Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202123Thursday

മാസ്റ്റർ: വിജയ് ഫാൻസിനുവേണ്ടിയുള്ള മാസ്റ്റർ പീസ്; പക്ഷേ കലാപരമായി നോക്കുമ്പോൾ 'പാണ്ടിപ്പടത്തിന്റെ' തനിയാവർത്തനം; വിജയിയേക്കാൾ തിളങ്ങിയത് വില്ലനായ വിജയ് സേതുപതി; 'കൈതി'യിൽ നിന്ന് എത്രയോ താഴേക്ക് പതിച്ച് സംവിധായകൻ ലോകേഷ് കനകരാജ്

മാസ്റ്റർ: വിജയ് ഫാൻസിനുവേണ്ടിയുള്ള മാസ്റ്റർ പീസ്; പക്ഷേ കലാപരമായി നോക്കുമ്പോൾ 'പാണ്ടിപ്പടത്തിന്റെ' തനിയാവർത്തനം; വിജയിയേക്കാൾ തിളങ്ങിയത് വില്ലനായ വിജയ് സേതുപതി; 'കൈതി'യിൽ നിന്ന് എത്രയോ താഴേക്ക് പതിച്ച് സംവിധായകൻ ലോകേഷ് കനകരാജ്

എം മാധവദാസ്

ന്നും ഒരേ ടെപ്പിലുള്ള ചിത്രങ്ങൾ ചെയ്യുക. എന്നിട്ട് അവയെല്ലാം ഒരേ പോലെ വിജയമാക്കുക. ആ അർഥത്തിൽ നോക്കുമ്പോൾ വിജയ് എന്ന തമിഴകത്തിന്റെ ദളപതി ഒരു ലോകമഹാദ്ഭുതമാണ്. ഒന്നുകിൽ കണ്ടുകണ്ട് പ്രേക്ഷകർക്ക് മടുക്കണം. അല്ലെങ്കിൽ നടിച്ച് നടിച്ച് വിജയ്ക്ക് മടുക്കണം. ഇത് രണ്ടും സംഭവിക്കുന്നില്ല എന്നതാണ്, ഈ കോവിഡ് കാലത്ത് ദീർഘകാലം പൂട്ടിക്കടന്ന തീയേറ്റുകളെ പൂരപ്പറാമ്പാക്കിക്കൊണ്ട് ഇറങ്ങിയ വിജയ് ചിത്രം മാസ്റ്റിന്റെ വിജയം പറയുന്നത്. കേരളത്തിലടക്കം പഞ്ചാരിമേളവും പാലഭിഷേകവുമായി മഹാമാരിക്കാലത്തും ചെറുപ്പക്കാർ ഈ പടത്തിനായി തിരക്ക് കൂട്ടുന്നത് നോക്കുക.

ഒരു ശരാശരി വിജയ് പടത്തിൽനിന്ന് നിങ്ങൾ എന്തൊക്കെയാണ് പ്രതീക്ഷിക്കുന്നത്. വിജയിന്റെ ഒരു മാസ് എൻട്രിയുണ്ടാവും, തീപാറുന്ന സ്റ്റണ്ട് രംഗങ്ങൾ പിന്നെ ചില അടിപൊളി നൃത്തരംഗങ്ങൾ, പല്ലുകടിച്ച് പിടിച്ചപോലെയുള്ള പ്രത്യേക മോഡലിന്റെ ഡയലോഗുകളും അൽപ്പം കോമഡിയും. അതുതന്നെയാണ് മാസ്റ്ററിലും സംഭവിക്കുന്നത്. ഒരു ടെയിലർ മെയ്ഡ് ഫാൻ മൂവിയാണ് മാസ്റ്റർ. പക്ഷേ കലാപരമായി നോക്കുമ്പോൾ, മലയാളികൾ 'പാണ്ടിപ്പടം' എന്ന് വിളിച്ച് പരിഹസിച്ചിരുന്ന അതേ നിലവാരത്തിൽ ഉള്ളതും.

പക്ഷേ ഈ ചിത്രത്തിന്റെ പ്രതീക്ഷ മുഴുവൻ സംവിധായകന്റെ പേരിലായിരുന്നു. മാനഗരം, കൈതി എന്നീ രണ്ടു ചിത്രങ്ങളിലൂടെ തന്റെ കയ്യൊപ്പ് പതിപ്പിച്ച സംവിധായകൻ ലോകേഷ് കനകരാജ്, വിജയുമായി കൈകോർക്കുമ്പോൾ പ്രതീക്ഷകൾ വാനോളമായിരുന്നു. വിജയ്ക്ക് തട്ടുപൊളിപ്പൻ ചിത്രങ്ങളിൽ നിന്നൊരു മോചനം ആയാണ് ഈ പടത്തെ വിലയിരുത്തിയിരുന്നത്. വിജയ് സേതുപതി വില്ലനായി എത്തുന്നുവെന്ന് കേട്ടതോടെ പ്രതീക്ഷകൾ ഇരട്ടിച്ചു. ചിത്രത്തിന്റെ ഓരോ അപ്ഡേറ്റുകളും അത്രത്തോളും ആവേശത്തോടെയാണ് ഫാൻസും സിനിമാ പ്രേമികളും വരവേറ്റത്. ഒരു മാസം മുൻപ് റിലീസായ ടീസർ സകല യൂടൂബ് റെക്കോർഡുകളും തകർത്തു.

സംവിധായകൻ ലോകേഷ് കനകരാജ് ഒരു അഭിമുഖത്തിൽ പറഞ്ഞപോലെ ഇത് 80 ശതമാനം വിജയ് ചിത്രവും ബാക്കി 20 ശതമാനം മാത്രം ലോകേഷിന്റെ ചിത്രവുമാണ്. സത്യത്തിൽ ഒന്നാന്തരമൊരു ചിത്രമായി വികസിപ്പിക്കാനുള്ള എല്ലാ പടക്കോപ്പുകളും ഉള്ള ചിത്രമായിരുന്നു മാസ്റ്റർ. വിജയ് സേതുപതി എന്ന വിവേക് ഒബ്റായിയുടെയും നാനാ പടേക്കറുടേയും റേഞ്ചിലേക്ക് പരിഗണിക്കാൻ കഴിയുന്ന ഒരു നടനെ മുൻ നിർത്തി, ദുർഗുണ പരിഹാര പാഠശാലയുടെ അന്തരീക്ഷത്തിൽ കഥ പറഞ്ഞു തുടങ്ങുന്ന ചിത്രം ഏറെ പ്രതീക്ഷയാണ് ഉയർത്തിയത്. ലോകേഷിന്റെ തന്നെ കൈതിയെപ്പോലൊരു ഗംഭീര സിനിമ എന്ന് പ്രതീക്ഷിച്ച് എത്തുമ്പോൾ അതാ, വിജയുടെ നായക കഥാപാത്രമായ ജെ.ഡി എന്ന പ്രൊഫസർ എത്തുന്നു. പിന്നെന്താണ്, എന്റെ തല എന്റെ ഫുൾഫിഗർ, എന്റെ പാട്ട്, എന്റെ ആട്ടം. വിജയ് പതിവുപോലെ പത്തിരുപത്തിയഞ്ചുപേരെ ഒറ്റക്ക് ചവിട്ടിക്കൂട്ടുന്നു. മനുഷ്യരെ പാവകളെപ്പോലെ എടുത്ത് കാറിന്റെ മുകളിലേക്കും ഇലട്രിക്ക് പോസ്റ്റിന് മുകളിലേക്ക് എറിയുന്നു. പക്ഷേ ആശ്വാസം മറ്റ് വിജയ് ചിത്രങ്ങളെ വെച്ച് നോക്കുമ്പോൾ പെരും കത്തിയായിട്ടില്ലെന്ന് മാത്രം.

പക്ഷേ സംവിധായകൻ എന്ന നിലയിൽ ലോകേഷ് കനകരാജിന്റെ നിലവാരം ഇടിയുകയാണ്. സൂപ്പർ താരങ്ങളെ വെച്ച് പടം ചെയ്യുമ്പോഴുള്ള എല്ലാ കോമ്പ്രമൈസുകളും ചിത്രത്തിൽ പ്രകടമാണ്.

വിജയ് ചിത്രമല്ല വിജയ് സേതുപതി ചിത്രം

പക്ഷേ ഈ ചിത്രത്തെ വേറിട്ടതാക്കുന്നത് വിജയും, വിജയ് സേതുപതിയും തമ്മിലുള്ള കോമ്പിനേഷൻ രംഗങ്ങളാണ്. ദുർഗുണ പരിഹാര പാഠശാലയിൽ കുട്ടികളെ പരിശീലിപ്പിക്കാൻ എത്തുന്ന മദ്യപാനിയായ ജോൺ ദുരൈ എന്ന ജെഡിയും, ഇവിടുത്തെ കുട്ടികളെ ഉപയോഗിച്ച് കുറ്റകൃത്യങ്ങൾ ചെയ്ത് വലിയൊരു ഗുണ്ടാ സാമ്രാജ്യം കെട്ടിപ്പടുത്ത ഭവാനി എന്ന ക്രിമിനലും തമ്മിലുള്ള ഏറ്റുമുട്ടലുമാണ് മാസ്റ്ററിന്റെ ഉള്ളടക്കം. പതിവ് തമിഴ് സിനിമകളെപ്പോലെ തിന്മക്ക് മേൽ ഒടുവിൽ നന്മ ജയിക്കുന്നു. പക്ഷേ ഇവിടെ ചിത്രം വേറിട്ട് നിലക്കുന്നത് വിജയ് സേതുപതിയുടെ പ്രകടനം കൊണ്ടുതന്നെയാണ്.ചെറുപ്പത്തിലെ ദുർഗുണ പരിഹാര പാഠശാലയിലെത്തുന്ന ഭവാനിയുടെ ദയ ലവലേശമില്ലാത്ത വില്ലനിലേക്കുള്ള വളർച്ചയും ഞെട്ടലോടെ പ്രേക്ഷകനിലേക്ക് എത്തുന്നു. ശരിക്കും ആദ്യ പതിനഞ്ചു മിനിട്ട് ഒരു ക്ലാസ് ചിത്രത്തിന്റെ പ്രതീക്ഷ തരുന്നു. പക്ഷേ സൂപ്പർ സ്്റ്റാർ വിജയുടെ ഇൻട്രിയോടെ അതൊരു പക്കാ വിജയ് പടമായും മാറുന്നു.

വിജയ് സേതുപതി കൊണ്ടുവന്ന ബോഡി ലാംഗ്വേജിലെ മാനറിസങ്ങൾ ഞെട്ടിക്കുന്നതാണ്. ദുർഗണ പരിഹാര പാഠശാലയിലെ ഓരോ പീഡനങ്ങൾക്കും സ്വയം പ്രതികാരമെന്നോണം മുഷ്ടിചുരുട്ടി ചെറുപ്പത്തിലേ ഭിത്തിയിൽ ഇടിച്ച് ശീലിച്ച ഭവാനിയുടെ ഒരു പഞ്ച് കിട്ടിയാൽ ഒരു മനുഷ്യൻ ചത്ത് വീഴുമെന്ന് ഫീൽ കിട്ടിക്കാൻ സംവിധായകനായി. പക്ഷേ ഇളയ ദളപതിയുടെ കാര്യത്തിൽ അതുണ്ടാകുന്നില്ല. അതുകൊണ്ടുതന്നെവിജയ് ചിത്രമെന്ന ലേബലിൽ എത്തിയ പടം വിജയ് സേതുപതി എന്ന വില്ലന്റെ ഷോ ആകുന്ന കാഴ്ചയാണ് പലപ്പോഴും പ്രകടമാവുന്നത്.

ക്ലൈമാക്സിലെ സംഘട്ടനത്തിൽ നായകൻ ജയിക്കുമ്പോഴും സ്‌കോർ ചെയ്യുന്നത് വില്ലന്റെ പ്രകടനമാണ്. സിനിമ കഴിഞ്ഞിറങ്ങിയാലും മനസ്സിലുണ്ടാകുക വില്ലൻ ഭവാനിയുടെ മാനറിസങ്ങളും സീനുകളും തന്നെയാവും. വിക്രം വേദയും, നമ്മുടെ ഫഹദ്ഫാസിൽ അഭിനയിച്ച 'സൂപ്പർ ഡീലക്സ്' എന്ന തമിഴ് ചിത്രത്തിലെ ട്രാൻസ് ജെൻഡർ വേഷവും ഒക്കെ ഒന്ന് താരതമ്യം ചെയ്തുനോക്കിയാൽ അറിയാം ഈ നടന്റെ അസാധാരണ റേഞ്ച്.

ഫാൻസിനായി മരണമാസ്സായി വിജയ്

വിജയ് സേതുപതിയുടെ കഥാപാത്രമാണ് മുന്നിൽനിൽക്കുന്നത് എന്ന് പറയുമ്പോൾ തന്നെ അതിനർഥം വിജയുടെ കഥാപാത്രം പൂർണ്ണമായും മോശമായി എന്നല്ല. പതിവുപോലെ ഫാൻസിന് കൈയടിക്കാനായി ഉണ്ടാക്കിയ ഒരു മരണമാസ് കഥാപാത്രം തന്നെയാണത്. രണ്ട് ഗെറ്റപ്പുകളിലെത്തുന്ന വിജയ് പതിവുപോലെ തന്റെ സ്‌ക്രീൻ പ്രസൻസ് കൊണ്ട് മുന്നിട്ടുനിൽക്കുന്നു. മദ്യപാനിയായി വിജയുടെ മാനറിസങ്ങളും കലക്കനാണ്. ഗില്ലി സിനിമയെ ഓർമിപ്പിച്ച വിജയുടെ കബടി സീനുകൾ വൻ ആവേശത്തോടെയാണ് പ്രേക്ഷകർ സ്വീകരിച്ചത്. പക്ഷേ ഇത് പഴയ വിജയ് കഥാപാത്രങ്ങളുടെ തനിയാവർത്തനം ആയിപ്പോയി എന്ന വിഷമമേ ഉള്ളൂ.

നല്ല കഥാപാത്രങ്ങൾ കിട്ടിയാൽ അത് അഭിനയച്ച് ഫലിപ്പിക്കാനുള്ള ഫയർ ഈ നടനുണ്ടെന്ന് വ്യക്തം. ഈ ചിത്രത്തിൽ തന്നെ നമ്മുടെ നിവിൻ പോളിയുടെ 'പ്രേമം' സിനിമയുടെ കഥയൊക്കെ എടുത്ത് തന്റെ സിനിമയാണെന്ന രീതിയിൽ വിജയിന്റെ കഥാപാത്രം പറയുമ്പോഴുള്ള കുസൃതിയും സൗണ്ട് മോഡുലേഷനുമൊക്കെ നോക്കുക. പലപ്പോഴും മോഹൻലാലിനെ ഓർമ്മവരുന്നു. അതായത് നല്ല കഥാപാത്രങ്ങളെ വിജയിപ്പിക്കാനുള്ള ആമ്പിയർ ഉള്ള നടൻ തന്നെയാണ് വിജയ്. പക്ഷേ എന്നിട്ടും അദ്ദേഹം എന്തിന് ടൈപ്പാവുന്നു എന്ന് മാത്രം മനസ്സിലാവുന്നില്ല.

കൈതിക്ക് ശേഷം അർജുൻദാസ് ഞെട്ടിച്ച പ്രകടനം പുറത്തെടുക്കുന്നു. ശബ്ദം കൊണ്ട് വേറിട്ടുനിന്ന വില്ലനായി അർജുൻ കസറി.മാളവിക മോഹൻ, ആൻഡ്രിയ, ഗൗരി കിഷൻ, ശാന്തനു ഭാഗ്യരാജ്, നാസർ എന്നിങ്ങനെ വലിയൊരു താരനിര ചിത്രത്തിലുണ്ടെങ്കിലും വലിയ രീതിയിലൊന്നും ചെയ്യാനില്ലാതെ ഇവരെല്ലാം വന്നുപോകുന്നു. അതുപോലെതന്നെ മേക്കപ്പിട്ട് സുന്ദരികളായി വന്ന്പോകുന്ന ഒന്ന് രണ്ട് സ്ത്രീ കഥാപാത്രങ്ങൾ ഒഴിച്ചാൽ ഈ പടത്തിൽ നടിമാർക്ക് ഒരു പ്രാധാന്യവുമില്ല. അല്ലെങ്കിലും വിജയ് ഇങ്ങനെയങ്ങ് വിളയാടുമ്പോൾ പിന്നെ നടികൾപോലും എന്തിനാണ്.അനിരുദ്ധ് ഒരുക്കിയ പശ്ചാത്തല സംഗീതം ചിത്രത്തിന് വലിയ പിന്തുണ നൽകുന്നുണ്ട്. ത്രില്ലടിപ്പിക്കുന്നതിനും കയ്യടിപ്പിക്കുന്നതിനും അനിരുദ്ധിന് സാധിച്ചു. സത്യൻ സൂര്യന്റെ ക്യാമറയും ഗംഭീരമായി.

അടുത്തകാലത്തായി വിജയ് രാഷ്ട്രീത്തിൽ പ്രവേശിക്കുമെന്ന് അഭ്യൂഹമുണ്ട്. കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാറിന്റെ ഹിറ്റ്ലിസ്റ്റിലുള്ള നടനാണ് അദ്ദേഹം. ഇൻകം ടാക്സ് റെയ്ഡുകളുമൊക്കെയായി കേന്ദ്ര സർക്കാർ ഈ നടനെ പരാമവധി ഉപദ്രവിക്കാൻ ശ്രമിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തിൽ ഇറങ്ങിയ ചിത്രത്തിൽ രാഷ്ട്രീയ ഗിമ്മിക്കുകൾ ലക്ഷ്യമിട്ടുള്ള ഡയലോഗുകൾ തിരുകിക്കയറ്റാനുള്ള എല്ലാ സാധ്യതയും ഉണ്ടായിരുന്നു. എന്നാൽ അങ്ങനെ ഒന്ന് ചെയ്യാത്തതിന് പ്രേക്ഷകൻ സംവിധായകനോട് നന്ദി പറയണം. രാഷ്ട്രീയ വൈരാഗ്യം തീർക്കാൻ ഏച്ചുകെട്ടിയ ഒരു ഡയലോഗും ഈ പടത്തിൽ ഇല്ല.

കൈതി അവസാനിപ്പിച്ച പോലെ രണ്ടാം ഭാഗത്തിനും സ്‌കോപ്പിട്ടുകൊണ്ടാണ് മാസ്റ്ററും ലോകേഷ് കനകരാജ് അവസാനിപ്പിക്കുന്നത്.

ലോജിക്ക് പണയം വെച്ച് തീയേറ്ററിൽ കയറുക

ഈ പടത്തിന്റെ ഏറ്റവും വലിയ പോരായ്മ അതിന്റെ ലോജിക്കാണ്. പഴയപോലെ, സ്‌ക്രീനിൽ അടിപിടികൂടുന്ന രജനീകാന്തിന് കത്തിയെറിഞ്ഞ് കൊടുക്കുന്ന പ്രേക്ഷകർ അല്ല തമിഴകത്തും ഉള്ളത്. മലയാളത്തിന് മുന്നേ ന്യു ജനറേഷൻ തരംഗം വന്ന ചലച്ചിത്ര മേഖലയാണ് തമിഴ്‌നാട്ടിലേത്. അമീർസുൽത്താനും, സമുദ്രക്കനിയും, ശശികുമാറും, മിഷ്‌ക്കിനും, ഗൗതംമേനോനും, ബാലയുമൊക്കെ കൊണ്ടുവന്ന ആ നവതരംഗത്തിന്റെ തുടർച്ചയായിരുന്നു, പ്രതിഭാധനനായ ലോകേഷ് കനകരാജിൽനിന്നും, ചലച്ചിത്രത്തെ ഗൗരവമായി കാണുന്നവർ പ്രതീക്ഷിച്ചിരുന്നത്. ആ നിലക്ക് നോക്കുമ്പോൾ ഈ ചിത്രം നവതരംഗ വിരുദ്ധ ചിത്രം തന്നെതാണ്.

മുപ്പത്തിയഞ്ചുപേരെ ഒറ്റയിടിക്ക് തീർക്കുന്ന രജനീകാന്തിന്റെ നായകവേഷങ്ങളിൽ നിന്ന് മാറി, യുക്തിഭദ്രവും ജീവിതഗന്ധിയുമായി ചിത്രമൊരുക്കിയാണ് തമിഴിലും നവതരംഗം വന്നത്. എന്നാൽ 'മാസ്റ്ററിൽ' സംവിധായകൻ യുക്തിക്ക് യാതൊരു പ്രാധാന്യവും കൊടുത്തിട്ടില്ല. വെള്ളമടിച്ച ലക്കുകെട്ടിരിക്കുന്ന അവസ്ഥയിൽപോലും ഓടുന്ന ട്രയിനിലും ബസിലുമൊക്കെയായി പത്തിരുപ്പത്തഞ്ച്പേരെ ഒറ്റക്കടിച്ചിടാൻ അയാൾക്ക് കഴിയും! പക്ഷേ വിജയ് സേതുപതിയുടെ കഥാപാത്രത്തെപ്പോലെ അങ്ങെനെ ചെയ്യാനുള്ള കഴിവും പരിശീലനവും അയാൾക്ക് എവിടെ നിന്ന് കിട്ടുന്നുവെന്ന് യുക്തിഭദ്രമായി വിശദീകരിക്കാൻ സംവിധായകന് ആവുന്നില്ല.

നിയമ വ്യവസ്ഥയോടുള്ള അപാരമായ പുച്ഛമായിരിക്കും ഇത്തരം സിനിമകളുടെ ഒരു പൊതു രീതി. പൊലീസും കോടതിയും ഒന്നുമില്ലാതെ വില്ലന്മാർ തങ്ങളുടെ നീതി മാത്രം നടപ്പാക്കുന്ന വെള്ളരിക്കാപ്പട്ടണമായി ഈ നാടിനെ ചിത്രീകരിക്കുന്ന ഈ ചിത്രവും. പക്ഷേ സാധാരണ വിജയ് ചിത്രത്തിൽ കാണുന്നപോലുള്ള പെരും കത്തി സീനുകൾ ഇവിടെ കുറച്ചിട്ടുമുണ്ട്. ക്ലൈമാക്സിനോട് അടുപ്പിച്ചുള്ള ലോറി ചെയ്സുകളിൽ നടി ആൻഡ്രിയ ജർമ്മിയുടെ കഥാപാത്രം ആധുനിക അർച്ചറി ക്ലബുകളിൽ ഉപയോഗിക്കുന്ന അമ്പും വില്ലും എടുത്ത്, കാറിലേറി ലോറി ഓടിക്കുന്നവരുടെ നെഞ്ചത്തേക്കും ടയറിനൊമൊക്കെ അമ്പെയ്തുകൊള്ളിക്കുന്നത് കാണുമ്പോൾ ബാഹുബലി തോറ്റുപോകും! നടിക്ക് പരിക്കേൽക്കുമ്പോൾ പതിവുപോലെ നായകൻ അമ്പും വില്ലുമായി വിളയാടുന്നതും കാണാം. ഇത്തരം എം ജി ആർ കാലത്തെ കത്തികൾ ഇന്നും ഉപയോഗിക്കുന്നവരെ കുറിച്ച് എന്തുപറയാൻ.

വാൽക്കഷ്ണം: എന്തൊക്കെയായാലും ചലച്ചിത്ര മേഖലയെ സ്നേഹിക്കുന്ന എല്ലാവരും വിജയ്ക്ക് നന്ദി പറയേണ്ട സാഹചര്യവുമാണിത്. കോവിഡിൽ അടഞ്ഞു കിടന്ന കേരളത്തിലെപ്പോലും തീയേറ്റുകളെ ഉണർത്താൻ ഈ തമിഴ്നടൻ വേണ്ടി വന്നു. സ്വന്തം പടം ലാഭം നോക്കി ആമസോൺ പ്രൈമിന് കൊടുത്ത മോഹൻലാലിനേക്കാളുമൊക്കെ, കേരളത്തിലെ ഫിലിം ഇൻഡസ്ട്രി കടപ്പെട്ടിരുക്കുന്നത്, ജോസഫ് വിജയ് എന്ന ഇളയദളപതിയോട് തന്നെയാണ്. മാസ്റ്ററിന് ഇരച്ചുകയറിയ യുവാക്കളുടെ നീണ്ട നിര, പരിഹസിക്കുന്നത് മമ്മൂട്ടിയും ലാലും അടങ്ങുന്ന നമ്മുടെ സൂപ്പർ താരങ്ങളെ കൂടിയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP