Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പറയാൻ ബാക്കി വച്ച നിഗൂഢതകളുമായി താക്കോൽ എത്തി; പ്രമേയത്തേക്കാൾ കഥാപാത്രങ്ങൾ മുന്നിട്ട് നിൽക്കുന്ന സിനിമയിൽ ത്രില്ലർ എലമെന്റുകൾ ഏറെ; മുരളി ഗോപി ഇന്ദ്രജിത്ത് കൂട്ടികെട്ട് മികച്ച് നിന്നപ്പോൾ താഴ് തുറന്നെത്തിയ രഹസ്യം അതിശയിപ്പിച്ചു; ക്രിസ്ത്യൻ പുരോഹിതന്മാരിലൂടെ മനുഷ്യമനസുകളുടെ നിഗൂഢത തുറന്ന് കാണിക്കുകയാണ് ഈ താക്കോൽ

പറയാൻ ബാക്കി വച്ച നിഗൂഢതകളുമായി താക്കോൽ എത്തി; പ്രമേയത്തേക്കാൾ കഥാപാത്രങ്ങൾ മുന്നിട്ട് നിൽക്കുന്ന സിനിമയിൽ ത്രില്ലർ എലമെന്റുകൾ ഏറെ; മുരളി ഗോപി ഇന്ദ്രജിത്ത് കൂട്ടികെട്ട് മികച്ച് നിന്നപ്പോൾ താഴ് തുറന്നെത്തിയ രഹസ്യം അതിശയിപ്പിച്ചു; ക്രിസ്ത്യൻ പുരോഹിതന്മാരിലൂടെ മനുഷ്യമനസുകളുടെ നിഗൂഢത തുറന്ന് കാണിക്കുകയാണ് ഈ താക്കോൽ

പി.എസ് സുവർണ

രു താക്കോലിന്റെ രഹസ്യം തേടിയുള്ള യാത്രയെ പള്ളിയുടെയും വിശ്വാസത്തിന്റെയും പശ്ചാത്തലത്തിൽ ഒരുക്കി പ്രേക്ഷകർക്ക് മുന്നിൽ എത്തിച്ചിരിക്കുകയാണ് താക്കോൽ എന്ന സിനിമയിലൂടെ. ഇന്ദ്രജിത്തും മുരളി ഗേപിയും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച സിനിമ നിർമ്മിച്ചിരിക്കുന്നത് പാരഗൺ സിനിമയുടെ ബാനറിൽ സംവിധായകനായ ഷാജി കൈലാസാണ്. നവാഗതനായ കിരൺ പ്രഭാകരന്റേതാണ് തിരക്കഥയും സംവിധാനവും . സിനിമയുടെ ട്രെയിലറുകളിൽ കാണിച്ചതുപോലെ തന്നെ ക്രിസ്ത്യൻ പുരോഹിതന്മാരിലൂടെയാണ് ചിത്രത്തിന്റെ കഥ പുരോഗമിക്കുന്നത്.

ക്ലാസിക് സിനിമകളുടെ രീതിയിൽ എടുത്തിരിക്കുന്ന സിനിമയിൽ ഇന്ദ്രജിത്തിനും മുരളി ഗോപിക്കും പുറമേ രൺജി പണിക്കർ, നെടുമുടി വേണു, ഇനിയ, ഡോ.റോണി, സുദേവ് നായർ ,സുധീർ കരമന, പി ബാലചന്ദ്രൻ, മീര വാസുദേവ് എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. ഇതിനെല്ലാം പുറമേ താക്കോലിലൂടെ ഒരു താരപുത്രന്റെ കൂടി സിനിമാ പ്രവേശം നടന്നിരിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ഷാജി കൈലാസ്-ആനി ദമ്പതികളുടെ മകൻ റൂഷനാണ് ലിറ്റിൽ ആംബ്രോസിനെ അവതരിപ്പിച്ചിരിക്കുന്നത്.

കേരളത്തിലെ ഒരു മലയോര ഗ്രാമത്തിലെ പള്ളിയും, അവിടത്തെ പള്ളീലച്ചനും കൊച്ചച്ചനുമാണ് സിനിമയുടെ കഥയെ തുടക്കത്തിൽ മുന്നോട്ട് കൊണ്ടുപോവുന്നത്. ഇരുവരും തമ്മിലുള്ള ബന്ധം കാണിച്ച് തുടങ്ങുന്ന സിനിമ പ്രഥമ ദൃഷ്ടിയിൽ പള്ളീലച്ചനായ മാങ്കുന്നത്ത് പൈലി ഒരു മുരടനാണെന്ന തോന്നൽ ഉണ്ടാക്കുന്നു.

കൊച്ചച്ചനായ ആംബ്രോസിനെ ഒരിക്കലും സ്വതന്ത്രനാകാൻ അനുവദിക്കാതെ കൂടെ കൊണ്ട് നടക്കുന്ന മാങ്കുന്നത്ത് പൈലി നെഗറ്റീവ് കഥാപാത്രമായി തോന്നിയേക്കാമെങ്കിലും സിനിമയുടെ പാതിയാവുമ്പോഴെക്കും അതിൽ മാറ്റം വരുന്നു. കാരണം പ്രഥമ ദൃഷ്ട്യാ ക്രൂരന്മാരാണെന്ന് തോന്നുന്നവർ അങ്ങനെ ആവണമെന്ന് ഇല്ല. സിനിമയുടെ തുടക്കത്തിൽ കാണിക്കുന്ന നന്മയെക്കരുതിയുള്ള ക്രൂരകൃത്യങ്ങൾ എന്ന വാചകങ്ങളോട് ചേർന്ന് നിൽക്കുന്നതാണ് മാങ്കുന്നത്ത് പൈലിയുടെ കഥാപാത്രം. സ്‌നേഹമുണ്ട് എന്നാൽ അത് പുറത്ത് കാണിക്കാതെ എപ്പോഴും ശകാരിക്കുന്ന, എന്നാൽ അതിനൊപ്പം തന്നെ കളങ്കമില്ലാത്ത സ്‌നേഹം ഉള്ളിൽ സൂക്ഷിക്കുന്ന മാങ്കുന്നത്ത് പൈലിയെ മുരളി ഗോപി നന്നായി തന്നെ കൈകാര്യം ചെയ്തിട്ടുണ്ട്.

ചിത്രത്തിൽ ആംബ്രോസായി എത്തിയ ഇന്ദ്രജിത്ത് ഒന്നും തുറന്ന് പറയാൻ ധൈര്യമില്ലാത്ത ഒരു ഉൾവലിഞ്ഞ പ്രകൃതക്കാരനെയാണ് അവതരിപ്പിച്ചത്. അതിനാൽ തന്നെ ചിത്രത്തിൽ ഉടനീളം ഭയവും, ആശങ്കകളും നിറഞ്ഞ ആംബ്രോസായിട്ടാണ് ഇന്ദ്രജിത്ത് എത്തിയത്. പതിഞ്ഞ താളത്തിൽ സഞ്ചരിക്കുന്ന സിനിമയിലെ സങ്കീർണമായ ഘട്ടങ്ങളെ തന്മയത്വത്തോടെ ഇന്ദ്രജിത്ത് കൈകാര്യം ചെയ്തിട്ടുണ്ട്. ഇന്ദ്രജിത്തിന്റെയും മുരളി ഗോപിയുടെയും സിനിമയിലെ അഭിനയം എടുത്ത് പറയേണ്ട ഒന്നാണ്. ഇന്ദ്രജിത്ത് ചിത്രത്തിൽ പ്രധാനവേഷത്തിൽ എത്തുമ്പോൾ നായികയായി എത്തുന്നത് ഇനിയയാണ്. സിനിമയിൽ ഉടനീളം നിറഞ്ഞ് നിൽക്കുന്ന കഥാപാത്രമല്ല ഇനിയയുടേത് എങ്കിലും ലഭിച്ച കഥാപാത്രത്തെ നല്ല രീതിയിൽ തന്നെ അവതരിപ്പിച്ചിട്ടുണ്ട്.

രൺജിപണിക്കരെ സംബന്ധിച്ച് അദ്ദേഹം ഇതുവരെയും ചെയ്തതിൽ നിന്ന് വ്യത്യസ്തമായ കഥാപാത്രമാണ് ചിത്രത്തിലെ ക്ലമന്റ് എന്ന കഥാപാത്രം. നടപ്പിലും സംസാരത്തിലുമെല്ലാം വ്യത്യസ്തത സമ്മാനിച്ചാണ് രൺജിപ്പണിക്കരുടെ ക്ലമന്റ് എന്ന കഥാപാത്രം പ്രേക്ഷകർക്ക് മുന്നിൽ എത്തിയത്. നെടുമുടി വേണു, റോണി, സുദേവ് നായർ എന്നിവരും തങ്ങളുടെ കഥാപാത്രത്തെ നല്ല രീതിയിൽ കൈകാര്യം ചെയ്തു. അഭിനേതാക്കളെ സംബന്ധിച്ചിടത്തോളം ഏറെ അഭിനയ സാധ്യതയുള്ള സിനിമയാണ് താക്കോൽ. എന്നാൽ നേരത്തെ പറഞ്ഞത് പോലെ സിനിമയിൽ ഒളിപ്പിച്ച് വെച്ചിരിക്കുന്ന രഹസ്യത്തിന് അത്ര വലിയ പുതുമയൊന്നും തോന്നുന്നില്ല. എന്നാൽ സിനിമ പറഞ്ഞ് പോകുന്ന വഴി ഏറെക്കുറെ രഹസ്യ സ്വഭാവം നിലനിർത്തുന്നുണ്ട്.

ജീവിതത്തിൽ നഷ്ടമായ സ്വാതന്ത്രം ലഭിച്ച ആംബ്രോസിനെ കാത്തിരുന്ന താഴറിയാത്ത താക്കോലിന് പിന്നാലെയുള്ള ആംബ്രോസിന്റെ യാത്ര പറയുന്ന സിനിമ ക്രിസ്ത്യൻ പുരോഹിതന്മാരിലൂടെ മനുഷ്യമനസുകളുടെ നിഗൂഢത തുറന്ന് കാണിക്കുന്നുണ്ട്. മാങ്കുന്നത് പൈലിയും ആംബ്രോസും തമ്മിലുള്ള ബന്ധം പറഞ്ഞു പോവുന്ന സിനിമയിൽ ആംബ്രോസെന്ന കഥാപാത്രത്തിന്റെ കൈയിൽ ഒരു താക്കോൽ കിട്ടുന്നതോടെയാണ് കഥയിലെ ത്രില്ലർ ആരംഭിക്കുന്നത്. താക്കോലിന്റെ രഹസ്യം കണ്ടെത്താനുള്ള യാത്രയിൽ പല ചോദ്യങ്ങളും പ്രേക്ഷകർക്കുള്ളിൽ ഉയർന്നേക്കാം. വലിയൊരു രഹസ്യത്തിലേക്കുള്ള താഴ് തുറക്കുന്നതാണ് സിനിമ എന്ന് പ്രേക്ഷകനിൽ തോന്നിപ്പിക്കുന്ന സിനിമയിൽ എന്നാൽ പ്രതീക്ഷിച്ചപോലെ ഒരു രഹസ്യവും ഇല്ലെന്നതാണ് സത്യം. ഇത് പ്രേക്ഷകനിൽ നിരാശ ഉണ്ടാക്കുന്നു.

എങ്കിലും ചിത്രത്തിന്റെ കഥ സഞ്ചരിക്കുന്ന വഴിയിൽ ഏറെക്കുറെ നിഗൂഡതകളും ഒളിഞ്ഞിരിക്കുന്നുണ്ട്. പ്രേക്ഷകനിൽ നിരവധി സംശയം ജനിപ്പിക്കുന്ന തരത്തിലുള്ള എലമെന്റുകളും ഉണ്ട്. പല രീതിയിലും ചിത്രത്തിന്റെ കഥ പ്രേക്ഷകർ ഊഹിച്ചെടുക്കാനും സാധ്യതയുണ്ട്. മാത്രമല്ല ചിത്രത്തിന്റെ രണ്ടാം പകുതി തുടങ്ങുമ്പോഴെക്കും ചിത്രം ഒരു സസ്‌പെൻസ് ത്രില്ലർ ആണോ എന്ന തോന്നൽ ഉണ്ടാക്കുന്നുമുണ്ട്. ഇനി ചിത്രത്തെക്കുറിച്ച് മൊത്തത്തിൽ ഒന്ന് പറയുകയാണെങ്കിൽ രണ്ടര മണിക്കൂറുള്ള സിനിമാക്കഥാപാത്രങ്ങളുടെ ആത്മസങ്കർഷങ്ങളിലൂടെയാണ് സഞ്ചരിക്കുന്നത്. ഒരു എന്റെർടെയിനർ ചിത്രമല്ല താക്കോൽ. മറിച്ച് ഏറെ സങ്കീർണതകൾ ഉള്ള വിഷയമാണ് ചിത്രം കൈകാര്യം ചെയ്യുന്നത്. അതുകൊണ്ട് തന്നെ സിനിമയുടെ ദൈർഘ്യം പലപ്പോഴും വില്ലനാവുന്നുണ്ട്.

കഥാപാത്രങ്ങൾക്ക് എന്നപോലെ ഗാനങ്ങൾക്കും ഏറെ പ്രാധാന്യം നൽകിയിട്ടുള്ള സിനിമയാണ് താക്കോൽ. എം. ജയചന്ദ്രനാണ് ചിത്രത്തിലെ ഗാനങ്ങൾക്ക് ഈണം നൽകിയിരിക്കുന്നത്. ചിത്രത്തിന് ചേരുന്ന തരത്തിലുള്ള മനോഹരമായ പശ്ചാത്തല സംഗീതമാണ് ജയചന്ദ്രൻ നൽകിയിരിക്കുന്നത്. റഫീഖ് അഹമ്മദും പ്രഭാ വർമ്മയും സതീഷ് ഇടമണ്ണേലുമാണ് ചിത്രത്തിലെ ഗാനങ്ങൾക്ക് വരികൾ എഴുതിയിരിക്കുന്നത്.

റസൂൽ പൂക്കുട്ടിയുടെതാണ് ചിത്രത്തിന്റെ ശബ്ദമിശ്രണം. കഥാ സന്ദർഭത്തിന് അനുസരിച്ച് കൊടുത്തിരിക്കുന്ന പശ്ചാത്തല സംഗീതം എടുത്ത് പറയേണ്ട മറ്റൊരു ഘടകമാണ്. മറ്റ് സാങ്കേതിക വശങ്ങളെകുറിച്ച് പറയുകയാണെങ്കിൽ ഗോവയും കോട്ടയവും പ്രധാന ലൊക്കേഷനാകുന്ന ചിത്രത്തിന്റെ ക്യാമറ വളരെ ഭംഗിയായി കൈകാര്യം ചെയ്തിരിക്കുന്നത് ആൽബി ആണ്. ഒരുപക്ഷേ ദൃശ്യ ഭംഗിയേക്കാൾ കഥാപാത്രങ്ങളുടെ മാനസീക സങ്കർഷങ്ങളിലേക്കാണ് ക്യാമറ ചെന്നെത്തുന്നത് എന്ന് എടുത്ത് പറയേണ്ടിവരും. സിയാൻ ശ്രീകാന്താണ് എഡിറ്റിങ് നിർവഹിച്ചിരിക്കുന്നത്.

കഥാപാത്രങ്ങൾ കൊണ്ടും ഗാനങ്ങൾ കൊണ്ടും മികച്ച് നിൽക്കുന്ന സിനിമ എന്നാൽ പ്രമേയത്തിന്റെ കാര്യത്തിൽ പിന്നിൽ നിൽക്കുന്നു.പറയാൻ ബാക്കി വച്ച നിഗൂഢതകളുമായി എത്തിയ താക്കോലിൽ ഒളിഞ്ഞിരുന്ന രഹസ്യം പ്രേക്ഷകനിൽ ഒരു അനക്കവും സൃഷ്ടിച്ചില്ല. രഹസ്യം എന്നത് മാറ്റി നിർത്തിയാൽ സിനിമ മികച്ച നിലവാരം പുലർത്തുന്നുണ്ട്.

മനുഷ്യമനസിലെ സംഘർഷങ്ങൾ തുറന്ന് കാണിക്കുന്ന ചിത്രം ഒരു എന്റെർടെയിനർ അല്ലെങ്കിൽ പോലും കണ്ടിരിക്കാവുന്ന ഒരു ത്രില്ലർ സിനിമ തന്നെയാണ്. എന്നാൽ ഷാജി കൈലാസിന്റെ മുൻ ചിത്രങ്ങളിൽ നിന്ന് വളരെ വ്യത്യസ്തമായ സിനിമയാണ് താക്കോൽ എന്ന് പറയാതെ വയ്യ. നിർമ്മാതാവിന്റെ സ്ഥാനത്ത് ഷാജി കൈലാസ് ആയതിനാൽ, ഇതുവരെയുള്ള അദ്ദേഹത്തിന്റെ ചിത്രങ്ങൾ കണ്ട് താക്കോലും ഷാജി കൈലാസ് രീതിയിലുള്ള സിനിമയായിരിക്കുമെന്ന് കരുതി തീയേറ്ററിൽ എത്തുന്നവർക്ക് ചിത്രം നിരാശ നൽകിയേക്കാം. അല്ലാത്ത പക്ഷം കണ്ടിരിക്കാവുന്ന സിനിമ തന്നെയാണ് താക്കോൽ..

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP