Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Aug / 202211Thursday

മികവിന്റെ മേപ്പടിയാൻ; ഇത് പ്രേക്ഷകരെ പിടിച്ചിരുത്തുന്ന ഫാമിലി ത്രില്ലർ; സത്യൻ അന്തിക്കാടിന് ജീത്തുജോസഫിൽ ഉണ്ടായ ചിത്രം; മസിലളിയൻ ഇമേജിൽ നിന്ന് കുതറി മാറി മണ്ണിലേക്കിറങ്ങി ഉണ്ണി മുകുന്ദൻ; നവാഗത സംവിധായകൻ വിഷ്ണു മോഹന്റെത് ബ്രില്ലന്റ് സ്‌ക്രിപ്റ്റിങ്ങ്; മിന്നുന്ന പ്രകടനവുമായി ഇന്ദ്രൻസും സൈജു കുറുപ്പും

മികവിന്റെ മേപ്പടിയാൻ; ഇത് പ്രേക്ഷകരെ പിടിച്ചിരുത്തുന്ന ഫാമിലി ത്രില്ലർ; സത്യൻ അന്തിക്കാടിന് ജീത്തുജോസഫിൽ ഉണ്ടായ ചിത്രം; മസിലളിയൻ ഇമേജിൽ നിന്ന് കുതറി മാറി മണ്ണിലേക്കിറങ്ങി ഉണ്ണി മുകുന്ദൻ; നവാഗത സംവിധായകൻ വിഷ്ണു മോഹന്റെത് ബ്രില്ലന്റ് സ്‌ക്രിപ്റ്റിങ്ങ്; മിന്നുന്ന പ്രകടനവുമായി ഇന്ദ്രൻസും സൈജു കുറുപ്പും

എം റിജു

ത്യൻ അന്തിക്കാടിന് ജീത്തുജോസഫിൽ ഉണ്ടായ ചിത്രമാണ് 'മേപ്പടിയാൻ' എന്ന ഉണ്ണിമുകുന്ദൻ നായകനായ ചിത്രമെന്ന് സോഷ്യൽ മീഡിയയിൽ ആരോ എഴുതിയത് എത്ര ശരിയാണ്. ആദ്യപകുതിയെ ഒരു സത്യൻ അന്തിക്കാട് ചിത്രമായും, രണ്ടാംപകുതിയെ ജീത്തുജോസഫിന്റെ ദൃശ്യം മോഡൽ ചിത്രമായും ഈ പടത്തെ വിശേഷിപ്പിക്കാം. വിഷുണുമോഹൻ എന്ന നവാഗതൻ കഥയും തിരക്കഥയുമെഴുതി സംവിധാനം ചെയ്ത 'മേപ്പടിയാൻ' ശരിക്കും ഒരു ഫാമലി ത്രില്ലർ ആണ്.

ഒരു വ്യവഹാരഭാഷയാണ് ടിയാനും, മേപ്പടിയാനുമൊക്കെ. ആ പേരിനോട് ചിത്രം അങ്ങേയറ്റം നീതി പുലർത്തുന്നുണ്ട്. ഒരു തവണയെങ്കിലും എന്തെങ്കിലും ഒരു ടെക്ക്നിക്കൽ പ്രശ്നത്തിന്റെ പേരിൽ വില്ലേജ് ഓഫീസിലും രജിസ്ട്രേഷൻ ഓഫീസിലുമൊക്കെ പോയവർക്ക് അറിയാം, നമ്മുടെ നാട്ടിലെ സാങ്കേതിക കരുക്കുകൾ. 'ഇവിടം സ്വർഗമാണ്' എന്ന റോഷൻ ആൻഡ്രൂസ് ചിത്രത്തിന്് സമാനമായ ചില കാഴ്ചകളാണ് ഈ പടം കാണിച്ചുതരുന്നത്. അതും സത്യസന്ധമായ അവതരണത്തിലൂടെ. ഇത്തരം ഒരു വ്യത്യസ്തമായ കഥ അവതരിപ്പിക്കാൻ കഴിഞ്ഞു എന്നതിൽ സംവിധായകൻ വിഷ്ണുമോഹൻ ഒരു പ്രത്യേക കൈയടി അർഹിക്കുന്നുണ്ട്. കാരണം ഈ പങ്്തിയിൽ പലതവണ പറഞ്ഞതുപോലെ, മലയാള സിനിമയിലെ ഏറ്റവും വലിയ പ്രശ്നം എഴുത്താണ്. നമുക്ക് നല്ല ടെക്്നീഷ്യൻസും ആർട്ടിസ്റ്റുകളുമൊക്കെയുണ്ട്. എന്നാൽ വ്യത്യസ്തമായ വിഷയങ്ങൾ കണ്ടെത്താൻ കഴിയുന്ന എഴുത്തുകാർ ഇല്ല. അവിടേക്കാണ് ഒന്നാന്തരം ഒരു കഥയുമായി വിഷുണുമോഹന്റെ വരവ്.

ചിത്രത്തിന്റെ ബ്രില്ല്യൻസ് കഥയിൽ മാത്രം ഒതുങ്ങുന്നില്ല. മേക്കിങ്ങും സൂപ്പറാണ്. പ്രതീക്ഷ ഉയർത്തുന്ന തുടക്കത്തിനുശേഷം, ആദ്യ പതിനഞ്ചുമിനുട്ടിൽ കഥാ പശ്ചാത്തലും പറയുന്നിടത്ത് മാത്രമേ, അൽപ്പം ലാഗ് വരുന്നുള്ളൂ. പിന്നീട് അങ്ങോട്ട് ഒരു ത്രില്ലർ മോഡലിൽ ചിത്രം കത്തിക്കയറുകയാണ്. മാസ് രംഗങ്ങളോ, വെടിവെപ്പോ, കുറ്റാന്വേഷണമോ, കോടികളുടെ ഗ്രാഫിക്സോ ഒന്നുമില്ലാതെ എങ്ങനെ ത്രില്ലടിപ്പിക്കാമെന്ന് വിഷ്ണു കാട്ടിത്തരുന്നുണ്ട്.

റിയൽ എസ്റ്റേറ്റും പിന്നെ കുറേ നൂലാമാലാളും

കേരളത്തിന്റെ സാമൂഹിക രാഷ്ട്രീയ ജീവിതത്തെ വർഷങ്ങളായി പഠിച്ച, എഴുത്തുകാരൻ റോബിൻ ജിഫ്രിയൊക്കെ വിലയിരുത്തിയ ഒരു കാര്യമുണ്ട്. തങ്ങളുടെ ആജീവനാന്ത സമ്പാദ്യം ഭൂമിയും സ്വർണ്ണത്തിലുമായി നിക്ഷേപിക്കുന്ന ലോകത്തിലെ ഏക ജനത മലയാളികൾ ആയിരിക്കുമെന്ന്. അതുകൊണ്ടുതന്നെ ഭൂമിയെന്നത് നമുക്ക് പാർക്കാനുള്ള ഒരിടം മാത്രമല്ല. ലക്ഷങ്ങൾ മറിയുന്ന ഇടനിലക്കാർക്ക് കളിക്കാൻ കഴിയുന്ന ഒരു ഊഹക്കച്ചവട വിപണി കൂടിയാണ് അത്. ഇവിടെ തനി നാട്ടുമ്പുറത്ത്കാരനായി, നന്നായി പണിയുള്ള ഒരു വർക്ക് ഷോപ്പ് ഒക്കെയിട്ട് സമാധാനമായി ജീവിക്കുന്ന നായകൻ ജയകൃഷ്ൻ ( ചിത്രത്തിൽ ഉണ്ണി മുകുന്ദൻ) ഈ റിയൽ എസ്റ്റേറ്റ് കെണിയിൽ പെട്ട് ലക്ഷങ്ങളുടെ പ്രരാബ്ധക്കാരൻ ആവുകയാണ്. സുഹൃത്തായ സൈജുകറുപ്പിന്റെ മുടിയനായ പുത്രൻ കഥാപാത്രത്തിന്റെ കൂടെ കൂടി അയാൾ ഒട്ടും പ്രതീക്ഷിക്കാതെ ഒരു വൻ കടബാധ്യതയിൽ പെട്ടുപോകുയാണ്. ഇവിടെയൊക്കെ സ്‌ക്രിപ്റ്റിന്റെ ബലം സമ്മതിക്കണം. ഒട്ടും അസ്വഭാവിക തോന്നാതെയാണ് ഈ ഭാഗങ്ങൾ കടന്നുപോകുന്നത്.

താൻ എത്തിപ്പെട്ട സാമ്പത്തിക കുരുക്കിൽനിന്ന് മോചനം നേടാനായി സ്വന്തം വീടും പറമ്പും വിൽക്കാൻ ശ്രമിക്കുന്ന ജയകൃഷണനെ തേടിയെത്തുന്ന സാങ്കേതികത്വത്തിന്റെ ചില നൂലാമാലകളാണ്. പിന്നെ അങ്ങോട്ട് വില്ലേജ് ഓഫീസും, രജിസ്ട്രോഫീസും, കോടതിയുമായി നിയമക്കുരുക്കുളിലൂടെയൊക്കെയാണ് ചിത്രത്തിന്റെ യാത്ര. ഇവിടെയും തിരക്കഥ എടുത്തു പറയണം. ഒരു ഫാക്റ്റ്‌വൽ എറർ പോലും ഇല്ലാതെ, ഒരു ഏഞ്ഞുകെട്ടും തോന്നിക്കാതെയാണ് കഥ മുന്നോട്ടുപോവുന്നത്. നല്ല പഠനവും ഗവേഷണവും ഈ വിഷയത്തിൽ വിഷ്ണുമോഹൻ നടത്തിയിട്ടുണ്ട്. സാധാരണ അബദ്ധങ്ങളുടെ ഘോഷയാത്രയാണ് ഇത്തരം മലയാള ചിത്രങ്ങളിൽ കാണാറ്. ( ആധാർ ഇല്ലാത്തതിനാൽ നിങ്ങൾക്ക് ആനുകൂല്യങ്ങൾ കിട്ടില്ല എന്ന് ഡോ ബിജുവിന്റെ വെയിൽ മരങ്ങളിൽ പറയുന്നപോലുള്ള അബദ്ധങ്ങൾ ഓർക്കുകു) വാദിയും പ്രതിയും പരസ്പരം തിരിഞ്ഞുനിന്ന് കോടതിയിൽ പോർ വിളിക്കുന്നപോലുള്ള കോടതി രംഗങ്ങളാണ് ഇന്നും നമ്മുടെ സിനിമയിൽ കാണുക!

തിളങ്ങിയത് സൈജു കുറുപ്പും ഇന്ദ്രൻസും

മലയാള സിനിമയിൽ യുവതാരങ്ങൾപോലും ഇമേജ് ബ്രേക്ക് ചെയ്യുന്ന കാലമാണിത്. മമ്മൂട്ടി കഴിഞ്ഞാൽ മലയാളത്തിന്റെ മോറൽ അംബാസിഡർ ആയിരുന്ന കുഞ്ചാക്കോ ബോബൻ 'ഭീമന്റെ വഴിയിൽ' ലിപ്പ് ലോക്ക് ചെയ്താണ് ന്യൂജെൻ ആയത്! അതുപോലെ 'മസിലളിയൻ' എന്ന ഇമേജിൽനിന്ന് കുതറിച്ചാടി, ഡൗൺ ടു എർത്ത് കഥാപാത്രമായാണ് ഉണ്ണി മുകന്ദൻ ഈ ചിത്രത്തിൽ എത്തുന്നത്. അത് നൂറുശതമാനം വിജയിച്ചിട്ടുമുണ്ട്. ജയകൃഷ്ണന്റെ ഹർഷസംഘർഷങ്ങളെയും ആകുലതകളെയും ഭംഗിയായി അവതിരിപ്പിക്കാൻ ഈ യുവ നടന് കഴിഞ്ഞിട്ടുണ്ട്. നേരത്തെത വിക്രമാദിത്യൻ തൊട്ട് ഭ്രമത്തിൽവരെ ഉണ്ണിമുകുന്ദന്റെ ബോഡിയായിരുന്നു ഹൈലൈറ്റ്. ലേഡീസ് ഫാൻസിന് വേണ്ടിയെന്നോളമുള്ള ചില 'കുളിസീനുകൾ' ഒഴിച്ചു നിർത്തിയാൽ ഈ പടത്തിൽ ഉണ്ണിയിലെ നടനെയാണ് ഉപയോഗിക്കുന്നത്. ചിത്രത്തിൽ ഒറ്റ സംഘട്ടന രംഗംപോലുമില്ല എന്നും എടുത്തുപറയേണ്ടതാണ്.

മലയാള സിനിമ ഇനിയും വേണ്ട രീതിയിൽ ഉപയോഗിച്ചിട്ടില്ലാത്ത നടനാണ് സൈജു കുറുപ്പ് എന്ന് ഈ പടം കണ്ടാൽ മനസ്സിലാവും. ഒരു പ്രത്യേക മോദിലാണ് സൈജുവിന്റെ നർമ്മങ്ങൾ. ജയകൃഷ്ണനെ ദീപാളിയാക്കുമ്പോഴും എവിടെയോ ഒരു ഇഷ്ടം പ്രേക്ഷകന് ഈ കഥാപാത്രത്തോടും തോന്നുകയും ചെയ്യും. ഒന്ന് പാളിപ്പോയാൽ കൈവിട്ടുപോവുമായിരുന്ന കഥാപാത്രത്തെയാണ് സൈജു ജോറാക്കിയത്.

ഇന്ദ്രൻസിന് പതിവായി കിട്ടിക്കൊണ്ടിരിക്കുന്ന നന്മര വേഷത്തിന്റെ വിപരീതമാണ് ഈ പടത്തിലെ കോടീശ്വരനായ ഹാജിയാർ. മറ്റുള്ളവരെ സഹായിക്കയാണെന്ന പ്രതീതിയുണ്ടാക്കി, ചുളുവിൽ ഭൂമി വാങ്ങിക്കൂട്ടുന്ന, കുറുക്കൻ ബുദ്ധിയുള്ള നെഗറ്റീവ് ടച്ചുള്ള ആ വേഷത്തെ ഇന്ദ്രൻസ് മനോഹരമാക്കുന്നുണ്ട്. എന്തിനും കമ്മീഷനടിക്കുന്ന ആധുനിക രാഷ്ട്രീയ സംസ്‌ക്കാരത്തിന്റെ പ്രതിനിധിയായി വരുന്ന അജുവർഗീസിനും നെഗറ്റീവ് ഷേഡുള്ള കഥാപാത്രം തന്നെയാണ്. 80കളിലും 90കളിലും എത്രയോ ചിത്രങ്ങളിൽ വില്ലനായി, മലയാളികളെ വിറപ്പിച്ച നടൻ ജോണി ഈ പടത്തിൽ അസുഖബാധയാൽ നിസ്സഹായനായ ഒരു അച്ചായന്റെ ക്യാരക്ടർ റോൾ ഭംഗിയാക്കുന്നുണ്ട്.

കോട്ടയം രമേഷ്, നിഷാ സാരംഗ്, ആര്യ തുടങ്ങി ചെറുതും വലുതുമായ വേഷങ്ങൾ ചെയ്ത ആരും മോശമാക്കിയിട്ടില്ല. നായികയായെത്തിയ അഞ്ജു കുര്യന്റെ കാര്യത്തിൽ മാത്രമേ വിയോജിപ്പുള്ളൂ. പിന്നെ കാര്യമായി പെർഫോം ചെയ്യാനുള്ള അവസരവും ഈ കുട്ടിക്ക് ചിത്രത്തിൽ ഇല്ല.

മൃദു ഹിന്ദുത്വ പൊളിറ്റിക്സ് ഒളിച്ചു കടത്തുന്നോ?

പക്ഷേ ചിത്രത്തിന്റെ രാഷ്ട്രീയ വശത്തെക്കുറിച്ച് ഇതിനകം തന്നെ അതിശക്തമായ വിയോജിപ്പുകൾ സോഷ്യൽ മീഡിയയിൽ ഉയരുന്നുണ്ട്. ക്രിസ്ത്യാനികളും മുസ്ലീങ്ങളും ചേർന്ന് ഒരു ഹിന്ദുവിനെ ചതിച്ചാൽ അയ്യപ്പസ്വാമി പകരം ചോദിക്കുമെന്നാണോ ഈ ചിത്രം സൂചിപ്പിക്കുന്നത് എന്ന് വിമർശിക്കുന്നവരെ, ചിത്രത്തിന്റെ ക്ലൈമാകസ് പരിശോധിച്ചാൽ കുറ്റം പറയാൻ അവില്ല. സത്യത്തിൽ അതിന്റെയൊന്നും യാതൊരു ആവശ്യവും ഈ ചിത്രത്തിൽ ഉണ്ടായിരുന്നില്ല. കൃത്യമായ ഒരു പ്ലോട്ട് ഉള്ള ചിത്രത്തെ അവസാനം ശബരിമല ശാസ്താവുമായൊക്കെ എന്തിന് കൂട്ടിക്കെട്ടിയെന്നത് വ്യക്തമല്ല. ഉണ്ണി മുകുന്ദൻ ആലപിച്ച ഒരു അയ്യപ്പഭക്തിഗാനം ചിത്രത്തിലുൾപ്പെടുത്തിയിട്ടുണ്ട്. മകരവിളക്ക് ദിവസമായ ജനുവരി 14ന് തന്നെ മേപ്പടിയാൻ ഇറങ്ങിയത് ഒരുപക്ഷേ യാദൃശ്ചികമായിരിക്കാം.

പക്ഷേ മുദുഹിന്ദുത്വം ഒളിച്ചുകടുത്തുന്നുവെന്ന ആരോപണം ഈ ചിത്രത്തെക്കുറിച്ച് വ്യാപകമാണ്. ചലച്ചിത്ര നിരൂപകനും കവിയുമായ ശൈലൻ തന്റെ ഫേസ്‌ബുക്ക് പേജിൽ ഇങ്ങനെ എഴുതുന്നു.''പ്രേക്ഷകന് എളുപ്പത്തിൽ റിലേറ്റ് ചെയ്യാവുന്ന വിഷയമാണ് മേപ്പടിയാന്റെത്. നവാഗതനാണെങ്കിലും പണി അറിയുന്ന സംവിധായകനാണ് വിഷ്ണുമോഹൻ എന്നതും എടുത്തുപറയാം.. സ്‌ക്രിപ്റ്റും മേക്കിംഗും ഒക്കെ 100% എൻഗേജിങ്ങ്. തുടക്കം മുതലേ ഓരോ ഘട്ടത്തിലും ആവശ്യമായ കോൺഫ്ളിക്റ്റ്സ് വിന്യസിച്ചുകൊണ്ട് കൃത്യമായ ടെൻഷൻക്രിയേറ്റ് ചെയ്യുന്നതിലും ആ പിരിമുറുക്കം അവസാനം വരെ നിലനിർത്തുന്നതിലും സിനിമ വിജയിക്കുന്നുണ്ട്.പക്ഷെ, ആ കഴിവ് മുഴുവൻ സംവിധായകന്റെയും നിർമ്മാതാവിന്റെയും വിദ്വേഷ അജണ്ട ഒളിച്ചുകടത്തുവാൻ വിനിയോഗിക്കുന്നതിലൂടെ പരിഹാസ്യമായി മാറുന്ന അനുഭവം ആണ് ടോട്ടാലിറ്റിയിൽ മേപ്പടിയാൻ സമ്മാനിക്കുന്നത്. ഒളിച്ചുകടത്തുക എന്നൊന്നും പറയാൻ പറ്റില്ല പരസ്യമായി തന്നെയാണ് കെളത്തുന്നത്.ഭക്തനും നിഷ്‌കു-നെന്മകോംബോ പ്രൊഡക്റ്റുമായ ഹിന്ദുജുവാവിനെ തഞ്ചം കിട്ടിയാൽ വഞ്ചിക്കാനും ചവുട്ടിതാഴ്‌ത്താനും തക്കം പാർത്തുനിൽക്കുകയാണ് ഇവിടുത്തെ ഇതരസമുദായങ്ങൾ എന്ന കരളലിയിപ്പിക്കുന്ന കദനസത്യമാണ് സിനിമ മുന്നോട്ട് വെക്കുന്നത്..

ഇങ്ങോട്ട് വച്ച പാരയേക്കാൾ വലിയ ചതി തിരിച്ചു കൊടുക്കാൻ, അയ്യപ്പസ്വാമി നായകന് തുണയാകും എന്ന മഹദ്സന്ദേശവും മേപ്പടിയാൻ ഉയർത്തിപ്പിടിക്കുന്നു. നോട്ട് ദ പോയിന്റ്, തിരിച്ച് ചതിക്കാൻ ഭക്തിയോ നന്മയോ നിഷ്‌കളങ്കതയോ അയ്യപ്പസ്വാമിയോ ഒന്നും പ്രതിബന്ധമല്ല, ഹിന്ദു പഴയ ഹിന്ദുവല്ല, ഉണർന്ന ഹിന്ദുവാണ്..പക്ഷെ, പൊന്നനിയാ ഉണ്ണിക്കുട്ടാ, ഇജ്ജാതി വിദ്വേഷവും ചൊറിച്ചിലുകളും ഉള്ളിൽ വച്ച് അതിന്റെ പ്രചരണാർത്ഥം ആണ് സിനിമാ നിർമ്മാണത്തിന് ഇറങ്ങിയത് എങ്കിൽ അനിയനെ അയ്യപ്പസ്വാമി രക്ഷിക്കട്ടെ..''- ഇങ്ങനെയാണ് ശൈലന്റെ പോസ്റ്റിന്റെ പ്രസക്ത ഭാഗങ്ങൾ. ഇത്തരം കമന്റുകളിൽ കുറ്റം പറയാൻ കഴിയില്ല. ചിത്രം കണ്ടാൽ അങ്ങനെ തോന്നും. ക്ലൈമാക്സിൽ ആവശ്യമായ എഡിറ്റിങ്ങ് വരുത്താൻ ചിത്രത്തിന്റെ അണിയറ ശിൽപ്പികൾക്ക് കഴിയട്ടെ. പൊളിറ്റിക്കൽ കറക്ട്നസ്സിന്റെ പേരിൽ ഒരു നല്ല ചിത്രം അത് അർഹിക്കുന്ന വിജയം നേടാതെ പോകരുത്.

വാൽക്കഷ്ണം: 'സേവാഭാരതി ചിത്രം', 'സംഘിക്കുട്ടൻ ചിത്രം' എന്ന പേരിൽ സോഷ്യൽ മീഡിയിൽ ഒരു വിഭാഗം ഇപ്പോൾ തന്നെ മേപ്പടിയാനെതിരെ ഡീ ഗ്രേഡിങ്ങ് തുടങ്ങിയിട്ടുണ്ട്. ഈശോ വിവാദം നാം മറന്നിട്ടില്ല. ഒരു സിനിമയുടെ ടൈറ്റിൽപോലും സാമുദായിക ധ്രുവീകരണത്തിന് ഇടാക്കുന്ന കെട്ട കാലം. ഈ സമയത്ത് ചിത്രത്തിന്റെ അണിയറ ശിൽപ്പികൾ കുറച്ചുകൂടി ജാഗ്രത കാട്ടേണ്ടിയിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP