Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അപശബ്ദങ്ങൾ ഏറെയുള്ള എഫ്എം; മൂന്നാമൂഴത്തിൽ നിരാശപ്പെടുത്തി ജയസൂര്യ- പ്രജേഷ് സെൻ കൂട്ടുകെട്ട്; തിരക്കഥയിലെ ദൗർബല്യങ്ങൾ പ്രകടം; 'ഇത്തിരി കഞ്ഞി എടുക്കട്ടേ' മോഡലിൽ മഞ്ജു വാര്യർ; ആശ്വാസമായത് ജോണി ആന്റണിയും കൂട്ടരും; 'മേരി ആവാസ് സുനോ' വെറും ഫീൽഗുഡ് മൂവി മാത്രം!

അപശബ്ദങ്ങൾ ഏറെയുള്ള എഫ്എം; മൂന്നാമൂഴത്തിൽ നിരാശപ്പെടുത്തി ജയസൂര്യ- പ്രജേഷ് സെൻ കൂട്ടുകെട്ട്; തിരക്കഥയിലെ ദൗർബല്യങ്ങൾ പ്രകടം; 'ഇത്തിരി കഞ്ഞി എടുക്കട്ടേ' മോഡലിൽ മഞ്ജു വാര്യർ; ആശ്വാസമായത് ജോണി ആന്റണിയും കൂട്ടരും; 'മേരി ആവാസ് സുനോ' വെറും ഫീൽഗുഡ് മൂവി മാത്രം!

എം റിജു

'ക്യാപ്റ്റൻ, വെള്ളം'- രണ്ട് എണ്ണം പറഞ്ഞ സിനിമകൾ മതി മലയാള ചലച്ചിത്ര ഭൂപടത്തിൽ പ്രജേഷ് സെൻ എന്ന യുവ സംവിധായകന്റെ സ്ഥാനം അടയാളപ്പെടുത്താൻ. പ്രജേഷ്- ജയസൂര്യ കുട്ടുകെട്ടിലേക്ക്, ഇത്തവണ മഞ്ജുവാര്യർ കുടി വരുന്നതിനാൽ പ്രതീക്ഷകൾ ഏറെയായിരുന്നു. പക്ഷേ 'മേരി ആവാസ് സുനോ' എന്ന പുതിയ ചിത്രം കണ്ടിറങ്ങുമ്പോൾ, ഒരു ആവറേജ് ഫീൽഗുഡ് മൂവി എന്നതിലപ്പുറം ഒന്നുമുണ്ടായില്ല.

ഹൃദയത്തിലേക്ക് ഗോളടിക്കുന്ന അനുഭവമായിരുന്നു 'ക്യാപ്റ്റൻ'. 'വെള്ള'ത്തിൽ മദ്യാസക്തനായുള്ള പരകാശ പ്രവേശത്തിലുടെ ജയുസൂര്യയുടെ മുരളി, കരളിൽ ഒരു കൊളത്തിവലിയായി നിന്നു. തീയേറ്റർ വിട്ടാലും നിങ്ങളെ പിന്തുടരുന്ന കഥാപാത്രങ്ങളായിരുന്നു ഈ രണ്ട് സിനിമകളുടെയും കാതൽ. എന്നാൽ ഈ കൂട്ടുകെട്ടിന്റെ മൂന്നാമത്തെ ചിത്രം, ആ ഒരു മൂഡ് നൽകുന്നില്ല. എവിടെയോ എന്തോ പിഴച്ചുപോയി എന്ന് വ്യക്തം.

മനുഷ്യബന്ധങ്ങളുടെയും ഇച്ഛാശക്തിയുടെയും കഥ പറയുന്ന ഒരു ഫീൽ ഗുഡ് ചിത്രമാണ് മേരി ആവാസ് സുനോ എന്ന് ഒറ്റ വാക്കിൽ പറയാം. കഥയുടെ ത്രഡ് സൂപ്പറാണ്. നല്ലതുടക്കവും, തരക്കേടില്ലാത്ത ആദ്യപകുതിയുമുള്ള ചിത്രം, പക്ഷേ രണ്ടാം പകുതിയിൽ പാളിപ്പോവുകയാണ്. ഒരു ശരാശരി പ്രേക്ഷകൻ ചിന്തിക്കുന്നതിൽ അപ്പുറം യാതൊന്നും സിനിമയിൽ സംഭവിക്കുന്നില്ല. ദുർബലമായ തിരക്കഥ തന്നെയാണ് 'മേരി ആവാസ് സുനോയുടെ' ശബ്ദത്തിൽ വെള്ളി വീഴ്‌ത്തുന്നത്.

ഒറ്റ രാത്രി കൊണ്ട് ശബ്ദം നഷ്ടമാവുമ്പോൾ

ശബ്ദമാണ് തന്റെ ഐഡന്റിറ്റി എന്ന് വിശ്വസിക്കുന്ന കലാകാരനാണ് റേഡിയോ ജോക്കിയായ ആർജെ ശങ്കർ (ജയസൂര്യ). കരിയറിൽ ഏറെ നേട്ടങ്ങൾ കൈവരിച്ച അയാൾ ന്യൂസ് റീഡറായ ഭാര്യ മെറിളിനും (ശിവദ) മകനുമൊപ്പം തിരക്കേറിയ ജീവിതമാണ് നയിക്കുന്നത്. അയാളുടെ 'മേരി ആവാസ് സുനോ' എന്ന റേഡിയോ പരിപാടി വമ്പൻ ഹിറ്റാണ്. അങ്ങയേറ്റം കാൽപ്പനികവും അർഥസമ്പുഷ്ടവുമാണ് അയാളുടെ വാക്കകുൾ. എത്രയോ മനുഷ്യർക്ക് ശബ്ദത്തിലൂടെ പ്രത്യാശ പകരാനും, ആത്മവിശ്വാസം നൽകാനും കഴിയുന്ന ഒരാൾ. ഒരു തിരക്കുപിടിച്ച നഗരത്തിന്റെ മോട്ടിവേറ്റർ.

എവിടെയും പോസിറ്റീവ് വൈബ് നിറക്കുന്നവരാണ് ആർജെകൾ എന്നാണ് പൊതുധാരണ. എന്നാൽ നാം ശബ്ദത്തിലൂടെ അറിയുന്ന ആർജെകളുടെ പച്ചയായ ജീവിതത്തിലുടെയാണ് ചിത്രം കടന്നുപോവുന്നത്. ശബ്ദമാണ് തന്റെ എല്ലാം എന്ന് കരുതുന്ന ശബ്ദത്തിലൂടെ ജീവിക്കുന്ന ഒരു മനുഷ്യന്, ഒറ്റരാത്രികൊണ്ട് ശബ്ദം ഇല്ലാതായാൽ എന്തുസംഭവിക്കും. അങ്ങനെ എല്ലാം ഇരുട്ടിലേക്ക് പോയി എന്ന് കരുതുന്ന സമയത്താണ്, മോട്ടിവേഷൻ സ്പീക്കറും, ഡോക്ടറുമായ രശ്മി അയാളുടെ ജീവിതത്തിലേക്ക് എത്തുന്നത്.

വെള്ളം സിനിമയിൽ എന്നപോലെ, യാഥർഥ ജീവിതത്തിൽനിന്നുള്ള ഒരു ഏടാണ് പ്രജഷേ് ഇവിടെയും അവതരിപ്പിക്കുന്നത്. തിരുവനന്തപുരത്തുള്ള മാഹിർ ഖാൻ ആർജെ ശങ്കറിന്റെ ജീവിതത്തോട് വളരെ അടുത്തു നിൽക്കുന്ന അനുഭവങ്ങൾ ഉണ്ടായ ആളാണെന്ന് പ്രജേഷ് എഴുതിയിട്ടുണ്ട്. പ്രജേഷ് ഫേസ്‌ബുക്കിൽ കുറിച്ചത് ഇങ്ങനെയാണ്''-ജീവിതത്തിൽ തകർന്നുപോയ ഘട്ടങ്ങളെ അതിജീവിച്ച അദ്ദേഹം. യഥാർത്ഥത്തിൽ ഉയിർത്തെഴുന്നേൽക്കുകയായിരുന്നു. പിന്നീട് എഴുത്തിന്റെ പല ഘട്ടത്തിലും മാഹിറിക്കയെ വിളിക്കുകയും സംസാരിക്കുകയും ചെയ്തു.

നന്ദിതാ റോയി എഴുതിയ കഥയിൽ നിന്നും വ്യത്യസ്തമായി തിരക്കഥ ഒരുക്കുന്നതിന് മാഹിറിക്കയുടെ അനുഭവങ്ങൾ പ്രചോദനമായി. അദ്ദേഹത്തിന്റെ ജീവതത്തിലെ സംഭവങ്ങൾ കൂടി കൂട്ടിച്ചേർത്താണ് സിനിമ ഒരുക്കിയത്.''

കൈയിൽ നിന്ന് പോയ രണ്ടാം പകുതി

തരക്കേടില്ലാത്ത ആദ്യപുകുതിക്കുശേഷം മേരി ആവാസ് സുനോയുടെ ശബ്ദം പതുക്കെ അപശബ്ദമാവുകയാണ്. ഈ ഫീൽഗുഡ് സിനിമകളുടെ പ്രവചനീയതയാണ്, ചിത്രത്തിന് വലിയ ബാധ്യതയാവുന്നത്. ഏത് അവിദഗ്ധനായ കൈനോട്ടക്കാരനും പ്രവചിക്കാൻ കഴിയുന്നതാണ് ചിത്രത്തിന്റെ ക്ലൈമാക്സ്. പുതിയ കാലഘട്ടത്തിൽ, കൊറിയൻ ഫാൻസായ പയ്യന്മാർ ഇതൊന്നുമല്ല പ്രതീക്ഷിക്കുന്നത്. മലയാളത്തിലെ പ്രേക്ഷക സമുഹം വല്ലാതെ മാറിപ്പോയത് സംവിധായകൻ വേണ്ട രീതിയിൽ ഗൗനിച്ചിട്ടില്ല. ഫീൽഗുഡ് മൂവികളിലെ പ്രഡിക്റ്റബിലിറ്റിയെ മറികടക്കുന്നതിനായി തിരക്കഥയിൽ ട്വിസ്റ്റുകൾ കൊണ്ടുവരാനൊന്നും കഴിഞ്ഞിട്ടില്ല.

നായകനുണ്ടാവുന്ന ദുരന്തം, അതിനിടയിലെ അതിജീവനത്തിനായുള്ള ആയാളുടെ കഷ്ടതകൾ, പിന്നെ പുതു ജീവിതം എന്ന ഒരു ടെബ്ലേറ്റ് ഒരുക്കി അതിനൊപ്പിച്ച് സീനുകൾ എഴുതിയതുപോലെയാണ് ചിത്രം കണ്ടാൽ തോന്നുന്നത്. ഇത് കഥയുടെ സ്വാഭാവിക ഗതിയെ തടസ്സപ്പെടുത്തുകയാണ്. ശബ്ദം തിരിച്ചുകിട്ടാനായി, ഡോക്ടർ ആർ ജെ ശങ്കറിന്റെ മേൽ കാണിക്കുന്ന പരീക്ഷണങ്ങളിലൊക്കെ ക്രിതിമത്വം ഫീൽ ചെയ്യുന്നുണ്ട്. 'വെള്ളത്തിൽ' മുഴു മദ്യപാനിയായ ജയസൂര്യയുടെ കഥാപാത്രം നിലത്തുവീഴുന്ന സിപ്രിറ്റ് നക്കുന്ന ഒരു ഭീകര രംഗമുണ്ട്. അതിനൊപ്പിച്ചെന്ന് തോന്നിക്കുന്ന രീതിയിലാണ് ഡോക്ടറുടെ പരീക്ഷണ രംഗങ്ങൾ. പക്ഷേ അതിനൊന്നും പ്രേക്ഷകരുടെ മനസ്സ് കീഴടക്കാൻ കഴിയുന്നില്ല.

കഥയിലെയും തിരക്കഥയിലെയും ഈ ചേർച്ചക്കുറവ് മഞ്ജുവാര്യരുടെ ഡോക്ടറുടെ പാത്ര സൃഷ്ടിയിലും കാണാം. ആദ്യം ആർ.ജെ ശങ്കർ ചികിത്സിക്കാൻ എത്തുമ്പോൾ, ആളറിയാതെ, മുഖത്തടിച്ചപോലെ ഡോക്ടർ പറയുകയാണ് നിങ്ങൾക്ക് ഇനി ഒരിക്കലും സംസാരിക്കാൻ കഴിയില്ല എന്ന്. പക്ഷേ വന്നത് താൻ ഇഷ്ടപ്പെടുന്ന ആർജെ ശങ്കർ ആണെന്ന് അറിയുമ്പോൾ വീട്ടിലെത്തി അയാളുടെ ചികിത്സ ഏറ്റെടുക്കുക മാത്രമല്ല, തന്നെകൊണ്ട് സംസാരിപ്പിക്കുമെന്നും, പഴയതുപോലെ ഷോകളും മറ്റും ചെയ്യിക്കുമെന്ന് ഡോക്ടർ ഉറപ്പു പറയുന്നു. വ്യക്തിബന്ധങ്ങൾക്ക് അനുസരിച്ച് മാറ്റിമറിക്കാനുള്ള മെഡിക്കൽ എത്തിക്സേ ഈ ഡോക്ടർക്കുള്ളൂ. അതുപോലെ ചാനലുകളിലൊക്കെ വർക്ക് ചെയ്തിട്ടും ആർജെ ശങ്കറിന്റെ ഭാര്യ, സീരിയലിലെ നായികമാരെപ്പോലെ, ഭർത്താവും ഡോക്ടറുമായുള്ള ബന്ധത്തെ പ്രണയമായി സംശയിക്കുന്നു.

ഈ ഒരു ചീപ്പ് ആംഗിളിൽ അല്ലാതെ നമ്മുടെ എഴുത്തുകാർക്കും സംവിധായകർക്കും ചിന്തിക്കാൻ കഴിയില്ലേ. ( ഈയിടെ ഇറങ്ങിയ മമ്മൂട്ടിയുടെ സിബിഐ-5ലുമുണ്ട് അവിഹിതവും ദാമ്പത്യ പ്രശ്നങ്ങളും. മലയാളിയുടെ ഏറ്റവും വലിയ പ്രശ്നം അതാണെന്ന് തോനുന്നു) എന്നാൽ വീനസ്- സെറീന വില്യംസുമാരുടെ അതിജീവനകഥ, കിങ്ങ് റിച്ചാർഡ് എന്ന പേരിൽ ഹോളിവുഡിൽ സിനിമാക്കിയത് ഒക്കെ ഒന്ന് കണ്ടുനോക്കണം. വംശീയതതൊട്ട്, ഗെറ്റോകളിലെ ജീവിതവും, അതിജീവനവും, ഒരു പിതാവിന്റെ പോരാട്ടവും, കുറത്തവർ കറുത്തവരോട് ചെയ്യുന്ന ക്രൂരതകളും, കുട്ടികളുടെ വാശിയുമൊക്കെയായി ആ പടം ഏതെല്ലാം തലങ്ങളിൽ എങ്ങനെയെല്ലാം മാറി മറിയുന്നു. പക്ഷേ നമുക്ക് പ്രണയം, സംശയം, അവിഹിതം....അതിൽ ചുറ്റിക്കളിക്കാം.

രണ്ടാം പകുതി അവസാനിക്കാർ ആവുമ്പോഴേക്കും സിനിമ വല്ലാതെ തണുത്തുപോകുന്നുണ്ട്. ഫീൽഗുഡ്- മോട്ടീവേഷൻ സംഭാഷണങ്ങളുടെ ആധിക്യം വെറുപ്പിക്കലാവുന്ന അവസ്ഥ.

ജയസൂര്യ നന്നായി; മഞ്ജു പക്ഷേ

മലയാള സിനിമയിൽ വ്യത്യസ്തമായ കഥാപാത്രങ്ങളെ ചെയ്യാനായി ജയസൂര്യയെപ്പോലെ ഇത്രയേറെ ദാഹിച്ച് നടക്കുന്ന നടൻ മറ്റാരുമില്ലെന്ന് പറയാം. ഞാൻ മേരിക്കുട്ടിയും, സൂ സൂ സുധി വാത്മീകവും, ക്യാപ്റ്റനും, വെള്ളവും അടക്കമുള്ള ചിത്രങ്ങൾ അത് തെളിയിക്കുന്നു. ജയസൂര്യയുടെ കരിയർ ബെസ്റ്റായിരുന്നു 'വെള്ള'ത്തിലെ കുടിയൻ മുരളി. വ്യത്യസ്തതകൾ ആഗ്രഹിക്കുന്ന ആ നടന് സംസ്ഥാന അവാർഡ് നേടിക്കൊടുത്തു ചിത്രം. ഈ സിനിമയിലും ജയസൂര്യ തന്റെ മാക്സിമം കൊടുത്തിട്ടുണ്ട്. അപ്പോത്തിക്കിരി, വെള്ളം എന്ന മുൻകാല സിനിമകളുമായി സാദൃശ്യം തോന്നാമെങ്കിലും, ഉള്ളത് അദ്ദേഹം മോശമാക്കിയിട്ടില്ല.

എന്നാൽ നമ്മുടെ ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യരിലേക്ക് വന്നാൽ ആ കഥാപാത്രം അത്ര നന്നായിട്ടൊന്നുമല്ല. സദാ ഒരു ചിരി മുഖത്ത് ഒട്ടിച്ചപോലുള്ള കൃത്രിമത്വം ഒറ്റ നോട്ടത്തിൽ അറിയുന്ന രീതിയിലാണ് മഞ്ജുവിന്റെ ഡോക്ടറുടെ ബിൽഡപ്പ്. മേക്കപ്പിന്റെ ആധിക്യത്തിനും പ്രായത്തെ പിടിച്ചുനിർത്താൻ കഴിയുന്നില്ല. ഒടിയനിൽ 'ഇത്തിരി കഞ്ഞി എടുക്കട്ടേ' എന്ന് ചോദിച്ച കഥാപാത്രത്തിലാണ് മഞ്ജുവിനെ ഇതുപോലെ ദുർബലയായി കണ്ടത്. ഡയലോഗ് ഡെലിവറിയിലൊക്കെയുണ്ട് ഈ ആർട്ടിഫിഷ്യാലിറ്റി.

അതുപോലെ ജയസൂര്യയുടെ ഭാര്യയായി എത്തുന്ന ശിവദയും ഉള്ളത് മോശമാക്കിയില്ല എന്നല്ലാതെ, ബെസ്റ്റ് എന്ന് പറയാവുന്ന രീതിയിലേക്ക് ഉയരുന്നില്ല. അവരുടെ കഥാപാത്രത്തിനും അത്രയേ ഡെപ്ത്ത് ഉള്ളൂ. പക്ഷേ ഈ സിനിമയിൽ ഏറ്റവും മനോഹരമായതും ലൈവാക്കുന്നതും റേഡിയോ ജോക്കികളായി എത്തിയ നടന്മാരാണ്. ക്ലബ് എഫ്.എമ്മിന്റെ ഹെഡായ ജോണി ആന്റണിയുടെ അഭിനയം എത്ര സ്വാഭാവികമാണെന്ന് നോക്കൂ. ചെറിയ നമ്പർ പോലും ജോണി കൈയിൽനിന്ന് ഇടുമ്പോൾ ചിരി വരും.

അതുപോലെ ഫഹദ് ഫാസിലിന്റെ ഡയമണ്ട് നക്ലേസിലെ തമിഴത്തി നഴ്സ്, 'എറുമ്പു വായിലെ ചിന്നത് എന്നത്' ഫെയിം ഗൗതമി നായരെ ഒരു നീണ്ട ഇടവേളക്ക് ശേഷമാണ് മലയാളത്തിൽ കാണുന്നത്. ഭക്ഷ്യ ദിനത്തെ പക്ഷി ദിനമാക്കി അവതരിപ്പിച്ച ഗൗതമിയുടെ നർമ്മവും പ്രസരിപ്പും എൽക്കുന്നുണ്ട്. അതുപോലെ സോഹൻലാലിന്റെ തമാശകളും എൻഗേജിങ്ങാണ്. രണ്ട് ബാലതാരങ്ങളും ചിത്രത്തിൽ നന്നായിട്ടുണ്ട്. പക്ഷേ സുധീർ കരമന ഉള്ള ഒറ്റ സീനിൽ ഓവറാക്കി നാടകം പോലെയാക്കിട്ടുണ്ട്. മജീഷ്യൻ ഗോപിനാഥ് മുതുകാട് ചിത്രത്തിൽ അതിഥി വേഷത്തിൽ എത്തുന്നുമുണ്ട്. അതുപോലെ സംവിധായകൻ ശ്യാമപ്രസാദും.

ചിത്രത്തിന്റെ മെലഡി സോങ്ങുകൾ സൂപ്പർ ആയിട്ടുണ്ട്. എം ജയചന്ദ്രന്റെ ഗാനങ്ങൾ ഓർമ്മിക്കപ്പെടും. അതുപോലെ ക്യാമറ വിനോദ് ഇല്ലംപള്ളിയെന്ന് എഴുതിക്കാണിക്കുമ്പോൾ പിന്നെ പ്രത്യേകിച്ച് ഒന്നും പറയേണ്ട കാര്യം ഇല്ലല്ലോ.

വാൽക്കഷ്ണം: മലയാള സിനിമയെ ആഖ്യാനപരമായും പ്രമേയപരമായും ഒരു പുതിയ ട്രാക്കിലേക്ക് മാറ്റുകയാണ് നമ്മുടെ ന്യൂജൻ സംവിധായകർ ചെയ്തുകൊണ്ടിരുന്നത്. പക്ഷേ ഈ സിനിമ പഴയ ട്രാക്കിലാണ് എടുത്തിരിക്കുന്നത്. അല്ലേലും പഴമയ യോട് വല്ലാത്ത നൊസ്റ്റാൾജിയ വെച്ചുപുലർത്തുന്ന സമൂഹമാണെല്ലോ നാം..

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP