Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പിരിയിളകിപ്പോയ പതിനെട്ടാം പടി! മമ്മൂട്ടി സഹവേഷത്തിലെത്തിയിട്ടും ശങ്കർ രാമകൃഷ്ണൻ ചിത്രം സമ്മാനിക്കുന്നത് തികഞ്ഞ നിരാശ; കാര്യകാരണ ബന്ധം, യുക്തിഭദ്രത, ആശയവ്യക്തത എന്നിവയൊന്നുമില്ലാത്ത ഒരു ഉട്ടോപ്പിയൻ ചിത്രം; മാസ് ലുക്കിലെത്തുന്ന മമ്മൂട്ടിക്കും ചിത്രത്തെ രക്ഷിക്കാനാവുന്നില്ല; ആശ്വാസമാവുന്നത് ഒരു പറ്റം യുവ നടന്മാർ; പൃഥ്വിരാജ്, ആര്യ, സുരാജ് വെഞ്ഞാറമൂട്, ഉണ്ണി മുകുന്ദൻ, പ്രിയാമണി തുടങ്ങിവർ അതിഥിതാരങ്ങളായി എത്തിയ ബിഗ്‌ബാനർ ചിത്രം ദയനീയ അവസ്ഥയിൽ

പിരിയിളകിപ്പോയ പതിനെട്ടാം പടി! മമ്മൂട്ടി സഹവേഷത്തിലെത്തിയിട്ടും ശങ്കർ രാമകൃഷ്ണൻ ചിത്രം സമ്മാനിക്കുന്നത് തികഞ്ഞ നിരാശ; കാര്യകാരണ ബന്ധം, യുക്തിഭദ്രത, ആശയവ്യക്തത എന്നിവയൊന്നുമില്ലാത്ത ഒരു ഉട്ടോപ്പിയൻ ചിത്രം; മാസ് ലുക്കിലെത്തുന്ന മമ്മൂട്ടിക്കും ചിത്രത്തെ രക്ഷിക്കാനാവുന്നില്ല; ആശ്വാസമാവുന്നത് ഒരു പറ്റം യുവ നടന്മാർ; പൃഥ്വിരാജ്, ആര്യ, സുരാജ് വെഞ്ഞാറമൂട്, ഉണ്ണി മുകുന്ദൻ, പ്രിയാമണി തുടങ്ങിവർ അതിഥിതാരങ്ങളായി എത്തിയ ബിഗ്‌ബാനർ ചിത്രം ദയനീയ അവസ്ഥയിൽ

എം മാധവദാസ്

കിളി! സോഷ്യൽ മീഡിയയുടെ ഭാഷയിൽ ഒറ്റവാക്കിൽ പറഞ്ഞാൽ അതാണ് ഈ 'പതിനെട്ടാം പടി'. നടൻ, തിരക്കഥാകൃത്ത് തുടങ്ങിയ നിലയിലൊക്കെ അറിയപ്പെടുന്ന ശങ്കർ രാമകൃഷ്ണന്റെ കന്നി സംരംഭമായ 'പതിനെട്ടാം പടി' എന്ന മമ്മൂട്ടി സഹനടനായി വരുന്ന ചിത്രത്തെ ഇങ്ങനെ വിശേഷിപ്പിക്കേണ്ടി വരുന്നതിൽ വിഷമമുണ്ട്. കാരണം ഈ പടത്തിൽ എന്തൊക്കെയൊക്കെയോ ഉണ്ടാവുമെന്ന് എല്ലാവരും ആത്മാർഥമായി പ്രതീക്ഷിച്ചിരുന്നു. എന്നാൽ മൊത്തത്തിൽ കിളിപോയ ചിത്രമെടുത്ത് പ്രേക്ഷകരുടെ പ്രാക്ക് വാങ്ങാനായിപ്പോയി ശങ്കർ രാമകൃഷ്ണന്റെ യോഗം. കാര്യകാരണ ബന്ധം, യുക്തിഭദ്രത, ആശയവ്യക്തത എന്നൊന്നുമില്ലാതെ പിരിയിളകിപ്പോയ ഒരു പതിനെട്ടാം പടിയായിപ്പോയി ഇത്. അൽപ്പം പ്രശനമുണ്ടെന്ന് തോന്നിക്കുള്ള കിളിപോയ കഥാപാത്രങ്ങളാണ് ഇതിൽ മമ്മൂട്ടി ഉൾപ്പെടെയുള്ളവർ. പക്ഷേ ക്ഷടം എന്നു പറയട്ടെ ഈ കിളിപോവൽ ചിത്രത്തെ മൊത്തം ബാധിച്ചൂ.

ശങ്കർ രാമകൃഷ്ണനെ മലയാളി പ്രേക്ഷകർക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. സ്പിരിറ്റിലെ അലക്സിയും ബാവൂട്ടിയുടെ നാമത്തിലെ സേതുവും, ശങ്കർ രാമകൃഷ്ണനിലെ നടനെ അടയാളപ്പെടുത്തിയപ്പോൾ ഐലൻഡ് എക്സ്പ്രസ് (കേരള കഫെ), ഉറുമി, നത്തോലി ഒരു ചെറിയ മീനല്ല തുടങ്ങിയ ചിത്രങ്ങളിലൂടെ ശങ്കർ രാമകൃഷ്ണൻ എന്ന തിരക്കഥാകൃത്തും ശ്രദ്ധിക്കപ്പെട്ടു. എന്നാൽ ഐലൻഡ് എക്സ്പ്രസ്, നത്തോലി ഒരു ചെറിയ മീനല്ല എന്നീ ചിത്രങ്ങൾ നോക്കിയാൽ അറിയാം മൊത്തത്തിൽ ഒരു കിളിപോയ അവസ്ഥ ഈ രണ്ടു ചിത്രങ്ങൾക്കുമുണ്ട്. അതിന്റെ ഒരു എകസ്റ്റൻഷാണ് സത്യത്തിൽ 'പതിനെട്ടാം പടി'. എന്റെ പൊന്നു ശങ്കർ രാമകൃഷ്ണാ, നിങ്ങൾ ഒന്നുകിൽ ഫിലിം ഫെസ്റ്റിവൽ ഓഡിയൻസിനെ മാത്രം ലക്ഷ്യമിട്ടുള്ള, അൽപ്പം ബൗദ്ധിക വ്യായാമം ആവശ്യമുള്ള ചിത്രങ്ങൾ മാത്രം എടുക്കുക. അല്ലെങ്കിൽ പക്കാ കൊമേർഷ്യലായി എടുക്കുക. അല്ലായെ കലയും കച്ചവടവും തമ്മിൽ സമ്മേളിപ്പിക്കുക എന്നത് വലിയ പാടുള്ള പണിയാണ്. എംടി, ഭരതൻ, പത്മരാജൻ, ലോഹിതദാസ് ടീമിനെയൊക്കെപോലെ വലിയ പ്രതിഭയുള്ളവർക്ക് പറ്റിയ പണിയാണിത്. ഇവിടെ ശങ്കർ രാമകൃഷ്ണനും ആഗ്രഹിച്ചത് അതുതന്നെയാണ്. പക്ഷേ എന്തൊക്കെയോ പറഞ്ഞ് എവിടെയും എത്താത്തരീതിയിലായിപ്പോയി ഈ പടം.

കഥയുടെയും തിരക്കഥയുടെയും ബലക്കുറവും പാത്രസൃഷ്ടിയിലെ അപാകതകളും തന്നെയാണ് പൃഥ്വിരാജ്, ആര്യ, സുരാജ് വെഞ്ഞാറമൂട്, ഉണ്ണി മുകുന്ദൻ, പ്രിയാമണി തുടങ്ങിയ നടന്മാർ അതിഥി താരങ്ങളായി എന്തുന്ന ചിത്രത്തെ ഈ രീതിയിലാക്കിയത്. ( ഇത്രയും ഗസ്റ്റ് താരങ്ങളുള്ള ചിത്രം അടുത്തകാലത്തൊന്നും കണ്ടിട്ടില്ല) എന്താണ് ഈ ചിത്രത്തിലൂടെ സംവിധായകൻ വിനിമയം ചെയ്യാൻ ശ്രമിക്കുന്നതെന്ന് പ്രേക്ഷകർക്ക് കൃത്യമായി മനസ്സിലാവുന്നില്ല. ആദ്യപകുതിയിൽ പലയിടത്തും അസാരം ബോറടി കടന്നുവരുന്നുണ്ട്. പക്ഷേ താരമമ്യേന മെച്ചമാണ് രണ്ടാം പകുതി. മമ്മൂട്ടിയുടെ പ്രസരിപ്പാർന്ന സാന്നിധ്യം ചിത്രത്തിന് ഗുണം ചെയ്യുന്നുണ്ട്. നീട്ടിയ മുടി പിറകിൽ കെട്ടി കൗബോയ് സ്റ്റൈലിൽ ജീൻസും കോട്ടുമൊക്കെയിട്ട് , ക്ലൈമാക്സിൽ ആതിരപ്പള്ളി വെള്ളച്ചാടത്തിനടത്തുള്ള ഒരു പാർട്ടിയിലേക്ക് സ്ലോമോഷനിൽ എത്തി ആരാധകർക്കായി മമ്മൂട്ടി ഒരു ഫൈറ്റും നടത്തുന്നുണ്ട്. പക്ഷേ എന്തുകാര്യം. ആർട്ടും കൊമേർഷ്യലും കൂടിക്കുഴഞ്ഞ് പാതിവെന്ത മട്ടിലായിപ്പോയി ചിത്രത്തിന്റെ ഘടന.

എവിടെയും ഉട്ടോപ്പിയൻ കഥാപാത്രങ്ങൾ

നിലവിലുള്ള വിദ്യാഭ്യാസ രീതിയെ ഉടച്ചുവാർക്കുന്ന രീതിയിൽ പൃഥ്വിരാജിന്റെ കഥാപാത്രം തുടങ്ങിയ ഒരു സ്‌കൂളിന്റെ കഥപറഞ്ഞുകൊണ്ടാണ് ചിത്രം തുടങ്ങുന്നത്. മഞ്ഞും മലയും സമ്മേളിക്കുന്ന പ്രശാന്ത സുന്ദരമായ അന്തരീക്ഷത്തിൽ ഏക്കറുകൾ വ്യാപിച്ചു കിടക്കുന്ന ശാന്തമായ പ്രദേശത്താണ് ഈ സ്‌കൂൾ. കോൺക്രീറ്റ് കെട്ടിടങ്ങളിൽനിന്ന് കുട്ടികളെ മോചിപ്പിക്കാനായി, ബീച്ച് റിസോർട്ടുകൾപോലെ തോന്നിപ്പിക്കുന്ന ഓലപ്പുരകളിലാണ് അധ്യയനം! അവിടെ വഞ്ചീശമംഗളം എന്ന അങ്ങേയറ്റം അപ്പൊളിറ്റിക്കലും ആധുനികാ വിരുദ്ധവുമായ പ്രാർത്ഥനയോടെ പഠിക്കുന്ന കുട്ടികളെ കാണിച്ചു തുടങ്ങുന്ന ചിത്രം, തുടക്കം മുതൽ ഉട്ടോപ്പിയൻ ആശയങ്ങളിലേക്കാണ് നമ്മെ കൊണ്ടുപോകുന്നത്.

പിന്നീടങ്ങോട്ട് പൃഥ്വീരാജിന്റെ കഥാപാത്രത്തിന്റെ ഫ്ളാഷ്ബാക്കാണ്. തിരുവനന്തപുരം നഗരത്തിലെ മോഡൽ സ്‌കൂളിലെ കുട്ടികളും, ഇന്റർ നാഷണൽ സ്‌കൂളിലെ കുട്ടികളും തമ്മിലുള്ള കുടിപ്പകയും സംഘട്ടനങ്ങളുമാണ് പ്രമേയം. ലാൽജോസിന്റെ, മോഹൻലാൽ നായകനായ, വെളിപാടിന്റെ പുസ്തകത്തിൽ ഒരു കോളജിലെ കുട്ടികളെ, സിറ്റിയിലെ പിള്ളേർ എന്നും കടപ്പുറത്തെ ചന്തപ്പിള്ളേരെന്നും പറഞ്ഞ് തരിച്ചത് വ്യാപകമായി വിമർശിക്കപ്പെട്ടിരുന്നു. സമാനമായ അവസ്ഥയാണ് ഇവിടെയും. മോഡൽ സ്‌കുളിലെ കുട്ടികൾ പാവപ്പെട്ട കുടുംബങ്ങളിൽനിന്നും കോളനിയിൽനിന്നും വരുന്നവർ. അവർക്ക് അക്രമ സ്വഭാവം ഉണ്ടെങ്കിലും അടിസ്ഥാനപരമായി നല്ലവരാണ്. പക്ഷേ ഇൻർനാഷണൽ സ്‌കൂളിലെ കുട്ടികൾ ആവട്ടെ, പണച്ചാക്കുകളുടെ മക്കളും, അഹങ്കാരികളും, മയക്കുമരുന്ന് ഉപയോഗിക്കുന്നവരും. ജയന്റെ അങ്ങാടി സിനിമയിലെ 'വി ആർ പുവർ, ബട്ട് നോട്ട് ബെഗ്ഗേഴ്സ്.....' എന്ന ഡയലോഗ് എവിടെയെങ്കിലും ഓർമ്മവരുന്നുണ്ടോ. കാലം ഇത്രയായിട്ടും ഈ പൈങ്കിളി സങ്കൽപ്പങ്ങളിൽ നിന്ന് മലയാള സിനിമക്ക് മോചനമില്ലല്ലോ. മാനവികതക്കും നിരക്കാത്ത ഇത്തരം ദ്വന്ദങ്ങളുടെ അടിസ്ഥാനത്തിലാണ്് കഥ പുരോഗിമിക്കുന്നത്.

ഈ രണ്ട് ലോകങ്ങളിലെ കുട്ടികളും തമ്മിൽ കാണുന്നത്് ബസ്റ്റോപ്പിലും ഒരു ഡബിൾ ഡക്കർ ബസ്സിലുമാണ്. എന്തിനോ വേണ്ടിയെന്നോണം അവർ ഇടക്കിടെ ഏറ്റുമുട്ടുന്നത് ബാഹുബലി സ്റൈലിലാണ്! സ്‌കൂൾ കുട്ടികൾ ആണെന്ന് ഓർക്കണം. ജെയിംസ് ബോണ്ട് സിനിമകളിൽ കാണുന്നപോലെയാണ് ഇവർ ഡബിൾ ഡക്കർ ബസ്സിൽ ഏറ്റുമുട്ടുന്നത്. പൊലീസും നാട്ടുകാരുമൊക്കെ നോക്കി നിൽക്കും. ഇനി അതൊന്നും പോരാഞ്ഞിട്ട് അവർ ഗ്രൗണ്ടിലേക്ക് പരസ്യമായി വെല്ലുവിളിക്കും. പിന്നെ ബാഹുബലിയും കാലയേപ്പടയുമായുള്ള ഫൈറ്റിനെ തോൽപ്പിക്കുന്ന രീതിയിൽ അടിച്ചു കയറുകയാണ് ഈ സ്‌കൂൾ കുട്ടികൾ. സൈക്കിൾ ചെയിനും ഹോക്കി സ്റ്റിക്കുമായി ആകെ കൂട്ടപ്പൊരിച്ചിൽ. ഒട്ടും റിയലിസ്റ്റിക്കല്ല ഈ രംഗങ്ങളൊക്കെ. ശങ്കർ രാമകൃഷ്ണൻ തനിക്കു സംഭവിച്ച ഫാൾട്ട് അറിയണമെങ്കിൽ ലിജോ ജോസ് പെല്ലിശ്ശേരിയുടെ കട്ട ലോക്കൽ പടമായ 'അങ്കമാലി ഡയറീസ്' ഒന്നുകൂടി കണ്ടുനോക്കണം. സമാനമായ അടിപടിയും മറ്റും എത്ര റിയലിസ്റ്റിക്കായാണ് ലിജോ ചിത്രീകരിച്ചിരിക്കുന്നത്. എന്തൊരു ഒറിജിനാലിറ്റി. ഇവിടെ മൊത്തം സെറ്റിട്ടപോലെ തോനുന്നത് സംവിധായകന്റെ കുഴപ്പം തന്നെയാണ്.

മൊത്തത്തിൽ തിരുവനന്തപുരം നഗരം പൊലീസും കോടതിയും എന്തിന് പൗരസമൂഹംപോലും ഇല്ലാത്ത ഒരു വെള്ളരിക്കാപ്പട്ടണമായാണ് നമുക്ക് തോന്നുക. നഗരമധ്യത്തിലെ ഒരു സ്‌കൂളിൽ കുട്ടികൾ പിരിവിട്ട് വാങ്ങിയ ഒരു ബസ് കത്തിച്ചിട്ടും, മരിയാദക്കുള്ള അന്വേഷണം ഉണ്ടാവുന്നില്ല. പ്രശ്നങ്ങൾക്ക് പരിഹാരം തല്ലിത്തീർക്കലാണെന്ന ഫ്യൂഡൽ ധാർമ്മികയാണ് ഈ ചിത്രത്തിന്റെ 'അന്തർധാരയെന്ന്' ചിലപ്പോൾ തോന്നിപ്പോവും. ഇന്റർ നാഷണിൽ സ്‌കൂളിൽ മയക്കുമരുന്ന് സംഘടിതമായി ഉപയോഗിക്കുന്ന കുട്ടികൾ ഉണ്ടായിട്ടും, ആഭ്യന്തര അന്വേഷണംപോലും നടക്കുന്നില്ല. എന്തിന് ഒരു അദ്ധ്യാപകനെ ആസൂത്രിതമായി വകവരുത്തിയിട്ടുപോലും അന്വേഷണമില്ല! നിരപരാധിയായ ഒരുത്തന് സസ്പെൻഷൻ മാത്രം.

കൃത്യമായ അരാഷ്ട്രീയവാദമാണ് ഇത്തരം ചിത്രങ്ങൾ ഉന്നയിക്കുന്നത്. ഇനി അദ്ധ്യാപകൻ മരിച്ചതിന് ആരാണ് പ്രതികാരം ചോദിക്കണ്ടേത്. അയാളുടെ സഹോദരനും വീരശൂര പരാക്രമിയുമായ മമ്മൂട്ടി തന്നെ. ഈ ചിത്രത്തിന്റെ കഥാപാത്രങ്ങൾക്ക് മൊത്തത്തിലുള്ള അരപ്പിരി സ്വഭാവം  അൽപ്പം കൂടുതലുള്ള കഥാപാത്രമാണ് മമ്മൂട്ടിയുടേത്. മരിച്ചവരുടെ ഓർമ്മകൾ ഒക്കെയും നശിപ്പിച്ചുകളയണം എന്ന് പറഞ്ഞ് ഡയറിപോലും തീയിലെറിയുന്ന 'പച്ചപ്പരിഷ്‌ക്കാരി'.ബാക്കിയുള്ള നമ്പരുകൾ നിങ്ങൾ കണ്ടുതന്നെ അറിയുക. അദ്ധ്യാപകരിൽ പലരും കിളിപോയവരാണ്. ഒരു അദ്ധ്യാപകൻ സദാ പൊലീസ് മർദനത്തെക്കുറിച്ചും വിപ്ലവത്തെക്കുറിച്ചുമൊക്കെയാണ് പറയുന്നത്. മറ്റൊരുത്തനുണ്ട് മാർക്ക് കുറഞ്ഞതിന് ക്ലാസിലിട്ട് കുട്ടികളെ പട്ടികളെ തല്ലുംപോലെ തല്ലുന്നു! മൊത്തത്തിൽ നെല്ലിക്കാത്തളം വെക്കേണ്ട കഥാപാത്രങ്ങൾ! ഇനി കുട്ടികളെ പരസ്യമായി പന്തയത്തിന് വെല്ലുവിളിക്കുന്ന സുരാജ് വെഞ്ഞാടുമൂടിന്റെ വിദ്യഭ്യാസ മന്ത്രിയിലുമുണ്ട് ചെറിയൊരു കിളി. പാത്രസൃഷ്ടിക്കനുസരിച്ചുള്ള കഥാപരിസരം സൃഷ്ടിക്കാൻ കഴിയാത്തതാണ് കഥാപാത്രങ്ങൾ കിളിയായി തോന്നാൻ കാരണം. അല്ലാതെ ഒരു കഥാപാത്രത്തെ എങ്ങനെയും സൃഷ്്ടിക്കാനുള്ള സ്വാതന്ത്ര്യം സംവിധായകനുണ്ട്. ചിലയിടത്തൊക്കെ പൃഥ്വീരാജിന്റെ മാണിക്യക്കല്ല്് എന്ന സിനിമയോടും ഈ പടത്തിന് സാമ്യമുണ്ട്.

ചരിത്രം കുറിച്ച് ഈ പുതുമുഖ ഫാക്ടറി!

ഈ ചിത്രംകൊണ്ടുണ്ടായ ഒരേ ഒരു ഗുണം നാളെ മലയാളത്തിന്റെ ഭാവി താരങ്ങൾ ആയേക്കാവുന്ന ഒരുപാട് പുതുമുഖ നടന്മാരെ സമ്മാനിച്ചു എന്നതാണ്. എഴുപതോളം പുതുമുഖങ്ങളാണ്് ഈ പടത്തിൽ പ്രവർത്തിച്ചത്. മലയാളത്തിലെ മുതിർന്ന സംവിധായകർ പോലും ചെയ്യാത്ത വലിയൊരു സാഹസമാണ് തന്റെ ആദ്യ മുഴുനീള ചിത്രത്തിൽ ശങ്കർ രാമകൃഷ്ണൻ ചെയ്തത്. ഒരു ടാലന്റ് ഹണ്ടിലൂടെ കേരളത്തിന്റെ 14 ജില്ലകളിൽ നിന്നും കഴിവുള്ള ചെറുപ്പക്കാരെ കണ്ടെത്തിയാണ് ഈ സിനിമയുടെ ഭാഗമാക്കിയത്. 17000ത്തോളം അപേക്ഷകളിൽ നിന്നാണ് സിനിമയിലേക്കുള്ള താരങ്ങളെ പല ഘട്ടങ്ങളിലൂടെ കണ്ടെത്തിയത്. ഏകദേശം ഒരു വർഷം നീണ്ടു നിന്ന പരിശീലനത്തിലൂടെയാണ് കുട്ടികളെ ഒരുക്കിയതും. അതിന്റെ ഗുണം കുട്ടികളുടെ പ്രകടനത്തിൽ പ്രകടമാണ്.

മോഡൽ സ്‌കുളിലെ കുട്ടികളുടെ ഗ്യാങ്ങിനെ നേതാവായ യുവനടനും, ഇന്റർ നാഷണൽ സ്‌കൂളിലെ ഇംഗ്ലീഷ് അദ്ധ്യാപകനായ യുവതാരവുമൊക്കെ ശരിക്കും ഭാവിയുടെ വാഗ്ദാനമാണ്. കാര്യമായി നടിക്കാനുള്ള വകുപ്പൊന്നുമില്ലെങ്കിലും നായിക അഹാന കൃഷ്ണകുമാർ ഉള്ളതുമോശമാക്കിയിട്ടില്ല. മമ്മൂട്ടിയുടെതേ് സ്റ്റെലിഷ് ലുക്കും പ്രസൻസുമായിരുന്നു. ഒറ്റനോട്ടത്തിൽ കിറുക്കനെന്ന് തോനുന്ന ഈ പ്രൊഫസർ കഥാപാത്രത്തെ മാത്രം വികസിപ്പിച്ചാൽ ഒരു നല്ല പടം ആക്കാമായിരുന്നു.

വാൽക്കഷ്ണം: ചലച്ചിത്രവും ഒരു രാഷ്ട്രീയ ഉൽപ്പന്നം തന്നെയാണെല്ലോ. പക്ഷേ ഈ പടത്തിന്റെ പൊളിറ്റിക്സ് അവിയൽ പരുവത്തിലാണ്. ചിലപ്പോൾ അത് ഫ്യൂഡലിസത്തെയും അരാഷ്ട്രീയതയെും തലോലിക്കും. ചിലപ്പോൾ അത് ചില പുരോഗമന ഗീർവാണങ്ങൾ നടത്തുന്നതും കാണാം. ശബരിമല സമരമൊക്കെ കത്തി നിന്ന സമയത്തിലൂടെ കടന്നുപോയതിനാൽ പതിനെട്ടാംപടിയെന്ന പേര് എന്തെങ്കിലും പൊളിറ്റിക്കൽ സൂചനയാണെന്നതും തെറ്റിദ്ധാരണയാണ്. ദേഷ്യം മെരുക്കാനായി ഒരു കുട്ടിസഖാവിന് മൂത്ത സഖാവ് 'മാനിഫസ്റ്റോയിൽ ഇല്ലാത്ത ഒരു കാര്യം പറഞ്ഞുതരാം, നീ പോയി മാലയിട്' എന്ന് പറയുന്നുണ്ട്. മാലയിട്ട് ശാന്തനായ കുട്ടിസഖാവ് മാല അഴിച്ചതോടെ വീണ്ടും കട്ടക്കലിപ്പിലേക്ക് മാറുന്നുമുണ്ട്. അതല്ലാതെ ഒരു സംഘി പ്രൊപഗാൻഡയെ ഈ ചിത്രം തലോലിക്കുന്നില്ലെന്നത് ആശ്വാസമാണ്. വിശ്വാസത്തിന്റെ പതിനെട്ടാംപടിയല്ല, വ്യക്തിവികാസത്തിന്റെ പടവുകളാണ് സംവിധായകൻ ഉദ്ദേശിച്ചതെങ്കിലും അപ്പോഴേക്കും പ്രേക്ഷകർ ക്ഷമയുടെ പതിനെട്ടാം പടി താണ്ടുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP