Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മനസ്സുനിറച്ച് മാമാങ്കം; മമ്മൂട്ടിയുടെ ബ്രഹ്മാണ്ഡ ചലച്ചിത്രം ഒരു ഫീൽ ഗുഡ് മൂവി; മാസിനും ക്ലാസിനുമിടയിൽ തുല്യഅകലം പാലിച്ച് നിൽക്കുന്ന ഈ ചിത്രം സാധാരണ പ്രേക്ഷകരെ നിരാശരാക്കില്ല; പോരായ്മയാവുന്നത് ചിലയിടത്തെ ചത്ത സംഭാഷണങ്ങളും തിരക്കഥയിലെ ട്രാക്ക് മാറലും; തകർപ്പൻ പ്രകടനവുമായി മമ്മൂട്ടിയും ഉണ്ണി മുകുന്ദനും; മരണമാസ് ബാലതാരം മാസ്റ്റർ അച്യുതൻ; മമ്മൂട്ടിയുടെ വൺമാൻഷോ പ്രതീക്ഷിച്ചുപോകുന്ന ഫാൻസുകാർക്ക് ഒരുപക്ഷേ ഈ പടം നിരാശ സമ്മാനിക്കും

മനസ്സുനിറച്ച് മാമാങ്കം; മമ്മൂട്ടിയുടെ ബ്രഹ്മാണ്ഡ ചലച്ചിത്രം ഒരു ഫീൽ ഗുഡ് മൂവി; മാസിനും ക്ലാസിനുമിടയിൽ തുല്യഅകലം പാലിച്ച് നിൽക്കുന്ന ഈ ചിത്രം സാധാരണ പ്രേക്ഷകരെ നിരാശരാക്കില്ല; പോരായ്മയാവുന്നത് ചിലയിടത്തെ ചത്ത സംഭാഷണങ്ങളും തിരക്കഥയിലെ ട്രാക്ക് മാറലും; തകർപ്പൻ പ്രകടനവുമായി മമ്മൂട്ടിയും ഉണ്ണി മുകുന്ദനും; മരണമാസ് ബാലതാരം മാസ്റ്റർ അച്യുതൻ; മമ്മൂട്ടിയുടെ വൺമാൻഷോ പ്രതീക്ഷിച്ചുപോകുന്ന ഫാൻസുകാർക്ക് ഒരുപക്ഷേ ഈ പടം നിരാശ സമ്മാനിക്കും

എം മാധവദാസ്

'നിലപാടുനിന്ന തിരുമേനിമാർ തലകൊയ്തെറിഞ്ഞ പടനായകന്റെ' കഥ പറഞ്ഞ്, വീണ്ടും 'മാമാങ്കം' മലയാളത്തിന്റെ അഭ്രപാളികളിൽ എത്തിയപ്പോൾ അത് പതിരായില്ല. ഒരു ഫീൽ ഗുഡ് മൂവി! ചാവേറുകളുടെ കഥ പറഞ്ഞ മമ്മൂട്ടിയുടെ ബ്രഹ്മാണ്ഡ ചലച്ചിത്രം മാമാങ്കത്തെ ഒറ്റവാക്കിൽ അങ്ങനെ വിശേഷിപ്പിക്കാം. മാസിനും ക്ലാസിനുമിടയിൽ തുല്യ അകലം പാലിച്ച് നിൽക്കുന്ന ഈ ചിത്രം, പക്ഷേ ഒരു സാധാരണ പ്രേക്ഷകന് നിരാശ സമ്മാനിക്കില്ല. ചാവേറുകളുടെ രണവീര്യവും, എതിരാളികളുടെ പകയും, മാമാങ്കം എന്ന വാണിജ്യമഹോൽസവത്തിന്റ സംത്രാസവുമൊക്കെ, കൃത്യമായി വരച്ചുവെക്കാൻ കഴിഞ്ഞുവെന്നതിൽ അണിയറ ശിൽപ്പികൾക്ക് അഭിമാനിക്കാം.

തുടക്കം മുതൽ ഒടുക്കംവരെ അൽപ്പം പോലും ബോറടിയില്ലാതെ ചിത്രത്തെ കൊണ്ടുപോവാൻ സംവിധായകൻ  എം പത്മകുമാറിന് കഴിഞ്ഞിട്ടുണ്ട്. അടുത്തകാലത്തൊന്നും തീയേറ്ററുകളെ ഇതുപോലെ ഉണർത്തിയ ചിത്രം വേറെയുണ്ടാവില്ല. ( മാസ് സിനിമകൾ ഇല്ലെങ്കിൽ മലയാള സിനിമയില്ല, സിനിമയില്ലെങ്കിൽ നിരൂപകരും! ചുവരില്ലാതെ ചിത്രം വരക്കാൻ ആവില്ലല്ലോ) പരിമിതികളും പോരായ്മകളും ധാരാളം ഉണ്ടെങ്കിലും ടിക്കറ്റ് എടുത്തുകയറുന്ന ഒരു സാധാരണ പ്രേക്ഷകന്, മൊബൈലിൽ കുത്തിക്കളിച്ച് സമയം കളയയേണ്ട അവസ്ഥ ഈ പടത്തിൽ ഉണ്ടാവില്ല. അവസാന ഷോട്ടു കഴിഞ്ഞ് തീയേറ്റിൽ ഉയരുന്ന വൻ കൈയടികൾ, ചിത്രത്തെ പ്രേക്ഷകർ സ്വീകരിച്ചു എന്നതിന്റെ സൂചന തന്നെയാണ്. യുദ്ധവീരനായ ചന്ത്രോത്ത് വലിയ പണിക്കരായും, കാതിൽ കമ്മലിട്ട് പൊട്ടുകുത്തി സൈരന്ധ്രി വേഷത്തിൽ നടക്കുന്ന ട്രാൻസ് ആയും, പകയടങ്ങിയ കാരണവരായുമൊക്കെ മൂന്നു വ്യത്യസ്ത ഭാവങ്ങളിൽ കസറുകയാണ് മമ്മൂട്ടി ഈ ചിത്രത്തിൽ. ഓരോ വർഷവും പ്രായം കുറഞ്ഞുവരുന്ന ലോകത്തിലെ എട്ടാമത്തെ അത്ഭുദം. സത്യത്തിൽ അതാണ് മലയാളത്തിന്റെ ഈ പ്രിയ നടൻ.

പക്ഷേ ഈ പടത്തിന്റെ സാമ്പത്തിക വിജയത്തിന്റെ നിരക്ക്, പ്രേക്ഷകരുടെ പ്രതീക്ഷക്ക് അനുസരിച്ച് ഇരിക്കും. ബാഹുബലി പോലെയുള്ള ഒരു മരണമാസ് ചിത്രമാണ് നിങ്ങൾ പ്രതീക്ഷിക്കുന്നതെങ്കിൽ പണി പാളും. പഴശ്ശിരാജ, വടക്കൻ വീരഗാഥ എന്നീ ക്ലാസ്മൂവികളെ താരതമ്യം ചെയ്താലും നിങ്ങൾക്ക് നിരാശയായിരിക്കും ഫലം. രാജമൗലിയും ഹരിഹരനുമല്ല,   പത്മകുമാർ എന്നും എം ടിയല്ല സജീവ് പിള്ളയെന്നും  ഓർക്കണം. ഇതാണ് മമ്മൂട്ടി ഫാൻസിന് പറ്റിയതെന്ന് തോന്നുന്നു. തലങ്ങും വിലങ്ങും വാളുവീശിയും പറന്നുവെട്ടിയും അടിച്ചുപറപ്പിച്ചും എതിരാളികളെ കൊന്നൊടുക്കുകയും, ഓരോ സീനിലും പഞ്ച്ഡയലോഗ് പറയുകയും ചെയ്യുന്ന അതിമാനുഷികനായ നായകനല്ല ഈ പടത്തിൽ ഉള്ളത്. ഇത് ഒരു നാടിന്റെ കഥയാണ്.

മാമാങ്ക ഭൂമിയിൽ സാമൂതിരിയുടെ വെല്ലവിളിക്ക് മറുപടിയായി, ആകാശത്തേക്ക് ഉയർന്നുചാടി ഭടനെ അമ്പെയ്തു കൊന്നു വീഴ്‌ത്തി, തുടങ്ങുന്ന മാസ് എൻട്രിക്കുശേഷം ഒരു മണിക്കുർ കഴിഞ്ഞാണ് മമ്മൂട്ടി പടത്തിലെത്തുന്നത്. ഈ ഒരു മണിക്കൂറിൽ, ചിത്രത്തെ മുന്നോട്ട് കൊണ്ടുപോകുന്നത് ഉണ്ണിമുകുന്ദന്റെ വൈകാരിക പ്രകടനമാണ്. ബാലതാരം മാസറ്റർ അച്യുതനും ഇവിടെ കസറിയിട്ടുണ്ട്. അതായത് മമ്മൂട്ടിയുടെ വൺമാൻഷോ പ്രതീക്ഷിച്ചുപോകുന്ന ഫാൻസുകാർക്ക് കടുത്ത നിരാശയായിരിക്കും ഫലമെന്ന് ചരുക്കം.

പക്ഷേ ഈ സിനിമയെക്കുറിച്ച് ഈ ലേഖകനുള്ള ഏറ്റവും വലിയ പരാതി, 'ഗ്ലാഡിയേറ്റർ' മോഡലിലേക്കൊക്കെ ഉയർത്താവുന്ന പ്രമേയത്തെ വേണ്ട രീതിയിൽ വിനിയോഗിച്ചില്ല എന്നതാണ്. പണ്ടെന്നോ കേട്ട കുടിപ്പകയുടെ പശ്ചാത്തലത്തിൽ ഈയാംപാറ്റകളെപ്പോലെ, കൊല്ലാനും ചാവാനും വിധിക്കപ്പെട്ട ഒരു ജനത. ആ പ്രമേയത്തെ അത് അർഹിക്കുന്ന രീതിയിൽ വികസിപ്പിക്കാൻ തിരക്കഥാകൃത്തും, സിനിമയുടെ ആദ്യ ഷെഡ്യൂളിലെ സംവിധായകനുമായ സജീവ് പിള്ളക്ക് കഴിഞ്ഞിട്ടില്ല. ഇത്തരം ചരിത്ര സിനിമകൾക്ക് വേണ്ട ഗരിമയുള്ള സംഭാഷണങ്ങൾ ചിത്രത്തിലില്ല. ശരിക്കും നല്ലൊരു എഴുത്തുകാരനെവെച്ച് സംഭാഷണങ്ങൾ മാറ്റിയെഴുതുകയും, പാത്രസൃഷ്ടിയിൽ കുറേക്കൂടി ശ്രദ്ധിക്കുകയും ചെയ്തിരുന്നെങ്കിൽ ഈ പടം മലയാളം എക്കാലവും ഓർക്കുന്ന ക്ലാസ് മൂവിയായേനെ.മാത്രമല്ല ഇടക്ക് ഷൂട്ടിങ്ങ് മുടങ്ങിയതും, സംവിധായകൻ മാറി വന്നതിന്റെയുമൊക്കെ തട്ടുകേട് ചിത്രത്തിന് പറ്റിയിട്ടുണ്ട്. 'ചിലയിടത്ത് പുക, ചിലയിടത്തു ചാരം' എന്നു പറയുന്നപോലെ ചില സീനുകൾ വെറും ചവറും കച്ചറയുമാണ്. എന്നാൽ തൊട്ടടുത്തുതന്നെ മെച്ചപ്പെട്ട രംഗങ്ങളും വരും.

പരിമിതികളും പോരായ്മകളും ഒട്ടേറെ

എന്താണ് മാമാങ്കം എന്ന് സംവിധായകനും നടനുമായ രഞ്ജിത്തിന്റെ വോയ്സ് ഓവറിൽ തുടങ്ങുന്ന ചിത്രം, തുടക്കത്തിലെ മാമാങ്ക രംഗങ്ങളിലൂടെ പ്രേക്ഷകരെ കൈയിലെടുക്കുന്നു. ആകാശത്തേക്ക് ഉയർന്നുചാടി അമ്പെയ്തുകൊണ്ടുള്ള മമ്മൂട്ടിയുടെ, ചന്ത്രോത്ത് വലിയ പണിക്കർ എന്ന കഥാപാത്രത്തിന്റെ വരവും തുടർന്ന് നടക്കുന്ന പൊരിഞ്ഞ യുദ്ധവും പ്രേക്ഷകനെ ശരിക്കും ത്രില്ലടിപ്പിക്കുന്നുണ്ട്. കൊല്ലുക അല്ലെങ്കിൽ ചാവുക എന്നാതാണ് ചാവേറിന്റെ ദൗത്യം. പക്ഷേ ഇവിടെ ചന്ത്രോത്ത് വലിയ പണിക്കർ സാമൂതിരിയെ കൊല്ലാതെ, മാമാങ്ക രണഭൂമിയിൽ നിന്ന് രക്ഷപ്പെടുകയാണ്. അതോടെ ഒരു വള്ളുവനാട്ടുകാർക്ക് അയാൾ ഒറ്റുകാരനായി. ചാവേറുകളുടെ വീരകഥകൾ കേട്ട് വളർന്ന പുതിയ തലമുറക്ക് അയാൾ കുല വഞ്ചകൻ തന്നെയാണ്. കഴിഞ്ഞ രണ്ടു മാമാങ്കക്കാലമായി ചന്ത്രോത്ത് വലിയ പണിക്കരെ കുറിച്ച് യാതൊരു വിവരവുമില്ല. അയാൾ ആകാശത്തേക്ക് ചാടിച്ചാടി, അപ്രത്യക്ഷനായെന്നാണ് പാണന്മ്മാരുടെ പാട്ട്. പിന്നീട് അയാളെ ആരും കണ്ടിട്ടില്ല. ശരിക്കും ഒരു മിത്തിക്കൽ കഥാപാത്രം. (പണി കൃത്യമായി അറിയാവുന്ന, തിരക്കഥാകൃത്തുക്കൾ ഉണ്ടായിരുന്നെങ്കിൽ ഈ കഥാപാത്രം എവിടെ എത്തുമായിരുന്നെന്ന് ഊഹിച്ചുനോക്കൂ.)

വർഷങ്ങൾക്ക് ശേഷം ചന്ദ്രോത്ത് കുടുംബത്തിലെ ഇളമുറക്കാരായ രണ്ട് പേർ, ( ഉണ്ണി മുകുന്ദനും മാസ്റ്റർ അച്ച്യുതനും) വീണ്ടും മാമാങ്ക തറയിലേക്ക് ചാവേറുകളായി പോവുകയാണ്. ഉള്ളിൽ കരഞ്ഞുകൊണ്ടുതന്നെ കുല മഹിമ  കാക്കാനായി ജയിക്കാൻ അനുഗ്രഹിച്ച് വള്ളുവനാട്ടിലെ അമ്മമാർ അവരെ യാത്ര അയക്കുന്നു. ചാവേർ ആകാൻ തയ്യാർ എടുത്ത ഉണ്ണി മുകുന്ദന്റെ മാനസിക സംഘർഷങ്ങൾ ആണ് ആദ്യ പകുതിയിൽ കാണിക്കുന്നത്. അതിൽ ഉണ്ണി വിജയിച്ചിട്ടുണ്ട്. ഈ യുവ നടന് വലിയ ബ്രേക്കാവും ഈ ചിത്രം. ചാവേറുകൾ കോഴിക്കോടിന്റെ അതിർത്തി കടന്ന് വരാതിരിക്കാൻ സാമൂതിരി പതിവ് പോലെ വലിയ സുരക്ഷാ സന്നാഹം തന്നെ ഒരുക്കുകയും ചെയ്തിട്ടുണ്ട്. അവരെ മാമാങ്കത്തറയിൽ എത്താതെ വെട്ടിക്കൊല്ലാനാണ് സാമൂതിരിയുടെ തീരുമാനം. ഇതിനായി വലിയതോതിൽ ചാരന്മാരെയും നിയോഗിച്ചിട്ടുണ്ട്. അതോടെ രാജ്യത്ത് ശരിക്കും അരാജകത്വം ആവുന്നു. ചാവേറെന്ന് ആരോപിച്ചാൽ ആർക്കും ആരെയും കൊല്ലാവുന്ന അവസ്ഥ. സാമൂതിരിയുടെ കിങ്കരന്മാർ നാലുപാടും നടന്ന്, വള്ളുവനാട്ടുകാരുടെ കൊന്നു തള്ളുന്നു. ഇതാണ് മാമാങ്കത്തിന്റെ കഥാ പരിസരം.

ഈ കിടിലൻ സബ്ജകറ്റിൽനിന്ന് കഥ പെട്ടെന്ന് വഴി തിരിയുന്നതാണ് ഒന്നാം പകുതിയുടെ ഒരു പോരായ്മയായി തോന്നുന്നത്. സാമൂതിരിയുടെ വിശ്വസ്തനും വലിയ യുദ്ധവീരനുമായ ഒരു വിദേശവ്യാപാരി ഉണ്ണിമായ എന്ന ആട്ടക്കാരിയുടെ കൂത്തുമാളികയിൽ കൊല്ലപ്പെടുന്നു. ചാവേറുകളുടെ യാത്രക്ക് ഒപ്പം സമാന്തരമായി ആ മരണത്തിന്റെ അന്വേഷണവും നടക്കുന്നു. ഒരുവേള സി വി രാമൻപിള്ളയുടെ ചരിത്രാഖ്യായികൾക്ക് സമാനമായി കഥ വികസിപ്പിക്കാമെങ്കിലും ചത്ത കഥാപരിസരങ്ങൾ പലപ്പോളും വില്ലനാകുന്നു. ചില കഥാപാത്രങ്ങളുടെ സംഭാഷണമാണ് ഏറ്റവും ദയനീയം. ചില നടികളും എന്തിന്, എത് റോളും
മികച്ചതാക്കുന്ന നടൻ സിദ്ദീഖും ഇവിടെ വിചിത്രമായ അച്ചടി ഭാഷയാണ് സംസാരിക്കുന്നത്. ഒരു രാജാപ്പാർട്ട് വേഷത്തിലായിപ്പോയി സിദ്ദീഖിന്റെ വേഷം. കഥയിലെ ഈ തെന്നൽ ഇല്ലാതിരുന്നെങ്കിൽ പടം ഒന്നുകൂടി നന്നായേനെ.

ഇനി സംവിധായകൻ എന്ന നിലയിൽ ഔട്ട് സ്റ്റാൻഡിങ്ങ് എന്നു പറയാവുന്ന ഇടപെടലൊന്നും എം എം പത്മകുമാറിന്റെതായി കാണുന്നില്ല. ഇത്രയും ഹൈപ്പ് കിട്ടിയ സിനിമയിൽനിന്ന് പ്രേക്ഷകർ പ്രതീക്ഷിച്ച അത്രക്ക് പേകാവുന്ന യുദ്ധരംഗങ്ങൾ ഉണ്ടായിട്ടില്ല. പക്ഷേ ചിത്രത്തിന് വൈകാരിക അംശം കൊടുക്കുന്നതിൽ പത്മകുമാർ വിജയിച്ചിട്ടുണ്ട്. അതുപോലെ എം ജയചന്ദ്രന്റെ ആദ്യ പകുതിയിലെ രണ്ടു ഗാനങ്ങൾ മാത്രമേ ശരാശരിക്ക് മുകളിൽ നിൽക്കുന്നുള്ളൂ. ആ മൂക്കുത്തിപ്പാട്ടിന്റെ സമയമൊക്കെ പ്രേക്ഷകർക്ക് ചായ കുടിക്കാനോ, ബാത്ത് റൂമിൽ പോവനോ വിനിയോഗിക്കാം. ഗാന ചിത്രീകരണവും ശരാശരി മാത്രമാണ്. മാമാങ്കത്തിലെ ഗ്രാഫിക്സിനെ പലരും തള്ളി മറുക്കുന്നത് കാണുന്നുണ്ടെങ്കിലും അത്രക്ക് ഉണ്ടോ എന്ന് പ്രേക്ഷകർ വിലയിരുത്തട്ടെ. സെറ്റിനെ സെറ്റാണെന്ന് പ്രേക്ഷകന് തിരിച്ചറിയാൻ കഴിഞ്ഞാൽ പിന്നെ എന്ത് ആർട്ട് ഡയറക്ഷൻ.

മമ്മൂട്ടിയെന്ന മഹാത്ഭുതം

കൂത്തുമാളികയുമായി ബന്ധപ്പെട സമാന്തര അന്വേഷണം ബോറടിച്ചു വരുമ്പോഴാണ് , ഒരു മണിക്കുറിനുശേഷം മമ്മൂട്ടി വീണ്ടും ട്രാൻസ് വേഷത്തിൽ എത്തുന്നത്. കാതൽ കമ്മലും, വലിയ സിന്ദൂരപ്പൊട്ടുമൊക്കെയായി കുണിങ്ങിയുള്ള നടത്തവും, പിന്നെയുള്ള കിടിലൻ ഡാൻസും. മമ്മൂട്ടി ഇത്ര നന്നായി നന്നായി ഡാൻസ് ചെയ്യുന്നതും ആദ്യമായാണ് കാണുന്നത്. നരേന്ദ്ര മോദിയുടെ പ്രായമുള്ള നടനാണ് ഈ രീതിയിൽ പൊരിക്കുന്നത് എന്നോർക്കണം. പ്രായത്തിന്റെ പരിമിതികൾ ഒന്നും തന്നെ മമ്മൂട്ടിയുടെ ഫൈറ്റ് സീനുകളിലും കാണാനില്ല. പലപ്പോഴും അദ്ദേഹം കൂടുതൽ ചെറുപ്പമായതുപോലെയാണ് തോനുന്നത്. എപ്പോഴൊക്കെ മമ്മൂട്ടിയെ കാണുന്നുവോ അപ്പോഴൊക്കെ തീയേറ്ററിൽ ആരവങ്ങളും ഉയരുകയാണ്.

ആദ്യ പകുതിയുടെ നായകൻ ശരിക്കും ഉണ്ണി മുകുന്ദൻ തന്നെതാണ്. യുദ്ധരംഗങ്ങളിലും ഈ നടന്റെ പെർഫോമൻസ് വേറിട്ട് നിൽക്കുന്നു. ചന്തുണ്ണി എന്ന കഥാപാത്രം ആയി എത്തുന്ന മാസ്റ്റർ അച്യുതനാണ് പക്ഷേ ഈ ചിത്രത്തിലെ മാൻ ഓഫ് ദി മാച്ച്. ക്ലൈമാകസിലെ ഈ ചെറുക്കന്റെ പ്രകടനം കണ്ടുതന്നെ അനുഭവിക്കുക. അതീവ സെക്സി വേഷത്തിലുള്ള കുറേ ആട്ടക്കാരികളെയും, വള്ളുവനാട്ടിലെ 'കുലസ്ത്രീകളെയും' അല്ലാതെ പ്രധാന കഥാപാത്രം എന്ന നിലയിൽ ഒരു സ്ത്രീ ഈ സിനിമയിൽ ഇല്ല. അതിൽ തെറ്റൊന്നുമില്ല. കഥയുടെ പ്രമേയം അത് ആവശ്യപ്പെടുന്നില്ല. എഡിറ്റർക്കും ക്യാമറാനും പി്ടിപ്പതു പണിയുള്ള ഈ ചിത്രത്തിൽ തങ്ങളുടെ ജോലി അവർ കൃത്യമായി നിർവഹിച്ചിട്ടുണ്ട്.

ചാവേറുകളുടെ കൃത്യമായ രാഷ്ട്രീയം

ഇങ്ങനെയാക്കെ ആണെങ്കിലും സംവിധായകനും എഴുത്തുകാരും അഭിനന്ദിക്കപ്പെടേണ്ട, ഒരിടമാണ് ചിത്രത്തിന്റെ രാഷ്ട്രീയ ഉള്ളടക്കം. ഭൂതകാലകുളിരിൽ അഭിരമിക്കുകയും, അനാചാരങ്ങളെ കേമമായി ആഘോഷിക്കാനും പ്രേരിപ്പിക്കുന്ന ഒരു റിവൈവലിസ്റ്റ് മൂവിയല്ല ഇത്. വടക്കൻ വീരഗാഥയിലെ അരിങ്ങോടർ ആശങ്കപ്പെടുന്നപോലെ എന്തിനാണ് ഈ കൊല്ലലും ചാവലുമെന്നാണ് മമ്മൂട്ടിയൂടെ ചന്ത്രോത്ത് വലിയ കാരണരും ചോദിക്കുന്നത്. വള്ളവനാടിനോട് യുദ്ധം ചെയ്ത സാമൂതിരി എന്നോ മരിച്ചു. എന്നിട്ടും പകവെച്ച് എന്തിനാണ് ചാവേറുകളെ അയക്കുന്നത്. സാമൂതിരിയെന്നാൽ ഒരു വ്യക്തിയല്ല പദവിയാണ് എന്നും ഒരാൾപോയാൽ മറ്റൊരാൾ വരുമെന്ന് മമ്മൂട്ടിയുടെ കഥാപാത്രം പറയുന്നു. കുടിപ്പകയുടെ ഹാങ്ങോവർ പൊലിപ്പിക്കുകല്ല, ചാവേറുകൾ ഉണ്ടാവാത്ത ഒരു അവസ്ഥവേണമെന്നാണ് ചിത്രം പറഞ്ഞുവെക്കുന്നത്. ഈ അർഥത്തിൽ തീർത്തും പുരോഗമനമൂല്യങ്ങൾ ഉൾക്കൊള്ളാൻ നമ്മുടെ കലാകാരന്മാർക്ക് ഈയിടെയായി കഴിഞ്ഞിരുന്നില്ല. ഈ ഒരു കാര്യത്തിന് മാത്രം സജീവ് പിള്ളക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ.

മാത്രമല്ല ഇത്തരം സിനിമകളിൽ പതിവായി കാണുന്നപോലെ, ചരിത്രത്തെ വല്ലാതെ വളച്ചൊടിക്കാനും സജീവ് പിള്ള ശ്രമിച്ചിട്ടില്ല. സാമൂതിരി വില്ലൻ, വള്ളുവനാട്ടുകാർ വീരന്മാർ എന്ന ദ്വന്ദ്വത്തിൽ ഊന്നാതെ, അന്നത്തെ രാഷ്ട്രീയ അവസ്ഥയെ ഒരു പരിധിവരെ വരച്ചുകാട്ടാൻ ചിത്രം ശ്രമിച്ചിട്ടുണ്ട്. പക്ഷേ അവസാനം ഒരുകാര്യത്തിലേ സംശയമുള്ളു. ഈ പടത്തിന് 55കോടിയൊക്കെ മുടക്കുമുതൽ ഉണ്ട് എന്ന പ്രചാരണം എന്തിന്റെ അടിസ്ഥാനത്തിലാണ്. അതിനുള്ള പകിട്ടൊന്നും ചിത്രത്തിൽ കാണാനില്ല. ഇത്തരം മൂൻവിധികളില്ലായെ പോയാൽ നിങ്ങൾക്ക് കണ്ടിരിക്കാവുന്ന ചിത്രമാണ് മാമാങ്കം. പരിമിതികളും പരാതികളും ഒട്ടേറെ ഉണ്ടെങ്കിലും.

വാൽക്കഷ്ണം: ഈ പടംകൊണ്ട് ഏറ്റവും വലിയ ഗുണം ഉണ്ടാവുക സത്യത്തിൽ ടൂറിസം വകുപ്പിനാണ്. മാമാങ്കം സൂക്ഷിപ്പുകൾ ശേഷിച്ചിരിക്കന്ന നിളാതീരവും പരിസരവുമെല്ലാം ഇനി വൻ തോതിലുള്ള ടൂറിസ്റ്റുകളുടെ തള്ളിക്കയറ്റത്തിനും ഇടയാക്കും. ചിത്രം അവസാനിപ്പിക്കുന്ന രഞ്ജിത്തിന്റെ കിടിലൻ വോയ്സ് ഓവറിൽ, തിരുനാവായയിലെ മാമാങ്കശേഷിപ്പുകൾ കാണിച്ചു കൊണ്ടാണ്. ആ രീതിയിൽ ചരിത്രത്തിലും ഗവേഷണത്തിലും കമ്പമുള്ളവർക്ക് ഒഴിവാക്കാൻ പറ്റാത്ത പടം കൂടിയാണിത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP