Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202022Tuesday

ഫാൻസിന് മാസ്... അല്ലാത്തവർക്ക് ലോസ്! മധുരരാജ മമ്മൂട്ടി ഫാൻസിനുവേണ്ടി മാത്രമുള്ള ടെയിലർ മെയ്ഡ് മാസ് മൂവി; ബുദ്ധിയും യുക്തിയും പണയം വെച്ചവർക്കേ ചിത്രം അതേപടി വിഴുങ്ങാൻ സാധിക്കൂ; സറ്റയർ വഴിതെറ്റിയപ്പോൾ പലയിടത്തും മമ്മൂട്ടിയുടേത് ബഫൂൺ വേഷം; പ്രതീക്ഷയുണർത്തുന്ന ഒന്നാം പകുതിക്കുശേഷം ചിത്രം വിരസം; പെരും കത്തിയെന്ന് പറയിപ്പിക്കുന്ന സംഘട്ടനങ്ങൾ ബാധ്യത; പുലിമുരുകന്റെ ഏഴയലത്ത് എത്തിക്കാൻ ആകാതെ സംവിധായകൻ വൈശാഖ്

ഫാൻസിന് മാസ്... അല്ലാത്തവർക്ക് ലോസ്! മധുരരാജ മമ്മൂട്ടി ഫാൻസിനുവേണ്ടി മാത്രമുള്ള ടെയിലർ മെയ്ഡ് മാസ് മൂവി; ബുദ്ധിയും യുക്തിയും പണയം വെച്ചവർക്കേ ചിത്രം അതേപടി വിഴുങ്ങാൻ സാധിക്കൂ; സറ്റയർ വഴിതെറ്റിയപ്പോൾ പലയിടത്തും മമ്മൂട്ടിയുടേത് ബഫൂൺ വേഷം; പ്രതീക്ഷയുണർത്തുന്ന ഒന്നാം പകുതിക്കുശേഷം ചിത്രം വിരസം; പെരും കത്തിയെന്ന് പറയിപ്പിക്കുന്ന സംഘട്ടനങ്ങൾ ബാധ്യത; പുലിമുരുകന്റെ ഏഴയലത്ത് എത്തിക്കാൻ ആകാതെ സംവിധായകൻ വൈശാഖ്

എം മാധവദാസ്

ഫാൻസിനുവേണ്ടിയുള്ള ടെയിലർ മെയ്ഡ് മമ്മൂട്ടി മാസ് മൂവി! പുലിമുരുകനിലൂടെ മലയാള സിനിമയെ ആദ്യമായി നൂറുകോടി ക്ലബ്ബിലെത്തിച്ച സംവിധായകൻ വൈശാഖ്, മെഗാ സ്റ്റാർ മമ്മൂട്ടിയെ നായകനാക്കിയെടുത്ത മധുര രാജയെ അങ്ങനെ മാത്രമേ വിശേഷിപ്പിക്കാൻ കഴിയൂ. ഈ ചിത്രത്തിന്റെ വിലയിരുത്തൽ നിങ്ങൾ ഒരു മമ്മൂട്ടി ആരാധകൻ ആണോ അല്ലയോ എന്നതിനെ അടിസ്ഥാനമാക്കിയായിരിക്കും. ഒരു മമ്മൂട്ടി ആരാധകന് തൃപ്തിപ്പെടാനുള്ള എല്ലാ ഘടകങ്ങളും ചിത്രത്തിലുണ്ട്. 

മമ്മൂട്ടിയുടെ കൊലമാസ് എൻട്രിയുണ്ട്, ഗംഭീര സംഘട്ടനങ്ങളുണ്ട്, മുറി ഇംഗ്ലീഷിലുള്ള നർമ്മ സംഭാഷണമുണ്ട്, സണ്ണി ലിയോണുമൊത്തുള്ള ഐറ്റം ഡാൻസുണ്ട്, ഇടക്ക് പഞ്ച് ഡയലോഗും, ബാക്ക്ഗ്രൗണ്ടിൽ മാസ് സിനിമക്കായുള്ള മ്യൂസിക്കുമുണ്ട്. മമ്മൂട്ടിയെ അദ്ദേഹത്തിന്റെ ആരാധകർ എങ്ങനെയാണ് കാണാൻ ആഗ്രഹിക്കുന്നത് ആ രീതിയിലാണ് വൈശാഖ് സിനിമ സെറ്റ് ചെയ്തിരിക്കുന്നത്. അതുകൊണ്ടുതന്നെ ആർപ്പുവിളിച്ചും ജയഭേരി മുഴക്കിയുമൊക്കെയാണ് ഇക്കാ ഫാൻസ് തീയേറ്റർ വിട്ടുപോകുന്നത്. അതുകൊണ്ടുതന്നെ പുലിമുരുകനെയും ലൂസിഫറിനെയുപോലെ ഒരു ബ്ലോക്ക് ബസ്റ്റർ മൂവിയായി മാറില്ലെങ്കിലും മധുരരാജയും സാമ്പത്തികമായി വിജയിക്കുമെന്ന് ഉറപ്പാണ്.

പക്ഷേ നിങ്ങൾ ഒരു മമ്മൂട്ടി ആരാധകനല്ലാത്ത സാധാരണ പ്രേക്ഷകനാണെങ്കിൽ പണി പാളും. പാണ്ടിപ്പടം എന്ന് അൽപ്പം വംശീയത കലർത്തി നാം പരിഹസിച്ചിരുന്ന, രജനീകാന്തിന്റെയും സത്യരാജിന്റെയും ആയകാലത്തെ തമിഴപടംപോലെയാണ് ഇത് നമുക്ക് തോന്നുക. ബുദ്ധിയും യുക്തിയും പണയം വെച്ചവർക്കേ ഈ ചിത്രം അതേപടി വിഴുങ്ങാൻ സാധിക്കൂ. ഒരു നല്ല തുടക്കം, പാട്ട് ഒരു സ്റ്റണ്ട് അൽപ്പം കോമഡി അവസാനം ഒരു കൊലമാസ് ക്ലൈമാക്സ്. ഉദയകൃഷ്ണക്ക് ഈ ഫോർമുലയിൽനിന്ന് ഒരിക്കലും മാറ്റിപ്പിടിക്കാൻ കഴിയുന്നില്ല. കാക്കത്തൊള്ളായിരം വട്ടം കേട്ടുതേഞ്ഞുപോയ ഈ കഥയെടുത്ത് ഒരിക്കൽ കൂടി കറക്കിക്കുത്തുകയാണ്. അതുതന്നെയാണ് ഈ ചിത്രത്തിന്റെ പ്രധാന പരിമിതിയും.

Stories you may Like

ഇനി വൈശാഖിന്റെ സംവിധാനത്തിനും വലിയ മാർക്ക് കൊടുക്കാനൊന്നും കഴിയില്ല. പലഷോട്ടുകളിലും വൈശാഖ് തന്റെ തന്നെ ചിത്രമായ പുലിമുരുകനെ അനുകരിക്കുന്നുണ്ട്. ചിത്രത്തിന്റെ ടീസർ ഇറങ്ങിയപ്പോൾ സോഷ്യൽ മീഡിയയിൽ ഉയർന്ന ഈ വിമർശനം, ചിത്രം കണ്ടാൽ ശരിവെക്കേണ്ടിവരും. ക്ലൈമാക്സിലെ ചില സംഘട്ടന രംഗങ്ങളൊക്കെ പുലിമുരുകനിൽനിന്ന് കോപ്പി പേസ്റ്റ് ചെയ്തപോലെയാണ് തോന്നുക. പക്ഷേ പുലിമുരുകൻ ഉയർത്തുന്ന ത്രില്ലിന്റെ ഏഴ് അയലത്ത് ചിത്രത്തെ കൊണ്ട് എത്തിക്കാൻ സംവിധായകന് കഴിയുന്നില്ല. ചടുലവും സംഭവ ബഹുലവുമായ ഒന്നാം പകുതിക്കുശേഷം രസംകൊല്ലിയാവുകയാണ് രണ്ടാം പകുതി. ഈ ചിത്രത്തിന്റെ ഏറ്റവും വലിയ ബാധ്യതയും അതുതന്നെയാണ്.

ഗുണ്ടകളും പോക്കിരികളും റീലോഡഡ്

പോക്കിരിരാജയെന്ന ഒന്നാം ഭാഗം സിനിമയിൽനിന്ന് കഥാഘടനയിൽനിന്ന് പറയത്തക്ക വത്യാസമൊന്നുമില്ല മധുര രാജക്ക്. തമിഴ്‌നാട് മധുരയിലെ ഗജപോക്കിരിയും കോടീശ്വരനുമായ രാജ, പതിവുപോലെ തന്റെ അചഛൻ ഒരു പ്രശ്‌നത്തിൽ അകപ്പെടുമ്പോൾ, കൊച്ചിയിലെ പാമ്പിൻ തുരുത്ത് എന്ന കുഗ്രാമത്തിലേക്ക് പരിവാര സമേതം ഓടിയെത്തുകയാണ്. പത്തമ്പത് ശിങ്കിടികളുമൊത്തുള്ള രാജയുടെ സ്പീഡ്ബോട്ടിലുള്ള വരവ് കാണുമ്പോൾ ഫാൻസുകാർ ആർക്കുന്നുണ്ടെങ്കിലും, തലയിൽ ആൾത്താമസമുള്ളവർ ചിരിക്കണോ കരയണോ എന്ന അവസ്ഥയിലായിപ്പോവുകയാണ്. എല്ലാ ടിപ്പിക്കൽ പോക്കിരി കഥകളെപ്പോലെ ഗജകേമനായ നായകനെ, കിടപിടിക്കുന്ന ഒരു വില്ലനും ഉണ്ടാകണമെല്ലോ.

പാമ്പിൻ തുരത്തിനെ അടക്കിഭരിക്കുന്ന നടേശൻ ( പുലിമുരകൻ ഫെയിം ജഗപതി റാവു) എന്ന മദ്യമുതലാളിയും ഇപ്പോൾ ഹോസ്പിറ്റലുകൾ അടക്കമുള്ള നിരവധി വ്യവസായ ശൃംഖലകളുമുള്ള വ്യക്തിയാണ് ചിത്രത്തിലെ വില്ലൻ. പണ്ട് ജോസ്പ്രകാശിന്റെ വില്ലൻ, തന്റെ എതിരാളികളെ മുതലക്കുഞ്ഞുങ്ങൾക്ക് എറിഞ്ഞുകൊടുക്കുന്നതുപോലെ, വേട്ടപ്പട്ടികളെ വിട്ട് കടിപ്പിച്ച് കൊല്ലുകയാണ് നടേശന്റെ ഹോബി! പാവം കാലം മാറുന്നെതാന്നും നമ്മുടെ തിരക്കഥാകൃത്തുക്കൾ അറിയുന്നില്ലല്ലോ. പുലിമുരുകനിൽ മുരുകൻ വില്ലനെ പുലിക്ക് കൊടുക്കുന്നപോലെ ഇവിടെ നായ്ക്കൾക്ക് വില്ലനെ ഇട്ടുകൊടുക്കയാണ്. എന്തൊരു വെറൈറ്റി!

നായകനെയും വില്ലനെയും സെറ്റ് ചെയ്ത് കഴിഞ്ഞാൽ പിന്നെ അവർ തമ്മിലുള്ള മൗസ് ആൻഡ് ക്യാറ്റ് ഗെയിമാണ്. ഇടക്ക് ബോയിങ്ങ് ബോയിങ്ങിൽ ജഗതിയുടെ കഥാപാത്രം പറയുന്നപോലെ സൈഡ് ട്രാക്കായി ഒരു പ്രണയവും കൊടുക്കാം. കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും ഒന്നാം പകുതി ബോറടിപ്പിക്കാതെ എടുക്കാൻ സംവിധായകന് ആയിട്ടുണ്ട്. എന്നാൽ രണ്ടാം പകുതി പലപ്പോഴും ബാധ്യതയാവുകയാണ്. ആ നാട്ടിൽ ഉപതെരഞ്ഞെുപ്പ് വരുന്നതും, വില്ലൻ സ്ഥാനാർത്ഥിയാവുമ്പോൾ മറുഭാഗത്ത് നായകനും വരുന്നതുമെല്ലാം ചിത്രത്തിന്റെ വേഗതയെ ബാധിക്കുന്നു എന്ന് മാത്രമല്ല, പലയിടത്തും വിരസതയിലേക്കും കൊണ്ടുപോകുന്നു.

( ഒരു കൗമാരപ്രേക്ഷകൻ കമന്റിട്ടപോലെ സണ്ണി ലിയോണിന്റെ ഐറ്റം ഡാൻസ് മാത്രമാണ് ഒരു ആശ്വാസം!) അവസാനത്തെ പത്തുമിനിട്ട് അങ്ങോട്ട് അടിയുടെ പൂരമാണ്. പിക്കാസും കൈക്കോട്ടും കൊടുവാളും വടിവാളുമായൊക്കെ വരുന്ന വില്ലന്മാരെ മമ്മുട്ടി അടിച്ചു പറത്തുകയാണ്. പെരും കത്തി എന്നു പറയുന്ന ഈ സംഘട്ടന രംഗങ്ങളാണ് പീറ്റർ ഹെയിനൊക്കെ ഒരുക്കുന്നത്. നായകൻ സൂപ്പർസ്റ്റാർ ആയാൽ പിന്നെ സംഘട്ടനത്തിൽ യുക്തിയൊന്നും വേണ്ട. ദയനീയമാണ് മലയാള സിനിമയുടെ പ്രതിഭാശോഷണം.

മമ്മൂട്ടി മാസാക്കി പക്ഷേ...

വാണിജ്യ വിജയങ്ങൾ അടിക്കടി ആവശ്യമുള്ള ഒരു വ്യവസായത്തിൽ ഇതുപോലുള്ള വേഷങ്ങൾ മമ്മൂട്ടിക്കും കെട്ടിയാടേണ്ടി വരും. പക്ഷേ ഒരു നടനെന്ന രീതിയിൽ നോക്കുമ്പോൾ മമ്മൂട്ടിയുടെത് പലപ്പോളും ഒരു കോമാളി വേഷംപോലെയാണ് തോന്നുക. (മമ്മൂട്ടിക്ക് ദേശീയ അവാർഡ് കിട്ടുമെന്ന് കരുതപ്പെടുന്ന തമിഴ് ചിത്രം പേരൻപ് ഒക്കെ കണ്ട്, ഈ പടം കണ്ടാൽ ഒരുതരം ഓക്കാനം വരും.) സറ്റയർ ആയിട്ടുമില്ല, പക്ഷേ പ്ലെയിൻ കോമഡി ആയിട്ടുമില്ല. പലയിടത്തും ഈ കഥാപാത്രം ഒരു ബഫൂൺപോലെയാണ് തോന്നുന്നത്.ഇത് പാത്ര സൃഷ്ടിയിൽ സംവിധായകനും തിരക്കഥാകൃത്തുക്കൾക്കും പറ്റിയ ഗുരുതര പാളിച്ച തന്നെയാണ്. രാജമാണിക്യത്തിലെ ബെല്ലാരി രാജയായൊക്കെ ഹ്യൂമർ എത്ര നന്നായിട്ടാണ് മമ്മൂട്ടി ചെയ്തിരിക്കുന്നതെന്ന് നോക്കുക.

പക്ഷേ തന്റെ പ്രായത്തെ മെരുക്കിക്കൊണ്ട് മമ്മൂട്ടി നടത്തുന്ന മേക്കോവറിലാണ് ആരും വീണുപോവുക. (ഏതാണ്ട് സമപ്രായക്കാരനായ നെടുമുടിവേണുവാണ് മമ്മൂട്ടിയുടെ പിതാവായി എത്തുന്നതെന്നും ഓർക്കണം!) കപ്പടാമീശയും സിംഹമോതിരവും സ്വർണ്ണമാലയുമൊക്കെയായി, വൈറ്റ് ആൻഡ് വൈറ്റ് വേഷത്തിൽ എത്തുന്ന മമ്മൂട്ടിയുടെ പ്രസരിപ്പ് യുവതാരങ്ങളെപ്പോലും അമ്പരപ്പിക്കുന്നു. സംഘട്ടന രംഗങ്ങളിലെ മമ്മൂക്കയുടെ പ്രകടനവും ആരാധകരെ കൈയടിപ്പിക്കുന്ന രീതിയിലാണ്. അതായത് കഥാപാത്രത്തിന്റെ ബിൽഡപ്പ് നന്നായി, പക്ഷേ ക്രിയേഷനാണ് മോശമായത്. അതിന് മമ്മൂട്ടിയെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. സംവിധായകനും തിരക്കഥാകൃത്തുക്കളും തന്നെയാണ് ഇക്കാര്യത്തിൽ ഒന്നാം പ്രതി.

അനുശ്രീയുടെ നായികാ കഥാപാത്രം മോശമായിട്ടില്ല. ഇടക്ക് ചളിയായി പോകുന്നുണ്ടെങ്കിലും സലീം കുമാറിന്റെയും അജുവർഗീസിന്റെയും കോമഡികൾക്കും കൗണ്ടറുകൾക്കും കൈയടി കിട്ടുന്നുണ്ട്. പുലിമുരുകനിൽ ഡാഡി ഗിരിജയായി വന്ന് വിറപ്പിച്ച ജഗപതി റാവു, മധുരരാജയിലും അതിലും ക്രൂരനായ ടൈപ്പ് വില്ലനായി എത്തുന്നുണ്ട്. പക്ഷേ ചിത്രത്തിൽ ശരിക്കും തിളങ്ങിയത് രാജയുടെ മധുരയിലെ അനുജനായി വന്ന തമിഴ് നടൻ ജെയ് ആണ്. അഭിനയത്തിൽ ഈ നടന്റെ അത്ര സൂക്ഷ്മത പുലർത്താൻ മറ്റാർക്കും അയിട്ടില്ല. ക്യാമറക്ക് പിന്നിൽ ഷാജികുമാർ ആവുമ്പോൾ ഒന്നും പ്രത്യേകം എഴുതേണ്ടതില്ല. ചിത്രത്തിന്റെ ഡപ്പാക്കൂത്ത് സംഗീതവും ഫാൻസിനെ ലക്ഷ്യമിട്ടുകൊണ്ടുതന്നെ. ഗോപീസുന്ദറിന്റെ പാട്ടുകളുടെ പതിവ് നിലവാരം ഈ പടത്തിലില്ല.

വാൽക്കഷ്ണം: മലയാള വാണിജ്യ സിനിമയിലെ ഏറ്റവും മോശമായ ഒരു ട്രെൻഡിന്
തുടക്കമിട്ട സിനിമയായിരുന്നു പോക്കിരിരാജ. അതുവരെ മിനിമം നിലവാരമില്ലാത്ത ചിത്രങ്ങൾ ഹിറ്റാകാറില്ലായിരുന്നു. പക്ഷേ മമ്മൂട്ടിയുടെയും പൃഥ്വീരാജിന്റെയും താരപ്പുളപ്പിൽ ചിത്രം കയറി ഹിറ്റായി. നൂറ് നല്ല ചിത്രം പരാജയപ്പെട്ടാലും കിട്ടാത്ത ആഘാതമാണ് ഒരു മോശം ചിത്രം ഹിറ്റായാൽ കിട്ടുക. താരങ്ങളെ വെച്ച് എന്ത് കോപ്രായം എടുത്താലും കാണാൻ ആളുണ്ടാകുമെന്ന ആത്മവിശ്വാസം നിർമ്മാതാക്കൾക്ക് കൊടുത്തതിൽ പോക്കിരിരാജക്ക് വലിയ പങ്കുണ്ട്. ഇപ്പോൾ ഇതും പോരാഞ്ഞിട്ട്‌പോക്കിരിരാജയുടെയും, മധുരരാജയുടെയും മൂന്നാംഭാഗം അണിയറയിൽ ഒരുങ്ങാനുള്ള എല്ലാ സാധ്യതയും നിലനിർത്തിയാണ് സംവിധായകൻ ചിത്രം അവസാനിപ്പിക്കുന്നത്. പേര് മിനിസ്റ്റർ രാജ. ജഗതി പറഞ്ഞപോലെ 'ഇനിയും വരില്ലേ ഇതു വഴി ആനകളെയും തെളിച്ച്' എന്നേ പറയാനുള്ളൂ.

(നിരൂപണം ലേഖകന്റെ വ്യക്തിപരമായ അഭിപ്രായം മാത്രം)

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP