Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വിപണിയുടെ താരം ലാലേട്ടൻ, പ്രേക്ഷകരുടെ താരം ഫഹദ്; മമ്മൂട്ടിക്ക് ആശ്വസിക്കാൻ 'അബ്രഹാമിന്റെ സന്തതികൾ' മാത്രം; ടൊവീനോയ്ക്ക് സൂപ്പർ സ്റ്റാറുകൾക്ക് പോലുമില്ലാത്ത മിനിമം ഗ്യാരണ്ടി; വെടി തീർന്ന് ദിലീപ്; പ്രതീക്ഷ നിലനിർത്തി നിവിൻ; പൃത്ഥിയുടെ വിജയം 'കൂടെ ' മാത്രം; ദൂൽഖറിന് ചിത്രങ്ങളില്ല; ബോറടിപ്പിച്ച് കുഞ്ചാക്കോ ബോബൻ; നടിമാർ പൊടി പോലുമില്ല, സാന്നിധ്യം മഞ്ജു തന്നെ; പുതിയ താരോദയമായി പ്രണവ്; 2018ലെ മലയാളത്തിന്റെ താരങ്ങളുടെ പ്രകടനം ഇങ്ങനെയാണ്

വിപണിയുടെ താരം ലാലേട്ടൻ, പ്രേക്ഷകരുടെ താരം ഫഹദ്; മമ്മൂട്ടിക്ക് ആശ്വസിക്കാൻ 'അബ്രഹാമിന്റെ സന്തതികൾ' മാത്രം; ടൊവീനോയ്ക്ക് സൂപ്പർ സ്റ്റാറുകൾക്ക് പോലുമില്ലാത്ത മിനിമം ഗ്യാരണ്ടി; വെടി തീർന്ന് ദിലീപ്; പ്രതീക്ഷ നിലനിർത്തി നിവിൻ; പൃത്ഥിയുടെ വിജയം 'കൂടെ ' മാത്രം; ദൂൽഖറിന് ചിത്രങ്ങളില്ല; ബോറടിപ്പിച്ച് കുഞ്ചാക്കോ ബോബൻ; നടിമാർ പൊടി പോലുമില്ല, സാന്നിധ്യം മഞ്ജു തന്നെ; പുതിയ താരോദയമായി പ്രണവ്; 2018ലെ മലയാളത്തിന്റെ താരങ്ങളുടെ പ്രകടനം ഇങ്ങനെയാണ്

എം മാധവദാസ്

തിരുവനന്തപുരം: ഓരോ വർഷം കഴിയന്തോറും കൂടുതൽ കൂടുതൽ താര കേന്ദ്രീകൃതമാവുകയാണ് മലയാള സിനിമ. ന്യൂജനറേഷൻ തരംഗം വഴി ആദ്യകാലത്ത് ഈ പ്രവണതക്ക് ചില തിരിച്ചടികൾ നേരിട്ടെങ്കിലും ഇപ്പോൾ കാര്യങ്ങൾ ഏതാണ്ട് പഴയ പടിതന്നെയാണ്. വാണിജ്യ സിനിമയെ എ ടു ഇസഡ് നിയന്ത്രിക്കുന്നത് താരങ്ങൾ തന്നെയാണ്. വന്നുവെന്ന് എത്ര താരങ്ങൾ ഉണ്ടോ അത്രയും ശക്തമാണ് മലയാള സിനിമാ വിപണിയെന്ന ധാരണയും വന്നിരിക്കുന്നു. താരപ്രഭയെ മാർക്കറ്റ് ചെയ്താണ് ഒടിയൻ പോലുള്ള ചിത്രങ്ങൾ ലോക വ്യാപകമായി റിലീസ് ചെയ്തതും, ആദ്യ ദിനങ്ങളിൽ പണം വാരിയതും.

എല്ലാവർഷങ്ങളും പോലെ തന്നെ ശക്തമായ താര മൽസരം നടന്ന വർഷം തന്നെയാണ് കടന്നുപോവുന്നതും. മൊത്തം കണക്കുനോക്കുമ്പോൾ വീണ്ടും മോഹൻലാൽ എന്ന നടനുചുറ്റുമാണ് വിപണിമൂല്യം ഇരിക്കുന്നതെന്ന് വ്യക്തമാണ്. പക്ഷേ അപ്പോളും സുഡാനി ഫ്രം നൈജീരിയ പോലുള്ള, ജോസഫ് പോലുള്ള കൊച്ചു ചിത്രങ്ങളെയും പ്രേക്ഷകർ കൈയാഴിയുന്നുമില്ല. സൗബിൻ ഷാഹിനെയും, ജോജുജോർജിനെയും നായകരാക്കിയാലും സിനിമ വിജയിക്കുന്നുണ്ട് എന്നതും എടുത്തു പറയേണ്ടതാണ്. അതായത് വലിയ സിനിമകളെപ്പോലെ ചെറിയ സിനിമക്കും സ്പേസ് ഉണ്ടെന്നത് ആശ്വാസകരം.

വിപണിയുടെ താരം ലാലേട്ടൻ തന്നെ

എന്തൊക്കെ പറഞ്ഞാലും മലയാള സിനിമാ വിപണിയിലെ താരം ഇപ്പോളും മോഹൻലാൽ തന്നെയാണ്. നീരാളി, ഡ്രാമ, ഒടിയൻ എന്നീ മൂന്ന് ചിത്രങ്ങളാണ് ലാലിനെ നായകനാക്കി ഈ വർഷം ഇറങ്ങിയത്. ഒപ്പം കായംകുളും കൊച്ചുണ്ണിയിലെ പഞ്ച് വേഷവും ലാൽ ചെയ്തു. ഒടിയൻ എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന്റെ ഹൈപ്പ് തന്നെ ലാലേട്ടന്റെ താരപ്രഭയെ കേന്ദ്രീകരിച്ചുകൊണ്ടായിരുന്നു. വെറും രണ്ടുദിവസംകൊണ്ട് ഒരു ചിത്രത്തെ അമ്പതുകോടി ക്ലബിലെത്തിക്കാൻ മാറ്റാർക്കാണ് കഴിയുക.

നൂറുകോടി ക്ലബിലെത്തിയെന്ന് അവകാശപ്പെടുന്ന കായംകുളം കൊച്ചുണ്ണിയുടെയും ഹൈലൈറ്റ് മോഹൻലാലിന്റെ ഇത്തിക്കരപ്പക്കിയെന്ന കഥാപാത്രമാണ്. നിവിൻ പോളി പലപ്പോഴും മോഹൻലാലിന്റെ മുന്നിൽ പന്തം കണ്ട പെരുച്ചാഴിയെപ്പോലെ ആയിപ്പോവുകയയായിരുന്നു. നീരാളി മാത്രമാണ് പോയവർഷം വിപണിയിൽ ഏശാതെപോയ ലാൽ ചിത്രം. രഞ്ജിത്ത് സംവിധാനം ചെയ്ത ഡ്രാമക്ക് ആവറേജ് കളക്ഷൻ മാത്രമേ ഉണ്ടായിരുന്നെങ്കിലും ഉണ്ടായിരുന്നെങ്കിലും, താരമമ്യേന കുറഞ്ഞ മുടക്കുമുതലും ഉയർന്ന സാറ്റലൈറ്റ് റൈറ്റും ചിത്രത്തെ ലാഭമാക്കുമെന്നാണ് നിർമ്മാതാക്കളുടെ സംഘടനാ പ്രതിനിധികൾ അടക്കമുള്ളവർ പറയുന്നത്. പക്ഷേ ചിത്രത്തിലെ ലാലിന്റെ അഭിനയം ഏറെ ശ്രദ്ധിക്കപ്പെട്ടു. പഴയ മോഹൻലാലിൽ നിന്ന് ജനം പ്രതീക്ഷിക്കുന്ന നമ്പറുകൾ പുനസൃഷ്ടിക്കയാണ് ഡ്രാമയിലൂടെ രഞ്ജിത്ത് ചെയ്തത്. ഹിറ്റായി മാറിയ മകൻ പ്രണവ് മോഹൻലാലിന്റെ ആദി എന്ന ചിത്രത്തിലും ലാലിന്റെ മുഖം വന്നുപോയി.

നടനെന്ന നിലക്ക് ലാലിനെ വെല്ലുവിളിക്കാൻ തക്ക കഥാപാത്രങ്ങൾ ഒന്നും വന്നില്ലെങ്കിലും കിട്ടിയ വേഷങ്ങൾ മനോഹരമാക്കി താൻ തന്നെയാണ് പ്രേക്ഷകരുടെ പ്രിയ താരമെന്ന് ലാൽ ഒരിക്കൽകൂടി തെളിയിച്ച വർഷമായിരുന്നു കടന്നുപോയത്. വൻ പ്രതീക്ഷയുമായെത്തിയ ഒടിയൻ എന്ന ചിത്രത്തിന് ഫാൻസിന്റെപോലും പൂർണ പിന്തുണ കിട്ടാതിരുന്നപ്പോഴും, ആ കഥാപാത്രത്തെ ലാൽ അല്ലാതെ മറ്റാരുചെയ്താലും ഇതിലും നന്നാവില്ല എന്ന പൊതു വിവരണമാണ് എല്ലാം കീറിമുറിക്കുന്ന നവമാധ്യമങ്ങളിൽപോലും ഉണ്ടായത്. 58കാരനായ ഒരു മധ്യവയസ്‌ക്കാനാണ് ഇതെന്ന് ഒടിയൻ മാണിക്ക്യന്റെ യൗവനകാലം കണ്ടാൽ പറയുമോ. അതാണ് ശരിക്കുള്ള ലാലിസം.

മമ്മൂട്ടിക്ക് ആശ്വസിക്കാൻ അബ്രഹാമിന്റെ സന്തതികൾ മാത്രം

സ്ട്രീറ്റ്് ലൈറ്റ്സ്, പരോൾ, അങ്കിൾ, അബ്രാഹാമിന്റെ സന്തതികൾ, കുട്ടനാടൻ ബ്ലോഗ് എന്നിവയാണ് 2018ൽ മമ്മൂട്ടിയുടേതായി ഇറങ്ങിയ മലയാള ചിത്രങ്ങൾ. ഇതിൽ 50 കോടി ക്ലബിലെത്തിയ അബ്രാഹമിന്റെ സന്തതികൾ മാത്രമാണ് ബോക്സോഫീസിൽ ഗുണം ചെയതത്. എന്തിനുവേണ്ടിയാണ് ഇങ്ങനെ ഒരു പടം എടുത്തതെന്ന് സംവിധായകനുപോലും വിശദീകരിക്കാൻ കഴിയാത്ത ചിത്രങ്ങളായിരുന്നു സ്ട്രീറ്റ് ലൈറ്റ്സും, പരോളും, കുട്ടനാടൻ ബ്ലോഗും. ഈ ചവറുകളെ അർഹിക്കുന്ന അവഗണയോടെ ജനം തള്ളുകയും ചെയതു. ജോയ്മാത്യു എഴുതി ഗിരീഷ് ദാമോധർ സംവിധാനം ചെയ്ത അങ്കിൾ ആവറേജ് കളക്ഷൻ നേടി മുടക്കുമുതൽ തിരിച്ചുപിടിച്ചു.പക്ഷേ എന്തിനാണ് 67 വയസ്സുള്ള ഈ നടൻ തന്റെ അഭിനയ ജീവിതത്തിന്റെ സയാഹ്നത്തിലും ഇത്തരം ചിത്രങ്ങൾ കമ്മിറ്റ് ചെയ്യുന്നത് എന്ന സംശയം അപ്പോഴും ബാക്കിയാണ്. എന്റെ മമ്മൂക്ക അൽപ്പമൊന്ന് സെലക്റ്റീവാകൂ എന്നേ ഈ അവസരത്തിൽ പറയാൻ കഴിയൂ.

അതേസമയം മമ്മൂട്ടിക്ക് മലയാളത്തേക്കാൾ കീർത്തികിട്ടിയത് തമിഴ് ചിത്രമായ പേരൻപിലുടെയാണ്. ഗോവൻ അന്താരാഷ്ട്ര ചലച്ചിത്രമേളയിലടക്കം വൻ കൈയടി കിട്ടിയ ഈ പടം, മെഗാ സ്റ്റാറിന് വീണ്ടും ദേശീയ അവാർഡ് കൊണ്ടുത്തരുമെന്നും കരുതുന്നവർ നിരവധിയാണ്.

പ്രേക്ഷകരുടെ താരമായി ഫഹദ്

ഈ വർഷത്തെ പ്രേക്ഷകരുടെ താരം ആരായിരുന്നെന്ന് ചോദിച്ചാൽ നിഷ്പ്രയാസം പറയാൻ കഴിയുക ഫഹദ് ഫാസിൽ എന്നാണ്. കാർബൺ, വരത്തൻ, ഞാൻ പ്രകാശൻ എന്നീ മൂന്നുചിത്രങ്ങളും വിജയമായി. ഇതിൽ മൂന്നിലെയും അഭിനയത്തിന്റെ വ്യത്യസ്തകൾ നോക്കിയാൽ അറിയാം, അമ്പരന്നുപോകുന്നതാണ് ഫഹദിന്റെ ആ റേഞ്ച്. വേണു സംവിധാനം ചെയയ്ത കാർബൺ ക്ലൈമാക്സിലെ ജാട മാറ്റിവെച്ചിരുന്നുവെങ്കിൽ വൻ വിജയം ആയെനെ. അമൽ നീരദിന്റെ വരത്തൻ 30 കോടിക്ക് മുകളിൽ കളക്റ്റ് ചെയ്തിട്ടുണ്ട്.

ചുരുങ്ങിയ ചെലവിൽ എടുത്ത സത്യൻ അന്തിക്കാട് ചിത്രമായ 'ഞാൻ പ്രകാശൻ' നിറഞ്ഞ സദസ്സിലാണ് പ്രദർശനം തുടരുന്നത്. ഇനീഷ്യൽ റിപ്പോർട്ടുകളുടെ അടിസ്്ഥാനത്തിൽ ചിത്രം അമ്പത്്കോടി ക്ലബിൽ കയറാൻ സാധ്യതയുണ്ട്. ഫഹദിന്റെ വൺമാൻഷോ എന്ന് വിശേഷിപ്പിക്കപ്പെട്ട ഈ ചിത്രം ഈ നടന്റെ അഭിനയപാടവത്തിന്റെ അടിസ്ഥാനത്തിൽ മാത്രമാണ് ചിത്രം പിടിച്ചുനിൽക്കുന്നത്.

ടൊവീനോ എന്ന മിനിമം ഗ്യാരണ്ടി

കലാമൂല്യമുള്ള കൊച്ചു ചിത്രങ്ങൾ ഇറക്കി വിജയപ്പിക്കാൻ ടൊവീനോ തോമസ് എന്ന യുവാതാരത്തെപ്പോലെ മിടുക്കൻ വേറെയില്ല. മറഡോണ, തീവണ്ടി, ഒരു കുപ്രസിദ്ധ പയ്യൻ, എന്റെ ഉമ്മാന്റെപേര് എന്നീ ഈവർഷം ഇറങ്ങിയ ടൊവീനോയുടെ നാല് ചിത്രങ്ങളും മുടക്കുമുതൽ തിരിച്ചുപടിച്ചും. ഇതിൽ തീവണ്ടി 25കോടിക്കടുത്ത് കളക്റ്റ്ചെയ്തതായി റിപ്പോർട്ടുളുണ്ട്. ക്രിസ്മസിന് ഇറങ്ങിയ 'എന്റെ ഉമ്മാന്റെപേരും' ഹൗസ് ഫുള്ളായാണ് പ്രദർശനം തുടരുന്നുത്. സൂപ്പർ താരങ്ങൾക്കുപോലും മിനിമം ഗ്യാരണ്ടി ഉറപ്പിക്കാൻ കഴിയാത്ത ഇക്കാലത്ത്, മലയാള ചലച്ചിത്രലോകത്തെ വണ്ടൻബോയ് തന്നെയാണ് ടൊവീനോ.

പ്രതീക്ഷ നിലനിർത്തി നിവിൻ

ഹേയ്ജൂഡ് എന്ന സിനിമയിലെ സ്പെഷലി ടാലൻഡഡ് ആയ യുവാവിനെ അവതരിപ്പിച്ച് തകർത്തതാണ് നിവിൻപോളിയുടെ 2018ലെ പ്രാധാനനേട്ടം. ഈ സുന്ദര ചിത്രം പക്ഷേ അത് അർഹിക്കുന്ന രീതയിൽ മഹാവിജയം തീയേറ്റുകളിൽനിന്ന് നേടിയില്ല. എന്നാലും മുടക്കുമുതൽ തിരിച്ചുപിടിച്ച ചിത്രം തന്നെയാണിത്. വൻ പ്രചാരണവും കോടികളുടെ ബജറ്റുമായി ഇറങ്ങിയ കായംകുളം കൊച്ചുണ്ണി നൂറുകോടി ക്ലബിൽ കയറിയെന്നാണ് പ്രചാരണം. പക്ഷേ ഇത് എത്രത്തോളം വിശ്വസിക്കാമെന്ന് ഉറപ്പില്ല. എന്തായാലും ഈ രണ്ട് ചിത്രങ്ങൾ മാത്രം ചെയ്തതിനാൽ 2018ന് നിവിനും മോശവർഷമായിരുന്നില്ല.

പൃഥ്വിയുടെ വിജയം 'കൂടെ' മാത്രം

മൈ സറ്റോറി, കൂടെ, രണം എന്നീ മൂന്നുചിത്രങ്ങൾ ചെയ്ത പ്രഥ്വീരാജിന് വിജയം എത്തിയത് അഞ്ജലി മേനോന്റെ 'കൂടെ'യിൽ മാത്രമാണ്. ഇതിലെ കഥാപാത്രത്തിന് നല്ല നിരൂപക ശ്രദ്ധയും കിട്ടിയിട്ടുണ്ട്. മൈസ്റ്റോറി, രണം എന്നീ ചിത്രങ്ങൾ എന്നും വ്യത്യസ്തകൾ നൽകിയിരുന്നു ഈ നടനിൽനിന്ന് ജനം പ്രതീക്ഷതായിരുന്നില്ല. വൻ പരാജയമാറിയ ഈ ചിത്രങ്ങൾ പ്രഥ്വിയുടെ ഇമേജിനും വല്ലാതെ ദോഷം ചെയ്തിട്ടുണ്ട്. മോഹൻലാലിലെ നായകനാക്കി ലൂസിഫർ ഒരുക്കുന്ന തിരക്കിലാണ് പ്രഥ്വീരാജ് ഇപ്പോൾ. പുതുവർഷത്തിലെ അദ്ദേഹത്തിന്റെ എറ്റവും വലിയ പ്രതീക്ഷയും ഇതുതന്നെ.

വെടി തീർന്ന് ദിലീപ്

ഈ വർഷവും വിവാദനയാകനായി കത്തിനിന്ന നമ്മുടെ ദിലീപിനും ബോക്സോഫീസിൽ വെടി തീർന്നു. രാമലീലയുടെ വൻ വിജയത്തിന്റെ തുടർച്ചയുണ്ടാകുമെന്ന് കരുതി ദിലീപ് കൊണ്ടുവന്ന കമ്മാരസംഭവം എട്ടുനിലയിലാണ് പൊട്ടിയത്. പക്ഷേ ഈ വർഷത്തെയും മലയാള സിനിമയുടെ ഗോസിപ്പുകളുടെയും തർക്കങ്ങളുടെയും പ്രഭവകേന്ദ്രവും ഈ നടൻ തന്നെയായിരുന്നു.

ദുൽഖറിന്റെ നഷ്ടം; പ്രണവ് കയറി വരുന്നു

മൂൻവർഷങ്ങളിൽ തിളങ്ങിനിന്ന ദുൽഖർ സൽമാനെ ഈ വർഷം തമിഴ്, ഹിന്ദി പ്രൊജക്റ്റുകൾ മൂലം മലയാളത്തിൽ കാണാനില്ലായിരുന്നു. ഈ വർഷം ആദ്യം തന്നെ 'ഒരു യമണ്ടൻ പ്രണയകഥയുമായി' അദ്ദേഹം തിരച്ചുവരുന്നുണ്ടെന്നത് ആശ്വസിക്കാം. അപ്പോഴേക്കും മറ്റൊരു താരപുത്രൻ കൂടി മലയാളത്തിൽ കയറിവരികയാണ്. സാക്ഷാൽ പ്രണവ് മോഹൻലാൽ തന്നെ. ആദ്യ ചിത്രമായ ആദി 50 കോടി ക്ലബിൽ കയറിക്കഴിഞ്ഞു. പിതാവിനെ ഒട്ടും അനുകരിക്കായെ സ്വന്തമായി ഒരു സ്റ്റെൽ ഉണ്ടാക്കിയെടുക്കാനാണ പ്രണവിന്റെ ശ്രമം. താരപുത്രന്റെ പുതിയ ചിത്രമായ ഇരുപത്തിയൊന്നാം നൂറ്റാണ്ടിനുവേണ്ടിയും പ്രേക്ഷകർ കാത്തിരിക്കയാണ്.

ജയസൂര്യയും കുഞ്ചാക്കോ ബോബനും പിന്നെ ആസിഫലിയും

ആട് 2 വിന്റെ വിജയത്തിളക്കിൽ 2018ലേക്ക് കടന്ന ജയസൂര്യ തന്റെ മിനിമം ഗ്യാരണ്ടി കാത്ത വർഷമായിരുന്നു ഇത്. ക്യാപ്്റ്റൻ, ഞാൻ മേരിക്കുട്ടി എന്നീ രണ്ട് ചിത്രങ്ങളും വിജയമായപ്പോൾ, പ്രേതം 2 പ്രേക്ഷകർക്ക് ദഹിച്ചിട്ടില്ല. എന്നാൽ ഈ വർഷം എറ്റവും കൂടതൽ ബോറടിപ്പിച്ച നടൻ എന്ന 'ബഹുമതി' പക്ഷേ കുഞ്ചാക്കോ ബോബുനള്ളതാണ്. കുട്ടനാടൻ മാർപ്പാപ്പ, മാംഗല്യം തന്തുന്നാനേ, ജോണിജോണി യെസ് അപ്പ എന്നീ ചിത്രങ്ങളൊക്കെ വന്നതും പോയതും ആരു അറിഞ്ഞില്ല.

വർഷാവസാനം ഇറങ്ങിയ ലാൽ ജോസിന്റെ തട്ടിൻപുറത്ത് അച്യുതനെക്കുറിച്ചും അത്ര നല്ല റിപ്പോർട്ടുകൾ അല്ല പുറത്തുവരുന്നത്. ശിക്കാരി ശംഭു എന്ന ഒരു ചിത്രമാണ് കുഞ്ചോക്കേയുടെ വിജയലിസ്റ്റിലുള്ളത്. സെലക്റ്റീവ് ആകുന്നതിനെ കുറിച്ച് ഈ നടൻ ചിന്തിക്കേണ്ട സമയം അതിക്രമിച്ച് കഴിഞ്ഞിരിക്കുന്നു. അതുപോലെ ബീട്ടെക്ക് എന്ന ഒറ്റ ചിത്രമല്ലായെ ആസിഫലിക്കായി വിജയചിത്രങ്ങൾ എടുത്തുപറയാനുമില്ല.ജയാറാം അടക്കമുള്ള പഴയമ മുഖങ്ങൾ വെടിതീർന്നുവെന്നും ഈ വർഷം തെളിയിക്കുന്നു.രമേഷ് പരിഷാരടി സംവിധാനം ചെയ്ത പഞ്ചവർണ്ണ തത്തയിലും, സലീംകുമാറിന്റെ ദൈവമേ കൈ തൊഴാം കേക്കുമാറാകണം എന്ന ചിത്രത്തിലുമാണ് ജയാറം വേഷമിട്ടത്. ആദ്യത്തേതത് വിജയിച്ചപ്പോൾ രണ്ടാമത്തേത് വൻ പരാജയം എറ്റുവാങ്ങി.



നടിമാർ പൊടി പോലുമില്ല; സാന്നിധ്യം മഞ്ജു തന്നെ

കടുത്ത പുരുഷാധിപത്യം നിലനിൽക്കുന്ന മലയാളസിനിമയിൽ വന്നുവന്ന് നായികമാർക്ക് യാതൊരു വ്യക്തിത്വവുമില്ല. നടി പാർവതിയെപ്പോലുള്ളവർ അഭിപ്രായം പറഞ്ഞതിന് മൂലക്കിരിക്കുയുമാണ്. പ്രതികരിക്കുന്ന നടിമാർ ഒതുക്കപ്പെടുന്നു എന്ന പൊതുഅഭിപ്രായം ശക്തമാക്കിക്കൊണ്ടാണ് നടി പാർവതിക്കും മറ്റും അവസരങ്ങൾ നിഷേധിക്കപ്പെടുന്നത്. മൈസ്റ്റോറി, കൂടെ എന്നു രണ്ടു പ്രഥ്വീരാജ് സിനിമകളിൽ മാത്രമെ ഈ അങ്ങേയറ്റം കഴിവുള്ള ഈ നടിയെ കണ്ടിട്ടുള്ളൂ. 'കുടെ'യിൽ നസ്റിയയുടെ തിരിച്ചുവരവ് മാത്രമാണ് എടുത്തുപറയത്തക്ക ആശ്വാസം. വിവാഹശേഷം അഭിനയ ജീവിതം ഇല്ലാതാവുന്ന നടികളിൽനിന്ന് ഫഹദ് ഫാസിലിന്റെ ഭാര്യ വ്യത്യസ്തയാവട്ടെ.

പക്ഷേ പഴയ ലേഡി സൂപ്പർസ്റ്റാർ മഞ്ജുവാര്യർ തന്നെയായിരുന്നു നടികളിലെ ശക്തമായ സാന്നിധ്യം. ഏറെ കൊട്ടിഘോഷിക്കപ്പെട്ടിക്കും ഒടിയനിലെ മഞ്ജുവാര്യരുടെ പ്രകടനമെന്നും ശ്രദ്ധിക്കപ്പെട്ടില്ല. 'മോഹൻലാൽ' എന്ന ചിത്രത്തിലെ മഞ്ജുവിന്റെ റോളായിരുന്നു തമ്മിൽ ഭേദം. കമലിന്റെ ആമിയിലെ മാധവിക്കുട്ടിയുടെ വേഷവും എങ്ങുമെത്തിക്കാൻ ഇവർക്കായില്ല. ഒരു നായകൻ ഒപ്പം ഒരു പുതുമുഖ നായിക എന്ന രീതിയിൽ തളച്ചിടപ്പെട്ടിരിക്കയാണ് മലയാളത്തിലെ സ്ത്രീ കഥാപാത്രങ്ങൾ. സുഡാനി ഫ്രം നൈജീരിയയിലെ രണ്ട് ഉമ്മമാർ മാത്രമായിരുന്നു ഇതിന്റെ എക അപവാദം. വരത്തിനിലെ ഐശര്യലക്ഷ്മയുടെ അഭിനയവും ശ്രദ്ധിക്കപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP