Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202019Saturday

ലുക്കിൽ മാത്രം ഒതുങ്ങുന്ന 'ലൂക്ക'; കെട്ടിലും മട്ടിലുമുള്ള പുതുമ സിനിമ മൊത്തം കാണുമ്പോൾ പുകയാവുന്നു; സീനുകളുടെ ദൃശ്യഭംഗി പ്രകടമെങ്കിലും കഥ തല്ലിക്കൂട്ടിയതുതന്നെ; റിയലിസ്റ്റ് സിനിമയെന്ന പുതിയ ട്രൻഡ് പലയിടത്തും ഇഴച്ചിലിലേക്ക് നീങ്ങുന്നു; ചത്ത സംഭാഷണങ്ങളും ആസ്വാദനത്തിന് തടസ്സം; ആശ്വാസമായത് ടൊവീനോയുടെ ഗെറ്റപ്പും ചുറുചുറുക്കും തന്നെ; നടിയെന്ന നിലയിൽ കഴിവുതെളിയിച്ച് അഹാന കൃഷ്ണകുമാർ; നവാഗത സംവിധായകൻ അരുൺ ബോസിന്റെ ലൂക്ക ശരാശരിക്കപ്പുറം എത്തുന്നില്ല

ലുക്കിൽ മാത്രം ഒതുങ്ങുന്ന 'ലൂക്ക'; കെട്ടിലും മട്ടിലുമുള്ള പുതുമ സിനിമ മൊത്തം കാണുമ്പോൾ പുകയാവുന്നു; സീനുകളുടെ ദൃശ്യഭംഗി പ്രകടമെങ്കിലും കഥ തല്ലിക്കൂട്ടിയതുതന്നെ; റിയലിസ്റ്റ് സിനിമയെന്ന പുതിയ ട്രൻഡ് പലയിടത്തും ഇഴച്ചിലിലേക്ക് നീങ്ങുന്നു; ചത്ത സംഭാഷണങ്ങളും ആസ്വാദനത്തിന് തടസ്സം; ആശ്വാസമായത് ടൊവീനോയുടെ ഗെറ്റപ്പും ചുറുചുറുക്കും തന്നെ; നടിയെന്ന നിലയിൽ കഴിവുതെളിയിച്ച് അഹാന കൃഷ്ണകുമാർ; നവാഗത സംവിധായകൻ അരുൺ ബോസിന്റെ ലൂക്ക ശരാശരിക്കപ്പുറം എത്തുന്നില്ല

എം മാധവദാസ്

'സുന്ദരിയായ യുവതിക്ക് കോങ്കണ്ണുവന്നതുപോലെയാണ് ഈ കഥ'! ഒരു യുവകഥാകൃത്തിന്റെ കഥയെ വിലയിരുത്തിക്കൊണ്ട് നിരൂപകൻ എം കൃഷ്ണൻ നായർ തന്റെ പ്രശസ്തമായ 'സാഹിത്യവാരഫലത്തിൽ' ഒരിക്കൽ എഴുതിയതാണ്, നവാഗത സംവിധയാകനായ അരുൺബോസ്, ന്യൂജൻ വണ്ടർബോയ് ടൊവീനോ തോമസിനെ നായകനാക്കി എടുത്ത 'ലൂക്ക' എന്ന സിനിമ കണ്ടപ്പോൾ ഓർമ്മ വന്നത്. ആധുനിക ലിംഗനീതിയുടെ അളവുകോലുകൾ വെച്ചുകൊണ്ട് ഇന്ന് സ്ത്രീവിരുദ്ധമാണെന്ന് തോന്നിക്കുന്ന ഇത്തരം ഉപമ പറയാൻ കൃഷ്ണൻനായരെ പ്രേരിപ്പിച്ചത്, ഗംഭീരമായ ഒരു പ്രമേയത്തെ എഴുതി കുളമാക്കിയത് കണ്ടപ്പോഴാണ്. നമ്മുടെ ലൂക്കയും ഏതാണ്ട് അതുപോലെതന്നെയാണ്.

കെ ജി ജോർജിന്റെ 'യവനിക', 'ഈ കണ്ണികൂടി' തുടങ്ങിയ ചിത്രങ്ങളെപ്പോലെ റിയലസിസ്റ്റിക്ക് ഇൻവസ്റ്റിഗേഷൻ സ്റ്റോറിയും ഒപ്പം ഫാമിലിഡ്രാമയും പറഞ്ഞ് ഉദ്വേഗഭരിതമാക്കാമായിരുന്ന ഈ പടത്തെ, ആകെ അങ്ങോട്ട് ഇഴപ്പിച്ച് വലിച്ചുനീട്ട് നശിപ്പിച്ചിരിക്കയാണ്. 'യവനിക'ക്ക് 'ചാർലി'യിൽ ഉണ്ടായതുപോലുള്ള ഒരു പടമാക്കാവുന്ന കഥ, റിയലിസത്തിന്റെപേരിലുള്ള ജാഡ ആഖ്യാനത്തിലൂടെ പ്രേക്ഷകരുടെ ക്ഷമ പരീക്ഷിക്കുന്നു. എന്നാലോ കെട്ടിലും മട്ടിലും പുതുമ ഒട്ടേറെയുണ്ടുതാനും. സ്‌ക്രാപ്പ് ആർട്ടിസ്റ്റും പെയിന്റുമായ ലൂക്കയുടെ ജീവിതം, ദുൽഖർ സൽമാന്റെ ചാർളിപോലെ അങ്ങേയറ്റം വർണാഭം തന്നെയാണ്. അൽപ്പം അരക്കിറക്കും കലാകാരന്റെ അനിശ്ചിത്വവും ഒപ്പം മരണവുമായി ബന്ധപ്പെട്ട എന്തു കാണുമ്പോഴും ഫോബിയ ഉണ്ടാകുന്നവനുമായ ടൊവീനോയുടെ ലൂക്കയുടെ ബിൽഡപ്പ് കേമം തന്നെയാണ്. അയാൾക്കൊപ്പം, ചെറുപ്പത്തിലെ ഗാർഹിക ലൈംഗിക പീഡനമേറ്റതിന്റെ മാനസിക വ്യഥപേറുന്ന, എന്നാൽ അതുമറന്ന് ജീവിതത്തെ സ്നേഹിക്കാൻ പഠിക്കുന്ന അഹാനകൃഷ്ണകുമാർ അവതരിപ്പിക്കുന്ന നിഹാരിക ബാനർജി എന്ന നായിക കൂടിയാവുന്നതോടെ ചില രംഗങ്ങളൊക്കെ അങ്ങോട്ട് പൊളിക്കയാണ്. അതാണ് പ്രശ്നവും. മികവ് ചില രംഗങ്ങളിൽ മാത്രമാണ്. ടോട്ടാലിറ്റിയിൽ വെറും പുകമാത്രം. ഈ രംഗങ്ങളൊക്കെ ട്രയിലറും ടീസറും പോസ്റ്ററുമായി ഇറക്കുമ്പോൾ നമുക്ക് പ്രതീക്ഷ വരിക ഇതൊരു വൻ സംഭവമാണെന്നാണ്. പക്ഷേ, അത് ലുക്കിൽ മാത്രമേയുള്ളൂ. വർക്കിലില്ല!

Stories you may Like

പേരെഴുതികാണിച്ചതിന് ശേഷമുള്ള ആദ്യ സീനിൽ തന്നെ നായകൻ മഴയത്ത് മരിച്ച് കിടക്കുന്നത് കാണിച്ചുകൊണ്ട് തുടങ്ങുന്ന ലൂക്കയിൽ പ്രതീക്ഷകളും ഏറെയായിരുന്നു. തുടർന്ന് നടക്കുന്ന പൊലീസ് അന്വേഷണവും, ലൂക്കയുടെയും നിഹാരികയുടെയും ഫ്ളാഷ് ബാക്കും സമാന്തരമായി മുന്നേറുന്നു. ആയാൾ സ്ലോ പോയസനിങ്ങ ്പോലെ വിഷം ഉള്ളിൽച്ചെന്നുമരിച്ചുവെന്ന പോസ്റ്റുമോർട്ടം റിപ്പോർട്ട് പൊലീസിൽ സംശയങ്ങൾ ഉണ്ടാക്കുന്നു. ജീവിതത്തെ അത്രമേൽ സ്നേഹിച്ചിരുന്ന അയാൾ എന്തിന് വെറുതേ ആത്മാഹുതി ചെയ്യണം. ഇതുസംബന്ധിച്ച അന്വേഷണത്തിനിടയിലാണ് ഒരാഴ്ച മുമ്പ് സമാനമായ സാഹചര്യത്തിൽ അയാളുടെ കാമുകിയും ഇതുപോലെ വിഷം കഴിച്ചു മരിച്ചുവെന്ന് അറിയുന്നത്. ഇത്തരത്തിലുള്ള ഒരു അസാധാരണമായ കഥാപരിസരം ചിത്രത്തിനുണ്ട്. പക്ഷേ അത് വേണ്ടരീതിയിൽ അവതരിപ്പിക്കാൻ സംവിധായകന് കഴിഞ്ഞിട്ടില്ല.

റിയലിസം ഒരു ബാധയാവുന്നോ?

ഈ പടത്തിലെ ഏറ്റവും വലിയ പ്രശ്നം, ടൊവീനയുടെയും അഹാനയുടെയും മനോഹരമായ ഫ്ളാഷ്ബാക്കിനൊപ്പം സമാന്തരമായി നീങ്ങുന്ന പൊലീസ് കഥയാണ്. അതിൽ ഇൻവസ്റ്റിഗേറ്റിങ്ങ് ഓഫീസറായ യുവ നടന്റെ കുടുംബ പ്രശ്നങ്ങളൊക്കെ കടന്നുവരുന്നുണ്ട്. ഒന്നാന്തരം ബോറടിയും വലിപ്പിക്കലുമാണ് ഈ രംഗത്ത് ഉണ്ടാകുന്നത്. അതുപോലെ പതിഞ്ഞ താളത്തിൽ നീങ്ങുന്നത് വലിയ പുതുമയും റിയലിസവുമാണെന്ന മിഥ്യാധാരണ സംവിധായകനെ പിടികൂടിയിട്ടുണ്ട്. രണ്ടാം പകുതിയിലെ പല രംഗങ്ങളുടെയും സമയത്ത് പ്രേക്ഷകർ മൊബൈലിൽ നോക്കിയിരിക്കുന്നത്, സിനിമ എത്രമാത്രം ആസ്വാദ്യകരമാണ് എന്നതിന്റെ വ്യക്തമായ സൂചനയാണ്. ഈ പൊലീസുകാരനെ മഴയത്ത് വീട്ടിൽ കൊണ്ടുവിടുന്നതൊക്കെ നാലഞ്ചു പ്രാവശ്യം ചിത്രത്തിൽ കടന്നുവരുന്നുണ്ട്. സീരിയലുകാർ എപ്പിസോഡ് വലിച്ചു നീട്ടാൻ ഇടുന്ന രംഗങ്ങൾ പോലെയാണ ഇവ തോന്നുന്നത്. എന്നാൽ ടൊവീനോയും അഹാനയും കടന്നുവരുന്ന രംഗങ്ങളിലൊക്കെ ചിത്രത്തിന് ജീവൻ വെക്കുന്നുമുണ്ട്. ചിലയിടത്ത് കുറിക്കുകൊള്ളുന്ന സംഭാഷണങ്ങളാണ് ഉള്ളതെങ്കിൽ മറ്റു ചിലയടിത്ത്, പ്രത്യേകിച്ചും ഈ പൊലീസ് കഥകളിൽ ചത്ത സംഭാഷണങ്ങളാണ് ഏറെയും. നാടക രംഗങ്ങളെപോലെയാണ് ചില സീനുകൾ തോനുന്നത്. ഈ പൊലീസുകാരന്റെ കാമുകി കൊടുത്ത പ്രിയപ്പെട്ട പൂച്ച ചത്തുകിടക്കുന്ന രംഗമുണ്ട്. അതിനെ 'പൂച്ചേ... പൂച്ചേ' എന്ന് വേലക്കാരി നീട്ടിവിളിക്കുന്നതൊക്കെ തീയേറ്ററിൽ കോമഡിയായി മാറുന്നു.

ന്യൂജൻ തരംഗത്തോടൊപ്പമാണ് മലയാള സിനിമയിൽ റിയലിസം വന്നുതുടങ്ങിയത്. സാധാരണക്കാർ സംസാരിക്കുന്ന പച്ചയായ ഭാഷയും, സ്വാഭാവികമായ ചലനങ്ങളുമൊക്കെ പ്രേക്ഷകർ സ്വീകരിക്കാൻ തുടങ്ങിയതും ഇതോടെയാണ്. ഇന്ന് റിയലിസ്റ്റിക് സിനിമകളും മാസ്സ് എന്റർറ്റെയ്നറുകളും ഒരേ പോലെ പ്രേക്ഷകർ ഏറ്റെടുക്കുന്നു. പക്ഷേ ഇവിടെ റിയലിസ്റ്റിക്ക് സിനിമയുടെ പാറ്റേണിലാണ് ചിത്രം നിർമ്മിച്ചിരിക്കുന്നതെങ്കിലും, പ്രേക്ഷകരെ മുഴുവൻ സമയവും എൻഗേജ് ചെയ്യിപ്പിക്കുന്നതിന് അതിന് ആവുന്നില്ല. ഇടക്ക് നല്ല ഷോട്ടുകൾ വരുമ്പോൾ സ്‌ക്രീനിലേക്ക് തിരിയുന്ന പ്രേക്ഷക ശ്രദ്ധ ഉടനെ തൊട്ടടുത്ത സീനുകളിലെ മന്ദതാളത്തിൽ നഷ്ടമാവുന്നു. റിയലിസം നമ്മുടെ യുവ സംവിധായകർക്ക് ഒരു ഒഴിയാബാധയാവുന്നുണ്ട്. ലോക ക്ലാസിക്കുകളിൽ ഇടം പിടിച്ച റിയലിസ്റ്റിക്ക് സിനിമകൾ നോക്കുക. അത് ആദ്യഷോട്ടുതൊട്ട് കണ്ണെടുക്കാൻ കഴിയാത്ത വിധം നിങ്ങളെ വശീകരിച്ചുകളയും. പക്ഷേ ഇവിടെ അതുപോലെ ഹൃദയത്തിൽ തൊടുന്ന രീതിയിൽ രംഗങ്ങൾ ഒരുക്കാൻ അണിയറ ശിൽപ്പികൾക്ക് കഴിയുന്നില്ല.

ഇനി ലോജിക്ക് അഥവാ കാര്യകാരണം ബന്ധം എന്നതിനോട് എത്ര കണ്ട് കഥ നീതികരിക്കുന്നുവെന്ന് പ്രേക്ഷകർ കണ്ടുതന്നെ അറിയട്ടെ. ഇരുവരുടെയും മരണകാരണമൊക്കെ എത്രമാത്രം യുക്തിഭദ്രമാണെന്ന് പ്രേക്ഷകന് തോന്നുന്നതിനെ അനുസരിച്ചായിരിക്കും ഈ ചിത്രത്തിന്റെ സാമ്പത്തിക വിജയവും.

പറയിപ്പിക്കാതെ ടൊവീനോ; പ്രതീക്ഷയായി അഹാന

മലയാളത്തിലെ യുവ നടന്മാരിൽ ഇന്ന് ഏറ്റവും കൂടതൽ മിനിമം ഗ്യാരണ്ടിയുള്ള നടനാണ് ടൊവീനോ തോമസ്. തുടർച്ചയായ വിജയങ്ങളിലുടെ തന്റെ കരിയർ ഉയർത്തുന്ന ഈ യുവ നടൻ തന്നെയായിരുന്നു, ഈ പടം കാണുനുള്ള ഏറ്റവും വലിയ പ്രലോഭനവും. ധനുഷിന്റെ വില്ലനായി എത്തിയ 'മാരി 2', പൃഥ്വിരാജിന്റെ മോഹൻലാൽ ചിത്രം ലൂസിഫർ, പാർവ്വതി നായികയായ 'ഉയരെ', ആഷിക്ക് അബുവിന്റെ 'വൈറസ്' എന്നിങ്ങനെ ടൊവീനോയുടേതായി അവസാനം തീയേറ്ററുകളിലെത്തിയ ചിത്രങ്ങൾ ഒക്കെ അദ്ദേഹത്തിന്റെ സോളോ ഹീറോ പെർഫോമൻസിൽ നിൽക്കുന്നവയായിരുന്നില്ല. 'എന്റെ ഉമ്മാന്റെ പേരി'നും 'ആൻഡ് ദ ഓസ്‌ക്കാർ ഗോസ് ടു' വിനും ശേഷം ടൊവീനോയുടേതായി പുറത്തിറങ്ങിയ ചിത്രമായിരുന്നു ഇത്. പക്ഷേ ഈ പടത്തിലും ടൊവീനോ പ്രതീക്ഷ കാത്തു. ഫ്രീക്കനും എകസ്ൻട്രിക്കുമായ ആ കലാകാരന്റെ റോൾ അനായാസമാണ് ടൊവീനോ ചെയ്തത്. ചാർലിയിലെ ദുൽഖറിനോട് കിടപിടിക്കാവുന്ന രീതിയിൽ തന്നെയാണ് അദ്ദേഹം ഈ റോൾ ചെയ്തത്. ഏത് സമയത്ത് ഈ നടനെ കാണിക്കുമ്പോഴും വല്ലാത്തൊരു പ്രസരിപ്പ് ഫീൽ ചെയ്യുന്നുണ്ട്. ടൈപ്പായി പോയില്ലെങ്കിൽ രണ്ടുവർഷത്തിനുള്ളിൽ തന്നെ നമുക്ക് ഒരു സുപ്പർ താരത്തെ കൂടി പ്രതീക്ഷിക്കാം.

ഇപ്പോഴും കടുത്ത നായികാ ദാരിദ്രമുണ്ടെന്ന് പറഞ്ഞുകേൾക്കുന്ന മലയാള സിനിമ കാത്തിരുന്ന നായിക തന്നെയാണ് അഹാന കൃഷ്ണകുമാർ. പാർവതിക്ക് മാത്രം ചെയ്യാൻ കഴിയുമെന്ന് തോന്നിക്കുന്ന ഒരു ടെയിലർ മേഡ് കഥാപാത്രത്തെ അതിലും മുകളിൽ എത്തിച്ചിരിക്കയാണ് അഹാന. തീർത്തും സ്വാഭാവികമായ ശരീരഭാഷയുള്ള അഹാന ശരിക്കും ഈ ചിത്രത്തിന് മുതൽക്കൂട്ടാണ്്. ചിത്രത്തിലെ ഗാനങ്ങളും ഗാനചിത്രീകരണവും മനോഹരമായിട്ടുണ്ട്. 'ഒരേ കണ്ണാൽ' എന്ന് തുടങ്ങുന്ന ഗാനം കേട്ടാൽ മതിവരില്ല. വരികൾ എഴുതിയ മനു രഞ്ജിത്തും സംഗീതം പകർന്ന സൂരജ് എസ് കുറുപ്പും ഒരായിരം ലൈക്ക്. ഛായാഗ്രഹണം നിമിഷ് രവിയുടെ ഛായാഗ്രഹണവും ചിത്രത്തിന് മുതൽക്കൂട്ടാണ്.

അവസാനമായി ഒരിക്കൽ കൂടി സംവിധായകൻ അരുൺ ബോസിനെ കുറിച്ച് പറയട്ടേ. ഈ ചിത്രം വെച്ച് വിലയിരുത്തപ്പെടേണ്ട സംവിധായകനാണ് അദ്ദേഹമെന്ന് തോനുന്നില്ല. പ്രതിഭയുള്ള ഒരു ക്രാഫ്റ്റ്മാന്റെ ഫയർ പലപ്പോഴും ഈ ചിത്രത്തിൽ നിരവധി സ്ഥലത്ത് പ്രകടമാണ്. പെരുമഴയത്ത് മരിച്ച് മലച്ചുകിടക്കുന്ന നായകന്റെ ആദ്യഷോട്ട് തൊട്ട്, അഹാനയുടെ കഥാപാത്രത്തിന്റെ ബാലപീഡനങ്ങളും മാനസിക വ്യഥകളും ചിത്രീകരിക്കുന്ന രംഗങ്ങൾ, കാറ്റും കടലും താലോലിക്കുന്ന പ്രണയരംഗങ്ങൾ തൊട്ട് എത്രയോ നല്ല രംഗങ്ങൾ അദ്ദേഹം എടുത്തുവെച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ ഈ സംവിധായകനെ നിങ്ങൾക്ക് എഴുതി തള്ളാൻ കഴിയില്ല. ടോട്ടാലിറ്റിയിൽ പാളിപ്പോയെങ്കിലും പുതുമുഖത്തിന്റെ ആനുകൂല്യം ഈ സംവിധായകൻ അർഹിക്കുന്നുണ്ട്. റിയലിസത്തിന്റെ പേരിലുള്ള ജാഡകളൊന്നുമില്ലാതെ, ഹൃദയത്തിൽ തൊടുന്ന ഒരു ചിത്രവുമായി അരുൺ ബോസിന് തിരിച്ചുവരാൻ കഴിയട്ടെ.

വാൽക്കഷ്ണം: തുപ്പൽ കൂട്ടി പുസ്തകത്തിന്റെ താളുകൾ മറിക്കുന്നവർ പണ്ടൊക്കെ ധാരാളം ഉണ്ടായിരുന്നെങ്കിലും ഇപ്പോൾ അത്തരക്കാരെ കാണാറില്ല. ( കെഎസ്ആർടിസിയിൽപോലും ഇലട്രോണിക്ക് ടിക്കറ്റ് മെഷീൻ വന്നതോടെ ഈ കലാപരിപാടി പലരും ഉപേക്ഷിച്ചു കഴിഞ്ഞു) പക്ഷേ ഇത് അപകടകരമായ ഒരു ദുശ്ശീലമാണെന്നത് മനസ്സിലാക്കേണ്ടവർ ചിത്രം കാണുക. അത് സസ്പെൻസ്!

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP