസിഡന്റായി നിയമിക്കുന്നത്. ഒരു ഫീനിക്സ് പക്ഷിയെപ്പോലെ ആന്ധ്രയിൽ കോൺഗ്രസ് ഉയിർത്തെണീറ്റത് രാജശേഖര റെഡ്ഡിയുടെ ആസൂത്രണ പാടവത്തിന് കീഴിലായിരുന്നു.

ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തിലുള്ള തെലുങ്കുദേശം പാർട്ടിയുടെ അലകും പിടിയും വരെ ഊരിയെടുക്കാനുള്ള നീക്കത്തിലായിരുന്നു റെഡ്ഡി. ചിരഞ്ജീവിയുടെ താരപ്രഭയെ തന്ത്രങ്ങൾ കൊണ്ട് മൂക്കുകുത്തിക്കാനും റെഡ്ഡിക്ക് കഴിഞ്ഞിരുന്നു. 1999 മുതൽ 2004 വരെ അഞ്ച് വർഷത്തോളം ആന്ധ്രാപ്രദേശ് അസംബ്ലിയിൽ പ്രതിപക്ഷ നേതാവായിരുന്നു അദ്ദേഹം. 2003ൽ റെഡ്ഡി നടത്തിയ 1400 കിലോമീറ്റർ പദയാത്ര ഏറെ ശ്രദ്ധേയമായിരുന്നു.ആ യാത്രയാണ് തന്നിലെ രാഷ്ട്രീയനേതാവിനെ ഉണ്ടാക്കിയതെന്ന് റെഡ്ഡി പറയുമായിരുന്നു. ഇവിടമാണ് സിനിമയുടെ ഇതിവൃത്തം. ജനങ്ങളുടെ അടിസ്ഥന പ്രശ്നങ്ങൾ മനസ്സിലാക്കി ഒരു ജനനേതാവ് ഉയർന്നുവരുന്നത് ശരിക്കും സിനിമാറ്റിക്കായി എടുക്കാമായിരുന്നു. മോട്ടോർ സൈക്കിൾ ഡയറീസ്സിൽ ചെഗുവേര രൂപപ്പെടുന്നത് കാണിക്കുന്നപോലെ. പക്ഷേ അതിന് പ്രതിഭ വേണം. ഇവിടെ അത് ന്യൂസ് റീൽ- ഡോക്യുമെന്ററി സ്വഭാവത്തിലേക്ക് മാറിപ്പോയി.

ഈ പദയാത്രയുടെ അടിസ്ഥാനത്തിയാണ് റെഡ്ഡി 2009ൽ അധികാരത്തിലേറുന്നത്. ജനങ്ങളുടെ ദാരിദ്ര്യം നേരിട്ടുകണ്ട അദ്ദേഹം അതിശയിപ്പിക്കുന്ന പദ്ധതികളാണ് നടപ്പാക്കിയത്. രണ്ട് രൂപയ്ക്ക് അരി, പിന്നാക്ക വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് കോളജ് ഫീസ് നിർത്തലാക്കിയത്, ന്യൂനപക്ഷങ്ങൾക്ക് പ്രത്യേക സംവരണം, വായ്പ എഴുതിത്ത്ത്ത്തള്ളൽ തുടങ്ങിയ വിവിധ നടപടികൾ റെഡ്ഡി സർക്കാരിന്റെ നേട്ടങ്ങളായുണ്ട്. സ്ത്രീകൾക്ക് പെൻഷൻ അനുവദിച്ചുകൊണ്ടുള്ള അഭ്യഹസ്തം പദ്ധതിയും ഏറെ പ്രശംസിക്കപ്പെട്ടതാണ്. അതേസമയം വിവാദങ്ങൾക്ക് അതീതനായിരുന്നില്ല റെഡ്ഡി. സാന്ദുർ പവർ കമ്പനിയിലൂടെ റെഡ്ഡിയും കുടുംബവും അനധികൃതമായി വരുമാനം സമ്പാദിക്കുന്നതായി ആരോപണം ഉയർന്നിരുന്നു. 'സത്യം' അഴിമതിക്കേസിലും റെഡ്ഡിയുടെ മക്കൾക്ക് പങ്കുള്ളതായി ആരോപണമുണ്ടായിരുന്നു. പക്ഷേ ഇതൊന്നും പറയാതെ റെഡ്ഡിയെ ഒരു വിശുദ്ധൻ മാത്രമാക്കിയെടുക്കയാണ് ചിത്രം. വിശുദ്ധ നിർമ്മിതമല്ല ബയോപിക്ക്. പക്ഷേ ഇവിടെ ബയോപിക്കല്ല നേരത്തെ പറഞ്ഞപോലെ പ്രചാരണ ചിത്രമാണ് ഉണ്ടായത്.

അതീവ സങ്കീർണ്ണവും അങ്ങേയറ്റം അക്രമാസക്തവുമായിരുന്നു ആ കാലഘട്ടത്തിലെ തെലുങ്ക് രാഷ്ട്രീയം. റായലസീമ മേഖലയിൽ നടന്ന കൊലപാതകങ്ങളുടെ ലിസ്റ്റ് എടുത്താൽ നമ്മുടെ കണ്ണൂർ ഒന്നും ഒന്നുമല്ല. രാംഗോപൽ വർമ്മയുടെ 'രക്തചരിത്ര'യൊക്കെ ഇത് ചിത്രീകരിക്കുന്നുണ്ട്. സത്യത്തിൽ ആർജിവിയെപ്പോലുള്ള ഒരാൾ എടുക്കേണ്ടതായിരുന്നു വൈഎസ്ആറിന്റെ ചരിത്രം.

വൈഎസ്ആറിൽനിന്ന് മമ്മൂട്ടി ഏറെ അകലെ

ഇനി ഈ പടത്തിലെ വില്ലൻ ആരാണ് എന്ന് നോക്കണം. മറ്റാരുമല്ല കോൺഗ്രസ് ഹൈക്കമാൻഡ് തന്നെ. ലോക സിനിമാ ചിരിത്രത്തിൽ തന്നെ ഒരു സംഘടന വില്ലൻ വേഷത്തിൽ വരുന്നത് അപൂർവമാണ്. അഴിമതിക്കാരും ദുഷ്ടബുദ്ധിയുള്ളവരും പ്രാദേശിക നേതാക്കളെ ഒതുക്കുന്നവരുമായി കോൺഗ്രസ് ഹൈക്കമാൻഡിനെ ആക്ഷേപിക്കേണ്ടത് ജഗ്മോഹൻ റെഡ്ഡിയുടെ ആവശ്യമാണ്. പണം മുടക്കുന്നവന്റെ താളത്തിനൊത്ത് സംവിധായകൻ തുള്ളുന്നു. മലയാള സിനിമയുടെ തിരക്കഥയിൽ തൊട്ട് സെറ്റിൽ കൊടുക്കുന്ന ചായക്ക് പഞ്ചസാര കുറഞ്ഞാൽപോലും ഇടപെടുന്ന മമ്മൂട്ടി അത് കണ്ടില്ലെന്ന് നടിക്കുന്നു. ദീപസ്തംഭം മഹാശ്ചര്യം നമുക്കും കിട്ടണം പണം!

ഇപ്പറഞ്ഞതിന് അർഥം വൈഎസ്ആറും കോൺഗ്രസ് ഹൈക്കമാൻഡും തമ്മിൽ പ്രശ്നങ്ങൾ ഒന്നും ഉണ്ടായിട്ടില്ലെന്നല്ല. വൈഎസ്ആറിന്റെ മരണശേഷം മകനുമായാണ് കോൺഗ്രസ് ഹൈക്കമാൻഡ് കൂടുതൽ ഉടക്കിയത്. അങ്ങനെയാണ് വൈഎസ്ആർ കോൺഗ്രസ് എന്ന പാർട്ടിയുണ്ടാവുന്നത്. പക്ഷേ ജഗന് തന്റെ പിതാവിനോടും കോൺഗ്രസ് ശത്രുതാപരമായ സമീപനമാണ് എടുത്തിട്ടുള്ളതെന്ന് വരുത്തി തീർത്ത്, ജനങ്ങളെ വൈകാരികമായി ബ്ലാക്ക്മെയിൽ ചെയ്യണം. അതായത് വൈഎസ്ആറിന്റെ യഥാർഥ കഥയല്ല മറിച്ച് മകൻ ജഗന്മോഹൻ ആഗ്രഹിക്കുന്ന രീതിയിലുള്ള ഇലക്ഷൻ ഗിമ്മിക്കുകളാണ് തിരക്കഥയെന്ന രൂപത്തിൽ വന്നതെന്ന് ചുരുക്കം. എന്തായാലും ഒരുകാര്യത്തിൽ ജഗ്മോഹൻ റെഡ്ഡിക്ക് നന്ദി പറയണം. മുഖ്യമന്ത്രിയായിരിക്കേ ഹെലികോപ്റ്റർ അപകടത്തിലാണല്ലോ അദ്ദേഹം മരിച്ചത്. അതിൽ കോൺഗ്രസ് ഹൈക്കമാൻഡിന് പങ്കുണ്ടെന്ന് ചിത്രീകരിച്ചില്ലല്ലോ.

ഈ പടം വൈസഎസ്ആർ അധികാരത്തിൽ എത്തുന്നതോടെ അവസാനിക്കുകയാണ്. പിന്നെ മമ്മൂട്ടിയില്ല. അവസാനത്തെ പത്തുമിനുട്ട് ഒറിജിനൽ വൈഎസ്ആറിന്റെ ഫൂട്ടേജുകളാണ്. ശരിക്കും ഡോക്യുമെന്ററി. വൈഎസ്ആറിന്റെ പ്രസംഗവും യാത്രയും അപകടവും മരണവുമൊക്കെയാണ് കാണിക്കുന്നത്. ചലച്ചിത്രം പെട്ടെന്ന് ഡോക്യുമെന്ററിയായി മാറുന്നതും ലോകത്തെ ആദ്യത്തെ സംഭവമാകാം. മനോഹരമായ ക്യാമറാ വർക്ക് അല്ലാതെ ചിത്രത്തിന്റെ മറ്റു ഘടകങ്ങൾ ഒന്നും നന്നായി എന്ന് പറയാനാവില്ല. ഇടക്കിടെ വരുന്ന ശോകഗാനങ്ങളും ആവേശ മുദ്രാവാക്യഗാനങ്ങളും ബോറടിക്ക് മാറ്റുകൂട്ടുന്നു.

ഇനി മമ്മൂട്ടിയുടെ പ്രകടനത്തിലേക്ക് വന്നാൽ അതും നന്നായി എന്ന് പറയാൻ കഴിയില്ല. ആകാരത്തിലും പ്രകാരത്തിലും മാനറിസത്തിലുമൊക്കെ വൈഎസ്ആറിൽനിന്ന് ഏറെ അകലെയാണ് മമ്മൂട്ടി. പക്ഷേ ഫാൻസുകാർ തള്ളുന്നതാണ് സോഷ്യൽ മീഡിയയിൽ കാണുന്നത്. പേരൻപ് പോലുള്ള മനോഹരമായ ഒരു പടം കണ്ട് ഇതുകാണ്ടാൽ പാൽപ്പായസത്തിനുശേഷം കാഞ്ഞിരം കടിച്ച മട്ടാകും. തെലുങ്കിൽനിന്ന് മലയാളത്തിലേക്കുള്ള ഡബ്ബിങ്ങ് പലരുടേതും പരമബോർ. നേതാവിന് വീശിക്കൊടുക്കാനും കാലുതിരുമ്മി കൊടുക്കാനുമുള്ള ഭൃത്യന്മാർ അല്ലാതെ ജീവനുള്ള കഥാപാത്രങ്ങൾ ഈ പടത്തിൽ വേറെയില്ലതാനും. നായകന് മരുന്നും ചായയും കൊണ്ടത്തരുവാൻ വരുന്ന ഭാര്യയെയും, സഹപ്രവർത്തകയായ സുഹാസിനിയെയയും രണ്ടുമൂന്ന് സീനിൽ കാണാമെന്നല്ലാതെ സ്ത്രീകഥാപാത്രങ്ങളും ഈ പടത്തിൽ കുറവാണ്. എങ്ങും വൈഎസ്ആറിന്റെ തല വൈഎസ്ആറിന്റെ ഫുൾ ഫിഗർ, എന്തുപറയാൻ!

വാൽക്കഷ്ണം: തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള സിനിമകൾ ഇപ്പോൾ കൂടിവരികയാണ്. വൻ വിജയമായ ഉറി എന്ന ഹിന്ദി സിനിമയിൽ മോദി അടക്കമുള്ള ബിജെപി നേതാക്കൾ കഥാപാത്രങ്ങളാവുന്നുണ്ട്. പക്ഷേ അത് ഒരു സിനിമ എന്ന നിലയിൽ നല്ലതായിരുന്നു. പക്ഷേ ഇവിടെ യാത്ര ഒരു സിനിമാറ്റിക്ക് അനുഭവം ആവുന്നില്ല. ശരിക്കും തള്ളായിപ്പോവുകയാണ്. വൈഎസ്ആർ മരിച്ചുവെന്ന വാർത്തയറിഞ്ഞ് 200ൽ അധികം പേർ മരിച്ചുവെന്ന് നേരത്തെ വാർത്തയുണ്ടാക്കിയവരാണ് ജഗനും കൂട്ടരും. ഏതാനും പേർ മരിച്ചു എന്നത് സത്യമാണ്. ബാക്കിയുള്ളതൊക്കെ ഇവർ ഉണ്ടാക്കിയതാണ്. റോഡപകടം തൊട്ട് പ്രേമ നൈരാശ്യത്താൽ തുങ്ങിമരിച്ചവരെ വരെ വൈഎസ്ആറിന്റെ മരണവാർത്തയറിഞ്ഞ് ഹൃദയം പൊട്ടി മരിച്ചവരും ആത്മാഹൂതി ചെയ്തവരുമാക്കി ചിത്രീകരിച്ച മാനിപുലേഷൻ വിദഗ്ധരാണ് ഇവർ. ഇങ്ങനെ 'മരിച്ച' പലരുടെ കുടുംബങ്ങൾക്കും നഷ്ടപരിഹാരവും കിട്ടി. ശവത്തെപ്പോലും വിടാത്തവർ സിനിമയെടുത്താലുള്ള തള്ള് ഊഹിക്കാവുന്നതേയുള്ളൂ.

(ഈ ചലച്ചിത്ര നിരൂപണം ലേഖകന്റെ വ്യക്തിപരമായ അഭിപ്രായമാണ്.. മറുനാടൻ മലയാളിയുടേതല്ല)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP