Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202028Monday

പത്മശ്രീ ഭരത് ഡോ.സരോജ് കുമാർ മലയാള സിനിമയോട് പറയുന്നതെന്ത്?

പത്മശ്രീ ഭരത് ഡോ.സരോജ് കുമാർ മലയാള സിനിമയോട് പറയുന്നതെന്ത്?

ലയാള നാടകം ജനപ്രിയ ചേരുവകളുടെ വൃത്തികെട്ട അവതരണങ്ങളുടെയും മിഥ്യാധാരണകളുടെയും അസഹനീയമായ ആവർത്തനങ്ങളായ മാറിയ സാഹചര്യത്തിലാണ് 1984ൽ മുൻഷി രാമക്കുറുപ്പ് ചക്കീചങ്കരം എന്ന നാടകം എഴുതിയത്. അന്നത്തെ നാടകങ്ങളെ പരിഹസിക്കുന്ന ചക്കീചങ്കരം നാടക കുലപതികളായി നടിക്കുന്ന ഒറ്റയാന്മാർക്ക് കനത്ത ആഘാതമായാണ് അവതരിപ്പിക്കപ്പെട്ടത്. നിരവധി ദശകങ്ങൾക്കിപ്പുറം മലയാള സിനിമ എല്ലാ അർത്ഥത്തിലും മാലിന്യക്കൊട്ടകയായി മാറു സാഹചര്യത്തിലേക്ക് മാറുമ്പോഴാണ് ശ്രീനിവാസൻ എന്ന ബുദ്ധിമാനായ തമാശക്കാരൻ പദ്മശ്രീ ഭരത് ഡോക്ടർ സരോജ് കുമാർ എന്ന ചിത്രവുമായി എത്തുന്നത്.

ആഫ്രിക്കയിൽ മാത്രം കാണുന്ന കറുത്ത ഹാസ്യം
ഉദാത്തമായ സിനിമകളുടെ ആന്തർധാരകളല്ല സരോജ് കുമാറിനെ നയിക്കുന്നത്. സമകാലിക കേരള സാഹചര്യവും എല്ലാത്തിലുമുപരിയായ മലയാള സിനിമയുടെ ദുരന്തഅവസ്ഥയെ കറുത്ത ഹാസ്യത്തിലൂടെ അവതരിപ്പിക്കുകയാണ്. ചിത്രത്തിൽ സരോജ് കുമാർ പറയുന്നതുപോല ആഫ്രിക്കയിൽ കണ്ടുപിടിച്ച പ്രത്യേക തരം ഹാസ്യമാണല്ലോ കറുത്ത ഹാസ്യം. അതുകൊണ്ട് തന്നെ ശ്രീനിവാസന്റെ കറുത്ത ഹാസ്യം ഇവിടുത്തെ വരേണ്യ-സമ്പന്ന ചലചിത്രകാരന്മാർക്കും വിധേയത്വം ജൈവികാവസ്ഥയായി കൊണ്ടുനടക്കുന്ന ആസ്വാദക-നിരൂപക വൃന്ദങ്ങൾക്കും ഏൽപ്പിക്കുന്ന ആഘാതം ചെറുതാകില്ല.

Stories you may Like

 ഗേറ്റിൽ മൂത്രമൊഴിച്ചവനെ അങ്ങ് നിരോധിച്ചുകള!

ആട്ടവും പാട്ടും അടിയും നായകഭക്തിയും അടങ്ങിയ സൂപ്പർ താരചിത്രങ്ങളും രാജഭക്തി പ്രധാന അജണ്ടയായി കൊണ്ടുനടക്കുന്ന സംഘടനാ മാടമ്പിമാരും അനചര വൃന്ദങ്ങളും അപഹസിക്കപ്പെടേണ്ടവർ തന്നെയാണ്. സമീപകാലത്ത് എതിർശബ്ദങ്ങളെ മുഴുവനും ഇല്ലാതാക്കൻ പുറപ്പെടുന്ന ആളുകളെ മുഴുവൻ ബാൻ (നിരോധനം)ചെയ്യാൻ ഇറങ്ങിപ്പുറപ്പെട്ട സംഘടനകൾ എല്ലാമേഖലയിലുമെന്നതുപോലെ സിനിമാരംഗത്തും ആധിപത്യം സ്ഥാപിച്ചുകഴിഞ്ഞു.

സംവിധായകനെയും അഭിനേതാവിനെയും മാത്രമല്ല ഗേറ്റിൽ മൂത്രമൊഴിക്കുന്ന വഴിപോക്കനെ പോലും ബാൻ ചെയ്തുകളയുന്ന സംഘടനകൾക്ക് നേരെ ശ്രീനിവാസനും സംവിധായകൻ സജിൻ രാഘവനും കനത്ത അടിയാണ് ചിത്രത്തിലൂടെ നൽകുന്നത്.

സമകാലികസംഭവങ്ങളെ കൃത്യമായ കാഴ്ചപ്പാടോടുകൂടി ആക്രമിക്കുന്ന ശ്രീനിവാസന്റെ തൂലിക സരോജ്കുമാറിലൂടെ അന്തിമമായി സിനിമ തന്നെ വിജയിക്കും എന്ന പ്രഖ്യാപനമാണ് നടത്തുന്നത്. സരോജ് കുമാറിൽ മോഹൻലാലിന്റെയോ മറ്റേതെങ്കിലും താരത്തിന്റെയോ ഛായ ആരോപിച്ച് പരിമിത പ്പെടുത്തുന്നവർ ഈ ചിത്രത്തെ ചെറുതാക്കിക്കാണുകയാണ്. എന്താണ് ഇന്നത്തെ മലയാള സിനിമയുടെയും കേരളീയ സമൂഹത്തിന്റെയും പ്രസക്തിയെന്ന് സരോജ് കുമാർ വ്യക്തമാക്കിത്തരുന്നുണ്ട്.

പുരസ്‌കാരങ്ങളുടെ സരോജ്കുമാർ
പദ്മശ്രീയും അവാർഡുകളും ഡിലിറ്റുകളും സ്വന്തമാക്കാൻ പ്രാണനും സമ്പത്തും കൊണ്ട് ഓടുന്ന വ്യക്തിത്വങ്ങൾ കേരള സമൂഹത്തിലെ സ്ഥിരം കാഴ്ചയാണ്. നേരത്തെ പ്രാഞ്ചിയേട്ടൻ പോലുള്ള ചിത്രങ്ങളിൽ ഇക്കാര്യങ്ങൾ ആക്ഷേപഹാസ്യരൂപേണ അവതരിപ്പിച്ചുണ്ടെങ്കിലും സരോജ്കുമാർ പ്രാഞ്ചിയേട്ടന്റെ പഴുത്തരൂപമായി വിമർശനത്തിന്റെ തീവ്രബോംബാകുകയാണ്. അതേസമയം മേജർ പദവിക്ക് വേണ്ടി പട്ടാളക്കാരനൊപ്പം ഓടാനാകാതെ തളർന്നിരിക്കുന്ന സരോജ്കുമാർ ജീർണിച്ച മറ്റൊരുമുഖമാണ് വരച്ചുകാട്ടുന്നത്. 

അഴീക്കോട് മുതൽ ആനക്കൊമ്പ് വരെ
തിലകൻ എന്ന അതുല്യനടന് ഏർപ്പെടുത്തിയ വിലക്കും അഴീക്കോടും മോഹൻലാലും തമ്മിലുണ്ടായിരുന്ന വാക്പയറ്റും കേരളീയ സമൂഹം വൻപ്രാധാന്യമാണ് നൽകിയിരുന്നത്. സാംസ്‌കാരിക നായകന് മതിഭ്രമമാണെന്ന പ്രസ്താവനയിലൂടെ സരോജ്കുമാർ അകപ്പെടുന്ന കുരുക്ക് സമകാലിക സംഭവങ്ങളിലേക്ക് കാഴ്ചക്കാരനെ എത്തിച്ചാൽ അതിശയിക്കേണ്ടതില്ല. അത് ഏതെങ്കിലും ഒരുതാരത്തെ കളിയാക്കുന്നതിന് വേണ്ടിയുള്ള ശ്രമമായി വ്യാഖ്യാനിക്കുന്നത് സംശയകരമാണ്.

ഇൻകം ടാക്‌സ് റെയ്ഡിനെ തുടർന്ന് ഉദ്യോഗസ്ഥർ ആനക്കൊമ്പ് കണ്ടെത്തിയപ്പോൾ സരോജ്കുമാർ നടത്തിയ അഭ്യർത്ഥന പൊങ്ങച്ചത്തിന്റെ ദുഷിച്ച മുഖമാണ് കാട്ടിത്തരുന്നത്.
'ഇത് വെറും കാളക്കൊമ്പാണ്. പുറത്തുപറയുമ്പോൾ സരോജ്കുമാറിന്റെ വീട്ടിൽ നിന്ന് ആനക്കൊമ്പ് പിടിച്ചുഎന്ന് തന്നെ പറയണേ...'

സരേജിന്റെ വിഡ്ഢിത്തങ്ങൾ, മലയാളിയുടെയും.. പ്രബുദ്ധസമൂഹം എന്നൊക്കെ പറയുമ്പോൾ തന്നെ മലയാളികളുടെ ബുദ്ധിനിലവാരം പലപ്പോഴും സംശയിക്കപ്പെടേണ്ടതുതന്നെയാണ് എന്ന് ഈ ചിത്രവും ആവർത്തിക്കുന്നു.

പത്തും ഇരുപതും ആളുകളെ രണ്ട് കൈ മാത്രം ഉപയോഗിച്ച് അടിച്ചിടുന്ന താരത്തിന്റെ അഭിനയ മികവിനെ പുകഴ്‌ത്തുകയും താരാരാധനയിലേക്ക് വഴിതെറ്റുകയും ചെയ്യുന്ന മലയാളി സമൂഹത്തെ കണക്കറ്റ് കളിയാക്കുന്നുണ്ട് സരോജ്കുമാർ. താൻ വിഡ്ഢിയാണെന്ന വിമർശനത്തെ ഖണ്ഡിക്കുന്ന സരോജിന്റെ ഈ സംഭാഷണം തന്നെ മതി.

''എടോ, കെട്ടുകമ്പി ഉപയോഗിച്ച് കെട്ടിവലിക്കുന്ന ഞാൻ വായുവിൽ പറന്ന് പത്തും ഇരുപതും പേരെ അടിച്ചിടുന്ന സീൻ കണ്ട് കൈയടിക്കുന്ന ആസ്വാദകരല്ലെടോ വിഡ്ഢികൾ?''

പരസ്യചിത്രങ്ങളുടെ സ്വന്തം താരങ്ങൾ
മുണ്ടിന്റെയും ബനിയന്റെയും പാനീയങ്ങളുടെയും പരസ്യങ്ങളിൽ പണം മാത്രം ലക്ഷ്യം വച്ച് ഒരുധാർമികതയുമില്ലാതെ ഇറങ്ങിത്തിരിക്കുന്ന താരങ്ങളുടെ കാഴ്ചപ്പാട് നിരവധി തവണ വിമർശിക്കപ്പെട്ടിട്ടുണ്ട്. കാവാലം ജെട്ടിയുടെ മുദ്രാവാക്യവുമായി സരോജ് എത്തുന്നതും ഇതിന്റെ തുടർച്ചയാണ്.

അസഹിഷ്ണുതയുടെ അവതാരങ്ങൾ
നല്ലകാര്യങ്ങൾ പറയുക, ദൈവമാണ് എല്ലാം നിശ്ചയിക്കുന്നത്. എല്ലാം പോസിറ്റീവായി എടുക്കുക. സംഭവിക്കുന്നതെല്ലാം നല്ലതിന് തുടങ്ങി സ്ഥിരം വാക്കുകൾ ഉപയോഗിച്ച് നിർഗുണപരബ്രഹ്മങ്ങളായി തന്റെ സുരക്ഷിതത്വം മാത്രം മുൻനിർത്തി കാര്യങ്ങൾകാണുന്നവർ സമൂഹത്തിന് ഒരു ഭാരമാണ്.

എന്ത് വിഷയത്തിലും പോസിറ്റീവ് നിലപാട് എന്ന വ്യാജേന പിന്തിപ്പൻ വർത്തമാനങ്ങൾ പറയുന്നവർക്ക് സരോജ്കുമാർ കൃത്യമായ മുന്നറിയിപ്പ് നൽകുന്നുണ്ട്. അഴിമതിക്കും ക്രമവിരുദ്ധമായ ഭരണകൂട ഇടപെടലിനുമെതിരെ പ്രതികരിക്കുന്ന മാദ്ധ്യമപ്രവർത്തനങ്ങൾ നെഗറ്റീവ് വാർത്തയെന്ന് വ്യാഖ്യാനിക്കുന്നത് സെലിബ്രിറ്റികളുടെ ഒരു ശീലമാണ്. മറ്റുതാരങ്ങളെ പ്രത്യക്ഷത്തിൽ പുകഴ്‌ത്തുകയും ഉള്ളിലിരുന്ന് പാരവെയ്ക്കുകയും ചെയ്യുന്നതിനെതിരെ ചിത്രം ഇടപെടുന്നുണ്ട്.

ബാലകൃഷ്ണപ്പിള്ള ഫോൺ ഉപയോഗിച്ചതിനെതിരായ വാർത്തകളെയും തുടർസംഭവങ്ങളെയും കുറിച്ച് സരോജ്കുമാർ നടത്തുന്ന അഭിപ്രായപ്രകടനങ്ങൾ സമകാലിക സംഭവങ്ങളുടെ വിമർശനാത്മകമായ ഇടപെടലാണ്. ഒരു പാവം നേതാവിനെ ആശുപത്രിയിലേക്ക് ഫോൺ ചെയ്ത് പറ്റിച്ചില്ലേ നിങ്ങൾ ... എന്ന് ചാനൽ ചർച്ചയിൽ പങ്കെടുത്തുകൊണ്ട് സരോജ് കുമാർ നടത്തുന്ന പ്രസ്താവന ശ്രദ്ധേയമാണ്.

മലയാള സിനിമയുടെ ചക്കീചങ്കരം ആണ് സരോജ്കുമാർ എന്ന ചലചിത്രം. വിവാദങ്ങളും അപവാദങ്ങളും ഒഴിവാക്കി സത്യസന്ധമായി സിനിമകളാണുന്ന ആസ്വാദകനെ ഇരുത്തിച്ചിന്തിപ്പിക്കുന്ന വിമർശനങ്ങൾക്കാണ് ശ്രീനിവാസൻ തീ കൊളുത്തിയത്. ഉദാത്തമായ ചലചിത്രത്തിന്റെ ദാർശനിക പ്രതിസന്ധികൾ തേടിപ്പോകാതെ സാധാരണമനുഷ്യനായി സിനിമകാണാനിരിക്കുന്നവർ ശ്രീനിവാസന് ഒന്ന് കൈകൊടുക്കുക തന്നെ ചെയ്യും. ശ്രീനിവാസന്റെ ഈ വാക്കുകൾ കൂടി കുറിച്ച് അവസാനിപ്പിക്കാം.

'സിനിമയുടെ ചോരകുടിച്ച് ഇനിയും ഇവിടെ സരോജ്കുമാറുമാർ ഉണ്ടാകും. സൂപ്പർസ്റ്റാറുകൾ ഈയാംപാറ്റകളെ പോലും വരും പോകും. പക്ഷേ സിനിമ എന്നും ഉണ്ടാകും. സർഗശേഷിയുള്ളവരുടെ കൈകളിലൂടെ സിനിമ മുന്നോട്ട് പോകും.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP