Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202028Monday

പൊട്ടിപ്പൊളിഞ്ഞ 'ചിൽഡ്രൺസ് പാർക്ക്'; ഹിറ്റ്മേക്കർ ഷാഫിയുടെ പുതിയ ചിത്രം അസഹനീയ വളിപ്പ്; ഇത് സ്ഥാനത്തും അസ്ഥാനത്തുമെല്ലാം സ്‌കിറ്റ് കോമഡി കയറ്റി കുളമാക്കിയ ചിത്രം; റാഫിയുടെ തിരക്കഥയും വെറുപ്പിക്കലിന്റെ ഭയാനക വേർഷൻ; കാണാൻ വരുന്നവരെല്ലാം പൊട്ടന്മാരാണ് അവരെന്തും കണ്ട് പോയ്‌ക്കോളും എന്ന ധാരണയിൽ ചിത്രമെടുത്താൽ ഇങ്ങനെയിരിക്കും; ദയനീയം തന്നെ ഈ പ്രതിഭാ ദാരിദ്രം; ഷെയിം ഓൺ ഷാഫി ഷെയിം ഓൺ റാഫി

പൊട്ടിപ്പൊളിഞ്ഞ 'ചിൽഡ്രൺസ് പാർക്ക്'; ഹിറ്റ്മേക്കർ ഷാഫിയുടെ പുതിയ ചിത്രം അസഹനീയ വളിപ്പ്; ഇത് സ്ഥാനത്തും അസ്ഥാനത്തുമെല്ലാം സ്‌കിറ്റ് കോമഡി കയറ്റി കുളമാക്കിയ ചിത്രം; റാഫിയുടെ തിരക്കഥയും വെറുപ്പിക്കലിന്റെ ഭയാനക വേർഷൻ; കാണാൻ വരുന്നവരെല്ലാം പൊട്ടന്മാരാണ് അവരെന്തും കണ്ട് പോയ്‌ക്കോളും എന്ന ധാരണയിൽ ചിത്രമെടുത്താൽ ഇങ്ങനെയിരിക്കും; ദയനീയം തന്നെ ഈ പ്രതിഭാ ദാരിദ്രം; ഷെയിം ഓൺ ഷാഫി ഷെയിം ഓൺ റാഫി

എം മാധവദാസ്

സ്ഥാനത്തും അസ്ഥാനത്തുമെല്ലാം കോമഡി കയറ്റുകയും അതിൽ പലതും ഏശാതെ പോവുകയും, ബാക്കി പലതും തനി വളിപ്പുമായാൽ എന്താവും പ്രേക്ഷകരുടെ അവസ്ഥ. തിയേറ്ററിലെ എസിയുടെ തണുപ്പിലും അത് പ്രേക്ഷകനെ വിയർപ്പിക്കും. ഷാഫിയുടെ 'ചിൽഡ്രൻസ് പാർക്ക്'എന്ന കോമഡി ചിത്രത്തിന് കയറിയാലും ഇത് തന്നെയാണ് സ്ഥിതി. കുട്ടികളുടെ പാർക്ക് പേരിൽ മാത്രമേയുള്ളൂ. വർഷങ്ങൾക്ക് മുമ്പെന്നോ പൂട്ടിയടപ്പെട്ട, കാടുകയറിയ ഒരു തകർന്ന പാർക്കിൽ നട്ടുച്ചനേരം ചെന്നിരുന്നാൽ എന്താവും അവസ്ഥ. ആ അനുഭവം മാത്രമാണ് ചിൽഡ്രൻസ് പാർക്കും പകർന്നു തരുന്നുള്ളു. ചിത്രത്തിന് കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ഹിറ്റ്മേക്കർ റാഫി- മെർക്കാർട്ടിൻ കൂട്ടുകെട്ടിലെ റാഫിയാണ്.ഷെയിം എന്നേ പറയാനുള്ളൂ. അത്രക്ക് വെറുപ്പിക്കലാണ് റാഫിയുടെ രചന. പഴയ കാലത്ത് എടുത്ത ചില ചിത്രങ്ങളുടെ പേരിൽ പിടിച്ചുനിൽക്കാൻ ശ്രമിക്കുയാണ് ഷാഫിയും റാഫിയുമൊക്കെ. പുതുതായി ഒന്നും ചെയ്യാൻ അവർക്ക് കഴിയുന്നില്ല. ദയനീയം തന്നെയാണ് ഈ പ്രതിഭാ ദാരിദ്രം.

ഏത് വിധേനയും എല്ലാ രംഗത്തും കോമഡി കുത്തി നിറയ്ക്കാനാണ് സംവിധായകന്റെയും തിരക്കഥാകൃത്തിന്റെയും ശ്രമം. അതുകൊണ്ട് തന്നെ രോഗിക്ക് മുമ്പിലും മരണവീട്ടിലുമെല്ലാം കഥാപാത്രങ്ങൾ നമ്മളെ ചിരിപ്പിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.തുടർ ചങ്ങല പോലെ കോമഡികൾ നിറച്ചാൽ കഥയുടെ ലോജിക്കില്ലായ്മയും മറ്റും പ്രേക്ഷകർ മറക്കുമെന്ന് ഷാഫിക്കറിയാം. അദ്ദേഹത്തിന്റെ പല സിനിമകളിലും വിജയകരമായി ഈ ഐഡിയ നടപ്പിലായിട്ടുമുണ്ട്. എന്നാലിവിടെ കോമഡികൾ ചീറ്റിപ്പോകുമ്പോൾ യുക്തിഭദ്രമല്ലാത്ത കഥയെക്കുറിച്ച് പ്രേക്ഷകർ ചിന്തിച്ചുപോകുന്നു. വലിയ വിരസതയിലേക്കാണ് അത് പ്രേക്ഷകരെ തള്ളിവിടുന്നത്. പ്രേക്ഷകരുടെ ആസ്വാദന നിലവാരത്തിന് അൽപ്പം പോലും വില കൽപ്പിക്കാത്ത വിധത്തിലാണ് റാഫി ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. കാണാൻ വരുന്നവരെല്ലാം പൊട്ടന്മാരാണ്.. അവരെന്തും കണ്ട് പോയ്‌ക്കോളും എന്നൊരു ധാരണ എഴുത്തുകാരനും സംവിധായകനും ഉള്ളപോലെ. തങ്ങൾ എന്തെടുത്താലും കണ്ടോളും എന്ന റാഫിയുടെയും ഷാഫിയുടെയും അഹങ്കാരത്തിനേറ്റ തിരച്ചടികൂടിയാണ് ഈ ചിത്രത്തിന്റെ എട്ടുനിലയിലുള്ള പരാജയം.

Stories you may Like

പതിവ് ഉഡായിപ്പ് കഥ

മലയാള സിനിമയിൽ രചനാപരമായും ആവിഷ്‌ക്കാരപരമായും വരുന്ന മാറ്റങ്ങളൊന്നും ശ്രദ്ധിക്കുന്ന സംവിധായകനല്ല ഷാഫി. വ്യത്യസ്തമായ പ്രമേയങ്ങളിലേക്കും ആവിഷ്‌ക്കാരങ്ങളിലേക്കൊന്നും ഒരിക്കലും അദ്ദേഹം നടന്നുകയറിയിട്ടുമില്ല. ചെറിയൊരു പ്രമേയം കുറച്ച് കോമഡികളുടെ അകമ്പടിയോടെ വലിയ പരിക്കില്ലാതെ ഒരുക്കും. വലിയ സംഭവങ്ങളൊന്നുമില്ലെങ്കിലും കേവല രസിപ്പിക്കൽ സാധ്യമാക്കുന്ന ആ ചിത്രങ്ങളെ പ്രേക്ഷകരും കയ്യടികളോടെ വരവേൽക്കും. കല്യാണരാമൻ, പുലിവാൽ കല്യാണം, മായാവി തുടങ്ങി, മേരിക്കുണ്ടൊരു കുഞ്ഞാട് തുടങ്ങി നിരവധി നല്ല തമാശ ചിത്രങ്ങൾ ഒരുക്കിയിട്ടുണ്ട് ഷാഫി. റാഫിക്കൊപ്പമെത്തിയ ടു കൺട്രീസ് പോലുള്ള സിനിമകൾ ചിരിയുടെ ബലത്തിൽ പിടിച്ചു നിന്നവയാണ്.

അത്തരം സിനിമകളെപ്പോലെ ഒരു കോമഡി സിനിമ ഒരുക്കി കയ്യടി നേടാനാണ് ഷാഫി ചിൽഡ്രൻസ് പാർക്കിലും ശ്രമിക്കുന്നത്. നർമ്മത്തെ ഫലപ്രദമായി ഉപയോഗിക്കാൻ അറിയാവുന്ന റാഫിയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് എന്നതും ചിത്രത്തിന്റെ ആകർഷണീയതയായിരുന്നു. എന്നാൽ തീർത്തും ദുർബലമായ കഥാപരിസരമാണ് ചിൽഡ്രൻസ് പാർക്കിന്റേത്. നൂറാവർത്തി കണ്ടുമടുത്ത അതേ കാഴ്ചകൾ. ഈ പോരായ്മകളെ മറികടക്കേണ്ട ഹാസ്യരംഗങ്ങളാവട്ടെ ഭൂരിഭാഗവും യാതൊരു നിലവാരവുമില്ലാത്ത ചളി കാഴ്ചകൾ.
സാധാരണ പോലെ മൂന്നു ഭൂലോക ഫ്രോഡുകൾ... അവരുടെ ഉഡായിപ്പ് വേലകൾ.. അവർക്കായി മുന്നൂ നായികമാർ.. പതിവുപോലെ തിരിച്ചറിവുകൾ.. മാനസാന്തരം.. വില്ലന്മാരെ കീഴടക്കൽ.. പിന്നെ ശുഭം.. ഈ വഴിയിൽ നിന്ന് അണുവിടെ മാറാതെ ചിൽഡ്രൻസ് പാർക്കും കഥ പറയുന്നു.

ഋഷി എന്ന കഥാപാത്രത്തിന്റെ അച്ഛന്റെ മരണത്തിൽ നിന്നാണ് ചിൽഡ്രൻസ് പാർക്കിന്റെ തുടക്കം. മരണവീട്ടിൽ എന്തോ അടിച്ചുപൊളി പാട്ടും കേട്ടിരിക്കുകയാണ് ഋഷിയുടെ സുഹൃത്ത് ജെറി. മരണവീട്ടിലെ കോമഡികളിൽ നിന്ന് ആരംഭിക്കുന്ന സിനിമ നിലവാരമില്ലാത്ത കോമഡികളിലും വിരസമായ പതിവ് കാഴ്ചകളിലും പെട്ടുലഞ്ഞ് നനഞ്ഞ പടക്കമായി മാറിപ്പോകുന്നു.ഋഷി (ധ്രുവൻ) അലസനും തൊഴിൽ രഹിതനുമായ ചെറുപ്പക്കാരനാണ്. പല ഷാഫി കഥാപാത്രങ്ങളെയും പോലെ എളുപ്പത്തിൽ പണമുണ്ടാക്കാനാണ് അയാളുടെയും ആഗ്രഹം. ഇത്തരം കഥാപാത്രങ്ങൾക്കുണ്ടാവുന്ന ഒരു തനി ഉഡായിപ്പ് സുഹൃത്ത് ഇവിടെയുമുണ്ട്. ജെറി (വിഷ്ണു ഉണ്ണിക്കൃഷ്ണൻ) എന്ന സുഹൃത്തിന്റെ ഉപദേശങ്ങൾ സ്വീകരിച്ച് സ്വന്തം അച്ഛന്റെ സ്വത്തിൽ വിഹിതം ചോദിച്ച് കേസ് കൊടുക്കുന്നതും അച്ഛൻ വീട്ടിൽ നിന്ന് ആട്ടിയിറക്കുന്നതും ജെറിയുടെ മറ്റൊരു ഉപദേശം സ്വീകരിച്ച് നാടുവിടുന്നതുമെല്ലാമാണ് കഥയുടെ തുടക്കം. അച്ഛൻ മരിച്ചതറിഞ്ഞ് വീണ്ടും മടങ്ങിയെത്തുമ്പോൾ സ്വത്തിൽ ഭൂരിഭാഗവും സഹോദരങ്ങൾക്കായി അച്ഛൻ എഴുതിവെച്ചിരിക്കുകയാണെന്ന് ഋഷി മനസ്സിലാക്കുന്നു. ബാക്കിയുള്ള ആറു കോടി രൂപ ഏതോ അനാഥാലയത്തിന്റെ പേരിലാണ് എഴുതിവെച്ചിരിക്കുന്നത്.

താനനുഭവിക്കേണ്ട സ്വത്ത് സ്വന്തമാക്കാൻ പോകുന്ന 'ചിൽഡ്രൻസ് പാർക്ക്' എന്ന അനാഥാലയം കണ്ടുപിടിച്ച് അച്ഛനെഴുതി വെച്ച പണം തിരികെ വാങ്ങാനാണ് ഋഷിയുടെയും ജെറിയുടെയും നീക്കം. മറ്റൊരു ഉഡായിപ്പ് കക്ഷിയും രാഷ്ട്രീയക്കാരനുമായ ലെനിൻ അടിമാലി (ഷറഫുദ്ദീൻ)യുടെ സഹായത്തോടെയാണ് ഇവർ അനാഥാലയം കണ്ടെത്തുന്നത്. അനാഥാലയത്തിന്റെ മുഖ്യനടത്തിപ്പുകാരനായ ഗംഗാധരൻ മാഷ് (ജോയ് മാത്യു) ഗുരുതരാവസ്ഥയിൽ കിടക്കുകയാണ്. അനാഥാലയം തകർന്ന നിലയിലാണ്. ഒറ്റ കുട്ടികൾ ആ സ്ഥാപനത്തിലില്ല. നടത്താൻ പോലും ആരുമില്ലാത്ത ഇത്തരമൊരു സ്ഥാപനത്തിന് വേണ്ടി എന്തിനാണ് ആറുകോടി രൂപ ഋഷിയുടെ അച്ഛൻ എഴുതിവെച്ചതെന്ന ചോദ്യത്തിനൊന്നും ഉത്തരമില്ല.

അനാഥാലയം നടത്താനുള്ള ദൗത്യമേറ്റെടുക്കുന്ന മൂവർ സംഘം തെരുവിൽ നിന്ന് രക്ഷപ്പെടുത്തുന്ന കുറേ കുട്ടികളുമായി മുന്നോട്ട് പോകുന്നു. ഇതിനിടയിൽ ആറു കോടി തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങൾ, ഗായത്രി സുരേഷും സൗമ്യ മേനോനും മാനസ രാധാകൃഷ്ണനും നായികമാരായി പ്രണയിക്കാനെത്തുന്നു. കൂടുതൽ ചിരിയുറപ്പിക്കാൻ പതിവുപോലെ ഹരീഷ് കണാരന്റെ രംഗപ്രവേശം. എന്നാൽ ഹരീഷ് കണാരന്റെ കോമഡി ഉൾപ്പെടെ പലതും ദയനീയമായി ചീറ്റിപ്പോകുന്നതാണ് ചിൽഡ്രൻസ് പാർക്കിന്റെ പരാജയം. അനാഥാലയത്തിനടുത്തുള്ള ചായക്കട നടത്തുന്ന രണ്ട് തീറ്റപ്രാന്തന്മാരെ കാണിച്ച് കൂടുതൽ ചിരിയുണ്ടാക്കാനും ഷാഫി ശ്രമിക്കുന്നുണ്ടെങ്കിലും ആ കോമഡികളെല്ലാം ദുരന്തം എന്നേ പറയേണ്ടതുള്ളു. കടയിലുണ്ടാക്കിയ പലഹാരങ്ങൾ വരുന്നവർക്ക് നൽകാതെ സ്വയം കഴിക്കുന്ന രണ്ടു നടത്തിപ്പുകാർ... അവരുടെ പരമദയനീയ തമാശകൾ.. പാർക്ക് മാത്രമല്ല അതിന്റെ പരിസരം പോലും മഹാദുരന്തം തന്നെ.

സ്ഥിരം സ്‌കിറ്റ് കോമഡിയുമായി പതിവ് സർക്കസ്

തെരുവിൽ നിന്ന് നായകന്മാർ രക്ഷപ്പെടുത്തിയ കുട്ടികളെ തേടി അനാഥാലയത്തിലെത്തുന്ന ക്രിമിനൽ സംഘവും അവയവ തട്ടിപ്പ് മാഫിയേയുമെല്ലാം ചേർത്ത് സംഭവബഹുലമാക്കാനാണ് രണ്ടാം പകുതിയിലെ ശ്രമം. എന്നാൽ വില്ലന്മാരെ ഒതുക്കുന്നതും നായകന്മാരുടെ മാനസാന്തരവുമെല്ലാം പലവട്ടം കണ്ടിട്ടുള്ളതുകൊണ്ട് ആവർത്തിക്കുന്ന ഈ കാഴ്ചകളും ദുരന്തം തന്നെയാവുന്നു. സിനിമയുടെ ദൈർഘ്യവും പ്രേക്ഷകർക്ക് മടുപ്പുളവാക്കുന്നുണ്ട്. രണ്ടേമുക്കാൽ മണിക്കൂറിലധം നേരമാണ് ഈ പുതുമയില്ലാത്ത.ദയനീയ കാഴ്ചകൾ കണ്ടിരിക്കേണ്ടിവരുന്നത്. അൽപ്പ സ്വൽപ്പം തമാശകളുമായി മുന്നോട്ട് പോകുന്ന ഒന്നാം പകുതി മാത്രമാണ് ചിത്രത്തിന്റെ നേരിയ ആശ്വാസം. വിഷ്ണു ഉണ്ണിക്കൃഷ്ണനും ഷറഫുദ്ദീനും തങ്ങളുടേതായ ശൈലിയിൽ പിടിച്ചു നിൽക്കുന്നുണ്ട്. എന്നാൽ ധ്രുവൻ, ഋഷി എന്ന കഥാപാത്രമായി പൂർണ്ണ പരാജയമാണ്. നായികമാർക്ക് കാര്യമായൊന്നും ചെയ്യാൻ ചിത്രത്തിലില്ല.

ഹാസ്യരംഗങ്ങൾ തന്നെ ജീവിതത്തോട് ചേർന്ന് നിൽക്കുന്ന തരത്തിൽ അവതരിപ്പിക്കാൻ പുതുതലമുറ ശ്രദ്ധിക്കുന്ന കാലമാണിത്. ചിൽഡ്രൻസ് പാർക്കിനൊപ്പം ഇറങ്ങിയ 'തമാശ' എന്ന ചിത്രം തന്നെ ശ്രദ്ധിക്കുക. എത്ര രസകരമായാണ് അതിൽ ജീവിതവും നർമ്മവും അവതരിപ്പിക്കുന്നത്. എന്നാൽ സ്ഥിരം സ്‌കിറ്റ് കോമഡിയുമായി ഷാഫി പതിവ് സർക്കസ് ഇവിടെയും തുടരുകയാണ്. ഷാഫിയുടെ അവസാനമായെത്തിയ 'ഒരു പഴയ ബോംബു കഥ' എന്ന സിനിമയും ഒരു അസംബന്ധ നാടകമായിരുന്നു. എന്നാൽ രസകരമായ തമാശരംഗങ്ങളിലൂടെ പ്രേക്ഷകരെ പിടിച്ചിരുത്താൻ ആ ചിത്രത്തിന് സാധിച്ചിരുന്നു. എന്നാൽ ഈ പാർക്കിന് അതുപോലും സാധിക്കുന്നില്ല എന്നതാണ് ഏറ്റവും വലിയ സങ്കടം. ഓർമ്മയിൽ തങ്ങി നിൽക്കുന്ന പാട്ടുകളോ തമാശകളോ ഒന്നുമില്ലാതെ.. രചനാപരമായും ആവിഷ്‌ക്കാരപരമായും ദുർബലമായ ചിൽഡ്രൻസ് പാർക്ക് ഷാഫിയുടെ ഏറ്റവും മോശം സിനിമകളിൽ ഒന്ന് തന്നെയാണെന്ന് പറയാം.

വാൽക്കഷ്ണം: ഒരിക്കലും നവീകരിക്കില്ലെന്നും ഒരിക്കലും മാറ്റിപ്പിടിക്കില്ലെന്നുമുള്ള നിർബന്ധബുദ്ധിയുണ്ടോ നമ്മുടെ സിനിമാക്കാർക്ക്. ലോകവും മാറുകയാണ്. നോക്കുക, കുട്ടികൾ ടിക്ക്ടോക്കിൽവരെ എത്രമാത്രം സർഗാത്മകമായാണ് ഇടപെടുന്നത്. ആ സമയത്താണ സിനിമയെന്നപേരിൽ ഇതുപോലുള്ള എടുക്കാച്ചരക്കുകളെ എഴുന്നള്ളിക്കുന്നത്. ഈ പണം എടുത്ത കോടികളുടെ ആയിരത്തിലൊന്ന് സ്‌കൂൾകുട്ടികൾക്ക് മൈാബൈൽ സിനിമയെടുക്കാൻ കൊടുത്തിരുന്നെങ്കിൽ അത് എത്ര നന്നാവുമായിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP